About Me

My photo
A person who loves to read, write, sing and share thoughts.

Sunday, July 31, 2016

സൈക്കിൾ


സൈക്കിളോടിക്കാൻ എനിക്കറിയില്ല.
കുഞ്ഞുന്നാളിൽ ഒരു മുച്ചക്രവണ്ടി പോലും എനിക്കുണ്ടായിട്ടില്ല.
ആശ തോന്നാനും മാത്രം അത് അന്നൊന്നും കണ്ടതായും ഓർക്കുന്നില്ല.
എന്നാൽ അറവുശാലയിൽ തോലുരിയപ്പെട്ട് തൂങ്ങികിടക്കുന്ന ആടിനെ പോലെ പല രൂപത്തിൽ വികലാംഗരായ സൈക്കിളുകളെ കണ്ടിട്ടുണ്ട് വീടിനടുത്തുള്ള കൃഷ്ണേട്ടന്റെ കടയിൽ. അവിടെ കൃഷ്ണേട്ടനോടൊപ്പം അനന്തിരവൻ രാമകൃഷ്‌ണേട്ടനും ഉണ്ടാവാറുണ്ട്. അടുത്തുള്ള പലചരക്കുകടയിലേക്കോ മറ്റോ പോവുമ്പോൾ 'ഊണ് കഴിച്ചുവോ മഞ്ജുകുട്ട്യേ... ന്താ കൂട്ടാൻ?' എന്നൊക്കെ വാത്സല്യത്തോടെ കുശലം ചോദിക്കുമായിരുന്നു അവർ.
രാമകൃഷ്‌ണേട്ടന്റെ ടേപ്പ് റിക്കോർഡർ ആയിരുന്നു പുതിയ മലയാളം - തമിഴ് പാട്ടുകൾ കേൾക്കാനുള്ള ഏക ഉപാധി എന്നതിനാൽ അടുക്കളമുറ്റത്തെ മാവിന്റെ ചാഞ്ഞ കൊമ്പിൽ പുസ്തകവുമായിരുന്ന് പാട്ടുകേൾക്കൽ എന്റെ പ്രിയപ്പെട്ട നേരംപോക്കായി. എന്നാൽ ആ കടയിൽ സൈക്കിൾ വാടകക്കെടുക്കാൻ വരുന്ന പലരുടെയും കണ്ണുകൾ പെൺകുട്ടികളുള്ള വീട്ടിലേക്ക് നീളുന്നു എന്ന് അമ്മ കണ്ടെത്തിയതോടെ അത് നിന്നു. എങ്കിലും വീടിനുള്ളിലിരുന്നും രജനികാന്തിന്റെ 'മാസി മാസമാളാന പൊണ്ണ്', 'ഒരുവൻ ഒരുവൻ മുതലാളി", 'ചിന്നത്തായവൾ' തുടങ്ങിയ പാട്ടുകളൊക്കെ ഹൃദിസ്ഥമായി.
അവധിക്കാലത്ത്‌ കൂട്ടുകാരിയോടൊത്ത്‌ സൈക്കിളോട്ടം പഠിക്കാൻ രാമകൃഷ്ണേട്ടന്റെ വാടകവണ്ടിയിൽ കണ്ണുവെച്ചെങ്കിലും വീട്ടിൽ നിന്നും അനുവാദം കിട്ടിയില്ല. ആയിടക്കാണ് എന്നും കണ്ണാടിപോലെ തിളങ്ങുന്ന റാലി സൈക്കിളിൽ മുഴുവൻ നേരവും മണിയടിച്ചുകൊണ്ട്‌ പറന്നുപോവുന്ന ഒരു ചെക്കൻ പ്രത്യക്ഷപ്പെട്ടത്‌. വേനലവധിക്ക്‌ ദൂരെനിന്നും ഞങ്ങളുടെയടുത്തുള്ള താമരക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. എന്തോ കുറ്റം ചെയ്തതുപോലുള്ള നോട്ടം ഒട്ടും സുഖിച്ചില്ല. നാട്ടിലെ പ്രമാണിയുടെ പേരക്കുട്ടിയാണെന്നും കേട്ടു. ഒട്ടും താൽപര്യം തോന്നിയില്ല. എന്നാൽ എല്ലാ വൈകുന്നേരങ്ങളിലും കൂട്ടുകാരികളൊത്ത്‌ സ്കൂൾ വിട്ടുവരുംബോൾ കൊടുംകാറ്റുപോലെ കടന്നുപോവാറുള്ള റാലി സൈക്കിളിന്റെ ചുവന്നയിരിപ്പിടത്തിന്റെ കാഴ്ച മാത്രം ദിനചര്യയുടെ ഭാഗമായി.
പ്രീഡിഗ്രിക്ക്‌ ആദ്യമായി കോളെജിലെത്തിയപ്പോഴുണ്ട്‌ അതേ തുറിച്ചുനോട്ടം മുൻബെഞ്ചിൽ തന്നെയുണ്ട്‌. ഒരു പുഞ്ചിരി കൊണ്ട്‌ നാടമുറിച്ചു തുടങ്ങിയ പരിചയം ഒരേ ബസിലെ വരവും പോക്കും കൊണ്ട്‌ ഊഷ്‌മളമായ സൗഹൃദമായി. ചുവന്ന സീറ്റുള്ള സൈക്കിൾ വൈകുന്നേരങ്ങളിൽ എന്റെ സംസ്കൃതം നോട്ട്ബുക്കിന്റെ ചുമട്ടുകാരനായി. പിന്നെപ്പിന്നെ ആ മണിനാദം എന്റെ ഹൃദയമിടിപ്പ്‌ കൂട്ടുന്ന ഉൽപ്രേരകമായി. കോളേജിൽ നിന്ന് വീട്ടിലേക്കും ട്യൂഷൻ ക്ലാസിലേക്കുമൊക്കെ നാലുകാലുകൾക്കൊപ്പം ആ രണ്ട്‌ ചക്രങ്ങളും പതിയെ ഉരുണ്ടു. കൂട്ടുകാരികളിൽ പലരും അതിൽ സവാരി ചെയ്തെങ്കിലും ഒരിക്കൽപോലും അങ്ങനെയൊരാഗ്രഹം ഞാനോ അതിന്റെ ഉടമയോ പങ്കുവെച്ചില്ല.
ഹോസ്റ്റലിൽ നിന്ന് അവധിക്ക്‌ വീട്ടിലെത്തുന്ന പകലുകളിൽ എത്താൻ വൈകുന്ന മണിയൊച്ച എന്നെ വെരുകാക്കി മാറ്റി. ശിവക്ഷേത്രത്തിന്റെ വളവ്‌ തിരിയുമ്പോഴേ തിരിച്ചറിയാമായിരുന്നു ആ വരവ്. പിന്നെയാ ചുവന്ന സീറ്റുള്ള സൈക്കിൾ വീട്ടുപടിക്കലെ കണ്ണാലുള്ള കാതൽ സല്ലാപത്തിനു മൂകസാക്ഷിയാവും. ഞാനറിയാതെ തന്നെ ഞങ്ങൾക്കിടയിലുണ്ടായിരുന്ന അവനെ ഒരിക്കൽ പോലും ഒന്ന് സ്നേഹത്തോടെ നോക്കിയിരുന്നില്ലെങ്കിലും എതോ അസൂയാലുവിന്റെ കുബുദ്ധിക്കിരയായി ഞാൻ കാരണം കാറ്റ്‌ പോയി നിന്നതും ആ പാവം തന്നെ! ഉടമസ്ഥൻ ഉപജീവനത്തിനായി നാടുവിട്ടപ്പോൾ ആ സ്റ്റീൽ സുന്ദരൻ ജോലിയിൽ നിന്ന് വിരമിച്ച്‌ ഷെഡിൽ കേറി.
വർഷങ്ങൾ പിന്നിട്ടപ്പോൾ നമ്മുടെ ഉടമസ്ഥൻ ബൈക്കും പിന്നെ കാറുമൊക്കെയായി ആ പാവം റാലിയെ മറന്ന് മെട്രോ സിറ്റികളിൽ കറങ്ങി. കൂട്ടുകാരിയെ മാത്രം കൈവിട്ടില്ല. മഴയും വെയിലും മാറി മാറി വന്നുപോയി. അവരുടെ വിരലിൽ തൂങ്ങാൻ രണ്ട്‌ കുഞ്ഞിക്കൈകൾ കൂടി വന്നു. അങ്ങനെയിരിക്കെ ആരോഗ്യപരിപാലനത്തിൽ അതീവശ്രദ്ധാലുക്കളായ ഒരുകൂട്ടം സുഹൃദ് വലയത്തിലകപ്പെട്ട നായകന് ഉണ്ടിരിക്കുമ്പോൾ ഒരു വെളിപാടുണ്ടായി. ഉടനെ നെറ്റിൽ കുറെ ഗവേഷണവും അന്വേഷണവും നടത്തി. ആയിടക്ക്‌ മറ്റൊരു ചങ്ങാതി ജോലി മാറി നാടുവിട്ടു.(വൈദ്യൻ കൽപ് - രോഗി ഇച്ച്) അയാളുടെ സൈക്കിൾ അടുത്ത ദിവസം നമ്മുടെ വീട്ടിലേക്ക്‌ താമസം മാറിവന്നു. പിന്നെയും ചവിട്ടോട്‌ ചവിട്ട്‌! ആദ്യം പത്തുകിലോമീറ്റർ പിന്നെ മുപ്പത്‌... പിന്നെ അംബത്.. മാരത്തോൺ.. അൻഡ്‌ സോ ഓൺ. രാജ്യം വിടുന്നതുവരെ ആ സൈക്കിൾ യജ്ഞം തുടർന്നു.
അമേരിക്കയിലെത്തിയപ്പോഴുണ്ട്‌ ആരോഗ്യപരിപാലനത്തിന് എന്തുവേണമെങ്കിലും വാങ്ങിച്ചോ എന്ന സഹായഹസ്തവുമായി മൈക്രോസോഫ്റ്റ്‌ നിൽക്കുന്നു! ആനന്ദലബ്ധിക്കിനി എന്ത്‌ വേണം! അടുത്ത ദിവസം ദാ വന്നു ഒരു കുട്ടപ്പൻ വീട്ടിനകത്ത്‌. ഒരു അത്യന്താധുനിക ഫ്രീക്കൻ! പിന്നെ അതിന്മേലായി കസർത്ത്‌! കൂടുതൽ ആധികാരികമായി പഠിച്ച്‌ ചവിട്ടിച്ചവിട്ടി സ്റ്റേറ്റ്‌ കടന്നുപോയി 206 മൈലുകൾ!
മ്മളെക്കൊണ്ട്‌ കൂട്ട്യാൽ കൂടാത്തത്‌ ആരു ചെയ്താലും ഞാൻ ണ്ണീറ്റുനിന്ന് കയ്യടിക്കും, അദ്‌പ്പൊ കെട്ട്യോനായാലും അപ്രത്തെ സായിപ്പേട്ടനായാലും, ങ്‌ഹ!
ഇത്രയൊക്കെയായിട്ടും ഒരു സൈക്കിൾ നിർത്തിയിട്ട്‌ ചവിട്ടാൻ പോലും ഈയുള്ളോൾ പഠിച്ചില്ല..
"ഈ സൈക്കിൾ ബാലൻസ്‌ ഉണ്ടെങ്കിൽ ഡ്രൈവിംഗ്‌ ലൈസെൻസ്‌ കിട്ടുമോ അരുണേട്ടാ..?"

Thursday, July 14, 2016

തക്കാളിസാദം


ചെന്നൈയിലെ ഹോസ്റ്റൽ വാസത്തെ ക്കുറിച്ച് പലപ്പോഴായി വിവരിച്ചിട്ടുണ്ട്. ഏറ്റവും സങ്കടമായി തോന്നിയിട്ടുള്ളത് അവിടുത്തെ ആഹാരമായിരുന്നു. മിക്ക ഹോസ്റ്റലുകളിലെയും പോലെ നല്ലൊരു തുക ഈടാക്കി, ഏറ്റവും കുറച്ചു ചെലവിട്ട് ഭക്ഷണമുണ്ടാക്കിത്തരാൻ ഞങ്ങളുടെ നല്ലവരായ അധികാരികളും ശ്രദ്ധിച്ചിരുന്നു. മഴ പെയ്ത പുഴയിലെ വെള്ളം പോലത്തെ ചായയും  രസത്തിന്റെ രൂപഭംഗിയുള്ള സാമ്പാറും അതിലെ എകാലങ്കാരമായി വട്ടത്തിലരിഞ്ഞ മുള്ളങ്കിയുടെ വെള്ളിനാണയങ്ങളും പാതിവെന്ത ക്യാരറ്റ് കഷണങ്ങളുടെ മേൽ ചിരകുമ്പോൾ അറിയാതെ വീണുപോയ തേങ്ങയുടെ അംശമുള്ള തോരനും ഒക്കെ അതിന്റെ ഉദാഹരണങ്ങളായിരുന്നു.
ആകെയൊരു ആശ്വാസമായിട്ടുണ്ടായിരുന്നത് ഞായറാഴ്ച സ്പെഷ്യൽ  തക്കാളിസാദമായിരുന്നു. അതിന് കാരണമുണ്ട്, ശനിയാഴ്ചയാണ് ഹോസ്റ്റൽ വാർഡനും സംഘവും അവരുടെ വലിയ വണ്ടിയിൽ ഏഷ്യയിലെത്തന്നെ വലിയ പച്ചക്കറി മൊത്തവ്യാപാരകേന്ദ്രമായ കോയംമേട് മാർകെറ്റിൽ പോവാറുള്ളത് എന്നതുകൊണ്ട്‌ ഏറ്റവും ഫ്രഷ്‌ ആയിട്ടുള്ള പച്ചക്കറി ആയിരിക്കും ഞായർ വിഭവങ്ങളിൽ എന്നതായിരുന്നു ആശ്വാസം.
ശനിയാഴ്ച രാത്രിക്ക് വേറൊരു പ്രത്യേകത ഉണ്ടായിരുന്നു. ചന്തക്ക് പോവുന്നവർ തിരിച്ചെത്താൻ വൈകുന്നതുകൊണ്ട് അതുവരെ അന്തേവാസിനികൾക്ക് ടീവി കാണാനുള്ള അനുവാദമുണ്ട്. അടുത്ത ദിവസം അവധി ആയതുകൊണ്ട് ഞങ്ങളും ആ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. ചാനൽ കറക്കങ്ങളിൽ ആരോ വെച്ച പഴയ സിനിമയോ പാട്ടോ കണ്ട് വാചകമടിച്ചിരിക്കും കൂട്ടുകാരികളുമായി. ഉറക്കം വരുമ്പോൾ സഭ പിരിയും. അതും കഴിഞ്ഞാവും വാർഡനും സംഘവും ചന്തയിൽ നിന്നും വരുന്നത്.
ഒരു രാത്രി അങ്ങനെ ഏണിപ്പടികളിൽ പതിവുസല്ലാപവും പാട്ടുമായിരിക്കുമ്പോഴായിരുന്നു ചന്തക്ക് പോയവർ തിരിച്ചെത്തിയത്. പൂട്ടിയിട്ട വലിയ കവാടത്തിന് പുറത്ത് വണ്ടി വന്നു നിന്ന് ശബ്ദിച്ചപ്പോൾ ഞങ്ങളോടൊപ്പം സിനിമ കണ്ടിരുന്ന ജോലിക്കാരികൾ ധൃതിയിൽ ഓടിപ്പോയി തുറന്നു. വണ്ടിയിൽ നിന്നും വീഞ്ഞപ്പെട്ടികളിൽ പച്ചക്കറികൾ ഞങ്ങളുടെ അടുക്കളയിലേക്ക് കടത്തപ്പെട്ടു. മുന്നിലൂടെ കടന്നുപോയ പെട്ടിയിലെ ചീഞ്ഞ തക്കാളികളിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളം അവർ പോയ വഴിക്ക് അടയാളമിട്ടു കിടന്നു. അപ്പോഴാണ്‌ മറ്റുള്ള പെട്ടികളിലേക്ക് എത്തിനോക്കിയത്. വാടിയതും ചീഞ്ഞതുമായ പയറും ചീരയുമെല്ലാം ഞങ്ങളെ ദയനീയമായി നോക്കിക്കിടന്നു.

വ്യാഴാഴ്ച രാത്രി എത്തുന്ന പുതിയ പച്ചക്കറികൾക്ക് വഴിമാറുന്ന പഴയതിനെ ചുളുവിലയ്ക്ക് വാങ്ങിക്കൊണ്ടുവരാനാണ് ഓരോ ശനിയാഴ്ചയിലും അർദ്ധരാത്രി പോവുന്നത് എന്നതൊരു ഞെട്ടിപ്പിക്കുന്ന സത്യമായിരുന്നു. ആരോട് പരാതി പറയാനാണ്! ചോദ്യം ചെയ്താൽ നല്ലയിടം തേടി പൊയ്ക്കോളൂ എന്ന് യാതൊരു ദയയുമില്ലാതെ പറഞ്ഞുകളയും. അങ്ങനെയിറങ്ങിയാൽ ആ കട്ടിലിന് പിന്നെയും വിലകൂട്ടി അടുത്തയാളിനെ കയറ്റും. ഏതോ തമിഴ് സിനിമയിൽ പറയുന്നത് പോലെ, "ഇങ്കെ ഇതെല്ലാം സഹജമപ്പാ.."

അന്ന് ഉപേക്ഷിച്ചതാണ് തക്കാളിസാദം.