About Me

My photo
A person who loves to read, write, sing and share thoughts.

Monday, December 31, 2012

പറയാതെ...

"തള്ളേടെ ഇരിപ്പ് കണ്ടില്ലേ? ഒരു പെങ്കൊച്ചിനെ ട്രെയിനീന്ന് തള്ളിയിട്ടു കൊല്ലാന്‍ നോക്കിയതാ.."
 പ്രതി കനകമ്മാള്‍ എന്ന വൃദ്ധ മുഖം താഴ്ത്തി ദൃഷ്ടി തറയിലൂന്നി പോലീസ് സ്റ്റേഷന്റെ വരാന്തയില്‍ മിണ്ടാതിരുന്നു.
വൈകുന്നേരങ്ങളില്‍ താംബരത്തു നിന്നും കയറിയാല്‍ സബ് അര്‍ബന്‍ തീവണ്ടി  ബീച്ച് സ്റ്റേഷന്‍ എത്തുന്നതുവരെയും പൂക്കാരി കനകമ്മാള് ആരോടും മിണ്ടാറില്ല. അവരുടെ വലിയ പരന്ന കൊട്ടയില്‍ മുല്ല, മല്ലി, കനകാംബരം, മരിക്കൊഴുന്ത് എന്നിവ ഇട കലര്‍ത്തി കെട്ടിയതും വെവ്വേറെ  കെട്ടിയതുമായ മാലകള്‍ വലിയ പന്തുകളായിരിക്കും. അരികില്‍ എട്ടോ പത്തോ റോസാപ്പൂക്കള്‍  കെട്ടാതെയും വെക്കുന്നത് ഇടക്ക് പടയായി വന്നു ചിരിയും ബഹളവുമായി ഒരുമിച്ചിറങ്ങിപോവുന്ന വിദ്യാര്‍ത്ഥിനികളെ കരുതിയാണ്.
എല്ലാ ദിവസവും ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ ആണ് കനകമ്മാള്‍ ഇരിക്കുന്നത്. വായ മുഴുവന്‍ ചുവപ്പിച്ച്, പൂക്കൂടയുടെ മൂലയിലെ വെറ്റിലച്ചെല്ലത്തിന്റെ മൂടി ഇടയ്ക്കിടെ തുറന്നും അടച്ചും അവര്‍ ആരോടും മിണ്ടാതിരുന്നു. ഓരോ സ്റ്റേഷനിലും അവരെ കടന്ന് ഇടത്തോട്ടോ വലത്തോട്ടോ പോകുന്ന ആവശ്യക്കാര്‍ പൂവിന്റെ പേരും  അളവും പറഞ്ഞ് അരികില്‍ നില്‍ക്കുന്നതിന്റെ അടുത്ത നിമിഷം പൂവും പൈസയും കൈമാറ്റം ചെയ്യപ്പെടുകയും കനകമ്മാളുടെ വെറ്റിലചെല്ലം വീണ്ടും അടച്ചുതുറക്കപ്പെടുകയും ചെയ്തുപോന്നു.
പെണ്‍കൂട്ടങ്ങളിലെ പരദൂഷണമോ അന്താക്ഷരിയോ വാരികാചര്‍ച്ചകളോ ഒന്നും തന്നെ അവരെ ബാധിച്ചതേയില്ല. അങ്ങനെ ഒരു ജീവനെ ആരും ഒന്നിലും ഉള്‍പ്പെടുത്താനും തുനിഞ്ഞില്ല.  അവിടെയുള്ള ആരെയെങ്കിലും അറിയാനോ അന്വേഷിക്കാനോ ആ വൃദ്ധയും ശ്രമിച്ചില്ല. രാത്രി വണ്ടിയിലെ തിരിച്ചുള്ള യാത്രയിലും കനകമ്മാള് അവരുടെതായ ലോകത്തെ തണുത്ത തറയിലിരുന്നു.
"ഏതാ ആ പെണ്‍കുട്ടി?"
"അത് സെന്‍ട്രല്‍ സ്റ്റേഷന്റെ അടുത്ത് ഒരു കടയിലെ ജോലിക്കാരിയാണ് .. തേന്മൊഴി.. വ്യാഴാഴ്ച രാത്രിവണ്ടിക്ക് വീട്ടിലേക്ക് പോവുമ്പോഴാ സംഭവം.."
കാഴ്ചയില്‍ പതിനഞ്ചുകാരി എന്ന് തോന്നിക്കുന്ന തേന്മൊഴി എപ്പോഴാണ് സെന്ട്രലിലേക്ക് പോവുന്നതെന്നോ എന്നുമുതലാണ്‌ രാത്രിവണ്ടിയിലെ  സ്ഥിരം യാത്രക്കാരി ആയതെന്നോ കനകമ്മാളിന് അറിയില്ല. വാതിലിനു അടുത്തുള്ള സീറ്റില്‍ ആരോടും മിണ്ടാതെ ഓരം ചേര്‍ന്ന് ജനല്‍കമ്പികളില്‍ കവിളമര്‍ത്തി വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കാറുള്ള അവളുടെ പേര് അവര്‍ ആദ്യമായി കേള്‍ക്കുന്നത് പോലീസുകാരനില്‍ നിന്നാണ്. രാത്രിവണ്ടി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ എവിടെ നിന്നോ അവള്‍ ഓടിവന്നു കയറുന്നതും മാമ്പലം സ്റ്റേഷനില്‍ ഇറങ്ങി തെരുവിന്റെ തിരക്കിലേക്ക് തിടുക്കത്തില്‍ മറയുന്നതും അവര്‍ കണ്ടിട്ടുണ്ട്. വെറ്റിലചെല്ലത്തിലെ നാണയങ്ങളും മുഷിഞ്ഞ നോട്ടുകളും അടുക്കിയെടുത്ത് മടിയിലെ കുഞ്ഞുതുണിസഞ്ചിയില്‍ മുറുക്കി കെട്ടിവെക്കുന്ന സമയത്താണ്  അവള്‍ തിടുക്കപ്പെട്ടു ഇറങ്ങുന്നത്. ഓട്ടത്തിനിടയില്‍ കാല്‍ അറിയാതെ തട്ടിയാല്‍ ശബ്ദമില്ലാതെ എന്തോ ക്ഷമാപണമായി ഉച്ചരിച്ച് അവരെ തൊട്ട് തലയില്‍ വെച്ച് അവള്‍ തിരക്കില്‍ മറയും.
ഉത്സവക്കാലം അല്ലെങ്കില്‍ പിന്നെ, പൂക്കാരിയുടെ വെറ്റില ചെല്ലം നിറയുന്നത് വ്യാഴാഴ്ച വൈകുന്നേരങ്ങളിലാണ്. സ്ഥിരയാത്രികരായ സുമംഗലികള്‍ ഇറങ്ങാന്‍ നേരത്ത് വെള്ളി പൂജക്കായി  മറക്കാതെ പൂക്കള്‍ വാങ്ങിപ്പോകും.
"കിളവീ... എന്തിനാ നീ ആ കൊച്ചിനെ തള്ളിയിട്ടതെന്ന് പറയില്ല,ല്ലേ? " അകത്തെ മുറിയില്‍ നിന്നിറങ്ങിവന്ന ഇന്‍സ്പെക്ടര്‍  കോകില ബൂട്സിട്ട കാലുകൊണ്ട്‌ വൃദ്ധയെ തട്ടി, വലിയൊരു തമിഴ് തെറിയുടെ അകമ്പടിയോടെ ചോദിച്ചു.
"ഊമയോ മറ്റോ ആണോ എന്തോ... ആരും ഇവര് സംസാരിച്ചു കണ്ടിട്ടില്ല, മാഡം.."
"എല്ലാം അടവായിരിക്കും! ആ സഞ്ചിയില്‍ കുറെ പണം ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്.. ?" 
"മോഷണശ്രമമോ മല്പ്പിടുത്തമോ ഒന്നും നടന്നിട്ടില്ല .. യാതൊരു പ്രകോപനവും ഇല്ലാതെ അവര്‍ അവളെ തള്ളിയിടുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ ആയതുകൊണ്ടും ട്രെയിന്‍ സ്ലോ ആയതുകൊണ്ടും ഇടത്തേ കാലിന്റെ ഒടിവല്ലാതെ മറ്റ് പരിക്കുകള്‍ ഒന്നും കാര്യമായിട്ടില്ല എന്നാണ് അറിഞ്ഞത്. "
കാലുകള്‍ വീണ്ടും അടുപ്പിച്ച് തന്നിലെക്കെന്ന പോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നതല്ലാതെ  വൃദ്ധ ഒന്നുമുരിയാടാന്‍ കൂട്ടാക്കിയില്ല.
ആശുപത്രിക്കിടക്കയില്‍ തേന്മൊഴി ഇനിയും വിട്ടുമാറാത്ത നടുക്കത്തോടെ കിടന്നു. തുണിക്കടയിലെ തിരക്കില്‍നിന്നും എന്നും എങ്ങനെയൊക്കെയോ ഒഴിവായി, സബ് വേയിലെ ഒഴുക്കില്‍ ഊളിയിട്ട് സ്റ്റേഷനില്‍ എത്തി, ഇരമ്പിനീങ്ങിത്തുടങ്ങുന്ന  വണ്ടിയില്‍ ചാടിക്കയറി ഇരിപ്പുറപ്പിക്കുന്നതുവരെ തനിക്ക് ശ്വാസം ഇല്ലെന്ന് അവള്‍ക്ക് തോന്നാറുണ്ട്. ജനലോരത്ത് തണുത്ത കാറ്റേറ്റിരിക്കുമ്പോള്‍, വൈകിയെത്തുന്ന മകളുടെ നേരെ മദ്യം മണക്കുന്ന തെറിപ്പാട്ട് പാടുന്ന, രംഗനാഥന്‍ തെരുവിലെ വഴിവാണിഭക്കാരന്‍  അപ്പനെയും വലിയ വീടുകളിലെ മിച്ചഭക്ഷണം പ്ലാസ്റ്റിക്‌ കൂടുകളില്‍ കൊണ്ടുവന്ന് സഹോദരങ്ങള്‍ക്ക്‌ ഒരുപോലെ വീതം വെക്കാന്‍ പാടുപെടുന്ന അമ്മയെയും, ഒരു നിമിഷം പോലും വെറുതെയിരിക്കാന്‍ അനുവദിക്കാത്ത തുണിക്കടമുതലാളിയെയും മറന്നുപോകും. പൂക്കാരി പാട്ടിയുടെ കുട്ടയിലെ വിടര്‍ന്നു തുടങ്ങുന്ന മുല്ലമൊട്ടുകള്‍ കാറ്റില്‍ സുഗന്ധം പടര്‍ത്തുന്നത് അപ്പോഴാണ്‌.. തിരക്കൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍ പലപ്പോഴും അവളെ കൂടാതെ പൂക്കാരി കനകമ്മാളും തിളക്കമുള്ള വസ്ത്രങ്ങളും ചുവന്ന ചിരിയുമായി കയറുന്ന ഹിജഡകളും സ്ഥിര യാത്രക്കാരല്ലാത്ത ചിലരും മാത്രമേ കാണുകയുള്ളൂ..
കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്  ഇടയ്ക്കെപ്പോഴോ കയറുന്ന ചില പൂവാലന്മാരുടെ ശല്യം വല്ലാതെ കൂടി വരുന്നുണ്ട്. ആളൊഴിഞ്ഞ വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറി അശ്ലീലച്ചുവയുള്ള വാചകമടിയും മോശമായ നോട്ടവും ഉള്ളില്‍ ഭീതി നിറക്കുമ്പോള്‍ തേന്മൊഴി പൂക്കാരി പാട്ടിയുടെ അരികിലെത്തി രണ്ടു മുഴം മല്ലിപൂ ചോദിക്കും. എന്ത് നടന്നാലും പൂക്കാരിയമ്മയുടെ നിസ്സംഗഭാവത്തിന് മാറ്റമൊന്നും ഉണ്ടാവില്ലെന്നറിയാമെങ്കിലും അവരുടെ അരികില്‍ നില്‍ക്കുമ്പോള്‍ അവള്‍ക്ക് ധൈര്യമാണ്. പാന്‍ പരാഗിന്റെയും മദ്യത്തിന്റെയും ഗന്ധം  അവിടം മുഴുവന്‍ നിറച്ച് വഷളന്‍ ചിരിയുമായി ചുറ്റിനടന്ന് അടുത്ത ഇരയെത്തേടി  അവര്‍ മറയുമ്പോള്‍ മല്ലിപ്പൂ മുഖത്തോട് ചേര്‍ത്ത് അവള്‍ ദീര്‍ഘമായി ശ്വസിക്കും.  
എന്തായിരുന്നു അന്ന് രാത്രി നടന്നത് എന്ന് ഇന്‍സ്പെക്ടര്‍ മാഡം ചോദിക്കുമ്പോള്‍ ഭയത്തിന്റെ കരിമ്പടം വിട്ടു പുറത്തുവരാന്‍ കൂട്ടാക്കാതെ തേന്മൊഴി കണ്ണുകള്‍ ഇറുക്കിയടച്ചു.  നടുക്കുന്ന ഓര്‍മ്മകളെ അന്യമാക്കാന്‍ ശ്രമിച്ചു മിണ്ടാതെ കിടന്നപ്പോള്‍, രോഗിക്ക് ഒരു ദിവസം കൂടെ സാവകാശം ചോദിച്ചുകൊണ്ട് ഡോക്ടര്‍ സഹായത്തിനെത്തിയതുകൊണ്ട് പോലീസുകാര്‍ മടങ്ങി.
"എന്നമ്മാ ആച്ച് ഉനക്ക്? "
ജനറല്‍ വാര്‍ഡിലെ ആളൊഴിഞ്ഞ നേരത്ത് അരികില്‍ ചേര്‍ന്നിരുന്ന് അമ്മ ചോദിച്ചപ്പോള്‍ ആദ്യമായി തേന്മൊഴി വിങ്ങിക്കരഞ്ഞു. രാവിലെ ഇറങ്ങുന്നത് മുതല്‍ തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഓടിയും നടന്നും വീടണയുന്നതുവരെയുള്ള അരക്ഷിതാവസ്ഥയുടെ മഞ്ഞുരുകി  അവളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങി.
ലഹരിയുടെ ഗന്ധം  അടുത്തടുത്തു വന്നപ്പോഴായിരുന്നു  പതിവുപോലെ പൂക്കാരി പാട്ടിയുടെ അടുത്തേക്ക് പോയത്.  അവരെ തള്ളി മാറ്റി അവളുടെ നേര്‍ക്കടുക്കുന്നതുകണ്ട് ആത്മരക്ഷാര്‍ത്ഥം ഭ്രാന്തമായി ഓടുമ്പോള്‍  തന്‍റെ ദീനരോദനത്തെ തോല്പ്പിക്കാനെന്നോണം അലറിപ്പായുകയായിരുന്നു തീവണ്ടി. ഏതോ സ്റ്റേഷന്‍ അടുക്കുന്നു എന്ന തോന്നല്‍ അവസാനത്തെ കച്ചിത്തുരുമ്പായപ്പോള്‍ വാതിലിനു നേരെ പായുമ്പോഴായിരുന്നു വഴി തടഞ്ഞുകൊണ്ട്‌ രണ്ടുപേര്‍ ഓടിയടുത്തത്.  പിന്നില്‍നിന്നും ആരുടെയോ ശക്തമായ തള്ളലേറ്റ് പ്ലാറ്റ്ഫോമില്‍ വീണതും  ആരെല്ലാമോ ഓടിക്കൂടിയതും അവ്യക്തമായ ഓര്‍മ്മകളാണ്..
"അന്ത പൂക്കാരി കെളവി നാസമാ പോവാ.. എന്‍ കൊഴന്തൈ എന്ന തപ്പ് പണ്ണാ..." തലയിലും നെഞ്ചിലും മാറിമാറി അടിച്ച് ശാപവാക്കുകള്‍ പൊഴിക്കുന്ന അമ്മയെ നോക്കി കിടക്കുമ്പോള്‍ അവള്‍ക്ക് പൂക്കാരി പാട്ടിയെ കാണണമെന്ന് തോന്നി.. മുല്ലപ്പൂവിന്റെ പരിമളം പരത്തിക്കൊണ്ട് തണുത്ത കാറ്റ് വീശി..
ആശുപത്രി സന്ദര്‍ശിച്ചു തിരിച്ചെത്തിയ ഇന്‍സ്പെക്ടര്‍ കോകില ട്രെയിനിലെ സുരക്ഷാനടപടികളെ കുറിച്ച് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു പോലീസുകാരന്‍ മുറിയുടെ മൂലയില്‍ ഇരുന്ന പൂക്കൊട്ട കനകമ്മാളുടെ  നേര്‍ക്ക്‌ തള്ളി.
"നീ തപ്പിച്ചിട്ടെ കെളവീ... ആ പെണ്ണിന് പരാതി ഒന്നുമില്ലത്രേ..."
പൂക്കൊട്ട കയ്യിലെടുത്തു പതിയെ നടന്നകലുമ്പോള്‍ കനകമ്മാളുടെ ഉറക്കച്ചടവാര്‍ന്ന മുഖത്ത് ഒരു  ഗൂഡസ്മിതം വിടര്‍ന്നിരുന്നു. ചുവന്ന കല്ലുള്ള മൂക്കുത്തി തിളങ്ങി. കുട്ടയിലെ വാടിയ പൂക്കള്‍ പോലും സുഗന്ധം പരത്തി.

Monday, December 10, 2012

കേശോമ്മാഷ്

  
ഇത് കുറച്ചുനാള്‍ മുന്പ് എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതൊരു ഓര്‍മ്മക്കുറിപ്പ് ആവുമായിരുന്നില്ല. എന്റെ അല്ലെങ്കില്‍ എല്ലാ ശിഷ്യഗണങ്ങളുടെയും  പ്രിയങ്കരനായ, കേശോമ്മാഷ് എന്ന് സ്നേഹപൂര്‍വ്വം വിളിക്കപ്പെട്ട ശ്രി . എം എന്‍ കേശവന്‍ നായര്‍ സാറിനെ കുറിച്ച് പലപ്പോഴും എഴുതണം എന്ന് ആഗ്രഹിച്ചതായിരുന്നു.. പ്രിയപ്പെട്ട ഗുരുവിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഞാന്‍ പറഞ്ഞിട്ടുമുണ്ട്  എങ്കിലും.... എന്തൊക്കെ ഞാന്‍ എഴുതിയാലും അതൊന്നും പോരാ എന്ന് തോന്നിപ്പിക്കുന്ന അത്രയും ഉയരത്തില്‍ ആണ് എന്റെ മനസ്സില്‍ സര്‍ ഇന്നും  എന്നതുകൊണ്ടാവാം ഇതുവരെയും എനിക്കതിനു കഴിയാതിരുന്നതും, ഒടുവില്‍  അദ്ദേഹത്തിന്റെ വിയോഗം ഇതിനൊരു നിമിത്തമായതും.  
 
മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്പ്, മരണമെന്ന വാക്കിന്റെ അര്‍ഥം പോലും അറിയുന്നതിനും മുന്പ് ഒരു അഞ്ചുവയസ്സുകാരിക്ക് ഒരു വലിയ നഷ്ടമുണ്ടായി. അന്ന് തറവാട്ടിലേക്കുള്ള ബസ്‌ യാത്രയില്‍ അവള്‍ മാത്രം ഒന്നുമറിയാതെ ഇരുളില്‍ പിന്നിലേക്ക്‌ മറയുന്ന കുഞ്ഞു വെളിച്ചങ്ങള്‍ കൌതുകത്തോടെ നോക്കിയിരുന്നു. കടത്തു കടന്നു അക്കരെയെത്തി മരണവീട്ടിലെ നിലവിളിയില്‍ അമ്പരന്നു ചുറ്റും നോക്കുമ്പോള്‍ ഒരാള്‍ അവളെ ചേര്‍ത്തുപിടിച്ചു.. മുറ്റത്ത്‌ നിരത്തിയിട്ട മടക്കുകസേരയിലിരുന്ന് അവളെ മടിയിലിരുത്തി. അവിടിരുന്നുകൊണ്ട് തെക്കെമുറിയിലെ കട്ടിലില്‍ അനങ്ങാതെ കിടക്കുന്ന അച്ഛനെയും അടുത്തിരുന്നു കരയുന്ന അമ്മയെയും ചേച്ചിമാരെയും കണ്ടതുമാത്രമാണ് അച്ഛന്റെ മരണമെന്ന് കേള്‍ക്കുമ്പോള്‍ അവളുടെ മനസിലെത്തുന്ന മങ്ങിയ ഓര്‍മ്മകള്‍..... ഒരുപക്ഷെ അന്നുമുതലാവാം അവളുടെ മനസ്സില്‍ പിതൃതുല്യമായ ഒരു സ്ഥാനം അദ്ദേഹത്തിനുണ്ടായത്.
 
ഇളം നീല ഷര്‍ട്ട്‌ ധരിച്ച്, കയ്യില്‍ ഹാജര്‍ പുസ്തകവും ചൂരലുമായി കൊമ്പന്‍ മീശയും ഒത്ത ഉയരവും തീക്ഷ്ണമിഴികളുമുള്ള അദ്ദേഹം അവള്‍ പഠിച്ച യു. പി സ്കൂളിന്റെ വരാന്തയിലൂടെ ഉറച്ച കാല്‍വെയ്പ്പുകളോടെ വരുമ്പോള്‍ തന്നെ കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുമായിരുന്നു ഓരോ കുട്ടിയെയും പോലെ അവള്‍ക്കും. ഉത്തരം പറഞ്ഞില്ലെങ്കില്‍ മുന്നിലേക്ക്‌ പിടിച്ചു നിര്‍ത്തി കാല്‍വണ്ണയില്‍ ചൂരല്‍ കൊണ്ട് അടിച്ചു പഠിപ്പിക്കുന്ന രീതി ഇന്നത്തെ കുട്ടികള്‍ക്ക് പരിചയം ഉണ്ടാവില്ല. പക്ഷെ പണ്ടൊക്കെ അച്ഛനമ്മമാര്‍ ശിക്ഷിച്ചു പഠിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നതുകൊണ്ടാവാം ഇത്തരം ശിക്ഷാവിധികളെയും അത് നടപ്പാക്കുന്ന അധ്യാപകരെയും കുട്ടികള്‍ ഭയന്നിരുന്നതും അതുകൊണ്ട് തന്നെ വല്ലതുമൊക്കെ പഠിക്കാന്‍ ശ്രമിച്ചിരുന്നതും..
  
ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടുള്ള അധ്യാപനരീതി തന്നെ അദ്ദേഹത്തിന് ആ തൊഴിലിനോടുള്ള ആത്മാര്‍ഥതയാണ് കാണിച്ചിരുന്നത്. ഉഴപ്പുന്നവരുടെ വീട്ടുപടിക്കല്‍ അദ്ദേഹത്തിന്റെ സൈക്കിള്‍ മണിനാദം മുഴങ്ങി. അന്നത്തെ ഉത്തരമില്ലായ്മക്കുള്ള ഉത്തരം അവിടെ അപ്പോള്‍ പറഞ്ഞിരിക്കണം. പഠിക്കാതെ ഉഴപ്പി നടക്കുന്നവരോട് സാര്‍ ഒട്ടും ദയ കാണിച്ചിരുന്നില്ല. അതുപോലെ അവിടെ പഠിക്കാന്‍ വിടുന്ന കുട്ടികളുടെ വിജയം ഉറപ്പായതുകൊണ്ട് അച്ഛനമ്മമാരും കര്‍ശന ശിക്ഷാനടപടിയില്‍ ഒട്ടും സഹതപിച്ചിരുന്നതുമില്ല.
 
 ഗ്രാമത്തിലെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ ഘന ഗംഭീര ശബ്ദത്തിലുള്ള ആകര്‍ഷകമായ പ്രസംഗം കൊണ്ട് മുഴുവന്‍ നാട്ടുകാരുടെയും മനംകവരുമ്പോള്‍ അവളുടെ മനസ്സില്‍ അദ്ദേഹത്തിന്  മാതൃകാപുരുഷന്റെ സ്ഥാനമുണ്ടായി..ഓരോ പരീക്ഷയിലും വാത്സല്യത്തോടെ ആത്മവിശ്വാസം പകര്‍ന്നപ്പോള്‍ അവ്യക്തമായ ഓര്‍മ്മകളില്‍ മാത്രമുള്ള സ്വന്തം അച്ഛനെ അദ്ദേഹത്തില്‍ കണ്ടു.
 
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അവള്‍ വളര്‍ന്ന് ഉദ്യോഗസ്ഥയും, ഭാര്യയും അമ്മയുമൊക്കെയായിട്ടും 
അവധിക്കു നാട്ടിലെത്തുമ്പോള്‍ എവിടെയെങ്കിലും വെച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ മാഷിന്റെ തലവെട്ടം കാണുമ്പോള്‍ ഒളിക്കുന്ന ഉഴപ്പിപെണ്ണായ പഴയ പത്താം ക്ലാസ്സുകാരിയുടെ നെഞ്ചിടിപ്പ് അറിഞ്ഞു.
 
ഒടുവില്‍ വാര്‍ധക്യവും രോഗങ്ങളും കീഴടക്കിയ ശരീരത്തെ സംരക്ഷിക്കാന്‍ മനസ്സുറപ്പ് കൊണ്ട് പൊരുതുന്ന ഗുരുവിനെ കാണാന്‍  എത്തിയപ്പോള്‍ ഓര്‍മ്മകള്‍ പോലും പിണങ്ങി നില്‍ക്കുന്ന മനസ്സില്‍ ഇപ്പോഴും ആ പഴയ സ്നേഹം ഒട്ടും മങ്ങാതെ ഉണ്ടെന്നുള്ള അറിവ് മനസിനോടൊപ്പം കണ്ണും നിറച്ചു.
 
വീണ്ടും വരുമ്പോഴും അവിടെത്തന്നെ ഉണ്ടാവണേ എന്ന് വ്യര്‍ത്ഥമായി പ്രാര്‍ത്ഥിച്ച്, ആ കാല്‍ തൊട്ടുവന്ദിച്ചു മടങ്ങുമ്പോള്‍ കൈകള്‍ മുറുകെ പിടിച്ച് അദ്ദേഹം ക്രമമില്ലാതെ പറഞ്ഞ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അറിയുന്നു.. കടന്നുവന്ന വഴികള്‍ മറക്കാതിരിക്കാന്‍, ഏത് ഉയരത്തില്‍ നിന്നാലും അഹങ്കരിക്കാതിരിക്കാന്‍, ഗുരുത്വമുണ്ടാവാന്‍ ഒക്കെയുള്ള അനുഗ്രഹമായിരുന്നു അതെന്ന്!
 
 

Monday, March 5, 2012

പലായനം

ഇപ്പോഴത്തെ വാര്‍ത്തകള്‍ എന്നും സ്വസ്ഥതയ്ക്കു മേലെ തീമഴ പെയ്യിക്കുന്നവയാണ്. ഒരിടത്ത് പിഞ്ചുകുഞ്ഞുമായി വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മറ്റൊരിടത്ത് അറുപതുവയസുകാരിയുടെ നേരെയും പീഡനശ്രമം!

"അച്ഛാ.. ഇത് കണ്ടോ?"

നോട്ട് ബുക്കിന്റെ താള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഖി ഓടി വന്നപ്പോള്‍ പത്രം മടിയില്‍ വെച്ചു കണ്ണടയുടെ മുകളിലൂടെ മകളെ തുറിച്ചുനോക്കി.

"അമ്മ..."

ഇരുകവിളിലും ഒഴുകിയിറങ്ങുന്ന കണ്ണുനീര്‍ ചാലിന് മുകളില്‍ അവളുടെ കണ്ണുകളിലെ തീ അയാള്‍ തിരിച്ചറിഞ്ഞു.

"ഇറ്റ്സ് ബികോസ് ഓഫ് യു ഒണ്‍ലി... എന്നും അമ്മക്ക് കുറ്റപ്പെടുത്തല്‍ മാത്രമല്ലേ ഉണ്ടാവാറുള്ളൂ, എന്തിനുമേതിനും.. സ്നേഹത്തോടെ ഒരു വാക്ക്..?"

"മോളെ.. നീയെന്തായീ പറയുന്നത്? അവളോട്‌ സ്നേഹമില്ലാത്തത് കൊണ്ടാണോ... നീയും കണ്ടിട്ടുള്ളതല്ലേ അവളുടെ അബ്സന്റ്റ് മൈന്‍ഡ്... ഇത്ര കെയര്‍ലെസ്സ് ആവുമ്പോള്‍..."

"മതി-- ...സ്വയം ന്യായികരിക്കാന്‍ ഇതൊക്കെ അച്ഛന്‍ വെറുതെ.... "

അമ്മയുടെ പിന്നില്‍ ഭയത്തോടെ നിന്നും അമ്മ വഴി മാത്രം ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നവള്‍ എത്ര പെട്ടെന്നാണ് മുതിര്‍ന്നത്!

കയ്യിലെ തുണ്ടുകടലാസില്‍ മിഴിയുറപ്പിച്ചു കൊണ്ടു അയാള്‍ മൊബൈല്‍ കയ്യിലെടുത്തു. പേരുകള്‍ പരതുമ്പോള്‍ സംശയം. ആരെയാണ് വിളിക്കേണ്ടത്? എന്തുപറയും? ഭാര്യ വീടുവിട്ടു പോയെന്നോ.. അല്ലെങ്കില്‍ ഓടിപോയെന്നോ... ആരോടാ അന്വേഷിക്കുന്നത്? വല്ലാത്തൊരു ആത്മനിന്ദ തോന്നി.

"ഹലോ..."

"ങാ.. അളിയാ..ഞങ്ങള്‍ അങ്ങോട്ട്‌ വിളിക്കണമെന്ന് കരുതിയതായിരുന്നു... നമ്മുടെ രാഖിമോള്‍ക്ക് ഒരാലോചന.. അവളെവിടെ... അടുക്കളയിലാണോ? ഇനിയിപ്പോള്‍ പെണ്ണിന്റെ അമ്മയോടും കൂടി പറഞ്ഞില്ലെന്നു വേണ്ടാ....ഫോണ്‍ സ്പീക്കറില്‍ ഇട്ടോ... "

മറുപടിക്കായി വാക്കുകളൊന്നും മനസിന്റെ കാണാപ്പുറങ്ങളില്‍ മുള പൊട്ടാഞ്ഞതിന്റെ വേദനയില്‍ വിരലുകള്‍ അറിയാതെ ഫോണ്‍ ബന്ധം മുറിച്ചു.

"വിദ്യാന്റീടെ വീട്ടിലൊന്നു വിളിച്ചു നോക്കൂ അച്ഛാ.." പതിനെട്ടുകാരി എത്രപെട്ടെന്നാണ് വീണ്ടും വിസ്മയിപ്പിക്കുന്ന പക്വത തെളിയിക്കുന്നത്; അത്ഭുതത്തോടെ മുഖമുയര്‍ത്തുമ്പോഴേക്കും അവള്‍ ഡയല്‍ ചെയ്തു തുടങ്ങിയിരുന്നു.

"ഇതെന്താടീ ഇന്ന് കെട്ട്യോന്റെ ഫോണീന്ന് വിളിക്കുന്നത്‌? പണ്ടേ നീയൊരു പിശുക്കിയാണല്ലോ.." അപ്പുറത്തെ ചിരിയോടെ തുടങ്ങുന്ന വിശേഷം പറച്ചില്‍..

ഫോണ്‍ കട്ട്‌ ചെയ്ത് തളര്‍ച്ചയോടെ കണ്ണടച്ച് രാഖി സോഫയിലേക്ക് വീഴുമ്പോള്‍ കണ്ണുകളില്‍ നീര്‍ച്ചാലുകളുടെ ഉറവ പൊട്ടിയൊഴുകി .

അമ്മയെ വിഷമിപ്പിക്കുന്നതില്‍ താനും മോശക്കാരിയായിരുന്നില്ലല്ലോ.. കൂട്ടുകാരോടൊത്ത് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാന്‍ പോയാല്‍ ഉടനെ താന്‍ ചീത്തയായിപോവുമോ? കൊതിച്ചു വാങ്ങിയ യെല്ലോ ടോപ്‌ ഇട്ടു കൈ ഉയര്‍ത്തുമ്പോള്‍ കുറച്ചു വയര്‍ കാണുമെന്നു വെച്ചു അത്രയ്ക്കങ്ങ് എക്സ്പോസിംഗ് ആണോ?

വിലക്കുകള്‍ ഉയരുമ്പോള്‍ അമ്മ ഒരു കണ്‍ട്രി ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ഒരിക്കലും തിരിച്ചു ദേഷ്യപ്പെടാഞ്ഞത് കൊണ്ടാവണം വീണ്ടും വീണ്ടും കുറ്റപെടുത്താന്‍ തുനിഞ്ഞിട്ടുള്ളത്. അച്ഛനും തനിക്കും ഇഷ്ടമുള്ളതൊക്കെ വെച്ചുവിളമ്പുമ്പോള്‍ ഒരിക്കലും ഓര്‍ത്തിട്ടില്ല അമ്മയ്ക്കതു ഇഷ്ടമായിരുന്നോ എന്ന്.

മൊബൈലിലെ പേരുകളില്‍ വെറുതെ കണ്ണോടിച്ചു കൊണ്ടിരിക്കെ അയാളുടെ ചിന്തകള്‍ ഒരു തിരുത്തലിനെ തിരഞ്ഞു.

അവളെ താന്‍ അവഗണിച്ചിരുന്നോ?

"ഇത് വായിച്ചിട്ടുണ്ടോ അച്ഛന്‍ എന്നെങ്കിലും? അമ്മ എഴുതിയ കവിതകളാണ്..!"

മകള്‍ നീട്ടിയ പഴയ ഡയറിയിലേക്ക് തുറിച്ചു നോക്കുമ്പോള്‍ അവള്‍ക്കും തനിക്കുമിടയില്‍ കട്ടിയുള്ള തിരശ്ശീല ഉണ്ടായിരുന്നുവല്ലോ എന്ന് അയാള്‍ അത്ഭുതപ്പെട്ടു. അവള്‍ എപ്പോഴാണ് എഴുത്ത് തുടങ്ങിയത്? വിവാഹത്തിന്റെ ആദ്യനാളുകളില്‍ എന്നോ കോളേജ് മാഗസിനില്‍ എഴുതിയതിനെകുറിച്ച് അവള്‍ പറഞ്ഞപ്പോള്‍ എന്തോ കളിയാക്കിചിരിച്ചതല്ലാതെ...

കിടക്ക വിട്ടെഴുന്നെല്‍ക്കുന്നത് അടുക്കളയിലെ അവളുടെ നെട്ടോട്ടത്തിന്റെ അപസ്വരങ്ങള്‍ കേട്ടുകൊണ്ടാവും. ജോലി കഴിഞ്ഞു രാത്രി വന്നു കയറുമ്പോള്‍ ഭക്ഷണമെടുത്ത് വിളംബാനോരുങ്ങുന്ന കാഴ്ചയാവും..രാവിലെ പോകുമ്പോള്‍ ഏല്‍പ്പിച്ച ജോലികളില്‍ ഏതാണ് അവള്‍ ചെയ്യാതിരുന്നത് എന്നല്ലേ അന്വേഷിച്ചിരുന്നുള്ളൂ?

സ്വന്തമായി അഭിപ്രായമില്ലാത്തവള്‍ തന്നെയെന്ന് വിവാഹത്തിന്റെ ആദ്യനാളുകളില്‍ മനസിലായിരുന്നു. ഒപ്പം തന്റെ ഇഷ്ടങ്ങളെല്ലാം ശരിവെക്കുന്ന നല്ലപാതി എന്നതില്‍ അഭിമാനം തോന്നിയിരുന്നു. അവള്‍ക്കു പ്രത്യേകിച്ച് പറയാനൊന്നുമില്ല എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ പിന്നീട് അഭിപ്രായം ചോദിക്കാതെ തീരുമാനങ്ങളെടുത്തു.

എങ്കിലും കുറവുകള്‍ കണ്ടെത്തി കുറ്റപ്പെടുത്താന്‍ താനറിയാതെ ഒരുത്സാഹം എന്നുമുണ്ടായിരുന്നുവോ? വീട്ടിലെ അച്ചടക്കം അവളുടെ അശ്രദ്ധ കൊണ്ടില്ലാതാവുന്നു, അവളുടേത്‌ മാത്രമായ ചെറിയ ലോകത്ത് തനിക്കുപോലും പ്രവേശനമില്ലാതാവുന്നു എന്നൊക്കെയുള്ള മുന്‍വിധികളോ?

എങ്കിലും, അങ്ങനെ അവള്‍ എല്ലാം ഉപേക്ഷിച്ചു എവിടെയാവും പോയിരിക്കുക? അവള്‍ക്കങ്ങിനെ പോകാന്‍ കഴിയുമോ? ഒറ്റക്കവള്‍ എന്ത് ചെയ്യും ?

ഫോണ്‍ അഡ്രസ്‌ ബുക്കില്‍  മുകളിലെക്കൊഴുകിയ പേരുകളില്‍ ഒന്ന് ഉള്ളിലൊരു ഞെട്ടലുണ്ടാക്കി.

ഇനി ഒരുപക്ഷെ... ശ്ശെ! അതാവാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ ഇതിലും നല്ല പ്രായത്തിലാവാമായിരുന്നില്ലേ..

അതും തന്‍റെ മനസ്സിന്റെ വികലമായ തോന്നല്‍ മാത്രമാണ് അവരുടെ ബന്ധത്തെ അങ്ങനെ ഒരു നിറക്കൂട്ടില്‍ കാണുന്നതെന്ന് അവള്‍ ആണയിട്ടതാണ്. അവളുടെ കണ്ണുകളിലെ സത്യസന്ധത താന്‍ പലപ്പോഴും അംഗീകരിക്കാന്‍ മടിച്ചിരുന്നു എന്നതാണ് സത്യം. എന്നാലും അവര്‍ക്കിടയില്‍ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്.

പലപ്രാവശ്യം ആ പേര് വായിച്ചു ഒടുവില്‍ അതില്‍ വിരലമര്‍ത്തുമ്പോള്‍ അവള്‍ അവിടെയെങ്കിലും ഉണ്ടാവണേ എന്ന് പ്രാര്‍ഥിച്ചുപോയി.

"ഹലോ... വാട്ട് എ സര്‍പ്രൈസ്! എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഞങ്ങളെയൊക്കെ മറന്നുവല്ലേ....."

പരിഭവങ്ങളുടെ കെട്ടഴിച്ചുകൊണ്ട് മറുതലയ്ക്കല്‍ അവളുടെ... അല്ല... പഴയ കുടുംബസുഹൃത്ത്.

"അവിടെ ഇപ്പോള്‍ ആരൊക്കെയുണ്ട്?"

"ഇതെന്തു ചോദ്യാ മാഷെ... ഇവിടുള്ളവരൊക്കെ തന്നെ.. പിന്നെ മോന്‍ കോളേജില്‍ പോയി. അവന്റെ അമ്മ അമ്പലദര്‍ശനമൊക്കെ നടത്തി, ദേ, ബ്രേക്ക്‌ ഫാസ്റ്റ് എടുത്തുവെക്കുന്നു. തന്‍റെ ഇഷ്ടവിഭവമാണ്... ഇഡലിയും സ്ടൂവും! എന്താ പോരുന്നോ?"

മറുവാക്ക് തിരയാന്‍ മെനക്കെടാതെ ഫോണ്‍ കട്ട്‌ ചെയ്ത് സോഫയിലേക്ക് വലിച്ചെറിഞ്ഞു.

അടുത്തു കിടന്ന തുണ്ടുകടലാസിലേക്ക് വീണ്ടും നോക്കി അക്ഷരങ്ങള്‍ പെറുക്കി വെച്ചു വായിക്കാന്‍ ശ്രമിച്ചു.

"ഞാന്‍ ഒരു യാത്രയിലാണ്"

അങ്ങുദൂരെ ഏതോ നാട്ടില്‍ അവള്‍ ലക്ഷ്യത്തെക്കുറിച്ചുള്ള മുന്‍വിധികളില്‍ തളരാത്ത ഒരു യാത്രയിലായിരുന്നു.
ഉത്തരവാദിത്വമെന്ന നൂലില്‍ നെയ്തെടുത്ത  ഭാര്യയുടെയും അമ്മയുടെയും മറ്റാരുടെയോക്കെയോ മേലാടകള്‍ ഒരിക്കല്‍ മാത്രം അഴിച്ചെറിഞ്ഞ്...
അവള്‍ നടന്നു...
ഒരു തൂവല്‍ കാറ്റിലെന്നപോലെ.....

Saturday, February 4, 2012

സൂക്ഷ്മദര്ശിനി

"കുട്ടീഷ്ണന്നായര് ഇന്നും കരയോഗം മീറ്റിങ്ങിനു ഇല്ല്യാന്നന്നെയാ? ഈയിടെയായി പാടത്തും കാണാറില്ല്യാന്നു ജോസപ്പ് പറഞ്ഞപ്പളും വിശ്വസിച്ചില്ല്യാട്ട്വോ.. ന്തേയ്‌ കാലില്‍ത്തെ ഒക്കെ മാറീലെ?"

മറ്റൊന്നിലും ശ്രദ്ധിക്കാതെ ടീവിയിലേക്ക് മാത്രം കണ്ണും നട്ടിരിക്കുന്ന കുട്ടികൃഷ്ണന്‍നായരുടെ അരികില്‍ മൌനമായി നിന്ന കമലാക്ഷിയമ്മ പുഴയ്ക്കലെ കരുണാകരന്റെ ചോദ്യം കേട്ട് ഭര്‍ത്താവിന്‍റെ തോളില്‍ തോണ്ടി.

"ഓ.. എന്താപ്പോ അവ്ടെ വന്നിരുന്നിട്ട്? കൊറേ പേര് ഓരോന്ന് പറേം.. ആ നേരം ഇവടെ ഇരുന്നാ കൊറച്ചു നല്ല കാര്യം പഠിക്കാം. പിന്നെ പാടത്തോ...! മണ്ണും ചെളീം വെള്ളോം.. വയസ്സായി വര്വല്ലേ.. നീപ്പോ അദൊക്കെ നോക്കണം!"

കരുണാകരന്‍ പടിപ്പുര കടക്കുമ്പോള്‍ കമലാക്ഷിയമ്മ ഭര്‍ത്താവിനെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ഉള്ളിലേക്ക് നടന്നു. ഭര്‍ത്താവില്‍ വന്ന മാറ്റം അവരെ അസ്വസ്ഥയാക്കിയിട്ട് കുറച്ചു മാസങ്ങളായിരുന്നു. നാട്ടിലെ പൊതുകാര്യങ്ങളിലും കൃഷിസ്ഥലത്തുമൊക്കെ എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നയാള്‍ കഴിഞ്ഞ കൊയ്ത്തുകാലത്ത് വരമ്പത്ത് വഴുക്കിവീണതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഒടിഞ്ഞകാലുമായി മുറിക്കുള്ളിലെ മച്ചിലേക്ക് നോക്കിയുള്ള കിടപ്പ് കണ്ടു വിഷമം തോന്നി  അച്ഛനെ ഉമ്മറത്തെ  ഒറ്റക്കട്ടിലില്‍  കിടത്താമെന്നു  തീരുമാനിച്ചത്  ദുബൈയിലുള്ള മകള്‍ സുമയാണ്.
അവിടെ കൂട്ടായി വന്ന വര്‍ണ്ണക്കാഴ്ചകള്‍ വളരെ പെട്ടെന്നാണ് ചിന്തകളുടെ ഗതി മാറ്റിയത്. അതോടെ കമലാക്ഷിയമ്മക്ക് മാത്രമല്ല ബാംഗ്ലൂരില്‍ ഉള്ള മൂത്തമകനും ദുബായിലുള്ള മകള്‍ക്കും വേലക്കാരി ജാനുവിനും വരെ എന്തിനുമേതിനും വിലങ്ങുതടിയായി. വെള്ളിയാഴ്ചകളിലെ മകളുടെ കുശലാന്വേഷണങ്ങള്‍ അച്ഛന്‍റെ ഉപദേശങ്ങള്‍ക്കും പുതിയ അറിവുകള്‍ക്കും  വഴിമാറി, ഫോണ്‍ബില്ലുകളിലെ വലിയ അക്കങ്ങളായി മരുമകനെ തേടിയെത്തി.

രാവിലെ പത്രവാര്‍ത്തകളില്‍ മുഖം പൂഴ്ത്തിയിരുന്നിരുന്ന ആള്‍ അടുക്കളപ്പുറത്തെത്തി.
"ന്താ ജാന്വോ... ഈ വെണ്ണീര്‍ ഇട്ടാ പാത്രം കഴുകണേ? "

"ന്റെ കുട്ടീഷ്ണേട്ടാ.. ദെന്താപ്പോ പുതിയ പരിഷ്കാരം? എത്ര കൊല്ലായി നിങ്ങടവ്ടെ പണി ചെയ്ണൂ ഞാന്‍. ഇത്ര കാലായിട്ടും ആരും ങ്ങനെ പറഞ്ഞിട്ടില്ല്യാ..നല്ലോണം വെളുക്കനെ തന്നെല്ലേ ഞാന്‍ തേയ്ക്കണേ.. ഞാന്‍ ഇബ്ടന്നു പോണംച്ചാ അത് പറഞ്ഞാമതി, ങ്ഹാ! "

"നല്ല കാര്യായി! വെളുക്കനെ ഇരുന്നാ മാത്രം മതിയോ? ആര്‍ക്കും ഒരു ശ്രദ്ധേല്ല്യാച്ചാ..!!."

ക്ഷോഭത്തോടെ തിരിച്ചു നടക്കുന്ന നായരെ നോക്കിക്കൊണ്ട്‌ ജാനു മുണ്ടിന്റെ കോന്തലയില്‍ കൈ തുടച്ചു.
"ഈയ്യദൊന്നും കാര്യാക്കണ്ടാടീ.. മൂപ്പര്‍ക്ക് കൊറച്ചീസായി ഇദന്നെ മട്ട്! " കമലാക്ഷിയമ്മ പിന്നെയും എന്തൊക്കെയോ പറയാനൊരുങ്ങുമ്പോഴായിരുന്നു നായരുടെ അലര്‍ച്ച.
" കമലൂ...ഇങ്ങട് ഒന്നോടിവരൂ... ഇതെന്തായീ കാട്ട്യേക്കണേ.. കക്കൂസ് കഴുകീട്ടില്ല്യാല്ലേ..?"

"മഹാപാപം പറയരുത് കുട്ടീഷ്ണേട്ടാ... ന്‍റെ മുട്ടുകാല് വയ്യാണ്ടും കൂടി ഞാന്‍ തന്നെയാ ഇന്നലേം കൂടി തേച്ചുകഴുകീത്." കമലക്ഷിയമ്മയുടെ കണ്ണ് നിറഞ്ഞു.

കുട്ടികൃഷ്ണന്‍ നായര്‍ അതൊന്നും കേള്‍ക്കാത്തതുപോലെ കുളിമുറിയുടെ മുന്നില്‍ വയറു തടവിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും എന്നും വെളുത്തിരിക്കണമെന്നു തനിക്കു നിര്‍ബന്ധമുള്ളയിടത്തെ ചൊല്ലിയുള്ള പഴി ആദ്യമായി കേട്ടപ്പോള്‍ കമലക്ഷിയമ്മയുടെ മനസ് നൊന്തു.

പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ, അയാള്‍ അണുനാശിനി കുപ്പിയുടെ മൂടി വലിച്ചുതുറന്ന്, വലിയ വൃത്താകൃതിയില്‍ ക്ലോസെറ്റില്‍ ഒഴിച്ച്, മൂലയ്ക്കിരുന്ന കുറ്റിച്ചൂലെടുത്തു തേച്ചുകഴുകുന്നതുകാണാന്‍ ജാനുവും ഓടിവന്നപ്പോള്‍ കമലാക്ഷിയമ്മക്ക് സഹിച്ചില്ല.

"എന്ത് കാഴ്ച കാണാനാടീ ഓടിവന്നത്? തുണി കഴുകിയിട്ട്വോ?"

"കമലൂ... അവളോട്‌ വെറുതെ അങ്ങട് നനച്ചിട്ടാ പോരാന്നു പറയ്‌.. ഡെറ്റോള്‍ മുക്കിയിടണം. മറക്കരുത്! "

കുളിമുറിയില്‍ നിന്നും വെള്ളത്തിന്റെയും ചൂലിന്റെയും ശബ്ദങ്ങള്‍ക്കൊപ്പം അയാളുടെ പുത്തന്‍ അറിവുകളും മുഴക്കമായി പുറത്തെയ്ക്കൊഴുകുമ്പോള്‍ കമലാക്ഷിയമ്മ നിലത്തു തളര്‍ന്നിരുന്നു.

കുളികഴിഞ്ഞ് പ്രാതല്‍ കഴിക്കാനിരുന്നപ്പോള്‍ അയാളുടെ മുഖം പ്രസന്നമായിരുന്നു. അയാളുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരം കൊളസ്ട്രോള്‍ തടയുന്ന ഓട്സ് കുറുക്ക് മുന്നിലെത്തി. കൂടെ മുതിര്‍ന്നവരുടെ ഹോര്‍ലിക്ക്സും. പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ കുട്ടികൃഷ്ണന്‍ നായര്‍ ചാടി എഴുനേറ്റു പിന്നോട്ട് നീങ്ങി. കയ്യിലെടുത്ത പാത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ താഴേക്കിട്ടു.

"കമലൂ... ആരും ഒന്നും കഴിക്കരുത്! "

ശരവേഗത്തില്‍ വസ്ത്രം മാറി കുടയുമായി പുറത്തേക്കോടുന്ന ഭര്‍ത്താവിനെ കണ്ട് കമലക്ഷിയമ്മ പൊട്ടിക്കരഞ്ഞപ്പോള്‍ ജാനു മേശപ്പുറത്തെ പാത്രങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്തിനെയോ തിരഞ്ഞു.

ജാനുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ മക്കളെ അറിയിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി സേവനമനുഷ്ടിക്കുന്ന വീട്ടിലുള്ളവരോടുള്ള കടപ്പാടും സ്നേഹവും കൊണ്ട് അന്നത്തെ മറ്റു വീടുകളിലെ പണികള്‍ റദ്ദാക്കി, ഉച്ച വരെ കമലക്ഷിയമ്മക്ക് കൂട്ടിരുന്ന് അവിടുന്ന് ഊണും കഴിച്ചാണ് അവള്‍ മടങ്ങിയത്.

പിറ്റേന്ന് വെളുപ്പിന് ബംഗ്ലൂരുള്ള മൂത്തമകന്‍ പ്രകാശ്‌ വീട്ടിലെത്തുമ്പോള്‍ നായര്‍ നല്ല ഉറക്കമായിരുന്നു. ഉറങ്ങാതെ കാത്തിരുന്ന അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന പരിവേദനങ്ങള്‍ അയാളിലും തെല്ലു പരിഭ്രാന്തി ഉണര്‍ത്തിയെങ്കിലും അയാള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"നീയെപ്പോഴാ വന്നത്? ദെന്താത് പെട്ടെന്ന്? ന്നിട്ട് കുളിച്ച്വോ? അതുകഴിഞ്ഞ് മതി ആഹാരോക്കെ.." ഓരോ തവണയും പടിപ്പുര കടക്കുമ്പോള്‍തന്നെ ഓടിവന്നു പുണരുന്ന അച്ഛന്റെ ഓര്‍മ്മ അയാളുടെ കണ്ണുനിറച്ചു.

ഇഡ്ഡലി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ വീണ്ടും അരികിലെത്തി.
"നിന്നോട് ഞാനോരൂട്ടം കൊണ്ട്വരാന്‍ പറഞ്ഞിരുന്നില്ല്യെ? ഇബ്ടെ നല്ലത് കിട്ടില്ല്യാ.. അതാ അവടുന്നന്നെ വാങ്ങാന്‍ പറഞ്ഞെ..."

പ്രകാശ്‌ നേരത്തെ എടുത്തുവെച്ചിരുന്ന പൊതി വാങ്ങുമ്പോള്‍ അയാളുടെ മുഖം സന്തോഷം കൊണ്ടുവിടര്‍ന്നു.

മകന്‍ കൊണ്ടുവന്ന ഭൂതകണ്ണാടിയുമായി വീടുമുഴുവന്‍ ഓടിനടന്ന്‍ സസൂക്ഷ്മം എന്തോ തിരയുകയും ഇടയ്ക്കിടെ ആശ്ച്ചര്യപ്പെട്ടും ഉറക്കെ നിലവിളിച്ചും കുട്ടികൃഷ്ണന്‍ നായര്‍ അവിടുള്ളവരെ അസ്വസ്ഥരാക്കി. ഇടയ്ക്കിടെ നില കണ്ണാടി ക്ക് മുന്നില്‍ നിന്ന് മുഖവും പല്ലും നിരീക്ഷിച്ചു.

അവധിപ്രശ്നം കൊണ്ടും കൂട്ടുകാരന്‍ ഡോക്ടറോടും കൂടി സംസാരിക്കാനുള്ളതുകൊണ്ടും അന്ന് വൈകിട്ടത്തെ ട്രെയിനില്‍ പ്രകാശ്‌ പോവാനൊരുങ്ങി. പെട്ടെന്ന് വരേണ്ടിവന്നതിന് സുമിത്രയോടു പറയേണ്ട കാരണങ്ങള്‍ മെനഞ്ഞുകൊണ്ട് അയാള്‍ പടിയിറങ്ങുമ്പോള്‍ അമ്മയെ ഒരിക്കല്‍ക്കൂടി ആശ്വസിപ്പിക്കാന്‍ മറന്നുപോയി.

രാത്രി പണികള്‍ തീര്‍ത്ത് കമലാക്ഷിയമ്മ മുറിയിലെത്തുമ്പോള്‍ നായര്‍ എന്തോ ഓര്‍ത്തുകിടക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണുമ്പോഴൊക്കെ അവരുടെ നെടുവീര്‍പ്പ് ഉച്ചത്തിലായി.

"നീ കുളിച്ച്വോ  കമലൂ?"

"ഈ രാത്രീലോ? നിയ്ക്ക് നീരെളക്കം പിടിക്കുംന്നറീല്ല്യേ? "

" ഉം.. ലൈറ്റ് കെടുത്തണ്ടാ .. നീ കെടന്നോ.."
ഒന്നും മിണ്ടാതെ കമലാക്ഷിയമ്മ ചുവരോട് മുഖം ചേര്‍ത്ത് കിടക്കുമ്പോള്‍ കുട്ടികൃഷ്ണന്‍നായര്‍ തലയിണയുടെ അടിയില്‍ ഒളിപ്പിച്ചുവെച്ച പൊതിയില്‍നിന്നും ഭൂതക്കണ്ണാടി കയ്യിലെടുത്ത്‌ പതിയെ അവരുടെ അരുകിലേയ്ക്കിരുന്നു.