About Me

My photo
A person who loves to read, write, sing and share thoughts.

Monday, December 8, 2014

അവൾ ഒരു പ്രിയ

അവൾ ഒരു പ്രിയ. കോടമ്പാക്കത്തിനടുത്തായിരുന്നതുകൊണ്ട് സിനിമയുമായി ബന്ധമുള്ള പല പെണ്‍കുട്ടികളും ഞങ്ങളുടെ ഹൊസ്റ്റെലിലെ താമസക്കാരായിരുന്നു. ജൂനിയർ ആര്ടിസ്റ്റുകൾ, സീരിയൽ നടികൾ, സിനിമാ മോഹവുമായി നാടുവിട്ടു വന്നവർ, നായികയുടെ രൂപ സാദൃശ്യം കൊണ്ട് ഡ്യൂപ്പ് ആയവർ അങ്ങനെ.. പ്രിയയും അവരിലൊരാൾ. വളരെ വർഷങ്ങൾക്കു മുൻപേ തന്നെ ആന്ധ്രയിൽ നിന്നും കോടമ്പാക്കത്ത് ഇറങ്ങിയവൾ. (തമിഴിലെ ഹാസ്യ താരങ്ങളുടെ ജോടിയായും ചില നൃത്തങ്ങളിലെ പ്രധാനിയായും അവളെ ഞാൻ പിന്നീട് ചില ചാനൽ കറക്കത്തിനിടയിൽ കണ്ടിട്ടുണ്ട്.) ഞാൻ പരിചയപ്പെടുമ്പോൾ അവൾ ഏതോ സീരിയലിൽ ചെറിയ വേഷം ചെയ്യുകയായിരുന്നു. സ്നേഹത്തോടെ പെരുമാറുന്ന, പരസഹായിയും സുന്ദരിയുമായ  ഒരു യുവതി, അതാണ്‌ പ്രിയ.

ഞാൻ താഴെയും അവൾ മൂന്നാം നിലയിലുമായതിനാൽ വല്ലപ്പോഴും കാണുമ്പോഴുള്ള കുശലാന്വേഷണങ്ങൾ മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയൊരിക്കൽ അവൾ മുഖവുരയൊന്നുമില്ലതെ പറഞ്ഞു, "സീരിയൽ ആക്ടിംഗ് വേണ്ടാന്നു വെച്ചു.. 'അവർ' പോകവേണ്ടാംന്നു സൊല്ലിട്ടാർ"
മിഴിച്ചു നിന്ന എന്നോട് അവൾ "അവരെ" കുറിച്ച് ബഹുമാനത്തോടെയും തെല്ലു നാണത്തോടെയും പറഞ്ഞുതന്നു.
"അവര് ട്രിച്ചിയിലെ  പെരിയ അരസിയൽവാദി(രാഷ്ട്രീയക്കാരൻ).. സീരിയൽ ഡയറക്ടർ ഫ്രണ്ട്.. അപ്പടി താൻ തെരിയും.. അടിക്കടി ചെന്നൈ വരുവാര്... കല്യാണം പണ്രെന്നു സോന്നാര്.."
എന്നെക്കാൾ പ്രായമുള്ള അവൾക്കു ഒരു നല്ലൊരു ജീവിതമുണ്ടാകുന്നതിൽ എനിക്കുണ്ടായ സന്തോഷത്തെ തല്ലിക്കെടുത്തിക്കൊണ്ട് അവൾ മറ്റൊരു ദിവസം പറഞ്ഞു.. "ഹൊസ്റ്റെലിലെ തങ്കിക്ക സോന്നാര്.. അവർ വരപ്പോ മട്ടും എങ്കെയാവതു കൂട്ടീട്ടുപോറെൻ ന്ന് "
"എന്ന് വെച്ചാൽ?" എന്റെ ദേഷ്യം അറിയാതെ പുറത്തുചാടി.
"വേറെന്ന പ ണ്ണ സൊൽറീങ്കെ? അവർതാൻ പുള്ളക്കുട്ടിയുള്ളവരാച്ചേ "
ഭഗവാനെ... കല്യാണം കഴിഞ്ഞു കുട്ടികൾ വരെയുള്ള ഒരുത്തനാണ് ഇവളെ...!! ശരിക്കും ദേഷ്യവും സങ്കടവും തോന്നി.
ചെന്നൈയിൽ വരുമ്പോൾ മാത്രം ഉപയോഗിക്കാവുന്ന ഒരു...!! മാത്രമല്ല, അവളെ ജോലി ചെയ്യാനനുവദിക്കില്ല.. ചിലവിനു മാത്രം കൊടുക്കും.. തോന്നുമ്പോൾ വരും, കാണും... എനിക്കാലോചിക്കാനെ പറ്റുന്നുണ്ടായില്ല...

മറ്റൊരു ദിവസം അയാൾ അവളെ കാണാനെത്തി. ഹോസ്റ്റൽ പടിക്കൽ സ്കോർപിയോ നിർത്തി ഇറങ്ങി വരുന്ന, കയ്യിലും കഴുത്തിലും നിറയെ മഞ്ഞലോഹമണിഞ്ഞ  കറുത്തു തടിച്ച വെള്ള വസ്ത്രധാരിയെ കണ്ട് കണ്ണുതള്ളി നിൽക്കുമ്പോൾ അവൾ തോണ്ടി, "ഇദ്ദാൻ അവര്..പോയിട്ടുവരേൻ "

ഞങ്ങളുടെ നിർബന്ധം കൊണ്ടാണെന്ന് തോന്നുന്നു, അവൾ വിവാഹം കഴിക്കണമെന്ന് വാശി പിടിച്ചത്. ഏതോ വഴിയിൽവെച്ച് കാറിന്റെ പിൻസീറ്റിൽ ഇരുന്ന് അയാൾ കഴുത്തിലെ തടിച്ച മാല ഊരി അവളെ അണിയിച്ചു.

"ഇതുക്ക് മേലെ എന്ന കിടൈക്കും, സൂണ്‍.. എങ്കളെയെല്ലാം യാര് കല്യാണം പണ്‍റത്? ചിന്ന വയസായിരുന്താ സിനിമാവിലെ ഏതാവത് റോൾ കിടൈക്കും, ഇനിമേ അതുമില്ലൈ.. ഇല്ലെന്നാ അവുങ്ക സൊല്ല്രതെ എല്ലാം ചെയ്യണം "

അവളുടെ വാക്കുകൾ എന്റെ ഹൃദയത്തെ ഉലച്ചു കടന്നുപോയി.
 

Wednesday, October 8, 2014

പഴയ പൊന്നോണത്തിൻ പൂവെട്ടം


ഓണം ഏതൊരു മലയാളിക്കുമെന്നപോലെ എനിക്കും ധാരാളം സുന്ദരചിത്രങ്ങൾ മനസ്സിൽ വരച്ചിടുന്ന ഒന്നുതന്നെയാണ്. തമിഴോരത്തു കിടക്കുന്നതുകൊണ്ടാവാം പൂവിളിയും അത്തച്ചമയങ്ങളും താരതമ്യേന കുറവായിരുന്നു ഞാൻ ജനിച്ചുവളർന്ന നാട്ടിൽ. എങ്കിലും ഗ്രാമത്തിലെ കലാസാംസ്കാരികസംഘടനകൾ നടത്താറുള്ള മത്സരങ്ങളും വീടുകളിൽ കുട്ടികളും വലിയവരുമൊക്കെ ചേർന്നുള്ള കളികളും ഓണസദ്യയും പൂവിടലും ഓണക്കോടിയുമായി വർണ്ണ ശബളം തന്നെയായിരുന്നു ഓരോ ഓണവും.

എന്റെ കുട്ടിക്കാലത്ത് ഓണം എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ച് അച്ഛന്റെ വീട്ടിൽ ആഘോഷിക്കുന്നതായിരുന്നു പതിവ്. മധ്യകേരളത്തിൽ മണിമലയാറ്റിന്റെ തീരത്തെ സ്വച്ഛസുന്ദരമായ ഗ്രാമം.
കടത്തു കടന്നുവേണം അന്നൊക്കെ അക്കരെയെത്താൻ. ഏറ്റവും വലിയ ഭയം കലർന്ന കൌതുകം വള്ളത്തിൽ കയറുന്നത് തന്നെയായിരുന്നു. കടത്തുകാരൻ കുട്ടപ്പായിച്ചന്റെ വീട് ആറിനോട് ചേർന്നുതന്നെയായിരുന്നു. കടവത്ത് വള്ളം ഇല്ലെങ്കിൽ കുട്ടപ്പായിച്ചനെ ഒന്ന് കൂവിവിളിച്ചാൽ മതി. പല യാത്രയിലും തെന്നി വീഴ്ച പതിവായിരുന്നു ഞങ്ങളിൽ പലർക്കും. ഒരു കാലെടുത്തു വയ്ക്കുമ്പോൾ തന്നെ ഇരുവശത്തേക്കും ചായുന്ന വള്ളത്തിൽ നെഞ്ചിടിപ്പോടെ അമ്മയുടെയോ ചേച്ചിയുടെയോ ചിലപ്പോൾ കുട്ടപ്പായിച്ചന്റെ തന്നെയോ കയ്യിൽ തൂങ്ങി പലകമേൽ ഇരിപ്പുറപ്പിച്ചാലേ ശ്വാസം നേരെ വീഴൂ.

അക്കരെ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോഴേക്കും വഴിനീളെ പരിചയക്കാർ ഇറങ്ങിവന്ന് കുശലം ചോദിക്കും. വീട്ടിലെത്താനുള്ള തിരക്കാവും ഞങ്ങൾ കുട്ടികൾക്ക്! തറവാട്ടിലെ സമപ്രായക്കാരെ കാണാനുള്ള തിടുക്കം മാത്രമല്ല അതിനു കാരണം. അടുക്കള വഴി പോകുമ്പോഴേക്കും വറുത്തുപ്പേരികളുടെയും ശർക്കര വരട്ടി, കളിയടക്ക തുടങ്ങിയ പലഹാരങ്ങളുടെയും സുഗന്ധങ്ങൾ മൂടിവെച്ച ടിന്നുകളിൽ ഒതുങ്ങാതെ അവിടം മുഴുവൻ കറങ്ങി നടക്കുകയായിരിക്കും.

അവധിക്കാലത്തെ അവിടേയ്ക്കുള്ള യാത്ര മനസ്സിൽ ആഹ്ലാദത്തിമിർപ്പുണ്ടാക്കാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത് ഇരുകരകളെയും കുളിർപ്പിച്ചൊഴുകുന്ന മണിമലയാറിന്റെ കൈവഴിയായ പുഴയാണ്. തെങ്ങും കവുങ്ങും നിറഞ്ഞ പറമ്പിന്റെ അങ്ങേയറ്റത്ത് കാണാവുന്ന കരിമ്പിൻതോട്ടവും അതിനപ്പുറത്ത് കണ്ണാടി പോലത്തെ പുഴയിലൂടെ പാട്ടുംപാടി കടന്നുപോവുന്ന വള്ളങ്ങളും ഗ്രാമത്തിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടിയിരുന്നു! മതിലുകളില്ലാത്ത പറമ്പുകളിലൂടെ ചുറ്റിനടന്ന് വേലിക്കൽ നില്ക്കുന്ന ഇലകളോടു പോലും ചങ്ങാത്തമായിരുന്നു. പൊട്ടിച്ചൂതിയാൽ കുമിളകൾ തരുന്ന കടലാവണക്ക്, പള്ളിക്കൂടം കളിക്കുമ്പോൾ നോട്ടുബുക്ക് തരുന്ന ശീമക്കൊന്ന, തണ്ടുപൊട്ടിച്ചു മാല കൊരുക്കുമ്പോൾ വലിയ പതക്കമാവുന്ന കപ്പയില അങ്ങനെ പോവുന്നു കളിക്കൂട്ടുകാർ.. ഉച്ചയോടെ മുതിർന്നവരുടെ കൂടെ ആറ്റിൽ പോയുള്ള കുളിയാണ് അടുത്തത്‌. വലിയ തണുപ്പില്ലാത്ത വെള്ളത്തിലിറങ്ങി മുകളിലേക്ക് അരിച്ചുകയറുന്ന കുളിരനുഭവിച്ച് തെളിമണലിൽ കാലൂന്നി പതിയെപ്പതിയെ താഴുമ്പോഴേക്കും ആരെങ്കിലും ഇരുകൈകളും കൊണ്ട് വെള്ളം ആഞ്ഞുവീശി നനച്ചിട്ടുണ്ടാവും. കളികളും മുങ്ങാങ്കുഴിയും നീന്തൽ പഠിത്തവുമായി മണിക്കൂറുകളോളം വെള്ളത്തിൽ കിടപ്പ്.. എന്നെ അമ്പലത്തിലും ആറ്റിലും കൊണ്ടുപോവുകയും മനോഹരമായി സിനിമാക്കഥകൾ പറഞ്ഞുതരികയും ചെയ്യുമായിരുന്ന അയലത്തെ ചേച്ചി.. അങ്ങനെ എന്റെ നാട്ടിൽ കിട്ടാത്ത കുറെ സന്തോഷങ്ങളുണ്ടായിരുന്നു അവിടെ.

കാലമേൽപ്പിച്ച മങ്ങലുണ്ടെങ്കിലും ഓണഓർമ്മകളിൽ ഒരുപാടുയരത്തിൽ കെട്ടിയ ഊഞ്ഞാലും പൂ തേടി നടക്കലും പൂവിളിയും ഓണക്കളികളും ഉണ്ട്. ഞങ്ങൾ കുട്ടികളുടെ സംഘങ്ങൾ മിക്കപ്പോഴും ചെറിയ ചെറിയ കളികളിൽ ഏർപ്പെടുകയും ഊഞ്ഞാലാടുകയും ഇടയ്ക്കിടെ വീണ് മുട്ടിലെ തൊലി കളയുകയും കരഞ്ഞുകൊണ്ട്‌ അമ്മമാരുടെ അടുത്തേക്ക് ഓടുകയും ചെയ്തിരുന്നു. ഊഞ്ഞാലാട്ടം ഇപ്പോഴും ഉള്ളിലൊരു ആളലുണ്ടാക്കുന്ന ഒന്നാണ്. ആകാശം മുട്ടെ ആയത്തിലാടി മുന്നിലെ മരത്തിലെ ഇല കടിച്ചു തിരികെവരുന്ന ചേച്ചിമാർ അന്നെനിക്ക് വീരനായികമാരായിരുന്നു. വലിയവരുടെ തുമ്പിതുള്ളൽ, മാണിക്യചെമ്പഴുക്ക പോലുള്ള കളികളുടെ ചില പാട്ടുകളും ഇന്നും മനസിലെ ഈണമാണ്.


"ആക്കയ്യിലീക്കയ്യിലോ മാണിക്യചെമ്പഴുക്ക..."

"കുടമൂതെടി കുടമൂതെടി കുറത്തിപ്പെണ്ണെ..
നിന്റെ കുടത്തിന്റെ വില ചൊല്ലടി കുറത്തിപ്പെണ്ണേ.."

അവിടുത്തെ വിരുന്നുകാരി ആയതിനാലും പ്രായം കൊണ്ട് ഏറ്റവും ഇളയതായതുകൊണ്ടും അതെല്ലാം എന്റെ കൗതുകക്കാഴ്ചകളായിരുന്നു.
ഇതൊക്കെയാണെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരോണവുമുണ്ടായി. അന്ന് പതിവുപോലെ അതിരാവിലെ മുതൽ ഓണത്തുമ്പികൾക്കൊപ്പം പാറിനടന്ന്, ഉച്ചക്ക് വിഭവസമൃദ്ധമായ തിരുവോണസദ്യയുമുണ്ട് ഞങ്ങൾ കുട്ടികളും മുതിർന്നവരും കളിക്കളത്തിലേക്ക് നടന്നു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ ഓരോന്നിലായി ആണ്‍കൂട്ടവും പെണ്കൂട്ടവും അവരവരുടെതായ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. പുരുഷന്മാരുടെ വടംവലിയും പന്തുകളിയും ഓണത്തല്ലുമെല്ലാം രസകരമായി തുടരുമ്പോൾ ചേച്ചിമാരുടെ പാട്ടിനൊത്ത് അയൽപക്കത്തെ രാധാമണി ചേച്ചി നടുക്കിരുന്ന് മുടിയഴിച്ച തുമ്പപ്പൂ മണപ്പിച്ച് തുള്ളുന്ന തുമ്പിയായി.

ഇടക്കെപ്പോഴോ കളി നിർത്തി പുരുഷന്മാരെല്ലാം അപ്പുറത്തേക്ക് ഓടുന്നതുകണ്ട് സ്ത്രീകളിൽ ചിലരും അങ്ങോട്ടേക്ക് ഓടിച്ചെന്ന് കാര്യമന്വേഷിച്ചു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുനിന്ന ഞങ്ങൾ കുട്ടികളെ ആരോ പിടിച്ചുവലിച്ചു വീട്ടിൽ കൊണ്ടുവന്നു. ഞങ്ങള്ക്ക് പുറകെ മുതിർന്നവരും വീട്ടിലെത്തി. കുഞ്ഞുമനസിൽ ആയിരം ശങ്കകളും ചോദ്യങ്ങളുമായി പകച്ചിരുന്നതല്ലാതെ ആരും ഒന്ന് മിണ്ടാൻ പോലും ധൈര്യപ്പെട്ടില്ല.

എത്ര പെട്ടെന്നാണ് അന്തരീക്ഷം മാറിയത്! അതുവരെ തെളിഞ്ഞുനിന്ന ആകാശവും പെട്ടെന്ന് മനസുകൾ പോലെ മേഘാവൃതമായി. എല്ലാവരും ശബ്ദമില്ലാതെ മാത്രം ആശയവിനിമയം നടത്തി. എങ്ങും മരണവീടിന്റെ പ്രതീതി. കർക്കിടകം ബാക്കി വെച്ചിട്ടുപോയ മേഘങ്ങൾ സംഘടിച്ച് ആരുടെയോ കണ്ണീരിന് സഖ്യം ചൊല്ലി. ഒന്നും ചെയ്യാനില്ലാതെ ഞങ്ങളെല്ലാം തെക്കെമുറിയിൽ അങ്ങിങ്ങായി ഇരുന്നും നിന്നും നേരംപോക്കി.
പലരുടെയും അറിവുകൾ കൂട്ടിവെച്ചപ്പോൾ അപ്പുറത്ത് ആരൊക്കെയോ തമ്മിൽ വഴക്കുണ്ടായി എന്നുമാത്രമാണ് ആദ്യം മനസിലായത്. പിന്നീടത്‌ രണ്ടു വ്യത്യസ്ത മതവിഭാഗക്കാർ തമ്മിലായിരുന്നുവെന്നും അതുവരെ ഒരുമിച്ച് ഒരുപോലെ ഓണമാഘോഷിച്ചവരാണ് തമ്മിൽ കണ്ടാൽ വെട്ടാൻ വാളെടുക്കുന്ന അവസ്ഥയിലായിരിക്കുന്നതെന്നുമുള്ള വാർത്തകൾ എനിക്ക് ദഹിച്ചതേയില്ല. തലേനാൾ വരെ വാത്സല്യത്തോടെ തലയിൽ തഴുകി കുശലമന്വേഷിച്ചു പോയിരുന്ന സഹോദരതുല്യർ എതിരാളികൾക്കായി അരയിൽ ആയുധങ്ങൾ സൂക്ഷിച്ചു നടക്കുകയാണെന്ന അറിവ് നടുക്കം മാത്രമായി.

അടുത്ത ദിവസം അതിരാവിലെത്തന്നെ ഞെട്ടിക്കുന്ന പുതിയ വാർത്തകളുമായി അയല്പക്കത്തെ സ്ത്രീകൾ വീട്ടിലെത്തി. അങ്ങ് കിഴക്ക് ഒരു പറമ്പിൽ തെങ്ങിൽ ചാരി ആരോ ജഡമായിരുന്നുവത്രേ.. കലഹം വെട്ടിലും കുത്തിലും വരെ എത്തിയെന്നും വടിവാളും കുറുവടിയുമായി ആറ്റിൻകരയിൽ കരിമ്പിൻകാട്ടിലെ ഇരുളിൽ ആരൊക്കെയോ പതിയിരിപ്പുണ്ടെന്നും കേട്ടു. പണിക്കുപോയി രാത്രി വീട്ടിലെത്തുന്ന പുരുഷന്മാരെയോർത്തു വേവലാതിപ്പെട്ടും മൂക്കുപിഴിഞ്ഞും സ്ത്രീകൾ കടവത്തേക്ക് കണ്ണുംനട്ട് കാത്തിരുന്നു.

ആരും പുറത്തിറങ്ങാത്ത ആ രാത്രിയിൽ വീട്ടിലേക്ക് ഓടിക്കയറിവന്ന് ശത്രുക്കൾക്ക് തന്നെ കാട്ടിക്കൊടുക്കരുതെന്നപേക്ഷിച്ച് എവിടെയോ പതുങ്ങിയിരുന്ന്, ബഹളമൊഴിഞ്ഞപ്പോൾ ഇരുട്ടിലേക്കിറങ്ങിയോടിയ മുറിവേറ്റ മനുഷ്യൻ പിന്നീട് ഒരുപാടുനാൾ എന്റെ പേടിസ്വപ്നങ്ങളിലേക്കിറങ്ങിവന്നിരുന്നു.

ജാതി, മതം, വർഗം, വർണ്ണം ഇവയെല്ലാം എന്തെന്നോ, സിരകളിൽ ഒരേ നിറമുള്ള രക്തമൊഴുകുന്ന മനുഷ്യർക്ക്‌ ഇതെല്ലാം എന്തിനെന്നോ അറിയാത്ത പ്രായത്തിൽ അങ്ങനെ ഒരോണക്കാലം ഭീതിദമായ കുറെ പുതിയ വാക്കുകൾ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചു. അതുകഴിഞ്ഞിന്നേവരെ അതിനു സമാനമായതോ അതിലും ഭീകരമായതോ ആയ സ്പർധകളും വിവാദങ്ങളും യുദ്ധങ്ങളും വരെ കണ്മുന്നിൽ അരങ്ങേറുമ്പോഴും ഒന്നും മനസിലാവാതെ, ഒന്നിന്റെയും അർത്ഥമറിയാതെ അതേ പത്തുവയസുകാരിയായി പകച്ചുനിൽക്കുകയാണ് ഞാൻ. ഇനിയുമൊരു മാവേലിനാട് പുനർജനിക്കുമെന്ന പ്രത്യാശയുടെ കുഞ്ഞുവെട്ടം മനസിലെവിടെയോ അണയാതെ കാത്തുകൊണ്ട്...

 (ഈ ലേഖനം ബഹറിനിൽ നിന്നും ഇറങ്ങുന്ന ഗൾഫ്‌ മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു)
Thursday, September 4, 2014

കൃഷ്ണയും ഞാനും പിന്നെ എസ്കലേറ്ററും

ചെന്നൈ ജീവിതം തന്നെ...

ഹോസ്റ്റലിൽ ചേരാനായി ചെല്ലുമ്പോൾ താഴത്തെ മുറികളിൽ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. വലിയൊരു ഹാളും അതിനകത്ത് നിന്നും തുറക്കുന്ന മൂന്നു മുറികളും അടങ്ങിയതായിരുന്നു ഗ്രൌണ്ട് ഫ്ലോർ. തെല്ലൊരു അനിഷ്ടത്തോടെയായിരുന്നു ഹാളിൽ തന്നെയുള്ള മൂന്നു കട്ടിലുകളിലൊന്ന് സ്വീകരിച്ചത്. 
രാത്രിയോടെ മറ്റു രണ്ടു കട്ടിലുകളുടെ ഉടമകളെത്തി സ്വയം പരിചയപ്പെടുത്തി. അതിലൊന്ന്, കൃഷ്ണവേണി. പോളിയോ തളർത്തിയ കാലുകളും സ്നേഹിക്കാനറിയുന്ന മനസുമുള്ള, കൃഷ്ണവർണ്ണയായ കുറിയ പെണ്‍കുട്ടി. വീട്ടിലെ മറ്റു പരാധീനതയിലേക്ക് തന്റെ വൈകല്യം മേമ്പൊടിയാക്കാൻ ആഗ്രഹമില്ലാത്തതിനാൽ പ്ലസ് ടു ക്ലാസ്സിലെ അറിവും കൊണ്ട് നാടുവിട്ട്, ചെന്നൈയിൽനിന്നും കുറച്ചകലെയുള്ള പെരമ്പൂർ വരെ ദിവസവും ബസിലും ട്രെയിനിലും തനിയെ സഞ്ചരിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരു പാവം ഡി ടി പി ഓപ്പറേറ്റർ.   പിന്നെ ഉള്ളത് അമ്മു എന്ന കണ്ണകി. എന്തോ കമ്പ്യൂട്ടർ കോഴ്സ് ചെയ്യാനായി എത്തിയ മധുരൈ സ്വദേശി.
വൈകുന്നേരത്തോടെ മറ്റ് അന്തേവാസിനികളും കൂടിയെത്തിയപ്പോൾ ആദ്യം തോന്നിയ അനിഷ്ടം അലിഞ്ഞില്ലാതായി.
 
മാസാദ്യത്തിൽ കയ്യിൽ കിട്ടുന്നതിന്റെ മൂന്നിൽ രണ്ടുഭാഗവും ഹോസ്റ്റലിൽ കൊടുത്ത് , ബാക്കിയുള്ളതുകൊണ്ട്‌ ഒരുമാസത്തെ ചെലവുകൾ നടത്തുന്ന സാധാരണക്കാരികളുടെ സമാനതയാവാം ഞങ്ങളിൽ ഒരു ഉറപ്പുള്ള ആത്മബന്ധം പരസ്പരം ഉണ്ടാക്കിയത്.  എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അടുത്തുള്ള ഉടുപ്പി ഹോട്ടലിൽ ഒരുമിച്ചുപോയി ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങി, പരസ്പരം പങ്കിട്ടുകഴിച്ച്, വിഷമങ്ങൾ എല്ലാം മറന്ന് കളിചിരികളുമായി കൂടണയുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ആകെയുള്ള വിനോദം. ശമ്പളം കിട്ടാൻ വൈകുന്നവർക്ക് കൂട്ടത്തിലെ സമ്പന്ന സ്പോണ്‍സർ ആവും. ഭക്ഷണക്കാര്യത്തിൽ കടം വാങ്ങലും കൊടുക്കലും ഇല്ല. ഉടുപ്പി ഹോട്ടലിലെ സ്വാദിഷ്ടമായ പലഹാരങ്ങൾക്ക് അമ്പത് രൂപയില്‍ താഴയേ വില ഉണ്ടായിരുന്നുള്ളൂ‍ൂ എന്നതും ചിലവ് ചുരുക്കി ജീവിക്കേണ്ടിവന്ന ഞങ്ങള്‍ക്ക് അത്യാകര്‍ഷകമായിരുന്നു...!

ഏതെങ്കിലും ഞായറാഴ്ച അമ്മുവിൻറെ സഹോദരൻ മണിയണ്ണൻ മധുരയിൽ നിന്ന് വ്യവസായാവശ്യങ്ങൾക്കായി ചെന്നൈ സന്ദർശിച്ചാൽ അന്ന് ഞങ്ങൾക്ക് കുശാലാണ്. പലഹാരങ്ങൾ കൊണ്ടുവരികയും ചിലപ്പോൾ ഞങ്ങളെ കൂട്ടി നഗരം ചുറ്റുകയും ചെയ്തിരുന്നു. രണ്ടു ദിവസം അടുപ്പിച്ചു അവധി കിട്ടിയാൽ നാട്ടിലേക്കുള്ള ഏതെങ്കിലും ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ  ചാടിക്കയറി പാലക്കാട് പൂകുന്നതുകൊണ്ട് പലപ്പോഴും എനിക്കാ ഭാഗ്യം ലഭിക്കാറില്ല.

അങ്ങനെയിരിക്കെ ഒരിക്കൽ അമ്മുവിൻറെ നിരന്തരമായ സമ്മർദ്ദത്തിനു വഴങ്ങി മണിയണ്ണൻ ഞങ്ങളെ ആയിടക്ക്‌ വന്ന വലിയ ഷോപ്പിംഗ്‌ മാളിൽ കൊണ്ടുപോകാമെന്ന് സമ്മതിച്ചു. കാൽ വയ്യാത്തതിനാൽ കൃഷ്ണ സ്വയം ഒഴിയുകയാണ് പതിവെങ്കിലും അന്ന് അവൾക്കുമുണ്ടായി കൌതുകം. പല കൂട്ടുകാരികളും ബോയ്‌ ഫ്രെണ്ട്സിന്റെ കൂടെ കറങ്ങിയ വിശേഷങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ മാൾ എനിക്കും പുതിയ അനുഭവമായിരുന്നു.

അങ്ങനെ ഞങ്ങൾ നാലുപേരും ബസിൽ സ്പെൻസർ പ്ലാസ എന്ന വിസ്മയത്തിന് മുന്നിലെത്തി. അകത്തെ തണുപ്പിൽ വിന്ഡോ ഷോപ്പിംഗ്‌ നടത്തി ചുറ്റിനടന്നു. അപ്പോഴാണ്‌ മുന്നിൽ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള എസ്കലേറ്റർ! സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഓടിക്കയറി നിൽക്കുന്നു.. മുകളിലേക്കുയർന്നുയർന്ന് അപ്രത്യക്ഷമാവുന്നു. തൊട്ടപ്പുറത്ത് മുകളിൽ നിന്നും പുരുഷാരം താഴേക്ക്‌ അനങ്ങാതെ ഇറങ്ങിവരുന്നു. 
കയറണമെന്ന് ആഗ്രഹം തോന്നിയെങ്കിലും ഒരു ചെറിയ പേടി. ചിലർ കയറി നിൽക്കുമ്പോൾ പിന്നിലേക്ക്‌ മറിയുകയും ബാലൻസ് ചെയ്തു നില്ക്കുകയും ചെയ്യുന്നതും കണ്ടു. കൃഷ്ണ ആദ്യമേ വിസമ്മതിച്ചു. അമ്മുവും മണിയണ്ണനും ധൈര്യം കൊടുത്തു. ഒടുവിൽ മനസില്ലാമനസോടെ അവൾ സമ്മതിച്ചു. ഉള്ളിലെ ഭയം മുഖത്ത് കാട്ടാതെ ഞാനും ധൈര്യം സംഭരിച്ചു കൂടെ നിന്നു, പ്രാർത്ഥനയോടെ..
അങ്ങനെ മുൻപിൽ അമ്മുവും അണ്ണനും, പിന്നിൽ ആദ്യമായി കയറുന്ന കൃഷ്ണയും ഞാനും. ഒരേ പടിയിൽ കാലെടുത്തു വെക്കണം എന്ന് പലതവണ പറഞ്ഞുറച്ച്, മൂന്നാലു തവണ ആഞ്ഞാഞ്ഞ് ഒടുവിൽ രണ്ടുപേരും ഓരോ കാലെടുത്തു വെച്ചു. ഞാൻ ഒപ്പം അടുത്ത കാലെടുത്തു വെച്ചെങ്കിലും കൃഷ്ണക്ക് അതുപോലെ ചെയ്യാനായില്ല. പെട്ടെന്ന് നീങ്ങിത്തുടങ്ങിയപ്പോഴുണ്ടായ നടുക്കവും ഭയവും അവളുടെ സമനില തെറ്റിച്ചു. എന്റെ കയ്യിൽ തൂങ്ങി അവൾ നിലവിളിച്ചു. തിരിച്ചിറങ്ങി പിടിക്കാനുള്ള അറിവ് എനിക്കും ഉണ്ടായില്ല. സ്വയം വീഴാതെ നിന്ന് അവളെ ഒരു കൈകൊണ്ടു പിടിച്ചു നിർത്താനായി ഞാൻ പരിശ്രമിച്ചു. ഭാഗ്യത്തിന് അതിന്റെ ഓപ്പ റേറ്റർ പ്രവർത്തനം നിർത്തി. അപ്പോഴേക്കും അമ്മുവും ഏട്ടനും ഓടിയെത്തി. കുറച്ചു നേരം ഇരുന്ന് വെള്ളമൊക്കെ കുടിച്ച് പതിയെ പടികയറിപ്പോയി.


അതിനുശേഷം എത്രയോ കയറ്റങ്ങൾ... ഇറക്കങ്ങളും... ഏതു മാളിൽ പോയാലും മക്കൾ പോലും ഓടിക്കയറി നില്ക്കുകയും അത് മുകളിലെത്തുന്നതിനിടയിൽ പല തവണ താഴോട്ടും മേലോട്ടും ഓടിക്കളിക്കുകയും ചെയ്യാറുണ്ട്. എനിക്കും അറിയാം ഭയപ്പെടാൻ ഒന്നുമില്ലെന്ന്. എന്നാലും ആദ്യപടിയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ കൃഷ്ണയുടെ നേർത്ത കരച്ചിൽ ഒരു പിടച്ചിലായി നെഞ്ചിൽ നിറഞ്ഞ്, വിറയലായി കാലുകളിലേക്ക് പടർന്നെത്തും.


Thursday, July 31, 2014

ചെന്നൈഡയറിയിലെ മറ്റൊരു താള്


 
ബഹുമാനത്തിന്റെയും കരുണയുടെയും കാര്യത്തിൽ മാത്രമല്ല പ്രണയാന്ധതയുടെ കാര്യത്തിലും മലയാളികളെക്കാൾ മുന്നിലാണ് തമിഴന്മാർ. ചില തമിഴ് സിനിമകളിൽ പ്രണയിനിക്ക് വേണ്ടി നായകൻ ചെയ്യുന്ന ത്യാഗങ്ങൾ കാണുമ്പോൾ നമുക്ക് പുച്ഛമോ അത്ഭുതമോ  തോന്നുമെങ്കിലും  അതുപോലുള്ള പ്രണയാനുഭവങ്ങൾ അവിടെ ഉണ്ടാവാറുണ്ട് എന്നതാണ് സത്യം.

എന്റെ കൂടെ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന മധുര സ്വദേശിനി കസ്തൂരിയുടെ അനുജൻ ശിവ അത്തരത്തിലൊരു പ്രണയത്തിൽ ആയിരുന്നു, ഏഴാം ക്ലാസ്സ്‌ മുതൽ. പത്തുകഴിഞ്ഞപ്പോൾ പെണ്‍കുട്ടിയെ വീട്ടുകാർ തുടർന്ന് പഠിപ്പിച്ചില്ല. ശിവ ഐടിഐ പഠിച്ചു വരുമ്പോഴേക്കും അവളെ 'മുറൈമാമൻ' കെട്ടിക്കൊണ്ടുപോയി. മധുരൈവീരരായ വീട്ടുകാരുടെ വാളിൻ തലപ്പത്ത് പ്രിയതമനെ കാണാൻ വയ്യാഞ്ഞിട്ടാവാം അവൾ മിണ്ടാതെ തലകുനിച്ചത്.
എന്തായാലും ചെക്കൻ തളർന്നുപോയി. കരച്ചിലായി, ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യാശ്രമം  വരെയെത്തി. ഒടുവിൽ പരിചയക്കാരാരോ സിങ്കപ്പൂരിൽ ശരിയാക്കിയ ജോലിക്കും പോവാൻ വിസമ്മതിച്ചപ്പോൾ അവൾ എന്നോട് അവനെയൊന്ന് ഗുണദോഷിക്കാൻ ഏൽപ്പിച്ചു.
ഹോസ്റ്റലിലെ ഫോണിലേക്ക് ശിവ വിളിച്ചപ്പോൾ അവൾ എന്റെ കയ്യിൽ തന്നു. ആദ്യമായിട്ടായിരുന്നു ഞാൻ അവനോട് സംസാരിക്കുന്നത്. കൌമാരക്കാരന്റെ ഇടർച്ചയുള്ള സ്വരം അവന്റെ മാനസികാവസ്ഥയെ കാണിക്കുന്നതായിരുന്നു. പക്ഷെ എന്നെ അതിശയിപ്പിച്ചു കൊണ്ട്  ചിരപരിചിതനെപോലെ ഓരോ വാചകങ്ങൾക്കൊടുവിലും ബഹുമാനസൂചകമായി "അക്ക" എന്ന് ചേർത്ത് എന്റെ കുശലാന്വേഷണങ്ങൾക്ക് മറുപടി തന്നു.
ആരെയെങ്കിലും ഉപദേശിക്കാൻ അർഹയല്ല എന്ന് സ്വയമൊരു തോന്നലുള്ളതുകൊണ്ടാവാം  പ്രണയക്കാര്യം ഒന്നും ചോദിച്ചില്ല. കസ്തൂരിയുടെ കണ്ണുരുട്ടൽ അധികരിച്ചപ്പോൾ തെല്ലു മൌനത്തിനുശേഷം സിങ്കപ്പൂർ പോവുന്നില്ലേ എന്നുമാത്രം ചോദിച്ചു.  മറുവശത്ത്‌ നീണ്ട നേരത്തെ നിശബ്ദതയ്ക്കൊടുവിൽ  അടഞ്ഞ സ്വരത്തിൽ മൂളൽ വന്നു. അവന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സിൽ ഒരനിയൻ ജനിച്ച് ആ സംഭാഷണങ്ങൾക്കിടയിൽ വളർന്ന് ഒരു പൊടിമീശക്കാരനായി തലതാഴ്ത്തിനിന്നു. കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല. വലിയ ജോലിക്കാരനായി കാണാൻ ഈ ചേച്ചിക്കും സന്തോഷമാണ് എന്നുമാത്രം പറഞ്ഞ്  ഫോണ്‍ കൈമാറിയിട്ട്‌ വെറുതെയിരുന്നു.

അടുത്തുതന്നെ കസ്തൂരിക്ക് മധുരയിൽ തന്നെ ജോലി ശരിയാവുകയും അവൾ ഒരു മേൽവിലാസമോ നമ്പരോ തരാതെ പോവുകയും ചെയ്തു.

കുറെ നാളുകൾക്കുശേഷം ഹോസ്റ്റലിൽ എനിക്കൊരു കാൾ.. മറുവശത്ത് ശിവ! സിങ്കപ്പൂരിൽ നിന്നും! ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത ഞാൻ വിളിച്ചതും വിഷമങ്ങൾ ഒന്നോർമ്മിപ്പിക്കുക കൂടി ചെയ്യാതെ സംസാരിച്ചതുമാണ് അവനെ അതിശയിപ്പിച്ചതും തീരുമാനമെടുക്കാൻ സഹായിച്ചതും എന്നവൻ പറയുമ്പോൾ എനിക്കത്ഭുതമായിരുന്നു. അവധിക്കു വരുമ്പോൾ ചെന്നൈയിൽ വന്ന് എന്നെ കാണുമെന്ന് വികാരനിർഭരനായി ഉറപ്പുതന്നപ്പോൾ ഇടറിപ്പോയത് എന്റെ സ്വരമായിരുന്നു.  

കുറച്ചു മാസങ്ങൾക്കുള്ളിൽ ഞാൻ ചെന്നൈ വിട്ടു. എങ്കിലും എനിക്കുറപ്പാണ് ആ ഹോസ്റ്റൽ പടിക്കൽ ഒരന്വേഷണമോ ഒരു ഫോണ്‍ വിളിയോ എന്നെത്തേടിയെത്തിയിരിക്കും ഒരിക്കലെങ്കിലും.
 
ചില ബന്ധങ്ങൾ അങ്ങനെയാണ്. കാഴ്ചക്കും കേൾവിക്കുമപ്പുറം മൌനത്തിനുപോലും സംവദിക്കാനാവും.

Tuesday, July 15, 2014

'മിന്നലേ....'യും മാറ്റിനിയും പിന്നെ ഞങ്ങളും


ദക്ഷിണേന്ത്യയിലെ തരുണീമണികളുടെ ഹൃദയത്തില്‍ 'അലൈപായിച്ച' നായകന്‍റെ രണ്ടാമത്തെ പടം ഇറങ്ങിയ സമയം. അയാളുടെ "വസീഗരാ" ടീവിയില്‍ വന്നാല്‍ ഹോസ്റ്റലിലെ മിക്ക സുന്ദരിമാരും ഓടിയെത്തി മുന്‍ നിരയില്‍ സ്ഥാനം പിടിക്കുമായിരുന്നു.

ശനിയാഴ്ചത്തെ അത്താഴം കഴിഞ്ഞുള്ള സല്ലാപത്തിനിടയിലായിരുന്നു സഹവാസിക്ക് തലയ്ക്കുള്ളില്‍ ബള്‍ബ് കത്തിയത്.

"നമുക്കു വടപളനിയിലുള്ള തീയറ്ററില്‍ പോയാലോ? കഴിഞ്ഞതവണ ആ മാനേജര്‍ ചേട്ടനെ സോപ്പിട്ടു ടിക്കറ്റ് മേടിച്ചില്ലേ.. അതുപോലെ നമുക്കു നേരത്തെ ചെന്നു ടിക്കറ്റ് വാങ്ങി വെക്കാം?"

ഉടനെ മറ്റൊരു കൂട്ടുകാരി ഏറ്റുപിടിച്ചു, "ശരിയാ.. തിരക്ക് കുറയുമ്പോ വന്നാല്‍ മതീന്ന് പറഞ്ഞിരുന്നു അയാള്‍"
അങ്ങനെ അവളുടെ കൈനെറ്റിക് ഹോണ്ടയിൽ അവര്‍ രണ്ടുപേരും കൂടി നേരത്തെ പോയി ടിക്കറ്റ് വാങ്ങി വെക്കാമെന്നു തീരുമാനത്തിലെത്തി.

പിറ്റേന്ന് ഞായർ.. പ്രാതല്‍ കഴിഞ്ഞ് അവരിറങ്ങിയ ഉടനെ ഞാന്‍ തലമുടിയില്‍ ഒരു മൈലാഞ്ചിപ്രയോഗമൊക്കെ നടത്തി പഴയകാലനായികമാരെ പോലെ മുടി പൊക്കിക്കെട്ടി, ഒരാഴ്ചത്തെ വസ്ത്രങ്ങള്‍ കഴുകിയിടാന്‍, എന്‍റെ ഊഴം കാത്ത് (ഞായറാഴ്ച അലക്കുകല്ലിനു ഒഴിവുണ്ടാവാറില്ല) മുന്‍വശത്ത് ടെലിവിഷന്റെ മുന്നില്‍ ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ഫോണ്‍. അങ്ങേത്തലയ്ക്കല്‍ ആഹ്ലാദത്തിന്‍റെ സ്വരം,
"ഡീ, ടിക്കറ്റ് കിട്ടി! നീ ഞങ്ങള്‍ക്കുള്ള ചോറ് കൂടി വാങ്ങി, റെഡിയായിരിക്ക്. കഴിച്ചയുടനെ ഇറങ്ങിയാലെ സമയത്തിനെത്താന്‍ പറ്റൂ."

ഏത് സിനിമയും ആദ്യ ആഴ്ചതന്നെ കണ്ടു വിപ്ലവം സൃഷ്ടിക്കാറുള്ള അവിടത്തെ താരങ്ങളെ ടീവിയുടെ മുന്നില്‍ കണ്ടപ്പോള്‍ എന്‍റെ ഗമ കൂടി. മുകളിലത്തെ നിലയിലെ കൂട്ടുകാരെയും, പുറത്തുനില്ക്കുന്ന സന്ദര്‍ശകനെ കാണാന്‍ തിടുക്കപ്പെട്ടോടുന്ന പെണ്ണിനേയും വരെ വിളിച്ചു 'മിന്നലെ' കാണാന്‍ പോവുന്ന കാര്യം ഉറക്കെ പറഞ്ഞു. അസൂയയോടെ പിറുപിറുക്കുന്നവരുടെ മുന്നില്‍ ധൃതി നടിച്ചു ഞാന്‍ മുറിയിലേക്ക് നടന്നു. അലക്കൊക്കെ പിന്നത്തേയ്ക്കാക്കി കുളിച്ചൊരുങ്ങി.

സിനിമ ഇറങ്ങിയതിന്റെ മൂന്നാംദിവസം തന്നെ കാണാന്‍ പോവുന്നതിന്റെ വീമ്പു പറച്ചില്‍ അല്പസമയത്തിനുള്ളില്‍ എത്തിയ മറ്റു രണ്ടുപേരും ടിക്കറ്റ്‌ പ്രദർശനത്തോടെ ഭംഗിയായി നിർവഹിച്ചു.

സമയത്തിനുതന്നെ ഞങ്ങള്‍ തിയേറ്ററില്‍ എത്തി. തിക്കിയും തിരക്കിയും ക്യൂ നില്‍ക്കുന്നവരെ സഹതാപത്തോടെ നോക്കി, വാതില്‍ തുറക്കുന്നതിനായി കാത്തിരുന്നു.

തള്ളിക്കയറ്റം ഒന്നു കുറഞ്ഞപ്പോള്‍ പതുക്കെ ഞങ്ങളും ഉള്ളിലെത്തി. ടിക്കറ്റില്‍ എഴുതിയിരുന്ന നമ്പരുള്ള സീറ്റില്‍ എത്തിയപ്പോഴുണ്ട്‌ മൂന്നു യുവാക്കള്‍ അവിടെ ആസനസ്ഥരായിരിക്കുന്നു!! ടിക്കറ്റ് ഒരിക്കല്‍കൂടി വെളിച്ചത്തു നോക്കി ഉറപ്പിച്ച്, ഞങ്ങള്‍ മൂന്നുപേരും ഒരു യുദ്ധത്തിന്നുതന്നെ തയ്യാറായി സംസാരിച്ചുതുടങ്ങി. ആ സ്ഥലം തങ്ങളുടെതാണെന്ന് തര്‍ക്കിച്ചുകൊണ്ടു അവരും ശക്തരായി നിലകൊണ്ടു. അപ്പോഴാണ്‌ ഒരു ടോര്‍ച്ചും പിടിച്ചു അവിടുത്തെ ജീവനക്കാരന്‍ എത്തിയത്. സംഭവമെന്തെന്നു അന്വേഷിച്ച അയാളോട് ഞങ്ങള്‍ ടിക്കറ്റ് കാണിച്ചു വിവരിക്കാന്‍ തുടങ്ങി. അയാള്‍ ഞങ്ങളെ മൂന്നുപേരെയും മാറി മാറി നോക്കിയിട്ട് പറഞ്ഞു,
"മാഡം, കൊഞ്ചം വെളിയെ വരീങ്കളാ?"

ബാക്കി വന്നിട്ടാവാം എന്നഭാവത്തില്‍ അവിടിരുന്നവരെ നോക്കി, ഞങ്ങള്‍  അയാളുടെ പിന്നാലെ വെളിയിലെത്തി. കൈയിലിരുന്ന ഞങ്ങളുടെ ടിക്കറ്റ് എടുത്തു നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"മാഡം, ഇതു നൂണ്‍ഷോ ടിക്കറ്റ്, ങ്കെ"
(നമ്മുടെ കൂട്ടുകാര്‍ ടിക്കറ്റ് എടുക്കാനായി അവിടെ ചെല്ലുമ്പോള്‍ നൂണ്‍ഷോ തുടങ്ങിയിട്ട് അല്പനേരമേ ആയിരുന്നുള്ളൂ. ടിക്കറ്റ് കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടി തിരിച്ചുപോന്നവര്‍ അതിലേയ്ക്കൊന്നു നോക്കിയില്ലായിരുന്നു.)

വിശ്വാസം വരാതെ വീണ്ടും വീണ്ടും ടിക്കറ്റ് തിരിച്ചും മറിച്ചും നോക്കി ഞാന്‍ നില്‍ക്കെ എനിക്കു പിന്നില്‍ ഒരുത്തി തലയില്‍ കയ്യും വെച്ചു  പടിയിൽ ഇരുന്നുപോയി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു നടന്നുപോയ അയാളോട്, നാണം കെടുത്താതിരുന്നതിനു മനസ്സാ നന്ദി പറഞ്ഞു ഞങ്ങള്‍ പരസ്പരം നോക്കി നിന്നു ഒരു നിമിഷം. പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു.

എങ്ങുനിന്നോ കറുത്ത് മെലിഞ്ഞ ഒരു പയ്യന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തോണ്ടി വിളിച്ചപ്പോഴാണ് ഞങ്ങള്‍ക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്. തിരിച്ചു ഇളിഭ്യരായി ചെല്ലുന്ന കാര്യം ഓർക്കാനേ വയ്യ! പടം തുടങ്ങുകയും ചെയ്തു. എല്ലാ മാസവും മിച്ചം വരുന്നതുകൊണ്ട് ഞങ്ങള്‍ ആഘോഷിക്കാറുള്ള ഉടുപ്പിഹോട്ടലിലെ അത്താഴവിരുന്നും ഗോള്‍ഡന്‍ ബേക്കറിയിലെ ബദാംമില്‍ക്കും പഫ്സും മറന്നതായി ഭാവിച്ച് പഴ്സില്‍ ഉള്ളത് സ്വരുക്കൂട്ടി പയ്യന്‍റെ കയ്യില്‍ കൊടുത്ത് "കറുത്ത" ടിക്കറ്റ് വാങ്ങി പടം കണ്ട് തിരിച്ചുനടക്കുമ്പോഴും ഞങ്ങളുടെ ചിരി അടങ്ങിയില്ലായിരുന്നു.

Monday, June 30, 2014

ഋതുഭേദങ്ങൾ *

"ഡീ.. ന്റെ പൊന്നൂസ് വല്ല്യകുട്ടി ആയിട്ടോ"

"ഇത്ര പെട്ടെന്നോ ? അതിനവള് അമ്മൂനെക്കാൾ ചെറുതല്ലേ ?"

"ഉം അതൊന്നും നോക്കണ്ട.. പ്പഴ്ത്തെ കുട്ട്യോളൊക്കെ എല്ലാം ഫാസ്റ്റാ"

"ഉം ന്നാലും... അമ്മു ഇനീം ആയില്ലല്ലോ"...

"അതാണോ നിന്റെ സങ്കടം?"

"അയ്യോ അതല്ല.. ഇനീപ്പോ എപ്പോ വേണേലും ആവില്ലേ.. ഞാൻ ഒന്നും പറഞ്ഞുകൊടുത്തിട്ടില്ല...അതിനവൾക്ക് അതൊക്കെ മനസിലാവോ?"

"തൊടങ്ങി അവള്ടെ ടെൻഷൻ.. എടീ അവളാദ്യം ആവട്ടെ.. ന്നിട്ട് ആലോചിച്ചാപ്പോരെ ?"

"അല്ലാ ന്നാലും..."

"ഇന്നത്തെ പണി കഴിഞ്ഞില്ലേ.. ഓടിപ്പോയി ബസ്‌ പിടിക്കാൻ നോക്ക്!"

വീണ്ടും എന്തോ പറയുന്നതിനുമുന്നെ അവൾ കട്ട്‌ ചെയ്തു.

ദൈവമേ.. ഇവളിപ്പോൾ എന്തിനാ വിളിച്ചേ.. അമ്മു സ്കൂളിൽ നിന്നെത്തി, പാല് ചൂടാക്കി കുടിച്ചിട്ട് ട്യൂഷനോടണ്ട നേരമായി.. ഇനി ഇന്നെങ്ങാനും അവൾ? ഇന്നലെ രാത്രിയല്ലേ വയറു വേദനയുടെ കാര്യം പറഞ്ഞത്? രാധേച്ചി തന്ന ചക്കപ്പഴം കൂടുതൽ തിന്നതാന്ന് ആശ്വസിപ്പിച്ചതായിരുന്നു.. പക്ഷെ ഇനീപ്പോ അതാവുമോ?

പണ്ട് വേനലവധിക്ക് തറവാട്ടിൽ എല്ലാരും കൂടിയ നേരത്തായിരുന്നു അടിവയറ്റിൽ അതിഭയങ്കരമായി ആരോ വെട്ടിക്കിളയ്ക്കുന്നതുപോലെ വേദന തുടങ്ങിയത്. കമിഴ്ന്നു കിടന്നു കരയുമ്പോൾ, അതുമിതും വലിച്ചുവാരി തിന്നുമ്പോ ഓർക്കണം എന്ന് കളിയാക്കി ഉണ്ണ്യേട്ടൻ. കയ്യിൽ തടഞ്ഞതെന്തോ ദേഷ്യത്തോടെ വലിച്ചെറിഞ്ഞതും കൂടെയുള്ളവരും കൂടെ പൊട്ടിച്ചിരിച്ചതും... മാലതി എളേമ്മ കൊണ്ടുവന്ന ഇഞ്ചിനീര് തട്ടിമാറ്റി അവരുടെ പിന്നാലെ ഓടാൻ തുടങ്ങുമ്പോഴായിരുന്നു പാവാടയിലെ നനവ്‌ അനുഭവപ്പെട്ടത്. പരിഭ്രമമായിരുന്നു. പിന്നെ കരച്ചിലും വന്നു.

'ഉമചേച്ചിക്കെന്താ ഇന്നുമാത്രം വിളക്ക് വെക്കാൻ മടി?'

'ഇങ്ങനേണ്ടോ ഒരു വേദന.. ചെലപ്പോ പറേം കാലിമ്മേ കേറിയിരിക്കൂന്ന് .. ചെലപ്പോ നടുവേദന.. ചെലപ്പോ വയറുവേദന.. ക്കെ പണിയെടുക്കാണ്ടിരിക്കാനുള്ള അടവ്, ല്ലാണ്ടെന്താ !!' തുടങ്ങിയ ആത്മഗതങ്ങളെ അന്നത്തോടെ പടി കടത്തി. പാവം.. എന്ത് വേദനിച്ചിട്ടാവും എന്നൊരു സഹതാപവും വളർന്നു.

അമ്മയായിരുന്നു മടക്കിയ വെളുത്ത തുണി എങ്ങനെ ധരിക്കണമെന്ന് പറഞ്ഞുതന്നത്. എല്ലാം കഴിഞ്ഞു മുഖം കുനിച്ചു നിൽക്കുമ്പോൾ ചേർത്തു പിടിച്ചൊരുമ്മ തന്നു കവിളിൽ.. "ന്റെ കുട്ടി വലുതായി ട്ടോ" എന്നൊരു അഭിനന്ദനവും.

ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞുതന്നത് എളേമ്മയായിരുന്നു.

ഇന്നിപ്പോൾ ആ കഷ്ടപ്പാടൊന്നുമില്ല. ടീവിയിൽ വരുന്ന പരസ്യങ്ങൾ അമ്മുവും കാണുന്നതല്ലേ.. അവളുടെ സഹപാഠികളിൽ ചിലരും പരിചയസമ്പന്നരായിരിക്കുന്നു. ഇതിലെന്താ മറയ്ക്കാൻ എന്ന ഭാവമാണ് അവൾക്കും.

ബസിറങ്ങി വീട്ടിലേക്കുനടക്കുമ്പോൾ അമ്മു മാത്രമായി ചിന്ത. സ്കൂളിൽ വെച്ചെങ്ങാനും പറ്റിയാൽ... ഈശ്വരാ... ടീച്ചർമാർ സഹായിക്കുമായിരിക്കും.. ആണ്‍കുട്ടികൾ ഉള്ള ക്ലാസല്ലേ .. ഉടുപ്പിൽ പറ്റിയാലോ.. ആരെങ്കിലും കളിയാക്കുന്നത് ഒട്ടും സഹിക്കാത്ത പെണ്ണാ..

ഇടവഴിയിലേക്ക് കടന്നപ്പോൾ ക്ഷമ കെട്ടു ഫോണെടുത്തു.

"കുട്ടേട്ടാ വീട്ടിലെത്തിയോ ? അമ്മു വന്നില്ലേ.."

"വന്നല്ലോ.. മുറീലിരുന്നു പഠിക്കുന്നു.. നീയെവിടെയാ? ഇന്നും ബസ്‌ മിസ്സായോ ?"

മറുപടി പറയാൻ നിന്നില്ല. നടത്തം ഓട്ടമായി..

"നിനക്കെന്താ വട്ടായോ സുമീ ? അതിനവൾ കുഞ്ഞല്ലേ" മുൻപൊരിക്കൽ ഏതോ മാസിക വായിച്ച് അമ്മുവിൻറെ സ്കൂൾബാഗിൽ നാപ്കിൻ കൊടുത്തയച്ചാലോ എന്ന ചിന്തക്ക് കുട്ടേട്ടന്റെ മറുപടി അതായിരുന്നു.

"നിനക്കെന്തിനുമേതിനും ആവശ്യമില്ലാത്ത ടെൻഷൻസാണ്‌ ! വഴീലൊരു പെണ്‍കുട്ടിക്ക് ആരോ ലിഫ്റ്റ്‌ കൊടുത്തതു കണ്ടപ്പോൾ അയാളവളെ മിസ്യൂസ് ചെയ്യുമോ എന്നായി ഭയം! എന്റെ കൂട്ടുകാരാരെങ്കിലും അമ്മൂനെ അടുത്തു വിളിച്ചാൽ നിന്റെ കണ്ണ് അവരുടെ പിറകെ പോവും! അപ്പു കമ്പ്യൂട്ടറിൽ കളിച്ചാൽ അവനെന്താവും തുറക്കുന്നതെന്ന്! ഇതൊക്കെ ഒരുതരം മാനസിക രോഗാണ് ട്ടോ.. പറഞ്ഞേക്കാം.. !" പാതി കളിയായി പറഞ്ഞതാണെങ്കിലും ചിലപ്പോൾ സ്വയം തോന്നാറുണ്ട് ആധി ഇത്തിരി കൂടുതലാണോ എന്ന്.

"ഒന്നൂല്ലെടോ.. നിന്നെ പോലെ ശ്രദ്ധയുള്ള അമ്മ കൂടെയുള്ളപ്പോ ഒന്നൂണ്ടാവില്ല!" മുഖം വാടിയപ്പോൾ സാന്ത്വനവുമെത്തി പിന്നാലെ.

"ദെന്താപ്പാ എവിടെക്കാ ഓടണേ? ഇബടെ കുറച്ചുപേർ നിക്കുന്നുണ്ടേ.."

"യ്യോ കണ്ടില്ലാ രാധേച്ചീ... പോട്ടെട്ടോ.." ഓടിക്കയറുകയായിരുന്നു പടവുകൾ.

കസേരയിലേക്ക് ബാഗ്‌ വലിച്ചെറിഞ്ഞ് അമ്മൂന്റെ അടുത്തേക്ക് ഓടി.

"ഏയ്‌.. എന്താ പറ്റിയെ.. ഞാൻ സ്കൂട്ടർ എടുത്ത് അങ്ങോട്ട്‌ വരണോന്ന് ചോദിക്കാൻ തുടങ്ങുകയായിരുന്നു.. "
മുറിയിൽ മേശക്കിരുവശവുമിരുന്ന് ഗൃഹപാഠം ചെയ്യുന്ന അമ്മുവും അപ്പുവും. അമ്മുവിൻറെ മുഖത്തേക്കാണ് ഉറ്റുനോക്കിയത്.

"മോള്ടെ വയറുവേദന മാറിയോ? രാവിലത്തെ ഓട്ടത്തിൽ അമ്മ ചോദിക്കാൻ തന്നെ മറന്നു... "

"അതിനാ നീയിപ്പോ ഓടിപ്പാഞ്ഞു വന്നെ?" പിന്നാലെയെത്തിയ കളിയാക്കൽ കേട്ടില്ലെന്നു നടിച്ചു.

"അത് രാവിലേ മാറീല്ലോ.. അമ്മേടെ മുന്നിക്കൂടെയല്ലേ ഞാൻ ഓടിച്ചാടി സ്കൂളിൽ പോയെ?"

"അല്ലെങ്കിലും അമ്മ ചേച്ചീടെ കാര്യം മാത്രേ ചോദിക്കൂ.. ന്റെ മുട്ട് പൊട്ടിയിരുന്നു ഇന്നലെ സൈക്കിളീന്ന് വീണിട്ട് !"

"അച്ചോടാ.."

"ഓ അതിന് നിനക്ക് മുറിവില്ലാത്ത നേരോണ്ടോ? അപ്പൊ ചോദിക്കാം ഞങ്ങള്, ല്ലേ അച്ഛാ.."

പൊട്ടിച്ചിരികൾ കൊണ്ട് മനസ് തണുപ്പിച്ച് കസേരയിൽ ചാഞ്ഞിരുന്നു.

ഭാഗ്യം! ഒന്നുണ്ടായില്ല. നാളെ മുതൽ പാഡ് കൊടുത്തുവിടണം. അമ്മ പറയുന്നതുപോലെ ആവില്ലല്ലോ ടീച്ചർമാർ ഇടപെടുമ്പോൾ!

അത്താഴം കഴിഞ്ഞ് അടുക്കള ഒതുക്കി, കുട്ടികളുടെ മുറിയിലെത്തി, അപ്പൂനെ നീക്കിക്കിടത്തി, രണ്ടാളുടെയും പുതപ്പുകൾ നേരെയിട്ട്‌ വെളിച്ചം കെടുത്തി തിരിയുമ്പോൾ അമ്മു കയ്യിൽ പിടിച്ചു.

"ഉറങ്ങിയില്ലേടാ ?"

"അമ്മേ കാത്തുകിടക്കുവായിരുന്നു..."

കട്ടിലിൽ അവളോട്‌ ചേർന്നിരുന്നു.

"ലൈറ്റ് ഇടണ്ടാ.. എനിക്കമ്മയോട്‌ ഒരൂട്ടം പറയണം"

കൈകൾ കഴുത്തിൽ ചുറ്റി മുഖത്തോട് അടുപ്പിച്ച് കവിളിൽ ചുണ്ടമർത്തി.

"അതേയ്.. ഞാൻ പീരിയേഡ്‌സായി.. രാവിലെ എണീറ്റപ്പോ ഉടുപ്പിലായിരുന്നു... അമ്മേടെ സമയം കളയണ്ടല്ലോന്ന് കരുതി അമ്മേടെ കബോഡീന്ന് നാപ്കിൻ എടുത്തുവെച്ചു. ഒരെണ്ണം കൊണ്ടുംപോയി. സ്കൂളീന്ന് ഉച്ചക്ക് മാറ്റി.. വന്നിട്ട് ട്യൂഷന് പോണേനു മുന്പും പിന്നെ ദാ ഇപ്പോഴും മാറ്റി.. "

വാക്കുകൾ തൊണ്ടയിൽ തങ്ങിനിൽക്കുന്നു ..... "ന്നാലും അമ്മെ വിളിക്ക്യായിരുന്നില്ലേ....?"

"ഇറ്റ്സ് ഓക്കേമ്മാ... ഐ കാൻ മാനേജ്.."

മുറുകെ പുണർന്ന് അമർത്തിയൊരുമ്മ കൊടുത്തു കവിളിൽ. പിന്നെ നെറുകയിലും.

അമ്മ കാതിൽ പറഞ്ഞ വാക്കുകൾ ഇനിയും പറയേണ്ടതുണ്ടോ എന്നാലോചിച്ചു നിശബ്ദയായി.
 
 *ഗൃഹലക്ഷ്മി  2014 ജൂണ്‍ 15 ലക്കം പ്രസിദ്ധീകരിച്ചത് 

Tuesday, June 10, 2014

ശുത്തമാന മാമി*

"നീങ്കൾ പാർത്തു കൊണ്ടിരുപ്പത് സണ്‍ റ്റീവിയിൻ തമിഴ് മാലൈ! "

ഇതാദ്യം കേൾക്കുന്നത് കേബിൾ ടീവി നാട്ടിൽ പ്രചാരത്തിൽ വന്നകാലത്താണ്.

ഈയിടെയായി അടുക്കളയിൽ നിൽക്കുമ്പോൾ തൊട്ടടുത്ത ഫ്ലാറ്റിൽനിന്നും പലപ്പോഴായി ഇത് കേൾക്കാറുണ്ട്. അവിടത്തെ പുതിയ താമസക്കാർ ചെന്നൈയിൽ നിന്നെത്തിയ മധ്യവയസ്കയും അവരുടെ വളരെ പ്രായമായ മാതാപിതാക്കളുമാണ്. രാവിലത്തെ വാർത്തയുടെയും, പകൽസീരിയലുകളുടെയും മറ്റും ശബ്ദരേഖകൾ ചെവിയോർത്താൽ വ്യക...്തമാണ്. അതിരാവിലെ മകളുടെ കൈ പിടിച്ചുകൊണ്ടുള്ള നടത്തമല്ലാതെ അവരുടെ നേരമ്പോക്ക് ഇതുമാത്രമാണെന്ന് തോന്നുന്നു.

ഏതുനേരവും സണ്‍ ടീവി വെച്ചുകൊണ്ടിരുന്ന ഒരു മാമി ഉണ്ടായിരുന്നു ചെന്നൈയിൽ. ഞങ്ങൾ മൂന്നു കൂട്ടുകാർ ചേർന്ന് വാടകക്കെടുത്ത ഫ്ലാറ്റിന്റെ ഉടമസ്ഥയായിരുന്ന അവർ ഇടയ്ക്കിടെ നാഗർകോവിലിൽനിന്നും അവിടെ വന്നുതാമസിക്കുകയും തൊട്ടതിനും പിടിച്ചതിനും ഇഷ്ടക്കേട് കാട്ടുകയും ചെയ്തിരുന്നു. ഞങ്ങളുമായി അടുത്തിടപഴകാനുള്ള മടി കൊണ്ട് അവർ വരുമ്പോൾ മാത്രം തുറക്കുന്ന മുറിയിലെ പൊടിപിടിച്ച കസേര പുറത്തിട്ട് അതിൽ മാത്രം ഇരിക്കുകയും അവിടുത്തെ കിടക്കയിൽ മാത്രം ഉറങ്ങുകയും ചെയ്ത ഒരു ശുദ്ധക്കാരി. ആ വീട്ടിലെ പൂജാമുറി അടുക്കളയിൽ തന്നെയായതുകൊണ്ട് ആ വഴി നടക്കുന്നത് ആർക്കും ഒഴിവാക്കാനാവില്ല.

"നീ ശുത്തമാ താനേ ഇരുക്കായ്? ഇല്ലേന്നാ ഇപ്പിടി വരാതെ... അന്ത പ്ലേറ്റ് തൊടാതെ... ഇന്ത ചെയറിൽ ഉക്കാരാതെ " എന്നൊക്കെ മുഖത്തുനോക്കി പറയുന്നതുകൊണ്ട് അവർ ഉള്ളപ്പോൾ വീട്ടിലേക്കു വരാൻ തന്നെ ഞങ്ങൾക്ക് മടിയായിരുന്നു. ഇനി വൈകിയെങ്ങാനും എത്തിയാലോ, കയറുമ്പോൾതന്നെ അടിമുടി വീക്ഷിച്ച്, ഒന്നിരുത്തി മൂളി, ദീർഘമായി നിശ്വസിച്ച്‌ അനിഷ്ടം പ്രകടിപ്പിക്കും. ജോലി കഴിഞ്ഞു ബസ്‌ പിടിച്ചും നടന്നുമൊക്കെ തളർന്നുവന്നു കയറുമ്പോൾ വേറെ എവിടെയോ പോയതുപോലെയുള്ള പ്രതികരണം ശരിക്കും ഞങ്ങളിൽ അവരോട് ഒരു വെറുപ്പുതന്നെ ഉണ്ടാക്കിയിരുന്നു.

ഞങ്ങളുടെ പ്രായമാവാം, അവരുടെ ചെറിയ പരാജയങ്ങൾ പോലും ആസ്വാദ്യമാക്കിയത്. വീട്ടുടമസ്ഥ ആയതിനാൽ മറ്റു പ്രതികാരനടപടികളൊന്നും കഴിയാത്തതുകൊണ്ട് അവരുടെ പ്രിയപ്പെട്ട ടീവി പരിപാടികൾ മുടക്കുക എന്നതിലായിരുന്നു ഞങ്ങൾ കണ്ടെത്തിയ സന്തോഷം. പോരാത്തതിന് അവരുടെ ടീവി പണി മുടക്കിയതിനാൽ ഞങ്ങളുടെതായിരുന്നു അവരുപയോഗിച്ചിരുന്നത് എന്നതും ഞങ്ങൾക്ക് ഗുണകരമായി.

അങ്ങനെ ഒരു ഞായറാഴ്ച രാവിലെ കൂട്ടുകാരിയുടെ കൂടെ പള്ളിയിൽ പോയി, വരുന്ന വഴി ബജറ്റിൽ ഒതുങ്ങുന്ന ചില്ലറ ഷോപ്പിങ്ങും തീറ്റയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നമ്മുടെ മാമി അവരുടെ ഇഷ്ടതാരമായ വിജയിന്റെ ഏതോ ഹിറ്റ്‌ പടം കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു.

"ഇന്നേക്ക് വിജയ്‌ പടമിരുക്ക്.. വെലൈയെല്ലാം സീക്രം മുടിച്ചിട്ടേൻ! നല്ല പടം! അന്നൈക്ക് വന്തപ്പോ കറന്റ് പോയിട്ത്ത്.. പാക്കവേ മുടിയലെ.. "

കൂടെയുള്ളവൾ ഓടിപ്പോയി പത്രത്തിൽ തപ്പി..

"ഏയ്‌.. ഇന്നല്ലേ നമ്മടെ സുരേഷ് ഗോപീടെ ഹിറ്റ്‌ പടം! അത് കണ്ടേ പറ്റൂ.. നമ്മുടെ അഭയ കേസ് ആണ്.. അടിപൊളിയാണ്.. മാമിക്ക് താൻ മലയാളം കേട്ടാൽ പുരിയുമേ.."

ആ പ്രത്യേകനിമിഷം മുതൽ ഞങ്ങൾ സുരേഷ് ഗോപീടെ കടുത്ത ആരാധികമാരായി..

ടീവി അവരുടെതല്ലാത്തതുകൊണ്ട് മാമി വിഷണ്ണയും നിശബ്ദയുമായിരുന്നു.

പടം കണ്ടുതുടങ്ങിയപ്പോൾതന്നെ ഞങ്ങൾക്ക് മടുപ്പായി.. പ്രതികാരദാഹം കൊണ്ട് കുറച്ചുനേരം കൂടെ പിടിച്ചിരുന്നുവെങ്കിലും റിമോട്ട് താമസിയാതെ മാമിക്ക് കൈമാറി ഞങ്ങൾ മുറിയിലേക്ക് പോയി. എന്തായാലും താമസിയാതെ അവർ മടങ്ങിപ്പോയി.

എന്നാൽ അതിനടുത്ത തവണ മാമി വന്നപ്പോൾ ക്ഷീണിതയായിരുന്നു. നീണ്ട യാത്രകൊണ്ടാവാം പനിയും പിടിപെട്ടിരുന്നു. ഇടയ്ക്ക് കാപ്പി ഉണ്ടാക്കിക്കൊടുത്തും മരുന്ന് വാങ്ങിക്കൊണ്ടുവന്നു കൊടുത്തും ഞങ്ങളാലാവുംപോലെ സഹായിച്ചതുകൊണ്ടാവാം പഴയ ശുദ്ധവും വഴക്ക് പറയലും പാടേ കുറഞ്ഞു. ഇടയ്ക്കിടെ അമേരിക്കയിലുള്ള ഏകമകൻ വിളിക്കാത്തതിൽ സങ്കടപ്പെട്ടു. മരുമോളുടെ ഇഷ്ടമില്ലായ്മയെ കുറിച്ച് പരിഭവം പറഞ്ഞു. അന്യജാതി ആണെങ്കിലും വയ്യാതെ വരുമ്പോൾ ചൂടുവെള്ളം കൊടുക്കാൻ ഏതോ നാട്ടിൽ നിന്ന് ജീവിക്കാൻ വന്നുകിടക്കുന്ന പെണ്‍കുട്ടികളെ ഉള്ളൂ എന്ന തിരിച്ചറിവാകണം ഒരുപക്ഷെ അവരെ മാറ്റിയത്.

അങ്ങനെ, പ്രഭാതത്തിൽ കാപ്പി ഒരുമിച്ചു കുടിച്ചും കുശലം പറഞ്ഞും വൈകിയെത്തുമ്പോൾ ആരോഗ്യം നോക്കാത്തതിന് അമ്മയെപോലെ ശകാരിച്ചും ഞങ്ങളുടെ ഭക്ഷണം പങ്കിട്ടും അവർ ഞങ്ങളിലൊരാളായി. മലയാളവും കുറേശ്ശെ പേശിത്തുടങ്ങി! ഹും.. മ്മളോടാ കളി!


*പേരിനു കടപ്പാട് ശ്രീ.വിരോധാഭാസൻ :)

Friday, June 6, 2014

മഹാനഗരത്തിലെ ആദ്യനാള്‍

പതിനഞ്ചുവര്‍ഷങ്ങൾക്കു മുന്‍പുള്ള ഒരു ഏപ്രില്‍ മാസത്തിലായിരുന്നു ഞാന്‍ ആദ്യമായി ചെന്നൈ എന്ന മഹാനഗരത്തിലെത്തിയത്. കേരളത്തിനു വെളിയില്‍ ആദ്യമായി തനിച്ചു ജീവിക്കാന്‍ പോവുന്നതിന്റെ വ്യാകുലതകൾ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി എന്തെങ്കിലും സമ്പാദിച്ചു അമ്മയെ തന്നാലാവുന്നതുപോലെ സഹായിക്കാമെന്നു ഈ അണ്ണാറക്കണ്ണിയും കൊതിച്ചിരുന്നു.

താമസസൌകര്യമൊക്കെ ഏര്‍പ്പാടാക്കി ഏട്ടന്‍ വൈകിട്ടത്തെ വണ്ടിക്കു തിരിച്ചുപോയതോടെ നെഞ്ചിനുമുകളില്‍ ആരോ കയറ്റിവെച്ച വലിയഭാരവുമായി മുറിയില്‍തന്നെ കഴിച്ചുകൂട്ടി. അത്താഴം കഴിച്ചുവെന്നുവരുത്തി ചെറിയ മുറിയിലെ ഇരുളില്‍ കറങ്ങുന്ന ഫാനിന്‍റെ നടുക്കുള്ള അവ്യക്തമായ മഞ്ഞവൃത്തം നോക്കിക്കിടന്ന് എപ്പോഴോ ഉറങ്ങി.
പിറ്റേന്ന് പോവേണ്ട ബസ്സിന്‍റെ നമ്പറുകള്‍ ഒക്കെ പരിചയപ്പെട്ട മറ്റു അന്തേവാസിനികളോട് ചോദിച്ചു മനസ്സിലാക്കി, സകലദൈവങ്ങളെയും, അവരോടൊപ്പമിരുന്നു എന്നും അനുഗ്രഹം ചൊരിയുമെന്നു ഞാന്‍ വിശ്വസിക്കുന്ന അച്ഛനെയും പ്രാര്‍ത്ഥിച്ചു രാവിലെത്തന്നെ ഞാനിറങ്ങി. പറഞ്ഞിരുന്ന സമയത്തിനും നേരത്തെ ജോലിസ്ഥലത്തെത്തി. ട്രെയിനിംഗ് ആയിരുന്നു അന്ന്.
 
ഉച്ചയൂണിനു കൈയില്‍ കരുതിയിരുന്ന ഹോസ്റ്റല്‍ ഭക്ഷണം തുറന്നപ്പോള്‍ സാമ്പാര്‍ എന്നുപേരുള്ള, വെളുത്ത നാണയങ്ങള്‍ പോലുള്ള മുള്ളങ്കികഷണങ്ങള്‍ മാത്രം തെളിഞ്ഞു കാണപ്പെട്ട മഞ്ഞദ്രാവകം കണ്ടമാത്രയില്‍ എന്‍റെ വിശപ്പ്‌ ഇല്ലാതായി. വീട്ടിലേക്കുള്ള വളവു തിരിയുമ്പോള്‍ തന്നെ പലപ്പോഴും നാസാരന്ധ്രങ്ങളെ മയക്കിയിരുന്ന അമ്മയുണ്ടാക്കുന്ന സാമ്പാര്‍ എന്ന ഓര്‍മ്മ ഗൃഹാതുരത്വം ഉണര്‍ത്തി എന്നെ തളര്‍ത്താന്‍ തുടങ്ങിയെങ്കിലും അതെല്ലാം മറക്കാന്‍ ശ്രമിച്ചും ഇതാണ് ഇനിയെന്‍റെ ജീവിതമെന്ന് മനസ്സിലുറപ്പിച്ചും സമയം തള്ളിനീക്കി.
വൈകിട്ട്, സഹപ്രവര്‍ത്തകരോടൊപ്പം ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചിരുന്നു. എങ്കിലും തെരുവുവിളക്കുകളും വാഹനങ്ങളില്‍ നിന്നുള്ള പ്രകാശവും കൊണ്ട് പകല്‍ പോലെ തന്നെയായിരുന്നു അപ്പോഴും. ഏറെനേരം കാത്തുനിന്നെങ്കിലും ബസ്സ് കാണാതായപ്പോള്‍ തങ്ങള്‍ക്കുള്ള മൂന്നു ബസ്സുകള്‍ ഒഴിവാക്കി എനിക്ക് കൂട്ടുനില്‍ക്കുന്നവരെ ഇനിയും നിര്‍ത്തുന്നത് ശരിയല്ലെന്ന തോന്നല്‍, നന്ദിപൂര്‍വ്വം അവരെ പറഞ്ഞയക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കി. ചുറ്റുമുണ്ടായിരുന്ന പലരും അപ്രത്യക്ഷമാവുകയും പുതിയവരിൽ അധികവും പുരുഷസാന്നിദ്ധ്യം മാത്രമാവുന്നതും ഉള്ളില്‍ ഉയരുന്ന ഭീതിയോടെ അറിഞ്ഞു. ഈ നാട്ടില്‍ ചിരപരിചിതയാണെന്ന് ഭാവിച്ച് അക്ഷമയോടെ നിന്നു. പിന്നീട് വന്ന ബസ്സ് എനിക്ക് പോകേണ്ട സ്ഥലത്തിന് അടുത്തുവരെ പോവുന്നതാണെന്ന് അടുത്തുനിന്ന സ്ത്രീ പറഞ്ഞുതന്നപ്പോള്‍ അവിടെ തനിച്ച് തുടരുന്നതിലുള്ള പന്തിയില്ലായ്മ മനസ്സിലാക്കി ഞാന്‍ അതില്‍ ചാടിക്കയറി. മുന്‍വശത്തെ വാതില്‍ വഴി ഉള്ളില്‍ കയറി തൊട്ടടുത്തുള്ള സ്ത്രീകളുടെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു കൈയില്‍ നേരത്തെ കരുതിയിരുന്ന പൈസയുമായി തിരിഞ്ഞപ്പോള്‍ പുറത്തെ ഇരുട്ട് എന്‍റെ കണ്ണിലും പടരുന്നതറിഞ്ഞു. തിരക്ക് കുറഞ്ഞിരുന്ന ബസ്സില്‍ ഞാനല്ലാതെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നില്ല. സീറ്റുകള്‍ മിക്കതും ഒഴിഞ്ഞുകിടന്നിരുന്നു. ടിക്കറ്റ് എടുക്കാനായി കണ്ടക്ടരുടെ അടുത്തുചെന്നു സ്ഥലപ്പേരു പറഞ്ഞപ്പോള്‍ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയശേഷം അയാള്‍ ടിക്കറ്റ് തന്നു.
 
മുടിയിഴകളെ പറത്തിക്കൊണ്ടു വീശിയ കുളിര്‍ക്കാറ്റില്‍ ഒരു നിമിഷം മാത്രമേ സ്വയം മറന്നിരിക്കാന്‍ കഴിഞ്ഞുള്ളൂ. വഴികള്‍ അപരിചിതമായി തോന്നിയെങ്കിലും ശുഭാപ്തിവിശ്വാസം കൈവെടിയാതെ തൊട്ടുപിന്നിലിരുന്ന വൃദ്ധനോട് എനിക്കിറങ്ങേണ്ട സ്ഥലം എത്തിയാല്‍ പറയണമെന്ന് അപേക്ഷിച്ചു. നടുക്കത്തോടെ എന്‍റെ മുഖത്തേക്ക് നോക്കിയ അദ്ദേഹം എഴുനേറ്റു അടുത്തുവന്നിരുന്നു.
 
"കുട്ടീ.. ഈ ബസ്സ് ആ വഴിക്കുള്ളതല്ലല്ലോ.. ഇതു നുങ്കംപാക്കത്തേക്കാ പോകുന്നത്"
കേട്ടുകേള്‍വി പോലുമില്ലാത്ത സ്ഥലപ്പേരും ഹോസ്റ്റല്‍ കവാടം പൂട്ടാനിനി പതിനഞ്ച് നിമിഷങ്ങള്‍ മാത്രമേയുള്ളൂ എന്ന ബോധവും ഇനിയെന്ത് എന്ന ചിന്തയുമെല്ലാമായി അതുവരെ സ്വരൂപിച്ചു വെച്ചിരുന്ന ധൈര്യവും വിശ്വാസവുമെല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി. തലേന്ന് രാത്രി വൈകിയെത്തിയ പെണ്‍കുട്ടിയെ പടിക്കല്‍ നിറുത്തി ഉച്ചത്തില്‍ ശകാരിക്കുന്ന ഹോസ്റ്റല്‍ മേധാവിയുടെ മുഖം മനസ്സില്‍ വന്നു. ദയനീയമായി എന്നെ നോക്കുന്ന മറ്റുയാത്രക്കാര്‍... തികച്ചും ശൂന്യമായ മനസ്സോടെ വെറുതെ ഞാനിരുന്നു.
എന്‍റെ വിളറിയ മുഖം കണ്ട ആ വൃദ്ധന്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. "കുട്ടി ഞാനിറങ്ങുന്ന സ്റ്റോപ്പില്‍ ഇറങ്ങിക്കൊള്ളൂ, അവിടെനിന്നും കുട്ടിക്കുള്ള ബസ്സില്‍ കയറ്റിവിടാം"

അയാളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനോ മറ്റൊരു മാര്‍ഗം തേടാനോ ഉള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നതുകൊണ്ട് ഞാന്‍ അനുസരിക്കുക തന്നെ ചെയ്തു. ഇടത്തേക്കുള്ള വളവു തിരിഞ്ഞു നിര്‍ത്തിയ ബസ്സില്‍നിന്നും ഇറങ്ങി വൃദ്ധനെ അനുഗമിച്ചു അങ്ങേവശത്തെത്തി. സാമാന്യം തിരക്കുകുറഞ്ഞ ആ വഴിയിലും വാഹനങ്ങളുണ്ടായിരുന്നു. കടകളില്‍ ചിലതൊക്കെ അടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നോടൊപ്പം വന്നയാള്‍ അവിടെ വഴിയരുകില്‍ ബസ്സ് കാത്തു നിന്നിരുന്ന പൂക്കാരിയോടു അന്വേഷിച്ചിട്ട്, അല്‍പ്പം മാറി പ്രാര്‍ത്ഥനയോടെ നിന്നിരുന്ന എന്‍റെ അരുകിലേക്ക്‌ അവരെയും കൂട്ടി വന്നു. കല്ലുപതിച്ച മൂക്കുത്തിയും നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ടും തലയില്‍ കനകാംബരപ്പൂക്കളും ധരിച്ചിരുന്ന ഇരുണ്ട നിറമുള്ള അവരുടെ മുഖത്ത് നിറയെ ദയയും വാത്സല്യവുമായിരുന്നു. എന്‍റെ അടുത്തേക്ക് നീങ്ങി നിന്ന്‌ സ്നേഹപൂര്‍വ്വം നോക്കി തമിഴില്‍ വൃദ്ധനോട് പറഞ്ഞു, "നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളുടെ കുട്ടിയെ ഞാന്‍ ഭദ്രമായി എത്തിച്ചോളാം"
വീണ്ടും കുറച്ചുനേരം കൂടി അവിടെത്തന്നെ ചിന്തിച്ചു നിന്നിട്ട്, മുന്നോട്ടു നടന്ന് ഇരുളില്‍ മറഞ്ഞു.

കുറച്ചുനേരം കൂടിക്കഴിഞ്ഞപ്പോള്‍ തിങ്ങിനിറഞ്ഞ യാത്രക്കാരുമായി എന്‍റെ ബസ്സ് വന്നു. ഒമ്പതു മണിക്കിനി അഞ്ചു നിമിഷം മാത്രമേയുള്ളൂ എന്ന അറിവും അടഞ്ഞുകിടക്കുന്ന വലിയ കവാടത്തിനു മുന്നില്‍ അഗതിയെപ്പോലെ നിൽക്കേണ്ടിവരുമെന്ന ഭയവും കൊണ്ട് ഉച്ചത്തിലാവുന്ന ഹൃദയമിടിപ്പ്‌ അടുത്തുനില്‍ക്കുന്നവര്‍ കേട്ടിട്ടുണ്ടാവാം.

ഒരിക്കല്‍ മാത്രം കണ്ട സ്ഥലം തെരുവുവിളക്കിന്‍റെ വെളിച്ചത്തില്‍ തിരിച്ചറിയുമോ എന്ന്‍ ഭയന്നും തിരക്കിനിടയില്‍ നിന്നും പുറത്തേക്ക് നോക്കാന്‍ പണിപ്പെട്ടും ഉയരുന്ന നെഞ്ചിടിപ്പോടെ ഞാന്‍ നിന്നു. എന്നോടൊപ്പം കയറിയ പൂക്കാരിയെയും കാണാനായില്ല. വേഗതയോടെ പിന്നിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ ഒന്നും മനസ്സിലേക്ക് കയറുന്നതെയില്ലായിരുന്നു. അടുത്തുണ്ടായിരുന്നവരോട് സ്ഥലപ്പേരു പറഞ്ഞെങ്കിലും അവരും കൈ മലര്‍ത്തിയതോടെ പ്രതീക്ഷകള്‍ കൈവെടിഞ്ഞു വെറുതെനിന്ന എന്നെ പിന്നില്‍നിന്നും ആരോ തൊട്ടുവിളിച്ചു. ഇതാണ് എനിക്കിറങ്ങേണ്ടയിടമെന്ന് പൂക്കാരിയമ്മയുടെ ശബ്ദത്തിൽ കേട്ടു.
ഇരമ്പലോടെ നിരങ്ങിനിന്ന ബസ്സില്‍നിന്നും ബദ്ധപ്പെട്ടിറങ്ങി ഒരു നന്ദിവാക്കു പറയാനായി തിരിഞ്ഞുനോക്കുമ്പോഴേക്കും ബസ്സ് എന്നെ പിന്നിട്ടുകഴിഞ്ഞിരുന്നു. രാവിലെ പോവുമ്പോള്‍ ശ്രദ്ധയില്‍പെട്ടിരുന്ന പോസ്റ്റിലെ അഞ്ചു വൈദ്യുതദീപങ്ങള്‍ ഒന്നിച്ചു കത്തിനില്‍ക്കുന്നതുംകൂടി കണ്ടപ്പോള്‍ ആശ്വാസത്തിന്‍റെ ഒരായിരം ദീപങ്ങളാണ് എന്‍റെയുള്ളില്‍ തെളിഞ്ഞത്. പക്ഷെ അതൊരു നിമിഷം മാത്രമേ നീണ്ടു നിന്നുള്ളൂ.. അടഞ്ഞുകിടക്കുന്ന ഗേറ്റ്.. ശകാരം... വീണ്ടും ഹൃദയമിടുപ്പ് കൂടുന്നതറിഞ്ഞു.
"ശീഖ്രം വാങ്കക്കാ.. " ഹോസ്റ്റല്‍ ജോലിക്കാരിപെണ്‍കുട്ടിയുടെ തികച്ചും അപ്രതീക്ഷിതമായ വിളികേട്ടു നോക്കുമ്പോള്‍ എന്തോ ആവശ്യത്തിനായി  പടിതുറന്ന് വീണ്ടും പൂട്ടാനൊരുങ്ങുകയായിരുന്നു അവള്‍. ഓടി ഉള്ളില്‍ കടന്നു മുറിയിലേക്ക് ധൃതിയില്‍ നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍നിന്നും കൃഷ്ണവേണി കട്ടിലില്‍ ഇരുന്നുകൊണ്ടെന്നെ വിളിച്ചു. അവളുടെ അരികിലെ പാത്രത്തില്‍ എനിക്കുള്ള അത്താഴമുണ്ടായിരുന്നു. ഒന്‍പതുമണിക്ക് മെസ്സ് അടക്കുന്നതുകൊണ്ട് വാങ്ങി വെച്ചതായിരുന്നു അവൾ.

എന്‍റെ കണ്ണുകള്‍ നിറഞ്ഞതെന്തിനെന്നറിയാതെ എന്നെത്തന്നെ നോക്കിയിരുന്ന അവളെ പിന്നിട്ട് മുറിയില്‍ കയറി വാതില്‍ ചാരി, കാരുണ്യവും സഹാനുഭൂതിയും ഈ ലോകത്തിനിയും ബാക്കിയുണ്ടെന്ന അറിവും ആരോടോക്കെയാണ് ഞാനീ ഭൂമിയില്‍ കടപ്പെട്ടിരിക്കുന്നതെന്ന ചിന്തയുമായി  എത്രനേരമാണ് അങ്ങനെ തന്നെ നിന്നതെന്ന് ഇന്നും എനിക്കറിഞ്ഞുകൂടാ.

Tuesday, April 8, 2014

ഇടവഴികൾ

ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ എത്ര ഇടവഴികൾ ഓർമ്മയിലുണ്ടാവും..!

സ്കൂളിലേക്ക് നടന്നുപോവുമ്പോൾ അമ്പലത്തിന്റെ വടക്കേനടയിലെത്തുമ്പോൾ ഇരുവശവും ഉയരമുള്ള മതിലുകളുള്ള ഇടവഴിയാണ്.. മഴക്കാലമായാൽ മതിലുകളിൽ പായൽ പച്ചക്കമ്പിളി പുതയ്ക്കും. വികൃതിക്കുട്ടികൾ അതിൽ ഹൃദയചിഹ്നവും പേരുകളും കോറിയിടും.. ഒരിക്കൽ പോലും ഭയക്കാതെ നടന്നുപോയ ഇടവഴി..

മഹാനഗരത്തിൽ ആൾക്കൂട്ടത്തിലും ഏകാകിനിയായി വളവുകളും തിരിവുകളും താണ്ടി തിരക്കിലൊഴുകി... നീങ്ങുമ്പോൾ ഇടവഴികൾ കാത്തുകിടന്നിരുന്നു.. എപ്പോഴും തീവണ്ടിയൊച്ച കേൾപ്പിക്കുന്ന, ഇരുവശങ്ങളിലുമുള്ള ഓലക്കുടിലുകളുടെ മുന്നിലിരുന്ന് അഴുക്കുപിടിച്ച കുട്ടികൾ വിസർജിക്കുന്ന, മദ്യം മണക്കുന്ന പാട്ടുകൾ കേൾപ്പിക്കുന്ന, കുടിവെള്ളലോറിക്ക് മുന്നിൽ പെണ്ണുങ്ങൾ വഴക്കിടുന്ന, ഓടയുടെ മണമുള്ള ഇടവഴികൾ.. എങ്കിലും എന്നും കാലടിയൊച്ച കേൾപ്പിച്ചുനടന്നാലും നമ്മെ പരിചയപ്പെടാൻ കൂട്ടാക്കാത്തവ!

ഇനിയുമുണ്ട്.. കരിയിലകൾ വീണുമൂടിയ, വേലിപ്പടർപ്പുകൾ ചാഞ്ഞുകിടക്കുന്ന, തൊട്ടാവാടികൾ ഇടയ്ക്കിടെ പിണങ്ങിയും പിന്നെയുമുണർന്നു പുഞ്ചിരിച്ചും നില്ക്കുന്ന വഴികൾ..

നഗരത്തിരക്കിൽ ഇരുവശത്തും കടകളും തിരക്കിട്ടൊഴുകുന്ന അനേകായിരം ചക്രങ്ങളും ഉടലുകളും, കാതടപ്പിക്കുന്ന ഒച്ചകളും നിറഞ്ഞ വഴികൾ...

പിന്നെ സ്വപ്നമായി വന്നെന്നെ കൊതിപ്പിക്കുന്ന ഇടവഴിയുണ്ട്.. പായൽ പിടിച്ച വെട്ടുകല്ലുകൾ കൊണ്ടുതീർത്ത നനഞ്ഞ മതിലുകളും ചുറ്റിലും പച്ചപ്പും ഇളംകാറ്റേറ്റ് തലയാട്ടുന്ന വേലിചെടികളും നിറഞ്ഞ, പവിഴമല്ലി പൂക്കൾ പൊഴിഞ്ഞുകിടക്കുന്ന ഒരിടവഴി.. അവിടെ കിളികളുടെ സംഗീതമുണ്ട്.. അവിടെ ഞാൻ തനിച്ചല്ല ... എന്റെ വലതുകൈ ഒരു കൈക്കുള്ളിലാണ്... സുരക്ഷയുടെ, തുണയുടെ, നിർവ്യാജമായ സ്നേഹത്തിന്റെയൊക്കെ ചൂടുള്ള ഒരു കൈ...

Thursday, February 20, 2014

ഇടറിയെത്തുന്ന ഓർമ്മവഴികൾ

അയാളെ ഞാൻ കുട്ടിക്കാലം മുതലേ അറിയും. അയാളുടെ കുടുംബവുമായി എന്റെ വീട്ടുകാർ പരിചിതരായിരുന്നു. അയാളുടെ അച്ഛൻ നാദസ്വരവിദ്വാനായിരുന്നു. അമ്മക്ക് റാണി, കുമുദം തുടങ്ങിയ തമിഴ് മാസികകളും ഞങ്ങൾ കുട്ടികൾക്ക് തമിഴ് അക്ഷരമാലാ പുസ്തകവും കൊണ്ടുതന്ന ആ വൃദ്ധനെ തമിഴ് വായിക്കേണ്ടിവന്ന അസന്നിഗ്ധഘട്ടങ്ങളിലെല്ലാം ഞാൻ നന്ദിയോടെ സ്മരിച്ചിട്ടുണ്ട്. ആ അച്ഛന്റെ പാത പിന്തുടർന്ന് നാദസ്വരക്കാരനായ അയാളും നാട്ടിലെ കല്യാണങ്ങളിലും അമ്പലങ്ങളിലുമൊക്കെ അവിഭാജ്യസാന്നിധ്യമായി.

എന്റെ കൗമാരകാലത്തായിരുന്നു അയാളും ഭാര്യയും രണ്ടു കൊച്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം ഞങ്ങളുടെ എതിർവശത്തെ വീട്ടിൽ താമസത്തിനെത്തിയത്. ഒരു മദ്യപനെ  ആദ്യമായി  നേരിൽ കാണുന്നത് അക്കാലത്താണ്. രാവിലെ കുളിച്ചു കുറി തൊട്ട് ഉടുത്തിരിക്കുന്ന വസ്ത്രത്തെക്കാൾ ശുഭ്രമായി ചിരിതൂകി, കുഞ്ഞുങ്ങളോട് പുന്നാരം പറഞ്ഞ് പോവുന്നയാളേയാവില്ല വൈകുന്നേരങ്ങളിൽ കാണുന്നത്. അയാൾ വന്നു കയറുന്നത്  എപ്പോഴാണെന്ന് അറിയാറില്ലെങ്കിലും  അത്താഴത്തിനു മുന്നിലിരിക്കുന്നതുമുതലുള്ള സംഭവങ്ങളുടെ ശബ്ദരേഖ കൃത്യമായി വീട്ടിൽ കേൾക്കാമായിരുന്നു. ചുവരിലോ നിലത്തോ തട്ടി വീണുരുളുന്ന പാത്രങ്ങളുടെയും മനുഷ്യശരീരത്ത് വീഴുന്ന അടിയുടെയും തെറിവാക്കുകളുടെയും അതിനനുബന്ധമായെത്തുന്ന അടക്കിയ കരച്ചിലിന്റെയും ഭയന്ന് വിറച്ച കുഞ്ഞുങ്ങളുടെ നിലവിളികളുടെയുമൊക്കെ ഒച്ചകൾ കുറച്ചുദിവസങ്ങൾ കൊണ്ടുതന്നെ ഞങ്ങൾക്ക് ശീലമായി. മധ്യസ്ഥം പറയാൻ ചെല്ലുന്ന അയൽക്കാരെയെല്ലാം അയാൾ ചെവി പൊട്ടുന്ന ചീത്ത വിളിച്ചു മടക്കി.
 
എന്തുകൊണ്ടോ അയാൾ അമ്മയെ എതിർത്ത് സംസാരിച്ചില്ല. ഭയമാണോ ബഹുമാനമാണോ എന്നറിയില്ല. വഴക്കിന്റെ ശബ്ദം കൂടുമ്പോൾ ഞങ്ങൾ പാഠപുസ്തകങ്ങളടച്ചുവെച്ച് ജനാലകളിലൂടെ തല നീട്ടും. അമ്മ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത കാര്യമായിരുന്നു അത്. സാധാരണ ശകാരവാക്കായി ഉപയോഗിക്കാറുള്ള മൃഗങ്ങളുടെ പേരുപോലും വീട്ടിൽ നിഷിദ്ധമായിരുന്നു. മറ്റുള്ളവർ ചീത്ത വിളിക്കുന്നത്‌ ഞങ്ങളുടെ കാതിൽ വീഴരുതെന്ന് അമ്മക്ക് നിർബന്ധമുണ്ടായിരുന്നു. (മീനഭരണിക്ക് കൊടുങ്ങല്ലൂർക്ക് പോവുന്ന സംഘം വീടിനു മുന്നിലൂടെ പോവുന്നതുപോലും കാണാനോ കേൾക്കാനോ അമ്മ അനുവദിച്ചിരുന്നില്ല.)

ബഹളം അധികരിക്കുമ്പോൾ അമ്മ മുറ്റത്തേക്കിറങ്ങി അയാളുടെ പേരുവിളിക്കും. അതോടെ അയാൾ പുറത്തേക്കിറങ്ങി അവരുടെ പടിക്കൽ പൂച്ചയെ പോലെ ചുരുണ്ടിരിക്കും. അമ്മയുടെ ശകാരം നിശബ്ദനായി തലയാട്ടി കേൾക്കും. ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് സത്യം ചെയ്യും. പിന്നെ അമ്മയോട് പതം പറച്ചിലാണ്. ചിലപ്പോൾ കരച്ചിലാവും.. എന്തായാലും ബഹളം കെട്ടടങ്ങിയ ആശ്വാസത്തിൽ അയാളുടെ ഭാര്യ അപ്പോഴേക്കും കുഞ്ഞുങ്ങളെ ഉറക്കും. ഇപ്പോൾ കുടുങ്ങുന്നത് അമ്മയാവും. എങ്ങനെയെങ്കിലും ഒഴിവായി അമ്മ അകത്തുകയറുമ്പോഴും അയാൾ പാതിമയക്കത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവിടെ കിടപ്പായിട്ടുണ്ടാവും.

അടുത്ത കുറച്ചുദിവസങ്ങളിൽ വലിയ കുഴപ്പമുണ്ടാവില്ല. എന്തെങ്കിലും കോളൊത്ത ദിവസങ്ങളിൽ വീണ്ടും ഇതെല്ലാം ആവർത്തിക്കപ്പെടും. വിവാഹ സീസണല്ലാത്ത കാലത്ത്  കൊയ്ത്തിനും മറ്റു വീട്ടുപണികൾക്കും പോയി കിട്ടുന്ന തുച്ഛമായ തുകകൊണ്ട് കുടുംബകാര്യങ്ങൾ നോക്കാൻ അയാളുടെ ഭാര്യ കഷ്ടപ്പെടുമ്പോഴും കൂട്ടുകൂടിയോ കടം വാങ്ങിയോ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്ന മനുഷ്യനോടും എത്ര അനുഭവിച്ചാലും താലി കെട്ടിയവൻ അഥവാ മക്കളുടെ അച്ഛൻ എന്ന പരിഗണനയോടെ  സർവംസഹായാവുന്ന ആ സ്ത്രീയോടും എനിക്ക് വെറുപ്പ്‌ തോന്നിയിട്ടുണ്ട്.

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർ അവിടെ അടുത്തുതന്നെയുള്ള മറ്റൊരു കൊച്ചു വീട് വാങ്ങി അവിടേക്ക് മാറി. അപ്പോഴും അയാളുടെ കുട്ടികൾ ഞങ്ങളോടോത്തു കളിക്കാനും, ഭാര്യ തട്ടിൻപുറം വൃത്തിയാക്കൽ, മാറാല തട്ടൽ, തുടങ്ങിയ വീട്ടുജോലികളിൽ അമ്മയെ സഹായിക്കാനും ഇടയ്ക്കു വന്നുപോയി.

കഴിഞ്ഞ തവണ ഞാൻ നാട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യയെ കണ്ടു. മക്കളൊക്കെ വലിയവരായി. മകൾ വിവാഹിതയായി ദൂരെ എവിടെയോ ആണ്.
"മഞ്ജു, തേങ്ങയിടുമ്പോ രണ്ടു ഇളനീർ കൂടി ഇടാൻ പറയണം ട്ടോ.. മൂപ്പർക്കാ .... ഒന്നും കഴിക്കാൻ വയ്യ ഇപ്പൊ"
"അയ്യോ എന്തേ പറ്റ്യേ?"
"അപ്പൊ ഒന്നുമറിഞ്ഞില്ലേ... വയ്യ.. ഇത്രകാലം കുടിച്ചതൊക്കെ തന്നെ... കരളു പോയി.. "
വീടിനുള്ളിൽ ചോറും കറികളും വിളമ്പിയ പാത്രത്തിനു മുന്നിൽനിന്ന് അവശതയോടെ എഴുന്നേറ്റ് ചുവരിൽ പിടിച്ച് ഇടറിയ കാൽവെയ്പ്പുകളോടെ എനിക്കുനേരെ നടന്നുവന്ന രൂപം കണ്ട് അമ്പരന്നുപോയി. മുഖവും വയറുമൊക്കെ നീരുവന്നു വീർത്ത് വികൃതമായ ഒരാൾ.
 
തറയിൽ ചിതറിത്തെറിച്ച ഭക്ഷണശകലങ്ങളും ഭീതിദമായ അലർച്ചയും ശകാരങ്ങളുമൊക്കെ ഒരു നിമിഷം മനസിലൂടെ കടന്നുപോയി. ഇതാവുമോ കർമ്മഫലം എന്നുപറയുന്നത്?
 
പണ്ട് പിണങ്ങി ഭക്ഷണം നിരസിക്കുമ്പോൾ അമ്മ പറയുമായിരുന്നു, "അന്നത്തെ നിന്ദിക്കുന്നത് ദോഷമാണ്.. ദേഷ്യവും വാശിയും ഭക്ഷണത്തോട് കാണിക്കരുത്.. പിന്നെ വേണ്ടസമയത്ത് കഴിക്കാൻ കിട്ടാതെയാവും! " എന്ന്..!

കഴിഞ്ഞ ദിവസം അയാളെന്റെ ചിന്തകളിലേക്ക് പതിവില്ലാതെ വേച്ചുവേച്ചിറങ്ങി വന്നു. മദ്യപിക്കാത്തപ്പൊഴും അയാളുടെ വളഞ്ഞ കാലുകൾ ഒരിക്കലും നിലത്തു പൂർണമായി പതിയാറില്ല. ഉപ്പൂറ്റി ഉയർന്ന് ചെറുതായി ചാടുന്നപോലുള്ള നടത്തമായിരുന്നു അയാൾക്ക്. അയാൾക്കു പിന്നാലെയാണ് ഈ ഗതകാലസ്മരണകൾ കുത്തിയൊഴുകിയെത്തിയത്‌.

 
ഇന്ന് ചേച്ചിയെ വിളിച്ചപ്പോൾ അറിഞ്ഞു, അയാൾ എന്റെ ഓർമ്മയിലെത്തിയത് ഈ ലോകത്തോട്‌ വിടപറഞ്ഞ ദിവസമായിരുന്നുവെന്ന്... 

Thursday, January 23, 2014

എച്മുക്കുട്ടിയുടെ അമ്മീമ്മക്കഥകളിലൂടെ...

എച്ച്മുക്കുട്ടി 

"നിനക്കീയിടെയായി പുതിയ കുറെ കൂട്ടുകെട്ടുകൾ ആണല്ലോ " എന്നൊരാളുടെ കമന്റ്‌ കേട്ടപ്പോഴാണ് അതിനെക്കുറിച്ച് ഇരുത്തി ചിന്തിച്ചത്.
ചില ബന്ധങ്ങൾ അങ്ങനെയാണ്.. ഉറപ്പുള്ളതാവാൻ കാലങ്ങളൊന്നും കാത്തിരിക്കേണ്ട. പരിചയപ്പെടുന്നതിന്റെ അടുത്ത നിമിഷം തോന്നിക്കും, എത്രയോ ജന്മങ്ങളായി പരിചിതരായിരുന്നുവെന്നും കണ്ടുമുട്ടാൻ മാത്രം എന്തേ വൈകിപ്പോയി എന്നും.. ചിലപ്പോൾ സമാന ചിന്താഗതിക്കാരാവും.. മറ്റു ചിലപ്പോൾ ഒരേ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാവാം.. പരസ്പരം മനസിലാക്കാവുന്ന സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നവരാവാം...  എന്നാൽ ഇതൊന്നുമില്ലെങ്കിലും ഹൃദയത്തോട് ചേർന്നിരിക്കുന്ന ആരോ ഒരാൾ എന്ന് തോന്നിപ്പിക്കുന്ന ചിലരും പെട്ടെന്നൊരു ദിവസം മുന്നിൽ പ്രത്യക്ഷപ്പെട്ടു വിസ്മയിപ്പിച്ചേക്കാം ... അങ്ങനെയൊരാളാണ് എനിക്ക് എച്ച്മുക്കുട്ടി.

ആദ്യകാലങ്ങളിൽ പേര് ഉണ്ടാക്കിയ കൌതുകമാണ് എച്ച്മുവോടുലകം സന്ദർശിക്കാൻ എന്നെ പ്രേരിപ്പിച്ചതെങ്കിലും പരിചിതവും മനോഹരവുമായ  ഭാഷയും ചിന്താഗതികളും ചിലപ്പോഴൊക്കെ ഞാൻ പറയണമെന്ന് കരുതിയും സ്വയം  സൃഷ്ടിച്ച ചില വേലിക്കെട്ടുകളെ പഴി ചാരി പറയാതിരുന്ന പലതുമെല്ലാം അവിടെ കണ്ടതുകൊണ്ടും സമയം കിട്ടുമ്പോഴൊക്കെ അവിടെ പോവാനും എഴുത്തുകാരിയെ പരിചയപ്പെടാനും വഴിയുണ്ടാക്കി. പിന്നെ ഇടയ്ക്ക് "മ്പേ മ്പേ" ന്ന് പശുക്കുട്ടിയായി വന്നെന്റെ ഇന്ബോക്സ് വാതിലിൽ മുട്ടാറുള്ള കൂട്ടുകാരിയിലേക്കുള്ള മാറ്റവും വളരെ പെട്ടെന്ന് തന്നെയായിരുന്നു.

തൃശ്ശൂർ വെച്ച് നടന്ന പുസ്തകപ്രകാശന ചടങ്ങിൽ വെച്ച് എച്ച്മുക്കുട്ടിയെ നേരിൽ കണ്ടു. ചിരപരിചിതരായി വിശേഷം പറഞ്ഞു. "അമ്മീമ്മ കഥകൾ" എന്ന പുസ്തകം എഴുത്തുകാരിയുടെ ഒപ്പിട്ടു വാങ്ങി ബാഗിൽ വെച്ച് നടക്കുമ്പോൾ മറ്റെല്ലാ പുസ്തകങ്ങളും പോലെ പതുക്കെയേ വായിച്ചു തുടങ്ങൂ എന്നാണ് കരുതിയത്‌.

അമ്മീമ്മ ക്കഥകൾ 

മടക്കത്തിൽ നീണ്ട രാത്രിയിലെ ഏകാന്തമായ ട്രെയിൻ യാത്രയിലാണ് എച്ച്മുവിനെ ആദ്യമായി താളുകളിലൂടെ വായിക്കാനെടുത്തത്.  എഴുത്തുകാരിയുടെ അമ്മയുടെ ചേച്ചി ആയിരുന്ന അമ്മീമ്മ,  അനീതിക്കെതിരെ പൊരുതിയ, എന്തിനെക്കുറിച്ചും സ്വന്തമായ നിലപാടുകളുള്ള, സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീ രത്നമാണെന്ന് പ്രകാശന സമയത്ത് പുസ്തകം പരിചയപ്പെടുത്തിയ പലരിൽ നിന്നും അറിഞ്ഞിരുന്നു. അവിടെ പുസ്തകത്തെ കുറിച്ച് പറഞ്ഞ മൂന്നുപേരും മൂന്നു തരത്തിലാണ് അതിനെ വിലയിരുത്തിയത്.

അമ്മീമ്മക്കഥകളിലൂടെ മുന്നോട്ടു പോവുമ്പോൾ എന്റെ മനസ്സിലൂടെ ഒരു സ്വച്ഛ സുന്ദരമായ നാട്ടിൻ പുറവും നിഷ്കളങ്കരായ കുറെ ജന്മങ്ങളും, കണ്ടു ശീലമുള്ള അഗ്രഹാരങ്ങളിലെ ബ്രാഹ്മണരും ഒക്കെ സിനിമാ കാഴ്ചകൾ പോലെ കടന്നുവന്നു. അതുകൊണ്ടുതന്നെ താളുകൾ മറിയുന്നതറിയാതെ അതിവേഗം ആ വഴിയെല്ലാം സഞ്ചരിച്ചു.

"ചിലപ്പോൾ ഇതെല്ലാം വെറും കഥകളാണ്.. ചിലപ്പോൾ കുറെ ഓർമ്മകളാണ് ... ചിലപ്പോൾ കഠിന വേദനകളാണ്.. ഇനിയും ചിലപ്പോൾ പരമമായ സത്യങ്ങളാണ്..." എന്ന് തുടക്കത്തിൽ കഥാകാരി തന്നെ പറയുന്നുണ്ടെങ്കിലും ഓരോ കഥയിലൂടെ സഞ്ചരിക്കുമ്പോഴും ഇതെല്ലാം  ചിലപ്പോൾ 'തെരട്ടിപ്പാൽ' പോലെയോ 'മൊളേരി പായസം' പോലെയോ സ്വാദിഷ്ടമോ  മധുരതരമോ  മറ്റുചിലപ്പോൾ ഹൃദയത്തെ കാർന്നു തിന്നുന്നത്ര  വേദനാജനകമോ ആയ  അനുഭവങ്ങൾ തന്നെയെന്ന് തോന്നിപ്പിച്ച് ഓരോന്നും വായനക്കാരെ അതേയളവിൽത്തന്നെ രുചിപ്പിക്കുന്നുമുണ്ട് എഴുത്ത്.

ഓരോ കഥയും അവസാനിക്കുന്നിടത്ത് പിന്നിലെവിടെയോ കേൾക്കുന്ന കടലിരമ്പം പോലെ ചിന്തോദ്ദീപകങ്ങളായ ഒരു വരിയോ വാക്കുകളോ അവശേഷിപ്പിച്ച് ഒന്നുമറിയാത്തപോലെ കടന്നുപോവുന്നു കഥാകാരി..

ഓരോ കഥയും വിലയിരുത്താനോ അന്തരാർത്ഥങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനോ എന്റെ തുച്ഛമായ ഭാഷാ ജ്ഞാനം കൊണ്ട് മുതിരുന്നില്ല. പ്രധാന കഥാപാത്രമായ അമ്മീമ്മ മുതൽ അധികമൊന്നും പറയാതെ നിൽക്കുന്ന അനിയത്തിക്കുട്ടി വരെയുള്ള ഓരോരുത്തരും എന്തെങ്കിലുമൊരു സന്ദേശം നമുക്ക് തരുന്നുണ്ട്. ആത്മവിശ്വാസവും ധൈര്യവും മനസ്സുറപ്പും ഉണ്ടെങ്കിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ ഒരു സ്ത്രീക്ക് കഴിയുമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട് അമ്മീമ്മ. അതുപോലെ അമ്മീമ്മയുടെ ആത്മീയതയും  യുക്തിചിന്തകളും ചിലപ്പോഴൊക്കെ എന്റെ അമ്മയെ ഓർമ്മിപ്പിച്ചു. ഒരുപക്ഷെ മനുഷ്യരാലോ മരണത്താലോ തനിച്ചാക്കപ്പെട്ട് ജീവിതവുമായി പോരാടുന്നവരുടെ ചിന്തകളിലെ സമാനതയാവാം. ദൈവങ്ങളുമായുള്ള ചങ്ങാത്തവും വാദഗതികളും എന്റെ ചിന്തകളുമായി സാമ്യമുണ്ടായിരുന്നു..

പുസ്തകം മടക്കി വെക്കുമ്പോൾ അമ്മീമ്മ മാത്രമല്ല,  തെണ്ടി മയ്സ്രെട്ടും പാറുക്കുട്ടിയും കണ്ണന്ചോവനും ഗോവിന്നനുമൊക്കെ ജീവസ്സുറ്റ രൂപങ്ങളായി മനസ്സിൽ അവശേഷിക്കുന്നു.  ഒപ്പം ഓരോ കഥ/അനുഭവവും സമ്മാനിച്ച സന്തോഷവും സന്താപവും നടുക്കവും വിങ്ങലുമെല്ലാമെല്ലാം അതുപോലെ.......

ഇനിയുമിനിയും ഒരുപാട് കഥകൾ കേൾപ്പിക്കാൻ എച്ച്മുക്കുട്ടി ക്ക് കഴിയട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.

----------------------------------------------------------------------
ഇതൊരു പുസ്തകാവലോകനമോ നിരൂപണമോ അല്ല.. ഒരു വായനയുടെ വിശേഷങ്ങൾ മാത്രം..