About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, August 11, 2010

പവിത്ര

അച്ഛന്‍ അയച്ച കത്ത് ഒരിക്കല്‍കൂടി വായിക്കാനെടുത്തപ്പോഴായിരുന്നു അമിത് വിളിച്ചത്.

"പവിത്രാ.. ഈ ഞായറാഴ്ചക്ക് ഒരു ഓഫര്‍ ഉണ്ട്. ഒരു എന്‍ആര്‍ഐ വ്യവസായി ആണ്. പക്ഷെ... പുരുഷനാണ്.. എനിക്കറിയാം, നീ സമ്മതിക്കാന്‍ മടിക്കുമെന്ന്... ബട്ട്‌, ബിലീവ് മി.. നിന്‍റെ കാര്യമൊക്കെ അറിയാവുന്നത് കൊണ്ടാണ്... ഇതൊരു ഗ്രേറ്റ്‌ ഓഫര്‍ തന്നെയാവും. അയാള്‍ക്ക് ഒരു പകലിനു കൂട്ട് പോയാല്‍ മതിയത്രെ.. വെറുതെ നഗരം ചുറ്റല്‍ തന്നെ."

ആലോചിച്ചിട്ട് വിളിക്കാമെന്നു പറഞ്ഞു സംസാരം അവസാനിപ്പിച്ചു വീണ്ടും കത്ത് തുറന്നു.

".......... നിന്‍റെ പുതിയ ജോലി പഠനത്തെ ബാധിക്കില്ലെന്ന് വിശ്വസിക്കുന്നു. സ്വയം സൂക്ഷിക്കാന്‍ നിനക്കാവുമെന്നു അച്ഛനറിയാം. എങ്കിലും നഗരത്തിലെ ആളുകള്‍ പലവിധമാവും..." അത്രയും വായിച്ച് അവള്‍ കത്ത് മടക്കി മേശപ്പുറത്തു വെച്ചു.

താമസസ്ഥലത്തേക്ക് തപാല്‍ ശിപായി വരുന്നത് ഒരുപക്ഷെ തനിക്കായി മാത്രമായിരിക്കും എന്ന് പവിത്രക്ക് തോന്നാറുണ്ട്. ഓരോ കത്തിലും അവളുടെ ഗ്രാമവിശേഷങ്ങള്‍ അടുത്തിരുന്ന് അച്ഛന്‍ പറയുന്നതായി തോന്നും. കുടുംബസ്വത്തായി കിട്ടിയ ഭൂമിയിലെ മോശമല്ലാത്ത ആദായം മനസ്സില്‍ കണ്ടാണ്‌ നാഗേശ്വരറാവു മകളെ നഗരത്തില്‍ പഠിക്കാന്‍ അയച്ചത്. മൂത്തമകള്‍ പ്രജ്ഞയുടെ വിവാഹാവശ്യത്തിനായി സ്ഥലത്തെ പ്രമാണി രംഗാറെഡ്ഡിയോട് കടം വാങ്ങിയതും അതുകൊണ്ട് തന്നെയായിരുന്നു. കഴിഞ്ഞവര്‍ഷം പ്രകൃതി കനിയാതിരുന്നതുമൂലമുള്ള നഷ്ടത്തിന്റെയും അപമാനത്തിന്റെയും കഥകള്‍ സമീപകാലങ്ങളില്‍ പവിത്രയെ തേടിയെത്തിയപ്പോഴാണ് സുഹൃത്തായ അമിത് നിര്‍ദ്ദേശിച്ച പുതിയ വരുമാനമാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

സഹപാഠിയായ രുചികയുടെ അകന്നബന്ധു അമിത് മെഹ്റയെ പരിചയപ്പെടുമ്പോള്‍ അയാള്‍ ഒരു ചെറുകിടവ്യവസായി ആണെന്നേ അവള്‍ അറിഞ്ഞുള്ളൂ. രാജ്യത്തിനകത്തും പുറത്തും നിന്ന് നഗരത്തിലെത്തുന്ന വ്യക്തികള്‍ക്ക് സമയവ്യവസ്ഥയില്‍ സൌഹൃദം പങ്കിടാന്‍ അവരുടെ അഭിരുചിക്കനുസൃതമായ വ്യക്തികളെ വിട്ടുകൊടുക്കുകയും അതിന് തക്കതായ പ്രതിഫലം വാങ്ങുകയും ചെയ്യുന്നതിനെപറ്റി കോഫിബാറിലെ തണുത്തമേശയ്ക്കിരുവശവുമിരുന്ന് അവര്‍ സംസാരിച്ച ആദ്യനാള്‍ പവിത്ര വെറും ശ്രോതാവ് മാത്രമായിരുന്നു.

ഒരു മുന്‍പരിചയവുമില്ലാത്തവരുമായി ഒരു പകല്‍ മുഴുവന്‍ പങ്കിടുന്നതിനെകുറിച്ച് ഓര്‍ക്കാന്‍തന്നെ പവിത്ര മടിച്ചു. എന്നാല്‍ ദേബ്രതി മുഖര്‍ജി എന്ന ബംഗാളിവനിതക്ക് കൂട്ടുപോവുന്നതിനെപ്പറ്റി അമിത് പറഞ്ഞ ദിവസമായിരുന്നു അച്ഛന്‍റെ കണ്ണീരിനാല്‍ മഷി പടര്‍ന്ന ഒരു കത്ത് അവളെ തേടിയെത്തിയത്. രംഗാറെഡ്ഡിയുടെ ഭീഷണിയും പ്രജ്ഞയുടെ ഭര്‍തൃമാതാവിന്‍റെ നിലക്കാത്ത ആവശ്യങ്ങളും അവളുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസവും തീര്‍ത്ത ആകുലതകളാല്‍ അച്ഛന്‍ വല്ലാതെ തകര്‍ന്നിരുന്നു. പിന്നീട് ഒന്നും ആലോചിക്കാതെ അമിതിനെ വിളിച്ചു പറഞ്ഞ്, അടുത്ത ഞായറാഴ്ചയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തി.

ദേബ്രതി മുഖര്‍ജി അവള്‍ അതുവരെ കണ്ടിട്ടുള്ള സ്ത്രീകളില്‍നിന്നും വിഭിന്നയായിരുന്നു. ചെറുപ്രായത്തില്‍തന്നെ വലിയ വ്യവസായസമുച്ചയത്തിന്റെ തലപ്പത്തിരിക്കേണ്ടിവന്നതിനാല്‍ മോഹങ്ങളും സ്വപ്നങ്ങളും മനസിനുള്ളില്‍മാത്രം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവള്‍. കമ്പനിയുടെ എന്തോ ആവശ്യത്തിനായി അവിടെയെത്തിയ അവള്‍ക്ക് നഗരം ചുറ്റാന്‍ ഒരു സഹചാരിയായിട്ടാണ് പവിത്ര എത്തിയത്. ചിലപ്പോള്‍ കുട്ടികളെപോലെ ഉറക്കെ പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ ചിന്താവിഷ്ടയായും ദേബ്രതി അവളുടെ കൂടെനടന്നു. ചാര്‍മിനാറിന്റെ മുകളില്‍ നിന്നുകൊണ്ട് നഗരം മുഴുവന്‍ ഒറ്റനോട്ടത്തില്‍ ഒപ്പിയെടുക്കുമ്പോള്‍ അവളുടെ മുഖം വലിഞ്ഞുമുറുകി പവിത്രയെ ഭയപ്പെടുത്തി.

"ഞാനിപ്പോള്‍ ഇവിടുന്നു ചാടിയാല്‍ നീയെന്തു ചെയ്യും? " ഉത്തരമാലോചിച്ചു പകച്ചപ്പോള്‍ അവള്‍ ചേര്‍ത്ത് പുണര്‍ന്നു, "വിഷമിക്കണ്ട.. എനിക്കതൊക്കെ ആഗ്രഹിക്കാനേ പറ്റൂ.. "

വളകളുടെ വര്‍ണ്ണവിസ്മയത്തില്‍ മതിമറക്കുമ്പോള്‍ അവള്‍ കൌമാരക്കാരിയായി. ഇഷ്ടപ്പെട്ടവ അവള്‍ പവിത്രയുടെ കൈകള്‍ക്കായി വാങ്ങിക്കൂട്ടി.

മ്യൂസിയത്തിലെ വിശിഷ്ടഘടികാരത്തില്‍ ഓരോ മണിക്കൂറും ഇറങ്ങിവന്നു മണിയടിച്ചിട്ടുപോവുന്ന കുഞ്ഞുഭടനെ കാത്തിരിക്കുമ്പോള്‍ സമയനിഷ്ഠയില്ലാത്ത പൂര്‍വകാമുകനെ കുറിച്ച് ദേബ്രതി നിര്‍വികാരതയോടെ പറഞ്ഞു. അച്ചടക്കത്തോടൊപ്പം മുഖം നോക്കാതെ സ്നേഹിക്കാനും പഠിപ്പിച്ച ഗംഗാമൌസിയെ കുറിച്ച് പറയുമ്പോള്‍ അവളുടെ കണ്ണുകളോടൊപ്പം പവിത്രയുടെതും സജലങ്ങളായി. സമ്പന്നനായ വ്യവസായി മകളെ സംരക്ഷിക്കാനായി വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്ന അകന്ന ബന്ധുവായിരുന്നുവത്രേ ഗംഗമൌസി. അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും ഒരിക്കലും വറ്റാതെ ലഭിച്ചുകൊണ്ടിരുന്ന ഉറവ പെട്ടെന്നൊരു ദിവസം നിലച്ചപ്പോള്‍ നഷ്ടം ദേബ്രതിക്ക് മാത്രമായിരുന്നു.

പഴയ കോട്ടയിലെ സുല്‍ത്താന്റെ പ്രണയിനി ഭാഗ്മതിയുടെ കഥ കേട്ട്, പ്രശസ്തമായ ഭക്ഷണശാലയിലെ ബിരിയാണി ഒരുമിച്ചു രുചിച്ച് കൈനിറയെ സമ്മാനങ്ങള്‍ വെച്ചുകൊടുത്തു ദേബ്രതി യാത്രയാവുമ്പോള്‍ ഒരു ദിവസം മാത്രം അറിഞ്ഞവള്‍ക്ക് വേണ്ടി എന്തിനാണ് മനസ് നോവുന്നതെന്ന് അവള്‍ അതിശയിച്ചു. അമിത് വെച്ച് നീട്ടിയ തുക കയ്യില്‍ വാങ്ങുന്നതോടെ ദേബ്രതിയെ മറക്കേണ്ടതായിരുന്നു. പക്ഷെ വിമാനത്താവളത്തിലേക്കുള്ള വണ്ടിയില്‍ കയറാന്‍ നേരം ‍ തിരിഞ്ഞുനിന്നു കയ്യില്‍ മുറുകെ പിടിച്ചുകൊണ്ട്, "നിന്നെ ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പരിചയപ്പെട്ടില്ലല്ലോ കൂട്ടുകാരീ" എന്നവള്‍ പറഞ്ഞ നിമിഷം തന്നെ അവള്‍ തന്‍റെ മനസ്സില്‍ സ്ഥിരതാമസമാക്കിയെന്നറിഞ്ഞു.

രാത്രി മുറിയിലെ ഏകാന്തതയില്‍ അന്നത്തെ പകല്‍ മുഴുവന്‍ കണ്ണിനു മുന്നിലേക്കോടി എത്തിയപ്പോള്‍ പവിത്ര മനസ്സില്‍ ഉറച്ചതായിരുന്നു, അമിത്തിന്റെ അടുത്ത ക്ഷണം സ്വീകരിക്കില്ല എന്ന്. പക്ഷെ സെമെസ്റ്റര്‍ ഫീസ്‌ കഴിഞ്ഞു ബാക്കിവന്നത് സ്വീകരിച്ചതിനു മറുപടിയായിവന്ന അച്ഛന്‍റെ ആശ്വാസവും സന്തോഷവും പ്രതീക്ഷയും വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. പക്ഷെ അടുത്ത കസ്റ്റമര്‍ ഒരു പുരുഷന്‍ ആണെന്നറിഞ്ഞപ്പോള്‍ നിരസിക്കാന്‍ താമസമുണ്ടായില്ല. രാവിലെ ഇറങ്ങുമ്പോള്‍ "നീയിപ്പോഴും പഴയ ഗ്രാമീണപെണ്‍കുട്ടി തന്നെ" എന്ന് കളിയാക്കിയ രുചിക അടുത്ത ദിവസങ്ങളിലെല്ലാം ആ ദിവസത്തെ മഹത്തായ അനുഭവങ്ങള്‍ വിളമ്പി. ഒറ്റ ദിവസം കൊണ്ട് അവള്‍ക്ക് അയാള്‍ 'സ്വീറ്റും' 'ചാമിങ്ങും' ഒരിക്കല്‍പോലും അതിരുകടക്കാത്ത മാന്യനുമൊക്കെയായി. സമ്മാനങ്ങളില്‍ വിലപിടിപ്പുള്ള അടിവസ്ത്രങ്ങള്‍ കണ്ടപ്പോള്‍ പവിത്രക്ക് അവജ്ഞ തോന്നി.

അച്ഛന്‍റെ ഏറ്റവും പുതിയ കത്ത് പടരാത്ത മഷി കൊണ്ടാണ് എഴുതിയിരുന്നത്. റെഡ്ഡിയുടെ ആള്‍ക്കാര്‍ നശിപ്പിച്ച വീട്ടുപകരണങ്ങളുടെ കണക്കും ആദ്യപ്രസവത്തിനായോരുങ്ങുന്ന പ്രജ്ഞയുടെ ശാരീരികവും സാമ്പത്തികവുമായ വൈഷമ്യങ്ങളും വിശദമായി എഴുതിയിരുന്നു. അടുത്ത ഒരാഴ്ച മാത്രമാണത്രേ റെഡ്ഡി കൊടുത്ത അവസാന അവധി. പതിവിനു വിപരീതമായി സ്വന്തം രോഗവിവരങ്ങളും അപ്പുറത്തെ വീട്ടിലെ സുലക്ഷണയുടെ കല്യാണവിശേഷങ്ങളും പവിത്രയുടെ സുഖന്വേഷണവും എഴുതാന്‍ അച്ഛന്‍ മറന്നുപോയതാവുമെന്ന് അവള്‍ ആശ്വസിച്ചു.

വ്യവസായിയുടെ സഹചാരിയാവാന്‍ സമ്മതമെന്ന് അമിത്തിനെ അറിയിച്ച്, അല്പം മുന്‍പ് പെട്ടിയുടെ അടിയില്‍നിന്നും അവളെടുത്തുവെച്ച കൊച്ചുകത്തി ഭംഗിയായി പൊതിഞ്ഞ് ബാഗില്‍ വെച്ചശേഷം അഞ്ചുമണിക്ക് വെങ്കിടേശ്വരസുപ്രഭാതം ആലപിച്ചുണര്‍ത്താന്‍ സെല്‍ഫോണിനെ ഏല്‍പ്പിച്ച് പവിത്ര ഉറങ്ങാന്‍ കിടന്നു.