About Me

My photo
A person who loves to read, write, sing and share thoughts.

Thursday, December 1, 2011

തമിഴും ഞാനും..

തമിഴ് എന്ന ഭാഷയോട് എന്തുകൊണ്ടാണ് എനിക്കിത്രയും ഇഷ്ടം ഉണ്ടായത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. തമിഴ് ഞാന്‍ എന്നുമുതലാണ് കേട്ട് തുടങ്ങിയത് എന്നത് ഓര്‍ത്തെടുക്കാന്‍ പോലും കഴിയില്ല. പാലക്കാട്‌ ഒരു അതിര്‍ത്തി ജില്ല ആയതുകൊണ്ടാവാം തമിഴ് നാട്ടില്‍ നിന്നും വളരെ മുന്‍പ് തന്നെ കുടിയേറിയ ബ്രാഹ്മണരും അബ്രാഹ്മണരും ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ടായിരുന്നത് കൊണ്ട് ശുദ്ധമായ തമിഴ് അല്ലെങ്കില്‍ പോലും കേട്ടാല്‍ അതെത് ഭാഷയാണ്‌ എന്ന് മനസിലാക്കാന്‍ തക്ക പരിചയമെങ്കിലും ചെറുപ്രായത്തില്‍ തന്നെ എനിക്കുണ്ടായിരുന്നു.

പണ്ട് ബ്രാഹ്മണവീടുകളില്‍ മോര് വാങ്ങാനായി പോകുമ്പോള്‍ പടിപ്പുരയില്‍ നിന്നും ഉറക്കെ വിളിക്കണം. ഉള്ളിലേക്ക് പ്രവേശനമില്ല. ഉള്ളില്‍ നിന്നും അമ്മ്യാര് ഉറക്കെ വിളിച്ച് പറയും, "അങ്കെയേ നില്ല്.. ഉള്ളെ വരാതെ.." എന്ന്. അളവ് പറഞ്ഞു കാത്തുനില്‍ക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട് ഉള്ളില്‍ പോയി നോക്കിയാലെന്താണെന്ന്. നമ്മള്‍ കൊണ്ട് വന്ന പാത്രം താഴെ വെച്ചു മാറി നില്‍ക്കുമ്പോള്‍ അതില്‍ തൊടാതെ മറ്റൊരു പാത്രത്തില്‍ നിന്നും അതിലേക്കു ഊറ്റി ഒഴിച്ച് പിന്നിലേക്ക്‌ മാറുമ്പോള്,‍ പൈസ ദേഹത്ത് തൊടാതെ താഴെ വെച്ചു കൊടുത്തു, മോരുമായി തിരിച്ചു നടക്കുമ്പോള്‍ ഒക്കെ ഉള്ളില്‍ അമര്‍ഷം തോന്നിയിട്ടുണ്ട്. ഒരുതരം ആജ്ഞാപനം പോലുള്ള ഭാഷയോട് വെറുപ്പും.

പിന്നീട് സ്നേഹമുള്ള കൂട്ടുകാരെ കിട്ടിയപ്പോള്‍, അവരുടെ വീടുകളില്‍ എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാനും അവരോടൊപ്പം ആഹാരം കഴിക്കാനുമുള്ള സ്വാതന്ത്ര്യമായപ്പോള്‍ ആ ഭാഷക്ക് സ്നേഹമുള്ള ഒരു ഈണം കൂടെ ഉണ്ടെന്നു മനസിലായി.

ആ വഴി പോകുമ്പോൾ സ്നേഹത്തോടെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു എന്റെ കുട്ടിക്കാലത്ത്.  ഉള്ളിലെ തളത്തിന് നടുവിലായി തൂങ്ങുന്ന ആട്ടുകട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന്, തുടയിൽ താളമിട്ടും ഒപ്പം പാടിയും കീർത്തനങ്ങൾ ആസ്വദിച്ചിരുന്ന, തടിച്ച ഒരു മധ്യവയസ്കൻ (പിന്നീട് റിസബാവയെ ബ്രാഹ്മണ വേഷത്തിൽ കാണുമ്പോൾ ഞാനദ്ദേഹത്തെ ഓർക്കുമായിരുന്നു). ആ വീട്ടിലെ ഓരോരുത്തരും സ്നേഹപൂർവ്വം പെരുമാറുകയും പലഹാരങ്ങളും പൂജാപ്രസാദങ്ങളും നിർലോഭം തരികയും ചെയ്യുമായിരുന്നു.

പഴയ തിരുവിതാംകൂറിന്റെ ഭാഗമായ നാഗര്‍കോവിലില്‍ പഠിച്ച അമ്മക്ക് തമിഴ് ഭാഷയും വശമായിരുന്നു. അമ്മക്ക് വായിക്കാന്‍ റാണി, കുമുദം തുടങ്ങിയ തമിഴ് പുസ്തകങ്ങള്‍ എത്തിച്ചിരുന്നത് ഇടയ്ക്കിടെ തമിഴ്നാട്ടില്‍ പരിപാടിക്ക് പോയിവരാറുള്ള കുമാരസ്വാമി എന്ന നാദസ്വരവിദ്വാന്‍ ആയിരുന്നു. സിനിമാക്കാരുടെയും മറ്റും ബഹുവര്‍ണ്ണ ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ തന്നെ ഞങ്ങള്‍ എടുത്തു നോക്കാറുണ്ട്. ഓരോന്നും ഞങ്ങള്‍ക്കു വായിച്ചു തരേണ്ട അവസ്ഥ ആയപ്പോഴാവണം അമ്മ കുമാരസ്വാമിയോട് ഒന്നാം പാഠ പുസ്തകം വാങ്ങിവരാന്‍ നിര്‍ദേശിച്ചത്.

മലയാളത്തോട് സാമ്യമുള്ള അക്ഷരങ്ങള്‍ എഴുതി പഠിക്കാന്‍ കൌതുകമായിരുന്നു. ഒപ്പം, പഠിച്ച അക്ഷരങ്ങള്‍ കൂട്ടിവെച്ചു വാക്കുകള്‍ വിജയകരമായി വായിച്ചെടുക്കുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷവും.

ഉപജീവനത്തിനായി നാടുവിട്ടതും തമിഴ്നാട്ടിലേക്ക് തന്നെ. അതുവരെ സണ്‍ ടീവി കണ്ടും കേട്ടുമുള്ള അറിവുമായി ചെന്നൈയിലേക്ക് വണ്ടി കയറുമ്പോള്‍ എങ്ങനെയെങ്കിലും സംസാരിച്ചു ഫലിപ്പിക്കാനാവും എന്ന ആത്മവിശ്വാസം എങ്ങനെ ഉള്ളില്‍ കയറിക്കൂടിയോ എന്തോ..

ഭാഗ്യത്തിന് കിട്ടിയ കൂട്ടുകാര്‍ എന്‍റെ മുറിതമിഴ് സഹിച്ചും ക്ഷമയോടെ തിരുത്തിയും തമിഴിനെയും ആ നാട്ടുകാരെയും സ്നേഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. അപരിചിതരോടും പ്രായത്തില്‍ ഇളയവര്‍ ആണെങ്കില്‍ പോലും "വാങ്ക", "സൊല്ല്ങ്ക" എന്നൊക്കെ ബഹുമാനപുരസ്സരം സംസാരിക്കുന്നത് ആദ്യമൊക്കെ വിസ്മയമായിരുന്നു. ബാല്യം മുതല്‍ തന്നെ അപ്പുറത്തെ കടയിലെ ഒരിക്കലും നിലക്കാത്ത ടേപ്പ് റിക്കോര്‍ഡറും സരോജക്കാളുടെ കോയമ്പത്തൂര്‍ വാനൊളിനിലയവും കേള്‍പ്പിച്ച ഇളയരാജയുടെ ഈണത്തില്‍ മയങ്ങിയിരുന്നുവെങ്കില്‍ അതിന് കണ്ണദാസന്‍, വാലി തുടങ്ങിയ കവികളുടെ മനോഹരങ്ങളായ വരികളുണ്ടെന്നും അവയെല്ലാം സാധാരണക്കാരന് പോലും ആസ്വാദ്യമാണ് എന്നും അറിഞ്ഞു. ഹോസ്റ്റലിലെ സഹവാസികള്‍ മഹാകവി ഭാരതിയാരെയും പരിചയപ്പെടുത്തി. ആ കാലത്തുപോലും പുതിയ കാലത്തെ പെണ്ണ് എങ്ങനെയായിരിക്കണം എന്ന് ഇത്രയും വിശാലമനസ്സോടെ ചിന്തിച്ച മറ്റൊരാള്‍ ഉണ്ടോ എന്നറിയില്ല.

തമിഴ്നാട്ടിലെ ആചാരങ്ങളും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. രാവിലെ പൂമുഖത്ത് കോലമിടുന്നത് വീടിന്റെ ഐശ്വര്യത്തിന് മാത്രമല്ല സ്ത്രീകളുടെ ആരോഗ്യം കാക്കുന്ന യോഗാസനത്തിനു സമമാണെന്ന അറിവ് ശരിക്കും അത്ഭുതമായിരുന്നു. പിന്നെയും എന്തൊക്കെ വിശ്വാസങ്ങള്‍! അരിപ്പൊടി കോലം വീട്ടിലെത്തുന്ന ഉറുമ്പിനു പോലും ആഹാരമാവും എന്നതും, എന്തിനെയും സമഭാവനയോടെ കാണുന്ന ഒരു സംസ്കാരത്തെ വിളിച്ചറിയിക്കുന്നു.

മലയാളത്തെ പോലെ തന്നെ തമിഴിനെയും ഇഷ്ടപ്പെടാന്‍ ഇതൊക്കെയാവും എന്നെ പ്രേരിപ്പിക്കുന്നത്.ഇനിയും ഞാനറിയാത്ത എന്തൊക്കെയുണ്ടാവും തമിഴുമായി ബന്ധപ്പെട്ട്! ഇനിയൊരു പക്ഷെ കഴിഞ്ഞ ജന്മത്തിൽ ഞാനൊരു തമിഴത്തി ആയിരുന്നുവോ എന്തോ..