About Me

My photo
A person who loves to read, write, sing and share thoughts.

Monday, December 13, 2010

എന്ത് ഞാനെഴുതും?

ബ്ലോഗെഴുത്ത്  തുടങ്ങിയ കാര്യം പലപ്പോഴും അമ്മയോടു പറയണമെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞില്ല...
അമ്മയെ കുറിച്ചുതന്നെ എഴുതി,  ആദ്യമായി അത് കാണിക്കണം എന്ന് കരുതി...
അതും നടന്നില്ല..
ഒന്നിനും... ഒന്നിനും കാത്തുനില്‍ക്കാതെ അമ്മ പോയി...
ഇപ്പോള്‍ ഓരോ തവണയും എഴുതാനായി ഇരിക്കുമ്പോള്‍ വികാരവിക്ഷോഭങ്ങള്‍ കൊണ്ട് കടലായി മാറുന്ന മനസ്  കണ്ണിലൂടെ പെയ്തിറങ്ങും...
വാക്കുകള്‍ എവിടേയ്ക്കോ കലങ്ങിയൊഴുകും..
ശൂന്യമായ മനസുമായി ഞാന്‍ വെറുതെയിരിക്കും...

കുഞ്ഞുന്നാളില്‍ ഞാന്‍ കരയുമ്പോള്‍ ഒരു സൂത്രം ഉണ്ടാക്കിത്തരാമെന്നു പറഞ്ഞു സന്തോഷിപ്പിക്കുമായിരുന്ന...
എന്‍റെ രോഗശയ്യയില്‍  അരികിലിരുന്ന് ഗുരുവായൂരപ്പനോട്  പ്രാര്‍ഥിച്ചിരുന്ന...
ഞാന്‍ പടിയിറങ്ങുമ്പോള്‍ കാഴ്ച മറയുംവരെ അമ്പലമുറ്റത്ത്  നോക്കിനിന്ന...
നിന്‍റെ തീരുമാനങ്ങള്‍ ശരിയായിരിക്കുമെന്ന് ആത്മവിശ്വാസം തന്നിരുന്ന...
അച്ഛന്‍റെ അനുഗ്രഹം എന്നുമുണ്ടാവുമെന്ന് ധൈര്യം പകര്‍ന്ന...
എന്‍റെ മകളുടെ മുന്നില്‍പോലും എന്നെ കെട്ടിപ്പിടിച്ചു കൊഞ്ചിച്ച...
ഞാന്‍ വയറ്റില്‍ ചുറ്റിപ്പിടിച്ചു ഇക്കിളിയിടുമ്പോള്‍ കുലുങ്ങിചിരിച്ചിരുന്ന..
ഒടുവില്‍...
ഈ പാപിയായ മകള്‍ കാരണം മണിക്കൂറുകളോളം മരവിച്ചു കാത്തുകിടന്ന...
എന്‍റെ അമ്മയെ കുറിച്ച് ഞാന്‍ എന്തെഴുതും... ?
ഈ തണുത്ത ഡിസംബര്‍ എന്‍റെ ചുണ്ടുകള്‍ അമര്‍ന്ന അമ്മയുടെ നെറ്റിയെ ഓര്‍മ്മിപ്പിക്കുന്നു...
എന്‍റെ കൈകള്‍ക്കടിയില്‍ അനങ്ങാതെയിരുന്ന ആ കാല്‍വിരലുകളെ ഓര്‍മ്മിപ്പിക്കുന്നു...
ഈ ഓര്‍മ്മകള്‍ എനിക്ക് അനാഥത്വം തരുന്നു...

ഇങ്ങനെ അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ എഴുതാമെന്നല്ലാതെ എനിക്കൊന്നിനും ശക്തിയില്ലെന്‍റെ അമ്മക്കുട്ടീ.... ഒരിക്കല്‍കൂടി ആ നെഞ്ചില്‍ മുഖമമര്‍ത്തിക്കിടക്കട്ടെ ഞാന്‍..


(കഴിഞ്ഞ ഡിസംബറില്‍ എന്നെ വിട്ടുപോയ അമ്മയ്ക്കായി അടുക്കിവെക്കാന്‍ ശ്രമിച്ച കുറെ വാക്കുകള്‍ ആ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നു)

Monday, October 18, 2010

ഇരുട്ടില് നെഴലുണ്ടാവ്വ്വോ?

"നിയ്ക്ക് തലയ്ക്കു സുഖോല്ല്യെ കുട്ടീ? "
നീണ്ട വരാന്തയിലൂടെ വിദ്യയുടെയും പ്രശാന്തിന്റെയും കൈ പിടിച്ച് പതിയെ നടന്ന് സൈക്യാട്രി വിംഗ് എന്ന വലിയ ബോര്‍ഡ്‌ ചൂണ്ടുന്നിടത്തേക്ക് തിരിയുമ്പോള്‍ ലീലാവതിയമ്മ തിരിഞ്ഞുനിന്നു.
വിദ്യ വിതുമ്പിവന്ന കരച്ചില്‍ ചുവരോരത്തേയ്ക്ക് ഒതുക്കുമ്പോള്‍ പ്രശാന്ത് അവരുടെ കയ്യില്‍ മുറുകെ പിടിച്ചു.
"ഏയ്‌.. ഒന്നൂല്ല്യാ... എല്ലാത്തിന്റെയും ചെക്കപ്പ്‌ അല്ലെമ്മേ? ഇതൊക്കെ ഓരോ ഫോര്‍മാലിറ്റി എന്നേയുള്ളൂ.. "
വിശ്വാസമാവാതെ നടക്കുന്ന അമ്മയുടെ പിന്നിലൂടെ ഭാര്യയെ ശകാരഭാവത്തില്‍ അയാള്‍ നോക്കി.
അടുത്തിരിക്കുന്ന ആളുകളെ ഓരോരുത്തരെയും വെറുതെ നോക്കുമ്പോഴും അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവിടെ ആരും ആരെയും ശ്രദ്ധിച്ചില്ല.
വിദ്യയും പ്രശാന്തും അമ്മയുടെ കയ്യില്‍ പിടിച്ചുകൊണ്ടുതന്നെയാണ് കസേരയില്‍ ഇരുത്തിയത്.
"ലീലാവതിയമ്മ ടീച്ചര്‍ ആയിരുന്നുവല്ലേ? അമ്മേ എന്ന് വിളിക്കണോ അതോ ടീച്ചറേന്നു വിളിക്കണോ? " മലയാളി ഡോക്ടര്‍ ചോദിച്ചതുകേട്ട് അമ്മ ഒന്നാലോചിച്ചു. പിന്നെ ചിരിച്ചു.
"എന്നാല്‍ ടീച്ചറമ്മേന്നു വിളിക്കാം, ന്താ? ഞാന്‍ പ്രശാന്തിന്റെ കൂടെ കോളേജില്‍ പഠിച്ചതാ.. അമ്മയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.."
"ഒന്നുകില്‍ വല്ലാത്ത ചിന്ത, അല്ലെങ്കില്‍ എപ്പോഴും സംസാരം.. അച്ഛന്‍ മരിച്ചതിനു ശേഷാ ഇങ്ങനെ... " വിദ്യയുടെ സംസാരത്തിന് ഡോക്ടറുടെ ഇടത്തേ കൈപ്പത്തി തടയിട്ടു.
"ടീച്ചറമ്മ പറയൂ... എന്തൊക്കെയാ വിശേഷങ്ങള്‍?"
"വിശേഷം.... എന്താ പറയ്യാ... എല്ലാം പോയില്ല്യെ... "
പെട്ടെന്നെന്തോ ഓര്‍ത്തുനിര്‍ത്തിയിട്ടു ഇളം നീലസാരിയുടെ തുമ്പുകൊണ്ട് മുഖം തുടച്ചു, കസേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു ചുറ്റും നോക്കി പെട്ടെന്ന് എവിടെയോ സ്വയം നഷ്ടപ്പെട്ടിരുന്നു.
"ടീച്ചറമ്മ  എന്താ ആലോചിക്കുന്നത്?"
"എല്ലാര്‍ക്കും മൂപ്പരെ പേടിയായിരുന്നു.. വലിയ തറവാട്ടിലെ കാര്‍ന്നോരല്ലേ.. പോരാത്തതിന് കോളേജിലെ മാഷും! ആരും മുന്നില്‍ നിക്കില്ല്യാ... മൂപ്പരടെ പെണ്ണായിട്ടാ വരണതേ... യ്ക്കും പേട്യന്നെ! പെണ്ണുകാണാന്‍ വന്നപ്പളും ഒന്നും ചോദിച്ചില്ല്യാ.. അതെങ്ങന്യാ... അന്ന് ഏടത്തീടെ നിഴലല്ലേ ഞാന്‍!
"ഓ... തുടങ്ങി പഴമ്പുരാണം!" വിദ്യ തെല്ലുജാള്യതയോടെ പ്രശാന്തിനെ നോക്കി.
"കുട്ട്യായിരുന്നപ്പോ അമ്മമ്മടെ നെഴലാ നീയ്യെന്നു കളിയാക്കീര്ന്നു ഏടത്തീം അമ്മുത്തലെത്തെ പാറൂം.. പാടത്തും പറമ്പിലുമൊക്കെ അമ്മമ്മടെ പിന്നാലെയല്ലേ നടന്നേര്‍ന്നെ...
അമ്മമ്മ കിടപ്പായപ്പോഴാ ഏടത്തീടെ പിന്നാലെ കൂടീത്.. നിയ്ക്കതല്ലേ പറ്റുള്ളൂ... ഇസ്കൂളില് പ്രാര്‍ത്ഥനയ്ക്ക് വരീല് നിക്കുമ്പോ മുമ്പില് നിക്കാന്‍ പറേം കണക്കുമാഷ്. അപ്പളും ജാനകീടെ പിന്നിലെ നിക്കുള്ളൂ.. "
"അതെന്തേ അങ്ങനെ? പേടിച്ചിട്ടാ? "
"പേടീണ്ടോ ന്നു ചോദിച്ചാ ഇല്ല്യാന്നു തോന്നും... ന്നാലും മുന്നില്‍ നിക്കാന്‍ എന്താവോ..
കല്യാണായി അവടയ്ക്ക് പോവുമ്പോ അമ്മമ്മ പറഞ്ഞതാ.. ദൈര്യായിരിക്കണംന്ന്... ന്നാലും മൂപ്പര്‍ടെ നെഴലാവാനല്ലേ പറ്റുള്ളൂ.. അവിടേള്ളോരന്നെ ഉമ്മറത്ത്‌ നിക്കില്ല്യാ.. അപ്പഴാ ഞാന്‍! "
മൌനത്തിനിടയില്‍ അമ്മയുടെ കയ്യില്‍ പിടിക്കാനൊരുങ്ങിയ വിദ്യയെ ഡോക്ടര്‍ ആംഗ്യത്താല്‍ തടഞ്ഞു.
"ന്നാലും സ്നേഹായിരുന്നു... ഇരുട്ടില് തോളില് കൈ വെച്ചിട്ട് ഊണു കഴിച്ച്വോ..ന്ന് ചോദിച്ചാല്‍ മതീലോ...."
ലീലാവതിയമ്മ ഓര്‍മ്മകളില്‍ മുഴുകി മന്ദഹസിച്ചു.
"ടീച്ചറമ്മക്ക് കുടിക്കാന്‍ ചായ ആയാലോ?"
"അമ്മേ... "
"കുട്ടി ഇപ്പൊ പറഞ്ഞില്ല്യെ.. ടീച്ചര്‍ ആയിരുന്നൂന്നു നിയ്ക്കന്നെ വിശ്വസല്ല്യാ... മൂപ്പര് കൊണ്ടു വിടും.. തിരിച്ചും കൂട്ടീട്ടു വരും... പെന്ഷനായിട്ടു പത്തുപതിനഞ്ചു കൊല്ലായില്ല്യെ... അദൊന്നും ഓര്‍മ്മേം കൂടീല്ല്യ... മൂപ്പരടെ കാര്യങ്ങള് നോക്കി നടത്ത്വാ.. മൂപ്പര് പറയണത് ചെയ്യാ... ദാ.. ഒറ്റമോളാ.. ഇവളെ അയക്കണവരെ ഇവള്‍ടെ കാര്യോം നോക്കീരുന്നു... അദന്നെ... "
"ഓ... ഐ  സീ...പെട്ടെന്നായിരുന്നോ വിദ്യേടെ അച്ഛന്‍...?"
"മൂപ്പര് സൂക്കെടായി കെടന്നപ്പോ അറിയായിരുന്നു ഒരുപാട് കാലോന്നും 'ണ്ടാവില്ല്യന്ന്.. ന്നാലും... പെട്ടെന്നൊരു ദിവസം ഒന്നും പറയാണ്ട്.... ഒറക്കത്തിലന്നെ..."
"ടീച്ചറമ്മ ഈ ചായ കുടിയ്ക്കൂ..."
"അമ്മ തനിച്ചു അവടെ ഇരിക്കണ്ടാന്നു പറഞ്ഞു കൂടെ കൂട്ടീതാ ഇവള്... ഷാരത്തെ വല്സലേം അതന്ന്യാ പറഞ്ഞെ...
ഇപ്പൊ ദാ.. ഇവരും പൂവാത്രേ... അമേരിക്കക്ക്..."
"അമ്മേ... രാജമാമയും അമ്മായീമൊക്കെ നോക്കിക്കോളാംന്ന് പറഞ്ഞിട്ടല്ലേ... പോരാത്തതിന് പ്രശാന്തിന്റെ അമ്മേം അച്ഛനുമൊക്കെയില്ല്യെ? അമ്മ ഇങ്ങനെ വാശി പിടിച്ചാലെങ്ങനെയാ? പ്രശാന്ത്‌ പോവുമ്പോള്‍ ഞാനെങ്ങനെയാ ഇവടെ നിക്ക്വാ?" അതുവരെ ഉള്ളില്‍ ഉറഞ്ഞുകൂടിയതെല്ലാം വിദ്യ ഒറ്റയടിക്ക് ഒഴുക്കിക്കളഞ്ഞത് അമ്മ കേട്ടില്ല.
ചായകപ്പ് മേശപ്പുറത്തുവെച്ച് ലീലാവതിയമ്മ പതിയെ എഴുനേറ്റ്, ചുവരിലും കസേരയിലും പിടിച്ചുകൊണ്ടു ജനാലയ്ക്കലേക്ക് നടന്നു.
"സീ വിദ്യ... യു ഷുഡ് അണ്ടര്‍സ്റ്റാന്റ് ഹേര്‍ മൈന്‍ഡ്... "
അവരുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട്‌ ഡോക്ടര്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
" നിങ്ങള്‍ വിചാരിക്കുന്നതുപോലെ കാര്യമായി ഒന്നുമില്ല അമ്മക്ക്... ഇതൊരു തരം ആന്ക്സൈറ്റി...... "
മൂന്നുപേരുടെ ശബ്ദങ്ങള്‍ ഇടതടവില്ലാതെ ഉയരുമ്പോള്‍ ലീലാവതിയമ്മ അവിടുത്തെ കട്ടിലില്‍ ഇരുന്ന് പുറത്തേക്കു നോക്കി.
ദാ... സൂര്യന്‍ അസ്തമിക്കാന്‍ പോണൂ.. ഇരുട്ടാവ്വ്വാ...  ഇരുട്ടില്   നെഴലുണ്ടാവ്വ്വോ? ഇനി വെളിച്ചം മാത്രം മതിയോ... നെഴലിനു മുന്നില്‍ നിക്കാന്‍ രൂപോം വേണ്ടേ? ന്തേ ഇദോന്നും ആര്‍ക്കും മനസിലാവാത്തെ?"

Thursday, September 30, 2010

പൊരുളറിയാതെ..

പൊരിവെയിലേറ്റു പാതയോരത്ത് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായെന്നറിയില്ല! തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും വെയിലത്ത്‌ വാടിയ വിശന്ന മുഖങ്ങളും ഇടയ്ക്ക് ചിതറുന്ന ചോരത്തുള്ളികളും മാംസക്കഷ്ണങ്ങളും കാണുമ്പോള്‍ പലപ്പോഴും ആശിച്ചിരുന്നു, ഒരിക്കലെങ്കിലും ഇമയൊന്നുചിമ്മാന്‍ കഴിഞ്ഞെങ്കില്‍ എന്ന്. തൊട്ടടുത്ത കൊച്ചുകൂടാരങ്ങളില്‍ നിന്നും ചിരിയും കൊഞ്ചലും ശകാരവും കരച്ചിലും നിലവിളിയുമൊക്കെ ഉയരാറുണ്ട്. ചില രാത്രികളില്‍ മറ തേടി എത്തുന്ന ശരീരങ്ങള്‍.. അര്‍ഥം തിരിച്ചറിയാന്‍ കഴിയാത്ത ശബ്ദങ്ങള്‍...

എത്രകാലത്തെയ്ക്കെന്നറിയാത്ത വിരസമായ തുടര്‍ച്ചയുടെ ഒരു രാത്രി മുകളില്‍ നിന്നും തണുത്ത വെള്ളത്തുള്ളികള്‍ ദേഹത്ത് പതിച്ചു. കൂടാരങ്ങളില്‍നിന്നും ആരൊക്കെയോ ഓടിയിറങ്ങിവന്ന് വെളുത്ത പുതപ്പുകൊണ്ട്‌ മൂടി കാലുകളോടുചേര്‍ത്ത് കെട്ടിവെച്ചു. ഇരുള്‍ മാറി വെളിച്ചം വന്നപ്പോള്‍ മുന്നിലെ കാഴ്ചകള്‍ നഷ്ടമായിരുന്നു. തലേന്നുവരെ കണ്ടതെല്ലാം ശബ്ദങ്ങളും വെളുപ്പും മാത്രമായി. കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യമുണ്ടെന്ന് മനസിലായത് അപ്പോള്‍ മാത്രമാണ്.

ഇടയ്ക്ക് ഏതോ വികൃതിയുടെ ദാക്ഷിണ്യം മൂടുപടത്തിലെ വലിയ തുളകളായി. ഇപ്പോള്‍ ചിലപ്പോഴൊക്കെ വീശാറുള്ള തണുത്ത കാറ്റും പാഞ്ഞുപോവുന്ന നിറങ്ങളും ആശ്വാസമാവുന്നുണ്ട്‌. ശബ്ദങ്ങള്‍ കുറേക്കൂടി വ്യക്തമായിത്തുടങ്ങി. ഇടയ്ക്കൊരു ദിവസം ആരൊക്കെയോ തള്ളിനീക്കി കുറച്ചുകൂടി മുന്നിലെത്തപ്പെട്ടു. തണുത്ത നിറങ്ങള്‍ ശരീരത്തും മുഖത്തുമൊക്കെ ശ്രദ്ധയോടെ ചാലിച്ചുചേര്‍ത്തുകൊണ്ടുനിന്ന കലാകാരന്‍റെ നിശ്വാസമേറ്റ് പിന്നെയും കുറെ നാള്‍ പാതയരികില്‍... ഇപ്പോള്‍ ഈ വഴിപോവുന്ന പലരും നോക്കുകയും ആശ്ചര്യപ്പെടുകയും കുട്ടികള്‍ കൈചൂണ്ടുകയും കൈകൊട്ടി ചിരിക്കുകയും ചെയ്യുന്നു.

ഹോ... കുറച്ചു ദിവസമായി പെരുമഴയാണ്.വീണ്ടും കനത്ത മൂടുപടം പുറം കാഴ്ചകള്‍ ഇല്ലാതാക്കി. എങ്കിലും ഇടയ്ക്കിടെ ആരൊക്കെയോ വന്നു മറനീക്കി സൌന്ദര്യം ആസ്വദിക്കുകയും ദേഹത്ത് അവിടവിടെ തൊട്ടു നോക്കി, ഉറക്കെയുറക്കെ സംസാരിക്കുന്നുമുണ്ട്. കഴിഞ്ഞദിവസം ഇടതുവശത്തെ ചെറിയ ദ്വാരം വഴി ശക്തമായി കാറ്റ് വീശിയപ്പോഴാണ് തലേന്ന് കേട്ട ഇരമ്പലും സംസാരവും അരികില്‍ നിന്നിരുന്ന മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നു എന്ന് മനസിലായത്. ഇതുപോലെ ആരെങ്കിലും ഇവിടെ നിന്നും പോകുന്ന രാത്രി ശബ്ദമുഖരിതമായിരിക്കും. കിട്ടുന്നത് മുഴുവന്‍ നശിപ്പിക്കുമെന്ന് ശകാരമാവുന്ന വേവലാതിയും ആധിപത്യം സ്ഥാപിക്കാനെന്നോണം ബലപരീക്ഷണം നടത്തുന്ന ലഹരിയുടെ അതിപ്രസരവും.. ഇടക്കെപ്പോഴൊക്കെയോ നിലവിളിയുടെ അനുബന്ധമായ കുഞ്ഞുകരച്ചിലുകളും..

ഇന്ന് വന്നവര്‍ക്ക് എന്നെ ബോധിച്ചുവെന്നു തോന്നുന്നു. ഏതോ വലിയ വാഹനത്തില്‍ ആരൊക്കെയോ എടുത്തു കയറ്റിവെച്ചു. ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ കാഴ്ചകളുണ്ട്‌‌.. എവിടെക്കോ നീങ്ങുന്നതുപോലെ.. എപ്പോഴോ ചെറിയ കുലുക്കത്തോടെ നിന്നപ്പോള്‍ വഴിയരികിലെ കടയുടെ മുന്നില്‍ പതിച്ച വലിയ കണ്ണാടിയില്‍ തെളിഞ്ഞ രൂപം ആശ്ചര്യപ്പെടുത്തി. വിടര്‍ന്ന കണ്ണുകളും ആഭരണങ്ങളും നീണ്ട തുമ്പിക്കൈയ്യും  കണ്ടു. വീണ്ടും കുലുങ്ങിക്കുലുങ്ങി എവിടെക്കോ പോയി.

വലിയ മേടയിലേക്ക് ആനയിക്കപ്പെട്ട്, പുഷ്പഹാരങ്ങളാല്‍ അലങ്കരിക്കപ്പെട്ട്, പൂക്കളും സുഗന്ധവും വിളക്കുകളും മണിനാദവും കൊണ്ട് പൂജിക്കപ്പെട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളാവുന്നു. കാവിയും മഞ്ഞയും ധരിച്ചവര്‍ മുന്നില്‍ വന്നുനിന്നു മന്ത്രങ്ങള്‍ ചൊല്ലുന്നു. ഭജനകള്‍ ഉറക്കെ പാടുന്നു.. മുന്നില്‍ നിറയെ ഭക്ഷണസാധനങ്ങളും മറ്റെന്തൊക്കെയോ ഒക്കെ വെച്ച് നിവേദിക്കുന്നു. നിറമിഴികളോടെ പ്രാര്‍ത്ഥിക്കുന്ന ചിലര്‍.. ഭക്തിയാല് ഉന്മാദാവസ്ഥയിലെത്തപ്പെട്ട ചിലര്‍..

ശബ്ദഘോഷങ്ങള്‍ അരോചകമായിത്തുടങ്ങി. ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുക എന്നത് ആദ്യമൊക്കെ സന്തോഷം തന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഒരുതരം മടുപ്പ്.. എന്നും ഒരേ മന്ത്രോച്ചാരണങ്ങള്‍.. പ്രാര്‍ത്ഥനകള്‍.. ഗാനാലാപനം.. ഇടയ്ക്കു കൊച്ചുകുട്ടികളുടെ കലാപരിപാടികള്‍.. ചിലതൊക്കെ കേള്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.. വെളിച്ചത്തില്‍ മുന്നില്‍ വന്നുവീണ ചില വസ്തുക്കള്‍ക്ക് വലിയ വിലയുണ്ടെന്ന് ഇരുളിലെ തര്‍ക്കങ്ങളും പിടിവലികളും മനസിലാക്കിത്തന്നു.

ആരൊക്കെയോ വലിച്ചുകയറ്റിയ വലിയ വാഹനത്തില്‍ വീണ്ടും എവിടെയ്ക്കെന്നറിയാതെ...   വാദ്യഘോഷങ്ങളുമായി കുട്ടികളും ചെറുപ്പക്കാരും മുന്നിലും പിന്നിലും. വഴിയില്‍ പലയിടത്തും സമാനരൂപികള്‍ അനുഗമിക്കുന്നുണ്ടെന്നു തോന്നുന്നു. നെടുനീളെ കെട്ടിയിട്ട കൂടാരത്തില്‍ അടുത്തുനിന്നിരുന്ന ആരെങ്കിലും അവരില്‍ ഉണ്ടായിരുന്നോ എന്തോ..

വലിയ പുരുഷാരവും താണ്ടിനീങ്ങുമ്പോള്‍ മുന്നില്‍ ഇപ്പോള്‍ നീലനിറമുള്ള കടലാണ്. ശക്തിയോടെ നുരയും പതയുമായി ഉയര്‍ന്നുവരുന്ന തിരമാലകള്‍.. ഇരിപ്പിടത്തിലും കാലിലുമൊക്കെ കൂറ്റന്‍ കയര്‍ കെട്ടി വലിച്ചിഴക്കപ്പെടുന്നു... ശബ്ദകോലാഹലങ്ങളുടെ പാരമ്യത്തില്‍ ചെവി കൊട്ടിയടക്കപ്പെട്ടതുപോലെ.. വല്ലാത്തൊരു ഇരമ്പല്‍ മാത്രമേയുള്ളൂ ഇപ്പോള്‍.. പിന്നില്‍നിന്നും ശക്തിയായ തള്ളല്‍ അനുഭവപ്പെടുന്നുണ്ട്. തിരമാലകള്‍ ആര്‍ത്തിയോടെ ആഞ്ഞുപുണരുന്നു.. മുന്നിലേക്ക്‌ ഒഴുകിനീങ്ങുമ്പോള്‍ ഇരിപ്പിടവും കാലുമൊക്കെ അടര്‍ന്നു തുടങ്ങി... നെഞ്ചോളം മുങ്ങി.. തുമ്പിക്കയ്യും നനഞ്ഞലിഞ്ഞു.. എത്രയോ നാളുകള്‍ ഉറക്കമില്ലാതെ കഷ്ടപ്പെട്ട് ചാര്‍ത്തിയ നിറങ്ങള്‍ ജലപ്പരപ്പില്‍ പടര്‍ന്നോഴുകുന്നു.. ഭീമാകാരം പൂണ്ട തിരയുടെ കരിമ്പടം മുഖത്തേക്ക് വലിച്ചെറിഞ്ഞ് തന്നിലേക്ക് വലിച്ചടുപ്പിച്ചതുപോലെ... ഉപ്പുവെള്ളം കണ്ണുകളിലെ വര്‍ണ്ണങ്ങള്‍ ഒഴുക്കിക്കളയുന്നതിനു തൊട്ടുമുന്പായി പൂജാപുഷ്പങ്ങളും മറ്റലങ്കാരങ്ങളും കടലിന്‍റെ മാറിലേക്ക്‌ ഒഴുകുന്നത്‌ കണ്ടു.... കാതുകളില്‍ വെള്ളം കയറിയതാണോ അതോ അതും മറ്റ് അവയവങ്ങള്‍ പോലെ അടര്‍ന്നു പോയോ? കാഴ്ച നേര്‍ത്തുനേര്‍ത്തില്ലാതായി...

(എന്‍റെ ഇവിടുത്തെ വഴിയോരക്കാഴ്ചകളില്‍ ഒന്നാണ് നെടുനീളെ കെട്ടിയിട്ട കൂടാരങ്ങളില്‍ നിര്‍ത്തിയിരിക്കുന്ന ചെറുതും വലുതുമായ അസംഖ്യം ഗണേശപ്രതിമകള്‍. ഒരു പ്രത്യേക ദിവസത്തിനുവേണ്ടി മാസങ്ങളോളം നീളുന്ന ജോലി ചിലപ്പോഴൊക്കെ ജീവിതത്തിന്റെ വ്യര്‍ത്ഥത ഓര്‍മ്മിപ്പിക്കും.)

Friday, September 3, 2010

ഒരല്‍പം അടുക്കളക്കാഴ്ചകള്‍

മുള്ളങ്കി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ മലയാളികള്‍ക്ക് വലിയ പ്രിയമില്ലാത്ത ഒന്നാണ് എന്നാണ് എന്‍റെ വിശ്വാസം. പണ്ട് വീടിന്നടുത്ത്‌ വരാറുള്ള പച്ചക്കറിക്കാരന്റെ കുട്ടയില്‍ മുള്ളങ്കി കാണുമ്പോള്‍ അമ്മ പറയുമായിരുന്നു, ഗുണമുള്ള സാധനമാണെന്ന്. പക്ഷെ ഒരിക്കല്‍പോലും അത് വാങ്ങാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല. പിന്നെ ഞാന്‍ അതിന്റെ രുചി അറിഞ്ഞത് ചെന്നൈ ജീവിതത്തിലാണ്. ഹോസ്റ്റലിലെ പ്രധാനവിഭവമായിരുന്ന സാമ്പാറില്‍ വെളുത്ത നാണയങ്ങള്‍ പോലെ മുള്ളങ്കി കഷണങ്ങള്‍ കിടന്നിരുന്നു. പരിപ്പ് പോലും ശരിക്കും ചേര്‍ക്കാത്ത സാമ്പാറിന്റെ ഏക ഹൈലൈറ്റ് ഇത് തന്നെയായിരുന്നു എന്ന് പറയാം.

പിന്നീട് ഹൈദെരബാദിലെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ വഴിയാണ് മുള്ളങ്കി കൊണ്ട് സ്വാദിഷ്ടമായ പലതും ഉണ്ടാക്കാം എന്ന് മനസിലാക്കിയത്. അതിലേറ്റവും വിശിഷ്ടമായി തോന്നിയത് 'മൂലി കാ പറാട്ടാ' ആണ്. മുള്ളങ്കിയും മറ്റു മസാലകളും ഉള്ളില്‍ വെച്ച് നെയ്യൊഴിച്ച് ചുട്ടെടുക്കുന്ന ചപ്പാത്തി ആണ് അത്. ഡല്‍ഹിക്കാരി ആസ്ത ആണ് എന്‍റെ പൊറോട്ടകളുടെ ഗുരു.

ഇതൊക്കെയാണെങ്കിലും എന്റേതായ പരീക്ഷണങ്ങള്‍ കൊണ്ട് വീട്ടിലുള്ളവരെ വിഷമിപ്പിക്കുക എന്നത് ഏതൊരു വീട്ടമ്മയെയും പോലെ എന്റേയും വിനോദമാണ്‌. മൂലി കാ പറാട്ടാ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ ബാക്കി വന്ന മുള്ളങ്കി എന്‍റെ റെഫ്രിജറേറ്ററിനെ 'സുഗന്ധ'പൂരിതമാക്കിയപ്പോള്‍,  എന്‍റെ തലയില്‍ പൊട്ടിമുളച്ച ഐഡിയ ആയിരുന്നു മുള്ളങ്കിപക്കോട.

ഒട്ടും അമാന്തിച്ചില്ല. കടലമാവും മറ്റു സാധനങ്ങളും ഉണ്ടെന്നു മനസിലായപ്പോള്‍ പിന്നെ പറയേണ്ടല്ലോ..

ഭാഗ്യത്തിന് അത് നന്നായിവന്നു. സാധാരണ വീട്ടില്‍ ഉണ്ടാക്കാറുള്ള സാധനങ്ങളോട് വലിയ പ്രിയം കാട്ടാത്ത എന്‍റെ മകള്‍ വീണ്ടും ചോദിച്ചു വാങ്ങിയപ്പോള്‍ അത് നിങ്ങളോടും കൂടി പങ്കിടാന്‍ ആത്മവിശ്വാസം തോന്നി. ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു സായാഹ്ന സ്നാക്ക് ആണെന്നുള്ളതുകൊണ്ടാണ് അതെങ്ങനെയാണ്‌ ഞാനുണ്ടാക്കിയതെന്ന് ഇവിടെ പറയുന്നത്. ഒരു പ്രൊഫഷണല്‍ ഷെഫ് ഒന്നും അല്ലാത്തതുകൊണ്ട് പാചക കുറിപ്പ് തയ്യാറാക്കുന്നതിലും പോരായ്മകള്‍ ഉണ്ടാവും. ഞാന്‍ എടുത്തത്‌ അതേപടി എഴുതുന്നു.


ആവശ്യമുള്ള സാധനങ്ങള്‍ :-

മുള്ളങ്കി - ഒരെണ്ണം ചീകിയത് (ഗ്രേറ്റ് ചെയ്തത്)
കടലമാവ് - രണ്ടു കപ്പ്
അരിപ്പൊടി - അരക്കപ്പ്
അജ്വൈന്‍ (ഓമം) - 1/2 ടീസ്പൂണ്‍
ജീരകം - 1 / 4 ടീസ്പൂണ്‍
കായപ്പൊടി - 1 / 4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്നെണ്ണം
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു പിടി
എണ്ണ - വറുത്തെടുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് കടലമാവും അരിപ്പൊടിയും എടുത്തു അതിലേക്കു മേല്പറഞ്ഞ ബാക്കി ചേരുവകള്‍ എല്ലാം ഓരോന്നായി ചേര്‍ത്ത് കുഴക്കുക. മുള്ളങ്കിയില്‍ ജലാംശം നല്ലതുപോലെ ഉള്ളതുകൊണ്ട് വെള്ളം ചേര്‍ക്കേണ്ട ആവശ്യമേ ഉണ്ടാവില്ല. ഉപ്പിട്ട് കുഴയ്ക്കുംതോറും അതില്‍നിന്നും വെള്ളം ഊറിവന്നുകൊള്ളും. അതുകൊണ്ടുതന്നെ കുഴച്ചു അധികനേരം വെയ്ക്കരുത്. കട്ടിയായി തന്നെ കുഴച്ചു ചെറിയ ഉരുളകളാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, ഓരോ ഉരുളയും കൈകൊണ്ടു ഒന്ന് അമര്‍ത്തി ചൂടുള്ള എണ്ണയില്‍ ഇട്ടു വറുത്തു കൊരിയെടുക്കാം.
ചൂടോടെ ടൊമാറ്റോ കെച്ചപ്പ് കൂട്ടി കഴിക്കാം.

സീക്രെട്ട് ടിപ്സ് :
ഞാനിതു ഉണ്ടാക്കിയ വൈകുന്നേരം ഇവിടെ വലിയ മഴ ആയിരുന്നു. ചൂട് ചായയ്ക്കൊപ്പം മുള്ളങ്കി പക്കോട എളുപ്പം 'ചെലവായില്‍' പോയതിനു മറ്റൊരു കാരണം അതുമാവാം. അതുകൊണ്ട്‌ കൂടുതല്‍ നല്ല കോമ്പ്ലിമെന്റ് കിട്ടാന്‍ മഴയുള്ള ദിവസം ഉണ്ടാക്കൂ..

Wednesday, August 11, 2010

പവിത്ര

അച്ഛന്‍ അയച്ച കത്ത് ഒരിക്കല്‍കൂടി വായിക്കാനെടുത്തപ്പോഴായിരുന്നു അമിത് വിളിച്ചത്.

"പവിത്രാ.. ഈ ഞായറാഴ്ചക്ക് ഒരു ഓഫര്‍ ഉണ്ട്. ഒരു എന്‍ആര്‍ഐ വ്യവസായി ആണ്. പക്ഷെ... പുരുഷനാണ്.. എനിക്കറിയാം, നീ സമ്മതിക്കാന്‍ മടിക്കുമെന്ന്... ബട്ട്‌, ബിലീവ് മി.. നിന്‍റെ കാര്യമൊക്കെ അറിയാവുന്നത് കൊണ്ടാണ്... ഇതൊരു ഗ്രേറ്റ്‌ ഓഫര്‍ തന്നെയാവും. അയാള്‍ക്ക് ഒരു പകലിനു കൂട്ട് പോയാല്‍ മതിയത്രെ.. വെറുതെ നഗരം ചുറ്റല്‍ തന്നെ."

ആലോചിച്ചിട്ട് വിളിക്കാമെന്നു പറഞ്ഞു സംസാരം അവസാനിപ്പിച്ചു വീണ്ടും കത്ത് തുറന്നു.

".......... നിന്‍റെ പുതിയ ജോലി പഠനത്തെ ബാധിക്കില്ലെന്ന് വിശ്വസിക്കുന്നു. സ്വയം സൂക്ഷിക്കാന്‍ നിനക്കാവുമെന്നു അച്ഛനറിയാം. എങ്കിലും നഗരത്തിലെ ആളുകള്‍ പലവിധമാവും..." അത്രയും വായിച്ച് അവള്‍ കത്ത് മടക്കി മേശപ്പുറത്തു വെച്ചു.

താമസസ്ഥലത്തേക്ക് തപാല്‍ ശിപായി വരുന്നത് ഒരുപക്ഷെ തനിക്കായി മാത്രമായിരിക്കും എന്ന് പവിത്രക്ക് തോന്നാറുണ്ട്. ഓരോ കത്തിലും അവളുടെ ഗ്രാമവിശേഷങ്ങള്‍ അടുത്തിരുന്ന് അച്ഛന്‍ പറയുന്നതായി തോന്നും. കുടുംബസ്വത്തായി കിട്ടിയ ഭൂമിയിലെ മോശമല്ലാത്ത ആദായം മനസ്സില്‍ കണ്ടാണ്‌ നാഗേശ്വരറാവു മകളെ നഗരത്തില്‍ പഠിക്കാന്‍ അയച്ചത്. മൂത്തമകള്‍ പ്രജ്ഞയുടെ വിവാഹാവശ്യത്തിനായി സ്ഥലത്തെ പ്രമാണി രംഗാറെഡ്ഡിയോട് കടം വാങ്ങിയതും അതുകൊണ്ട് തന്നെയായിരുന്നു. കഴിഞ്ഞവര്‍ഷം പ്രകൃതി കനിയാതിരുന്നതുമൂലമുള്ള നഷ്ടത്തിന്റെയും അപമാനത്തിന്റെയും കഥകള്‍ സമീപകാലങ്ങളില്‍ പവിത്രയെ തേടിയെത്തിയപ്പോഴാണ് സുഹൃത്തായ അമിത് നിര്‍ദ്ദേശിച്ച പുതിയ വരുമാനമാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

സഹപാഠിയായ രുചികയുടെ അകന്നബന്ധു അമിത് മെഹ്റയെ പരിചയപ്പെടുമ്പോള്‍ അയാള്‍ ഒരു ചെറുകിടവ്യവസായി ആണെന്നേ അവള്‍ അറിഞ്ഞുള്ളൂ. രാജ്യത്തിനകത്തും പുറത്തും നിന്ന് നഗരത്തിലെത്തുന്ന വ്യക്തികള്‍ക്ക് സമയവ്യവസ്ഥയില്‍ സൌഹൃദം പങ്കിടാന്‍ അവരുടെ അഭിരുചിക്കനുസൃതമായ വ്യക്തികളെ വിട്ടുകൊടുക്കുകയും അതിന് തക്കതായ പ്രതിഫലം വാങ്ങുകയും ചെയ്യുന്നതിനെപറ്റി കോഫിബാറിലെ തണുത്തമേശയ്ക്കിരുവശവുമിരുന്ന് അവര്‍ സംസാരിച്ച ആദ്യനാള്‍ പവിത്ര വെറും ശ്രോതാവ് മാത്രമായിരുന്നു.

ഒരു മുന്‍പരിചയവുമില്ലാത്തവരുമായി ഒരു പകല്‍ മുഴുവന്‍ പങ്കിടുന്നതിനെകുറിച്ച് ഓര്‍ക്കാന്‍തന്നെ പവിത്ര മടിച്ചു. എന്നാല്‍ ദേബ്രതി മുഖര്‍ജി എന്ന ബംഗാളിവനിതക്ക് കൂട്ടുപോവുന്നതിനെപ്പറ്റി അമിത് പറഞ്ഞ ദിവസമായിരുന്നു അച്ഛന്‍റെ കണ്ണീരിനാല്‍ മഷി പടര്‍ന്ന ഒരു കത്ത് അവളെ തേടിയെത്തിയത്. രംഗാറെഡ്ഡിയുടെ ഭീഷണിയും പ്രജ്ഞയുടെ ഭര്‍തൃമാതാവിന്‍റെ നിലക്കാത്ത ആവശ്യങ്ങളും അവളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസവും തീര്‍ത്ത ആകുലതകളാല്‍ അച്ഛന്‍ വല്ലാതെ തകര്‍ന്നിരുന്നു. പിന്നീട് ഒന്നും ആലോചിക്കാതെ അമിതിനെ വിളിച്ചു പറഞ്ഞ്, അടുത്ത ഞായറാഴ്ചയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തി.

ദേബ്രതി മുഖര്‍ജി അവള്‍ അതുവരെ കണ്ടിട്ടുള്ള സ്ത്രീകളില്‍നിന്നും വിഭിന്നയായിരുന്നു. ചെറുപ്രായത്തില്‍തന്നെ വലിയ വ്യവസായസമുച്ചയത്തിന്റെ തലപ്പത്തിരിക്കേണ്ടിവന്നതിനാല്‍ മോഹങ്ങളും സ്വപ്നങ്ങളും മനസിനുള്ളില്‍മാത്രം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവള്‍. കമ്പനിയുടെ എന്തോ ആവശ്യത്തിനായി അവിടെയെത്തിയ അവള്‍ക്ക് നഗരം ചുറ്റാന്‍ ഒരു സഹചാരിയായിട്ടാണ് പവിത്ര എത്തിയത്. ചിലപ്പോള്‍ കുട്ടികളെപോലെ ഉറക്കെ പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ ചിന്താവിഷ്ടയായും ദേബ്രതി അവളുടെ കൂടെനടന്നു. ചാര്‍മിനാറിന്റെ മുകളില്‍ നിന്നുകൊണ്ട് നഗരം മുഴുവന്‍ ഒറ്റനോട്ടത്തില്‍ ഒപ്പിയെടുക്കുമ്പോള്‍ അവളുടെ മുഖം വലിഞ്ഞുമുറുകി പവിത്രയെ ഭയപ്പെടുത്തി.

"ഞാനിപ്പോള്‍ ഇവിടുന്നു ചാടിയാല്‍ നീയെന്തു ചെയ്യും? " ഉത്തരമാലോചിച്ചു പകച്ചപ്പോള്‍ അവള്‍ ചേര്‍ത്ത് പുണര്‍ന്നു, "വിഷമിക്കണ്ട.. എനിക്കതൊക്കെ ആഗ്രഹിക്കാനേ പറ്റൂ.. "

വളകളുടെ വര്‍ണ്ണവിസ്മയത്തില്‍ മതിമറക്കുമ്പോള്‍ അവള്‍ കൌമാരക്കാരിയായി. ഇഷ്ടപ്പെട്ടവ അവള്‍ പവിത്രയുടെ കൈകള്‍ക്കായി വാങ്ങിക്കൂട്ടി.

മ്യൂസിയത്തിലെ വിശിഷ്ടഘടികാരത്തില്‍ ഓരോ മണിക്കൂറും ഇറങ്ങിവന്നു മണിയടിച്ചിട്ടുപോവുന്ന കുഞ്ഞുഭടനെ കാത്തിരിക്കുമ്പോള്‍ സമയനിഷ്ഠയില്ലാത്ത പൂര്‍വകാമുകനെ കുറിച്ച് ദേബ്രതി നിര്‍വികാരതയോടെ പറഞ്ഞു. അച്ചടക്കത്തോടൊപ്പം മുഖം നോക്കാതെ സ്നേഹിക്കാനും പഠിപ്പിച്ച ഗംഗാമൌസിയെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണുകളോടൊപ്പം പവിത്രയുടെതും സജലങ്ങളായി. സമ്പന്നനായ വ്യവസായി മകളെ സംരക്ഷിക്കാനായി വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്ന അകന്ന ബന്ധുവായിരുന്നുവത്രേ ഗംഗമൌസി. അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും ഒരിക്കലും വറ്റാതെ ലഭിച്ചുകൊണ്ടിരുന്ന ഉറവ പെട്ടെന്നൊരു ദിവസം നിലച്ചപ്പോള്‍ നഷ്ടം ദേബ്രതിക്ക് മാത്രമായിരുന്നു.

പഴയ കോട്ടയിലെ സുല്‍ത്താന്റെ പ്രണയിനി ഭാഗ്മതിയുടെ കഥ കേട്ട്, പ്രശസ്തമായ ഭക്ഷണശാലയിലെ ബിരിയാണി ഒരുമിച്ചു രുചിച്ച് കൈനിറയെ സമ്മാനങ്ങള്‍ വെച്ചുകൊടുത്തു ദേബ്രതി യാത്രയാവുമ്പോള്‍ ഒരു ദിവസം മാത്രം അറിഞ്ഞവള്‍ക്ക് വേണ്ടി എന്തിനാണ് മനസ് നോവുന്നതെന്ന് അവള്‍ അതിശയിച്ചു. അമിത് വെച്ച് നീട്ടിയ തുക കയ്യില്‍ വാങ്ങുന്നതോടെ ദേബ്രതിയെ മറക്കേണ്ടതായിരുന്നു. പക്ഷെ വിമാനത്താവളത്തിലേക്കുള്ള വണ്ടിയില്‍ കയറാന്‍ നേരം ‍ തിരിഞ്ഞുനിന്നു കയ്യില്‍ മുറുകെ പിടിച്ചുകൊണ്ട്, "നിന്നെ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പരിചയപ്പെട്ടില്ലല്ലോ കൂട്ടുകാരീ" എന്നവള്‍ പറഞ്ഞ നിമിഷം തന്നെ അവള്‍ തന്‍റെ മനസ്സില്‍ സ്ഥിരതാമസമാക്കിയെന്നറിഞ്ഞു.

രാത്രി മുറിയിലെ ഏകാന്തതയില്‍ അന്നത്തെ പകല്‍ മുഴുവന്‍ കണ്ണിനു മുന്നിലേക്കോടി എത്തിയപ്പോള്‍ പവിത്ര മനസ്സില്‍ ഉറച്ചതായിരുന്നു, അമിത്തിന്റെ അടുത്ത ക്ഷണം സ്വീകരിക്കില്ല എന്ന്. പക്ഷെ സെമെസ്റ്റര്‍ ഫീസ്‌ കഴിഞ്ഞു ബാക്കിവന്നത് സ്വീകരിച്ചതിനു മറുപടിയായിവന്ന അച്ഛന്‍റെ ആശ്വാസവും സന്തോഷവും പ്രതീക്ഷയും വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. പക്ഷെ അടുത്ത കസ്റ്റമര്‍ ഒരു പുരുഷന്‍ ആണെന്നറിഞ്ഞപ്പോള്‍ നിരസിക്കാന്‍ താമസമുണ്ടായില്ല. രാവിലെ ഇറങ്ങുമ്പോള്‍ "നീയിപ്പോഴും പഴയ ഗ്രാമീണപെണ്‍കുട്ടി തന്നെ" എന്ന് കളിയാക്കിയ രുചിക അടുത്ത ദിവസങ്ങളിലെല്ലാം ആ ദിവസത്തെ മഹത്തായ അനുഭവങ്ങള്‍ വിളമ്പി. ഒറ്റ ദിവസം കൊണ്ട് അവള്‍ക്ക് അയാള്‍ 'സ്വീറ്റും' 'ചാമിങ്ങും' ഒരിക്കല്‍പോലും അതിരുകടക്കാത്ത മാന്യനുമൊക്കെയായി. സമ്മാനങ്ങളില്‍ വിലപിടിപ്പുള്ള അടിവസ്ത്രങ്ങള്‍ കണ്ടപ്പോള്‍ പവിത്രക്ക് അവജ്ഞ തോന്നി.

അച്ഛന്‍റെ ഏറ്റവും പുതിയ കത്ത് പടരാത്ത മഷി കൊണ്ടാണ് എഴുതിയിരുന്നത്. റെഡ്ഡിയുടെ ആള്‍ക്കാര്‍ നശിപ്പിച്ച വീട്ടുപകരണങ്ങളുടെ കണക്കും ആദ്യപ്രസവത്തിനായോരുങ്ങുന്ന പ്രജ്ഞയുടെ ശാരീരികവും സാമ്പത്തികവുമായ വൈഷമ്യങ്ങളും വിശദമായി എഴുതിയിരുന്നു. അടുത്ത ഒരാഴ്ച മാത്രമാണത്രേ റെഡ്ഡി കൊടുത്ത അവസാന അവധി. പതിവിനു വിപരീതമായി സ്വന്തം രോഗവിവരങ്ങളും അപ്പുറത്തെ വീട്ടിലെ സുലക്ഷണയുടെ കല്യാണവിശേഷങ്ങളും പവിത്രയുടെ സുഖന്വേഷണവും എഴുതാന്‍ അച്ഛന്‍ മറന്നുപോയതാവുമെന്ന് അവള്‍ ആശ്വസിച്ചു.

വ്യവസായിയുടെ സഹചാരിയാവാന്‍ സമ്മതമെന്ന് അമിത്തിനെ അറിയിച്ച്, അല്പം മുന്‍പ് പെട്ടിയുടെ അടിയില്‍നിന്നും അവളെടുത്തുവെച്ച കൊച്ചുകത്തി ഭംഗിയായി പൊതിഞ്ഞ് ബാഗില്‍ വെച്ചശേഷം അഞ്ചുമണിക്ക് വെങ്കിടേശ്വരസുപ്രഭാതം ആലപിച്ചുണര്‍ത്താന്‍ സെല്‍ഫോണിനെ ഏല്‍പ്പിച്ച് പവിത്ര ഉറങ്ങാന്‍ കിടന്നു.

Monday, June 14, 2010

ചില കുഞ്ഞിച്ചിന്തകള്‍

ഒരു ദിവസം എന്‍റെ അഞ്ചുവയസ്സുകാരി മകള്‍ ചോദിച്ചു,
"അമ്മക്ക് ടോമിനെ ആണോ ജെറിയെ ആണോ കൂടുതല്‍ ഇഷ്ടം?"
എന്തോ ജോലിത്തിരക്കിനിടയില്‍ വെറുതെ ആദ്യം വായില്‍ വന്ന പേര് പറഞ്ഞു.
"ടോമിനെ"
"അതെന്താ?"
"ഒരു കുഞ്ഞെലിയെ കൊണ്ട് പാവം ടോമിനല്ലേ എപ്പോഴും കഷ്ടപ്പാട്.." പെട്ടെന്ന് തോന്നിയ ഉത്തരമായിരുന്നു അത് എങ്കിലും അങ്ങനെ പറഞ്ഞത് നന്നായി എന്ന് പിന്നീട് തോന്നി. കാരണം അടുത്ത ദിവസം കൂട്ടുകാര്‍ എത്തിയപ്പോള്‍ അവള്‍ അതേ ചോദ്യം അവരോടും ആവര്‍ത്തിച്ചു. ഒപ്പം അവള്‍ക്കു ടോമിനെ ആണ് കൂടുതല്‍ ഇഷ്ടമെന്നും, അതിന്റെ കാരണവും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

ഇത് ഞാന്‍ ഇവിടെ പറയാന്‍ കാരണം ഇപ്പോഴത്തെ കുട്ടികളുടെ താല്പര്യങ്ങളും അവര്‍ കാണുന്ന കാര്‍ട്ടൂണ്‍ചിത്രങ്ങളും ഒക്കെ ചിന്തിക്കപ്പെടേണ്ട ചില കാര്യങ്ങളാണ് എന്ന് തോന്നിയതുകൊണ്ടാണ്.

ടോം ആന്‍ഡ്‌ ജെറി എന്ന വിശ്വവിഖ്യാതമായ കാര്‍ട്ടൂണ്‍ ഈ പ്രായത്തിലും എന്നെ തലതല്ലി ചിരിപ്പിച്ചിട്ടുണ്ട്‌. എങ്കിലും ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട് ഒരാളെ ദ്രോഹിക്കുന്നത് -അത് സ്വയരക്ഷയ്ക്കായാലും-- കണ്ടുരസിക്കുന്നത് ഒരുതരം സാഡിസം അല്ലെ എന്ന്. ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ട്. ഒരു പൂച്ചയെ മൂന്നു കുഞ്ഞുപാറ്റകള്‍ ഉപദ്രവിച്ചു സ്വൈര്യം കെടുത്തുന്ന ഒന്ന്. ഇന്ദ്രജാലം കൊണ്ട് സഹപാഠിയെ ദ്രോഹിക്കുന്ന മറ്റൊന്ന്. ഇത്തരം ചിത്രങ്ങള്‍ കൊച്ചുകുട്ടികളില്‍നിന്നും നഷ്ടപ്പെടുത്തുന്നത് സഹജീവികളോടുള്ള ദയ, സഹാനുഭൂതി ഒക്കെയല്ലേ? പീഡിപ്പിക്കപ്പെടുന്ന ജീവിയുടെ ദയനീയഭാവം സ്ക്രീനില്‍ കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് കുട്ടികള്‍ക്കിഷ്ടം. ജീവിതത്തില്‍ എന്നെങ്കിലും അതുപോലൊരു സാഹചര്യം അവര്‍ക്കുണ്ടായാല്‍ അവരെങ്ങനെയാവും പ്രതികരിക്കുക?

ഇനി മറ്റു ചില ചിത്രങ്ങളില്‍ അമാനുഷികശക്തിയുള്ള കൂട്ടുകാരന്‍/കൂട്ടുകാരി ജാലവിദ്യയിലൂടെ പരീക്ഷയിലും ഗൃഹപാഠത്തിലും സഹായിക്കുന്നത്. എന്തും എളുപ്പവഴിയിലൂടെ നേടാനുള്ള ഒരു ത്വര കുഞ്ഞുങ്ങളില്‍ ഉണ്ടാക്കില്ലേ ഇത്തരം ചിത്രങ്ങള്‍?

കഴിഞ്ഞ ദിവസം പ്രവാസിയായ സുഹൃത്ത്‌ പറഞ്ഞു, നാട്ടില്‍ ഉത്സവപ്പറമ്പില്‍ കണ്ട വലിയ ജീവി ആനയാണെന്ന് സമ്മതിക്കാന്‍ മൂന്നുവയസുകാരന്‍ മകന്‍ കൂട്ടാക്കിയില്ലത്രേ. അവന്‍റെ 'എലിഫന്റ്' വലിയ കണ്ണുകളുള്ള നീലനിറമുള്ള ബലൂണ്‍ പോലുള്ള ജീവിയാണ്!

എന്‍റെ മകള്‍ക്കൊരു കൂട്ടുകാരി ഉണ്ട്. മധുമിത. അവളെക്കാള്‍ മൂന്നുവയസിനു മുതിര്‍ന്ന ആ പെണ്‍കുട്ടി എന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്‌. എല്ലാവരുമോത്തു കളിക്കാന്‍ കൂടുമെങ്കിലും ചില ദിവസങ്ങളില്‍ മധുമിതയെ മാത്രം എന്തെങ്കിലുമൊക്കെ ചിന്തിച്ചും ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടും കാണാറുണ്ട്. ഒരിക്കല്‍ അവളുടെ അമ്മയും ചേട്ടനും അവളെ അന്വേഷിച്ചു ഞങ്ങളുടെ അപ്പാര്റ്റ്മെന്റില്‍ വന്നു. പിറ്റേന്ന് അവള്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു,
"ഇന്നലെ എവിടെയായിരുന്നു മധൂ.. അമ്മ മോളെ അന്വേഷിച്ചു വിഷമിച്ചിട്ടുണ്ടാവില്ലേ? പറയാതെ പോയതെന്തേ?"

"ആന്റീ.. അത്.. വഴിയില്‍ ഒരു ക്യൂട്ട് പട്ടിക്കുട്ടിയെ കണ്ടു. പാവം അതിന് കാലു വയ്യായിരുന്നു. ഞാനത് വെച്ചു കെട്ടി അതിനെയും നോക്കി അവിടെ നിന്നപ്പോള്‍ ‍ സമയം പോയതറിഞ്ഞില്ല."

കഴിഞ്ഞ മൂന്നുനാലു ദിവസമായി എന്നും രാവിലെയും വൈകിട്ടും അവള്‍ അടുത്തുള്ള മറ്റൊരു വീടിന്റെ പിന്നിലേക്ക്‌ പോവുന്നത് കണ്ടിരുന്നു. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, കഴിഞ്ഞ ആഴ്ചകളില്‍ അവിടെ അലഞ്ഞുതിരിഞ്ഞ ഒരു ഗര്‍ഭിണി പൂച്ചക്ക് ആഹാരവും മറ്റും എത്തിച്ചുകൊടുത്തിരുന്നുവത്രേ. ഇപ്പോള്‍ അത് പ്രസവിച്ചു. എന്നും കുഞ്ഞുങ്ങളെ കാണാനും വീട്ടില്‍നിന്നും ഭക്ഷണം എത്തിക്കാനുമാണ് ഇപ്പോഴത്തെ ഈ നടത്തം.

ഇങ്ങനെയുള്ള കുട്ടികള്‍ ഇന്ന് വിരളമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ വളരണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. എല്ലായ്പ്പോഴും ഇത്തരം ചാനലുകള്‍ നിഷേധിക്കുക എന്നത് പ്രായോഗികമല്ല. ഞാനടക്കമുള്ള പല അമ്മമാരും കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ അല്ലെങ്കില്‍ ഭക്ഷണം മുഴുവനും കഴിപ്പിക്കാന്‍ ഒക്കെ കാര്‍ട്ടൂണ്‍ ചാനലുകളെ ആശ്രയിക്കാറുണ്ട്‌. എല്ലാ പരിപാടികളും മോശമാണെന്ന അഭിപ്രായം എനിക്കില്ല. നമ്മുടെ അമ്മൂമ്മമാര്‍ പറഞ്ഞുതന്നിരുന്നതോ അമര്‍ചിത്രകഥയായി നമ്മള്‍ വായിച്ചറിഞ്ഞതോ ആയ പുരാണകഥകളും മറ്റും ഇന്നത്തെ കുഞ്ഞുങ്ങള്‍ അറിയുന്നത് ഇതുവഴിയാണ്. അതുപോലെ ചില ഗുണപാഠകഥകളും ഉണ്ടാവാറുണ്ട്. എങ്കിലും ചിലതെങ്കിലും കുട്ടികളില്‍ മിഥ്യാധാരണകളുണ്ടാക്കാനും സഹജീവികളോടുള്ള സമീപനത്തെ തന്നെ ബാധിക്കുന്നവയുമാണ് എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്.

അവധിക്കാലത്ത്‌ മുഴുവന്‍ സമയവും കുട്ടികള്‍ വീട്ടിലുണ്ടാവുമ്പോള്‍ നമ്മുടെ പണികള്‍ തീര്‍ക്കാന്‍വേണ്ടി പലപ്പോഴും കാര്‍ട്ടൂണ്‍ ചാനലുകള്‍ വെച്ചുകൊടുക്കാറുള്ള അമ്മമാര്‍ക്ക് മക്കള്‍ എന്താണ് കാണുന്നതെന്ന്കൂടി ശ്രദ്ധിക്കാം. സമയം കിട്ടുമ്പോള്‍ തങ്ങളുടെ ഇഷ്ടപ്പെട്ട പരിപാടി തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് കുഞ്ഞുങ്ങളോടൊപ്പം കൂടാം. എപ്പോഴും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടി വല്ലപ്പോഴും കാഴ്ചബംഗ്ലാവ് പോലുള്ള ഇടങ്ങളില്‍ കൊണ്ടുപോയി മൃഗങ്ങളുടെ യഥാര്‍ത്ഥരൂപം കാട്ടിക്കൊടുക്കാം.

"ഞങ്ങടെയൊക്കെ കുട്ടിക്കാലത്ത്..." എന്ന് നെടുവീര്‍പ്പിട്ടിരിക്കാതെ ഇന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നാം തന്നെ വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. എപ്പോഴും ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും മുന്നില്‍ ഇരുത്താതെ കുറച്ചു സമയം അടുത്തുള്ള പാര്‍ക്കില്‍ കൊണ്ടുപോയി  കുഞ്ഞിന്‍റെ  മാനസികവും  ശാരീരികവുമായ ആരോഗ്യവും മെച്ചപ്പെടുത്താം.  പിന്നെ, എന്‍റെ മക്കള്‍‍ നഗരത്തിലെ ഒന്നാംകിട ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ച് കോണ്‍ഫ്ലേക്സും ചോക്കോസും മാത്രം കഴിച്ച് എക്സ്ബോക്സ്‌ ഗെയിംസ് കളിച്ച് ഫാംവില്ലയില്‍ ഞാറു നട്ടാല്‍ മതിയെന്ന് കരുതുന്ന മാതാപിതാക്കള്‍ക്ക് ബാധകമല്ല ഇപ്പറഞ്ഞതൊന്നും.

Tuesday, March 9, 2010

ചില വനിതാദിനചിന്തകള്‍

"ഹായ് ഡാ.."
മോണിറ്ററില്‍ വിദ്യയുടെ മെസ്സേജ് പൊങ്ങിവന്നപ്പോള്‍ ഞാന്‍ അവളുടെ കാബിനിലേക്ക്‌ എത്തിനോക്കി..

"ഉം?"

"ഹാപ്പി വിമന്‍സ് ഡേ... ഇന്‍ അഡ്വാന്‍സ്‌ "

"ഓ..." അവളെ തിരിച്ചും ആശംസിച്ചു ജോലിയിലേക്ക് തിരിഞ്ഞു.

"നമുക്കൊന്ന് ആഘോഷിച്ചാലോ?"

എനിക്ക് ചിരി വന്നു. വനിതാദിനം എങ്ങനെയാണ് ആഘോഷിക്കുക എന്നതിനെപറ്റി ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല. പത്രങ്ങളിലും ചാനലുകളിലും ആശംസകളും പ്രമുഖവനിതകളുടെ കുറിപ്പുകളും കണ്ടിട്ടുണ്ടെന്നല്ലാതെ...

വിദ്യ തന്നെ എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു. അപ്പോഴും എന്റെയുള്ളില്‍ സംശയമായിരുന്നു.

ഹോസ്റ്റലില്‍ നിന്നു രാവിലെ പുറപ്പെടുമ്പോള്‍ പതിവില്ലാതെ സാരി ഉടുത്തു. ഭാരതവനിതയാവാം.. മുറിയിലെ ചങ്ങാതി ഗവേഷണക്കാരി യമുനയോട്‌ കാര്യം പറഞ്ഞപ്പോള്‍ അവള്‍ നെടുവീര്‍പ്പിട്ടു. "ഹും.. നിങ്ങള്‍ക്കൊക്കെ ആവാമല്ലോ.. വനിതാദിനമെന്നും പറഞ്ഞോണ്ടങ്ങ് ചെന്നേച്ചാല്‍ മതി.. എന്‍റെ ഗൈഡ് എന്നെ ശരിയാക്കും.. അങ്ങേര്‍ക്കു അല്ലെങ്കിലേ പെണ്‍കുട്ടികളെ കണ്ടൂടാ.."

ഹോസ്റ്റലില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മയെ വിളിക്കണമെന്ന് തോന്നി.
"എന്താ മോളെ രാവിലെത്തന്നെ? ഓഫീസില്‍ പോയില്ലേ..? വയ്യേ?"

ചോദ്യശരങ്ങള്‍ക്കു ഞാന്‍ തടയിട്ടു.
"ഇന്ന് വിമന്‍സ്ഡേ ആണത്രേ... രാവിലെ എന്നെ സ്വാധീനിച്ച വനിതയെ ഓര്‍ത്തപ്പോള്‍തന്നെ ശബ്ദം കേള്‍ക്കാന്‍ തോന്നി.."

എന്‍റെ ചിരിയുടെ പ്രതിധ്വനി മറുവശത്ത്‌...
"രാവിലെതന്നെ അമ്മയെ സുഖിപ്പിക്കാന്‍ ഇറങ്ങിയതാണോ പൊന്നുമോള്? എന്താഡാ.. എന്തേലും കാര്യസാധ്യം മനസ്സില്‍ കണ്ടിട്ടുണ്ടോ?"

കള്ളപരിഭവം നടിച്ച് ഫോണ്‍ വെച്ചിട്ട് ഇറങ്ങിനടക്കുമ്പോള്‍ അമ്മയുടെ ചിരി തന്നെ കാതില്‍ മുഴങ്ങി. പാവം ഒരിക്കലും ഉറക്കെ ചിരിക്കാതെ... തനിയെ അധ്വാനിച്ച്... സ്വന്തം ജീവിതത്തെ കുറിച്ച് ഒരിക്കലുമോര്‍ക്കാതെ... ഞങ്ങളെയൊക്കെ ഒരു കരയിലെത്തിക്കാന്‍ പാടുപെടുന്ന ജന്മം.

നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ച് ബസ്ടോപ്പിലേക്ക് നടക്കുമ്പോള്‍ അടുത്ത് കൈനെറ്റിക് ഹോണ്ട നിര്‍ത്തി ശശികല നടരാജന്‍...
"വരുന്നോ.. ഇന്നെനിക്കു നിങ്ങളുടെ വഴിയാ പോവേണ്ടത്."

ഇറങ്ങുമ്പോള്‍ അവള്‍ ചിരിച്ചു, "മൂന്നാമത്തെ തവണയാ ആയമ്മയെ പോയികാണുന്നത്. അവരെ വീഴ്ത്താന്‍ ഞാന്‍ പഠിച്ച മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍ ഒന്നും പോരെന്നാ തോന്നുന്നത്. പണി ഇതായിപ്പോയില്ലേ. സോപ്പിടാതെ പറ്റുമോ? "

ഓഫീസിലേക്ക് കയറുമ്പോള്‍ തന്നെ റിസപ്ഷനിസ്റ്റ് സുന്ദരി ഡയാന ഡിസില്‍വ ഉറക്കെ അഭിവാദ്യം ചെയ്തു.

"വിദ്യാമാം പറഞ്ഞത് മറന്നില്ലല്ലോ അല്ലെ... സീ.. എന്‍റെ ഡാഡി പോക്കറ്റ്‌ മണി തന്നു ആഘോഷിക്കാന്‍..! "

സമ്പന്നകുടുംബത്തിലെ ഏകസന്താനം നേരമ്പോക്കിനായി കണ്ടെത്തിയ ജോലിയാണിത്. അതിന്‍റെ ജാഡ ഇടയ്ക്കിടയ്ക്ക് ഞങ്ങളോടൊക്കെ പ്രയോഗിക്കാനും മറക്കാറില്ല.

മുറി തുടച്ചുകൊണ്ടുവന്ന മലര്‍വിഴിയുടെ മുഖത്തെ തടിപ്പും ചുണ്ടിന്‍റെ കോണിലെ ചുവപ്പും കണ്ടപ്പോള്‍ കുടിയനായ ഭര്‍ത്താവ് മാരിമുത്തു എന്‍റെ മനസ്സില്‍ കണ്ണുരുട്ടി.

"പൊങ്കലിന് വാങ്ങിയ സാരി ഉടുക്കാനെടുത്തപ്പോള്‍ ആരെ കാണിക്കാനാണ് ഒരുങ്ങിപോവുന്നതെന്ന് ചോദിച്ചു..." കലങ്ങിവന്ന കണ്ണുകള്‍ മറച്ചുകൊണ്ട് അവള്‍ എന്‍റെ ബാഗും മറ്റും വാങ്ങിവെച്ചു.

"കണ്ടില്ലേ? ഇവനെയൊക്കെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം.. മലരൊന്നു ഒപ്പിട്ടു തന്നാല്‍ മതി. ഐ നോ വാട്ട് ടു ഡൂ... ദിസ്‌ ഈസ്‌ ടൂ മാച്ച് യാര്‍.."
വിദ്യയിലെ ഫെമിനിസ്റ്റ് ലാവയായൊഴുകി.

"ഇല്ല മാഡം... ആനാലും അവര്‍ എന്‍ കൊഴന്തൈകളോടെ അപ്പാ താനെ... ഒന്നും സെയ്യവേണ്ടാ" മലര്‍ കണ്ണ് തുടച്ചു.

"നിങ്ങളെപോലുള്ള പെണ്ണുങ്ങളാണ്......" അമര്‍ഷത്തോടൊപ്പം വാക്കുകള്‍ കടിച്ചിറക്കി വിദ്യ സീറ്റിലേക്ക് നടന്നു.

"എന്നാലും ദേഹോപദ്രവം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല മലര്‍.." എനിക്കും വല്ലാതെ വിഷമം തോന്നി.

"കുടിച്ചില്ലെങ്കില്‍ നല്ല സ്നേഹമാണ്.." മലര്‍ കുനിഞ്ഞിരുന്നു സ്വയം ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു.

"എങ്കില്‍ ആദ്യം അത് നിര്‍ത്താന്‍ നോക്ക്!" വിദ്യ ഉറക്കെ പറഞ്ഞു.

അപ്പോഴാണ്‌ അവളെ ശ്രദ്ധിച്ചത്. കറുപ്പും വെളുപ്പും കള്ളികളുള്ള നീളന്‍കൈ ഷര്‍ട്ടും കറുത്ത ജീന്‍സും ധരിച്ച അവള്‍ തനിആണ്‍കുട്ടി തന്നെ!

"ഞാനോര്‍ത്തു നീയിന്നു സാരിയുടുക്കുമെന്ന്..."

"അതെന്താ... ഇതിട്ടാല്‍ ഞാന്‍ പെണ്ണല്ലാതാവുമോ?" ഫെമിനിസ്റ്റ് തണുത്തിട്ടില്ല!

"ഊഹും.. ഞാന്‍ ഒന്നും ചോദിച്ചില്ലേ..."

ബോസ്സിനെ റിപ്പോര്‍ട്ട്‌ കാണിച്ച് തിരിച്ചു മുറിയിലെത്തിയപ്പോള്‍ വാടിയ മുഖവുമായി സീനിയര്‍ പ്രോഗ്രാമര്‍ സുജാത. വിദ്യയുടെ മുഖത്ത് രോഷത്തിനു കുറവില്ല.
"അവളുടെ മാമിയാര്‍ടെ അടവ് കണ്ടില്ലേ..."

സുജാത മുഖം താഴ്ത്തി.. "നമ്മുടെ ഇന്നത്തെ കാര്യം പറഞ്ഞപ്പോള്‍ അവരുടെ ഒരു അകന്നബന്ധുവിന്റെ വളകാപ്പ് ഇന്നാണ്, അതിനു ഞാന്‍ പോയെ പറ്റൂന്ന്.. അദ്ദേഹത്തിനോടും ഹാഫ്ഡേ ലീവ് എടുക്കാന്‍ പറഞ്ഞിരിക്കുന്നു!"

ചായയുടെ സമയത്ത് പെണ്‍പട വീണ്ടും കൂടിയപ്പോള്‍ ആഘോഷം അടുത്തുള്ള ഒരു മെച്ചപ്പെട്ട ഹോട്ടലിലെ ഉച്ചഭക്ഷണത്തില്‍ ഒതുക്കാന്‍ തീരുമാനമായി. കളിപറഞ്ഞും ചിരിച്ചും ഞങ്ങള്‍ ഹോട്ടലിനു മുന്നിലെത്തുമ്പോള്‍ എതിര്‍വശത്ത്‌ വഴിയോരത്ത് ചെറിയൊരു ആള്‍ക്കൂട്ടം.. പെട്ടെന്ന് അങ്ങോട്ടെയ്ക്കോടിയ വിദ്യയ്ക്കൊപ്പമെത്താന്‍ പാടുപെട്ടു. നെഞ്ചത്തടിച്ചു അലമുറയിടുന്ന ഒരു സ്ത്രീയെ സമാധാനിപ്പിക്കുന്ന കുറച്ചുപേര്‍.. അവരുടെ മടിയില്‍ കാലില്‍ ചോരയൊലിക്കുന്ന വലിയ മുറിവുമായി ഒരു കൊച്ചുകുട്ടി..

"യാരാവത് കാപ്പാത്തുങ്കോ... അയ്യോ.. കടവുളേ..."

വഴിയോരത്തെ കുഴിയില്‍ വീണുപോയ കുഞ്ഞാണ്. ആ അമ്മയെയും കുഞ്ഞിനേയും കയറ്റിയ റിക്ഷയില്‍ വിദ്യയോടൊപ്പം കയറുമ്പോള്‍ ചുറ്റിലും ഉള്ളതൊക്കെ അവ്യക്തമായിരുന്നു.

സന്ധ്യയോടെ വിദ്യയുടെ സ്കൂട്ടിയുടെ പിന്നിലിരുന്നു ഹോസ്റ്റലിനു മുന്നിലിറങ്ങുമ്പോള്‍ ശശികല മുന്നില്‍.. രക്തവും ചെളിയും പുരണ്ട വേഷവും തളര്ച്ചയുമായി നിന്ന എന്നെ കണ്ടമ്പരന്ന അവളോട്‌ എന്തൊക്കെയോ പറഞ്ഞെന്നു വരുത്തി മുറിയിലേക്ക് നടന്നു.

കുളി കഴിഞ്ഞു കട്ടിലില്‍ വെറുതെ കിടക്കുമ്പോള്‍ യമുന എത്തി..

"ആഘോഷിച്ചോ അടിപൊളിയായി?"

ഉത്തരം തേടാന്‍ മെനക്കെടാതെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു.

Wednesday, March 3, 2010

പെയ്തൊഴിയുമ്പോള്‍

"വേഗം വരൂ.. അഞ്ചുമണി വരെയേ ഉള്ളൂ വിസിറ്റിംഗ് ടൈം"

"രാകേഷ് പോയിവരൂ.. ഞാനിവിടെയിരിക്കാം"

"ഏയ്‌... താനല്ലേ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത്? തനിക്കൊരു കൂട്ടായി വന്നിട്ടിപ്പോ..."

"എനിക്ക്... എനിക്ക് വയ്യ.. "

സീതയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ളിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി.‌

നിരത്തിയിട്ട കസേരകളിലൊന്നില്‍ ചാരിയിരുന്നു തളര്‍ച്ചയോടെ കണ്ണുകള്‍ മൂടവേ മുന്നില്‍ അവള്‍... മറ്റുള്ളവര്‍ക്ക് അവള്‍ ജയയും ജയശ്രീയും ഒക്കെ ആയപ്പോള്‍ സീതയ്ക്കവള്‍ കുഞ്ഞുന്നാളില്‍ തന്നെ തനിച്ചാക്കി പുഴയിലൊഴുകിയ ശ്രീക്കുട്ടിയായി... മെസ്സ്ഹാളിലെ തീന്മേശ മുതല്‍ ചേച്ചിമാരുടെ കളിതമാശകളില്‍ വരെ ശ്രീക്കുട്ടിയുടെ രക്ഷകയായി..

ആശുപത്രിലോണിലെ വിയര്‍പ്പിക്കുന്ന ഉഷ്ണം. സീത കണ്ണ് തുറന്നു. മനസ് പോലെ മൂടിക്കെട്ടിയിരുന്ന ആകാശം പെയ്തുതുടങ്ങിയിരുന്നു. ആശുപത്രിമുറ്റത്തെ ഭംഗിയുള്ള പൂന്തോട്ടത്തിലെ ചെടികളെല്ലാം മഴയെ ആഘോഷിക്കുമ്പോള്‍ പഴയൊരു രാത്രി സീതയുടെ ഉള്ളില്‍ ഭീതിയുടെ കനല്‍മഴയായി.

കാതടപ്പിക്കുന്ന ഇടിയുടെ പിന്നാലെയെത്തിയ കരച്ചില്‍ തൊട്ടരുകില്‍ കേട്ടപ്പോള്‍ അരികത്തണച്ചു സ്വന്തം കിടക്കയില്‍ അവള്‍ക്കും കൂടി ഇടമുണ്ടാക്കി. പാതിമയക്കത്തില്‍ തന്നെ ചുറ്റിയിരുന്ന കൈകള്‍ വല്ലാതെ വലിഞ്ഞുമുറുകിയപ്പോള്‍ മിന്നല്‍വെളിച്ചത്തില്‍ കണ്ടമുഖം അവളുടെതല്ലെന്നു തോന്നി. വല്ലാത്തൊരു ശക്തിയോടെ എന്തിനൊക്കെയോ വേണ്ടിയുള്ള തിരച്ചില്‍... കുതറിമാറാന്‍ ശ്രമിക്കുമ്പോള്‍ അവളുടെ മുഖത്തെ ഭാവം തിരിച്ചറിയാനായില്ല..

അടങ്ങിയ പേമാരിയുടെ ആശ്വാസത്തില്‍ എല്ലാവരും സുഖമായുറങ്ങവേ അവളുടെ ബാല്യവും കൌമാരവും കഥകളായി സീതയുടെ മുന്നില്‍ അവതരിക്കപ്പെട്ടു. അതെല്ലാം നിസ്സഹായയായ കൊച്ചുകുട്ടിയുടെ അനുഭവങ്ങളായിരുന്നു എന്ന് വിശ്വസിക്കാന്‍ പാടുപെട്ടു. വാര്‍ധക്യത്തിലെത്തിയ ശരീരത്തിന്റെ ഒടുങ്ങാത്ത വിശപ്പടക്കാന്‍ സുഹൃത്തിന്റെ പത്തുവയസ്സുകാരിമകളെ ഉപയോഗിച്ച ബ്രിഗേഡിയര്‍ അങ്കിളിനെ പിന്നീടുള്ള തന്‍റെ ദുസ്വപ്നങ്ങളില്‍ പലതവണ സീത കൊല്ലാന്‍ ശ്രമിച്ചു.

ഭയം മൂലം ആവര്‍ത്തിക്കപ്പെട്ട പലതും പിന്നീട് ആസ്വദിച്ചുതുടങ്ങിയതും ഏറ്റവുമടുത്ത കൂട്ടുകാരില്‍ പരീക്ഷിച്ചുതുടങ്ങിയതുമെല്ലാം ശ്രീക്കുട്ടി പറയുമ്പോള്‍ അമ്പരപ്പ് മാത്രമായിരുന്നു ഉള്ളില്‍. കോളേജില്‍ അവളെ വിമര്‍ശിച്ചവരെ പൊരുളറിയാതെ എതിര്‍ത്തിരുന്നപ്പോള്‍ അവര്‍ തന്നെയും കളിയാക്കി ചിരിച്ചിരിക്കും.

"ഇപ്പോള്‍ എങ്ങനെയുണ്ട്? "

തിരിച്ചെത്തിയ രാകേഷിന്റെ വിവര്‍ണ്ണമായ മുഖത്തു നോക്കാതെ സീത എഴുനേറ്റു.

"മഴ തോര്‍ന്നു... നമുക്ക് പോവാം"

സീതയുടെ മുഖഭാവം എന്തുകൊണ്ടോ തുടര്‍ന്നെന്തെങ്കിലും ചോദിക്കാനുള്ള ധൈര്യമാണ് അയാളില്‍നിന്നും ഇല്ലാതാക്കിയത്. പാര്‍ക്കിംഗ് ഏരിയയിലെ കെട്ടിനിന്ന വെള്ളവും ചെളിയുമേല്‍ക്കാതിരിക്കാന്‍ സാരി ഉയര്‍ത്തി ശ്രദ്ധയോടെനടക്കുന്ന അവളെ ഉറ്റുനോക്കിക്കൊണ്ട്‌ രാകേഷ് പിന്നാലെ നടന്നു.

"അവള്‍ ഒരുപാട് ക്ഷീണിച്ചുപോയി. എന്നെ തിരിച്ചറിഞ്ഞോ എന്നറിയില്ല.. പരിചയഭാവം കാട്ടിയില്ല.."

അവള്‍ക്കു മുഖം കൊടുക്കാതെ രാകേഷ് ധൃതിയില്‍ നടന്നു കാറില്‍ കയറി. ആത്മസുഹൃത്തായ പഴയ സഹപാഠിയുടെ അഭ്യര്‍ത്ഥന തള്ളാനാവാത്തതുകൊണ്ടുമാത്രമായിരുന്നു മുന്‍കോപക്കാരന്‍ ബോസ്സിന്‍റെ കാലുപിടിച്ചു പകുതിദിവസത്തെ അവധിയുമായി ഇറങ്ങിയത്‌. ഒരിക്കല്‍പ്പോലും ജയശ്രിയെ വീണ്ടും കാണണമെന്ന് തോന്നിയിരുന്നില്ല. അത്രയ്ക്ക് വെറുപ്പായിരുന്നു. അതിലുമേറെ സ്നേഹിച്ചിരുന്നു, ഒരിക്കല്‍... കൂട്ടുകാര്‍ പലതവണ വിലക്കിയിട്ടും, ജോഷിയുടെ മൊബൈലില്‍നിന്നും പടര്‍ന്ന സന്ദേശത്തിലെ നായിക അവള്‍ തന്നെയാണെന്ന് പലരും പറഞ്ഞിട്ടും അതൊന്നു കാണാന്‍പോലും കൂട്ടാക്കിയില്ല.. അവളോട്‌ ചോദിച്ചില്ല. വിശ്വാസമായിരുന്നു അത്രയ്ക്ക്.

"കോഴ്സ് കഴിഞ്ഞു പോവുമ്പോഴും രാകേഷ് ഈ സിറ്റിയില്‍ തന്നെയുണ്ടെന്ന ആശ്വാസമായിരുന്നു എനിക്ക്. നിങ്ങള്‍ തമ്മില്‍ പിരിഞ്ഞത് എന്നെ ഏറെ വിഷമിപ്പിച്ചു. അതും കൂടിയാണ് അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക്...."
പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ സീത നിശബ്ദയായി.

രാകേഷ് ആ പഴയ പകല്‍ ഓര്‍മ്മയില്‍നിന്നും കുടഞ്ഞുകളയാന്‍ ശ്രമിച്ചു. ഉത്സവം കൂടി ഫ്ലാറ്റില്‍ തിരിച്ചെത്തിയ ദിവസം... മുന്‍വാതിലിന്‍റെ കരച്ചിലിനൊപ്പം രണ്ടായി മാറുന്ന നിഴലുകള്‍... രസച്ചരട് പൊട്ടിച്ചവനോടുള്ള അവജ്ഞ മാത്രമായിരുന്നു അവളുടെ മുഖത്ത്. അവളുടെ നിര്‍ബന്ധമായിരുന്നുവെന്ന ജോഷിയുടെ ക്ഷമാപണവും കൂടിയായപ്പോള്‍ തലേന്നത്തെ തായമ്പകയുടെ തനിയാവര്‍ത്തനങ്ങള്‍ തലയ്ക്കുള്ളില്‍ മുഴങ്ങി. അലര്‍ച്ചയോടെ അവളെ പുറത്തേക്ക് തള്ളിയിട്ട് വാതില്‍ വലിച്ചടക്കുമ്പോള്‍ ഓര്‍ത്തതല്ല ആ വീഴ്ചയില്‍ വേര്‍പെട്ട മനസിനെ ശരീരത്തോട് ചേര്‍ക്കാന്‍ അവള്‍ക്കിവിടംവരെ എത്തപ്പെടെണ്ടിവരുമെന്ന്.

"അതിനുശേഷം ഇന്നാണ് ഞങ്ങള്‍ കാണുന്നത്.. " ഒറ്റപ്പെട്ട മുറികളിലൊന്നില്‍ തടവുകാരിയെപോലെ... കാണേണ്ടിയിരുന്നില്ല.

"അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് പേടിയാണ് തോന്നുന്നത്.."
ഹോസ്റ്റല്‍മുറിയില്‍ വെച്ച് അവളുടെ കയ്യിലെ കത്തി തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞ ദിവസത്തിന്റെ ഓര്‍മ്മ സീതയുടെയുള്ളില്‍ ഭയത്തിന്റെ ചിലന്തിവലകള്‍ നെയ്തു. സീത കണ്ണുകള്‍ ഇറുക്കിയടച്ചു സീറ്റില്‍ ചാരിക്കിടന്നു. പണിക്കര്‍ സര്‍ പറഞ്ഞതു പോലെ ഇതൊരു മാനസികാവസ്ഥയാണ്.. പൂര്‍ണ്ണമായി വിട്ടുമാറാത്ത ഒരു അവസ്ഥ. ഒരു പെണ്‍കുട്ടി ഇങ്ങനെ എത്രനാള്‍... അതും... എന്‍റെ ശ്രീക്കുട്ടി.. ചീത്തക്കുട്ടിയായി... പരിഹാസപാത്രമായി.... ഹോ.. വയ്യ! സീതയുടെ ഉള്ളില്‍ വല്ലാത്തൊരു നോവ്‌ കുറുകി.

"രാകേഷ്... എനിക്ക്.. അവളുടെ അടുത്തുപോകണം.. ഇപ്പൊ... ഇപ്പൊത്തന്നെ.. പ്ലീസ്... "

സീതയെ അവിശ്വസനീയതയോടെ നോക്കിയും അവള്‍ക്കായി സാന്ത്വനവാക്കുകള്‍ തിരഞ്ഞും അയാള്‍ കാര്‍ തിരിച്ചു. കാവല്‍ഭടന്മാര്‍ക്കുള്ള ഉത്തരം തേടി രാകേഷ് വലയുമ്പോള്‍ സീത അവളുടെ മുറിയിലെത്തിയിരുന്നു.

"ശ്രീക്കുട്ടീ.... വേഗം എഴുന്നേല്‍ക്ക് മോളെ.. "

പാതികൂമ്പിയ കണ്ണുകളും തളര്‍ന്ന ദേഹവുമായി അവള്‍ സീതയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി.. പിന്‍വിളികള്‍ കാറ്റില്‍ അലിഞ്ഞില്ലാതായി...

ബസ്സിറങ്ങി പുഴക്കരയിലേക്ക് നടക്കുമ്പോഴും ശ്രീക്കുട്ടിയുടെ കൈ സീത മുറുകെ പിടിച്ചിരുന്നു. ഒരു കൊച്ചുകുഞ്ഞിനെ നടത്തുംപോലെ പുഴയുടെ മാറിലേക്ക്‌ പതിയെ ഇറങ്ങി. തണുപ്പിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അവളുടെ ശരീരം വിറച്ചു തുടങ്ങി. കുളിര് മുകളിലേക്ക് പടരുമ്പോള്‍ സീത പിടി വിട്ടു. പെട്ടെന്ന് ശ്രീക്കുട്ടി അവളെ ആഞ്ഞുപുണര്‍ന്നു. ചുറ്റിവരിയുന്ന കൈകളും വിറയാര്‍ന്ന മുഖവും ഒരു പഴയരാത്രിയുടെ ഓര്‍മ്മ സീതയിലേക്ക് മഴയായി പെയ്തു. ആ മഴയില്‍നിന്നും ഓടിയകലാന്‍ ശ്രമിക്കുന്തോറും ശ്രീക്കുട്ടിയുടെ ആവേശം പെരുമഴയായി. മല്‍പ്പിടുത്തത്തിനിടയില്‍ പലതവണ ഇരുവരും മുങ്ങിപ്പൊങ്ങി. സീതയുടെ ശരീരത്തെ പൊതിഞ്ഞിരുന്ന ശ്രീക്കുട്ടിയുടെ കൈകള്‍ തളര്‍ന്നുതുടങ്ങിയിരുന്നു. തനിക്കുനേരെ താഴ്ന്നുവരുന്ന ശ്രീക്കുട്ടിയുടെ മുഖം വല്ലാത്തൊരാവേശത്തോടെ സീത ആഞ്ഞുതള്ളി. തളര്‍ച്ചയോടെ ദേഹത്തേക്ക് ചാഞ്ഞ അവളെ തള്ളിമാറ്റി കരയിലേക്ക് പൊങ്ങുതടിപോലെ ഒഴുകിനീങ്ങി.‍ പിന്നില്‍ കേട്ട ശ്രീക്കുട്ടിയുടെ നിലവിളി പുഴയുടെ കരച്ചിലില്‍ ഇല്ലാതായി...

"നമ്മുടെ ശ്രീക്കുട്ടി പോയമ്മേ...."
പടവുകളിലൊന്നില്‍ നനഞ്ഞിരുന്നു കൊച്ചുസീത ശബ്ദമില്ലാതെ കരഞ്ഞു.

Friday, January 22, 2010

മാതായനങ്ങള്‍

അപ്പുറത്തെ കട്ടിലിലെ ഞരക്കം കേട്ട് മയക്കം വിട്ടുണരുമ്പോള്‍ അടിവയറ്റില്‍ പച്ചമുറിവിന്റെ വേദന ചാട്ടുളിപോലെ തിരിച്ചറിഞ്ഞു. അനസ്തേഷ്യയുടെ താരാട്ടില്‍ മയങ്ങുന്നതിനു തൊട്ടുമുന്പായി കുഞ്ഞുകരച്ചില്‍ കേട്ടതും ആരോ കവിളില്‍ തട്ടി പറഞ്ഞു, "മോനാ.."

അരക്ക് താഴെനിന്നും വേദന സഹനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നു. അതിനുമുന്‍പ്‌... അവനെ ഒന്ന് കാണണം. പാലൂട്ടണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് മാളുവുണ്ടായപ്പോള്‍ സിസേറിയന്റെ അനന്തരഫലങ്ങള്‍ ഭയന്ന് ആദ്യദിവസം മുലകൊടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതിപ്പോള്‍ മോന്‍ പുറത്തുവന്നിട്ട് ഒരു ദിവസവും കുറച്ചു മണിക്കൂറുകളും പിന്നിട്ടുവെന്ന് ചുവരിലെ ഘടികാരം പറയുന്നു. ഇതെന്താണിങ്ങനെ? മുറിയിലേക്കും കൊണ്ടുപോവാത്തതെന്താ? ഇവരൊക്കെ എവിടെപോയി? ആദ്യപ്രസവം നടന്നയിടത്തുതന്നെ മതിയെന്ന് എത്ര തവണ പറഞ്ഞതായിരുന്നു..

കണ്ണാടിവാതില്‍ തള്ളിത്തുറന്നു; ഡോ. അഹല്യാ അറോറ - ചന്ദനത്തിന്റെ സുഗന്ധവും പേറി പുഞ്ചിരിയുമായി.

"നതിംഗ് ടു വറി, സ്റ്റിച്ച് ഒക്കെ ഫൈന്‍ ആണ്. റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം.."

ഈ മധുമന്ദസ്മിതമാണ് എല്ലാം തലകുലുക്കി സമ്മതിക്കാന്‍ ഇടയാക്കിയത്. നാമൊന്ന്; നമുക്കുമൊന്നു മതിയെന്നും, ലോകത്തിലെ ഏറ്റവും മികച്ചതെല്ലാം അവള്‍ക്കു കൊടുക്കാന്‍ അപ്പോഴേ നമുക്ക് കഴിയൂ എന്നും വിശ്വസിപ്പിച്ച, എന്തിനെയും വ്യക്തമായ കണക്കുകൂട്ടലോടെ മാത്രം സമീപിക്കുന്ന ബിസിനസ്‌കാരന്‍ ഏതോ പാര്‍ട്ടിയില്‍ കണ്ടുമുട്ടിയ ഡോക്ടറുടെ സൌഹൃദത്തിലും ലാഭങ്ങളുടെ സൂചിക കണ്ടെത്തിയതില്‍ അത്ഭുതമില്ല. ഒരു ജോലിയുമില്ലാതെയിരിക്കുന്ന പൂര്‍ണ്ണ ആരോഗ്യവതിയുടെ ഗര്‍ഭപാത്രം ഒരു പത്തുമാസത്തേക്ക് കടം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്? അത്യന്താധുനികസൌകര്യമുള്ള അഹല്യാ ഹോസ്പിറ്റലില്‍, അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കുറച്ചു സമയത്തിന്റെ മെനക്കേട് മാത്രം! പിന്നെ കണ്ണടച്ച് തുറക്കുംമുന്നേ കടന്നുപോവുന്ന ഒന്‍പതുമാസങ്ങള്‍! ഒരു സുപ്രഭാതത്തില്‍ വളരെ നല്ലൊരു വാടക തന്ന് വീടൊഴിയുന്നു. ദൂരെ ബോര്‍ഡിങ്ങില്‍ കഴിയുന്ന മകള്‍ പോലുമറിയില്ല. രഹസ്യപ്രസവം നാട്ടിലാക്കാം എന്നു ചിന്തിച്ചവളുടെ വിഡ്ഢിത്തമോര്‍ത്തു ചിരിച്ചുകാണും അദ്ദേഹം.

ആശുപത്രിയിലെ ഏറ്റവും മികച്ച മുറിയിലെ തണുപ്പിലേക്ക് കയറാനൊരുങ്ങുമ്പോള്‍ വാതില്‍ക്കല്‍ അമ്മ. വെറുതെ ചിന്തിച്ചിരിക്കുമ്പോഴും അമ്മയുടെ മുഖം കരയുന്നതുപോലെയാവും. ഇളംനീലവിരിയിട്ട കിടക്കയ്ക്കരുകിലെ ഒഴിഞ്ഞ തൊട്ടില്‍ അവനെ കാണാനുള്ള നിമിഷത്തിലേക്ക്‌ ഇനിയും ദൂരമുണ്ടെന്ന് അറിയിക്കുന്നു. അക്ഷമ അടക്കിനിര്‍ത്താനാവാതെ അമ്മയെ ഉറക്കെ വിളിച്ചുപോയി.

"അത്..മോളെ.."

വാക്കുകള്‍ക്കായി പരതുന്നതിടയില്‍ വാതില്‍ക്കല്‍ മരുമകനെ കണ്ട അമ്മയുടെ മുഖത്ത് ആശ്വാസ തിരയിളക്കം .

"ഹോ.. അങ്ങനെ എല്ലാം ഭംഗിയായി ഡിയര്‍.. ഇറ്റ്‌ വാസ് എ വെരിഗുഡ് ഡീല്‍.. അവര്‍ നല്ല ഒരു തുക തന്നെ തന്നു. നമ്മുടെ മോള്‍ടെ പേരില്‍ ഫിക്സെഡ് ആയി ഇട്ടു....ബൈ ദി വേ, ഹൌ ആര്‍ യു? പെയിന്‍ ഉണ്ടോ? എന്താ വിഷമിച്ചിരിക്കുന്നത്? ഡോണ്ട് വറി.. മൂന്നുമാസത്തിനുള്ളില്‍ നിനക്ക് നിന്‍റെ പഴയ രൂപം തിരിച്ചു കിട്ടും. അതിനും ഇവിടെ സൌകര്യമുണ്ട്. അതൊക്കെ ചേര്‍ത്ത് തന്നെയാ ഡീല്‍ ഉറപ്പിച്ചത്."

പറയുന്നതിനിടയില്‍ നെറ്റിയിലൂടെ സാന്ത്വനത്തിന്റെ വിരല്‍സ്പര്‍ശം ചുട്ടു പൊള്ളിക്കുംപോലെ...

ശരീരത്തിലെ ഒരു ഭാഗം കടം കൊടുക്കുമ്പോള്‍ ഒപ്പം ഹൃദയവും കൊടുക്കാന്‍ ആരും പറഞ്ഞിട്ടില്ല.. അവന്‌ വേണ്ടി മാത്രം ശ്രീകൃഷ്ണസ്തുതികള്‍ പാടിയതും, കഥകള്‍ പറഞ്ഞതും ആരും അറിഞ്ഞതല്ല. അതൊന്നും വ്യവസ്ഥയില്‍ പറഞ്ഞതല്ലല്ലോ.. പ്രസവിച്ചയുടനെതന്നെ മാറ്റുന്നതാണ് നല്ലതെന്നും അന്ന് തന്നെ പറഞ്ഞതാണ്. ഇല്ല.. ഇനി അവകാശവാദങ്ങള്‍ക്ക് പ്രസക്തിയുമില്ല. രേഖകളില്‍പോലും അവന്‍റെ അമ്മയുടെ സ്ഥാനത്ത് ഞാനില്ല. എങ്കിലും...ഒരിക്കല്‍.. ഒരിക്കല്‍മാത്രം കാണിക്കാമായിരുന്നില്ലേ എന്നെ? അവന്‍ ഇപ്പോള്‍ എവിടെയുണ്ടെന്നും ഞാന്‍ അറിയേണ്ടതില്ല എന്നതാണ് വ്യവസ്ഥ. വേദനസംഹാരികളുടെ വീര്യത്തോടൊപ്പം മനസും തളരുമ്പോള്‍ വിയര്‍ത്ത് ബോധം മറയുന്നതുപോലെ... കണ്ണില്‍ ഇരുട്ട് പടരുന്നു... അഗാധമായ ഗര്‍ത്തത്തിലേക്ക് താണുതാണ് പോവുകയാണോ....

ഇരുട്ടില്‍ ആരോ കരയുന്നുണ്ടോ? മുറിയുടെ മൂലയില്‍ അവ്യക്തമായ രണ്ടു രൂപങ്ങള്‍..

"ഇങ്ങനെ കരയാതിരിക്കൂ പ്രിയേ... നിന്‍റെ മേല്‍വസ്ത്രം നനഞ്ഞിരിക്കുന്നല്ലോ...നല്ല പനിയുണ്ടല്ലോ ദൈവമേ... ഔഷധം കിട്ടണമെങ്കില്‍ പോലും എത്ര തവണ പറയണം.. ഈശ്വരാ.. ഇതെന്തൊരു വിധി? "

"ഇല്ല... പ്രഭോ... എനിക്കൊന്നുമില്ല.. എന്‍റെ കുഞ്ഞ്... കണ്ണന്‍ എന്നല്ലേ അവനവര്‍ പേരിട്ടത്? എന്‍റെ കണ്ണന് ഒന്നുമുണ്ടാവില്ല. അവനവിടെ ഭാഗ്യവതിയായ യശോദയുടെ മടിയില്‍ കളിക്കുന്നുണ്ടാവും! എനിക്ക് കാണാം പ്രഭോ... അവന്‍റെ ചിരി... കുറച്ചു നേരം മാത്രമേ കണ്ടുള്ളൂവെങ്കിലും ആ മുഖം മറക്കാനാവുമോ.. എങ്കിലും... ഞാനവനെ ഒന്ന് മാറോടു ചേര്‍ത്തില്ലല്ലോ.. ഒരിക്കല്‍ മാത്രമെങ്കിലും മുലയൂട്ടിയില്ലല്ലോ... എന്നിട്ടും എങ്ങിനെയാണ് ഞാന്‍ പുണ്യവതിയായ മാതാവാകുന്നത് ദൈവമേ... "

ഈശ്വരാ... ഞാനിതെവിടെയാണ്‌? ചുറ്റും കരിങ്കല്‍ചുവരുകള്‍ ഉയരത്തില്‍... ങേ.. ഇതൊരു തടവറയാണോ?

"നമ്മള്‍ ഭഗവാന്റെ മാതാപിതാക്കളാണ് പ്രിയേ... നിരപരാധികളോട് ക്രൂരത മാത്രം കാട്ടുന്ന ദുഷ്ടനെ നശിപ്പിക്കാന്‍ അവതരിച്ച ജഗദീശ്വരന്റെ അച്ഛനും അമ്മയും! അത് പുണ്യമാണ്! കോടികോടി പുണ്യം! നമുക്കുമൊരു നല്ല കാലം ഉടനെ സംജാതമാവും. വിഷമിക്കാതിരിക്കൂ ദേവകീ... നമ്മുടെ മകന് ഒരാപത്തും വരില്ല.. നന്ദന്‍ അവനെ നന്നായി സംരക്ഷിച്ചുകൊള്ളും. ഭവതി അറിഞ്ഞോ, അപ്പുറത്ത് ഭടന്മാര്‍ അടക്കം പറയുന്നത് കേട്ടതാണ്. പൂതനയെന്നു പേരുള്ള ഒരു രാക്ഷസി നമ്മുടെ പുത്രനെ വിഷം പുരട്ടിയ മുലകൊടുത്തു കൊല്ലാന്‍ ശ്രമിച്ചുവത്രേ.. നടക്കുമോ..! അവളുടെ മൃതദേഹത്തിനു പുറത്തു കളിക്കുന്ന കണ്ണനെ ആണത്രേ പിന്നീട് കണ്ടത്!"

"കണ്ടില്ലേ... വെറുമൊരു രാക്ഷസി പോലും എന്‍റെ കണ്ണനെ പാലൂട്ടിയല്ലോ.. അത്രപോലും ഭാഗ്യമില്ലാത്തവളല്ലേ ഈയുള്ളവള്‍.. എനിക്കൊന്നും കേള്‍ക്കാനുള്ള ശക്തിയില്ല പ്രഭോ... ഒന്‍പതുകുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അബലയായ ഒരമ്മ മാത്രമാണ് ഞാന്‍.. ലോകത്ത് മറ്റൊരമ്മക്കും ഈ ഗതി വരുത്തല്ലേ ദൈവമേ.. "

"ഇങ്ങനെ വ്യസനിക്കാതെ ശാന്തയാവൂ ദേവകി... ഭഗവാന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതിരിക്കില്ല. സമാധാനിക്കൂ... ഉറങ്ങൂ...എന്റെ മടിയില്‍ തലചായ്ച്ച് ഒന്നുമോര്‍ക്കാതെ ഉറങ്ങിക്കൊള്ളൂ... "

"മോളെ... വെള്ളം പോലും കുടിച്ചില്ലല്ലോ ഇതുവരെ... എഴുന്നേല്‍ക്ക്, കഞ്ഞി കുടിക്കാം"

"അമ്മേ... എന്‍റെ കണ്ണന്‍ ഇതാ ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നു.. ഞാനവനു പാലുകൊടുത്തു.. അവന്‍.. എന്‍റെ കണ്ണുകളെ മയില്‍‌പ്പീലികൊണ്ട് തഴുകിയുറക്കി.. "

കണ്ണുകള്‍ തുറക്കാന്‍ തോന്നുന്നില്ല....അവന്‍ വീണ്ടും എന്റെയുള്ളില്‍ മയില്‍‌പ്പീലി വര്‍ണ്ണങ്ങള്‍ നിറയ്ക്കും... ഞാന്‍ കാത്തിരിക്കട്ടെ..