ചെന്നൈയിലെ ഹോസ്റ്റൽ വാസത്തെ ക്കുറിച്ച് പലപ്പോഴായി വിവരിച്ചിട്ടുണ്ട്. ഏറ്റവും സങ്കടമായി തോന്നിയിട്ടുള്ളത് അവിടുത്തെ ആഹാരമായിരുന്നു. മിക്ക ഹോസ്റ്റലുകളിലെയും പോലെ നല്ലൊരു തുക ഈടാക്കി, ഏറ്റവും കുറച്ചു ചെലവിട്ട് ഭക്ഷണമുണ്ടാക്കിത്തരാൻ ഞങ്ങളുടെ നല്ലവരായ അധികാരികളും ശ്രദ്ധിച്ചിരുന്നു. മഴ പെയ്ത പുഴയിലെ വെള്ളം പോലത്തെ ചായയും രസത്തിന്റെ രൂപഭംഗിയുള്ള സാമ്പാറും അതിലെ എകാലങ്കാരമായി വട്ടത്തിലരിഞ്ഞ മുള്ളങ്കിയുടെ വെള്ളിനാണയങ്ങളും പാതിവെന്ത ക്യാരറ്റ് കഷണങ്ങളുടെ മേൽ ചിരകുമ്പോൾ അറിയാതെ വീണുപോയ തേങ്ങയുടെ അംശമുള്ള തോരനും ഒക്കെ അതിന്റെ ഉദാഹരണങ്ങളായിരുന്നു.
ആകെയൊരു ആശ്വാസമായിട്ടുണ്ടായിരുന്നത് ഞായറാഴ്ച സ്പെഷ്യൽ തക്കാളിസാദമായിരുന്നു. അതിന് കാരണമുണ്ട്, ശനിയാഴ്ചയാണ് ഹോസ്റ്റൽ വാർഡനും സംഘവും അവരുടെ വലിയ വണ്ടിയിൽ ഏഷ്യയിലെത്തന്നെ വലിയ പച്ചക്കറി മൊത്തവ്യാപാരകേന്ദ്രമായ കോയംമേ ട് മാർകെറ്റിൽ പോവാറുള്ളത് എന്നതുകൊണ്ട് ഏറ്റവും ഫ്രഷ് ആയിട്ടുള്ള പച്ചക്കറി ആയിരിക്കും ഞായർ വിഭവങ്ങളിൽ എന്നതായിരുന്നു ആശ്വാസം.
ശനിയാഴ്ച രാത്രിക്ക് വേറൊരു പ്രത്യേകത ഉണ്ടായിരുന്നു. ചന്തക്ക് പോവുന്നവർ തിരിച്ചെത്താൻ വൈകുന്നതുകൊണ്ട് അതുവരെ അന്തേവാസിനികൾക്ക് ടീവി കാണാനുള്ള അനുവാദമുണ്ട്. അടുത്ത ദിവസം അവധി ആയതുകൊണ്ട് ഞങ്ങളും ആ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. ചാനൽ കറക്കങ്ങളിൽ ആരോ വെച്ച പഴയ സിനിമയോ പാട്ടോ കണ്ട് വാചകമടിച്ചിരിക്കും കൂട്ടുകാരികളുമായി. ഉറക്കം വരുമ്പോൾ സഭ പിരിയും. അതും കഴിഞ്ഞാവും വാർഡനും സംഘവും ചന്തയിൽ നിന്നും വരുന്നത്.
ഒരു രാത്രി അങ്ങനെ ഏണിപ്പടികളിൽ പതിവുസല്ലാപവും പാട്ടുമായിരിക്കുമ്പോഴായിരുന്നു ചന്തക്ക് പോയവർ തിരിച്ചെത്തിയത്. പൂട്ടിയിട്ട വലിയ കവാടത്തിന് പുറത്ത് വണ്ടി വന്നു നിന്ന് ശബ്ദിച്ചപ്പോൾ ഞങ്ങളോടൊപ്പം സിനിമ കണ്ടിരുന്ന ജോലിക്കാരികൾ ധൃതിയിൽ ഓടിപ്പോയി തുറന്നു. വണ്ടിയിൽ നിന്നും വീഞ്ഞപ്പെട്ടികളിൽ പച്ചക്കറികൾ ഞങ്ങളുടെ അടുക്കളയിലേക്ക് കടത്തപ്പെട്ടു. മുന്നിലൂടെ കടന്നുപോയ പെട്ടിയിലെ ചീഞ്ഞ തക്കാളികളിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളം അവർ പോയ വഴിക്ക് അടയാളമിട്ടു കിടന്നു. അപ്പോഴാണ് മറ്റുള്ള പെട്ടികളിലേക്ക് എത്തിനോക്കിയത്. വാടിയതും ചീഞ്ഞതുമായ പയറും ചീരയുമെല്ലാം ഞങ്ങളെ ദയനീയമായി നോക്കിക്കിടന്നു.
വ്യാഴാഴ്ച രാത്രി എത്തുന്ന പുതിയ പച്ചക്കറികൾക്ക് വഴിമാറുന്ന പഴയതിനെ ചുളുവിലയ്ക്ക് വാങ്ങിക്കൊണ്ടുവരാനാണ് ഓരോ ശനിയാഴ്ചയിലും അർദ്ധരാത്രി പോവുന്നത് എന്നതൊരു ഞെട്ടിപ്പിക്കുന്ന സത്യമായിരുന്നു. ആരോട് പരാതി പറയാനാണ്! ചോദ്യം ചെയ്താൽ നല്ലയിടം തേടി പൊയ്ക്കോളൂ എന്ന് യാതൊരു ദയയുമില്ലാതെ പറഞ്ഞുകളയും. അങ്ങനെയിറങ്ങിയാൽ ആ കട്ടിലിന് പിന്നെയും വിലകൂട്ടി അടുത്തയാളിനെ കയറ്റും. ഏതോ തമിഴ് സിനിമയിൽ പറയുന്നത് പോലെ, "ഇങ്കെ ഇതെല്ലാം സഹജമപ്പാ.."
അന്ന് ഉപേക്ഷിച്ചതാണ് തക്കാളിസാദം.
2 comments:
മനസ്സുവെറുത്താല്‍ മധുരവും കയ്പ്പായി മാറിടും...
സ്വാഭാവികം!
ആശംസകള്‍
എല്ലാവര്‍ക്കും ലാഭക്കൊതി മാത്രം
Post a Comment