About Me

My photo
A person who loves to read, write, sing and share thoughts.

Monday, June 30, 2014

ഋതുഭേദങ്ങൾ *

"ഡീ.. ന്റെ പൊന്നൂസ് വല്ല്യകുട്ടി ആയിട്ടോ"

"ഇത്ര പെട്ടെന്നോ ? അതിനവള് അമ്മൂനെക്കാൾ ചെറുതല്ലേ ?"

"ഉം അതൊന്നും നോക്കണ്ട.. പ്പഴ്ത്തെ കുട്ട്യോളൊക്കെ എല്ലാം ഫാസ്റ്റാ"

"ഉം ന്നാലും... അമ്മു ഇനീം ആയില്ലല്ലോ"...

"അതാണോ നിന്റെ സങ്കടം?"

"അയ്യോ അതല്ല.. ഇനീപ്പോ എപ്പോ വേണേലും ആവില്ലേ.. ഞാൻ ഒന്നും പറഞ്ഞുകൊടുത്തിട്ടില്ല...അതിനവൾക്ക് അതൊക്കെ മനസിലാവോ?"

"തൊടങ്ങി അവള്ടെ ടെൻഷൻ.. എടീ അവളാദ്യം ആവട്ടെ.. ന്നിട്ട് ആലോചിച്ചാപ്പോരെ ?"

"അല്ലാ ന്നാലും..."

"ഇന്നത്തെ പണി കഴിഞ്ഞില്ലേ.. ഓടിപ്പോയി ബസ്‌ പിടിക്കാൻ നോക്ക്!"

വീണ്ടും എന്തോ പറയുന്നതിനുമുന്നെ അവൾ കട്ട്‌ ചെയ്തു.

ദൈവമേ.. ഇവളിപ്പോൾ എന്തിനാ വിളിച്ചേ.. അമ്മു സ്കൂളിൽ നിന്നെത്തി, പാല് ചൂടാക്കി കുടിച്ചിട്ട് ട്യൂഷനോടണ്ട നേരമായി.. ഇനി ഇന്നെങ്ങാനും അവൾ? ഇന്നലെ രാത്രിയല്ലേ വയറു വേദനയുടെ കാര്യം പറഞ്ഞത്? രാധേച്ചി തന്ന ചക്കപ്പഴം കൂടുതൽ തിന്നതാന്ന് ആശ്വസിപ്പിച്ചതായിരുന്നു.. പക്ഷെ ഇനീപ്പോ അതാവുമോ?

പണ്ട് വേനലവധിക്ക് തറവാട്ടിൽ എല്ലാരും കൂടിയ നേരത്തായിരുന്നു അടിവയറ്റിൽ അതിഭയങ്കരമായി ആരോ വെട്ടിക്കിളയ്ക്കുന്നതുപോലെ വേദന തുടങ്ങിയത്. കമിഴ്ന്നു കിടന്നു കരയുമ്പോൾ, അതുമിതും വലിച്ചുവാരി തിന്നുമ്പോ ഓർക്കണം എന്ന് കളിയാക്കി ഉണ്ണ്യേട്ടൻ. കയ്യിൽ തടഞ്ഞതെന്തോ ദേഷ്യത്തോടെ വലിച്ചെറിഞ്ഞതും കൂടെയുള്ളവരും കൂടെ പൊട്ടിച്ചിരിച്ചതും... മാലതി എളേമ്മ കൊണ്ടുവന്ന ഇഞ്ചിനീര് തട്ടിമാറ്റി അവരുടെ പിന്നാലെ ഓടാൻ തുടങ്ങുമ്പോഴായിരുന്നു പാവാടയിലെ നനവ്‌ അനുഭവപ്പെട്ടത്. പരിഭ്രമമായിരുന്നു. പിന്നെ കരച്ചിലും വന്നു.

'ഉമചേച്ചിക്കെന്താ ഇന്നുമാത്രം വിളക്ക് വെക്കാൻ മടി?'

'ഇങ്ങനേണ്ടോ ഒരു വേദന.. ചെലപ്പോ പറേം കാലിമ്മേ കേറിയിരിക്കൂന്ന് .. ചെലപ്പോ നടുവേദന.. ചെലപ്പോ വയറുവേദന.. ക്കെ പണിയെടുക്കാണ്ടിരിക്കാനുള്ള അടവ്, ല്ലാണ്ടെന്താ !!' തുടങ്ങിയ ആത്മഗതങ്ങളെ അന്നത്തോടെ പടി കടത്തി. പാവം.. എന്ത് വേദനിച്ചിട്ടാവും എന്നൊരു സഹതാപവും വളർന്നു.

അമ്മയായിരുന്നു മടക്കിയ വെളുത്ത തുണി എങ്ങനെ ധരിക്കണമെന്ന് പറഞ്ഞുതന്നത്. എല്ലാം കഴിഞ്ഞു മുഖം കുനിച്ചു നിൽക്കുമ്പോൾ ചേർത്തു പിടിച്ചൊരുമ്മ തന്നു കവിളിൽ.. "ന്റെ കുട്ടി വലുതായി ട്ടോ" എന്നൊരു അഭിനന്ദനവും.

ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞുതന്നത് എളേമ്മയായിരുന്നു.

ഇന്നിപ്പോൾ ആ കഷ്ടപ്പാടൊന്നുമില്ല. ടീവിയിൽ വരുന്ന പരസ്യങ്ങൾ അമ്മുവും കാണുന്നതല്ലേ.. അവളുടെ സഹപാഠികളിൽ ചിലരും പരിചയസമ്പന്നരായിരിക്കുന്നു. ഇതിലെന്താ മറയ്ക്കാൻ എന്ന ഭാവമാണ് അവൾക്കും.

ബസിറങ്ങി വീട്ടിലേക്കുനടക്കുമ്പോൾ അമ്മു മാത്രമായി ചിന്ത. സ്കൂളിൽ വെച്ചെങ്ങാനും പറ്റിയാൽ... ഈശ്വരാ... ടീച്ചർമാർ സഹായിക്കുമായിരിക്കും.. ആണ്‍കുട്ടികൾ ഉള്ള ക്ലാസല്ലേ .. ഉടുപ്പിൽ പറ്റിയാലോ.. ആരെങ്കിലും കളിയാക്കുന്നത് ഒട്ടും സഹിക്കാത്ത പെണ്ണാ..

ഇടവഴിയിലേക്ക് കടന്നപ്പോൾ ക്ഷമ കെട്ടു ഫോണെടുത്തു.

"കുട്ടേട്ടാ വീട്ടിലെത്തിയോ ? അമ്മു വന്നില്ലേ.."

"വന്നല്ലോ.. മുറീലിരുന്നു പഠിക്കുന്നു.. നീയെവിടെയാ? ഇന്നും ബസ്‌ മിസ്സായോ ?"

മറുപടി പറയാൻ നിന്നില്ല. നടത്തം ഓട്ടമായി..

"നിനക്കെന്താ വട്ടായോ സുമീ ? അതിനവൾ കുഞ്ഞല്ലേ" മുൻപൊരിക്കൽ ഏതോ മാസിക വായിച്ച് അമ്മുവിൻറെ സ്കൂൾബാഗിൽ നാപ്കിൻ കൊടുത്തയച്ചാലോ എന്ന ചിന്തക്ക് കുട്ടേട്ടന്റെ മറുപടി അതായിരുന്നു.

"നിനക്കെന്തിനുമേതിനും ആവശ്യമില്ലാത്ത ടെൻഷൻസാണ്‌ ! വഴീലൊരു പെണ്‍കുട്ടിക്ക് ആരോ ലിഫ്റ്റ്‌ കൊടുത്തതു കണ്ടപ്പോൾ അയാളവളെ മിസ്യൂസ് ചെയ്യുമോ എന്നായി ഭയം! എന്റെ കൂട്ടുകാരാരെങ്കിലും അമ്മൂനെ അടുത്തു വിളിച്ചാൽ നിന്റെ കണ്ണ് അവരുടെ പിറകെ പോവും! അപ്പു കമ്പ്യൂട്ടറിൽ കളിച്ചാൽ അവനെന്താവും തുറക്കുന്നതെന്ന്! ഇതൊക്കെ ഒരുതരം മാനസിക രോഗാണ് ട്ടോ.. പറഞ്ഞേക്കാം.. !" പാതി കളിയായി പറഞ്ഞതാണെങ്കിലും ചിലപ്പോൾ സ്വയം തോന്നാറുണ്ട് ആധി ഇത്തിരി കൂടുതലാണോ എന്ന്.

"ഒന്നൂല്ലെടോ.. നിന്നെ പോലെ ശ്രദ്ധയുള്ള അമ്മ കൂടെയുള്ളപ്പോ ഒന്നൂണ്ടാവില്ല!" മുഖം വാടിയപ്പോൾ സാന്ത്വനവുമെത്തി പിന്നാലെ.

"ദെന്താപ്പാ എവിടെക്കാ ഓടണേ? ഇബടെ കുറച്ചുപേർ നിക്കുന്നുണ്ടേ.."

"യ്യോ കണ്ടില്ലാ രാധേച്ചീ... പോട്ടെട്ടോ.." ഓടിക്കയറുകയായിരുന്നു പടവുകൾ.

കസേരയിലേക്ക് ബാഗ്‌ വലിച്ചെറിഞ്ഞ് അമ്മൂന്റെ അടുത്തേക്ക് ഓടി.

"ഏയ്‌.. എന്താ പറ്റിയെ.. ഞാൻ സ്കൂട്ടർ എടുത്ത് അങ്ങോട്ട്‌ വരണോന്ന് ചോദിക്കാൻ തുടങ്ങുകയായിരുന്നു.. "
മുറിയിൽ മേശക്കിരുവശവുമിരുന്ന് ഗൃഹപാഠം ചെയ്യുന്ന അമ്മുവും അപ്പുവും. അമ്മുവിൻറെ മുഖത്തേക്കാണ് ഉറ്റുനോക്കിയത്.

"മോള്ടെ വയറുവേദന മാറിയോ? രാവിലത്തെ ഓട്ടത്തിൽ അമ്മ ചോദിക്കാൻ തന്നെ മറന്നു... "

"അതിനാ നീയിപ്പോ ഓടിപ്പാഞ്ഞു വന്നെ?" പിന്നാലെയെത്തിയ കളിയാക്കൽ കേട്ടില്ലെന്നു നടിച്ചു.

"അത് രാവിലേ മാറീല്ലോ.. അമ്മേടെ മുന്നിക്കൂടെയല്ലേ ഞാൻ ഓടിച്ചാടി സ്കൂളിൽ പോയെ?"

"അല്ലെങ്കിലും അമ്മ ചേച്ചീടെ കാര്യം മാത്രേ ചോദിക്കൂ.. ന്റെ മുട്ട് പൊട്ടിയിരുന്നു ഇന്നലെ സൈക്കിളീന്ന് വീണിട്ട് !"

"അച്ചോടാ.."

"ഓ അതിന് നിനക്ക് മുറിവില്ലാത്ത നേരോണ്ടോ? അപ്പൊ ചോദിക്കാം ഞങ്ങള്, ല്ലേ അച്ഛാ.."

പൊട്ടിച്ചിരികൾ കൊണ്ട് മനസ് തണുപ്പിച്ച് കസേരയിൽ ചാഞ്ഞിരുന്നു.

ഭാഗ്യം! ഒന്നുണ്ടായില്ല. നാളെ മുതൽ പാഡ് കൊടുത്തുവിടണം. അമ്മ പറയുന്നതുപോലെ ആവില്ലല്ലോ ടീച്ചർമാർ ഇടപെടുമ്പോൾ!

അത്താഴം കഴിഞ്ഞ് അടുക്കള ഒതുക്കി, കുട്ടികളുടെ മുറിയിലെത്തി, അപ്പൂനെ നീക്കിക്കിടത്തി, രണ്ടാളുടെയും പുതപ്പുകൾ നേരെയിട്ട്‌ വെളിച്ചം കെടുത്തി തിരിയുമ്പോൾ അമ്മു കയ്യിൽ പിടിച്ചു.

"ഉറങ്ങിയില്ലേടാ ?"

"അമ്മേ കാത്തുകിടക്കുവായിരുന്നു..."

കട്ടിലിൽ അവളോട്‌ ചേർന്നിരുന്നു.

"ലൈറ്റ് ഇടണ്ടാ.. എനിക്കമ്മയോട്‌ ഒരൂട്ടം പറയണം"

കൈകൾ കഴുത്തിൽ ചുറ്റി മുഖത്തോട് അടുപ്പിച്ച് കവിളിൽ ചുണ്ടമർത്തി.

"അതേയ്.. ഞാൻ പീരിയേഡ്‌സായി.. രാവിലെ എണീറ്റപ്പോ ഉടുപ്പിലായിരുന്നു... അമ്മേടെ സമയം കളയണ്ടല്ലോന്ന് കരുതി അമ്മേടെ കബോഡീന്ന് നാപ്കിൻ എടുത്തുവെച്ചു. ഒരെണ്ണം കൊണ്ടുംപോയി. സ്കൂളീന്ന് ഉച്ചക്ക് മാറ്റി.. വന്നിട്ട് ട്യൂഷന് പോണേനു മുന്പും പിന്നെ ദാ ഇപ്പോഴും മാറ്റി.. "

വാക്കുകൾ തൊണ്ടയിൽ തങ്ങിനിൽക്കുന്നു ..... "ന്നാലും അമ്മെ വിളിക്ക്യായിരുന്നില്ലേ....?"

"ഇറ്റ്സ് ഓക്കേമ്മാ... ഐ കാൻ മാനേജ്.."

മുറുകെ പുണർന്ന് അമർത്തിയൊരുമ്മ കൊടുത്തു കവിളിൽ. പിന്നെ നെറുകയിലും.

അമ്മ കാതിൽ പറഞ്ഞ വാക്കുകൾ ഇനിയും പറയേണ്ടതുണ്ടോ എന്നാലോചിച്ചു നിശബ്ദയായി.
 
 *ഗൃഹലക്ഷ്മി  2014 ജൂണ്‍ 15 ലക്കം പ്രസിദ്ധീകരിച്ചത് 

Tuesday, June 10, 2014

ശുത്തമാന മാമി*

"നീങ്കൾ പാർത്തു കൊണ്ടിരുപ്പത് സണ്‍ റ്റീവിയിൻ തമിഴ് മാലൈ! "

ഇതാദ്യം കേൾക്കുന്നത് കേബിൾ ടീവി നാട്ടിൽ പ്രചാരത്തിൽ വന്നകാലത്താണ്.

ഈയിടെയായി അടുക്കളയിൽ നിൽക്കുമ്പോൾ തൊട്ടടുത്ത ഫ്ലാറ്റിൽനിന്നും പലപ്പോഴായി ഇത് കേൾക്കാറുണ്ട്. അവിടത്തെ പുതിയ താമസക്കാർ ചെന്നൈയിൽ നിന്നെത്തിയ മധ്യവയസ്കയും അവരുടെ വളരെ പ്രായമായ മാതാപിതാക്കളുമാണ്. രാവിലത്തെ വാർത്തയുടെയും, പകൽസീരിയലുകളുടെയും മറ്റും ശബ്ദരേഖകൾ ചെവിയോർത്താൽ വ്യക...്തമാണ്. അതിരാവിലെ മകളുടെ കൈ പിടിച്ചുകൊണ്ടുള്ള നടത്തമല്ലാതെ അവരുടെ നേരമ്പോക്ക് ഇതുമാത്രമാണെന്ന് തോന്നുന്നു.

ഏതുനേരവും സണ്‍ ടീവി വെച്ചുകൊണ്ടിരുന്ന ഒരു മാമി ഉണ്ടായിരുന്നു ചെന്നൈയിൽ. ഞങ്ങൾ മൂന്നു കൂട്ടുകാർ ചേർന്ന് വാടകക്കെടുത്ത ഫ്ലാറ്റിന്റെ ഉടമസ്ഥയായിരുന്ന അവർ ഇടയ്ക്കിടെ നാഗർകോവിലിൽനിന്നും അവിടെ വന്നുതാമസിക്കുകയും തൊട്ടതിനും പിടിച്ചതിനും ഇഷ്ടക്കേട് കാട്ടുകയും ചെയ്തിരുന്നു. ഞങ്ങളുമായി അടുത്തിടപഴകാനുള്ള മടി കൊണ്ട് അവർ വരുമ്പോൾ മാത്രം തുറക്കുന്ന മുറിയിലെ പൊടിപിടിച്ച കസേര പുറത്തിട്ട് അതിൽ മാത്രം ഇരിക്കുകയും അവിടുത്തെ കിടക്കയിൽ മാത്രം ഉറങ്ങുകയും ചെയ്ത ഒരു ശുദ്ധക്കാരി. ആ വീട്ടിലെ പൂജാമുറി അടുക്കളയിൽ തന്നെയായതുകൊണ്ട് ആ വഴി നടക്കുന്നത് ആർക്കും ഒഴിവാക്കാനാവില്ല.

"നീ ശുത്തമാ താനേ ഇരുക്കായ്? ഇല്ലേന്നാ ഇപ്പിടി വരാതെ... അന്ത പ്ലേറ്റ് തൊടാതെ... ഇന്ത ചെയറിൽ ഉക്കാരാതെ " എന്നൊക്കെ മുഖത്തുനോക്കി പറയുന്നതുകൊണ്ട് അവർ ഉള്ളപ്പോൾ വീട്ടിലേക്കു വരാൻ തന്നെ ഞങ്ങൾക്ക് മടിയായിരുന്നു. ഇനി വൈകിയെങ്ങാനും എത്തിയാലോ, കയറുമ്പോൾതന്നെ അടിമുടി വീക്ഷിച്ച്, ഒന്നിരുത്തി മൂളി, ദീർഘമായി നിശ്വസിച്ച്‌ അനിഷ്ടം പ്രകടിപ്പിക്കും. ജോലി കഴിഞ്ഞു ബസ്‌ പിടിച്ചും നടന്നുമൊക്കെ തളർന്നുവന്നു കയറുമ്പോൾ വേറെ എവിടെയോ പോയതുപോലെയുള്ള പ്രതികരണം ശരിക്കും ഞങ്ങളിൽ അവരോട് ഒരു വെറുപ്പുതന്നെ ഉണ്ടാക്കിയിരുന്നു.

ഞങ്ങളുടെ പ്രായമാവാം, അവരുടെ ചെറിയ പരാജയങ്ങൾ പോലും ആസ്വാദ്യമാക്കിയത്. വീട്ടുടമസ്ഥ ആയതിനാൽ മറ്റു പ്രതികാരനടപടികളൊന്നും കഴിയാത്തതുകൊണ്ട് അവരുടെ പ്രിയപ്പെട്ട ടീവി പരിപാടികൾ മുടക്കുക എന്നതിലായിരുന്നു ഞങ്ങൾ കണ്ടെത്തിയ സന്തോഷം. പോരാത്തതിന് അവരുടെ ടീവി പണി മുടക്കിയതിനാൽ ഞങ്ങളുടെതായിരുന്നു അവരുപയോഗിച്ചിരുന്നത് എന്നതും ഞങ്ങൾക്ക് ഗുണകരമായി.

അങ്ങനെ ഒരു ഞായറാഴ്ച രാവിലെ കൂട്ടുകാരിയുടെ കൂടെ പള്ളിയിൽ പോയി, വരുന്ന വഴി ബജറ്റിൽ ഒതുങ്ങുന്ന ചില്ലറ ഷോപ്പിങ്ങും തീറ്റയും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നമ്മുടെ മാമി അവരുടെ ഇഷ്ടതാരമായ വിജയിന്റെ ഏതോ ഹിറ്റ്‌ പടം കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു.

"ഇന്നേക്ക് വിജയ്‌ പടമിരുക്ക്.. വെലൈയെല്ലാം സീക്രം മുടിച്ചിട്ടേൻ! നല്ല പടം! അന്നൈക്ക് വന്തപ്പോ കറന്റ് പോയിട്ത്ത്.. പാക്കവേ മുടിയലെ.. "

കൂടെയുള്ളവൾ ഓടിപ്പോയി പത്രത്തിൽ തപ്പി..

"ഏയ്‌.. ഇന്നല്ലേ നമ്മടെ സുരേഷ് ഗോപീടെ ഹിറ്റ്‌ പടം! അത് കണ്ടേ പറ്റൂ.. നമ്മുടെ അഭയ കേസ് ആണ്.. അടിപൊളിയാണ്.. മാമിക്ക് താൻ മലയാളം കേട്ടാൽ പുരിയുമേ.."

ആ പ്രത്യേകനിമിഷം മുതൽ ഞങ്ങൾ സുരേഷ് ഗോപീടെ കടുത്ത ആരാധികമാരായി..

ടീവി അവരുടെതല്ലാത്തതുകൊണ്ട് മാമി വിഷണ്ണയും നിശബ്ദയുമായിരുന്നു.

പടം കണ്ടുതുടങ്ങിയപ്പോൾതന്നെ ഞങ്ങൾക്ക് മടുപ്പായി.. പ്രതികാരദാഹം കൊണ്ട് കുറച്ചുനേരം കൂടെ പിടിച്ചിരുന്നുവെങ്കിലും റിമോട്ട് താമസിയാതെ മാമിക്ക് കൈമാറി ഞങ്ങൾ മുറിയിലേക്ക് പോയി. എന്തായാലും താമസിയാതെ അവർ മടങ്ങിപ്പോയി.

എന്നാൽ അതിനടുത്ത തവണ മാമി വന്നപ്പോൾ ക്ഷീണിതയായിരുന്നു. നീണ്ട യാത്രകൊണ്ടാവാം പനിയും പിടിപെട്ടിരുന്നു. ഇടയ്ക്ക് കാപ്പി ഉണ്ടാക്കിക്കൊടുത്തും മരുന്ന് വാങ്ങിക്കൊണ്ടുവന്നു കൊടുത്തും ഞങ്ങളാലാവുംപോലെ സഹായിച്ചതുകൊണ്ടാവാം പഴയ ശുദ്ധവും വഴക്ക് പറയലും പാടേ കുറഞ്ഞു. ഇടയ്ക്കിടെ അമേരിക്കയിലുള്ള ഏകമകൻ വിളിക്കാത്തതിൽ സങ്കടപ്പെട്ടു. മരുമോളുടെ ഇഷ്ടമില്ലായ്മയെ കുറിച്ച് പരിഭവം പറഞ്ഞു. അന്യജാതി ആണെങ്കിലും വയ്യാതെ വരുമ്പോൾ ചൂടുവെള്ളം കൊടുക്കാൻ ഏതോ നാട്ടിൽ നിന്ന് ജീവിക്കാൻ വന്നുകിടക്കുന്ന പെണ്‍കുട്ടികളെ ഉള്ളൂ എന്ന തിരിച്ചറിവാകണം ഒരുപക്ഷെ അവരെ മാറ്റിയത്.

അങ്ങനെ, പ്രഭാതത്തിൽ കാപ്പി ഒരുമിച്ചു കുടിച്ചും കുശലം പറഞ്ഞും വൈകിയെത്തുമ്പോൾ ആരോഗ്യം നോക്കാത്തതിന് അമ്മയെപോലെ ശകാരിച്ചും ഞങ്ങളുടെ ഭക്ഷണം പങ്കിട്ടും അവർ ഞങ്ങളിലൊരാളായി. മലയാളവും കുറേശ്ശെ പേശിത്തുടങ്ങി! ഹും.. മ്മളോടാ കളി!


*പേരിനു കടപ്പാട് ശ്രീ.വിരോധാഭാസൻ :)

Friday, June 6, 2014

മഹാനഗരത്തിലെ ആദ്യനാള്‍

പതിനഞ്ചുവര്‍ഷങ്ങൾക്കു മുന്‍പുള്ള ഒരു ഏപ്രില്‍ മാസത്തിലായിരുന്നു ഞാന്‍ ആദ്യമായി ചെന്നൈ എന്ന മഹാനഗരത്തിലെത്തിയത്. കേരളത്തിനു വെളിയില്‍ ആദ്യമായി തനിച്ചു ജീവിക്കാന്‍ പോവുന്നതിന്റെ വ്യാകുലതകൾ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി എന്തെങ്കിലും സമ്പാദിച്ചു അമ്മയെ തന്നാലാവുന്നതുപോലെ സഹായിക്കാമെന്നു ഈ അണ്ണാറക്കണ്ണിയും കൊതിച്ചിരുന്നു.

താമസസൌകര്യമൊക്കെ ഏര്‍പ്പാടാക്കി ഏട്ടന്‍ വൈകിട്ടത്തെ വണ്ടിക്കു തിരിച്ചുപോയതോടെ നെഞ്ചിനുമുകളില്‍ ആരോ കയറ്റിവെച്ച വലിയഭാരവുമായി മുറിയില്‍തന്നെ കഴിച്ചുകൂട്ടി. അത്താഴം കഴിച്ചുവെന്നുവരുത്തി ചെറിയ മുറിയിലെ ഇരുളില്‍ കറങ്ങുന്ന ഫാനിന്‍റെ നടുക്കുള്ള അവ്യക്തമായ മഞ്ഞവൃത്തം നോക്കിക്കിടന്ന് എപ്പോഴോ ഉറങ്ങി.
പിറ്റേന്ന് പോവേണ്ട ബസ്സിന്‍റെ നമ്പറുകള്‍ ഒക്കെ പരിചയപ്പെട്ട മറ്റു അന്തേവാസിനികളോട് ചോദിച്ചു മനസ്സിലാക്കി, സകലദൈവങ്ങളെയും, അവരോടൊപ്പമിരുന്നു എന്നും അനുഗ്രഹം ചൊരിയുമെന്നു ഞാന്‍ വിശ്വസിക്കുന്ന അച്ഛനെയും പ്രാര്‍ത്ഥിച്ചു രാവിലെത്തന്നെ ഞാനിറങ്ങി. പറഞ്ഞിരുന്ന സമയത്തിനും നേരത്തെ ജോലിസ്ഥലത്തെത്തി. ട്രെയിനിംഗ് ആയിരുന്നു അന്ന്.
 
ഉച്ചയൂണിനു കൈയില്‍ കരുതിയിരുന്ന ഹോസ്റ്റല്‍ ഭക്ഷണം തുറന്നപ്പോള്‍ സാമ്പാര്‍ എന്നുപേരുള്ള, വെളുത്ത നാണയങ്ങള്‍ പോലുള്ള മുള്ളങ്കികഷണങ്ങള്‍ മാത്രം തെളിഞ്ഞു കാണപ്പെട്ട മഞ്ഞദ്രാവകം കണ്ടമാത്രയില്‍ എന്‍റെ വിശപ്പ്‌ ഇല്ലാതായി. വീട്ടിലേക്കുള്ള വളവു തിരിയുമ്പോള്‍ തന്നെ പലപ്പോഴും നാസാരന്ധ്രങ്ങളെ മയക്കിയിരുന്ന അമ്മയുണ്ടാക്കുന്ന സാമ്പാര്‍ എന്ന ഓര്‍മ്മ ഗൃഹാതുരത്വം ഉണര്‍ത്തി എന്നെ തളര്‍ത്താന്‍ തുടങ്ങിയെങ്കിലും അതെല്ലാം മറക്കാന്‍ ശ്രമിച്ചും ഇതാണ് ഇനിയെന്‍റെ ജീവിതമെന്ന് മനസ്സിലുറപ്പിച്ചും സമയം തള്ളിനീക്കി.
വൈകിട്ട്, സഹപ്രവര്‍ത്തകരോടൊപ്പം ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചിരുന്നു. എങ്കിലും തെരുവുവിളക്കുകളും വാഹനങ്ങളില്‍ നിന്നുള്ള പ്രകാശവും കൊണ്ട് പകല്‍ പോലെ തന്നെയായിരുന്നു അപ്പോഴും. ഏറെനേരം കാത്തുനിന്നെങ്കിലും ബസ്സ് കാണാതായപ്പോള്‍ തങ്ങള്‍ക്കുള്ള മൂന്നു ബസ്സുകള്‍ ഒഴിവാക്കി എനിക്ക് കൂട്ടുനില്‍ക്കുന്നവരെ ഇനിയും നിര്‍ത്തുന്നത് ശരിയല്ലെന്ന തോന്നല്‍, നന്ദിപൂര്‍വ്വം അവരെ പറഞ്ഞയക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കി. ചുറ്റുമുണ്ടായിരുന്ന പലരും അപ്രത്യക്ഷമാവുകയും പുതിയവരിൽ അധികവും പുരുഷസാന്നിദ്ധ്യം മാത്രമാവുന്നതും ഉള്ളില്‍ ഉയരുന്ന ഭീതിയോടെ അറിഞ്ഞു. ഈ നാട്ടില്‍ ചിരപരിചിതയാണെന്ന് ഭാവിച്ച് അക്ഷമയോടെ നിന്നു. പിന്നീട് വന്ന ബസ്സ് എനിക്ക് പോകേണ്ട സ്ഥലത്തിന് അടുത്തുവരെ പോവുന്നതാണെന്ന് അടുത്തുനിന്ന സ്ത്രീ പറഞ്ഞുതന്നപ്പോള്‍ അവിടെ തനിച്ച് തുടരുന്നതിലുള്ള പന്തിയില്ലായ്മ മനസ്സിലാക്കി ഞാന്‍ അതില്‍ ചാടിക്കയറി. മുന്‍വശത്തെ വാതില്‍ വഴി ഉള്ളില്‍ കയറി തൊട്ടടുത്തുള്ള സ്ത്രീകളുടെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു കൈയില്‍ നേരത്തെ കരുതിയിരുന്ന പൈസയുമായി തിരിഞ്ഞപ്പോള്‍ പുറത്തെ ഇരുട്ട് എന്‍റെ കണ്ണിലും പടരുന്നതറിഞ്ഞു. തിരക്ക് കുറഞ്ഞിരുന്ന ബസ്സില്‍ ഞാനല്ലാതെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നില്ല. സീറ്റുകള്‍ മിക്കതും ഒഴിഞ്ഞുകിടന്നിരുന്നു. ടിക്കറ്റ് എടുക്കാനായി കണ്ടക്ടരുടെ അടുത്തുചെന്നു സ്ഥലപ്പേരു പറഞ്ഞപ്പോള്‍ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയശേഷം അയാള്‍ ടിക്കറ്റ് തന്നു.
 
മുടിയിഴകളെ പറത്തിക്കൊണ്ടു വീശിയ കുളിര്‍ക്കാറ്റില്‍ ഒരു നിമിഷം മാത്രമേ സ്വയം മറന്നിരിക്കാന്‍ കഴിഞ്ഞുള്ളൂ. വഴികള്‍ അപരിചിതമായി തോന്നിയെങ്കിലും ശുഭാപ്തിവിശ്വാസം കൈവെടിയാതെ തൊട്ടുപിന്നിലിരുന്ന വൃദ്ധനോട് എനിക്കിറങ്ങേണ്ട സ്ഥലം എത്തിയാല്‍ പറയണമെന്ന് അപേക്ഷിച്ചു. നടുക്കത്തോടെ എന്‍റെ മുഖത്തേക്ക് നോക്കിയ അദ്ദേഹം എഴുനേറ്റു അടുത്തുവന്നിരുന്നു.
 
"കുട്ടീ.. ഈ ബസ്സ് ആ വഴിക്കുള്ളതല്ലല്ലോ.. ഇതു നുങ്കംപാക്കത്തേക്കാ പോകുന്നത്"
കേട്ടുകേള്‍വി പോലുമില്ലാത്ത സ്ഥലപ്പേരും ഹോസ്റ്റല്‍ കവാടം പൂട്ടാനിനി പതിനഞ്ച് നിമിഷങ്ങള്‍ മാത്രമേയുള്ളൂ എന്ന ബോധവും ഇനിയെന്ത് എന്ന ചിന്തയുമെല്ലാമായി അതുവരെ സ്വരൂപിച്ചു വെച്ചിരുന്ന ധൈര്യവും വിശ്വാസവുമെല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി. തലേന്ന് രാത്രി വൈകിയെത്തിയ പെണ്‍കുട്ടിയെ പടിക്കല്‍ നിറുത്തി ഉച്ചത്തില്‍ ശകാരിക്കുന്ന ഹോസ്റ്റല്‍ മേധാവിയുടെ മുഖം മനസ്സില്‍ വന്നു. ദയനീയമായി എന്നെ നോക്കുന്ന മറ്റുയാത്രക്കാര്‍... തികച്ചും ശൂന്യമായ മനസ്സോടെ വെറുതെ ഞാനിരുന്നു.
എന്‍റെ വിളറിയ മുഖം കണ്ട ആ വൃദ്ധന്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. "കുട്ടി ഞാനിറങ്ങുന്ന സ്റ്റോപ്പില്‍ ഇറങ്ങിക്കൊള്ളൂ, അവിടെനിന്നും കുട്ടിക്കുള്ള ബസ്സില്‍ കയറ്റിവിടാം"

അയാളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനോ മറ്റൊരു മാര്‍ഗം തേടാനോ ഉള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നതുകൊണ്ട് ഞാന്‍ അനുസരിക്കുക തന്നെ ചെയ്തു. ഇടത്തേക്കുള്ള വളവു തിരിഞ്ഞു നിര്‍ത്തിയ ബസ്സില്‍നിന്നും ഇറങ്ങി വൃദ്ധനെ അനുഗമിച്ചു അങ്ങേവശത്തെത്തി. സാമാന്യം തിരക്കുകുറഞ്ഞ ആ വഴിയിലും വാഹനങ്ങളുണ്ടായിരുന്നു. കടകളില്‍ ചിലതൊക്കെ അടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നോടൊപ്പം വന്നയാള്‍ അവിടെ വഴിയരുകില്‍ ബസ്സ് കാത്തു നിന്നിരുന്ന പൂക്കാരിയോടു അന്വേഷിച്ചിട്ട്, അല്‍പ്പം മാറി പ്രാര്‍ത്ഥനയോടെ നിന്നിരുന്ന എന്‍റെ അരുകിലേക്ക്‌ അവരെയും കൂട്ടി വന്നു. കല്ലുപതിച്ച മൂക്കുത്തിയും നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ടും തലയില്‍ കനകാംബരപ്പൂക്കളും ധരിച്ചിരുന്ന ഇരുണ്ട നിറമുള്ള അവരുടെ മുഖത്ത് നിറയെ ദയയും വാത്സല്യവുമായിരുന്നു. എന്‍റെ അടുത്തേക്ക് നീങ്ങി നിന്ന്‌ സ്നേഹപൂര്‍വ്വം നോക്കി തമിഴില്‍ വൃദ്ധനോട് പറഞ്ഞു, "നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളുടെ കുട്ടിയെ ഞാന്‍ ഭദ്രമായി എത്തിച്ചോളാം"
വീണ്ടും കുറച്ചുനേരം കൂടി അവിടെത്തന്നെ ചിന്തിച്ചു നിന്നിട്ട്, മുന്നോട്ടു നടന്ന് ഇരുളില്‍ മറഞ്ഞു.

കുറച്ചുനേരം കൂടിക്കഴിഞ്ഞപ്പോള്‍ തിങ്ങിനിറഞ്ഞ യാത്രക്കാരുമായി എന്‍റെ ബസ്സ് വന്നു. ഒമ്പതു മണിക്കിനി അഞ്ചു നിമിഷം മാത്രമേയുള്ളൂ എന്ന അറിവും അടഞ്ഞുകിടക്കുന്ന വലിയ കവാടത്തിനു മുന്നില്‍ അഗതിയെപ്പോലെ നിൽക്കേണ്ടിവരുമെന്ന ഭയവും കൊണ്ട് ഉച്ചത്തിലാവുന്ന ഹൃദയമിടിപ്പ്‌ അടുത്തുനില്‍ക്കുന്നവര്‍ കേട്ടിട്ടുണ്ടാവാം.

ഒരിക്കല്‍ മാത്രം കണ്ട സ്ഥലം തെരുവുവിളക്കിന്‍റെ വെളിച്ചത്തില്‍ തിരിച്ചറിയുമോ എന്ന്‍ ഭയന്നും തിരക്കിനിടയില്‍ നിന്നും പുറത്തേക്ക് നോക്കാന്‍ പണിപ്പെട്ടും ഉയരുന്ന നെഞ്ചിടിപ്പോടെ ഞാന്‍ നിന്നു. എന്നോടൊപ്പം കയറിയ പൂക്കാരിയെയും കാണാനായില്ല. വേഗതയോടെ പിന്നിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ ഒന്നും മനസ്സിലേക്ക് കയറുന്നതെയില്ലായിരുന്നു. അടുത്തുണ്ടായിരുന്നവരോട് സ്ഥലപ്പേരു പറഞ്ഞെങ്കിലും അവരും കൈ മലര്‍ത്തിയതോടെ പ്രതീക്ഷകള്‍ കൈവെടിഞ്ഞു വെറുതെനിന്ന എന്നെ പിന്നില്‍നിന്നും ആരോ തൊട്ടുവിളിച്ചു. ഇതാണ് എനിക്കിറങ്ങേണ്ടയിടമെന്ന് പൂക്കാരിയമ്മയുടെ ശബ്ദത്തിൽ കേട്ടു.
ഇരമ്പലോടെ നിരങ്ങിനിന്ന ബസ്സില്‍നിന്നും ബദ്ധപ്പെട്ടിറങ്ങി ഒരു നന്ദിവാക്കു പറയാനായി തിരിഞ്ഞുനോക്കുമ്പോഴേക്കും ബസ്സ് എന്നെ പിന്നിട്ടുകഴിഞ്ഞിരുന്നു. രാവിലെ പോവുമ്പോള്‍ ശ്രദ്ധയില്‍പെട്ടിരുന്ന പോസ്റ്റിലെ അഞ്ചു വൈദ്യുതദീപങ്ങള്‍ ഒന്നിച്ചു കത്തിനില്‍ക്കുന്നതുംകൂടി കണ്ടപ്പോള്‍ ആശ്വാസത്തിന്‍റെ ഒരായിരം ദീപങ്ങളാണ് എന്‍റെയുള്ളില്‍ തെളിഞ്ഞത്. പക്ഷെ അതൊരു നിമിഷം മാത്രമേ നീണ്ടു നിന്നുള്ളൂ.. അടഞ്ഞുകിടക്കുന്ന ഗേറ്റ്.. ശകാരം... വീണ്ടും ഹൃദയമിടുപ്പ് കൂടുന്നതറിഞ്ഞു.
"ശീഖ്രം വാങ്കക്കാ.. " ഹോസ്റ്റല്‍ ജോലിക്കാരിപെണ്‍കുട്ടിയുടെ തികച്ചും അപ്രതീക്ഷിതമായ വിളികേട്ടു നോക്കുമ്പോള്‍ എന്തോ ആവശ്യത്തിനായി  പടിതുറന്ന് വീണ്ടും പൂട്ടാനൊരുങ്ങുകയായിരുന്നു അവള്‍. ഓടി ഉള്ളില്‍ കടന്നു മുറിയിലേക്ക് ധൃതിയില്‍ നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍നിന്നും കൃഷ്ണവേണി കട്ടിലില്‍ ഇരുന്നുകൊണ്ടെന്നെ വിളിച്ചു. അവളുടെ അരികിലെ പാത്രത്തില്‍ എനിക്കുള്ള അത്താഴമുണ്ടായിരുന്നു. ഒന്‍പതുമണിക്ക് മെസ്സ് അടക്കുന്നതുകൊണ്ട് വാങ്ങി വെച്ചതായിരുന്നു അവൾ.

എന്‍റെ കണ്ണുകള്‍ നിറഞ്ഞതെന്തിനെന്നറിയാതെ എന്നെത്തന്നെ നോക്കിയിരുന്ന അവളെ പിന്നിട്ട് മുറിയില്‍ കയറി വാതില്‍ ചാരി, കാരുണ്യവും സഹാനുഭൂതിയും ഈ ലോകത്തിനിയും ബാക്കിയുണ്ടെന്ന അറിവും ആരോടോക്കെയാണ് ഞാനീ ഭൂമിയില്‍ കടപ്പെട്ടിരിക്കുന്നതെന്ന ചിന്തയുമായി  എത്രനേരമാണ് അങ്ങനെ തന്നെ നിന്നതെന്ന് ഇന്നും എനിക്കറിഞ്ഞുകൂടാ.