About Me

My photo
A person who loves to read, write, sing and share thoughts.

Thursday, October 29, 2015

അഷ്ടപദീലയം

മാമിയുടെ മരണശേഷം ആദ്യമായാണ്‌ ഞാനവിടെ ചെന്നത്, അകത്തെ മുറിയിൽ വീഡിയോ ഗെയിമിൽ മുഖം പൂഴ്തിയിരിക്കുന്ന ചെറുമകൻ ആദിയല്ലാതെ ആ വൃദ്ധന് കൂട്ടായി മറ്റാരുമുണ്ടായിരുന്നില്ല.

രോഗാതുരയായ മാമിയുടെ ഓരോ കാര്യവും ശ്രദ്ധിച്ച് കൂടെ നിന്ന് എപ്പോഴും തിരക്കിലായിരുന്ന ആ വൃദ്ധൻ പെട്ടെന്നാണ് ഒന്നും ചെയ്യാനില്ലാത്തവനായിപ്പോയത്. ഭാര്യയുടെ അസുഖം കലശലായവിവരം  ബന്ധുമിത്രാദികളെ വിളിച്ചറിയിക്കുകയും സന്ദർശനാനുമതിതരികയും ചെയ്തപ്പോൾ മനക്കട്ടിയുള്ള ഒരു പുരുഷനെയാണ് അവിടെ കണ്ടത്. ആ വലിയ വേർപാട് താങ്ങാൻ അദ്ദേഹം മനസുകൊണ്ട് തയാറെടുത്തുകഴിഞ്ഞു എന്ന് ഞങ്ങൾക്കെല്ലാം തോന്നി. മരിച്ചുകിടക്കുമ്പോഴും സംസ്കരിക്കാൻ കൊണ്ടുപോവുമ്പോഴും തികഞ്ഞ സംയമനത്തോടെ നിലകൊണ്ട മാമാ ഒരു അത്ഭുതമായിരുന്നു.

തികച്ചും ഏകനും മൂകനുമായിപ്പോയ അദ്ദേഹത്തിന്റെയടുത്തിരിക്കുമ്പോൾ ആ മുറിയിൽ പൂജാദ്രവ്യങ്ങളുടെതുപോലുള്ള മാമിയുടെ മണം നിറഞ്ഞു നിന്നിരുന്നു. ചുവരുകളിൽ എന്നത്തെയും പോലെ മാമിയുടെ പ്രിയപ്പെട്ടവർ പുഞ്ചിരി തൂകിയിരുന്നു. അവരുടെ പ്രീതിക്കായി ദീപാലങ്കാരങ്ങളും പതിവുപോലെത്തന്നെ.പാട്ട് പഠിക്കാനായി അവിടത്തെ തറയിൽ ഇരുന്ന് മാമിയുടെ ദൈവീകമായ ആലാപനം കൂടി കേൾക്കുമ്പോൾ അതൊരു അമ്പലമാവുമായിരുന്നു.

മൌനത്തിന് താങ്ങാവുന്നതിലുമധികം ഭാരമായപ്പോഴാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്.
"അഷ്ടപദി പഠിക്കാൻ കഴിഞ്ഞില്ല എനിക്ക്.. മാമി ക്ലാസ്സ്‌ വെച്ചപ്പോഴൊന്നും വരാൻ പറ്റിയില്ല.."
"യു ഷുഡ്‌ ലേണിറ്റ് മ്മാ.. അഷ്ടപദി എന്നും വീട്ടിൽ പാടുന്നത് ഐശ്വര്യമാണ്, തെരിയുമോ?" മാമയുടെ ശബ്ദത്തിൽ നിന്ന് പലഭാഷകളും എത്തിനോക്കാറുണ്ട്.
"ഭഗവാന് റൊമ്പ പുടിച്ച കൃതിയാണ്!"
ഏതോ ലോകത്തുനിന്നും വരുന്നതുപോലെ തോന്നിച്ച ആ സംസാരത്തിന് തടയിടാൻ തുനിഞ്ഞില്ല. ഗീതാഗോവിന്ദവും ജയദേവകവിയുമെല്ലാം ഇടയിൽ വന്നു.
രാധയുമായുള്ള കൃഷ്ണന്റെ കേളികൾ ആണ് അതിൽ വിവരിച്ചിരിക്കുന്നത് എങ്കിലും ഒരു ഘട്ടത്തിൽ കവി അത് സ്വന്തം പത്നിയുമായുള്ള ബന്ധമാണത്രെ എഴുതിയത്. കേൾക്കുമ്പോൾ മോശമായി തോന്നിയാലും അതിലൊക്കെ ആന്തരാർത്ഥം ഉണ്ടത്രേ. അതിലൊരു പദത്തിൽ രാധയുടെ കാൽ ഭഗവാൻ തലയിൽ വെക്കുന്നതായി എഴുതാൻ തുടങ്ങി, പിന്നെ മടിച്ചു.

"കവി കുളിക്കപ്പോന നേരത്തിൽ കണ്ണൻ കവിയോട വേഷത്തിൽ വന്ത് അതുതന്നെ എഴുതിവെച്ചു! ഉനക്ക് തെരിയുമാ മ്മാ.. ഭഗവാനിഷ്ടമാവില്ല എന്ന് കരുതി കവി എഴുതാതെ വെച്ച ഭാഗമായിരുന്നു അത്! എന്താ പറയാ... എല്ലാം അവൻ സെയൽ!"
ഇത്രയും പറഞ്ഞുനിർത്തി കുഞ്ഞുങ്ങളെപ്പോലെ അദ്ദേഹം കരഞ്ഞുതുടങ്ങി. ഭക്തി മാത്രമല്ല ആ കണ്ണീരിനു കാരണം എന്ന് വ്യക്തമായിരുന്നതിനാൽ ആശ്വാസവാക്കുകളില്ലാതെ ആ ശുഷ്കിച്ച കൈകളിൽ മുറുകെ പിടിച്ചു ഞാനിരുന്നു.


Saturday, March 7, 2015

എന്താണ് ഭാരതസ്ത്രീയുടെ നിർവചനം ?

എന്താണ് ഭാരതസ്ത്രീയുടെ നിർവചനം ?

പണ്ട് അമ്മ ജോലി കഴിഞ്ഞെത്തിയിരുന്നത് ഏഴുമണിയുടെ ബസിനായിരുന്നു. അത് തെറ്റിയാൽ പിന്നെ എട്ടുമണി ആകും അടുത്ത ബസെത്താൻ. അന്ന് അമ്മയെ കൂട്ടിക്കൊണ്ടുവരാൻ വീട്ടിലെ സഹായി അണ്ണാച്ചി മാമൻ ടോർച്ചും കൊണ്ട് ബസ്റ്റാന്റിൽ പോയി നില്ക്കും. വലിയ മതിലുള്ള ശിവക്ഷേത്രം ചുറ്റി നടന്നു പടിഞ്ഞാറേ നടയിലെത്തണം വീടണയാൻ. അന്ന് ഇരുട്ടിലെ ഇഴജന്തുക്കളെ മാത്രമായിരുന്നു ഭയം. പിന്നെ മാലയോ മറ്റോ പൊട്ടിക്കാൻ ആരെങ്കിലും വന്നാലോ എന്നും. പക്ഷെ അതൊരിക്കലും ഉണ്ടായിട്ടുമില്ല. അന്ന് അണ്ണാച്ചി മാമൻ ഇല്ലാത്ത ദിവസങ്ങളിൽ കൌമാരക്കാരായ ചേച്ചിമാർ ആയിരുന്നു പോയിരുന്നത്. അവരുടെ നേരെയും ശാരീരികമായ ഉപദ്രവങ്ങളെ കുറിച്ച് ആരും ചിന്തിക്കുകയോ വേവലാതിപ്പെടുകയോ ചെയ്തതു പോലുമില്ല. പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ കുശലാന്വേഷണവുമായി ചിലപ്പോൾ വീടുവരെ കൂട്ട് വന്നെന്നുമിരിക്കും.

ഇരുട്ടിൽ ഒറ്റക്കോ കൂട്ടമായോ സഞ്ചരിച്ചിരുന്ന മറ്റൊരു പെണ്‍സമൂഹവും ഉണ്ടായിരുന്നു കുട്ടിക്കാലത്ത് അയൽവീടുകളിൽ. സ്വന്തമായി കക്കൂസ് സൌകര്യമില്ലാത്തതിനാൽ ദൂരെ പാടത്തും പറമ്പിലും പോവാനായി ഇരുട്ടിനെ കാത്തിരുന്നവർ. ആരും അവരുടെ ശരീരം തേടിയെത്തിയിരുന്നില്ല അന്ന്.
ഈയിടെ അതും കേൾക്കേണ്ടി വന്നു. ഉത്തരേന്ത്യയിൽ പ്രാഥമികാവശ്യങ്ങൾക്കുപോയ പാവപ്പെട്ട പെണ്‍കുട്ടികൾക്ക് നിസ്സഹായരായി ചേതനയറ്റ് മരത്തിൽ തൂങ്ങിയാടേണ്ടി വന്ന വാർത്ത.

രാത്രികാലങ്ങളിൽ എനിക്ക് തനിച്ചു സഞ്ചരിക്കേണ്ടി വന്നത് ചെന്നൈ വാസത്തിനിടയിൽ ആയിരുന്നു. അതും നഗരത്തെ അറിയുന്നതിനും മുന്നേ തന്നെ. രാവിലെ പതിനൊന്നുമുതൽ രാത്രി എട്ടുമണി വരെ നീളുന്ന ജോലിസമയം കഴിഞ്ഞു ഓടിയിറങ്ങി മൌണ്ട് റോഡിലെ എൽ ഐ സി കെട്ടിടത്തിനു മുന്നിലുള്ള ബസ്ടോപ്പിൽ എത്തുന്നതിനിടയിൽ പലപ്പോഴും സബ് വേയിൽ വഴി തെറ്റി ഒന്നുകിൽ ഒരേ റോഡിലോ ചിലപ്പോൾ തികച്ചും എതിരെയുള്ള റോഡിലോ ഒക്കെ ചെന്ന് കയറിയിട്ടുണ്ട്. റോഡിനടിയിലുള്ള സബ് വേയിൽ പടിയിറങ്ങി ചെല്ലുമ്പോൾ മൂന്നായി തിരിയുന്ന വഴികൾ എനിക്കെപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുമായിരുന്നു. കൂട്ടുകാർ കൂടെ ഉണ്ടെങ്കിൽ രക്ഷ. അല്ലെങ്കിൽ ഞാൻ രണ്ടുതവണ പടികൾ കയറിയിറങ്ങും. ഉറങ്ങാൻ വട്ടം കൂട്ടുന്ന യാചകരോ കിടക്കാനിടമില്ലാത്തവരോ ഒക്കെ അവിടവിടെ ഉണ്ടാവും. അവരുടെ അരികിലൂടെ നടന്നുപോവുമ്പോൾ ഒരു ദ്വയാർത്ഥ ശബ്ദ പ്രയോഗമോ ചിരിയോ പോലും നേരിടേണ്ടി വന്നിട്ടില്ല.
റോഡരികിൽ അടുത്തുള്ള മതിലിലെ ഗ്രില്ലിൽ തൊട്ടിൽ കെട്ടി കുഞ്ഞിനെ ഉറക്കുകയോ നടപ്പാതയിൽ കാലുനീട്ടിയിരുന്നു മുലയൂട്ടുകയോ ചെയ്യുന്ന സ്ത്രീകളെയും കണ്ടിട്ടുണ്ട്. എത്രയോ പുരുഷന്മാർ അവരെ താണ്ടി നടന്നുപോവാറുണ്ട്. ബസ്റ്റാന്റിൽ എന്നെപ്പോലെ ജോലി കഴിഞ്ഞെത്തിയ എത്രയോ പെണ്‍കുട്ടികളും പൂക്കാരികളും പഴക്കാരികളും ഒറ്റക്കും അല്ലാതെയും നിന്ന് അവരവരുടെ ബസ് വരുമ്പോൾ കയറി പോവാറുണ്ട്. ഇനി ഇതൊന്നുമല്ലാതെ കൂട്ടുകാരന്റെ കൂടെ കൊഞ്ചിക്കുഴഞ്ഞു നില്ക്കുന്ന സുന്ദരിമാരെയും കാണാം അവിടെ.

അവിടെ കണ്ട ഒരു പുരുഷനുപോലും നേരത്തെ വീട്ടിൽ പോവാത്തതിനോ വഴിയിലിരുന്നു മാറുകാട്ടിയതിനോ കാമുകന്റെ കൂടെ കറങ്ങുന്നതിനോ ഒന്നും ആരെയും ശിക്ഷിക്കണമെന്ന് തോന്നിയില്ല. അവർ അവിടെ നില്ക്കുന്നതുപോലെ തന്നെ ഓരോ പെണ്ണിനും അവിടെ നില്ക്കാൻ അവകാശമുണ്ട്‌. അവളെ കുറിച്ച് മറ്റൊന്നും അറിയില്ല. ജഡ്ജ്മെന്റൽ ആവേണ്ട കാര്യമില്ല എന്ന് അവർക്കറിയാം. അത് അവരിലുള്ള മാന്യതയാണ്‌. സംസ്കാരമാണ്. അവരുടെ മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടുന്ന ഒന്നാണ്. അതാണ്‌ മനുഷ്യത്വവും സഹജീവിയോടു കാട്ടുന്ന പരിഗണനയും.

വഴിയിൽ അസമയത്ത് ഒരു പെണ്ണിനെ ഒരു പയ്യന്റെ കൂടെ കണ്ടപ്പോഴേക്കും ഇനിയൊരു പെണ്‍കുട്ടിയും ഇങ്ങനെ ചെയ്യരുത് എന്ന് ഇന്ത്യയിലെ പെണ്‍കുട്ടികൾക്കൊക്കെ പാഠമായി അവളെ മൃഗീയമായി പീഡിപ്പിച്ചു കാണിക്കുക. അതിനവൾ എതിർത്തത് കൊണ്ടുമാത്രം അവളെ കൊല്ലാൻ ശ്രമിക്കുക. അടിച്ചവശയാക്കി റോഡിൽ തള്ളിയിടുക.

നിർഭയയുടെ ഡോകുമെന്ററി കണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. കഷ്ടപ്പെട്ട് പഠിച്ചതും പഠനം പൂർത്തിയാക്കാൻ വേണ്ടി കാൾ സെന്റെർ ജോലി ചെയ്തതും.. പാവം എന്തെല്ലാം സ്വപ്നങ്ങളാണ് ആ ദുഷ്ടന്മാർ കമ്പിപ്പാര കയറ്റി വലിച്ചു പുറത്തിട്ടത് ! പ്രസവിച്ചുകിടക്കുന്ന പശുവിനെ പോലെ തോന്നിച്ചു അവളുടെ കിടപ്പെന്ന് ട്രാഫിക് പോലിസ് സാക്ഷ്യപ്പെടുത്തുമ്പോൾ ഹൃദയം നുറുങ്ങിപ്പോയി. ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം ആ കുട്ടി എന്ത് തെറ്റാണ് ചെയ്തത്? ഇനി എതെങ്കിലുമൊരുവൾ മോശപ്പെട്ടവൾ തന്നെ ആയാലും അവളെ മര്യാദ പഠിപ്പിക്കാൻ ആരാണ് ഇവരെയൊക്കെ ശട്ടം കെട്ടിയത്? അക്ഷരാഭ്യാസമില്ലാത്ത കുറ്റവാളിയുടെ കൂസലില്ലായ്മ അല്ല ഞെട്ടിച്ചത്. അഭിഭാഷകന്റെ കോട്ടുമിട്ട് നിന്നവനും യാതൊരു ഉളുപ്പുമില്ലാതെ അഭിമാനത്തോടെ പറയുന്നു, പെണ്ണ് വീട്ടിലിരുന്നാൽ മതി. അങ്ങനെ പോയാൽ മകളായാൽ പോലും കത്തിച്ചുകളയും എന്ന് ! ഇവരുടെയൊക്കെ വീട്ടിലിരിക്കുന്ന സ്ത്രീകളെ ആരാണ് ഇവന്മാരെ വിശ്വസിച്ചു കൂടെ കഴിയുന്നുവെന്ന തെറ്റ് തിരുത്തുന്നത്?

സ്ത്രീ വജ്രം പോലെ വിലപ്പെട്ടതാണ്‌ അത് സൂക്ഷിക്കേണ്ടിടത്ത് സൂക്ഷിച്ചില്ലെങ്കിൽ ആരെങ്കിലും അപഹരിക്കുക തന്നെ ചെയ്യും എന്ന് നിയമപാലകന്റെ കുപ്പായമിട്ട പുരുഷൻ തന്നെ പറയുമ്പോൾ രണ്ടു പെണ്‍കുഞ്ഞുങ്ങളെ അറിയാതെ ചേർത്തുപിടിച്ചു പോവുന്നു ഞാൻ.
ഇതെല്ലാം കണ്ടിട്ടും എല്ലാവരും പറയുന്നു വീട്ടിലെ പെണ്‍കുട്ടികളോട് സൂക്ഷിക്കാൻ പറയൂ, അവരുടെ വസ്ത്രധാരണം ശ്രദ്ധിക്കൂ, ആണ്‍കുട്ടികളുടെ ചങ്ങാത്തം ഭൂതക്കണ്ണാടി വെച്ച് നിരീക്ഷിക്കൂ എന്നൊക്കെ. ഏതൊരു സമയത്ത് കണ്ടാലും ഒരു പെണ്ണിനെ കാണേണ്ടത് എങ്ങനെയെന്ന് വീട്ടിലെ ആണ്‍കുട്ടിയെ പഠിപ്പിക്കൂ എന്നാരും പറയാത്തത് എന്താണ്?

ആ ഹ്രസ്വചിത്രം കാണാനുള്ള സഹിഷ്ണുത പോലും ഇന്ത്യൻ പുരുഷസമൂഹത്തിന് ഇല്ലാതാവുന്നതെന്താണ്? സത്യം പുറത്തറിയും എന്ന ഭയമോ? ഒരു പക്ഷെ മനസലിവുള്ള ചിലരെയെങ്കിലും മാറ്റാൻ ഉതകുന്ന പലതുമുണ്ട് അതിൽ. ലജ്ജിക്കേണ്ടവർ ലജ്ജിക്കുക തന്നെ വേണം. ഇത് കാണുന്ന ഓരോരുത്തരുടെയും മനോഭാവത്തിൽ നിന്നും തിരിച്ചറിയാം ആരുടെയൊക്കെ മനസാണ് ഇടുങ്ങിയതെന്നും വിശാലമെന്നും. ആർഷഭാരത സംസ്കാരത്തിന്റെ പുനരുദ്ധാരകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അധികാരികൾ എന്തേ ഇത് മറ്റുള്ളവർ കാണുന്നതിൽ അനിഷ്ടം പ്രകടിപ്പിക്കുന്നു? കപടമുഖം പുറത്തറിയുന്നതിൽ ആർക്കാണ് അഭിമാനക്ഷതം?

മക്കളെ അവൻ ആണ്‍കുട്ടിയാണ്, അവനാകാം എന്തും.. നീ പെണ്ണാണ് അടക്കവും ഒതുക്കവും വേണം എന്ന് വേർതിരിവ് കാട്ടി വളർത്തുന്നതിൽ വീട്ടിലിരിക്കുന്ന സ്ത്രീക്കും പങ്കില്ലേ? അവൾ സൂക്ഷിച്ചാൽ മതി, എനിക്കതിന്റെ ആവശ്യമില്ല എന്ന ഭാവം ആണ്കുട്ടിയിൽ വളർത്താതിരിക്കാൻ ഓരോ രക്ഷിതാവും ശ്രമിക്കണം. നീതിന്യായ വ്യവസ്ഥിതി കൂടുതൽ ത്വരിതവും കർശനവും ആവുന്നതോടൊപ്പം സമൂഹത്തിന്റെ മനോഭാവവും മാറിയെ തീരൂ.

ജ്യോതി നെഞ്ചിലെ തീയാകുന്നു..! ഗോക്കളെ വരെ സംരക്ഷിക്കാൻ തയ്യാറാവുന്ന ഈ സമൂഹത്തിൽ ഇഷ്ടമുള്ള വസ്ത്രധാരണം എന്തിന്, പ്രാഥമികാവശ്യം പോലും തോന്നുന്ന സമയത്ത് ചെയ്യാനാവാതെയുഴലുന്ന, ഒട്ടും സുരക്ഷിതയല്ലാത്ത ഓരോ പെണ്ണിന്റെ നെഞ്ചിലും ജ്യോതി ആളുന്ന തീ തന്നെയായിരിക്കും.

Wednesday, February 25, 2015

വിരോധാഭാസചിന്തകളുടെ വിശേഷങ്ങൾ

ശ്രീ വിരോധാഭാസന്റെ പുസ്തകത്തിന്റെ പേര് ആദ്യം കേട്ടപ്പോൾ ഞാനും ഒന്ന് മുഖം ചുളിച്ചു. ഒന്ന് കടയിൽ ചെന്ന് എങ്ങനെ ചോദിക്കും? ട്രെയിനിലോ ബസിലോ കയ്യിലെടുത്തു വെച്ച് എങ്ങനെ വായിക്കും എന്നൊക്കെ ആശങ്കപ്പെട്ടു.പുസ്തകം കയ്യിൽ കിട്ടിയപ്പോഴും ഉണ്ടായി ചില തത്രപ്പാടുകൾ. ഇതെന്താ ഈ പടത്തിൽ എന്നൊക്കെ സംശയത്തോടെയും ചിരിയോടെയും മക്കൾ ചോദിച്ചപ്പോൾ വിശദീകരിക്കാൻ ചെറുതായി പാടുപെടേണ്ടി വന്നു.
എന്തായാലും വായിച്ചുതുടങ്ങുമ്പോൾ ആ "അയ്യേ" ഭാവം മനസ്സിൽ നിന്നും പാടേ മാറും എന്നത് അനുഭവസാക്ഷ്യം.

കാലികവും താത്വികവും മൗലികവുമായി തിരിച്ചിരിക്കുന്ന
എണ്പതു ചെറുലേഖനങ്ങളിൽ ഓരോന്നിലും വിഷയം തെരഞ്ഞെടുക്കുന്നതിൽ കാണിച്ച വ്യത്യസ്തത മാത്രമല്ല, അവയോരോന്നും ഒട്ടും മുഷിപ്പുണ്ടാക്കാതെ നർമ്മത്തിൽ ചാലിച്ച് തന്നെ അവതരിപ്പിച്ചതാണ് ഏറെ പ്രശംസനീയം.

അവയിൽ സമൂഹത്തിന്റെ കപടമാന്യതയുടെ മുഖംമൂടി ചീന്തി കാണിക്കുന്നുണ്ട്. രാഷ്ട്രീയമുണ്ട്.. നാസയുടെ കടന്നുകയറ്റത്തിൽ ആകുലപ്പെടുന്ന സാധാരണമലയാളിയുണ്ട്.. ഹൃദയത്തിൽ ഒട്ടിപ്പോയ പ്രണയമുണ്ട്.. ബന്ധങ്ങളുടെ ആഴമുണ്ട്.. ദൈവത്തിന്റെ പണിയെന്തെന്നു ചോദിക്കുന്ന ഭൗതികവാദി ഉണ്ട്.

ചിരിപ്പിക്കാൻ വേണ്ടി പ്രത്യേകമായി എന്തെങ്കിലും ഏച്ചുകൂട്ടുകയോ ചിന്തിപ്പിക്കാൻ വേണ്ടി പ്രത്യേക പരാമർശങ്ങളോ ഇല്ല എങ്കിലും ചില വരികളുടെ ഇടയിൽ വായനക്കാരൻ അറിയാതെ പൊട്ടിച്ചിരിച്ചുപോവുന്ന നർമ്മം ഒളിച്ചു വെച്ചിട്ടുണ്ട്. ചിലത് വായിക്കുമ്പോൾ ഞാനെന്തുകൊണ്ട് ഇങ്ങനെ ചിന്തിച്ചില്ല എന്നും, മറ്റുചിലതിൽ ഇതുതന്നെയല്ലേ എനിക്കും തോന്നിയത് എന്നും നമ്മളെ ചിന്തിപ്പിക്കും. സ്വന്തം മുറ്റത്തെ ചവറു കോരി അപ്പുറത്തേക്ക് തട്ടിയും ഓഫീസുകളിലെ ഒഴിഞ്ഞമൂലകളിൽ മുറുക്കിത്തുപ്പിയും വൃത്തി നടിക്കുന്ന മലയാളിയുടെ മുഖം വളരെ പരിചിതമാണ് എന്ന് തോന്നും. കുരങ്ങിൽ നിന്നും പഠിക്കാൻ എന്നത് വായിക്കുമ്പോൾ ഞാനിതുവരെ ചിന്തിച്ചില്ലല്ലോ അങ്ങനെ എന്നും തോന്നിപ്പോയി.

മറ്റൊരു പ്രത്യേകത തോന്നിയത് അതിലെ ചില വസ്തുതകൾക്കോ കഥാപാത്രങ്ങൾക്കോ ഒക്കെ കൊടുത്തിരിക്കുന്ന വരകൾ ആണ്. കൊല ഗോപാല പിള്ളയും ഫ്രീക്കനും ചാക്കോച്ചനുമൊക്കെ ജീവസ്സുറ്റവരായി മുന്നിൽ നില്ക്കുന്നുണ്ട്.

ആശംസാ സന്ദേശത്തിൽ പറഞ്ഞതുപോലെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ കാപട്യ വൈരുദ്ധ്യങ്ങളുടെ ചന്തികൾക്കുമേൽ നിരന്തരം പതിക്കുന്ന പച്ചയീർക്കിൽ പ്രയോഗങ്ങൾ തന്നെയാണിതെന്ന് നിസ്സംശയം പറയാം. . എന്തായാലും പേരുപോലെത്തന്നെ വേറിട്ടൊരു വായനാനുഭവം തന്നെയാണ് "ചില ചന്തി ചിന്തകൾ " തരുന്നത്.

എഴുത്തുകാരനും ചിന്തകൾക്കും സ്നേഹാശംസകൾ !


 

Wednesday, January 21, 2015

ചില നനുത്ത സുഗന്ധങ്ങൾ *

പുതുവർഷത്തിന് നഗരത്തിലും ഗ്രാമത്തിലും വ്യത്യസ്തമുഖങ്ങളാണ്.

ശൈത്യകാലത്തെ അടര്‍ത്തി മാറ്റാനെന്നവണ്ണം ഇലകൊഴിച്ച് സജ്ജമായി നില്‍ക്കുന്ന പ്രകൃതി..

മഞ്ഞിന്റെ കുളിർമയുള്ള വെയിലേറ്റ് തിളങ്ങുന്ന പച്ച വെൽവെറ്റ് പുതപ്പുപോലെ ധനുമാസക്കാറ്റിലിളകുന്ന നെല്പാടങ്ങൾ..

ഭസ്മത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധമുള്ള ശരണമന്ത്രങ്ങൾ മുഴങ്ങുന്ന പുലരികൾ..

കരിയിലകൾ കൂട്ടിയിട്ട് തീകാഞ്ഞും ഇളകുന്ന ബെഞ്ചിലിരുന്ന് ചുടുചായ മൊത്തിയും തണുപ്പിനോട് പൊരുതുന്ന കട്ടിക്കമ്പിളിയ്ക്കുള്ളിലെ വേവലാതികളില്ലാത്ത വാർദ്ധക്യങ്ങൾ... 

അമ്പലമുറ്റത്തെ ആലിലകൾക്കൊപ്പം ചുറ്റുവിളക്കിലെ തിരിനാളങ്ങൾ വിറകൊള്ളുന്ന സന്ധ്യകൾ..

അതിരാവിലെ കൂട്ടമായ്‌ ആടിയും പാടിയും പുഴയിൽ കുളിച്ച്, മഹാദേവനെ ധ്യാനിച്ച്‌ ദശപുഷ്പം ചൂടി, കൂവ വെരകി നോമ്പ് നോല്ക്കുന്ന തിരുവാതിരകൾ..

കലാപ്രകടനങ്ങളും വാദ്യമേളങ്ങളും ശബ്ദമുഖരിതമാക്കുന്ന വർണ്ണവിളക്കുകളാലലംകൃതമായ, തണുപ്പിനെ വകവെക്കാത്ത രാത്രികൾ..

അടുക്കളയിലെ ടിന്നുകളിൽ കനച്ചു തുടങ്ങുന്നതിനുമുന്നേ അയൽ / ബന്ധു വീടുകളിലേക്ക് വിരുന്നുപോവാനൊരുങ്ങുന്ന ആഘോഷശേഷിപ്പുകളായ പലഹാരപ്പൊട്ടുകൾ.

ഓർമ്മകളെ ഗൃഹാതുരത്വം കൊണ്ട് ചിത്രപ്പണി ചെയ്ത മാറാപ്പിലൊളിപ്പിച്ച് നഗരത്തിരക്കുകളിലേക്ക് തിരികെ നടക്കാൻ വിധിക്കപ്പെടുന്ന മനസ്..

കടന്നുപോയ നഷ്ടക്കണക്കുകളെ ആഘോഷങ്ങൾക്കടിയിലൊളിപ്പിച്ച് ആടിയും പാടിയും കുടിച്ചും കഴിച്ചും തിമിർത്തും പുതുവർഷത്തെ സ്വീകരിക്കാനൊരുങ്ങുന്ന നഗരം.

മഞ്ഞിന്റെ കട്ടിപ്പുതപ്പിനെ കൂർത്ത കത്തികൊണ്ട് വരഞ്ഞുകീറാൻ ശ്രമിക്കുന്ന വഴിവിളക്കുകളെ പുച്ഛത്തോടെ നോക്കി ആലസ്യത്തോടെ കണ്ണടച്ചുകിടക്കുന്ന ഇരുട്ട്..

ആരുടെയൊക്കെയോ ചവിട്ടും തുപ്പുമേറ്റ്  ചതഞ്ഞുതേഞ്ഞ് നിസ്സംഗമായ തണുത്ത കറുത്ത പാതകൾ..  

ഒരു ദിവസത്തിന്റെ മാത്രം ആയുസ്സുള്ള സ്ഫോടനത്തിന്റെയും അപകടങ്ങളുടെയും നടുക്കങ്ങൾ..

പ്രിയപ്പെട്ടവരുടെയരികിൽ മനസുപേക്ഷിച്ച് എവിടെയ്ക്കോ എന്തിനൊക്കെയോ വേണ്ടി യാന്ത്രികമായി മത്സരയോട്ടം നടത്തുന്ന ഉടലുകൾ..

തോൽവികളും വിജയങ്ങളും അക്കമിട്ടെണ്ണി നിരത്തുന്ന തിരക്കുകളില്‍   മുങ്ങിത്താണ് പുതിയ പ്രഹേളികകള്‍ക്ക് ഉത്തരങ്ങൾക്കായി നിവർന്നുപൊങ്ങി, വിശാലമായ ആകാശത്തെനോക്കി നിര്‍മ്മലമായ വായു ഉള്ളിലേയ്ക്ക് വലിച്ച് കരയിലടിഞ്ഞ് വീണ്ടും സങ്കല്പ പൂരണ നിയോഗ വീഥിയില്‍ കനത്ത കാല്‍പ്പാദങ്ങളുമായി മുന്നോട്ടാഞ്ഞുകൊണ്ടിരിക്കുന്ന  ജീവിതങ്ങൾ...
മരത്തിന്റെ മജ്ജയില്‍ നിന്നും പിറക്കുന്ന ജനുവരിയിലെ തളിരുകള്‍...
 കുളിരുരുകുന്ന പ്രഭാതങ്ങളില്‍ തളിരുകളെ തലോടി പുതുവര്‍ഷവരവറിയിക്കാനെന്നോണം തെളിഞ്ഞെത്തുന്ന സൂര്യന്‍..
ഇനി വിടരട്ടെ പ്രത്യാശയുടെ പൂക്കള്‍ ഓരോ തളിരിലും..
സുഗന്ധം പടരട്ടെ ഓരോ അണുവിലും..

(ജനുവരി പതിനൊന്നാം തീയതിയിലെ വർത്തമാനം വാരാദ്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് )

Monday, December 8, 2014

അവൾ ഒരു പ്രിയ

അവൾ ഒരു പ്രിയ. കോടമ്പാക്കത്തിനടുത്തായിരുന്നതുകൊണ്ട് സിനിമയുമായി ബന്ധമുള്ള പല പെണ്‍കുട്ടികളും ഞങ്ങളുടെ ഹൊസ്റ്റെലിലെ താമസക്കാരായിരുന്നു. ജൂനിയർ ആര്ടിസ്റ്റുകൾ, സീരിയൽ നടികൾ, സിനിമാ മോഹവുമായി നാടുവിട്ടു വന്നവർ, നായികയുടെ രൂപ സാദൃശ്യം കൊണ്ട് ഡ്യൂപ്പ് ആയവർ അങ്ങനെ.. പ്രിയയും അവരിലൊരാൾ. വളരെ വർഷങ്ങൾക്കു മുൻപേ തന്നെ ആന്ധ്രയിൽ നിന്നും കോടമ്പാക്കത്ത് ഇറങ്ങിയവൾ. (തമിഴിലെ ഹാസ്യ താരങ്ങളുടെ ജോടിയായും ചില നൃത്തങ്ങളിലെ പ്രധാനിയായും അവളെ ഞാൻ പിന്നീട് ചില ചാനൽ കറക്കത്തിനിടയിൽ കണ്ടിട്ടുണ്ട്.) ഞാൻ പരിചയപ്പെടുമ്പോൾ അവൾ ഏതോ സീരിയലിൽ ചെറിയ വേഷം ചെയ്യുകയായിരുന്നു. സ്നേഹത്തോടെ പെരുമാറുന്ന, പരസഹായിയും സുന്ദരിയുമായ  ഒരു യുവതി, അതാണ്‌ പ്രിയ.

ഞാൻ താഴെയും അവൾ മൂന്നാം നിലയിലുമായതിനാൽ വല്ലപ്പോഴും കാണുമ്പോഴുള്ള കുശലാന്വേഷണങ്ങൾ മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയൊരിക്കൽ അവൾ മുഖവുരയൊന്നുമില്ലതെ പറഞ്ഞു, "സീരിയൽ ആക്ടിംഗ് വേണ്ടാന്നു വെച്ചു.. 'അവർ' പോകവേണ്ടാംന്നു സൊല്ലിട്ടാർ"
മിഴിച്ചു നിന്ന എന്നോട് അവൾ "അവരെ" കുറിച്ച് ബഹുമാനത്തോടെയും തെല്ലു നാണത്തോടെയും പറഞ്ഞുതന്നു.
"അവര് ട്രിച്ചിയിലെ  പെരിയ അരസിയൽവാദി(രാഷ്ട്രീയക്കാരൻ).. സീരിയൽ ഡയറക്ടർ ഫ്രണ്ട്.. അപ്പടി താൻ തെരിയും.. അടിക്കടി ചെന്നൈ വരുവാര്... കല്യാണം പണ്രെന്നു സോന്നാര്.."
എന്നെക്കാൾ പ്രായമുള്ള അവൾക്കു ഒരു നല്ലൊരു ജീവിതമുണ്ടാകുന്നതിൽ എനിക്കുണ്ടായ സന്തോഷത്തെ തല്ലിക്കെടുത്തിക്കൊണ്ട് അവൾ മറ്റൊരു ദിവസം പറഞ്ഞു.. "ഹൊസ്റ്റെലിലെ തങ്കിക്ക സോന്നാര്.. അവർ വരപ്പോ മട്ടും എങ്കെയാവതു കൂട്ടീട്ടുപോറെൻ ന്ന് "
"എന്ന് വെച്ചാൽ?" എന്റെ ദേഷ്യം അറിയാതെ പുറത്തുചാടി.
"വേറെന്ന പ ണ്ണ സൊൽറീങ്കെ? അവർതാൻ പുള്ളക്കുട്ടിയുള്ളവരാച്ചേ "
ഭഗവാനെ... കല്യാണം കഴിഞ്ഞു കുട്ടികൾ വരെയുള്ള ഒരുത്തനാണ് ഇവളെ...!! ശരിക്കും ദേഷ്യവും സങ്കടവും തോന്നി.
ചെന്നൈയിൽ വരുമ്പോൾ മാത്രം ഉപയോഗിക്കാവുന്ന ഒരു...!! മാത്രമല്ല, അവളെ ജോലി ചെയ്യാനനുവദിക്കില്ല.. ചിലവിനു മാത്രം കൊടുക്കും.. തോന്നുമ്പോൾ വരും, കാണും... എനിക്കാലോചിക്കാനെ പറ്റുന്നുണ്ടായില്ല...

മറ്റൊരു ദിവസം അയാൾ അവളെ കാണാനെത്തി. ഹോസ്റ്റൽ പടിക്കൽ സ്കോർപിയോ നിർത്തി ഇറങ്ങി വരുന്ന, കയ്യിലും കഴുത്തിലും നിറയെ മഞ്ഞലോഹമണിഞ്ഞ  കറുത്തു തടിച്ച വെള്ള വസ്ത്രധാരിയെ കണ്ട് കണ്ണുതള്ളി നിൽക്കുമ്പോൾ അവൾ തോണ്ടി, "ഇദ്ദാൻ അവര്..പോയിട്ടുവരേൻ "

ഞങ്ങളുടെ നിർബന്ധം കൊണ്ടാണെന്ന് തോന്നുന്നു, അവൾ വിവാഹം കഴിക്കണമെന്ന് വാശി പിടിച്ചത്. ഏതോ വഴിയിൽവെച്ച് കാറിന്റെ പിൻസീറ്റിൽ ഇരുന്ന് അയാൾ കഴുത്തിലെ തടിച്ച മാല ഊരി അവളെ അണിയിച്ചു.

"ഇതുക്ക് മേലെ എന്ന കിടൈക്കും, സൂണ്‍.. എങ്കളെയെല്ലാം യാര് കല്യാണം പണ്‍റത്? ചിന്ന വയസായിരുന്താ സിനിമാവിലെ ഏതാവത് റോൾ കിടൈക്കും, ഇനിമേ അതുമില്ലൈ.. ഇല്ലെന്നാ അവുങ്ക സൊല്ല്രതെ എല്ലാം ചെയ്യണം "

അവളുടെ വാക്കുകൾ എന്റെ ഹൃദയത്തെ ഉലച്ചു കടന്നുപോയി.
 

Wednesday, October 8, 2014

പഴയ പൊന്നോണത്തിൻ പൂവെട്ടം


ഓണം ഏതൊരു മലയാളിക്കുമെന്നപോലെ എനിക്കും ധാരാളം സുന്ദരചിത്രങ്ങൾ മനസ്സിൽ വരച്ചിടുന്ന ഒന്നുതന്നെയാണ്. തമിഴോരത്തു കിടക്കുന്നതുകൊണ്ടാവാം പൂവിളിയും അത്തച്ചമയങ്ങളും താരതമ്യേന കുറവായിരുന്നു ഞാൻ ജനിച്ചുവളർന്ന നാട്ടിൽ. എങ്കിലും ഗ്രാമത്തിലെ കലാസാംസ്കാരികസംഘടനകൾ നടത്താറുള്ള മത്സരങ്ങളും വീടുകളിൽ കുട്ടികളും വലിയവരുമൊക്കെ ചേർന്നുള്ള കളികളും ഓണസദ്യയും പൂവിടലും ഓണക്കോടിയുമായി വർണ്ണ ശബളം തന്നെയായിരുന്നു ഓരോ ഓണവും.

എന്റെ കുട്ടിക്കാലത്ത് ഓണം എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ച് അച്ഛന്റെ വീട്ടിൽ ആഘോഷിക്കുന്നതായിരുന്നു പതിവ്. മധ്യകേരളത്തിൽ മണിമലയാറ്റിന്റെ തീരത്തെ സ്വച്ഛസുന്ദരമായ ഗ്രാമം.
കടത്തു കടന്നുവേണം അന്നൊക്കെ അക്കരെയെത്താൻ. ഏറ്റവും വലിയ ഭയം കലർന്ന കൌതുകം വള്ളത്തിൽ കയറുന്നത് തന്നെയായിരുന്നു. കടത്തുകാരൻ കുട്ടപ്പായിച്ചന്റെ വീട് ആറിനോട് ചേർന്നുതന്നെയായിരുന്നു. കടവത്ത് വള്ളം ഇല്ലെങ്കിൽ കുട്ടപ്പായിച്ചനെ ഒന്ന് കൂവിവിളിച്ചാൽ മതി. പല യാത്രയിലും തെന്നി വീഴ്ച പതിവായിരുന്നു ഞങ്ങളിൽ പലർക്കും. ഒരു കാലെടുത്തു വയ്ക്കുമ്പോൾ തന്നെ ഇരുവശത്തേക്കും ചായുന്ന വള്ളത്തിൽ നെഞ്ചിടിപ്പോടെ അമ്മയുടെയോ ചേച്ചിയുടെയോ ചിലപ്പോൾ കുട്ടപ്പായിച്ചന്റെ തന്നെയോ കയ്യിൽ തൂങ്ങി പലകമേൽ ഇരിപ്പുറപ്പിച്ചാലേ ശ്വാസം നേരെ വീഴൂ.

അക്കരെ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോഴേക്കും വഴിനീളെ പരിചയക്കാർ ഇറങ്ങിവന്ന് കുശലം ചോദിക്കും. വീട്ടിലെത്താനുള്ള തിരക്കാവും ഞങ്ങൾ കുട്ടികൾക്ക്! തറവാട്ടിലെ സമപ്രായക്കാരെ കാണാനുള്ള തിടുക്കം മാത്രമല്ല അതിനു കാരണം. അടുക്കള വഴി പോകുമ്പോഴേക്കും വറുത്തുപ്പേരികളുടെയും ശർക്കര വരട്ടി, കളിയടക്ക തുടങ്ങിയ പലഹാരങ്ങളുടെയും സുഗന്ധങ്ങൾ മൂടിവെച്ച ടിന്നുകളിൽ ഒതുങ്ങാതെ അവിടം മുഴുവൻ കറങ്ങി നടക്കുകയായിരിക്കും.

അവധിക്കാലത്തെ അവിടേയ്ക്കുള്ള യാത്ര മനസ്സിൽ ആഹ്ലാദത്തിമിർപ്പുണ്ടാക്കാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത് ഇരുകരകളെയും കുളിർപ്പിച്ചൊഴുകുന്ന മണിമലയാറിന്റെ കൈവഴിയായ പുഴയാണ്. തെങ്ങും കവുങ്ങും നിറഞ്ഞ പറമ്പിന്റെ അങ്ങേയറ്റത്ത് കാണാവുന്ന കരിമ്പിൻതോട്ടവും അതിനപ്പുറത്ത് കണ്ണാടി പോലത്തെ പുഴയിലൂടെ പാട്ടുംപാടി കടന്നുപോവുന്ന വള്ളങ്ങളും ഗ്രാമത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടിയിരുന്നു! മതിലുകളില്ലാത്ത പറമ്പുകളിലൂടെ ചുറ്റിനടന്ന് വേലിക്കൽ നില്ക്കുന്ന ഇലകളോടു പോലും ചങ്ങാത്തമായിരുന്നു. പൊട്ടിച്ചൂതിയാൽ കുമിളകൾ തരുന്ന കടലാവണക്ക്, പള്ളിക്കൂടം കളിക്കുമ്പോൾ നോട്ടുബുക്ക് തരുന്ന ശീമക്കൊന്ന, തണ്ടുപൊട്ടിച്ചു മാല കൊരുക്കുമ്പോൾ വലിയ പതക്കമാവുന്ന കപ്പയില അങ്ങനെ പോവുന്നു കളിക്കൂട്ടുകാർ.. ഉച്ചയോടെ മുതിർന്നവരുടെ കൂടെ ആറ്റിൽ പോയുള്ള കുളിയാണ് അടുത്തത്‌. വലിയ തണുപ്പില്ലാത്ത വെള്ളത്തിലിറങ്ങി മുകളിലേക്ക് അരിച്ചുകയറുന്ന കുളിരനുഭവിച്ച് തെളിമണലിൽ കാലൂന്നി പതിയെപ്പതിയെ താഴുമ്പോഴേക്കും ആരെങ്കിലും ഇരുകൈകളും കൊണ്ട് വെള്ളം ആഞ്ഞുവീശി നനച്ചിട്ടുണ്ടാവും. കളികളും മുങ്ങാങ്കുഴിയും നീന്തൽ പഠിത്തവുമായി മണിക്കൂറുകളോളം വെള്ളത്തിൽ കിടപ്പ്.. എന്നെ അമ്പലത്തിലും ആറ്റിലും കൊണ്ടുപോവുകയും മനോഹരമായി സിനിമാക്കഥകൾ പറഞ്ഞുതരികയും ചെയ്യുമായിരുന്ന അയലത്തെ ചേച്ചി.. അങ്ങനെ എന്റെ നാട്ടിൽ കിട്ടാത്ത കുറെ സന്തോഷങ്ങളുണ്ടായിരുന്നു അവിടെ.

കാലമേൽപ്പിച്ച മങ്ങലുണ്ടെങ്കിലും ഓണഓർമ്മകളിൽ ഒരുപാടുയരത്തിൽ കെട്ടിയ ഊഞ്ഞാലും പൂ തേടി നടക്കലും പൂവിളിയും ഓണക്കളികളും ഉണ്ട്. ഞങ്ങൾ കുട്ടികളുടെ സംഘങ്ങൾ മിക്കപ്പോഴും ചെറിയ ചെറിയ കളികളിൽ ഏർപ്പെടുകയും ഊഞ്ഞാലാടുകയും ഇടയ്ക്കിടെ വീണ് മുട്ടിലെ തൊലി കളയുകയും കരഞ്ഞുകൊണ്ട്‌ അമ്മമാരുടെ അടുത്തേക്ക് ഓടുകയും ചെയ്തിരുന്നു. ഊഞ്ഞാലാട്ടം ഇപ്പോഴും ഉള്ളിലൊരു ആളലുണ്ടാക്കുന്ന ഒന്നാണ്. ആകാശം മുട്ടെ ആയത്തിലാടി മുന്നിലെ മരത്തിലെ ഇല കടിച്ചു തിരികെവരുന്ന ചേച്ചിമാർ അന്നെനിക്ക് വീരനായികമാരായിരുന്നു. വലിയവരുടെ തുമ്പിതുള്ളൽ, മാണിക്യചെമ്പഴുക്ക പോലുള്ള കളികളുടെ ചില പാട്ടുകളും ഇന്നും മനസിലെ ഈണമാണ്.


"ആക്കയ്യിലീക്കയ്യിലോ മാണിക്യചെമ്പഴുക്ക..."

"കുടമൂതെടി കുടമൂതെടി കുറത്തിപ്പെണ്ണെ..
നിന്റെ കുടത്തിന്റെ വില ചൊല്ലടി കുറത്തിപ്പെണ്ണേ.."

അവിടുത്തെ വിരുന്നുകാരി ആയതിനാലും പ്രായം കൊണ്ട് ഏറ്റവും ഇളയതായതുകൊണ്ടും അതെല്ലാം എന്റെ കൗതുകക്കാഴ്ചകളായിരുന്നു.
ഇതൊക്കെയാണെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരോണവുമുണ്ടായി. അന്ന് പതിവുപോലെ അതിരാവിലെ മുതൽ ഓണത്തുമ്പികൾക്കൊപ്പം പാറിനടന്ന്, ഉച്ചക്ക് വിഭവസമൃദ്ധമായ തിരുവോണസദ്യയുമുണ്ട് ഞങ്ങൾ കുട്ടികളും മുതിർന്നവരും കളിക്കളത്തിലേക്ക് നടന്നു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ ഓരോന്നിലായി ആണ്‍കൂട്ടവും പെണ്കൂട്ടവും അവരവരുടെതായ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. പുരുഷന്മാരുടെ വടംവലിയും പന്തുകളിയും ഓണത്തല്ലുമെല്ലാം രസകരമായി തുടരുമ്പോൾ ചേച്ചിമാരുടെ പാട്ടിനൊത്ത് അയൽപക്കത്തെ രാധാമണി ചേച്ചി നടുക്കിരുന്ന് മുടിയഴിച്ച തുമ്പപ്പൂ മണപ്പിച്ച് തുള്ളുന്ന തുമ്പിയായി.

ഇടക്കെപ്പോഴോ കളി നിർത്തി പുരുഷന്മാരെല്ലാം അപ്പുറത്തേക്ക് ഓടുന്നതുകണ്ട് സ്ത്രീകളിൽ ചിലരും അങ്ങോട്ടേക്ക് ഓടിച്ചെന്ന് കാര്യമന്വേഷിച്ചു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുനിന്ന ഞങ്ങൾ കുട്ടികളെ ആരോ പിടിച്ചുവലിച്ചു വീട്ടിൽ കൊണ്ടുവന്നു. ഞങ്ങള്ക്ക് പുറകെ മുതിർന്നവരും വീട്ടിലെത്തി. കുഞ്ഞുമനസിൽ ആയിരം ശങ്കകളും ചോദ്യങ്ങളുമായി പകച്ചിരുന്നതല്ലാതെ ആരും ഒന്ന് മിണ്ടാൻ പോലും ധൈര്യപ്പെട്ടില്ല.

എത്ര പെട്ടെന്നാണ് അന്തരീക്ഷം മാറിയത്! അതുവരെ തെളിഞ്ഞുനിന്ന ആകാശവും പെട്ടെന്ന് മനസുകൾ പോലെ മേഘാവൃതമായി. എല്ലാവരും ശബ്ദമില്ലാതെ മാത്രം ആശയവിനിമയം നടത്തി. എങ്ങും മരണവീടിന്റെ പ്രതീതി. കർക്കിടകം ബാക്കി വെച്ചിട്ടുപോയ മേഘങ്ങൾ സംഘടിച്ച് ആരുടെയോ കണ്ണീരിന് സഖ്യം ചൊല്ലി. ഒന്നും ചെയ്യാനില്ലാതെ ഞങ്ങളെല്ലാം തെക്കെമുറിയിൽ അങ്ങിങ്ങായി ഇരുന്നും നിന്നും നേരംപോക്കി.
പലരുടെയും അറിവുകൾ കൂട്ടിവെച്ചപ്പോൾ അപ്പുറത്ത് ആരൊക്കെയോ തമ്മിൽ വഴക്കുണ്ടായി എന്നുമാത്രമാണ് ആദ്യം മനസിലായത്. പിന്നീടത്‌ രണ്ടു വ്യത്യസ്ത മതവിഭാഗക്കാർ തമ്മിലായിരുന്നുവെന്നും അതുവരെ ഒരുമിച്ച് ഒരുപോലെ ഓണമാഘോഷിച്ചവരാണ് തമ്മിൽ കണ്ടാൽ വെട്ടാൻ വാളെടുക്കുന്ന അവസ്ഥയിലായിരിക്കുന്നതെന്നുമുള്ള വാർത്തകൾ എനിക്ക് ദഹിച്ചതേയില്ല. തലേനാൾ വരെ വാത്സല്യത്തോടെ തലയിൽ തഴുകി കുശലമന്വേഷിച്ചു പോയിരുന്ന സഹോദരതുല്യർ എതിരാളികൾക്കായി അരയിൽ ആയുധങ്ങൾ സൂക്ഷിച്ചു നടക്കുകയാണെന്ന അറിവ് നടുക്കം മാത്രമായി.

അടുത്ത ദിവസം അതിരാവിലെത്തന്നെ ഞെട്ടിക്കുന്ന പുതിയ വാർത്തകളുമായി അയല്പക്കത്തെ സ്ത്രീകൾ വീട്ടിലെത്തി. അങ്ങ് കിഴക്ക് ഒരു പറമ്പിൽ തെങ്ങിൽ ചാരി ആരോ ജഡമായിരുന്നുവത്രേ.. കലഹം വെട്ടിലും കുത്തിലും വരെ എത്തിയെന്നും വടിവാളും കുറുവടിയുമായി ആറ്റിൻകരയിൽ കരിമ്പിൻകാട്ടിലെ ഇരുളിൽ ആരൊക്കെയോ പതിയിരിപ്പുണ്ടെന്നും കേട്ടു. പണിക്കുപോയി രാത്രി വീട്ടിലെത്തുന്ന പുരുഷന്മാരെയോർത്തു വേവലാതിപ്പെട്ടും മൂക്കുപിഴിഞ്ഞും സ്ത്രീകൾ കടവത്തേക്ക് കണ്ണുംനട്ട് കാത്തിരുന്നു.

ആരും പുറത്തിറങ്ങാത്ത ആ രാത്രിയിൽ വീട്ടിലേക്ക് ഓടിക്കയറിവന്ന് ശത്രുക്കൾക്ക് തന്നെ കാട്ടിക്കൊടുക്കരുതെന്നപേക്ഷിച്ച് എവിടെയോ പതുങ്ങിയിരുന്ന്, ബഹളമൊഴിഞ്ഞപ്പോൾ ഇരുട്ടിലേക്കിറങ്ങിയോടിയ മുറിവേറ്റ മനുഷ്യൻ പിന്നീട് ഒരുപാടുനാൾ എന്റെ പേടിസ്വപ്നങ്ങളിലേക്കിറങ്ങിവന്നിരുന്നു.

ജാതി, മതം, വർഗം, വർണ്ണം ഇവയെല്ലാം എന്തെന്നോ, സിരകളിൽ ഒരേ നിറമുള്ള രക്തമൊഴുകുന്ന മനുഷ്യർക്ക്‌ ഇതെല്ലാം എന്തിനെന്നോ അറിയാത്ത പ്രായത്തിൽ അങ്ങനെ ഒരോണക്കാലം ഭീതിദമായ കുറെ പുതിയ വാക്കുകൾ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. അതുകഴിഞ്ഞിന്നേവരെ അതിനു സമാനമായതോ അതിലും ഭീകരമായതോ ആയ സ്പർധകളും വിവാദങ്ങളും യുദ്ധങ്ങളും വരെ കണ്മുന്നിൽ അരങ്ങേറുമ്പോഴും ഒന്നും മനസിലാവാതെ, ഒന്നിന്റെയും അർത്ഥമറിയാതെ അതേ പത്തുവയസുകാരിയായി പകച്ചുനിൽക്കുകയാണ് ഞാൻ. ഇനിയുമൊരു മാവേലിനാട് പുനർജനിക്കുമെന്ന പ്രത്യാശയുടെ കുഞ്ഞുവെട്ടം മനസിലെവിടെയോ അണയാതെ കാത്തുകൊണ്ട്...

 (ഈ ലേഖനം ബഹറിനിൽ നിന്നും ഇറങ്ങുന്ന ഗൾഫ്‌ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു)




Thursday, September 4, 2014

കൃഷ്ണയും ഞാനും പിന്നെ എസ്കലേറ്ററും

ചെന്നൈ ജീവിതം തന്നെ...

ഹോസ്റ്റലിൽ ചേരാനായി ചെല്ലുമ്പോൾ താഴത്തെ മുറികളിൽ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. വലിയൊരു ഹാളും അതിനകത്ത് നിന്നും തുറക്കുന്ന മൂന്നു മുറികളും അടങ്ങിയതായിരുന്നു ഗ്രൌണ്ട് ഫ്ലോർ. തെല്ലൊരു അനിഷ്ടത്തോടെയായിരുന്നു ഹാളിൽ തന്നെയുള്ള മൂന്നു കട്ടിലുകളിലൊന്ന് സ്വീകരിച്ചത്. 
രാത്രിയോടെ മറ്റു രണ്ടു കട്ടിലുകളുടെ ഉടമകളെത്തി സ്വയം പരിചയപ്പെടുത്തി. അതിലൊന്ന്, കൃഷ്ണവേണി. പോളിയോ തളർത്തിയ കാലുകളും സ്നേഹിക്കാനറിയുന്ന മനസുമുള്ള, കൃഷ്ണവർണ്ണയായ കുറിയ പെണ്‍കുട്ടി. വീട്ടിലെ മറ്റു പരാധീനതയിലേക്ക് തന്റെ വൈകല്യം മേമ്പൊടിയാക്കാൻ ആഗ്രഹമില്ലാത്തതിനാൽ പ്ലസ് ടു ക്ലാസ്സിലെ അറിവും കൊണ്ട് നാടുവിട്ട്, ചെന്നൈയിൽനിന്നും കുറച്ചകലെയുള്ള പെരമ്പൂർ വരെ ദിവസവും ബസിലും ട്രെയിനിലും തനിയെ സഞ്ചരിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരു പാവം ഡി ടി പി ഓപ്പറേറ്റർ.   പിന്നെ ഉള്ളത് അമ്മു എന്ന കണ്ണകി. എന്തോ കമ്പ്യൂട്ടർ കോഴ്സ് ചെയ്യാനായി എത്തിയ മധുരൈ സ്വദേശി.
വൈകുന്നേരത്തോടെ മറ്റ് അന്തേവാസിനികളും കൂടിയെത്തിയപ്പോൾ ആദ്യം തോന്നിയ അനിഷ്ടം അലിഞ്ഞില്ലാതായി.
 
മാസാദ്യത്തിൽ കയ്യിൽ കിട്ടുന്നതിന്റെ മൂന്നിൽ രണ്ടുഭാഗവും ഹോസ്റ്റലിൽ കൊടുത്ത് , ബാക്കിയുള്ളതുകൊണ്ട്‌ ഒരുമാസത്തെ ചെലവുകൾ നടത്തുന്ന സാധാരണക്കാരികളുടെ സമാനതയാവാം ഞങ്ങളിൽ ഒരു ഉറപ്പുള്ള ആത്മബന്ധം പരസ്പരം ഉണ്ടാക്കിയത്.  എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അടുത്തുള്ള ഉടുപ്പി ഹോട്ടലിൽ ഒരുമിച്ചുപോയി ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങി, പരസ്പരം പങ്കിട്ടുകഴിച്ച്, വിഷമങ്ങൾ എല്ലാം മറന്ന് കളിചിരികളുമായി കൂടണയുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ആകെയുള്ള വിനോദം. ശമ്പളം കിട്ടാൻ വൈകുന്നവർക്ക് കൂട്ടത്തിലെ സമ്പന്ന സ്പോണ്‍സർ ആവും. ഭക്ഷണക്കാര്യത്തിൽ കടം വാങ്ങലും കൊടുക്കലും ഇല്ല. ഉടുപ്പി ഹോട്ടലിലെ സ്വാദിഷ്ടമായ പലഹാരങ്ങൾക്ക് അമ്പത് രൂപയില്‍ താഴയേ വില ഉണ്ടായിരുന്നുള്ളൂ‍ൂ എന്നതും ചിലവ് ചുരുക്കി ജീവിക്കേണ്ടിവന്ന ഞങ്ങള്‍ക്ക് അത്യാകര്‍ഷകമായിരുന്നു...!

ഏതെങ്കിലും ഞായറാഴ്ച അമ്മുവിൻറെ സഹോദരൻ മണിയണ്ണൻ മധുരയിൽ നിന്ന് വ്യവസായാവശ്യങ്ങൾക്കായി ചെന്നൈ സന്ദർശിച്ചാൽ അന്ന് ഞങ്ങൾക്ക് കുശാലാണ്. പലഹാരങ്ങൾ കൊണ്ടുവരികയും ചിലപ്പോൾ ഞങ്ങളെ കൂട്ടി നഗരം ചുറ്റുകയും ചെയ്തിരുന്നു. രണ്ടു ദിവസം അടുപ്പിച്ചു അവധി കിട്ടിയാൽ നാട്ടിലേക്കുള്ള ഏതെങ്കിലും ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ  ചാടിക്കയറി പാലക്കാട് പൂകുന്നതുകൊണ്ട് പലപ്പോഴും എനിക്കാ ഭാഗ്യം ലഭിക്കാറില്ല.

അങ്ങനെയിരിക്കെ ഒരിക്കൽ അമ്മുവിൻറെ നിരന്തരമായ സമ്മർദ്ദത്തിനു വഴങ്ങി മണിയണ്ണൻ ഞങ്ങളെ ആയിടക്ക്‌ വന്ന വലിയ ഷോപ്പിംഗ്‌ മാളിൽ കൊണ്ടുപോകാമെന്ന് സമ്മതിച്ചു. കാൽ വയ്യാത്തതിനാൽ കൃഷ്ണ സ്വയം ഒഴിയുകയാണ് പതിവെങ്കിലും അന്ന് അവൾക്കുമുണ്ടായി കൌതുകം. പല കൂട്ടുകാരികളും ബോയ്‌ ഫ്രെണ്ട്സിന്റെ കൂടെ കറങ്ങിയ വിശേഷങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ മാൾ എനിക്കും പുതിയ അനുഭവമായിരുന്നു.

അങ്ങനെ ഞങ്ങൾ നാലുപേരും ബസിൽ സ്പെൻസർ പ്ലാസ എന്ന വിസ്മയത്തിന് മുന്നിലെത്തി. അകത്തെ തണുപ്പിൽ വിന്ഡോ ഷോപ്പിംഗ്‌ നടത്തി ചുറ്റിനടന്നു. അപ്പോഴാണ്‌ മുന്നിൽ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള എസ്കലേറ്റർ! സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഓടിക്കയറി നിൽക്കുന്നു.. മുകളിലേക്കുയർന്നുയർന്ന് അപ്രത്യക്ഷമാവുന്നു. തൊട്ടപ്പുറത്ത് മുകളിൽ നിന്നും പുരുഷാരം താഴേക്ക്‌ അനങ്ങാതെ ഇറങ്ങിവരുന്നു. 
കയറണമെന്ന് ആഗ്രഹം തോന്നിയെങ്കിലും ഒരു ചെറിയ പേടി. ചിലർ കയറി നിൽക്കുമ്പോൾ പിന്നിലേക്ക്‌ മറിയുകയും ബാലൻസ് ചെയ്തു നില്ക്കുകയും ചെയ്യുന്നതും കണ്ടു. കൃഷ്ണ ആദ്യമേ വിസമ്മതിച്ചു. അമ്മുവും മണിയണ്ണനും ധൈര്യം കൊടുത്തു. ഒടുവിൽ മനസില്ലാമനസോടെ അവൾ സമ്മതിച്ചു. ഉള്ളിലെ ഭയം മുഖത്ത് കാട്ടാതെ ഞാനും ധൈര്യം സംഭരിച്ചു കൂടെ നിന്നു, പ്രാർത്ഥനയോടെ..
അങ്ങനെ മുൻപിൽ അമ്മുവും അണ്ണനും, പിന്നിൽ ആദ്യമായി കയറുന്ന കൃഷ്ണയും ഞാനും. ഒരേ പടിയിൽ കാലെടുത്തു വെക്കണം എന്ന് പലതവണ പറഞ്ഞുറച്ച്, മൂന്നാലു തവണ ആഞ്ഞാഞ്ഞ് ഒടുവിൽ രണ്ടുപേരും ഓരോ കാലെടുത്തു വെച്ചു. ഞാൻ ഒപ്പം അടുത്ത കാലെടുത്തു വെച്ചെങ്കിലും കൃഷ്ണക്ക് അതുപോലെ ചെയ്യാനായില്ല. പെട്ടെന്ന് നീങ്ങിത്തുടങ്ങിയപ്പോഴുണ്ടായ നടുക്കവും ഭയവും അവളുടെ സമനില തെറ്റിച്ചു. എന്റെ കയ്യിൽ തൂങ്ങി അവൾ നിലവിളിച്ചു. തിരിച്ചിറങ്ങി പിടിക്കാനുള്ള അറിവ് എനിക്കും ഉണ്ടായില്ല. സ്വയം വീഴാതെ നിന്ന് അവളെ ഒരു കൈകൊണ്ടു പിടിച്ചു നിർത്താനായി ഞാൻ പരിശ്രമിച്ചു. ഭാഗ്യത്തിന് അതിന്റെ ഓപ്പ റേറ്റർ പ്രവർത്തനം നിർത്തി. അപ്പോഴേക്കും അമ്മുവും ഏട്ടനും ഓടിയെത്തി. കുറച്ചു നേരം ഇരുന്ന് വെള്ളമൊക്കെ കുടിച്ച് പതിയെ പടികയറിപ്പോയി.


അതിനുശേഷം എത്രയോ കയറ്റങ്ങൾ... ഇറക്കങ്ങളും... ഏതു മാളിൽ പോയാലും മക്കൾ പോലും ഓടിക്കയറി നില്ക്കുകയും അത് മുകളിലെത്തുന്നതിനിടയിൽ പല തവണ താഴോട്ടും മേലോട്ടും ഓടിക്കളിക്കുകയും ചെയ്യാറുണ്ട്. എനിക്കും അറിയാം ഭയപ്പെടാൻ ഒന്നുമില്ലെന്ന്. എന്നാലും ആദ്യപടിയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ കൃഷ്ണയുടെ നേർത്ത കരച്ചിൽ ഒരു പിടച്ചിലായി നെഞ്ചിൽ നിറഞ്ഞ്, വിറയലായി കാലുകളിലേക്ക് പടർന്നെത്തും.