About Me

My photo
A person who loves to read, write, sing and share thoughts.

Friday, July 12, 2013

ചില ആണ്‍ പെണ്‍ ചിന്താവിശേഷങ്ങൾ

ശങ്കരേട്ടന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകെ സംശയമാണ് തന്റെ ഭാര്യ സുമംഗല ഒരു ലെസ്ബിയൻ ആയോ എന്ന്! കുടുംബശ്രീയും അയൽക്കൂട്ടവുമൊക്കെയായി നടന്നുതുടങ്ങിയപ്പോഴേ ഉറപ്പിച്ചു അവളൊരു ഫെമിനിസ്റ്റ് ആയെന്ന് ! ഈ പുതിയ സംശയം തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നതെയുള്ളൂ..
 
നാട്ടിൻപുറത്തെ സാദാ റേഷൻകടക്കാരനെങ്ങനെ ഇത്തരം വാക്കുകളൊക്കെ പഠിച്ചു എന്നതിന് കടപ്പാട് പത്താം ക്ലാസ്സിന്റെ രണ്ടാംവർഷത്തിൽ ഇരുന്നൂറ്റി പന്ത്രണ്ടുമാർക്ക് ഒപ്പിച്ചെടുത്ത മുപ്പത്തഞ്ചു കഴിഞ്ഞ ക്രോണിക് ബാച്ചിലർ അയൽവാസി ഭാസിക്കുട്ടനുള്ളതാണ്. അവന്റെ അമ്മാവന്റെ മകന്റെ ഇന്റർനെറ്റ്‌ കഫെ ആണ് അവനെ സർവജ്ഞൻ ആക്കിയത്. പത്രങ്ങളിലോ ചാനലുകളിലോ വരാത്ത കാര്യങ്ങൾ വരെ ഫേസ്ബുക്കിൽ വരുമത്രേ! അവിടെ അവൻ "ഭാസ്" ആണ് ..
 
 അയലത്തെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയവന്റെ  കരണത്ത് ഒരെണ്ണം പൊട്ടിച്ച ദിവസമാണ് സുമംഗലേടത്തിക്ക് പ്രതികരണശേഷി കൈവന്ന കാര്യവും ഫെമിനിസ്റ്റ് ആവാനുള്ള എല്ലാ യോഗ്യതയും തെളിഞ്ഞുവരുന്നുണ്ടെന്നും അവൻ ശങ്കരേട്ടനെ അറിയിച്ചത്. ഒപ്പം ഫെമിനിസ്റ്റ് എന്നാലെന്തെന്ന് വ്യക്തമായി ക്ലാസ്സ്‌ എടുത്തുകൊടുത്തു. അതിനുശേഷം കറിക്ക് ഉപ്പുകൂടിയാലോ കുപ്പായം ഇസ്തിരിയിടാൻ മറന്നാലോ ഒന്നും ക്ഷുഭിതനാവാതിരിക്കാൻ ശങ്കരേട്ടനും ശ്രദ്ധിച്ചുതുടങ്ങി . ഈ ജാതി ആൾക്കാർ കുറച്ചു പേടിക്കേണ്ടവരാണെന്ന് 
ചില വാർത്തകളും അയാളെ പഠിപ്പിച്ചിരുന്നു.
 
ഓരോ വനിതാ സമ്മേളനം കഴിഞ്ഞ് വീട്ടിൽ കയറിയാലുടനെയുള്ള  രോഷപ്രകടനങ്ങളിൽനിന്നും മിക്കവരുടെയും പ്രശ്നങ്ങൾ ശങ്കരേട്ടൻ അറിയാറുണ്ട്.
"ഹും അവനെന്താ വിചാരിച്ചേ .. പെണ്ണെന്നാൽ എന്നും കാൽക്കീഴിൽ കിടക്കണം എന്നാണോ ? "
"ഇവനൊക്കെ ആ കൊച്ചിന്റെ കാര്യത്തിലെങ്കിലും അവളെ ഒന്ന് സഹായിച്ചാലെന്താ ? കല്യാണം കഴിഞ്ഞുവരുമ്പോ അവൾ കയ്യെപ്പിടിച്ചു കൊണ്ടുവന്നതൊന്നുമല്ലല്ലോ ആ കൊച്ചിനെ! ഹും "
 
ഇതൊക്കെയാണെങ്കിലും മീറ്റിങ്ങുകൾക്കും മറ്റും ഓടുന്നതിനിടയിലും ഭർത്താവിനുള്ളതെല്ലാം കൃത്യമായി എടുത്തു വെക്കുകയും സമയാസമയത്തിന് വിളിച്ച് ഓർമ്മിപ്പിക്കുകയും  എത്ര ക്ഷീണിതയാണെങ്കിലും രാത്രി ശങ്കരേട്ടന്റെ കാലിൽ തൈലം പുരട്ടി ചൂട് വെള്ളം അനത്തിക്കൊടുക്കുകയും ചെയ്തിരുന്നതിനാൽ ഭാര്യയുടെ ഫെമിനിസം അങ്ങേരെ ബാധിച്ചിരുന്നില്ല.
 
മാത്രമല്ല നാട്ടിലെ സൽസ്വഭാവികളായ ചുരുക്കം ചില പുരുഷന്മാരിൽ ഒരാളാണ് തന്റെ ഭർത്താവെന്ന് അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.  സ്വന്തം പറമ്പിലെ ചക്കയിടുന്നതിനിടയിൽ നെഞ്ചത്ത്‌ ചക്ക വീണു പരിക്കേറ്റ, നാട്ടിലെ സുന്ദരി രേവതിയെ തടവാൻ ഓടിക്കൂടിയവരുടെ കൂട്ടത്തിൽ തന്റെ പ്രിയതമൻ ഉണ്ടായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് അവർക്ക് ശങ്കരേട്ടനോട്‌ മതിപ്പുണ്ടായതാണ്. (അതിന് ശങ്കരേട്ടൻ രഹസ്യമായി നന്ദി പറയുന്നത് വാതരോഗത്തിനോടാണ്! )
  
പുതിയ സംശയം ഉണ്ടാവാൻ കാരണം ഈയിടെയായി സുമംഗല മിക്കവാറും അയലത്തെ രാധാമണിയുടെ വീട്ടിൽ രാപകലില്ലാതെ സന്ദർശിക്കുന്നു , പലപ്പോഴും രണ്ടുപേരും അകത്തുനിന്നും പൂട്ടിയ മുറിക്കുള്ളിൽ നേരം ചെലവിടുന്നു എന്നതൊക്കെയാണ്. രാധാമണിയുടെ ഭർത്താവ് വാരാന്ത്യത്തിൽ മാത്രം വീട്ടിലെത്തുന്നയാളാണ്.  ഒരു ദിവസം രാവിലെ രാധാമണിയുടെ മോന് വയ്യ ചെന്നന്വേഷിക്കട്ടെ എന്നും പറഞ്ഞു പോയവളായിരുന്നു. അയൽക്കാരല്ലെ .. ആണ്‍ തുണ ഇല്ലാത്തനേരത്ത് ഒരു സഹായമല്ലേ എന്നേ ഓർത്തുള്ളൂ... ഇതിപ്പോൾ ഇടയ്ക്കിടയ്ക്ക്  മതിലിങ്കൽ നിന്ന് കുശുകുശുക്കൽ .. രാധാമണിയുടെ മിസ്സ്‌ കാൾ വന്നാലുടനെ ഓടിപ്പോക്ക്.. വീട്ടിൽ മറ്റാരുമില്ലാത്തപ്പോൾ കതകടച്ചിരുന്നു സംസാരം!
 
 "ഇതിനെപ്പറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ വന്നിരുന്നു ശങ്കരേട്ടാ.. " എല്ലാം കേട്ടുകഴിഞ്ഞ് തെല്ലിട മൌനത്തിനുശേഷം ഭാസിക്കുട്ടൻ സംസാരിച്ചുതുടങ്ങിയത് ഇപ്രകാരമായിരുന്നു. സ്വവർഗ്ഗ പ്രേമത്തിന്റെയും രതിയുടെയും കഥകൾ തന്നെക്കാൾ പ്രായം കുറഞ്ഞ ചെറുക്കന്റെ വായിൽ നിന്ന് കേൾക്കേണ്ടിവന്നപ്പോൾ ശങ്കരേട്ടന് അറപ്പ് തോന്നി. അതിലേറെ സ്വന്തം ഭാര്യയെ അങ്ങനെ സങ്കൽപ്പിച്ചുനോക്കാനാവാതെ നേരത്തെ കടപൂട്ടി വീട്ടിലേക്കു നടക്കുകയും ചെയ്തു.
 
സാഹചര്യത്തെളിവുകൾ എതിരായി വരുംതോറും സംശയം അദ്ദേഹത്തിൻറെ മനസ്സിൽ, മന:പൂർവ്വം മുരടിപ്പിച്ച ഒരു  ബോണ്‍സായി വൃക്ഷമായി. ഉണ്ണാനാവാതെ, ഉറങ്ങാനാവാതെ, കടയിലെ കണക്കുകൾക്കൊപ്പം മനസിലേതും തെറ്റിച്ചും വീണ്ടും കൂട്ടിയും കുറച്ചും ശങ്കരേട്ടൻ ആശയക്കുഴപ്പത്തിലായി. വന്നുവന്ന് സംശയാസ്പദമായി കണ്ടകാര്യങ്ങൾ ഭാസിക്കുട്ടനോട് പറയാനും മടിയായിത്തുടങ്ങി. കാരണം ശങ്കരേട്ടനിലും മുന്നേ 'ഇതതുതന്നെ സംഭവം' എന്ന് ഉറപ്പിച്ചത് അവനായിരുന്നതുകൊണ്ട് അതവൻ നാട്ടിൽ പാട്ടാക്കിയാലോ എന്നും അയാൾ ഭയന്നു.
 
ഒരിക്കൽ രണ്ടും കല്പ്പിച്ചു ഭാര്യയോട്‌ ചോദിക്കാൻ മുതിർന്നതായിരുന്നു. തലേന്ന് റേഷൻ കടയുടെ തൊട്ടടുത്ത കടമുറിയിൽ കുടുംബശ്രീക്കാര് തുടങ്ങിയ പച്ചക്കറിക്കടയുടെ ഉദ്ഘാടനത്തിന് മുഖത്ത് ഇരച്ചുകയറിയ രക്തത്തുടിപ്പോടെ സുമംഗല പ്രസംഗിച്ച കടിച്ചാൽ പൊട്ടാത്ത വാക്കുകളൊക്കെക്കൂടി  മനസ്സിൽ കയറി അയാളുടെ ധൈര്യത്തെ തല്ലിക്കെടുത്തിക്കളഞ്ഞു.
 
 
"നീയെന്തിനാ സുമം ഇടയ്ക്കിടെ ഇങ്ങനെ അങ്ങോട്ടോടുന്നെ?"
എങ്കിലും കഴിഞ്ഞദിവസം രാത്രി അത്താഴത്തിനു മുന്നിലിരിക്കുമ്പോൾ രാധാമണിയുടെ വിളി വന്നു ഇറങ്ങിയോടുന്നതിനിടയിൽ അയാളുറക്കെ ചോദിക്കുകതന്നെ ചെയ്തു.
 
"അവടെ കൊച്ചിന് മേലാഞ്ഞിട്ടാ.. ഞാനെത്ര തവണ പറയും..! അതിനെന്തോ പേടി തട്ടിയിട്ടുണ്ടെന്നാ തോന്നുന്നേ.. രാത്രിയൊക്കെ പിച്ചും പേയും പറയുവാ.. അവടെ കെട്ട്യോൻ ഇന്ന് വരും നാളെ വരുമെന്ന് പറയുമെന്നല്ലാതെ തിരിഞ്ഞു നോക്കുന്നില്ല! "
 
എന്നാലും അതുമാത്രമല്ല കാര്യമെന്ന് ഭാസിക്കുട്ടൻ അഭിപ്രായപ്പെടുമ്പോൾ മറുത്തൊന്നും പറയാൻ നിന്നില്ലെങ്കിലും അയാളുടെ മനസിലും ആ തോന്നൽ കൂടിക്കൊണ്ടേയിരുന്നു. എങ്കിലും ഈ പത്തു പതിനെട്ടുവർഷം കൂടെ ജീവിച്ച് രണ്ടുകൊച്ചുങ്ങളെയും പെറ്റ അവൾക്കങ്ങനെയൊരു മാറ്റം പെട്ടെന്നുണ്ടാവുമോ ?
 
"ങാ ഇന്നത്തെ കാലത്ത് അതും ഉണ്ട് ശങ്കരേട്ടാ... അതായത്....  "
 
ഭാസിക്കുട്ടന്റെ ചലനാത്മകമായ വിശദീകരണങ്ങൾ  മനസിനകത്തേക്ക് കടക്കാതെ, സന്ധ്യനേരത്തെ കൊതുകിൻ കൂട്ടത്തെ പോലെ അയാളുടെ തലയ്ക്കു ചുറ്റും മൂളിപ്പറന്നുകൊണ്ടിരുന്നു.
 
വെള്ളിയാഴ്ച രാത്രി ഇടക്കെപ്പോഴോ ഉണർന്നപ്പോൾ സുമംഗല അടുത്തില്ലെന്ന സത്യം പിന്നീടങ്ങോട്ടുള്ള ഓരോ ഉറക്കത്തെയും കെടുത്താൻ പോന്നതാണെന്ന്ശങ്കരേട്ടൻ മനസിലാക്കി. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. ഇനിയും ഇത്തരം പ്രകൃതിവിരുദ്ധനടപടികൾക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട്‌ കാര്യമില്ല.
 
അടുത്ത രാത്രി ഭാസിക്കുട്ടനെയും കൂട്ടുപിടിച്ച് അയാൾ ഉറങ്ങാതിരുന്നു. പതിനൊന്നരക്ക് വന്ന മിസ്സ്‌ കാളിനെ തുടർന്ന് സുമംഗല ഇരുട്ടത്ത് കതകുതുറന്നു പുറത്തിറങ്ങി, രാധാമണി ഇരുളിൽ അടുക്കള വാതിൽക്കൽ അവളെ കാത്തു നില്ക്കുന്നത് തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവർ രണ്ടുപേരും കണ്ടു.
 
"ഇന്നിവളെ ഞാൻ..." മുന്നോട്ടാഞ്ഞ ശങ്കരേട്ടനെ പിടിച്ചിരുത്തി കുറച്ചുകൂടെ ക്ഷമിക്കാൻ ഭാസിക്കുട്ടൻ  ആംഗ്യം കാട്ടി.
 
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല, രാധാമണിയുടെ വീടിനകത്ത് നിന്നും ഒരു പുരുഷന്റെ ദീനരോദനം കേട്ട് പുറത്തുനിന്ന രണ്ടുപേരും ഞെട്ടി എഴുന്നേറ്റു. എന്താണെന്ന് മനസിലാവാതെ വീടിനുചുറ്റും ഓടിക്കൂടിയവരുടെ  മുന്നിലേക്ക്‌ വെളിച്ചം തുപ്പിക്കൊണ്ട് പോലീസ് ജീപ്പ് വന്നു നിന്നു. വാതിൽ തുറന്നു നാടകീയമായി ഇറങ്ങിവരുന്ന സുമംഗലയെയും കുഞ്ഞിനെ നെഞ്ചോട്‌ ചേർത്തുപിടിച്ച രാധാമണിയേയും മാറിമാറി നോക്കി മിഴിച്ചുനിൽക്കുമ്പോൾ പോലീസുകാർ അവരെ ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കടന്നു.
 
കയ്യും വായും കെട്ടിയിട്ട അവസ്ഥയിൽ രാധാമണിയുടെ ഭർത്താവ് ഉത്തമനെ പിടിച്ചുകൊണ്ട് പോലീസ് ഇറങ്ങിവന്നു.
 
"വൃത്തികേട് കാണിക്കാൻ നിനക്കൊക്കെ സ്വന്തം മോനെ കിട്ടിയുള്ളോടാ ---------- " ഒപ്പം അടിയുടെ ശബ്ദവും!
 
"ഇവനെ ഒന്ന് പിടിക്കാൻ ഞങ്ങള് പെട്ട പാട്! ഞാനെന്റെ കെട്ട്യോനോട് പോലും പറയാതെയാ സാറേ വലയും വിരിച്ചിരുന്നത് !" സുമംഗലയുടെ ദീർഘനിശ്വാസത്തിനുമുന്നിൽ സ്വയം ചെറുതായിപ്പോവുന്നതായി തോന്നിയ ശങ്കരേട്ടൻ തിരിഞ്ഞുനോക്കിയപ്പോൾ ഭാസിക്കുട്ടൻ അടുത്തുണ്ടായിരുന്നില്ല.
 
"അങ്ങേർക്ക് എന്നോട് താല്പര്യമില്ലാതായപ്പോ വേറെ എന്തോ ബന്ധമുണ്ടെന്നാ ഞാൻ കരുതിയെ.. പിന്നെയാ അറിഞ്ഞേ, ഞാനുറങ്ങുന്ന നേരത്ത് അയാളെന്റെ മോനെ...  മോന് വയ്യാതായപ്പോ സുമംഗലചേച്ചിയാ എനിക്കിത്രയും ധൈര്യം തന്നതും കൂടെ നിന്നതും ... " രാധാമണിയുടെ കണ്ണീരിൽ കുതിർന്ന  പരിവേദനങ്ങൾ കേൾക്കാൻ അപ്പോഴേക്കും അയൽക്കാർ സമ്മേളിച്ചിരുന്നു.
 
ബഹളങ്ങൾ അവസാനിച്ച് മുറിയിലെത്തിയപ്പോഴേക്കും നേരം പുലരാറായിരുന്നു. ശങ്കരേട്ടന് സുമത്തിനെ ചേർത്തുപിടിച്ച് എന്തൊക്കെയോ പറയണമെന്ന് തോന്നിയെങ്കിലും വികാരത്തള്ളിച്ചയിൽ ഒരുവാക്കും പുറത്തുവന്നില്ല.
അടുത്തുകിടക്കുന്നവളെ ആദ്യമായി കാണുന്നതുപോലെ തോന്നി അയാൾക്ക്. സുമംഗല പതിവുപോലെ അയാളെ വട്ടം പിടിച്ച് അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു.   
"എന്നും തൈലം തേച്ചിട്ടും വേദന മാറിയില്ലേ.. ആ കാലെടുത്തെന്റെ പുറത്തിട്ടാലേ എനിക്കുറക്കം വരൂന്ന് അറിയത്തില്ലേ? "

(ഇ-മഷി ഓണ്‍ലൈൻ മാഗസിനിൽ ജൂലൈ ലക്കത്തിൽ വന്നത്)

Wednesday, July 10, 2013

ശിവസന്നിധിയിൽ ശിവകാമി

കൊല്ലൂർ ശ്രീ മുകാംബികാ ക്ഷേത്രദർശനത്തെതുടർന്ന് പരിസര പ്രദേശത്തുള്ള ക്ഷേത്രങ്ങളെ കുറിച്ച് ചിന്തിച്ചപ്പോഴായിരുന്നു മുരുദേശ്വർ മനസിലെത്തിയതും ആ സായാഹ്നത്തിൽ അവിടേക്ക് തിരിച്ചതും.  

കൊല്ലൂരിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റർ മാത്രം അകലേയ്ക്കുള്ള യാത്രക്ക് സുഖം പകർന്നത് ഇഷ്ടഗാനങ്ങളും മനോഹരമായ വഴിയോരക്കാഴ്ച്ചകളും തന്നെ. ഇരുവശത്തും തിങ്ങിനില്ക്കുന്ന പച്ചപ്പ്‌.. ഇടക്ക് ചിലയിടങ്ങളിൽ നിന്നും നോക്കുമ്പോൾ ദൂരെ അറബിക്കടൽ ഇളം നീല സാരിപുതച്ചു കിടക്കുന്നത് കാണാം.. ഇടയ്ക്കിടെ ജനാലചില്ലിൽ കുഞ്ഞുസുതാര്യമണികൾ അവശേഷിപ്പിച്ച് പോവുന്ന മഴ.. തണുത്ത കാറ്റ്..!!

ഏകദേശം സന്ധ്യയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്. ഏഷ്യയിലെ തന്നെ ഉയരം കൊണ്ട് രണ്ടാം സ്ഥാനത്തുള്ള ശിവ പ്രതിമ ആണത്രേ ഇവിടെയുള്ളത്. ഒപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖക്ഷേത്രങ്ങളുടെ രൂപസാദൃശ്യമുള്ള ഒരു അമ്പലവും അവിടെയുണ്ട്.  സുന്ദരമാകുമായിരുന്ന ഒരു അസ്തമയദൃശ്യം മേഘങ്ങൾ തടസ്സപ്പെടുത്തുമല്ലോയെന്ന് തെല്ലുനിരാശപ്പെട്ടെങ്കിലും  തണുത്ത കാറ്റുകൊണ്ട്‌ മനം കുളിർപ്പിച്ച് മഹാദേവ പ്രതിമയിലേക്കുള്ള പടികൾ കയറി..


മറ്റെങ്ങും കണ്ടിട്ടില്ലാത്തത്ര പൌരുഷമാണ് ഈ ശിവനിൽ എനിക്ക് തോന്നിയ ആദ്യത്തെ ആകർഷണീയത. മൂന്നു ചുറ്റിനും പരന്നുകിടക്കുന്ന കടലിന്റെ അക്കരെവരെ എത്തും ഞങ്ങളെന്ന് വിളിച്ചോതുന്ന തീക്ഷ്ണമിഴികൾ!
ബോളിവുഡ് / ഹോളിവുഡ് താരങ്ങളെ തോല്പ്പിക്കുന്ന ഉടൽ! പുലിത്തോലും, തിരുജടയുടെ ഇടയിലൂടെ തലനീട്ടുന്ന നാഗമുഖവുമൊക്കെ നോക്കി നിന്നപ്പോൾ അറിയാതെ ശിൽപ്പിയെ സ്തുതിച്ചുപോയി, വളരെ ചെറിയ കാര്യങ്ങൾ പോലും എത്ര ശ്രദ്ധയോടെ ചെയ്തിരിക്കുന്നു !!

ശിവപ്രതിമക്ക് താഴെയായി ഒരു ഗുഹ ഉണ്ടാക്കിയിരിക്കുന്നു. അതിനുള്ളിലേക്ക്‌ പ്രവേശനം ടിക്കറ്റ്‌ എടുത്താണ്. ഇടുങ്ങിയ ആ ഗുഹക്കുള്ളിൽ ഒരു വശത്ത്‌ മുരുദേശ്വരന്റെ ഐതിഹ്യം ശില്പങ്ങളായി ചുറ്റിലും ഉണ്ടാക്കിവെച്ചിരിക്കുന്നു , ഒപ്പം കന്നടത്തിൽ ഉള്ള വിവരണം സ്പീക്കറിൽ കൂടി കേള്ക്കുകയും ചെയ്യാം.

പണ്ട് ശിവന്റെ എല്ലാ ശക്തിയും അടങ്ങിയ ആത്മലിംഗത്തിനായി രാവണൻ തപസ്സിരുന്നു. വരം കൊടുത്താൽ പ്രശ്നമാകുമെന്ന് മനസിലാക്കിയ ശിവൻ, ഒരു ഉപാധിയോടെ അനുഗ്രഹിച്ചുവത്രേ. അതായത് വരപ്രസാദം ഒരിക്കലും താഴെ വെക്കരുത്, വെച്ചാൽ അതിന്റെ ശക്തി ഇല്ലാതാവും. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഗണപതി ബ്രാഹ്മണകുമാരനായി പ്രത്യക്ഷപ്പെട്ടു. നിലത്തുവെക്കരുത് എന്ന വ്യവസ്ഥയിൽ കുട്ടിയെ ഏല്പ്പിച്ചു സന്ധ്യാവന്ദനത്തിനു പോവുന്ന രാവണൻ തിരിച്ചുവരുന്നതിനു മുൻപേ കുട്ടി താഴെ വെക്കുകയും അത് ഭൂമിയിൽ ഉറച്ചുപോവുകയും ചെയ്തു. ദേവന്മാരുടെ ചതി ആണെന്ന് മനസിലാക്കിയ രാവണൻ കോപിഷ്ടനായി മണ്ണിലുറച്ച ശിവലിംഗം പിഴുതെടുക്കാൻ ശ്രമിക്കുകയും അത് പൊട്ടി നാലുപാടും തെറിച്ചു വീഴുകയും ചെയ്തുവത്രേ. ആ സ്ഥലങ്ങളിലൊക്കെ പില്ക്കാലത്ത് ശിവക്ഷേത്രങ്ങൾ ഉണ്ടായി.

ഈ കഥ ഞാൻ വിശദമായി വായിച്ചത് യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷമാണ്. പക്ഷെ അവിടെ ആ ഉയരത്തിൽ നിൽക്കുമ്പോൾ, ചുറ്റിലും തിരയിരമ്പുന്ന കടൽ കാണുമ്പോൾ മനസ് വല്ലാതെ നിറഞ്ഞുകവിയും. ഭക്തിക്കും മേലെയായി, ചിന്തകൾക്കെല്ലാം അതീതമായി തികച്ചും ശൂന്യമായി മനസെത്തുന്ന ഒരവസ്ഥ! ക്ഷേത്ര ദർശനത്തിനു വന്നവരും, കടലിൽ തിമിർക്കുന്നവരും ഒക്കെ ചുറ്റിലും ഉണ്ടെങ്കിലും അതിലും മുകളിലായി... തികച്ചും ശാന്തമായ ഒന്ന്!

സന്ധ്യാനേരവും ചാറ്റൽ മഴയുമാവണം കടൽക്കരയിലെ തിരക്ക് കുറച്ചത്. കുഞ്ഞുങ്ങളെ തിരകളോട് സല്ലപിക്കാൻ വിട്ട് വെറുതെ നിന്നു. കുറച്ചകലെ ശിവൻ എന്നെത്തന്നെ നോക്കിയിരിക്കുന്നുവെന്ന് തോന്നി. കണ്ണുകളിലെ ഭാവം തിരിച്ചറിയാൻ ബുദ്ധിമുട്ടുതന്നെ. ഹിന്ദു മിത്തോളജിയിൽ പുരുഷൻ എന്നാൽ ശിവനാണ്. ശിവനും ശക്തിയും.. പുരുഷനും പ്രകൃതിയും..  ശിവപാർവതിമാരുടെ അർദ്ധനാരീശ്വര സങ്കല്പം എത്ര മഹത്താണ്! പങ്കാളിയെ സ്വന്തം പാതിയായി അലിയിച്ചു ചേർത്ത, നീയും കൂടി ചേർന്നാലേ ഞാൻ പൂർണനാവൂ എന്ന് പറയാതെ പറയുന്ന പുരുഷനെ ഏതു ഫെമിനിസ്റ്റും ഇഷ്ടപ്പെട്ടുപോവും. അതിൽ കൂടുതൽ സമത്വമെന്തിനാണ്?!

സിക്സ് പായ്ക്ക് ശിവനോട് യാത്രപറഞ്ഞ്‌ ഇറങ്ങി കുറെ നേരം കൂടി  കടൽക്കരയിൽ ചെലവിട്ട് മടങ്ങുമ്പോൾ പുതിയൊരൂർജം മനസ്സിൽ നിറഞ്ഞിരുന്നു.

---------------

പിൻകുറിപ്പ്‌ :  ഇത് ഒരു പൂർണ്ണമായ യാത്രാവിവരണമല്ല. മുരുദേശ്വർ എന്ന പ്രദേശത്തെ എന്നെ സ്പർശിച്ച ചില കാഴ്ചകളുടെയും,  ഉണർത്തിയ ചിന്തകളുടെയും പങ്കുവെക്കൽ മാത്രമാണ്.