About Me

My photo
A person who loves to read, write, sing and share thoughts.

Thursday, October 29, 2009

ഒരു പൈങ്കിളികഥ

"ഏയ്‌.."

"ഉം.. ?"

"എന്ത് പറ്റീ കാലില്‍? "

"അതിന്നലെ പിള്ളേരുടെ കൂടെ പന്തുകളിച്ചപ്പോള്‍ കല്ല്‌ തട്ടിയതാ"

"ഒത്തിരി മുറിഞ്ഞോ?"

"ഓ.. ഇല്ലെന്നേ.. "

"ഇപ്പോഴായെപിന്നെ എന്നോട് പഴയ ഇഷ്ടോന്നൂല്ല.. എന്നെ കാണുമ്പോ മുഖം തിരിക്കുന്നതുമൊക്കെ ഞാന്‍ അറിയുന്നുണ്ട് "

ഓ.. തുടങ്ങി അവള്‍ പരിഭവം! മമ്മി എങ്ങാനും കണ്ടാല്‍... ചുറ്റും നോക്കി ഉറപ്പുവരുത്തിയതിനുശേഷം അവന്‍ മതിലിന്‍റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു.

"നിനക്കറിയാലോ.. എന്‍റെ മമ്മിക്കു നിന്നേം നിന്‍റെ അമ്മേം കാണുന്നതുതന്നെ ദേഷ്യമാ.. അപ്പോള്‍ പിന്നെ നമ്മുടെ ബന്ധമെങ്ങാനും അറിഞ്ഞാലുള്ള കാര്യമോന്നോര്‍ത്തു നോക്കിക്കേ.."

"അത് ശരി, അപ്പോള്‍ എന്നോട് കാണിച്ച സ്നേഹമൊക്കെയോ? അന്ന് വീട്ടിലാരുമില്ലാതിരുന്ന ദിവസം എന്നോട് ചേര്‍ന്നിരുന്ന് എന്നെ തലോടിക്കൊണ്ട് പറഞ്ഞതൊക്കെ മറന്നോ? നിന്റെയീ വെള്ളാരംകണ്ണും നടത്തോം ഒന്നും എത്രകണ്ടാലും മതിവരില്ലാന്നും മറ്റും.. വേണ്ട... എല്ലാം എത്ര പെട്ടെന്ന് മറന്നു? "

അവള്‍ കരച്ചിലിന്‍റെ വക്കിലെത്തി.

"എന്‍റെ പെണ്ണെ.. അതൊക്കെ ശരിതന്നെയാ... നീ ഒന്നോര്‍ത്തുനോക്ക്, നമ്മുടെ ബന്ധം ശരിയാവുമോ? ഇവിടുത്തെ മമ്മി എന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാവുന്നതല്ലേ? പപ്പയെക്കാളും സ്വന്തം മക്കളെക്കാളും സ്നേഹമാ എന്നോട്. "

"എന്നാലും..."

"നീ അപ്പുറത്തെങ്ങാനും പോ പെണ്ണെ.. മമ്മി വരാന്‍ നേരമായി. ഇന്ന് ഞങ്ങള്‍ സൂസിയാന്റീടെ വീട്ടില്‍ പോവ്വാ.."

"ഓ.. അപ്പൊ അതാണ്‌ കാര്യം! ഞാനറിഞ്ഞു എല്ലാം"

"എന്തറിഞ്ഞു എന്നാ? നീ ചുമ്മാ... "

"വേണ്ട വേണ്ട ആ കണ്ണിലെ തിളക്കം കണ്ടാല്‍ എനിക്കറിയാം. ഇവിടുത്തെ കൊച്ചുങ്ങള്‍ ഞങ്ങടമ്മച്ചിയോടു പറയുന്നത്കേട്ടു, സൂസിയാന്റീടെ വീട്ടില്‍ വന്നവളെ കുറിച്ചൊക്കെ. വെളുത്ത് ഒത്തിരി മുടിയൊക്കെയുള്ള സുന്ദരിയാന്നും ടോണിക്ക് നല്ല ചേര്‍ച്ചയാന്നുമൊക്കെ!"

"അവരങ്ങനെ പറഞ്ഞോ?"

"കണ്ടോ.. ആ മുഖത്തെ സന്തോഷം! എനിക്കെല്ലാം മനസിലായി! "

"നീ കുറച്ചുകൂടി പ്രാക്ടിക്കല്‍ ആയി ചിന്തിക്കണം. ഇനി ഞാന്‍ ഒള്ളത് പറയാല്ലോ.. എന്‍റെ മമ്മിയും സൂസിയാന്റീം കൂടെ ഞങ്ങള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളെ കുറിച്ചുവരെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ആരോരുമില്ലാതിരുന്ന എന്നെ ഇവിടെ കൊണ്ടുവന്നു വളര്‍ത്തിയതല്ലേ എന്‍റെ മമ്മി? അവരോടു എനിക്ക് നന്ദികേട്‌ കാണിക്കാന്‍ വയ്യ. "

"ഉം... ശരിയാ... പ്രേമത്തിന് കണ്ണില്ലെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. ടോണിചേട്ടന്റെ നോട്ടവും കുസൃതിയുമൊക്കെ കണ്ടു ഞാന്‍ എന്‍റെ നില മറന്നതാണ്. അല്ലേലും ചേട്ടനെ ആശിക്കാന്‍ ഞാനാരാ?"

"നീ കരയല്ലേ മീനൂ.. നിന്നെ എനിക്കിഷ്ടമാണ്. നിന്‍റെ വര്‍ഗത്തില്‍പെട്ട മറ്റാരോടും തോന്നാത്തത്ര ഇഷ്ടം! പക്ഷെ... നീ എന്‍റെ അവസ്ഥയും കൂടി മനസിലാക്കണം"

"ഉം.. അടുത്ത ജന്മത്തിലെങ്കിലും നിങ്ങളില്‍ ഒരാളായി പിറക്കാന്‍ പ്രാര്‍ത്ഥിക്കാം"

"അയ്യോ മമ്മി വരുന്നുണ്ട്..! നിന്നെ എങ്ങാനും ഇവിടെ കണ്ടാല്‍ കാലു തല്ലിയൊടിക്കും എന്നാ പറഞ്ഞിരിക്കുന്നെ.. മമ്മിക്കു ദേഷ്യം വന്നാല്‍ കയ്യില്‍ കിട്ടുന്നത് വെച്ചു ഏറിയും. നീ പൊയ്ക്കോ മീനൂ... ഉം... ഞാനല്ലേ പറയുന്നേ.."


"ഹോ! ഈ കള്ളിപ്പൂച്ച പിന്നേം വന്നോ? ഇതിനെ ഞാനിന്ന്.."

"മ്യാവൂ....."

"കമോണ്‍ ടോണീ.. "

"ബൌ..ബൌ"

"ഗെറ്റ് ഇന്‍സൈഡ്"

മതിലിനു പിന്നില്‍ ചെടികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന അവള്‍ക്കു നേരെ പാളിനോക്കിയിട്ട് അവന്‍ അനുസരണയോടെ കാറില്‍ കയറി.

" ഇച്ചായാ.. ഞാന്‍ സൂസീടെ കൂടെ ക്ലബ്ബിലും പോയിട്ടേ വരൂ കേട്ടോ.. ഫ്രിഡ്ജില്‍ ഇരിക്കുന്ന മിനിഞ്ഞാന്നത്തെ മീന്‍ കറി ഒന്ന് ചൂടാക്കി കഴിക്കണേ.. ചിക്കന്‍ ഫ്രൈ പിള്ളാര്‍ക്കും എടുത്തു കൊടുത്തേക്കണേ.. മറക്കല്ലേ... ബൈ..."

Monday, October 19, 2009

മകന്‍റെ അച്ഛന്‍, മകളുടെയും..

തീവണ്ടിയില്‍ ജനലോരത്തുള്ള സീറ്റില്‍ കണ്ണടച്ചിരിക്കുമ്പോള്‍ അയാളുടെ മനസ് പ്രക്ഷുബ്ധമായിരുന്നു. കണ്മുന്നിലൂടെ തരുണിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കടന്നുപോയി. ലേബര്‍റൂമില്‍ നിന്നും തന്‍റെ കൈയിലേക്ക്‌ വെക്കപ്പെട്ട തന്‍റെ തന്നെ ജീവന്റെ ഭാഗമായ കുരുന്നിനെ കണ്ടപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പിന്നീടുള്ള ഓരോ നാളും അവനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതുപോലെയായി. ജീവിതരീതിയില്‍തന്നെ മാറ്റമുണ്ടായി. ഒരു അച്ഛന്‍റെ ഗൌരവത്തോടെ ഒരിക്കലും അവനെ സമീപിച്ചിട്ടില്ല. എന്തും പറയാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നില്ലേ? അങ്ങനെയായിരുന്നു അയാളുടെ അച്ഛന്‍ അയാളെ വളര്‍ത്തിയിരുന്നത്. എന്നിട്ടും എവിടെയാണ് പിഴച്ചത്?


ദൂരെയുള്ള കോളേജില്‍ പ്രവേശനം ശരിയായപ്പോള്‍ മുതല്‍ രേവതിക്ക് ആധിയായിരുന്നു. അപ്പോഴൊക്കെ ഉള്ളിലെ പരിഭ്രമവും അവനെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമവും പുറത്തുകാട്ടാതെ അവളെ സമാധാനിപ്പിച്ചു. നമ്മളായിട്ട് അവന്‍റെ ആഗ്രഹങ്ങള്‍ക്ക് തടസ്സം നില്‍ക്കരുത്. എന്നും നമ്മുടെ അവസ്ഥ കണ്ടു പ്രവര്‍ത്തിച്ചിട്ടല്ലെയുള്ളൂ നമ്മുടെ മോന്‍. ഒന്നിനും ശാഠ്യം പിടിച്ചിട്ടുമില്ല. അവനു താല്പര്യമുള്ള കോഴ്സ് അവിടെയുണ്ട്. ഫീസിന്റെ കാര്യത്തിലും ഇളവുണ്ട്. പിന്നെ കുറച്ചു ദൂരെ ആണെന്നത് മാത്രമാണ് പ്രശ്നം. എങ്കിലും ഇവിടുന്നുള്ള മറ്റു കൂട്ടുകാരുമുണ്ട്‌. പോരാത്തതിന് അനുജന്‍ സേതുവും അവിടെ അടുത്താണ്. പിന്നെ ഒന്നും ആലോചിച്ചില്ല.

ആദ്യത്തെ തവണ അവധിക്കു വന്നപ്പോള്‍ കണ്ണും മുഖവും ചുവന്നിരുന്നത് കണ്ടു അമ്മ കേള്‍ക്കാതെ അടുത്തിരുത്തി ചോദിച്ചപ്പോള്‍ ജലദോഷത്തിന്റെ ചുവപ്പല്ല, ഏതോ ചേട്ടന്മാരുടെ കലാപരിപാടിയുടെ ഭാഗമാണെന്നു അവന്‍ പറഞ്ഞു. അമര്‍ഷവും വ്യസനവും കൊണ്ട് കണ്ണുനിറഞ്ഞുവന്നപ്പോള്‍ അതൊന്നും സാരമില്ലെന്ന് അവന്‍ വളരെ ലാഘവത്തോടെ ചിരിച്ചുതള്ളി. സേതുവിനും അതൊക്കെ സാധാരണമായ കാര്യങ്ങളായിരുന്നു.

"എന്‍റെ ഏട്ടാ.. ഇതൊന്നും അത്ര കാര്യാക്കണ്ടെന്നേ... കുറച്ചൊക്കെ റാഗിങ്ങ് ഉള്ളത് നല്ലതാണെന്നാ പിള്ളേര് തന്നെ പറയുന്നേ.. കോളേജ് മാനേജ്മെന്റ് അത് ഗുരുതരമാവാതെ നോക്കിക്കൊള്ളും.. ഇവരുടെ സാര്‍ നമ്മുടെ കോളനിയിലാ താമസം.. അങ്ങനെ പ്രശ്നമൊന്നും ഇല്ലാത്ത കോളേജ് തന്നെയാ.."

അവധിക്കു വീട്ടിലെത്തുന്ന ദിവസങ്ങളില്‍ ഊണുമേശക്കു ചുറ്റുമിരുന്നു വിശേഷങ്ങള്‍ പറഞ്ഞിരുന്ന ശീലം എന്നാണ് നിന്നത്? ആവശ്യങ്ങള്‍ പറയാന്‍ മാത്രം അവന്‍ മുന്നിലെത്താന്‍ തുടങ്ങിയത് താനും ശ്രദ്ധിച്ചിരുന്നു. എങ്കിലും അതൊരു സങ്കടമായി രേവതി പറഞ്ഞപ്പോള്‍ മാതൃസഹജമായ വേവലാതിയായി വ്യാഖ്യാനിച്ചു ആശ്വസിപ്പിക്കാനാണ് തോന്നിയത്.

"അവന്‍ മുതിര്‍ന്നില്ലേ രേവൂ.. ഇപ്പോഴും നിന്‍റെ മടിയില്‍ കിടന്നു കഥ പറയണം എന്ന് ശഠിക്കാന്‍ പറ്റുമോ? "

"അതിപ്പോ അവന്‍ പെണ്ണുകെട്ടി കുഞ്ഞിന്‍റെ അച്ഛനായാലും എനിക്ക് കുഞ്ഞു തന്നെയല്ലേ സത്യേട്ടാ?" എല്ലാ അമ്മമാരുടെയും സ്ഥിരം വാചകം.

"ഏട്ടന് ചായ പറയട്ടെ?" മറുപടി പ്രതീക്ഷിക്കാതെ ഒരു ചായക്കുകൂടി പറഞ്ഞ്, കൈയിലിരുന്ന ഗ്ലാസ്‌ തീവണ്ടിയുടെ കുലുക്കത്തില്‍ തുളുമ്പിപോവാതെ ശ്രദ്ധയോടെ സേതു അയാള്‍ക്ക് നേരെ നീട്ടിക്കൊണ്ട് ചിന്തകള്‍ക്ക് അര്‍ദ്ധവിരാമമിട്ടു.

"'തന്നോളമായാല്‍ താനെന്നു വിളിക്കണം' എന്നല്ലേ നമ്മുടെ അച്ഛന്‍ പറയാറ്‌? "

അയാളുടെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടു സേതു അരികിലിരുന്നു.

"നീയോര്‍ക്കുന്നോ സേതു, നിനക്ക് ശാരദയോട് സ്നേഹമാണെന്ന് അച്ഛനറിഞ്ഞ രാത്രി? അവളുടെ കണ്ണീരിനു ഒരിക്കലും നീ ഉത്തരവാദി ആവരുതെന്നുമാത്രം പറഞ്ഞു നിന്‍റെ മുറിക്കു പുറത്തിറങ്ങിയ അച്ഛന്‍റെ കണ്ണ് നിറഞ്ഞിരുന്നത് എന്തിനായിരിക്കുമെന്നോര്‍ത്തു ഉറങ്ങാനായില്ല അന്നെനിക്ക് "

"എന്‍റെ ഏട്ടാ... എനിക്കപ്പോഴേ തോന്നി, അതുമിതും ആലോചിച്ചുകൂട്ടി വെറുതെ വിഷമിക്കുകയാണെന്ന്."

"എന്നാലും അവന്‍..."

ഓര്‍ക്കാനാവുന്നില്ല.. അവനങ്ങനെ അപമര്യാദയായി ഒരു പെണ്‍കുട്ടിയോട്... മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെങ്കില്‍ പോലും... അവന്‍റെ അമ്മയെയോ അനുജത്തിയെയോ ഒരിക്കല്‍പോലും ഓര്‍ക്കാതെ... മനസ് ശാന്തമാവുന്നതെയില്ലല്ലോ..

"അതിനു കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചു ചെയ്യിച്ചതല്ലേ ഏട്ടാ.. അവന്‍റെ അവസ്ഥയും കൂടി നമ്മള്‍ ഓര്‍ക്കണ്ടേ? "

അതവന്‍റെ ന്യായീകരണം! എന്നുവെച്ച്... ഒരു പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ... ആ കുട്ടിയുടെ ദേഹത്ത്... ഹോ.. അവന്‍... അവനത്‌.. ചെയ്യരുതായിരുന്നു.. പഠനത്തിന്‍റെ ആദ്യനാളുകളില്‍ താനനുഭവിച്ചത് പിറകെ വരുന്നവരും അനുഭവിക്കട്ടെ എന്ന തോന്നലുണ്ടായോ അവന്‌? അവന്‍റെ അനുജത്തിയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍...?

കണ്മുന്നില്‍ ഇപ്പോഴും ആ പെണ്‍കുട്ടിയുടെ മുഖമാണ്. പ്രിന്‍സിപ്പാളിന്റെ മുറിക്കു പുറത്തെ കസേരയില്‍ അകത്തു തന്‍റെ മാനത്തിന് വിലയിടുകയാണെന്നറിയാതെ വിളറിയ മുഖം ഒരിക്കലും ഉയര്‍ത്താതെ നിലത്തെന്തോ തിരയുന്നതുപോലെയിരുന്ന ആ പെണ്‍കുട്ടിയുടെ കാലില്‍ വീണു മകനുവേണ്ടി മാപ്പ് പറയാന്‍ തോന്നി. കോളേജിന്റെ മാനം കാക്കേണ്ടത്‌ അധികൃതരുടെയും മക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് കുറ്റക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെയും അത്യാവശ്യമായപ്പോള്‍ അവളുടെ മാനത്തിനു കുറച്ചു പൈസക്കെട്ടിന്റെ വില മാത്രമായി. കേസും കോടതിയും ഇല്ലാതാക്കിയേക്കാവുന്ന മകളുടെ ജീവിതമോര്‍ത്താവും ആ പാവം അച്ഛനും നിശബ്ദനായത്. സഭയുടെതന്നെ മറ്റൊരു കോളേജിലേക്കുള്ള -- നശിച്ച ഓര്‍മ്മകള്‍ നിറഞ്ഞ ഈ ചുറ്റുപാടില്‍ നിന്നൊരു-- മാറ്റം ഒരുപക്ഷെ അനുഗ്രഹമാവാം. എങ്കിലും... അവള്‍ അനുഭവിച്ച മനോവ്യഥകള്‍ക്ക്.... അപമാനത്തിന്... ആര്‍ക്കെങ്കിലും വില പറയാനാവുമോ?

ഇടയ്ക്കെപ്പോഴോ അവള്‍ ഉയര്‍ത്തിയ മുഖം എന്‍റെ രേഷ്മയുടെതായിരുന്നോ? അവളുടെ അരികില്‍ വ്യഥയോടെ അക്ഷമനായിരുന്ന പിതാവ് താന്‍ തന്നെയല്ലേ? ഈശ്വരാ.. വര്‍ധിച്ച ഹൃദയമിടുപ്പോടെ ചുവരില്‍ചാരി. സേതു വന്നു താങ്ങിയില്ലായിരുന്നെങ്കില്‍ വീണു പോയേനെ.. സേതുവിനോടൊപ്പം പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് കയറുമ്പോള്‍ അവിടെ കേട്ട തര്‍ക്കങ്ങളും വാദഗതികളും അസ്വസ്ഥത കൂട്ടാനേ ഉപകരിച്ചുള്ളൂ..

"പിള്ളാര്‍ തമാശ കാണിക്കുമ്പോഴേക്കും ഇത്രേം വല്ല്യ പ്രശ്നമാക്കണ്ട കാര്യം വല്ലതുമുണ്ടോ? അവരാ കൊച്ചിനെ റേപ് ഒന്നും ചെയ്തില്ലല്ലോ.. എങ്ങാണ്ട് കേറി ഒന്ന് പിടിച്ചതിനാ.. എന്നാ ചെയ്യാനാ... ചെറുക്കന്റെ തന്തയായി പ്പോയില്ലേ.. എന്നതാന്നു വെച്ചാല്‍ കൊടുത്ത് ഒതുക്കിയേക്കച്ചോ..."

പ്ലാന്റര്‍ കുര്യച്ചന്റെ ലാഘവം എന്തോ തനിക്കു കടമെടുക്കാനാവുന്നില്ല... പക്ഷെ തരുണിന്റെ ഭാവി... പിന്നെയും കുറെ കാരണങ്ങള്‍.. ആദ്യമായി അനീതിക്ക് കൂട്ടുനിന്നുവെന്ന തോന്നല്‍.. കൂടെയിരുന്ന എല്ലാവരും വളരെ എളുപ്പം പറഞ്ഞുതീര്‍ക്കുന്നത് അസഹ്യമായപ്പോഴായിരുന്നു മുറിക്കു പുറത്തുവന്നിരുന്നത്. അവിടെ കണ്ട മുഖങ്ങള്‍ നെഞ്ചിലെ ഭാരം ഇരട്ടിയാക്കി.

ഒടുവില്‍ പേരിനൊരു ശിക്ഷാനടപടി എന്ന നിലയില്‍ തരുണിനെയും കൂട്ടുകാരെയും സസ്പെന്‍ഡ് ചെയ്തപ്പോള്‍ അവനെയും കൊണ്ട് വീട്ടിലേക്കു പോവുമ്പോള്‍ സേതുവും കൂടെ പോന്നത് നന്നായി. ഒന്നുമറിയാതെ അക്ഷമയോടെ കാത്തിരിക്കുന്ന രേവതിയോടും രേഷ്മമോളോടും ഒന്നും പറയാനാവില്ല തനിക്ക്.. സേതു തന്നെയാണ് അതിനു പറ്റിയ ആള്‍.. അല്ലെങ്കിലും അവരൊക്കെ കളിയാക്കുന്നതുപോലെ താനീ നൂറ്റാണ്ടിനു പറ്റിയ ആളല്ല..

സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക്‌ പോവുമ്പോഴും ചിന്തകളാല്‍ ഭരിക്കപ്പെട്ടു സംസാരിക്കാന്‍ തന്നെ മറന്നുപോയിരുന്നു. രേവതിയുടെ ചോദ്യങ്ങള്‍ക്കും മറുപടിയൊന്നും ഉണ്ടായില്ല. വസ്ത്രം പോലും മാറാതെ തെക്കേ തൊടിയിലേക്ക്‌ നടക്കുന്നയാളെ കണ്ടു വീട്ടിലുള്ളവര്‍ അത്ഭുതപ്പെട്ടിരിക്കും... അച്ഛന്‍റെ കുഴിമാടത്തിനരികെ തറയില്‍ ഇരിക്കുമ്പോള്‍ കണ്ണുനീര്‍ കൊണ്ട് പാപം കഴുകി കുംബസാരിക്കുന്നവന്റെ മനസായിരുന്നു.

അച്ഛാ.. മാപ്പ്.. അച്ഛനെപോലെയാവാന്‍ കഴിയാത്തതിന്...

"ഏട്ടാ.. എന്തായിത്? ഉള്ളിലേക്ക് വരുന്നില്ലേ.. എല്ലാവരും വല്ലാതെ വിഷമിച്ചിരിക്കുകയാണ്.. ഏട്ടന്‍ ഇങ്ങനെയായാലോ.. ഇതുവരെ മോനോട് ഒരുവാക്ക് സംസാരിച്ചില്ലല്ലോ.. അവനു നല്ല വിഷമമുണ്ട്.. മോളും കരയുന്നതുകണ്ടോ? "

ആരാണെന്നെ വിളിച്ചത്? നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറത്തുനിന്നും ആരൊക്കെയോ എന്തൊക്കെയോ പറയുന്നു... ഒന്നും വ്യക്തമാവുന്നില്ല.. എവിടെ എന്‍റെ രേഷ്മമോള്‍?  അയ്യോ... മോളിവിടെ നില്‍ക്കുകയാണോ?  വേണ്ട വേണ്ട... ബാ.. ഉള്ളില്‍ പോവാം.. മുറിയില്‍ കയറി വാതിലടക്ക്...! പുറത്തിറങ്ങല്ലേ... രേവൂ...നീയും വാ... വേഗം!

Tuesday, October 6, 2009

അപ്രത്തമ്മ

അപ്രത്തമ്മയുടെ യഥാര്‍ത്ഥപേര് യശോദയമ്മ എന്നായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങളേറെ കഴിഞ്ഞാണ്. ഈയുള്ളവള്‍ ജനിക്കുന്നതിനൊക്കെ വളരെമുന്‍പ് അച്ഛനും അമ്മയും എന്‍റെ മൂത്തചേച്ചിയും മാത്രമുണ്ടായിരുന്ന കാലത്ത് അവര്‍ താമസിച്ചിരുന്ന വാടകവീടിനു എതിരെയുള്ള വീട്ടിലെ ഗൃഹനാഥയായിരുന്നു യശോദയമ്മ. അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോള്‍ കൈക്കുഞ്ഞായിരുന്ന ചേച്ചിയെ അവരുടെ അടുത്തായിരുന്നുവത്രേ നിര്‍ത്തിയിരുന്നത്. അങ്ങനെയാണ് അവര്‍ "അപ്രത്തമ്മ" ആയത്‌. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞങ്ങളുടെ കുടുംബം അവിടുന്ന് കുറച്ചകലെയായി ഒരു വീട് വാങ്ങി താമസം മാറി. അവിടെയായിരുന്നു ഞാനും മറ്റു സഹോദരങ്ങളും ജനിച്ചത്‌.

താമസം മാറിയെങ്കിലും ചേച്ചി സമയം കിട്ടുമ്പോഴൊക്കെ അപ്രത്തമ്മയെ പോയി കണ്ടിരുന്നു. മിക്കവാറും കൂടെപോവുന്നത് ഞാനായിരിക്കും. എന്‍റെ ഓര്‍മ്മയില്‍ അപ്രത്തമ്മ എന്നും ഉമ്മറത്തെ ചാരുകസേരയില്‍ പതിഞ്ഞിരുന്നിരുന്ന വെളുത്തു തടിച്ച ഒരു സുന്ദരരൂപമാണ്. കരിമഷി കൊണ്ട് കറുപ്പിച്ച സുന്ദരമായ കണ്ണുകളും പ്രായം കൊണ്ട് കുറേശ്ശെ തൂങ്ങി തുടങ്ങിയതെങ്കിലും ഉരുണ്ടുതുടുത്ത കവിളുകളും കാരുണ്യവും വാത്സല്യവും തുളുമ്പുന്ന നോട്ടവും ചിരിയുമൊക്കെയുള്ള ആ വട്ടമുഖത്ത് നിന്നും കണ്ണെടുക്കാന്‍ തോന്നിയിരുന്നില്ല.

"ഓ.. ഇന്‍റെ കുട്ടീംണ്ടോ? എത്രെലെക്കാ നീയിപ്പോ? നന്നായി പഠിക്കണംട്ടോ.. "

പിന്നെ സല്‍ക്കാരമാണ്. ശര്‍ക്കര ഇട്ടുണ്ടാക്കുന്ന 'വെല്ലക്കാപ്പി' അപ്രത്തമ്മേടെ പ്രത്യേകതയായിരുന്നു. എന്തെങ്കിലുമൊക്കെ പലഹാരങ്ങളുമായി അടുക്കളയില്‍നിന്നും പതിയെ പതിയെ നീണ്ട ഇടനാഴിയിലൂടെ നടന്നുവന്ന് എന്നെ അരികിലേക്ക് പിടിച്ചടുപ്പിച്ച്‌ കൈയില്‍ പലഹാരം വെച്ചുതരും. ചേച്ചിയോട് അപ്രത്തമ്മയ്ക്കുള്ള വാത്സല്യം അളവില്ലാത്തതായിരുന്നു.

"നെനക്കറിയ്യോ.. ഇദെന്ടെ കുട്ട്യാ... ഞാനാ ഇവളെ വളര്‍ത്യേത്.. എപ്പളും ഇന്‍റെ കൂടേന്നെ ഇരിക്കുള്ളൂ... അപ്പൊ നീയൊന്നും ജെനിച്ചിട്ടുംകൂടി ഇല്ല്യാ... "

പലതവണ കേട്ടതെങ്കിലും പഴയകഥകള്‍ അപ്രത്തമ്മയുടെ ശബ്ദത്തില്‍ ആ മുഖത്ത്‌ നോക്കിയിരുന്നു കേള്‍ക്കാന്‍ ഞാനിഷ്ടപ്പെട്ടു. ഭൂതകാലസ്മരണകള്‍ തിങ്ങി ആ ശബ്ദം നേര്‍ത്ത് ഇല്ലാതാവുമ്പോഴേക്കും അപ്രത്തമ്മേടെ കണ്ണുകളോട് സഖ്യം പ്രഖ്യാപിച്ചുകൊണ്ട് ചേച്ചിയുടെ കണ്ണുകളും നനഞ്ഞിരിക്കും.

"ശ്ശൊ.. ന്റെ കുട്ടിക്ക് ഒരു വെല്ലപ്പൊട്ടെങ്കിലും കൊടുക്കട്ടെ.."
പലഹാരം ഒന്നുമില്ലാത്ത ദിവസങ്ങളില്‍ അപ്രത്തമ്മ വായില്‍ വെച്ചുതരുന്ന ശര്‍ക്കരകഷ്ണത്തിന് പ്രതിഫലം ആഗ്രഹിക്കാത്ത വാത്സല്യത്തിന്റെ മധുരമായിരുന്നു.

പിന്നീട് കാണുമ്പോള്‍ അപ്രത്തമ്മ അവശയായിരുന്നു. കാലം സമ്മാനിച്ച ചുളിവുകളും ക്ഷീണവും നിറഞ്ഞ മുഖത്തേക്കു നോക്കി ആ കൈയില്‍ പതുക്കെ പിടിച്ചുകൊണ്ടു ചോദിച്ചു, "അപ്രത്തമ്മക്ക് എന്നെ മനസിലായോ?"

മുഖത്ത് നിറഞ്ഞ ചിരി! "ന്തേ അങ്ങനെ ചോദിച്ചേ? ന്നെ അപ്രത്തമ്മേന്നു വിളിക്കാന്‍ നിങ്ങളല്ലാതെ വേരെയാരാ ള്ളത്? "

കിടക്കയില്‍നിന്നും പതിയെ എഴുനേറ്റുചെന്ന് അടുക്കളയില്‍നിന്നും വെല്ലകഷണം എടുത്തുതന്നിരുന്നെങ്കില്‍ എന്നു വെറുതെ ആശിച്ചുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലതും കൊടുക്കാന്‍ മകളോട് ആവശ്യപ്പെടുന്നത് കേട്ടു.

പിന്നീടെന്നോ എന്നെത്തേടിയെത്തിയ നാട്ടുവിശേഷങ്ങളില്‍ അപ്രത്തമ്മയുടെ വിയോഗവും ഉണ്ടായിരുന്നെങ്കിലും ആ പഴയ വീടിന്റെ ഉമ്മറത്തെ ചാരുകസേരയില്‍ നിറസാന്നിദ്ധ്യമായി ആ വാത്സല്യത്തിന്റെ വെല്ലപ്പൊട്ട് ഇന്നും ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.