About Me

My photo
A person who loves to read, write, sing and share thoughts.

Monday, June 30, 2014

ഋതുഭേദങ്ങൾ *

"ഡീ.. ന്റെ പൊന്നൂസ് വല്ല്യകുട്ടി ആയിട്ടോ"

"ഇത്ര പെട്ടെന്നോ ? അതിനവള് അമ്മൂനെക്കാൾ ചെറുതല്ലേ ?"

"ഉം അതൊന്നും നോക്കണ്ട.. പ്പഴ്ത്തെ കുട്ട്യോളൊക്കെ എല്ലാം ഫാസ്റ്റാ"

"ഉം ന്നാലും... അമ്മു ഇനീം ആയില്ലല്ലോ"...

"അതാണോ നിന്റെ സങ്കടം?"

"അയ്യോ അതല്ല.. ഇനീപ്പോ എപ്പോ വേണേലും ആവില്ലേ.. ഞാൻ ഒന്നും പറഞ്ഞുകൊടുത്തിട്ടില്ല...അതിനവൾക്ക് അതൊക്കെ മനസിലാവോ?"

"തൊടങ്ങി അവള്ടെ ടെൻഷൻ.. എടീ അവളാദ്യം ആവട്ടെ.. ന്നിട്ട് ആലോചിച്ചാപ്പോരെ ?"

"അല്ലാ ന്നാലും..."

"ഇന്നത്തെ പണി കഴിഞ്ഞില്ലേ.. ഓടിപ്പോയി ബസ്‌ പിടിക്കാൻ നോക്ക്!"

വീണ്ടും എന്തോ പറയുന്നതിനുമുന്നെ അവൾ കട്ട്‌ ചെയ്തു.

ദൈവമേ.. ഇവളിപ്പോൾ എന്തിനാ വിളിച്ചേ.. അമ്മു സ്കൂളിൽ നിന്നെത്തി, പാല് ചൂടാക്കി കുടിച്ചിട്ട് ട്യൂഷനോടണ്ട നേരമായി.. ഇനി ഇന്നെങ്ങാനും അവൾ? ഇന്നലെ രാത്രിയല്ലേ വയറു വേദനയുടെ കാര്യം പറഞ്ഞത്? രാധേച്ചി തന്ന ചക്കപ്പഴം കൂടുതൽ തിന്നതാന്ന് ആശ്വസിപ്പിച്ചതായിരുന്നു.. പക്ഷെ ഇനീപ്പോ അതാവുമോ?

പണ്ട് വേനലവധിക്ക് തറവാട്ടിൽ എല്ലാരും കൂടിയ നേരത്തായിരുന്നു അടിവയറ്റിൽ അതിഭയങ്കരമായി ആരോ വെട്ടിക്കിളയ്ക്കുന്നതുപോലെ വേദന തുടങ്ങിയത്. കമിഴ്ന്നു കിടന്നു കരയുമ്പോൾ, അതുമിതും വലിച്ചുവാരി തിന്നുമ്പോ ഓർക്കണം എന്ന് കളിയാക്കി ഉണ്ണ്യേട്ടൻ. കയ്യിൽ തടഞ്ഞതെന്തോ ദേഷ്യത്തോടെ വലിച്ചെറിഞ്ഞതും കൂടെയുള്ളവരും കൂടെ പൊട്ടിച്ചിരിച്ചതും... മാലതി എളേമ്മ കൊണ്ടുവന്ന ഇഞ്ചിനീര് തട്ടിമാറ്റി അവരുടെ പിന്നാലെ ഓടാൻ തുടങ്ങുമ്പോഴായിരുന്നു പാവാടയിലെ നനവ്‌ അനുഭവപ്പെട്ടത്. പരിഭ്രമമായിരുന്നു. പിന്നെ കരച്ചിലും വന്നു.

'ഉമചേച്ചിക്കെന്താ ഇന്നുമാത്രം വിളക്ക് വെക്കാൻ മടി?'

'ഇങ്ങനേണ്ടോ ഒരു വേദന.. ചെലപ്പോ പറേം കാലിമ്മേ കേറിയിരിക്കൂന്ന് .. ചെലപ്പോ നടുവേദന.. ചെലപ്പോ വയറുവേദന.. ക്കെ പണിയെടുക്കാണ്ടിരിക്കാനുള്ള അടവ്, ല്ലാണ്ടെന്താ !!' തുടങ്ങിയ ആത്മഗതങ്ങളെ അന്നത്തോടെ പടി കടത്തി. പാവം.. എന്ത് വേദനിച്ചിട്ടാവും എന്നൊരു സഹതാപവും വളർന്നു.

അമ്മയായിരുന്നു മടക്കിയ വെളുത്ത തുണി എങ്ങനെ ധരിക്കണമെന്ന് പറഞ്ഞുതന്നത്. എല്ലാം കഴിഞ്ഞു മുഖം കുനിച്ചു നിൽക്കുമ്പോൾ ചേർത്തു പിടിച്ചൊരുമ്മ തന്നു കവിളിൽ.. "ന്റെ കുട്ടി വലുതായി ട്ടോ" എന്നൊരു അഭിനന്ദനവും.

ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞുതന്നത് എളേമ്മയായിരുന്നു.

ഇന്നിപ്പോൾ ആ കഷ്ടപ്പാടൊന്നുമില്ല. ടീവിയിൽ വരുന്ന പരസ്യങ്ങൾ അമ്മുവും കാണുന്നതല്ലേ.. അവളുടെ സഹപാഠികളിൽ ചിലരും പരിചയസമ്പന്നരായിരിക്കുന്നു. ഇതിലെന്താ മറയ്ക്കാൻ എന്ന ഭാവമാണ് അവൾക്കും.

ബസിറങ്ങി വീട്ടിലേക്കുനടക്കുമ്പോൾ അമ്മു മാത്രമായി ചിന്ത. സ്കൂളിൽ വെച്ചെങ്ങാനും പറ്റിയാൽ... ഈശ്വരാ... ടീച്ചർമാർ സഹായിക്കുമായിരിക്കും.. ആണ്‍കുട്ടികൾ ഉള്ള ക്ലാസല്ലേ .. ഉടുപ്പിൽ പറ്റിയാലോ.. ആരെങ്കിലും കളിയാക്കുന്നത് ഒട്ടും സഹിക്കാത്ത പെണ്ണാ..

ഇടവഴിയിലേക്ക് കടന്നപ്പോൾ ക്ഷമ കെട്ടു ഫോണെടുത്തു.

"കുട്ടേട്ടാ വീട്ടിലെത്തിയോ ? അമ്മു വന്നില്ലേ.."

"വന്നല്ലോ.. മുറീലിരുന്നു പഠിക്കുന്നു.. നീയെവിടെയാ? ഇന്നും ബസ്‌ മിസ്സായോ ?"

മറുപടി പറയാൻ നിന്നില്ല. നടത്തം ഓട്ടമായി..

"നിനക്കെന്താ വട്ടായോ സുമീ ? അതിനവൾ കുഞ്ഞല്ലേ" മുൻപൊരിക്കൽ ഏതോ മാസിക വായിച്ച് അമ്മുവിൻറെ സ്കൂൾബാഗിൽ നാപ്കിൻ കൊടുത്തയച്ചാലോ എന്ന ചിന്തക്ക് കുട്ടേട്ടന്റെ മറുപടി അതായിരുന്നു.

"നിനക്കെന്തിനുമേതിനും ആവശ്യമില്ലാത്ത ടെൻഷൻസാണ്‌ ! വഴീലൊരു പെണ്‍കുട്ടിക്ക് ആരോ ലിഫ്റ്റ്‌ കൊടുത്തതു കണ്ടപ്പോൾ അയാളവളെ മിസ്യൂസ് ചെയ്യുമോ എന്നായി ഭയം! എന്റെ കൂട്ടുകാരാരെങ്കിലും അമ്മൂനെ അടുത്തു വിളിച്ചാൽ നിന്റെ കണ്ണ് അവരുടെ പിറകെ പോവും! അപ്പു കമ്പ്യൂട്ടറിൽ കളിച്ചാൽ അവനെന്താവും തുറക്കുന്നതെന്ന്! ഇതൊക്കെ ഒരുതരം മാനസിക രോഗാണ് ട്ടോ.. പറഞ്ഞേക്കാം.. !" പാതി കളിയായി പറഞ്ഞതാണെങ്കിലും ചിലപ്പോൾ സ്വയം തോന്നാറുണ്ട് ആധി ഇത്തിരി കൂടുതലാണോ എന്ന്.

"ഒന്നൂല്ലെടോ.. നിന്നെ പോലെ ശ്രദ്ധയുള്ള അമ്മ കൂടെയുള്ളപ്പോ ഒന്നൂണ്ടാവില്ല!" മുഖം വാടിയപ്പോൾ സാന്ത്വനവുമെത്തി പിന്നാലെ.

"ദെന്താപ്പാ എവിടെക്കാ ഓടണേ? ഇബടെ കുറച്ചുപേർ നിക്കുന്നുണ്ടേ.."

"യ്യോ കണ്ടില്ലാ രാധേച്ചീ... പോട്ടെട്ടോ.." ഓടിക്കയറുകയായിരുന്നു പടവുകൾ.

കസേരയിലേക്ക് ബാഗ്‌ വലിച്ചെറിഞ്ഞ് അമ്മൂന്റെ അടുത്തേക്ക് ഓടി.

"ഏയ്‌.. എന്താ പറ്റിയെ.. ഞാൻ സ്കൂട്ടർ എടുത്ത് അങ്ങോട്ട്‌ വരണോന്ന് ചോദിക്കാൻ തുടങ്ങുകയായിരുന്നു.. "
മുറിയിൽ മേശക്കിരുവശവുമിരുന്ന് ഗൃഹപാഠം ചെയ്യുന്ന അമ്മുവും അപ്പുവും. അമ്മുവിൻറെ മുഖത്തേക്കാണ് ഉറ്റുനോക്കിയത്.

"മോള്ടെ വയറുവേദന മാറിയോ? രാവിലത്തെ ഓട്ടത്തിൽ അമ്മ ചോദിക്കാൻ തന്നെ മറന്നു... "

"അതിനാ നീയിപ്പോ ഓടിപ്പാഞ്ഞു വന്നെ?" പിന്നാലെയെത്തിയ കളിയാക്കൽ കേട്ടില്ലെന്നു നടിച്ചു.

"അത് രാവിലേ മാറീല്ലോ.. അമ്മേടെ മുന്നിക്കൂടെയല്ലേ ഞാൻ ഓടിച്ചാടി സ്കൂളിൽ പോയെ?"

"അല്ലെങ്കിലും അമ്മ ചേച്ചീടെ കാര്യം മാത്രേ ചോദിക്കൂ.. ന്റെ മുട്ട് പൊട്ടിയിരുന്നു ഇന്നലെ സൈക്കിളീന്ന് വീണിട്ട് !"

"അച്ചോടാ.."

"ഓ അതിന് നിനക്ക് മുറിവില്ലാത്ത നേരോണ്ടോ? അപ്പൊ ചോദിക്കാം ഞങ്ങള്, ല്ലേ അച്ഛാ.."

പൊട്ടിച്ചിരികൾ കൊണ്ട് മനസ് തണുപ്പിച്ച് കസേരയിൽ ചാഞ്ഞിരുന്നു.

ഭാഗ്യം! ഒന്നുണ്ടായില്ല. നാളെ മുതൽ പാഡ് കൊടുത്തുവിടണം. അമ്മ പറയുന്നതുപോലെ ആവില്ലല്ലോ ടീച്ചർമാർ ഇടപെടുമ്പോൾ!

അത്താഴം കഴിഞ്ഞ് അടുക്കള ഒതുക്കി, കുട്ടികളുടെ മുറിയിലെത്തി, അപ്പൂനെ നീക്കിക്കിടത്തി, രണ്ടാളുടെയും പുതപ്പുകൾ നേരെയിട്ട്‌ വെളിച്ചം കെടുത്തി തിരിയുമ്പോൾ അമ്മു കയ്യിൽ പിടിച്ചു.

"ഉറങ്ങിയില്ലേടാ ?"

"അമ്മേ കാത്തുകിടക്കുവായിരുന്നു..."

കട്ടിലിൽ അവളോട്‌ ചേർന്നിരുന്നു.

"ലൈറ്റ് ഇടണ്ടാ.. എനിക്കമ്മയോട്‌ ഒരൂട്ടം പറയണം"

കൈകൾ കഴുത്തിൽ ചുറ്റി മുഖത്തോട് അടുപ്പിച്ച് കവിളിൽ ചുണ്ടമർത്തി.

"അതേയ്.. ഞാൻ പീരിയേഡ്‌സായി.. രാവിലെ എണീറ്റപ്പോ ഉടുപ്പിലായിരുന്നു... അമ്മേടെ സമയം കളയണ്ടല്ലോന്ന് കരുതി അമ്മേടെ കബോഡീന്ന് നാപ്കിൻ എടുത്തുവെച്ചു. ഒരെണ്ണം കൊണ്ടുംപോയി. സ്കൂളീന്ന് ഉച്ചക്ക് മാറ്റി.. വന്നിട്ട് ട്യൂഷന് പോണേനു മുന്പും പിന്നെ ദാ ഇപ്പോഴും മാറ്റി.. "

വാക്കുകൾ തൊണ്ടയിൽ തങ്ങിനിൽക്കുന്നു ..... "ന്നാലും അമ്മെ വിളിക്ക്യായിരുന്നില്ലേ....?"

"ഇറ്റ്സ് ഓക്കേമ്മാ... ഐ കാൻ മാനേജ്.."

മുറുകെ പുണർന്ന് അമർത്തിയൊരുമ്മ കൊടുത്തു കവിളിൽ. പിന്നെ നെറുകയിലും.

അമ്മ കാതിൽ പറഞ്ഞ വാക്കുകൾ ഇനിയും പറയേണ്ടതുണ്ടോ എന്നാലോചിച്ചു നിശബ്ദയായി.
 
 *ഗൃഹലക്ഷ്മി  2014 ജൂണ്‍ 15 ലക്കം പ്രസിദ്ധീകരിച്ചത് 

13 comments:

ചന്തു നായർ said...

പ്രീയപ്പെട്ട ശിവകാമീ..... ഇത്രക്കും മനസ്സിൽ തട്ടിയ ഒരു ആഖ്യാനം ഞാൻ ഈ അടുത്തകാലത്ത വായിച്ചിട്ടില്ലാ. കഥയുടെ (അതോ കാര്യത്തിന്റെയോ)അവസാനം എത്തിയപ്പോൾ എന്റെ രോമങ്ങൾ എണിറ്റ് നിന്നു.ഒരു നീമിഷം ഞാൻ വായന നിർത്തി.പിന്നെ കഥ എന്റെ ഭാര്യയുടെ മെയിലിലേക്ക് അയച്ച് കൊടുത്തു. അതിനൊരു കാരണം കൂടി ഉണ്ട്.എന്റെ മുറപ്പെണ്ണാണ് എന്റെ ഭാര്യ ഞാൻ കുടുംബത്തിൽ ഉണ്ടായിരുന്ന സമയത്താണ്.എന്റെ ഭാര്യ അങ്ങനെ ആയത്.അന്നവൾക്ക് 13 വയസ്സ് കാണും.അവൾ പൊട്ടിക്കരയുന്ന ശബ്ദം കേട്ട് ഞാൻ കാര്യം തിരാക്കിയപ്പോൾ.എന്ന്റ്റെ അമ്മാമ പറഞ്ഞു “ഇതു നീ അറിയേണ്ട കാര്യമല്ലാ” എന്ന്. അന്നു വൈകുന്നേരം അമ്മാമ അമ്മയോട് പറയ്ന്നത് കേട്ട്..മുറചെറുക്കൻ വീട്ടീലുണ്ടാകുമ്പോൾ തീണ്ടാരിയാകുന്ന പെണ്ണ് അവനുള്ളതാ” എന്ന്...അത്കൊണ്ടല്ലാ എനീക്കീകഥ ഇഷ്ടമായത് അതിലെ കൈയ്യടക്കം, ശ്ലീല മായ വാക്യങ്ങൾ, ഒരു അമ്മയുടെ ആകുലത.അതിനേക്കാളുപരി ഇന്നത്തെ ജനറേഷന്റെ അറിവ്..... ഒക്കെ ഈ കഥയിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നൂ.നന്ദി കുഞ്ഞെ...വലിയൊരു നമസ്കാരം........

ajith said...

ന്യൂ ജനറേഷന്‍ എല്ലാം വെരി ഫാസ്റ്റ് ആണല്ലെ. ഓള്‍ഡ് ജനറേഷന്റെ വലിയ സഹായമൊന്നും അവര്‍ക്ക് വേണ്ട. കഥ നന്നായി.

sujit kollam said...

nannayitundu....

sujit kollam said...

nannayitundu....

Echmukutty said...

ആന്നു ആന്നു കഥ കൊള്ളാം.. എഴുത്തും കൊള്ളാം .. അഭിനന്ദനങ്ങള്‍ കേട്ടോ..

vineeth vava said...

വായിക്കണോ വേണ്ടയോ എന്ന് ഒത്തിരി ആലോചിച്ച ശേഷമാണ് വായിക്കാന്‍ തന്നെ തീരുമാനിച്ചത്.
ഏതായാലും വായന വെറുതെയായില്ല. ഇഷ്ട്ടപെട്ടത്‌ കഥയുടെ സന്ദര്‍ഭവും പിന്നെ ആ സംഭാഷണങ്ങളും.. തികച്ചും സ്വാഭാവികം.

റോസാപ്പൂക്കള്‍ said...

കഥ ഫേസ്ബുക്കില്‍ നിന്നും വായിച്ചിരുന്നു.സന്തോഷം

Cv Thankappan said...

സ്ഥലം,കാലം‌,ഭാഷ,എന്നിവകൊണ്ട് വായനയില്‍ സംതൃപ്തി നിറഞ്ഞൊരു നല്ല കഥ.
ആശംസകള്‍

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ജീവിത കഥ

ASEES EESSA said...

നല്ല കഥ ,, നല്ല ആഖ്യാനം ....... ഓൾ ദി ബെസ്റ്റ്

Shahida Abdul Jaleel said...

Nalla ezuth

വര്‍ഷിണി* വിനോദിനി said...

Good read... Congrats dear

JOSE ARUKATTY said...

കഥ നന്നായിപ്പറഞ്ഞു. ആശംസകൾ