About Me

My photo
A person who loves to read, write, sing and share thoughts.

Friday, May 29, 2009

പേരിടാത്ത കഥ

"ഭദ്രേച്ചിയേ.. ഇന്നോരെണ്ണം കൂടീണ്ട് ട്ടോ.. നമ്മടെ ദിവാകരേട്ടന്റെ അമ്മ... ഇന്ന് പുലര്‍ച്ചയ്ക്കാത്രേ.. ബോംബേന്നു മകള് എത്തീട്ടില്ല്യാ.. സന്ധ്യാവുംന്നാ തോന്നണേ.."

എരിഞ്ഞടങ്ങുന്ന ചിതയ്ക്കരുകില്‍നിന്ന് അവസാനത്തെ ആളും മടങ്ങിയതിനുശേഷം അവിടമൊക്കെ വൃത്തിയാക്കിക്കൊണ്ട് നില്‍ക്കുകയായിരുന്ന അവളോട്‌ വിറകുകള്‍ അടുക്കിവെച്ചുകൊണ്ട് മണിയന്‍ പറഞ്ഞു. ഏറെ പണിപ്പെട്ടു മനസ്സില്‍നിന്നും തുടച്ചുനീക്കിയ പേര് ഒരു വിറയലായി ശരീരത്തില്‍ പടരുന്നത് കാര്യമാക്കാതെ ജോലി തുടര്‍ന്നു.

*************

അമ്മയെ മേലുകഴുകിച്ചു നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഉമ്മറകോലായയില്‍ ഇരുത്തി, സന്ധ്യാദീപം കൊളുത്തിവെച്ച്, കഞ്ഞിക്കുള്ള അരികഴുകുമ്പോള്‍ കേട്ട പതിവ് മണിനാദം താനറിയാതെ തന്നെ കിണറ്റുകരയില്‍ എത്തിച്ചു.


"നാളെ കാലത്ത് ഏഴുമണിക്ക് നീ അമ്പലത്തില്‍ വരണം. അമ്മ വരണുണ്ട്. ഞാനെല്ലാം പറഞ്ഞിട്ടുണ്ട്. നിന്നെ ഇഷ്ടാവും. എനിക്കുറപ്പാ.. "

"എല്ലാം പറഞ്ഞുവോ? "

"അതിനിപ്പോ ന്താത്ര പറയാനുള്ളത്? നീ വന്നേ പറ്റൂ.. പോട്ടെ.. നേരായി"

ചുവന്ന ഇരിപ്പിടമുള്ള സൈക്കിളും തുടരെയുള്ള മണിനാദവും ഇരുളില്‍ അകലേക്ക് മറയുമ്പോള്‍ അടുക്കളച്ചുവര്‍ ചാരിനിന്നവള്‍ തനിയെ ചിരിച്ചു.. എത്ര സുന്ദരിയായി മുന്നില്‍ ചെന്നാലും സുന്ദരിയുടെ പിന്നാമ്പുറകഥകള്‍ അറിയുമ്പോള്‍ ആ അമ്മയും ചുവപ്പുകൊടി കാട്ടും. നാട്ടുമ്പുറത്ത് തനിയെ കഴിയുന്ന വിധവയായ അമ്മയും യുവതിയായ മകളും കഥകള്‍ക്കുള്ള പ്രമേയമാണ് പലപ്പോഴും. ആരോരുമില്ലാത്തവര്‍ക്ക് നേരെ നീട്ടപ്പെടുന്ന സഹായഹസ്തം അന്യദേശക്കാരനായ പുരുഷന്റെതാണെങ്കില്‍ അത് കഥയിലെ രസത്തിനുള്ള മേമ്പൊടിയും. കുഞ്ഞുന്നാള്‍ മുതലേ കുളക്കടവിലും പ്രദക്ഷിണവഴികളിലും അവള്‍ പലതും നേരിട്ടും അല്ലാതെയും കേട്ടുകൊണ്ടിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് പടക്കപ്പുരയില്‍ നടന്ന അപകടത്തില്‍ ഭര്‍ത്താവിനോടൊപ്പം എരിഞ്ഞടങ്ങാന്‍ കഴിയാത്തതില്‍ സ്വയം ശപിച്ചുകഴിയുന്ന അമ്മയോട് കൂടെ പണിചെയ്തിരുന്ന മറ്റൊരു പുരുഷന്‍റെ കണ്ണുകളില്‍ മോഹം കണ്ടിരുന്നോ എന്നോ അതിനുമുന്പെപ്പോഴെങ്കിലും അയാള്‍ തന്‍റെ പ്രണയം പറഞ്ഞിരുന്നോ എന്നൊന്നും ചോദിക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല. കഴിയുന്നതും ഒരു കയ്യോ നോട്ടമോ മൂളലോ കൊണ്ടുമാത്രം ആശയവിനിമയം നടത്തുകയും അല്ലാത്തപ്പോഴൊക്കെ അകലേക്ക് നോക്കി വെറുതെ കിടക്കുകയും ചെയ്തിരുന്ന അമ്മയില്‍നിന്ന് ഒന്നും തന്നെ അറിയാന്‍ ആഗ്രഹവും ഉണ്ടായില്ല.


തികച്ചും ഒറ്റപ്പെട്ടുപോയ, മുഴുപ്പട്ടിണിയുടെ നാളുകളില്‍ അരിയും മറ്റ് അവശ്യസാധനങ്ങളും നിറച്ച പച്ചയും മഞ്ഞയും പ്ലാസ്റ്റിക്‌നൂലുകള്‍ വരിഞ്ഞുണ്ടാക്കിയ ഒരു സഞ്ചി മാത്രം ഇറയത്തുവെച്ച് തങ്കവേലു നടന്നകന്നു. അവളുടെ കുഞ്ഞുവയറിന്റെ വിശപ്പോര്‍ത്ത് അമ്മ ആ സഞ്ചി ഉള്ളിലെക്കെടുത്തു വെച്ചുതുടങ്ങി. അതോടെയായിരുന്നു കഥകള്‍ക്ക് പുതിയ മാനങ്ങള്‍ വന്നു തുടങ്ങിയത്.

"അമ്മക്ക് ക്ഷീണോക്കേണ്ടോ കുട്ട്യേ? തങ്കവേലുമാമന്‍ ആശൂത്രീല്‍ കൊണ്ടോയോ?"

പഞ്ചാക്ഷരീമന്ത്രത്തിനോടൊപ്പം പരദൂഷണം ചേര്‍ത്ത് ചൊല്ലുന്ന നാണിയമ്മ കുളക്കടവില്‍ അവളെ പിടിച്ചുനിറുത്തി ഉറക്കെ ചോദിച്ചപ്പോള്‍ മറ്റു മഹിളാമണികള്‍ പൊട്ടിച്ചിരിക്കുന്നതുകണ്ട് കുറച്ചുനേരം പകച്ചു നിന്നിട്ട് തിരിഞ്ഞോടുമ്പോള്‍ പിന്നില്‍ പിന്നെയും ചോദ്യങ്ങള്‍ പല ശബ്ദങ്ങളില്‍ കേട്ടു. അന്നുമുതല്‍ അയാളുടെ വളഞ്ഞ കാലുകള്‍ പെറുക്കി വെച്ചുള്ള നടത്തം മുതല്‍ കഷണ്ടി കയറിയ തലയും കറുത്തദേഹവും മുഷിഞ്ഞ ഒറ്റമുണ്ടും കാല്തണ്ടയിലെ മുറിവുകെട്ടും വരെ അവള്‍ വെറുത്തു. അയാള്‍ ചെയ്യുന്നതൊക്കെ എന്തിനു വേണ്ടിയെന്ന ഉത്തരം കിട്ടാത്ത ചോദ്യം മനസ്സില്‍ അവളോടൊപ്പം വളര്‍ന്നുകൊണ്ടിരുന്നു. പള്ളിക്കൂടത്തില്‍നിന്നും വീട്ടിലേക്കുള്ള വഴിയില്‍ അമ്മയോട് ചോദിക്കാനുള്ള ചോദ്യം രൂപപ്പെടുത്താനായി സ്വരുക്കൂട്ടിവെച്ച വാക്കുകളെല്ലാം ഒറ്റമുറിവീടിന്റെ ഇരുളില്‍ മച്ചിലേക്ക് നോക്കി മിണ്ടാതെ കിടക്കുന്ന മുഖം കാണുന്നതോടെ അവളില്‍നിന്നും ചോര്‍ന്നുപോകുമായിരുന്നു. ഒരിക്കല്‍ മുറിയുടെ മൂലയ്ക്കു നിറഞ്ഞിരുന്ന സഞ്ചി അവളുടെ നിയന്ത്രണത്തെ നഷ്ടപ്പെടുത്തി. രണ്ടുകൈകൊണ്ടും പിടിച്ചുയര്‍ത്തി പുറത്തേക്ക് വലിച്ചെറിയാന്‍ ഒരുങ്ങുമ്പോള്‍ മുന്നിലുയര്‍ന്ന പൊള്ളി വികൃതമായ കൈകള്‍ അവളിലെ സംശയവും ധൈര്യവുമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി. മനസിലുദിച്ച സംശയങ്ങള്‍ അയാളോട് തന്നെ നേരിട്ട് ചോദിക്കണമെന്ന് കരുതിയെങ്കിലും ഒരിക്കല്‍പോലും അയാള്‍ അവള്‍ക്കു മുഖം കൊടുത്തില്ല. പലപ്പോഴും ചോരയും ചലവും പടര്‍ന്ന മുറിവുകെട്ടുമാത്രം അവള്‍ കണ്ടു. പിന്നില്‍നിന്നും അയാളെ എങ്ങനെ വിളിക്കണമെന്ന് ചിന്തിച്ചുനില്‍ക്കുമ്പോഴേക്കും കാലുകള്‍ പെറുക്കിവെച്ച് വേച്ചുവേച്ച്‌ ആ രൂപം നടന്നകന്നു. ഒരിക്കല്‍ വല്ലാത്തൊരു ധൈര്യത്തോടെ അവള്‍ അയാളെ നേരിടുകതന്നെ ചെയ്തു. അവളെ മിഴിച്ചുനോക്കിയ അയാളുടെ കണ്ണുകളിലെ ചോദ്യഭാവത്തിനു മുന്നില്‍ വാക്കുകള്‍ മറന്ന്‍ കിതപ്പോടെ അവള്‍ നിന്നു. അയാളുടെ മുഖം അന്നാദ്യമായിട്ടായിരുന്നു അവള്‍ വ്യക്തമായി കാണുന്നതുതന്നെ.

"എന്നമ്മാ വേണം?"വസൂരിക്കലകള്‍ നിറഞ്ഞ കവിള്‍ത്തടവും ചുവന്ന കണ്ണുകളും നിശബ്ദയായി നോക്കി നില്‍ക്കെ, ഏതോ ഗുഹാമുഖത്തുനിന്നെന്നപോലെ മുഴക്കമുള്ള ശബ്ദത്തില്‍ ആവുന്നത്ര കനിവും വാത്സല്യവും നിറച്ച് അയാള്‍ ചോദിച്ചു.

"എനിക്ക്... എനിക്കൊരു ജോലി...."

"എന്‍ കൂടെ വരുന്നോ? കാലു വയ്യാത്തതുകൊണ്ട് പണികളെല്ലാം തനിയെ ചെയ്യാനാവുന്നില്ല. "

പടക്കപ്പുരയിലെ അപകടത്തിനുശേഷം കൂട്ടുകാരനെ കൊലയ്ക്കു കൊടുത്തെന്ന അപവാദം കൂടിയായപ്പോള്‍ അയാള്‍ പൊതുശ്മശാനത്തില്‍ സഹായിയായി ജോലിചെയ്യുകയായിരുന്നു. കാലം അയാളെ അവിടുത്തെ സ്ഥിരം ജോലിക്കാരനാക്കി. ആത്മാവറ്റ ശരീരങ്ങള്‍ അയാളെ ഒന്നിനും പഴിച്ചില്ല. തലയോട്ടികളുടെയും ചാരക്കൂനകളുടെയും അരുകില്‍ ആരെയും ഭയക്കാതെ അയാള്‍ അന്തിയുറങ്ങി. കൂട്ടിനെത്തിയ ആത്മാക്കളോട് മാത്രം കഥപറഞ്ഞു. പണ്ടത്തെ അപകടത്തില്‍ ഉണ്ടായ കാല്‍തണ്ടയിലെ മുറിവ് മാത്രം ഒരിക്കലും കരിയാതെ അയാളോടൊപ്പം നിന്നു. കൂട്ടുകാരന്‍റെ ശാപം വിടാതെ തുടരുന്നതാണെന്നും നാട്ടുകാര്‍ പഴിച്ചു.


അന്നാദ്യമായി അവരുടെ കോലായയില്‍ അവളില്‍നിന്നു കുറച്ചകലെയായി അയാളിരുന്നു. അയാളുടെ മുഖത്ത് നോക്കിയിരിക്കെ ആദ്യമായാണ് അയാള്‍ ആരോടെങ്കിലും സംസാരിക്കുന്നതെന്ന് തോന്നി.

വീടിനുമുന്നിലൂടെ പോവാറുള്ള ഒരു ശവമഞ്ചത്തില്‍പോലും നോക്കാനുള്ള ധൈര്യമില്ലാതിരുന്ന അവള്‍ക്ക് മൃതശരീരങ്ങളുടെ അരികില്‍ വിറകും മറ്റും എടുത്തുകൊടുക്കാനും അവിടം വൃത്തിയാക്കാനുമൊക്കെ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
"എതുക്ക്‌ ഭയം? ഉയിരുള്ളവരെ താന്‍ ബയക്കണം.."


അപവാദമോ പഴിയോ ഇല്ലാത്ത ലോകം കൊതിച്ചിരുന്ന അവള്‍ക്കു ആ ജോലി അനുഗ്രഹമായിരുന്നു. മാത്രമല്ല മറ്റൊരാളുടെ ഔദാര്യത്തില്‍നിന്നുള്ള മോചനവും. ആദ്യകാലങ്ങളില്‍ അവിടേക്ക് വരുന്ന ജഡത്തിന്റെ മുഖത്ത് നോക്കാന്‍ ഭയന്നിരുന്നുവെങ്കിലും ചേതനയറ്റ ശരീരങ്ങളും പച്ചമാംസത്തിന്റെ കരിഞ്ഞഗന്ധവും അടക്കിപ്പിടിച്ച തേങ്ങലുകളും എരിയുന്ന കനലിന്റെ ചൂടും പൊട്ടിച്ചിതറുന്ന അസ്ഥികളുടെ മര്‍മ്മരവും അവള്‍ക്ക് ശീലമായി. ജോലിസ്ഥലത്ത് തങ്കവേലുവിന്റെ സാന്നിധ്യം അവള്‍ക്കൊരിക്കലും ശല്യമായില്ല. ആ വൃദ്ധന്‍റെ മുറിവില്‍ പച്ചമരുന്നുകള്‍ വെച്ചുകെട്ടി, അയാള്‍ക്കുള്ള ആഹാരം വീട്ടില്‍ നിന്നും കൊണ്ടുവന്നും അവള്‍ അയാളുമായി ചങ്ങാത്തത്തിലായി. ആവശ്യത്തിനല്ലാതെ അയാളൊരിക്കലും ഒന്നും സംസാരിച്ചിരുന്നില്ല എങ്കിലും ഏതോ അദൃശ്യതരംഗങ്ങള്‍ കൊണ്ട് അവര്‍ സംവദിച്ചു. കവലയില്‍ തയ്യല്‍ക്കട ഇട്ടിരുന്ന ദിവാകരന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ കാര്യം ആദ്യം അയാളോട് പറയാനായിരുന്നു അവള്‍ക്ക് തോന്നിയത്. അന്ന് ഏകസമ്പാദ്യമായ മുഷിഞ്ഞ ഭാണ്ഡം തുറന്ന് തമിഴില്‍ എന്തോ എഴുതിയ മഞ്ഞനിറമുള്ള ചെറിയ സഞ്ചി എടുത്ത് അവള്‍ക്കുനേരെ നീട്ടി.

"നിന്‍റെ അമ്മയ്ക്ക് കൊടുക്കാനായി വെച്ചത്.. എന്‍റെ അമ്മയുടേത്.. "

എന്നോ കുഴിച്ചുമൂടപ്പെട്ട പലതും ഉള്ളില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ അവള്‍ ഞെട്ടലോടെ മുഖമുയര്‍ത്തി. കൈയിലെ മഞ്ഞസഞ്ചിയില്‍ നിന്നും എന്തോ എടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌, അവളുടെ മുഖത്ത് നോക്കാതെ തന്നോടു തന്നെയെന്നപോലെ അയാള്‍ പിറുപിറുത്തു,
"അവള്‍ക്ക് ഒന്നും അറിയില്ലായിരുന്നു... എല്ലാം എന്‍ തപ്പ്.. ഒന്നും പറഞ്ചില്ല... എന്‍ അമ്മാ കിട്ടെ മട്ടും സൊന്നേന്‍... അവള്ക്ക് ഇതെ കൊടുക്ക സൊല്ലി അമ്മാ പോയി..."

ഒരു നിധിപോലെ മുന്നിലേക്ക് നീട്ടപ്പെട്ട പച്ചക്കല്ല് പതിച്ച മൂക്കുത്തി ഒരിക്കല്‍പ്പോലും നായികയ്ക്ക് മുന്നില്‍ അനാവൃതമാവാതെപോയ പവിത്രമായ ഒരു പ്രണയകഥ അവളോട്‌ പറഞ്ഞു. ചെപ്പില്‍ ഭദ്രമായി തിരികെവെച്ച്, മനസുകൊണ്ട് ഒരായിരം ക്ഷമാപണത്തോടെ അയാളുടെ കാല്‍ക്കീഴില്‍ വെച്ചു തിരിഞ്ഞുനടക്കുമ്പോള്‍ അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ തെളിയുകയായിരുന്നു.

അവളുടെ കഥകളൊന്നും അറിയേണ്ടായിരുന്നു ദിവാകരന്. നാട്ടുകാരുടെ ഭാവനാസൃഷ്ടികള്‍ക്കും അയാള്‍ ചെവി കൊടുത്തില്ല. അമ്പലത്തില്‍വെച്ച് ആദ്യമവളെ കണ്ടപ്പോള്‍തന്നെ ദേവകിയമ്മക്ക് അവളെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അവരുടെ മുഖം വ്യക്തമാക്കിയിരുന്നു. മൂന്നുപ്രദക്ഷിണം കഴിഞ്ഞു തിരിച്ചെത്തിയ അവരുടെ മുഖത്ത് നിറവ്യത്യാസം വരുത്തിയത് ഭഗവാന്‍റെ നിത്യഭക്തയായ നാണിയമ്മയാണോ മാലകെട്ടാനിരിക്കുന്ന പാര്‍വതിവാരസ്യാരാണോ എന്നേയുണ്ടായിരുന്നുള്ളൂ അറിയാന്‍. അമ്മയോട് പലതും പറഞ്ഞുകൊണ്ട് പിന്നാലെയോടുന്ന ദിവാകരനോട് അവള്‍ക്ക് സഹതാപം തോന്നി. അന്ന് വേലുവിന്റെ ചോദ്യത്തിന് മുന്നില്‍ അവള്‍ വെറുതെ ചിരിച്ചു. ഹൃദ്രോഗിയായ അമ്മയുടെ സന്തോഷത്തിനുവേണ്ടി ദിവാകരന്‍ പിന്നീടൊരിക്കലും അവളുടെ വീടിനു മുന്നിലൂടെ യാത്ര ചെയ്തില്ല.

*************************

"ഭദ്രേച്ചി സ്വപ്നം കാണ്വാ?" മണിയന്‍റെ ചോദ്യം കേട്ട്, അവള്‍ മൂലയില്‍ ചുരുണ്ടു കിടന്നിരുന്ന തങ്കവേലുവിനു നേരെ ഒന്ന് പാളിനോക്കിയിട്ടു ജോലി തുടര്‍ന്നു. സൂര്യന്‍ വിടപറയുന്ന നേരത്തായിരുന്നു ദേവകിയമ്മയുടെ മൃതദേഹം സംസ്കാരത്തിനെത്തിയത്. നാട്ടുകാരും ബന്ധുക്കളുമായി വളരെ കുറച്ചുപേര്‍മാത്രം ഉണ്ടായിരുന്ന ചടങ്ങിനു മൂകസാക്ഷിയായി അവള്‍ മാറിനിന്നു. നിത്യനിദ്രയിലാണ്ട ദേവകിയമ്മയുടെ മുഖത്ത് നോക്കാന്‍ എന്തുകൊണ്ടോ അവള്‍ക്കായില്ല. ഇരുള്‍വീണ വഴിയിലൂടെ വീട്ടിലേക്കു ധൃതിയില്‍ നടക്കുമ്പോള്‍ പിന്നിലൂടെ ആരോ ഓടിവരുന്ന ശബ്ദം അവളുടെ ഹൃദയമിടുപ്പ് വര്‍ധിപ്പിച്ചു. ദിവാകരന്‍റെ ഉച്ചത്തിലുള്ള കിതപ്പില്‍നിന്നും വാക്കുകള്‍ വേര്‍തിരിച്ചെടുക്കാന്‍ അവള്‍ക്കു ശ്രദ്ധയോടെ കാതോര്‍ക്കേണ്ടിവന്നു.

" അമ്മ... ഇന്നലെ...അയാള്‍... തങ്കവേലു... അമ്മയെ കാണാന്‍ വന്നിരുന്നു... രാത്രി അമ്മ എന്നെ അടുത്തുവിളിച്ചു സങ്കടപ്പെട്ടു.. നിന്നെ കാണണമെന്നും പറഞ്ഞു... പുലര്‍ച്ചെ.... പോയി.. " ഗദ്ഗദം വാക്കുകളെ നഷ്ടപ്പെടുത്തി.. മറുപടി ഒന്നും പറയാതെ തിരിഞ്ഞോടുന്ന അവളെ പകച്ചുനോക്കിക്കൊണ്ട് ദിവാകരന്‍ നിന്നു.

തങ്കവേലുവിന്റെ ഭാണ്ഡം തോളിലേറ്റി അയാളുടെ ചുളിവുവീണ കയ്യും മുറുകെപിടിച്ചു വീട്ടിലേക്കുനടക്കുമ്പോള്‍ അവളുടെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു.