"നിന്നെയെനിക്ക് ഇപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാം.. ഒരാളും ചോദിക്കില്ല!" കുറെ നാൾ പ്രേമാഭ്യർത്ഥനയുമായി പിറകെ നടന്നവൻ ഒരിക്കൽ ലഞ്ച് ബ്രേക്കിൽ കോളേജിലെ ചുവരോട് ചേർത്ത് തടഞ്ഞുനിർത്തി കണ്ണിൽ നോക്കി ഭീഷണിപ്പെടുത്തിയപ്പോൾ നിരാലം ബയായി ചുറ്റും നോക്കി. വിരണ്ടു നിസ്സഹായരായി നിൽക്കുന്ന കൂട്ടുകാരെയും, 'ഓ ഇതൊക്കെ നാറ്റക്കേസാ, അവരായി അവരടെ പാടായി' എന്ന മട്ടിൽ നിസ്സംഗമായി കടന്നുപോയവരെയും കണ്ടതോടെ അവൻ പറഞ്ഞത് സത്യമാണെന്ന് ഒരു നിമിഷം ഞാനും കരുതി. കണ്ണിൽ ഇരുട്ട് കയറുന്നുണ്ടോ.. പാടില്ല..!!! എനിക്കുവേണ്ടി പൊരുതാൻ ഞാനേയുള്ളൂ. എന്റെ ചെറുവിരലിലെങ്കിലും തൊട്ടാൽ സർവശക്തിയുമെടുത്ത് പ്രതികരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചുനിന്നെങ്കിലും അനുനിമിഷം തളർന്നുപോവുന്ന മനസ് എന്നെ പരീക്ഷിച്ചുകൊണ്ടിരുന്നു.
"കൈ മാറ്റ് എനിക്ക് പോണം" ക്രൂരമായി ഇറുകിയ ആ കണ്ണുകളിലേക്ക് തറപ്പിച്ചുനോ ക്കി പരമാവധി ശക്തിയോടെ പറഞ്ഞെങ്കിലും ചിലമ്പി പുറത്തുവന്നു സ്വരം.. അതിലവൻ വിരണ്ടു എന്ന് എനിക്ക് തോന്നിയതേയില്ല.
ആൾക്കൂട്ടത്തെ ശ്രദ്ധിച്ചിട്ടോ എന്തോ ഒന്ന് ശങ്കിച്ച് കയ്യെടുത്ത് എന്നെ സ്വതന്ത്രയാക്കി, പടിക്കെട്ടുകൾ കയറി ക്ലാസ്സിലേക്ക് പിടഞ്ഞോടുമ്പോൾ പിന്നിൽനിന്നും പിന്നെയും വന്ന ഭീഷണി ബഹളത്തിൽ കാതിൽ വീണില്ല. അല്ല.. കണ്ണിലൂടെ ഇരമ്പിയിറങ്ങിയ സ്വന്തം അപമാനത്തിന്റെയും സങ്കടത്തിന്റെയും തിരയിളക്കം മാത്രമേ എനിക്ക് കേൾക്കാനായുള്ളൂ.
ആണുങ്ങളില്ലാത്ത വീട്ടിൽ എല്ലായ്പ്പോഴും അരക്ഷിതബോധത്തോടെ മാത്രമേ ഞാൻ വളർന്നിട്ടുള്ളൂ. എന്റെ നാട്ടുകാർക്ക് അച്ഛനോടുള്ള ബഹുമാനം കൊണ്ടുണ്ടായ സ്നേഹവും കരുതലും ആവോളം അനുഭവിച്ചിരുന്നു എങ്കിലും ബസിലും ട്രെയിനിലും ചുറ്റുമുള്ള നോട്ടങ്ങളെ ഭയന്ന് സമാധാനമില്ലാതെപോയ എത്രയോ യാത്രകളിൽ ബാഗിനകത്തെ സേഫ്റ്റിപിന്നിൽ വിരലമർത്തി ഇരുന്നിട്ടുണ്ട്. പിൻസീറ്റിൽ നിന്നും ആരെങ്കിലും മുന്നോട്ടാഞ്ഞിരുന്നാൽ തീർന്നു! നെഞ്ചിടിപ്പ് അടുത്തുള്ളവർക്ക് പോലും എണ്ണിയെടുക്കാം. ദൂരയാത്രകളിൽ അരികത്തുകൂടി കടന്നുപോവുന്ന ഒരു വസ്ത്രമുലച്ചിൽ പോലും എന്നെ ജാഗരൂഗയാക്കിയിരുന്നു. അസ്വസ്ഥയാക്കിയിരുന്നു.
അതുകൊണ്ടുതന്നെ അയൽക്കാർ പോലും സഹായത്തിനില്ലാതെ തനിച്ചു കഴിഞ്ഞ ഒരമ്മയുടെയും മോളുടെയും അവസ്ഥ മനസിലാവും. അടച്ചുറപ്പില്ലാത്ത വീടിന് പുറത്തെ ഓരോ കാൽ പെരുമാറ്റവും അവരെ മനോരോഗി ആക്കിയില്ലെങ്കിലെയുള്ളൂ അത്ഭുതം.
"എന്നോട് കളിക്കല്ലേ.. കളിച്ചാൽ ഞാൻ പച്ചമാങ്ങാ തീറ്റിക്കും!"
പല സിനിമകളിലെയും തന്റേടിയായ നായികയോട് നായകന്റെ ഭീഷണി/ വിരട്ടൽ/വെല്ലുവിളി ആണിത്. എത്ര വൃത്തികെട്ട മനോഭാവം ആണെന്ന് പോലുമോർക്കാതെ എല്ലാവരും കയ്യടിക്കും. പെണ്ണുങ്ങൾ പോലും ചൂളി വായപൊത്തി ചിരിക്കും.
എന്നാൽ അതൊക്കെ കേട്ട് വളരുന്ന കുട്ടികളും നമ്മുടെ കൂടെയുണ്ടെന്ന് ഓർക്കാറുണ്ടോ ?
തമാശയായിട്ടായാലും കാര്യമായിട്ടായാലും പെണ്ണിനെ ഒതുക്കാൻ അവളെ ശാരീരികമായി കീഴടക്കുകയാണ് ഏറ്റവും പറ്റിയത് എന്ന് മനസ്സിൽ ഉറപ്പിക്കുകയല്ലേ ഇത്?
നമ്മുടെ തലമുറയെ ഇനി മാറ്റാനാവില്ല, സ്വയം മാറുകയല്ലാതെ. എന്നാൽ കുഞ്ഞുങ്ങളെ.. പ്രത്യേകിച്ചും ആൺകുട്ടികളെ പെൺകുട്ടി അഥവാ പെണ്ണ് എന്നത് എതിർലിംഗം മാത്രമാണ്, ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചു തോൽപ്പിക്കേണ്ട എതിരാളി അല്ല എന്ന് പറഞ്ഞു പഠിപ്പിക്കണ്ടേ?
സ്ത്രീ അമ്മയാണ്, മഹാലക്ഷ്മിയാണ്, മഹാമായയാണ് എന്നൊന്നും വണങ്ങിയില്ലെങ്കിലും തന്നെപ്പോലെത്തന്നെ ഹൃദയവും തലച്ചോറും കരളുമുള്ള ഒരു മനുഷ്യനാണ്, അവൾക്കും ഈ ഭൂമിയിൽ സ്വതന്ത്രമായി ആരെയും ഭയക്കാതെ നടക്കാൻ അർഹതയുണ്ട് എന്ന് മനസിലാക്കി സഹജീവിയോട് കാട്ടുന്ന കരുണ മാത്രം കൊടുത്താൽ മതി.
4 comments:
കൊള്ളാം.
കുടുംബങ്ങളാണ് സമൂഹത്തിന്റെ അടിസ്ഥാന ഘടകം. ശിഥിലമായ കുടുംബസാഹചര്യങ്ങളിൽ വളർന്നുവരുന്ന തലമുറയാണ് നമ്മുടെ ശാപം. കുടുംബബന്ധങ്ങൾ സുദൃഢമാകുമ്പോൾ, പരസ്പര സ്നേഹവും കരുതലും സഹവർത്തിത്തവും അനുഭവിച്ചു വളരുന്നവർ സമൂഹത്തിലും അതേ സ്നേഹവും കരുതലും സഹവർത്തിത്തവും പങ്കുവയ്ക്കും.
പെണ്ണുങ്ങൾ തന്നെയാണ് ഒരു പരിധി വരെ ഇതിനു കാരണക്കാർ. എന്തോ ഒരു "അമൂല്യ സ്വത്തു" കയ്യിൽ വച്ചിരിക്കുന്ന രീതിയിൽ ആണവരുടെ പെരുമാറ്റം. അപ്പോൾ അവരുടെ സ്വാഭാവിക പെരുമാറ്റം നഷ്ട്ടപ്പെടുന്നു. ഒരു ആണിന് എങ്ങിനെ അനുഭവപ്പെടുന്നോ അത്രയും മാത്രമേ ഒരു പെണ്ണിനും ഉള്ളൂ എന്ന് കരുതിയാൽ അത് പോലെ പെരുമാറിയാൽ ആണുങ്ങളിൽ നിന്നും ഇത്തരം ആണത്വമില്ലാത്ത പെരുമാറ്റം കുറയും. നന്നായി എഴുതി.
മഹാലക്ഷ്മീ ഭദ്രകാളിയായി മാറേണ്ട കാലഘട്ടമാണിപ്പോള്‍.
ദുഷ്ടന്മാരുടെ ആധിക്യം അത്രയധികമായിരിക്കുന്നു!
ആശംസകള്‍
Post a Comment