About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, June 25, 2008

സൂര്യകാന്തി

എന്‍റെ ചെന്നൈ ജീവിതത്തിനിടയില്‍ ഞാന്‍ കണ്ട അനേകം ചിലരില്‍ ഒരാളാണ് സൂര്യകാന്തി. അവിടെയുള്ള ഓരോരുത്തര്‍ക്കും ഓരോ കഥകള്‍ ഉണ്ടായിരുന്നു പറയാന്‍. ഹോസ്റ്റലില്‍ എന്‍റെ അടുത്തമുറിയില്‍ അവള്‍ താമസത്തിനെത്തിയപ്പോള്‍ മറ്റുള്ള അന്തേവാസിനികളില്‍ ഒരാള്‍ മാത്രമായിരുന്നു അവളെനിക്ക്. ഏറെ വൈകി ഉണരുകയും രാത്രി ഗേറ്റ് അടച്ചതിനുശേഷം മാത്രം കൂടണയുകയും ചെയ്യാറുണ്ടായിരുന്ന അവള്‍ എന്തുചെയ്യുന്നു, എവിടെ പോവുന്നു എന്നൊന്നും അന്വേഷിക്കാന്‍ പോലും ഞാന്‍ മുതിര്‍ന്നിരുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്ന അവസരങ്ങള്‍ വിരളമായിരുന്നു.

സുഖമില്ലാത്തതിനാല്‍ അവധിയെടുത്ത് മുറിയില്‍ തന്നെ കിടക്കേണ്ടി വന്ന ഒരു ദിവസം അവള്‍ എന്‍റെ അരുകില്‍ എത്തി. എന്‍റെ സുഖവിവരം അന്വേഷിച്ചു. അവിടുത്തെ അടുക്കളയില്‍ നിന്നും ചൂടുവെള്ളം വാങ്ങിക്കൊണ്ടുവന്നു തന്നു. എന്‍റെ തിരക്കുകള്‍കൊണ്ടാണെങ്കില്‍പോലും അവളെ ഒന്നു പരിചയപ്പെടാതിരുന്നതിന്റെ ചെറിയ ജാള്യതയോടെ ഞാന്‍ കിടന്നു. അവളാകട്ടെ ഏറെനാളത്തെ പരിചയക്കാരിയെ പോലെ എന്നോട് ഒരുപാടു കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി.

സിനിമ എന്ന മഹാവ്യവസായത്തിന്റെ ഒരു ഭാഗമായിരുന്നു അവളും. ആളുകള്‍ അവളുടെ കൂട്ടരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നോ "extras" എന്നോ ഒക്കെ വിളിച്ചുപോന്നു. നായികയുടെ പിന്നില്‍ നിന്നു നൃത്തം ചെയ്യുന്ന സുന്ദരിമാരില്‍ ഒരുവള്‍. പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ പലതും കാണുമായിരുന്നെങ്കിലും അന്നേവരെ അവരോടോപ്പമുള്ളവരുടെ അധ്വാനത്തെ കുറിച്ചോ അവരുടെ കഷ്ടപ്പാടുകളെ കുറിച്ചോ ഞാന്‍ ചിന്തിച്ചിരുന്നില്ലല്ലോ എന്ന് കുറ്റബോധത്തോടെ ഓര്‍ത്തു.

പിന്നീട് പലപ്പോഴായി അവളുടെ കഥ ഞങ്ങളറിഞ്ഞു. ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ ആരോരുമില്ലാത്തവളായി ജനിച്ചു ആരുടെയോ കാരുണ്യത്താല്‍ നഗരത്തിലെ ഒരു അനാഥാലയത്തില്‍ വളര്‍ന്നതും നൃത്തത്തോടുള്ള പ്രിയം കൊണ്ടും ജീവിക്കാന്‍ വേണ്ടിത്തന്നെയും ഒടുവില്‍ ഇവിടെ എത്തിപ്പെട്ടതും എല്ലാം. അവളുടെ അപക്വവും നിഷ്കളങ്കവുമായ സംസാരമൊക്കെ കേട്ട് ഞങ്ങള്‍ പ്രവര്‍ത്തനമേഖലയിലെ ചതിക്കുഴികളെ കുറിച്ചൊക്കെ ബോധവതിയാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒരു നിസ്സംഗമായ ചിരിയോടെ അവള്‍ പറഞ്ഞു,
"എല്ലാം എനക്ക് തെരിയും അക്കാ" .

പലപ്പോഴായി കിട്ടുന്ന തുകകള്‍ അവള്‍ ഞങ്ങളെ എല്പ്പിക്കുമായിരുന്നു, കൈയ്യിലിരുന്നാല്‍ ചെലവായി പോകും എന്നുഭയന്ന്‍. ഞങ്ങളുടെ നിര്‍ദേശങ്ങള്‍ മാനിച്ച് തന്‍റെ വസ്ത്രധാരണത്തിലെ കുറവുകള്‍ നികത്തി, കൂട്ടുകാരോടോപ്പമുള്ള രാത്രികളിലെ കറക്കമൊക്കെ നിറുത്തി നേരത്തെ മുറിയിലെത്തി തുടങ്ങി. ഇടയ്ക്ക് അവളോടൊപ്പം വളര്‍ന്ന കൂട്ടുകാര്‍ക്ക് വസ്ത്രങ്ങളും സമ്മാനങ്ങളുമായി ചെന്നും, തിരക്കാര്‍ന്ന എന്‍റെ പ്രഭാതങ്ങളില്‍ ഉറക്കച്ചടവോടെ സുപ്രഭാതം ആശംസിച്ചും ജോലിക്കൂടുതലുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്കുള്ള അത്താഴം വാങ്ങിവെച്ചും അവള്‍ അവിടെ കഴിഞ്ഞുകൂടി.

ഒരു അവധിക്കാലം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അവളുടെ മുറിയിലെ പുതിയ താമസക്കാരിയെ കണ്ട് അമ്പരന്ന എന്നോട് അവളെ വാര്‍ഡന്‍ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിച്ചുവിട്ട കഥകള്‍ സുഹൃത്ത് പറഞ്ഞു. സിനിമാക്കാരി എന്ന പട്ടം ഹോസ്റ്റലിന്റെ പേരിനു ദോഷമാണ് എന്ന് അവര്‍ക്ക് തോന്നിയത് ആ മാസത്തെ വാടക കൊടുക്കാന്‍ പുറത്തെവിടെയോ ഷൂട്ടിങ്നു പോയിരുന്നതിനാല്‍ വൈകിയപ്പോള്‍ മാത്രമായിരുന്നുവത്രെ. ആരുമല്ലായിരുന്നിട്ടും എന്‍റെ ആരൊക്കെയോ ആയിത്തീര്‍ന്ന അവളോട്‌ ഒന്നു യാത്ര പറയാന്‍ പോലും കഴിയാതിരുന്നതില്‍ മനസ് വേദനിച്ചു.

മാസങ്ങള്‍ക്ക് ശേഷം ഒരു സന്ധ്യക്ക്‌ ഓഫീസില്‍ നിന്നും തിരക്കിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്നും പരിചയസ്വരത്തിലുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി. തിളങ്ങുന്ന വസ്ത്രങ്ങളുമായി സൂര്യകാന്തി ഓടി അടുത്തെത്തി. പോരുമ്പോള്‍ കാണാന്‍ കഴിയാതിരുന്നതും, ഇപ്പോള്‍ അടുത്തുള്ള ഒരു ഫ്ലാറ്റില്‍ കൂട്ടുകാരോടൊപ്പം ആണെന്നും മറ്റും ധൃതിയില്‍ പറഞ്ഞുകൊണ്ടിരുന്നു. എന്‍റെ മുഖത്തെ സംശയഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു, കൈയ്യില്‍ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ടു അവള്‍ പറഞ്ഞു,
"ഇല്ലക്കാ, ഞാന്‍ ഇനിയും ചീത്തയായിട്ടില്ല"

അവളുടെ മുന്നില്‍ നിന്നു ഞാന്‍ തീര്‍ത്തും ചെറുതായി പോവുന്നതുപോലെ തോന്നി എനിക്ക്. എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ബസ്സിനു നേരെ നടക്കുമ്പോള്‍ ചിരിച്ചുകൊണ്ട് അവള്‍ വീട്ടിലേക്ക് ക്ഷണിച്ചു. കാരണമില്ലാതെ നിറഞ്ഞുവന്ന കണ്ണുകള്‍ അവളില്‍ നിന്നും മറച്ച്, തലയാട്ടിയെന്നു വരുത്തി ബസ്സില്‍ കയറി.

പിന്നീടൊരിക്കലും ഞാന്‍ അവളെ കണ്ടില്ല. അവള്‍ പറഞ്ഞ കഥകളില്‍ എന്നോ കടന്നുവന്ന മലയാളി ചേട്ടന്‍ അയാളുടെ വാഗ്ദാനം പാലിച്ചോ അതോ സെറ്റില്‍ നിന്നും സെറ്റിലേക്ക് കാലുകള്‍ തളരാതെ നൃത്തം തുടരുന്നോ എന്നൊന്നും ഞാന്‍ അറിഞ്ഞില്ല. എങ്കിലും ഇന്നും ഓരോ നൃത്തരംഗങ്ങളിലും മിന്നിമായുന്ന മുഖങ്ങളില്‍ ഞാന്‍ അവളെ തിരയുന്നു.

Monday, June 23, 2008

പ്രതീക്ഷ

ഉച്ചയൂണു കഴിഞ്ഞു അടുക്കള വൃത്തിയാക്കുന്നതിനിടയിലാണ് ഇടിയോടുകൂടിയ മഴ പെയ്തുതുടങ്ങിയത്. ഉണങ്ങാനിട്ടിരുന്ന തുണികളും മറ്റും അകത്തെ അയയില്‍ വിരിച്ചിട്ടു പണികളെല്ലാം ധൃതിയില്‍ തീര്‍ത്ത് കുഞ്ഞിനെയുമെടുത്ത്‌ മുറിയിലേക്ക് നടക്കുമ്പോള്‍ നാലുവയസ്സുകാരി മൂത്തമകള്‍ ചിണുങ്ങിക്കൊണ്ട് അടുത്തെത്തി. തലേന്ന് ബീച്ചില്‍ നിന്നും വാങ്ങിയ പട്ടം പറത്താനുള്ള കാറ്റു വരുന്നതും കാത്ത്‌ രാവിലെ മുതല്‍ മുറ്റത്തിറങ്ങി നില്‍ക്കുകയായിരുന്നു. കാറ്റിനോടൊപ്പം ഇടിയുമായി മഴ എത്തിയതോടെ പട്ടവുമായി അകത്ത് കയറേണ്ടി വന്നു. റിമോട്ട് എടുത്തു കാര്‍ട്ടൂണ്‍ ചാനല്‍ പരതുന്നതിനിടെ അടുത്ത ഇടിയോടുകൂടി കരണ്ടും പോയി. ഒടുവില്‍ നിറം കൊടുക്കാനായി പെന്‍സിലും ചിത്രപുസ്തകവുമായി സോഫയില്‍ ഇരുപ്പായി.


കുഞ്ഞിനോടൊപ്പം കിടന്നുകൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ഇലച്ചാര്‍ത്തുകളെ തഴുകി ഭൂമിയെ പുല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന ജലകണങ്ങള്‍ ‍തായമ്പകയുടെ തനിയാവര്‍ത്തനം പോലെ ഓടിനു പുറത്തും ഉണങ്ങിവീണ ഇലകളിലും താളമിടുന്നുണ്ടായിരുന്നു.


ചിന്ത വീണ്ടും മുന്‍വശത്ത് തനിച്ചിരിക്കുന്ന മകളെ കുറിച്ചായി. കൂടപ്പിറപ്പ് വരുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യമൊന്നും അതംഗീകരിക്കാന്‍, അമ്മയുടെ സ്നേഹം പകുത്തുപോവുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഒന്നും ആ കുഞ്ഞുമനസ്സിനായിരുന്നില്ല. അതുകൊണ്ടുതന്നെ കൂട്ടുകാരൊക്കെയും അവളെ സൂക്ഷിക്കണമെന്നും പാലുകൊടുക്കുന്നത് പോലും അവള്‍ കാണാതെ വേണമെന്നുമൊക്കെ ഉപദേശിച്ചിരുന്നു. പക്ഷേ, കുഞ്ഞുവാവയുടെ തുടുത്ത മുഖം ആദ്യമായി കണ്ടതോടെ ഓപ്പോള്‍ ഉണരുകയായിരുന്നു. അതോടെ എന്നും അമ്മയെ കെട്ടിപ്പിടിച്ചുമാത്രം ഉറങ്ങിയിരുന്ന അവള്‍, കുഞ്ഞുവാവ ഉറങ്ങിയതിനുശേഷം അമ്മ തന്‍റെ അടുത്തേക്ക് തിരിഞ്ഞുകിടന്നാല്‍ മതി എന്ന ആവശ്യം മാത്രമേ ഉന്നയിച്ചുള്ളുവല്ലോ. ഇളയ കുഞ്ഞിനു സുഖമില്ലാതിരുന്നതുകൊണ്ട് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായിട്ട് അവളെ കാര്യമായി ശ്രദ്ധിക്കാനേ കഴിഞ്ഞിട്ടില്ല. എന്നിട്ടും പരിഭവമൊന്നും പറയാതെ എല്ലാം മനസിലാക്കി പ്രവര്‍ത്തിക്കുന്നുണ്ട് പാവം.


എന്തോ ശബ്ദം കേട്ടു ഞെട്ടി ഉണര്‍ന്നപ്പോള്‍ മാത്രമാണ് ആ കിടപ്പില്‍ അറിയാതെ ഉറങ്ങിപ്പോയതറിഞ്ഞത്. ഉറങ്ങികിടക്കുന്ന കുഞ്ഞിനരികില്‍ തലയിണ വെച്ച്, വസ്ത്രം നേരെയാക്കിക്കൊണ്ട് ഉമ്മറത്തേക്ക് നടന്നു. ചുറ്റഴിയാത്ത പട്ടത്തിനും ചിതറിക്കിടക്കുന്ന ചായപെന്സിലുകള്‍ക്കും മുഴുമിക്കപ്പെടാത്ത ചിത്രത്തിനും അരികെ സോഫയില്‍ ചരിഞ്ഞുകിടന്നുറങ്ങുന്ന മകളെ വാരിയെടുത്ത് മുറിയിലേക്ക് നടക്കവേ, പാതിമയക്കത്തില്‍ അവ്യക്തമായ അവളുടെ സ്വരം എന്‍റെ കാതിലെത്തി..

"മഴ പോയിട്ട് കാറ്റുവരും, അല്ലേ അമ്മേ.."

Friday, June 20, 2008

ഓമനചേച്ചി

ഒരു പരീക്ഷക്കാലത്താണ് ഓമനചേച്ചി ആദ്യമായി ഞങ്ങളുടെ വീട്ടിലെത്തിയത്. മണ്ണെണ്ണ വിളക്കിന്‍റെ അരണ്ടവെളിച്ചം കണ്ണട അണിയാന്‍ നിര്‍ബന്ധിതയാക്കിയപ്പോള്‍ എന്‍റെ ചേച്ചിയോടൊപ്പം വീട്ടിലിരുന്നുപഠിച്ചോട്ടെ എന്ന നിര്‍ദേശം ഉന്നയിച്ചുകൊണ്ട് ഞങ്ങളുടെ ട്യൂഷന്‍ മാസ്റ്റര്‍ ആണ് ഓമനചേച്ചിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. അതിന്‍റെ പിറ്റേന്നുമുതല്‍ സന്ധ്യക്ക്‌ കൈയില്‍ പുസ്തകക്കെട്ടും ഒരു ചോറുപാത്രവുമായി വെളുത്തുമെലിഞ്ഞ ശരീരവും ചുരുണ്ടമുടിയുമുള്ള ഒരു പെണ്‍കുട്ടി ഞങ്ങളുടെ പടികടന്നു വന്നുതുടങ്ങി. അമ്മയും മറ്റും ഏറെ വിലക്കിയിട്ടും വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരുന്ന പതിവ് പിന്നീടുള്ള 6 വര്‍ഷവും തുടര്‍ന്നുവന്നു.

ആദ്യമൊന്നും വീട്ടിലെ പുതിയ അതിഥിയെ സ്വീകരിക്കാന്‍ ആറാം ക്ലാസ്സുകാരിയായ എനിക്കായിരുന്നില്ല. മാത്രമല്ല എന്‍റെ പുസ്തകത്തിനുള്ളില്‍ ആരുമറിയാതെ കടന്നുകൂടിയ ബാലരമയും, സ്കൂളില്‍ പോവുന്നതിനു തൊട്ടുമുന്പുമാത്രം തിരക്കിട്ട് ചെയ്യാറുള്ള ഹോംവര്‍ക്കും കണ്ടുപിടിച്ചു ചേച്ചിമാരുടെ ശ്രദ്ധയില്‍പെടുത്തിയതോടുകൂടി എന്‍റെ ഉള്ളില്‍ ചെറിയൊരു ശത്രുത തന്നെ ഉടലെടുത്തു എന്നുപറയാം. പക്ഷേ വളരെ കുറച്ചുനാളുകള്‍ കൊണ്ടുതന്നെ തന്‍റെ നര്‍മ്മഭാഷണം കൊണ്ടും സ്നേഹപൂര്‍വമുള്ള പെരുമാറ്റത്താലും മറ്റുള്ളവരോടൊപ്പം എന്നെയും തന്നിലേക്ക് അടുപ്പിക്കാന്‍ ആ പെണ്‍കുട്ടിക്ക് കഴിഞ്ഞു.

അങ്ങനെ പരീക്ഷ കഴിഞ്ഞിട്ടും ഞങ്ങളുടെ പ്രത്യേകക്ഷണം സ്വീകരിച്ച് അവധിക്കാലങ്ങളിലും ഓമനചേച്ചി എത്തി. വേനല്‍ ആയതുകൊണ്ട് ഞങ്ങള്‍ എല്ലാരും ഹാളില്‍ തറയില്‍ പായവിരിച്ചാണ് കിടന്നിരുന്നത്. എല്ലാരുമൊന്നിച്ചുള്ള അത്താഴത്തിനുശേഷം ഓമനചേച്ചി വാരിക കൈയിലെടുക്കും. ചുറ്റും ഞാനും ചേച്ചിമാരും കൂടും. പിന്നെ അവിടെ ഫലിതബിന്ദുക്കള്‍ മുതല്‍ ഹാസ്യനോവല്‍ വരെ ഓമനചേച്ചിയുടെ സ്വതസ്സിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടും. ചിരിയുടെ ശബ്ദം അറിയാതെ കൂടുമ്പോള്‍ വാതില്‍ക്കല്‍ ഹോസ്റ്റല്‍ വാര്‍ഡനെ പോലെ അമ്മ പ്രത്യക്ഷപ്പെടും. എല്ലാരെയും ചിരിപ്പിച്ച ആള്‍ മാത്രം തലയിണയില്‍ മുഖം പൂഴ്ത്തി കമിഴ്ന്നുകിടക്കുന്നുണ്ടാവും.

പ്രീഡിഗ്രി കഴിഞ്ഞതോടെ നര്‍സിങ്ങിന് പഠിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനയില്‍ ആയിരുന്നു തന്‍റെ ഹൃദയഭിത്തിയില്‍ ഈശ്വരന്‍ എന്തോ വികൃതി കാട്ടിയത് ഓമനചേച്ചി അറിഞ്ഞത്. വിദഗ്ധപരിശോധനയില്‍ കുറച്ചു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി മരുന്നുകഴിച്ചാല്‍ മതിയാവും എന്നറിഞ്ഞു. അങ്ങനെ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതുവരെ ഞങ്ങളോടൊപ്പം ഞങ്ങളില്‍ ഒരാളായി, അമ്മയുടെ മറ്റൊരു മകളായി...

ഇതിനിടയില്‍ ഞാന്‍ പഠനത്തിനും, തുടര്‍ന്ന് ജോലിക്കും ഒക്കെയായി ആ നാടു വിട്ടിരുന്നു. അമ്മയുടെ കത്തുകളില്‍ ഓമനചേച്ചിയുടെ വിവാഹവും തമിഴ്നാട്ടിലേക്കുള്ള പറിച്ചുനടലും ഒക്കെ വാര്‍ത്തകളായി. പിന്നീടൊരിക്കല്‍ അവധിക്കു നാട്ടിലെത്തിയപ്പോള്‍ കൈയിലൊരു കൊച്ചു സുന്ദരിക്കുട്ടിയുമായി ഓമനചേച്ചി വീട്ടിലെത്തി. വല്ലാതെ മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷീണിച്ച ഒരു ചിരി മാത്രം സമ്മാനിച്ചു പടിയിറങ്ങിപോയി. അമ്മയാണ് പഴയ അസുഖം വീണ്ടും വന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞത്.
ഏതോ ഒരു പ്രഭാതത്തില്‍ ഹോസ്റ്റലില്‍ എന്നെ തേടിയെത്തിയ അമ്മയുടെ വിളിയാണ്, ഞങ്ങളെയെല്ലാം ചിരിപ്പിച്ചു ആയുസ്സുകൂട്ടിയ ആ ജീവന്‍ രംഗബോധമില്ലാത്ത കോമാളിയുടെ വിധിവിളയാട്ടത്തിനു കീഴടങ്ങിയത് അറിയിച്ചത്. അവസാനകാലത്ത് വല്ലാതെ വേദന അനുഭവിച്ചിരുന്നുവത്രേ. ഒടുവില്‍ operation കഴിഞ്ഞും കണ്ണുതുറക്കാന്‍ കൂട്ടാക്കാതെ....

Tuesday, June 17, 2008

മഴ

മഴ എനിക്ക് എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഓര്‍മ്മയാണ്. കുട്ടിക്കാലത്ത് ആര്‍ത്തുപെയ്യുന്ന മഴയത്ത് കുട പിടിച്ചും പാതിയും നനഞ്ഞുകൊണ്ട് സ്കൂളില്‍ പോയിരുന്നത്...

അമ്പലമുറ്റത്തെ വെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കളിച്ചത്...

കാറ്റില്‍ മുടിയഴിച്ചാടുന്ന കരിമ്പനകളെ ഭയപ്പാടോടെ നോക്കി ചേച്ചിയുടെ പിന്നില്‍ ഒളിച്ചത്...

ജനാലക്കല്‍ ഇരുന്നു മഴ കണ്ടത്...

ഇരു ചെവിയിലും വിരലിടുകയും എടുക്കുകയും ചെയ്തു മഴയുടെ സംഗീതം ആസ്വദിച്ചത്... അതിലെ താളഭേദങ്ങള്‍ തിരഞ്ഞത്...

അങ്ങനെ മഴയുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...



പിന്നീടെന്നോ മഴ പ്രണയമായി....

വിരഹമായി...

നഷ്ടബോധമായി... പ്രത്യേകിച്ചും മഴയുടെ(ദൈവത്തിന്റെയും) സ്വന്തം നാടു വിടേണ്ടി വന്നപ്പോള്‍...

ആണ്ടിലൊരിക്കല്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം മഴ വിരുന്നുകാരനായെത്തുന്ന നാട്ടില്‍ ഉപജീവനത്തിനായി ചേക്കേറേണ്ടിവന്നപ്പോള്‍ മഴയുടെ കൊതിപ്പിക്കുന്ന ഓര്‍മകളും കൂട്ടുകാരുടെ forwarded mails'ഉം കൊണ്ടു സമാധാനിക്കേണ്ടി വന്നു...



എങ്കിലും ആകാശം ഇരുണ്ടു കൂടുമ്പോള്‍ എന്‍റെ ഉള്ളില്‍ വല്ലാത്ത ഒരു വിങ്ങല്‍ ആണ്... മേഘാവൃതമായ ആകാശം കണ്ട് "how romantic climate" എന്ന് പറയാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല... മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ തന്നെ ആവാറുണ്ട് അപ്പോള്‍ എന്‍റെ മനസ്സും.. പെയ്തൊഴിയാന്‍ കാത്ത്... (അതിന്‍റെ കാരണം ഇന്നുവരെ എനിക്ക് കണ്ടെത്താനായിട്ടില്ലെങ്കിലും..)