About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, November 30, 2016

അമ്മയോർമ്മകൾ

അമ്മ കുറേനാൾ വീട്ടിൽ തനിച്ചായിരുന്നു. ഏഴാമത്തവളായ ഞാനും കൂടി ആ വീടുവിട്ടിറങ്ങിയപ്പോൾ അമ്മക്ക് ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാതായി. നിലക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കാറുള്ള ടീവിയിലെ കാഴ്ചകളിൽ മനസുടക്കാതെ, കോഡ്‌ലെസ്സ് ഫോൺ അരികിൽ വെച്ച് അമ്മ കാത്തിരുന്നു. ആദ്യമണിനാദത്തിൽത്തന്നെ ബട്ടണമർത്തി "മക്കളേ" എന്ന് തുടങ്ങി. കിണറ്റുകരയിൽ നട്ട വെള്ളചെമ്പരത്തി പൂത്ത കഥ പറഞ്ഞു. ചുക്രുമണിചീരയും മുട്ടയും ചേർത്ത തോരന്റെ രുചി പകർത്തി. അയലത്തെ ജനനവും മരണവും കല്യാണവും വിശേഷമായി. പിന്നെ നേരം പോയതറിഞ്ഞില്ലെന്ന് എന്റെ ഏറുന്ന ടെലിഫോൺ ബില്ലിനെപ്പറ്റി വേവലാതിപൂണ്ട് ഫോൺ കട്ട് ചെയ്തു.

അമ്മയോട് സംസാരിക്കാറുള്ള കാമാക്ഷി അഗ്രഹാരങ്ങളിലെ പണികഴിഞ്ഞു വരുന്നവഴി വല്ലപ്പോഴും കയറിയാലായി. മക്കൾ വിളിച്ചതും കൊച്ചുമക്കൾ അമ്മുമ്മയോട് സംസാരിച്ചതും പറഞ്ഞുകേൾപ്പിക്കുമ്പോൾ കാമാക്ഷി ബോറടിച്ചിരുന്ന് തല ചൊറിയും. പിന്നെ പാതി മൂളിയും മൂളാതെയും എഴുന്നേറ്റ് നടക്കും. ആരെങ്കിലും വീട്ടിൽ വന്നാൽ അവരോട് അമ്മ വാതോരാതെ സംസാരിക്കുന്നത് തടയണ തുറന്നുവിട്ടതുപോലെയായിരുന്നു.
.
ആരെയും ബുദ്ധിമുട്ടിക്കരുതെന്ന അമ്മയുടെ നിശ്ചയദാർഢ്യം കുറച്ചൊന്നുമല്ല ഞങ്ങളെ കുഴപ്പിച്ചത്. തനിച്ചുകഴിയുന്ന കാലത്ത് ഒരിക്കൽ കാൽ തെറ്റിവീണ് എഴുന്നേൽക്കാൻ വയ്യാതെ ഉറക്കെ വിളിച്ചത് കേട്ട അയൽക്കാരാണ് ഞങ്ങളെ വിവരമറിയിച്ചത്. അന്ന് പിടിച്ചപിടിയാലേ കൂടെ കൂട്ടുകയായിരുന്നു ചേച്ചി. അസുഖം മാറി തിരികെ പോവണമെന്ന് ശാഠ്യം പിടിച്ചെങ്കിലും ആരും സമ്മതിച്ചില്ല. പിന്നീടാണ് രോഗബാധിതയായതും ചേച്ചിയുടെ ശുശ്രൂഷയിൽ കഴിഞ്ഞതും മാസങ്ങൾക്കൊടുവിൽ ഒരുനാൾ വിളികേൾക്കാൻ പോലും കഴിയാത്തിടത്തേക്ക് തനിച്ചു യാത്രയായതും.
അസുഖം മൂർച്‌ഛിച്ച കാലത്ത് ഓർമ്മകൾ ഇടയ്ക്കിടെ പിണങ്ങിനിന്നു അമ്മയോട്. നല്ലകാലത്ത് മനസ്സിൽ കരുതിയതൊന്നും പറയാൻ കഴിയാതെ പോയതുകൊണ്ടാവാം, ഭൂതകാലത്തിന്റെ ഇടനാഴികളിൽ ഇടറി നടക്കുകയും ഇടയ്ക്കിടെ സ്വബോധത്തിന്റെ പടികൾ വേഗത്തിൽ കയറുകയും ചെയ്യുമ്പോഴൊക്കെ അമ്മ ആരുടെയൊക്കെയോ പേര് വിളിച്ചു ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നത്. ആരെയൊക്കെയോ ശാസിക്കുകയും ആർക്കൊക്കെയോ ഉപദേശം നൽകുകയും ചെയ്തത്!

ഈയിടെ നാട്ടിലെ പരദൂഷണസഭകളിൽ കഥകൾ മെനയാനിഷ്ടമുള്ള ആരോ പറഞ്ഞുവത്രേ ഏഴു പെൺകുട്ടികളുണ്ടായിട്ടെന്താ ആയമ്മ വൃദ്ധസദനത്തിൽ കിടന്നല്ലേ മരിച്ചത് എന്ന്! സത്യത്തിൽ ആദ്യം ചിരിയാണ് വന്നത്. പിന്നീട് വിഷമവും.
ഒടുവിൽ ഇങ്ങനെ ചിന്തിച്ചു.. പാവം.. അങ്ങനെ ഒരിടത്തായിരുന്നെങ്കിൽ ഇത്രയും ഭീകരമായ ഏകാന്തത അനുഭവിച്ചിട്ടുണ്ടാവില്ല.
സമപ്രായക്കാരുടെ ഇടയിലായിരുന്നെങ്കിൽ അവരൊരുപാട് കഥകൾ പറഞ്ഞിരുന്നേനെ.
മക്കളുടെ കുട്ടിക്കാലത്തെ കുസൃതികളും തൊഴിലിടങ്ങളിലെ തമാശകളും പരസ്പരം അയവിറക്കിയേനെ ..
പ്രേം നസീറിനെ പോലെ പിന്നാലെ നടന്നു പാടിയതും ഷീലയെ പോലെ വെട്ടിത്തിരിഞ്ഞു നടന്നതും ഓർത്തോർത്തു ചിരിച്ചേനെ..

Thursday, October 27, 2016

അടുക്കളയെക്കുറിച്ചോർക്കുകയായിരുന്നു


അമ്മ അടുക്കളയിൽ അധികനേരം ചെലവിടുന്നത് കണ്ടിട്ടേയില്ല. ഞാനുണർന്നുവരുമ്പോൾ ഏതെങ്കിലും സാരി രണ്ടു നിമിഷം കൊണ്ട് വാരിചുറ്റി, അടുക്കളയിൽ ചേച്ചി എടുത്തുവെച്ച ദോശ ചമ്മന്തി മുക്കി ഒരു വായ കഴിച്ചുവെന്ന് വരുത്തി കാപ്പി രണ്ടു കവിൾ കുടിച്ചുകൊണ്ട് ഏഴഞ്ചിന്റെ ബസ് പിടിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും അമ്മ.
വൈകിട്ട് ഏഴരേടെ ബസിൽ തിരിച്ചെത്തുമ്പോഴേക്കും ചേച്ചിമാർ അത്താഴമൊരുക്കിയിട്ടുണ്ടാവും. അന്നൊക്കെ എനിക്ക് അടുക്കളയിൽ കയറ്റം വളരെ കുറവായിരുന്നു. മുതിർന്നപ്പോഴും കൂടുതലും വീടും മുറ്റവും അടിച്ചുവാരലും മറ്റുമായിരുന്നു എന്റെ പണികൾ.

വാരാന്ത്യത്തിലെ വിരുന്നുകാരിയാവുമ്പോൾ അമ്മയും ജോലിയിൽ നിന്ന് വിരമിച്ചു അടുക്കളയുമായി കൂടുതൽ സഖ്യത്തിലായി. എനിക്കിഷ്ടപ്പെട്ടത് ഉണ്ടാക്കിത്തരാനും തിരിച്ചു ഹോസ്റ്റലിലേക്ക് പോവുമ്പോൾ പലതരം അച്ചാറുകളും പലഹാരങ്ങളും എന്റെ ബാഗിൽ നിറക്കാനും അമ്മ ഉത്സാഹിച്ചു.

പിന്നെ  വീട്ടിലുള്ള സമയങ്ങളിൽ വാതം തളർത്താൻ തുടങ്ങിയ അമ്മയെ ബുദ്ധിമുട്ടിക്കാതെ പാചകം ഏറ്റെടുത്തു. എന്നാലും അടുക്കളയോടും പാചകത്തോടുമൊന്നും വലിയ പ്രിയം തോന്നിയിട്ടില്ല. ഇന്നും ഭക്ഷണപ്രിയർക്ക് വെച്ചുവിളമ്പാൻ ഇഷ്ടമാണെങ്കിലും എത്രയും പെട്ടെന്ന് പണി തീർത്തു പുറത്തുചാടാനാണ് താല്പര്യം.

പിന്നെ കിട്ടിയ അമ്മക്ക് അടുക്കളയാണ് സാമ്രാജ്യം!
ഒരുപാടംഗങ്ങളുള്ള തറവാട്ടിലെ അടുക്കളയെ അടക്കിവാണ ഒരു മഹിളയാണവർ. പാചകം തന്നെയമൃതം പാചകം തന്നെ ജീവിതം എന്ന് പറയുന്നതുപോലെയാണ്. പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഉച്ചക്കുള്ള കറിയെ കുറിച്ചാവും അന്വേഷണം. ഉച്ചക്കാണെങ്കിലോ, നാലുമണിപലഹാരത്തിന് എന്താ മോളെ ഉണ്ടാക്കുന്നത് എന്നും! സ്വർണ്ണമോ പട്ടുസാരിയോ കൊടുക്കുന്നതിനേക്കാൾ ഒരു അടുക്കള അമ്മക്കായി എഴുതിക്കൊടുത്താൽ മതി സ്വർഗ്ഗതുല്യമാണ് എന്ന് ഞങ്ങൾ ആ പാവത്തിനെ കളിയാക്കും.

പങ്കാളികൾ രണ്ടുപേരും ജോലിക്കുപോവുന്ന വീടുകളിൽ രണ്ടടുക്കള ആയാലെന്താണെന്ന ലേഖനം വായിച്ചു. ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും അവരവർക്ക് ഇഷ്ടമുള്ളതെന്തും തനിയെ വെച്ചുണ്ടാക്കി കഴിക്കാം എന്ന്. അങ്ങനെയാകുമ്പോൾ കുടുംബം എന്ന വാക്കിനുതന്നെ അർത്ഥമില്ലാതായിപ്പോവില്ലേ? പരസ്പരം സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യുന്നതുപോലെയല്ല, ഓരോരുത്തരും അവരവരുടെ ഇഷ്ടം പോലെ വെച്ചുണ്ടാക്കി കഴിക്കുന്നത്. അതിന് വെറും വീട് പങ്കിടൽ എന്ന അർത്ഥമേ വരൂ.

പണ്ട് ഞങ്ങൾ അമ്മയും മക്കളും എല്ലാ രാത്രിയും ഒരുമിച്ച് ഒരു മേശക്ക് ചുറ്റുമിരുന്ന് അന്നത്തെ വിശേഷങ്ങൾ പറഞ്ഞായിരുന്നു അത്താഴമുണ്ടിരുന്നത്. അവധി ദിവസങ്ങളിലാണെങ്കിൽ മൂന്നുനേരവും അങ്ങനെതന്നെ. അന്ന് ഇഷ്ടങ്ങൾക്ക് ഓപ്‌ഷൻസ് ഇല്ല. എന്തുണ്ടാക്കുന്നോ അതെല്ലാവരും കഴിച്ചിരിക്കും. മിക്കവാറും രാത്രികളിൽ അച്ഛനുള്ളപ്പോഴെ തുടർന്നുവന്ന കഞ്ഞിയും പയറുതോരനും തന്നെയാവും. അന്ന് കഞ്ഞി കുടിക്കാനിഷ്ടമില്ലാതിരുന്ന എന്നെ അന്നത്തെ എന്റെ പ്രിയനായിക അംബികക്ക് കഞ്ഞി കുടിക്കാനാണിഷ്ടമെന്ന് ഏതോ മാസികയിൽ കണ്ടെന്ന് പറഞ്ഞാണ് കുടിപ്പിച്ചിരുന്നത്. പാവം ഞാൻ, അത് വിശ്വസിച്ചു കഴിച്ചുതുടങ്ങിയതുകൊണ്ട് എന്തായാലും അത്രയും സ്വാദിഷ്ടമായ ഭക്ഷണം മിസ്സായില്ല.   

എല്ലാവരുമൊത്തിരുന്ന് ഒരുനേരമെങ്കിലും ഭക്ഷണം കഴിക്കണമെന്ന പതിവ്  ഇന്നും തുടരാൻ ശ്രമിക്കാറുണ്ട് പരമാവധി. അവധിദിവസമാണെങ്കിൽ അടുത്ത ചങ്ങാതിമാരുടെ കുടുംബവും അവരുണ്ടാക്കിയതും എടുത്തോണ്ടിങ്ങു പോരും. രുചിഭേദങ്ങളുമായി വിഭവസമൃദ്ധം!
ഉണ്ടാക്കിയത് ഇഷ്ടമല്ല എന്ന് പറഞ്ഞുതുടങ്ങുന്ന മക്കൾസിനോട്  എന്റെ തന്ത്രം ഇത്രേയുള്ളൂ, നിങ്ങൾക്കിഷ്ടമുള്ളത് ഇന്നുതന്നെ ഉണ്ടാക്കിത്തരാം, എന്നാലും എന്റെയൊരു സന്തോഷത്തിന് ഞാനിപ്പോൾ ഉണ്ടാക്കിയത് ഒരിത്തിരി കഴിക്കണം. ''അമ്മ പാവം കഷ്ടപ്പെട്ടുണ്ടാക്കീതല്ലേ?' എന്ന അച്ഛന്റെ ഡയലോഗും കൂടിയാവുമ്പോൾ മനസില്ലാമനസോടെയാണെങ്കിലും വിശേഷമൊക്കെ പറഞ്ഞിരുന്ന് കുറച്ചു കഴിക്കും.
കൂടുമ്പോൾ തന്നെയല്ലേ ഇമ്പമുണ്ടാവുന്നത്?

Sunday, July 31, 2016

സൈക്കിൾ


സൈക്കിളോടിക്കാൻ എനിക്കറിയില്ല.
കുഞ്ഞുന്നാളിൽ ഒരു മുച്ചക്രവണ്ടി പോലും എനിക്കുണ്ടായിട്ടില്ല.
ആശ തോന്നാനും മാത്രം അത് അന്നൊന്നും കണ്ടതായും ഓർക്കുന്നില്ല.
എന്നാൽ അറവുശാലയിൽ തോലുരിയപ്പെട്ട് തൂങ്ങികിടക്കുന്ന ആടിനെ പോലെ പല രൂപത്തിൽ വികലാംഗരായ സൈക്കിളുകളെ കണ്ടിട്ടുണ്ട് വീടിനടുത്തുള്ള കൃഷ്ണേട്ടന്റെ കടയിൽ. അവിടെ കൃഷ്ണേട്ടനോടൊപ്പം അനന്തിരവൻ രാമകൃഷ്‌ണേട്ടനും ഉണ്ടാവാറുണ്ട്. അടുത്തുള്ള പലചരക്കുകടയിലേക്കോ മറ്റോ പോവുമ്പോൾ 'ഊണ് കഴിച്ചുവോ മഞ്ജുകുട്ട്യേ... ന്താ കൂട്ടാൻ?' എന്നൊക്കെ വാത്സല്യത്തോടെ കുശലം ചോദിക്കുമായിരുന്നു അവർ.
രാമകൃഷ്‌ണേട്ടന്റെ ടേപ്പ് റിക്കോർഡർ ആയിരുന്നു പുതിയ മലയാളം - തമിഴ് പാട്ടുകൾ കേൾക്കാനുള്ള ഏക ഉപാധി എന്നതിനാൽ അടുക്കളമുറ്റത്തെ മാവിന്റെ ചാഞ്ഞ കൊമ്പിൽ പുസ്തകവുമായിരുന്ന് പാട്ടുകേൾക്കൽ എന്റെ പ്രിയപ്പെട്ട നേരംപോക്കായി. എന്നാൽ ആ കടയിൽ സൈക്കിൾ വാടകക്കെടുക്കാൻ വരുന്ന പലരുടെയും കണ്ണുകൾ പെൺകുട്ടികളുള്ള വീട്ടിലേക്ക് നീളുന്നു എന്ന് അമ്മ കണ്ടെത്തിയതോടെ അത് നിന്നു. എങ്കിലും വീടിനുള്ളിലിരുന്നും രജനികാന്തിന്റെ 'മാസി മാസമാളാന പൊണ്ണ്', 'ഒരുവൻ ഒരുവൻ മുതലാളി", 'ചിന്നത്തായവൾ' തുടങ്ങിയ പാട്ടുകളൊക്കെ ഹൃദിസ്ഥമായി.
അവധിക്കാലത്ത്‌ കൂട്ടുകാരിയോടൊത്ത്‌ സൈക്കിളോട്ടം പഠിക്കാൻ രാമകൃഷ്ണേട്ടന്റെ വാടകവണ്ടിയിൽ കണ്ണുവെച്ചെങ്കിലും വീട്ടിൽ നിന്നും അനുവാദം കിട്ടിയില്ല. ആയിടക്കാണ് എന്നും കണ്ണാടിപോലെ തിളങ്ങുന്ന റാലി സൈക്കിളിൽ മുഴുവൻ നേരവും മണിയടിച്ചുകൊണ്ട്‌ പറന്നുപോവുന്ന ഒരു ചെക്കൻ പ്രത്യക്ഷപ്പെട്ടത്‌. വേനലവധിക്ക്‌ ദൂരെനിന്നും ഞങ്ങളുടെയടുത്തുള്ള താമരക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. എന്തോ കുറ്റം ചെയ്തതുപോലുള്ള നോട്ടം ഒട്ടും സുഖിച്ചില്ല. നാട്ടിലെ പ്രമാണിയുടെ പേരക്കുട്ടിയാണെന്നും കേട്ടു. ഒട്ടും താൽപര്യം തോന്നിയില്ല. എന്നാൽ എല്ലാ വൈകുന്നേരങ്ങളിലും കൂട്ടുകാരികളൊത്ത്‌ സ്കൂൾ വിട്ടുവരുംബോൾ കൊടുംകാറ്റുപോലെ കടന്നുപോവാറുള്ള റാലി സൈക്കിളിന്റെ ചുവന്നയിരിപ്പിടത്തിന്റെ കാഴ്ച മാത്രം ദിനചര്യയുടെ ഭാഗമായി.
പ്രീഡിഗ്രിക്ക്‌ ആദ്യമായി കോളെജിലെത്തിയപ്പോഴുണ്ട്‌ അതേ തുറിച്ചുനോട്ടം മുൻബെഞ്ചിൽ തന്നെയുണ്ട്‌. ഒരു പുഞ്ചിരി കൊണ്ട്‌ നാടമുറിച്ചു തുടങ്ങിയ പരിചയം ഒരേ ബസിലെ വരവും പോക്കും കൊണ്ട്‌ ഊഷ്‌മളമായ സൗഹൃദമായി. ചുവന്ന സീറ്റുള്ള സൈക്കിൾ വൈകുന്നേരങ്ങളിൽ എന്റെ സംസ്കൃതം നോട്ട്ബുക്കിന്റെ ചുമട്ടുകാരനായി. പിന്നെപ്പിന്നെ ആ മണിനാദം എന്റെ ഹൃദയമിടിപ്പ്‌ കൂട്ടുന്ന ഉൽപ്രേരകമായി. കോളേജിൽ നിന്ന് വീട്ടിലേക്കും ട്യൂഷൻ ക്ലാസിലേക്കുമൊക്കെ നാലുകാലുകൾക്കൊപ്പം ആ രണ്ട്‌ ചക്രങ്ങളും പതിയെ ഉരുണ്ടു. കൂട്ടുകാരികളിൽ പലരും അതിൽ സവാരി ചെയ്തെങ്കിലും ഒരിക്കൽപോലും അങ്ങനെയൊരാഗ്രഹം ഞാനോ അതിന്റെ ഉടമയോ പങ്കുവെച്ചില്ല.
ഹോസ്റ്റലിൽ നിന്ന് അവധിക്ക്‌ വീട്ടിലെത്തുന്ന പകലുകളിൽ എത്താൻ വൈകുന്ന മണിയൊച്ച എന്നെ വെരുകാക്കി മാറ്റി. ശിവക്ഷേത്രത്തിന്റെ വളവ്‌ തിരിയുമ്പോഴേ തിരിച്ചറിയാമായിരുന്നു ആ വരവ്. പിന്നെയാ ചുവന്ന സീറ്റുള്ള സൈക്കിൾ വീട്ടുപടിക്കലെ കണ്ണാലുള്ള കാതൽ സല്ലാപത്തിനു മൂകസാക്ഷിയാവും. ഞാനറിയാതെ തന്നെ ഞങ്ങൾക്കിടയിലുണ്ടായിരുന്ന അവനെ ഒരിക്കൽ പോലും ഒന്ന് സ്നേഹത്തോടെ നോക്കിയിരുന്നില്ലെങ്കിലും എതോ അസൂയാലുവിന്റെ കുബുദ്ധിക്കിരയായി ഞാൻ കാരണം കാറ്റ്‌ പോയി നിന്നതും ആ പാവം തന്നെ! ഉടമസ്ഥൻ ഉപജീവനത്തിനായി നാടുവിട്ടപ്പോൾ ആ സ്റ്റീൽ സുന്ദരൻ ജോലിയിൽ നിന്ന് വിരമിച്ച്‌ ഷെഡിൽ കേറി.
വർഷങ്ങൾ പിന്നിട്ടപ്പോൾ നമ്മുടെ ഉടമസ്ഥൻ ബൈക്കും പിന്നെ കാറുമൊക്കെയായി ആ പാവം റാലിയെ മറന്ന് മെട്രോ സിറ്റികളിൽ കറങ്ങി. കൂട്ടുകാരിയെ മാത്രം കൈവിട്ടില്ല. മഴയും വെയിലും മാറി മാറി വന്നുപോയി. അവരുടെ വിരലിൽ തൂങ്ങാൻ രണ്ട്‌ കുഞ്ഞിക്കൈകൾ കൂടി വന്നു. അങ്ങനെയിരിക്കെ ആരോഗ്യപരിപാലനത്തിൽ അതീവശ്രദ്ധാലുക്കളായ ഒരുകൂട്ടം സുഹൃദ് വലയത്തിലകപ്പെട്ട നായകന് ഉണ്ടിരിക്കുമ്പോൾ ഒരു വെളിപാടുണ്ടായി. ഉടനെ നെറ്റിൽ കുറെ ഗവേഷണവും അന്വേഷണവും നടത്തി. ആയിടക്ക്‌ മറ്റൊരു ചങ്ങാതി ജോലി മാറി നാടുവിട്ടു.(വൈദ്യൻ കൽപ് - രോഗി ഇച്ച്) അയാളുടെ സൈക്കിൾ അടുത്ത ദിവസം നമ്മുടെ വീട്ടിലേക്ക്‌ താമസം മാറിവന്നു. പിന്നെയും ചവിട്ടോട്‌ ചവിട്ട്‌! ആദ്യം പത്തുകിലോമീറ്റർ പിന്നെ മുപ്പത്‌... പിന്നെ അംബത്.. മാരത്തോൺ.. അൻഡ്‌ സോ ഓൺ. രാജ്യം വിടുന്നതുവരെ ആ സൈക്കിൾ യജ്ഞം തുടർന്നു.
അമേരിക്കയിലെത്തിയപ്പോഴുണ്ട്‌ ആരോഗ്യപരിപാലനത്തിന് എന്തുവേണമെങ്കിലും വാങ്ങിച്ചോ എന്ന സഹായഹസ്തവുമായി മൈക്രോസോഫ്റ്റ്‌ നിൽക്കുന്നു! ആനന്ദലബ്ധിക്കിനി എന്ത്‌ വേണം! അടുത്ത ദിവസം ദാ വന്നു ഒരു കുട്ടപ്പൻ വീട്ടിനകത്ത്‌. ഒരു അത്യന്താധുനിക ഫ്രീക്കൻ! പിന്നെ അതിന്മേലായി കസർത്ത്‌! കൂടുതൽ ആധികാരികമായി പഠിച്ച്‌ ചവിട്ടിച്ചവിട്ടി സ്റ്റേറ്റ്‌ കടന്നുപോയി 206 മൈലുകൾ!
മ്മളെക്കൊണ്ട്‌ കൂട്ട്യാൽ കൂടാത്തത്‌ ആരു ചെയ്താലും ഞാൻ ണ്ണീറ്റുനിന്ന് കയ്യടിക്കും, അദ്‌പ്പൊ കെട്ട്യോനായാലും അപ്രത്തെ സായിപ്പേട്ടനായാലും, ങ്‌ഹ!
ഇത്രയൊക്കെയായിട്ടും ഒരു സൈക്കിൾ നിർത്തിയിട്ട്‌ ചവിട്ടാൻ പോലും ഈയുള്ളോൾ പഠിച്ചില്ല..
"ഈ സൈക്കിൾ ബാലൻസ്‌ ഉണ്ടെങ്കിൽ ഡ്രൈവിംഗ്‌ ലൈസെൻസ്‌ കിട്ടുമോ അരുണേട്ടാ..?"

Thursday, July 14, 2016

തക്കാളിസാദം


ചെന്നൈയിലെ ഹോസ്റ്റൽ വാസത്തെ ക്കുറിച്ച് പലപ്പോഴായി വിവരിച്ചിട്ടുണ്ട്. ഏറ്റവും സങ്കടമായി തോന്നിയിട്ടുള്ളത് അവിടുത്തെ ആഹാരമായിരുന്നു. മിക്ക ഹോസ്റ്റലുകളിലെയും പോലെ നല്ലൊരു തുക ഈടാക്കി, ഏറ്റവും കുറച്ചു ചെലവിട്ട് ഭക്ഷണമുണ്ടാക്കിത്തരാൻ ഞങ്ങളുടെ നല്ലവരായ അധികാരികളും ശ്രദ്ധിച്ചിരുന്നു. മഴ പെയ്ത പുഴയിലെ വെള്ളം പോലത്തെ ചായയും  രസത്തിന്റെ രൂപഭംഗിയുള്ള സാമ്പാറും അതിലെ എകാലങ്കാരമായി വട്ടത്തിലരിഞ്ഞ മുള്ളങ്കിയുടെ വെള്ളിനാണയങ്ങളും പാതിവെന്ത ക്യാരറ്റ് കഷണങ്ങളുടെ മേൽ ചിരകുമ്പോൾ അറിയാതെ വീണുപോയ തേങ്ങയുടെ അംശമുള്ള തോരനും ഒക്കെ അതിന്റെ ഉദാഹരണങ്ങളായിരുന്നു.
ആകെയൊരു ആശ്വാസമായിട്ടുണ്ടായിരുന്നത് ഞായറാഴ്ച സ്പെഷ്യൽ  തക്കാളിസാദമായിരുന്നു. അതിന് കാരണമുണ്ട്, ശനിയാഴ്ചയാണ് ഹോസ്റ്റൽ വാർഡനും സംഘവും അവരുടെ വലിയ വണ്ടിയിൽ ഏഷ്യയിലെത്തന്നെ വലിയ പച്ചക്കറി മൊത്തവ്യാപാരകേന്ദ്രമായ കോയംമേട് മാർകെറ്റിൽ പോവാറുള്ളത് എന്നതുകൊണ്ട്‌ ഏറ്റവും ഫ്രഷ്‌ ആയിട്ടുള്ള പച്ചക്കറി ആയിരിക്കും ഞായർ വിഭവങ്ങളിൽ എന്നതായിരുന്നു ആശ്വാസം.
ശനിയാഴ്ച രാത്രിക്ക് വേറൊരു പ്രത്യേകത ഉണ്ടായിരുന്നു. ചന്തക്ക് പോവുന്നവർ തിരിച്ചെത്താൻ വൈകുന്നതുകൊണ്ട് അതുവരെ അന്തേവാസിനികൾക്ക് ടീവി കാണാനുള്ള അനുവാദമുണ്ട്. അടുത്ത ദിവസം അവധി ആയതുകൊണ്ട് ഞങ്ങളും ആ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. ചാനൽ കറക്കങ്ങളിൽ ആരോ വെച്ച പഴയ സിനിമയോ പാട്ടോ കണ്ട് വാചകമടിച്ചിരിക്കും കൂട്ടുകാരികളുമായി. ഉറക്കം വരുമ്പോൾ സഭ പിരിയും. അതും കഴിഞ്ഞാവും വാർഡനും സംഘവും ചന്തയിൽ നിന്നും വരുന്നത്.
ഒരു രാത്രി അങ്ങനെ ഏണിപ്പടികളിൽ പതിവുസല്ലാപവും പാട്ടുമായിരിക്കുമ്പോഴായിരുന്നു ചന്തക്ക് പോയവർ തിരിച്ചെത്തിയത്. പൂട്ടിയിട്ട വലിയ കവാടത്തിന് പുറത്ത് വണ്ടി വന്നു നിന്ന് ശബ്ദിച്ചപ്പോൾ ഞങ്ങളോടൊപ്പം സിനിമ കണ്ടിരുന്ന ജോലിക്കാരികൾ ധൃതിയിൽ ഓടിപ്പോയി തുറന്നു. വണ്ടിയിൽ നിന്നും വീഞ്ഞപ്പെട്ടികളിൽ പച്ചക്കറികൾ ഞങ്ങളുടെ അടുക്കളയിലേക്ക് കടത്തപ്പെട്ടു. മുന്നിലൂടെ കടന്നുപോയ പെട്ടിയിലെ ചീഞ്ഞ തക്കാളികളിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളം അവർ പോയ വഴിക്ക് അടയാളമിട്ടു കിടന്നു. അപ്പോഴാണ്‌ മറ്റുള്ള പെട്ടികളിലേക്ക് എത്തിനോക്കിയത്. വാടിയതും ചീഞ്ഞതുമായ പയറും ചീരയുമെല്ലാം ഞങ്ങളെ ദയനീയമായി നോക്കിക്കിടന്നു.

വ്യാഴാഴ്ച രാത്രി എത്തുന്ന പുതിയ പച്ചക്കറികൾക്ക് വഴിമാറുന്ന പഴയതിനെ ചുളുവിലയ്ക്ക് വാങ്ങിക്കൊണ്ടുവരാനാണ് ഓരോ ശനിയാഴ്ചയിലും അർദ്ധരാത്രി പോവുന്നത് എന്നതൊരു ഞെട്ടിപ്പിക്കുന്ന സത്യമായിരുന്നു. ആരോട് പരാതി പറയാനാണ്! ചോദ്യം ചെയ്താൽ നല്ലയിടം തേടി പൊയ്ക്കോളൂ എന്ന് യാതൊരു ദയയുമില്ലാതെ പറഞ്ഞുകളയും. അങ്ങനെയിറങ്ങിയാൽ ആ കട്ടിലിന് പിന്നെയും വിലകൂട്ടി അടുത്തയാളിനെ കയറ്റും. ഏതോ തമിഴ് സിനിമയിൽ പറയുന്നത് പോലെ, "ഇങ്കെ ഇതെല്ലാം സഹജമപ്പാ.."

അന്ന് ഉപേക്ഷിച്ചതാണ് തക്കാളിസാദം.

Saturday, May 28, 2016

അമ്മയോർമ്മകൾ *

അമ്മയോർമ്മകൾ - എന്ത് എങ്ങനെ എഴുതിത്തീർക്കും എന്നാണ് ആദ്യം ചിന്തിച്ചത്. ഒരോർമ്മ.. ഏറ്റവും പ്രിയപ്പെട്ടത്.. അങ്ങനെ ഒന്ന് തിരഞ്ഞെടുക്കാനാവുമോ ഏതെങ്കിലും മകനോ മകൾക്കോ? അറിയില്ല..
പിടിച്ചിരുത്തി ഉപദേശിക്കുക, അച്ചടക്കം പഠിപ്പിക്കുക, മാർക്ക് കുറഞ്ഞാൽ വഴക്ക് പറയുക, ശിക്ഷിക്കുക ഇതിനൊന്നും അമ്മക്ക് സമയം കിട്ടിയിട്ടില്ല. വെളുപ്പിനെ കുളിച്ച് കാപ്പി രണ്ടിറക്ക് കുടിച്ചെന്നു വരുത്തി രണ്ടും മൂന്നും ബസ് കയറിയും നടന്നും ജോലിക്ക് പോയി രാത്രിയിൽ ഒരു കുമ്പിൾ കടലയുമായി തിരിച്ചെത്തുന്ന അമ്മയെ ശരിക്കും കാണുന്നത് അത്താഴത്തിന് ഊണുമേശയിലെത്തുമ്പോഴായിരുന്നു. ഞങ്ങളുടെ സ്കൂൾ വിശേഷങ്ങൾ അന്വേഷിക്കും. അന്നൊക്കെ കൂടുതൽ അടുപ്പവും സ്വാതന്ത്ര്യവും ചേച്ചിമാരോടായിരുന്നു. അമ്മയുടെ കൂടെ കിടക്കാൻ വിളിക്കുമ്പോൾ ഇടനാഴിയിൽ ഒരുമിച്ചുകിടക്കുന്ന ചേച്ചിമാരുടെ തമാശകളിലേക്കായിരുന്നു മനസ് നീണ്ടിരുന്നത്. മാത്രമല്ല അമ്മയുടെ അടുത്തുകിടന്ന് ഉറക്കം പിടിച്ചുവരുമ്പോഴാവും ഒരു പേനോ ഈരോ വലിച്ചെടുത്തു വേദനിപ്പിക്കുക! പഠനവും ഉദ്യോഗവും ഒക്കെയായി നാടുവിട്ടപ്പോഴായിരുന്നു മുടിയിഴയിൽ ഇഴയുന്ന വിരലുകളെ.. സങ്കടം വരുമ്പോൾ മുഖമമർത്തുന്ന നെഞ്ചിലെ അമ്മമണത്തെ.. സ്വരത്തിന്റെ അറ്റത്ത് ഒരു വിങ്ങലൊളിപ്പിച്ച വിളിയെ ഒക്കെ കൊതിച്ചുപോയത്.
ഞാൻ കയറിയ ബസ്‌ കണ്ണിൽ നിന്നും മായുന്നതുവരെയും അമ്പലമുറ്റത്ത്‌ നോക്കിനിൽക്കുന്ന രൂപം ഓർക്കുമ്പോഴൊക്കെ ഓടിപ്പോയി എസ് ടി ഡി ബൂത്തിൽ കയറി സമയം പോലും നോക്കാതെ നമ്പർ കറക്കുമ്പോൾ അങ്ങേത്തലക്കൽ ആദ്യത്തെ ബെല്ലിനുതന്നെ മറുപടി കിട്ടും, "നീയങ്ങെത്തിയിട്ട് വിളിച്ചില്ലല്ലോ എന്നോർത്തിരിക്കുവായിരുന്നു" എന്ന്. പ്രായം കൂടുംതോറും ഓരോ മകളും അമ്മയുടെ ഹൃദയതാളം അറിഞ്ഞുതുടങ്ങും. അന്നാണ് ഓരോന്നിനും ഓടി ആ നെഞ്ചിൽ മുഖമൊളിപ്പിക്കാൻ കൊതി കൂടുന്നത്.
എന്നാൽ അമ്മ എത്രത്തോളം എന്നെ അറിഞ്ഞിരുന്നു എന്ന് മനസിലാക്കിയത് പ്രണയകാലത്തായിരുന്നു. അങ്ങനെ ഒന്നുമില്ല എന്ന് വിശ്വസിപ്പിച്ച്, ദൂരെയുള്ള ആളോട് രഹസ്യമായി ആശയവിനിമയം നടത്തിവന്ന കാലം. ഒരു കല്യാണാലോചന വളരെ ബലപ്പെട്ടു. പറയുന്ന ഒഴിവുകഴിവുകൾ ഒന്നും വിലപ്പോവുന്നില്ല. അവർക്ക് അപൂർവമായി ചേർന്നുകിട്ടിയ ജാതകമാണത്രെ. വിടാൻ ഉദ്ദേശമില്ല. കാത്തിരിക്കാൻ തയ്യാർ. ഞാൻ ആളെ വിവരമറിയിച്ചു. നല്ല ജോലിയൊന്നും ആയിട്ടില്ല. അതുകൊണ്ട് ഇനിയെല്ലാം വിധിക്ക് വിടാനായിരുന്നു അവിടത്തെയും തീരുമാനം. എന്റെ മൌനം വളർന്നപ്പോൾ അമ്മ വിളിച്ചു. "എന്താ നിനക്ക് പഴയതിൽ നിന്ന് പുറത്തുവരാനാണോ പ്രശ്നം?" തുറന്ന ചോദ്യം കേട്ട് ഞെട്ടിപ്പോയി. അവ്യക്തമായി ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ ഞാൻ. അമ്മ ഒന്നും പറയാതെ ഫോൺ വെച്ചു. ദേഷ്യം വന്നുവെന്നാണ് കരുതിയത്. എന്നാൽ അപ്പോൾ തന്നെ അവരെ വിളിച്ചു താല്പര്യമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞുവെന്ന് അന്ന് വൈകിട്ട് ചേച്ചി പറഞ്ഞപ്പോൾ ഹൃദയത്തിനുള്ളിൽ അമ്മ ഒരു ദേവതയാവുന്നതറിഞ്ഞു. പിന്നീടെപ്പോഴോ അതിനെ കുറിച്ച് പറഞ്ഞപ്പോൾ അലസമായി പറഞ്ഞത് ഇത്രേള്ളൂ. "എന്റെ കുഞ്ഞിന്റെ മനസറിയില്ലെങ്കിൽ പിന്നെ ഞാനെന്തിനാ അമ്മയെന്നും പറഞ്ഞിരിക്കുന്നെ?" അമ്മ വലിയൊരു പാഠമാണ്.

--------------------
*(മെയ് ലക്കം ഈമഷിയിൽ പ്രസിദ്ധീകരിച്ചത്)

അവൾക്കും ഈ ഭൂമിയിൽ സ്വതന്ത്രമായി നടക്കാൻ അർഹതയുണ്ട്

"നിന്നെയെനിക്ക് ഇപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാം.. ഒരാളും ചോദിക്കില്ല!" കുറെ നാൾ പ്രേമാഭ്യർത്ഥനയുമായി പിറകെ നടന്നവൻ ഒരിക്കൽ ലഞ്ച് ബ്രേക്കിൽ കോളേജിലെ ചുവരോട് ചേർത്ത് തടഞ്ഞുനിർത്തി കണ്ണിൽ നോക്കി ഭീഷണിപ്പെടുത്തിയപ്പോൾ നിരാലംബയായി ചുറ്റും നോക്കി. വിരണ്ടു നിസ്സഹായരായി നിൽക്കുന്ന കൂട്ടുകാരെയും, 'ഓ ഇതൊക്കെ നാറ്റക്കേസാ, അവരായി അവരടെ പാടായി' എന്ന മട്ടിൽ  നിസ്സംഗമായി കടന്നുപോയവരെയും കണ്ടതോടെ അവൻ പറഞ്ഞത് സത്യമാണെന്ന് ഒരു നിമിഷം ഞാനും കരുതി. കണ്ണിൽ ഇരുട്ട് കയറുന്നുണ്ടോ.. പാടില്ല..!!! എനിക്കുവേണ്ടി പൊരുതാൻ ഞാനേയുള്ളൂ.  എന്റെ ചെറുവിരലിലെങ്കിലും തൊട്ടാൽ സർവശക്തിയുമെടുത്ത് പ്രതികരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചുനിന്നെങ്കിലും അനുനിമിഷം തളർന്നുപോവുന്ന മനസ് എന്നെ പരീക്ഷിച്ചുകൊണ്ടിരുന്നു.
"കൈ മാറ്റ് എനിക്ക് പോണം" ക്രൂരമായി ഇറുകിയ ആ കണ്ണുകളിലേക്ക് തറപ്പിച്ചുനോക്കി പരമാവധി ശക്തിയോടെ പറഞ്ഞെങ്കിലും ചിലമ്പി പുറത്തുവന്നു സ്വരം.. അതിലവൻ വിരണ്ടു എന്ന് എനിക്ക് തോന്നിയതേയില്ല.
ആൾക്കൂട്ടത്തെ ശ്രദ്ധിച്ചിട്ടോ എന്തോ ഒന്ന് ശങ്കിച്ച് കയ്യെടുത്ത് എന്നെ സ്വതന്ത്രയാക്കി, പടിക്കെട്ടുകൾ കയറി ക്ലാസ്സിലേക്ക് പിടഞ്ഞോടുമ്പോൾ പിന്നിൽനിന്നും പിന്നെയും വന്ന ഭീഷണി ബഹളത്തിൽ കാതിൽ വീണില്ല. അല്ല.. കണ്ണിലൂടെ ഇരമ്പിയിറങ്ങിയ സ്വന്തം അപമാനത്തിന്റെയും സങ്കടത്തിന്റെയും തിരയിളക്കം മാത്രമേ എനിക്ക് കേൾക്കാനായുള്ളൂ.

ആണുങ്ങളില്ലാത്ത വീട്ടിൽ എല്ലായ്പ്പോഴും അരക്ഷിതബോധത്തോടെ മാത്രമേ ഞാൻ വളർന്നിട്ടുള്ളൂ. എന്റെ നാട്ടുകാർക്ക് അച്ഛനോടുള്ള ബഹുമാനം കൊണ്ടുണ്ടായ സ്നേഹവും കരുതലും ആവോളം അനുഭവിച്ചിരുന്നു  എങ്കിലും ബസിലും ട്രെയിനിലും  ചുറ്റുമുള്ള നോട്ടങ്ങളെ ഭയന്ന് സമാധാനമില്ലാതെപോയ എത്രയോ യാത്രകളിൽ ബാഗിനകത്തെ സേഫ്റ്റിപിന്നിൽ വിരലമർത്തി ഇരുന്നിട്ടുണ്ട്. പിൻസീറ്റിൽ നിന്നും ആരെങ്കിലും മുന്നോട്ടാഞ്ഞിരുന്നാൽ തീർന്നു! നെഞ്ചിടിപ്പ് അടുത്തുള്ളവർക്ക് പോലും എണ്ണിയെടുക്കാം. ദൂരയാത്രകളിൽ അരികത്തുകൂടി കടന്നുപോവുന്ന ഒരു വസ്ത്രമുലച്ചിൽ പോലും എന്നെ ജാഗരൂഗയാക്കിയിരുന്നു. അസ്വസ്ഥയാക്കിയിരുന്നു.

അതുകൊണ്ടുതന്നെ അയൽക്കാർ പോലും സഹായത്തിനില്ലാതെ തനിച്ചു കഴിഞ്ഞ ഒരമ്മയുടെയും മോളുടെയും അവസ്ഥ മനസിലാവും. അടച്ചുറപ്പില്ലാത്ത വീടിന് പുറത്തെ ഓരോ കാൽ പെരുമാറ്റവും അവരെ മനോരോഗി ആക്കിയില്ലെങ്കിലെയുള്ളൂ അത്ഭുതം.

"എന്നോട് കളിക്കല്ലേ.. കളിച്ചാൽ ഞാൻ പച്ചമാങ്ങാ തീറ്റിക്കും!"
പല സിനിമകളിലെയും തന്റേടിയായ നായികയോട് നായകന്റെ ഭീഷണി/ വിരട്ടൽ/വെല്ലുവിളി ആണിത്. എത്ര വൃത്തികെട്ട മനോഭാവം ആണെന്ന് പോലുമോർക്കാതെ എല്ലാവരും കയ്യടിക്കും. പെണ്ണുങ്ങൾ പോലും  ചൂളി വായപൊത്തി ചിരിക്കും.
എന്നാൽ അതൊക്കെ കേട്ട് വളരുന്ന കുട്ടികളും നമ്മുടെ കൂടെയുണ്ടെന്ന് ഓർക്കാറുണ്ടോ ?
തമാശയായിട്ടായാലും കാര്യമായിട്ടായാലും പെണ്ണിനെ ഒതുക്കാൻ അവളെ ശാരീരികമായി കീഴടക്കുകയാണ് ഏറ്റവും പറ്റിയത് എന്ന് മനസ്സിൽ ഉറപ്പിക്കുകയല്ലേ ഇത്?
നമ്മുടെ തലമുറയെ ഇനി മാറ്റാനാവില്ല, സ്വയം മാറുകയല്ലാതെ. എന്നാൽ കുഞ്ഞുങ്ങളെ.. പ്രത്യേകിച്ചും ആൺകുട്ടികളെ പെൺകുട്ടി അഥവാ പെണ്ണ് എന്നത് എതിർലിംഗം മാത്രമാണ്, ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചു തോൽപ്പിക്കേണ്ട എതിരാളി അല്ല എന്ന് പറഞ്ഞു പഠിപ്പിക്കണ്ടേ?


സ്ത്രീ അമ്മയാണ്, മഹാലക്ഷ്മിയാണ്, മഹാമായയാണ് എന്നൊന്നും വണങ്ങിയില്ലെങ്കിലും തന്നെപ്പോലെത്തന്നെ ഹൃദയവും തലച്ചോറും കരളുമുള്ള ഒരു മനുഷ്യനാണ്, അവൾക്കും ഈ ഭൂമിയിൽ സ്വതന്ത്രമായി ആരെയും ഭയക്കാതെ നടക്കാൻ അർഹതയുണ്ട് എന്ന് മനസിലാക്കി സഹജീവിയോട്‌ കാട്ടുന്ന കരുണ മാത്രം കൊടുത്താൽ മതി.

Wednesday, March 16, 2016

എന്തു രസമാണീ ഓർമ്മ!


കുറെ നാളുകൾക്കുശേഷം വെയിൽ നാളങ്ങൾ കണ്ടപ്പോൾ വെറുതെയിറങ്ങി നടന്നു, കമ്പിളിവസ്ത്രങ്ങളില്ലാതെ..
ഓരോ ഋതുഭേദവും അനുഭവിച്ചറിയുന്നത് ഇവിടെ വന്നതിനുശേഷമാണ്. വന്നപ്പോൾ കുളിരുള്ള ഗ്രീഷ്മമായിരുന്നു. അതും കഴിഞ്ഞ് ശരത്കാലത്ത് ഇലകളിൽ വർണ്ണപ്രപഞ്ചമൊരുക്കി നിൽക്കുന്ന മരങ്ങൾ  ശിശിരത്തിന്റെ വരവോടെ ഒരില പോലും ബാക്കിവെക്കാതെ പൊഴിച്ച് ചാരനിറം മാത്രമാക്കി നഗ്നരായി മരവിച്ചുനിന്നു ഹേമന്തത്തിൽ. കമ്പിളിയും കട്ടിയുടുപ്പുകളും പോരാതെ മഞ്ഞിനെ വെറുത്തു തുടങ്ങുമ്പോഴാണ് അതുവരെ വല്ലപ്പോഴും മാത്രം തല കാണിക്കുകയും അപ്പോഴൊക്കെ  തെറ്റ് ചെയ്ത കുട്ടിയെ പോലെ വിളറി നിൽക്കുകയും ചെയ്യാറുള്ള  സൂര്യൻ പതുക്കെ തെളിഞ്ഞ മുഖം കാട്ടിത്തുടങ്ങുക. വസന്തമാണിനി.
വെറും ഇലഞ്ഞരമ്പുകൾ പോലെ നിന്ന മരങ്ങൾ വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് ചില്ല കാണാത്തവിധം കുഞ്ഞുപൂമൊട്ടുകൾ നിറച്ച് ഇളംചുവപ്പുനിറത്തിൽ പിഞ്ചുകുഞ്ഞിനെ ഓർമ്മിപ്പിക്കുന്നു. ഈ കതിരോൻ ശരിക്കും ഊർജ്ജസ്രോതസ് തന്നെ! ഹൃദയത്തിലേക്ക് ഒരു സന്തോഷരശ്മി നേരെ പതിക്കുന്നു..

എവിടെ നിന്നോ രസത്തിന്റെ വാസന! മനസ് പറന്ന് നാട്ടിലെത്തി. രസം മണത്തത് എവിടൊക്കെയായിരുന്നു?
ഗന്ധരാജനും പവിഴമല്ലിയും പൂത്തുനില്ക്കുന്ന ഇടവഴി കടന്ന് ആഗ്രഹാരങ്ങളിലേക്ക് കാലെടുത്തുവെയ്ക്കുമ്പോൾ ആദ്യം വരവേൽക്കുന്നത് ആ മണമായിരുന്നു.
"എന്ന ഇന്നേക്ക് ശമയൽ?"
"രസം സാദം ഉണ്ടാക്കിനേൻ.. കായ്കറിക്കെല്ലാം എന്ന വിലൈ!! "
"ആമാം... ഇങ്കെയും അണ്ണാ കേട്ടാർ.. സാമ്പാർ സാപ്പിട്ട് റൊമ്പ നാളാച്ച് ന്ന്"
ഒരു മുരടനക്കമോ "മാമി" എന്ന വിളിയോ കൊണ്ട് കുശലത്തിന് തടയിടെണ്ടി വരും .
"എന്ന വേണം കൊഴന്തേ ?"
"മോര്.. നാഴി"
"അങ്കെയെ നിൽ.. അന്ത തൂക്കും പൈസാവും   പടിക്കെട്ടിലെ വെച്ചുക്കോ "
കാത്തുനിൽക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ രസവാസനക്ക് പിന്നാലെ ഒഴുകിയെത്തും കാതുകളെ ഇമ്പപ്പെടുത്തുന്ന ചെമ്പൈ നാദം. അകത്തളത്തിലെ ആട്ടുകട്ടിലിൽ ഒരു തടിച്ച രൂപം കയ്യിൽ ട്രാന്സിസ്റെറുമായി ആടിക്കൊണ്ടുതന്നെ അഴികൾക്കുള്ളിലൂടെ പുറത്തേക്കു നോക്കും..
"യാരിത്! ഉള്ളെ വാമ്മാ..."
നാണത്തോടെ ചിരിച്ചു നിൽക്കുമ്പോൾ മാമി മോര് കൊണ്ട് പാത്രത്തിൽ ഒഴിച്ച് പൈസ എടുത്തു പിന്നിലേക്ക് നീങ്ങും.
"ഇങ്കെ വാ.. ചോദിക്കട്ടെ.. സൌഖ്യമല്ലേ എല്ലാർക്കും? എന്താ അവിടെ നില്ക്കുന്നത്? ഉള്ളിൽ വരൂ"
ഇവിടെ ശുദ്ധമൊന്നും നോക്കേണ്ടതില്ല. ആർക്കും കടന്നുചെല്ലാം. അടുത്തുള്ള കസേരയിൽ ഇരിക്കാൻ നിർബന്ധിച്ചാലും മടിച്ചുമടിച്ച് അടുത്ത് നിൽക്കും. ഘനഗംഭീരമായ ആജ്ഞയ്ക്കനുസരിച്ച് പലഹാരങ്ങൾ വൃത്തിയുള്ള സ്റ്റീൽ പാത്രത്തിൽ മുന്നിലെത്തും. വീട്ടിലുള്ളവരുടെ വിശേഷങ്ങൾ, പഠനം, പാട്ട് എല്ലാം ചർച്ചാവിഷയമാവും. സ്വാദിഷ്ടമായ മുറുക്കും മറ്റും വായിൽ നിറച്ച് പുറം കൈകൊണ്ട് മുഖം തുടച്ച് കൈ ഉടുപ്പിനു പിന്നിൽ തേച്ച് ഇറങ്ങാനോരുങ്ങുമ്പോൾ വീണ്ടും രസവാസന മൂക്ക് തുളയ്ക്കും. ഊണ് കഴിക്കാൻ വിളിച്ചില്ലല്ലോ ന്നാലും എന്ന കുഞ്ഞുമനസിലെ പരിഭവവുമായി ഇറങ്ങി നടക്കും.കാരണം അന്നൊന്നും രസം വീട്ടിലുണ്ടാക്കിയതായി ഓർമ്മയില്ല.

പിന്നീടെത്ര രസമുള്ള രസങ്ങൾ...
രസംസാദം നിറച്ച ചോറുപാത്രം കൈമാറിയിരുന്ന കൂട്ടുകാരി എത്രപെട്ടെന്നാണ് ചിന്തയെ ചെന്നൈയിലെത്തിച്ചത്!
"അമ്മ എന്താ ഞങ്ങൾക്ക് രസം സാദം ഉണ്ടാക്കിത്തരാത്തത്? റിതന്യക്ക് ഇന്നും അതാ ഉച്ചക്ക്!" ബാംഗ്ലൂർ അയലത്തെ കൂട്ടുകാരിയെ നോക്കി മോൾ ചോദിച്ചത്..

"ഹേ... വാട്ട് ആർ യു തിങ്കിങ്ങ് സോ മച്ച്? "
ഉത്തരേന്ത്യൻ അയല്പക്കക്കാരി ബാൽക്കണിയിൽ നിന്ന് ഉറക്കെ ചോദിച്ച് ചിന്തയെ എഴുകടലും താണ്ടി തിരികെ കൊണ്ടുവന്നു.
"ഞാൻ നിങ്ങടെ രസമുണ്ടാക്കി ഇന്ന്.. വരുന്നോ ഊണ് കഴിക്കാൻ?"

ഓർമ്മകളുടെ വെയിൽ കാഞ്ഞിങ്ങനെ രസിച്ചുനടക്കാൻ എന്ത് രസമാണ് !


(ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശാന്തരത്തിൽ പ്രസിദ്ധീകരിച്ചത്)

Wednesday, January 27, 2016

വാസുവും ഞാനും പിന്നെ കൈനെറ്റിക് ഹോണ്ടയും

ജീവിതം തന്നെ മാറ്റിമറിച്ച യാത്രകൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് എഴുതൂ എന്ന പരസ്യവാചകം കണ്ടു നടി റിമ കല്ലിങ്കലിന്റെ പുതിയ പുസ്തകത്തിലേക്ക്. അങ്ങനെ ഒരു സാഹസികയാത്ര ഒന്നും ഇതുവരെ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അത്തരമൊരു എഴുത്തിനും മുതിർന്നില്ല.

എന്നാൽ ചില രസകരങ്ങളായ യാത്രകൾ നടത്തിയിട്ടുണ്ട്. ഒരിക്കലും മറക്കാൻ പറ്റാത്തതോ വീണ്ടും ഓർത്തു ചിരിക്കാവുന്നതോ ഒക്കെയായവ.

ചെന്നൈയിലെ എന്റെ ഹോസ്റ്റൽ ജീവിതത്തിലെ അയൽമുറിയത്തിയും സുഹൃത്തുമായ വാസു എന്ന വസുന്ധരയുടെ കൂടെയായിരുന്നു അങ്ങനെയൊരു യാത്ര പോയത്.

അന്ന് വാസുവിന് തന്റെ എം ബി എ സഹപാഠിയുമായി അതിഗംഭീരമായ പ്രണയമുണ്ടായിരുന്നു. രണ്ടു ജാതി ആണെങ്കിലും ജാതകം ചേർന്നാൽ വീട്ടുകാരെ സമ്മതിപ്പിക്കാം എന്ന വിശ്വാസത്തിൽ വാസു പോയി കാണാത്ത ജ്യോത്സ്യന്മാർ ചെന്നൈ നഗരത്തിൽ കുറവായിരുന്നു. അവിടെയൊന്നും പൊരുത്തങ്ങൾ പത്തും തികഞ്ഞില്ല. ആ സങ്കടത്തിലേക്കാണ് നഗരത്തിൽ നിന്നും കുറച്ചകലെയുള്ള പട്ടണത്തിൽ എന്തും അച്ചട്ടായി പറയുകയും പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ പ്രതിവിധി നിർദേശിക്കുകയും ചെയ്യുന്ന പേരുകേട്ട മലയാളി ജ്യോത്സ്യർ ഉണ്ടെന്ന അറിവ് കുടപിടിച്ചിറങ്ങിവന്നത്. കേട്ടപാതി കേൾക്കാത്ത പാതി അവളോടി എന്റെയടുത്തെത്തി. മല്ലു ജ്യോത്സ്യർ പറയുന്ന ഒരു വാക്കുപോലും മനസിലാവാതിരിക്കരുതല്ലോ. അതുകൊണ്ട് ഞാൻ കൂടെ ചെന്നേ പറ്റൂ എന്ന്.. ആയിക്കോട്ടെ... ഒരു ചേതമില്ലാത്ത ഉപകാരമല്ലേ.. വേണെങ്കിൽ കൂട്ടത്തിൽ മ്മടെ ഉത്രാടവും പുണർതവും ചേരുമോ എന്നും കൂടെ ചോദിക്കാലോ..

അങ്ങനെ വാസുവിന്റെ കൈനെറ്റിക് ഹോണ്ടയിൽ ഞങ്ങൾ യാത്ര തിരിച്ചു. ശരിക്കും അതൊരു അടിപൊളി യാത്ര തന്നെയായിരുന്നു. നഗരം വിട്ട് പോകുംതോറും വിജനമായി വരുന്ന വഴിയിലൂടെ വാസുവിന്റെ പിന്നിൽ ഉറക്കെ പാടിയും ആർത്തുചിരിച്ചും ഒരു ഉന്മത്തമായ റൈഡ്! (അത്രേം സ്പീഡിൽ ആദ്യായിട്ടാ ഓടിച്ചത് എന്ന് പിന്നീടാ ആ പെണ്ണ് പറഞ്ഞെ)

അങ്ങനെ ചോയ്ച്ചുചോയ്ച്ച് ഞങ്ങൾ പ്രവചനക്കാരന്റെ ഗ്രാമത്തിലെത്തി. ഇരുവശങ്ങളിലും മുട്ടിയുരുമ്മിയിരിക്കുന്ന വീടുകൾ താണ്ടി ലക്ഷ്യ സ്ഥാനത്തെത്തി.

ഇവിടേം വിചാരിച്ചത്ര പൊരുത്തം ഉണ്ടായില്ലെങ്കിലും കുറെ പ്രതിവിധി കുറിച്ചു കിട്ടിയ സന്തോഷത്തിൽ വാസു തുള്ളിച്ചാടി അടുത്തമാസത്തെ ശമ്പളം അതിനായി അപ്പോൾത്തന്നെ ഡെഡിക്കേറ്റ് ചെയ്തു. അതെല്ലാം കണ്ടു പേടിച്ച് ഞാൻ എന്റെ നാള് പോയിട്ട് പേരുപോലും പറയാതെ എഴുന്നേറ്റു പോന്നു. ഒരു ഡെഡിക്കേഷൻ താങ്ങാവുന്നത്ര കനത്തതായിരുന്നില്ല മ്മടെ പഴ്സ്.

മടക്കയാത്രയിലും അതേ അടിച്ചുപൊളി തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോൾ ആരോ തങ്ങളെ പിന്തുടരുന്നുണ്ടോ എന്ന് വാസുവിന് ഒരു ശങ്ക. കുറച്ചുനേരമായി പിന്നിൽ ഒരു കറുത്ത വാഹനം സൈഡ് കൊടുത്തിട്ടും കേറിപ്പോവാൻ കൂട്ടാക്കുന്നില്ല.. തിരിഞ്ഞു നോക്കിയപ്പോൾ പല്ലിളിക്കുന്ന രണ്ടു തലകൾ പുറത്തേക്ക് നീണ്ടു. ഒപ്പം ഒരു കൈ വീശലും. ചെറുതായി പേടി തോന്നിയപ്പോൾ കുറച്ചു സ്പീഡ് കൂട്ടി നോക്കി. അപ്പോൾ അവരും ഉണ്ട് കൂടെ. പിന്നെ പേടിയായി. "എനിക്ക് വേറെ വഴിയില്ല സൂണ്‍ " എന്ന് മാത്രം പറഞ്ഞുകൊണ്ട് വാസു തൊട്ടടുത്ത  ഇടവഴിയിലേക്ക് വണ്ടി തിരിച്ചു നേരെ വിട്ടു.  കുറച്ചുനേരം. വെറുതെ ഒരു രസത്തിന് ഫോളോ ചെയ്തതാവാം, കുറച്ചുനേരം നോക്കിയിട്ട് അവർ പോയിക്കാണും. എന്തായാലും ചെമ്മണ്ണിടവഴിയിലൂടെ കുറച്ചു മുന്നോട്ടുപോയിട്ട് തിരിച്ചുവന്നപ്പോൾ ആരുമുണ്ടായിരുന്നില്ല. ഇതിനിടയിൽ വൈകുന്നേരങ്ങളിലെ മഴ തുടങ്ങിയിരുന്നു. ഒരു നല്ല മഴ മതി റോഡ്‌ നിറഞ്ഞൊഴുകാൻ! നേരം വൈകുന്നതുകൊണ്ട് വേറെ വഴിയില്ലാതെ, പുഴയായ നിരത്തിലൂടെ  യാത്ര തുടർന്നു.

നഗരത്തിലെത്തിയില്ലെങ്കിലും അത്യാവശ്യം ജനത്തിരക്കും വാഹനപെരുപ്പവുമുള്ളിടത്തെത്തിയപ്പോൾ വണ്ടി ഒരു കല്ലിൽ തട്ടിയെന്നേ കരുതിയുള്ളൂ.. ബാക്ക് വീൽ ഗട്ടറിൽ ആയിരുന്നുവെന്ന് ഗ്ര്ര്ര്ർ ഗ്ര്ര്ര്ർ എന്ന ശബ്ദവും ഹോണടികളും കേട്ടപ്പോഴാണ് എനിക്ക് മനസിലായത്. മഴ നീങ്ങി നിരത്തിലിറങ്ങിയവരുടെ സാമാന്യം മോശമല്ലാത്ത തിരക്ക് ഞങ്ങൾ ജാം ആക്കിയിട്ടുണ്ട് , പിന്നിൽ നിന്നും വന്നുതുടങ്ങിയ മൾട്ടിലിംഗ്വൽ തെറികൾ അന്ന് ബീപ് പ്രചാരത്തിൽ വന്നിട്ടില്ലാത്തതിനാൽ അർഥം മുഴുവൻ മനസിലായില്ലെങ്കിലും വ്യക്തമായി കേട്ടുകൊണ്ട്  ഞാൻ പതിയെ ഇറങ്ങിമാറി. കടത്തിണ്ണയിൽ നിന്നിരുന്ന ചില സേവനസന്നദ്ധരായ ചെറുപ്പക്കാരുടെ സന്മനസ് കൊണ്ട് കുഴിയിൽ നിന്നും വണ്ടി പുറത്തിറങ്ങി. എല്ലാ അണ്ണന്മാർക്കും നന്ദി പറഞ്ഞ് വണ്ടിയിൽ ചാടിക്കയറി തിരിഞ്ഞുനോക്കാതെ പറക്കുമ്പോൾ മാനനഷ്ടം എന്നൊരു വാരഫലം ജ്യോത്സ്യർ പറഞ്ഞിരുന്നില്ലല്ലോ എന്ന ചിന്തയിലായിരുന്നു ഞങ്ങൾ.

Friday, January 8, 2016

"കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി"

ഓർമ്മകളുടെ തിര വന്ന് തല്ലിപ്പതഞ്ഞൊഴുകിപ്പോവുന്നുണ്ട് പലപ്പോഴും. മുന്നിലേക്ക് വലിച്ചെറിയപ്പെട്ട ഏകാന്തതയുടെ സമയത്തുണ്ടുകളിലേക്ക് സംഗീതവും...
"കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി"

പണ്ട് വീട്ടിൽ ആകെ രണ്ടു കണ്ണാടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നൊരു വട്ടക്കണ്ണാടി. കയ്യിൽ പിടിച്ചു കണ്ണെഴുതാനും മുഖക്കുരു കുത്തിത്തിണർപ്പിക്കാനും.. മറ്റൊന്ന് ഒരു നിലക്കണ്ണാടി. പ്രകാശം പരത്തുന്ന രണ്ടു ജനാലകൾ മാത്രമുള്ള ഇടനാഴിയുടെ ഒത്ത നടുക്കുള്ള ചുവരിൽ മുകളിലായി ചരിഞ്ഞിരുന്നിരുന്നു. മുന്നിൽ നിന്ന...ാൽ ശരീരത്തിന്റെ പകുതിഭാഗം വരെ മാത്രമേ കാണുമായിരുന്നുള്ളൂ. ഒരേ സമയത്ത് ഒരുങ്ങിയിറങ്ങേണ്ട അഞ്ചാറു സുന്ദരികളും പിന്നെ അമേരിക്കയിൽ വന്നു വെളുത്തു സഹികെട്ട് കറുത്തു പഴയതുപോലെയാവാൻ വേണ്ടി യു വി ലോഷൻ അടിച്ചു സൂര്യനെ കാത്തുകിടക്കുന്ന ഇപ്പോഴുള്ള ഞാനും ഉണ്ടായിരുന്നിട്ടും ആരും ആ കണ്ണാടിയുടെ പരിമിതിയിൽ പരാതിപ്പെട്ടിരുന്നില്ല.

കണ്ണാടി ഘടിപ്പിച്ചുവെച്ചിരിക്കുന്ന കുഞ്ഞു പലകയാവട്ടെ വിരൽ തുമ്പിൽ അവശേഷിക്കുന്ന കണ്മഷിയും ചന്ദനവും കൊണ്ടുള്ള ചിത്രപ്പണികളെയും കോണുകളിൽ തൂവിപ്പടർന്ന കുങ്കുമത്തെയും തുരുമ്പിച്ചുതുടങ്ങിയ കറുത്ത മുടിപ്പിന്നുകളെയും പല്ലടർന്നുതുടങ്ങിയ ചീപ്പിനെയും കൂടെ താങ്ങിയിരുന്നു.
ചെറുപ്പത്തിൽ ചെവിയുടെ മുകളിൽ വെച്ച് വെട്ടിക്കളഞ്ഞ മുടിയെ ഓർത്തു നോക്കിനോക്കിക്കരഞ്ഞതും കൌമാരത്തിൽ ആരും കാണാതെ ഉടുപ്പ് പിന്നിൽ വലിച്ചുപിടിച്ചു ഉടൽമാറ്റങ്ങൾ ഉൾപുളകത്തോടെ ആസ്വദിച്ചതും ആദ്യചുംബനത്തിൽ ചുവന്നുപോയ കവിൾത്തടം കണ്ടതുമെല്ലാം പല നിറവും വലുപ്പവുമുള്ള പൊട്ടുകൾ കൊണ്ടും പശ കൊണ്ടും 'അലങ്കൃതാലങ്കോല'മായ ആ കണ്ണാടിയിൽ തന്നെ!

ഇന്ന് തോന്നുമ്പോൾ മുഖം നോക്കാൻ ചുറ്റിനും കണ്ണാടികളും പോരെങ്കിൽ മൊബൈലിൽ സെൽഫിക്യാമറയും ഉണ്ട്. അന്നൊക്കെ സ്വയംദർശനസൌകര്യങ്ങളുടെ അപര്യാപ്തത കൊണ്ടാവാം രാവിലെ ഒരുങ്ങിപ്പോവുന്ന സുന്ദരികളെല്ലാം മടങ്ങി വന്നു മത്സരബുദ്ധിയോടെ ഈ കണ്ണാടിക്കു മുന്നിൽ ഇരട്ടി സമയം ചെലവിട്ടത്.

പ്രണയപരവശരായവർക്കാണ് കണ്ണാടിയുടെ ഉപയോഗം കൂടുന്നത്. നമ്മളെ കാണുന്നവർക്ക് നമ്മുടെ ചിരി, മുടി, നോട്ടം ഒക്കെ ഏറ്റവും നല്ലതായിരിക്കണം എന്നുള്ളതുകൊണ്ട് മുടി അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിടുന്നതും മന്ദഹാസം മുതൽ പൊട്ടിച്ചിരി വരെയുമുള്ള പരീക്ഷണങ്ങൾക്കെല്ലാം നിശബ്ദസാക്ഷിയാവുന്നതും ഈ കണ്ണാടി തന്നെ.

കുറെയേറെ പെണ്‍ചേഷ്ടകളും വികാരങ്ങളും സഹിച്ചിരുന്ന ആ പാവം കണ്ണാടി ഇന്നെവിടെയായിരിക്കും ! എനിക്കൊരിക്കലും ചെന്ന് നില്ക്കാൻ പറ്റാത്ത ഏതു ഇടനാഴിയിൽ ആരുടെ സൗന്ദര്യമായിരിക്കും ആ കണ്ണാടി ഇപ്പോൾ ആസ്വദിക്കുന്നുണ്ടാവുക?