About Me

My photo
A person who loves to read, write, sing and share thoughts.

Thursday, December 1, 2011

തമിഴും ഞാനും..

തമിഴ് എന്ന ഭാഷയോട് എന്തുകൊണ്ടാണ് എനിക്കിത്രയും ഇഷ്ടം ഉണ്ടായത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. തമിഴ് ഞാന്‍ എന്നുമുതലാണ് കേട്ട് തുടങ്ങിയത് എന്നത് ഓര്‍ത്തെടുക്കാന്‍ പോലും കഴിയില്ല. പാലക്കാട്‌ ഒരു അതിര്‍ത്തി ജില്ല ആയതുകൊണ്ടാവാം തമിഴ് നാട്ടില്‍ നിന്നും വളരെ മുന്‍പ് തന്നെ കുടിയേറിയ ബ്രാഹ്മണരും അബ്രാഹ്മണരും ഞങ്ങളുടെ ഗ്രാമത്തിലും ഉണ്ടായിരുന്നത് കൊണ്ട് ശുദ്ധമായ തമിഴ് അല്ലെങ്കില്‍ പോലും കേട്ടാല്‍ അതെത് ഭാഷയാണ്‌ എന്ന് മനസിലാക്കാന്‍ തക്ക പരിചയമെങ്കിലും ചെറുപ്രായത്തില്‍ തന്നെ എനിക്കുണ്ടായിരുന്നു.

പണ്ട് ബ്രാഹ്മണവീടുകളില്‍ മോര് വാങ്ങാനായി പോകുമ്പോള്‍ പടിപ്പുരയില്‍ നിന്നും ഉറക്കെ വിളിക്കണം. ഉള്ളിലേക്ക് പ്രവേശനമില്ല. ഉള്ളില്‍ നിന്നും അമ്മ്യാര് ഉറക്കെ വിളിച്ച് പറയും, "അങ്കെയേ നില്ല്.. ഉള്ളെ വരാതെ.." എന്ന്. അളവ് പറഞ്ഞു കാത്തുനില്‍ക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട് ഉള്ളില്‍ പോയി നോക്കിയാലെന്താണെന്ന്. നമ്മള്‍ കൊണ്ട് വന്ന പാത്രം താഴെ വെച്ചു മാറി നില്‍ക്കുമ്പോള്‍ അതില്‍ തൊടാതെ മറ്റൊരു പാത്രത്തില്‍ നിന്നും അതിലേക്കു ഊറ്റി ഒഴിച്ച് പിന്നിലേക്ക്‌ മാറുമ്പോള്,‍ പൈസ ദേഹത്ത് തൊടാതെ താഴെ വെച്ചു കൊടുത്തു, മോരുമായി തിരിച്ചു നടക്കുമ്പോള്‍ ഒക്കെ ഉള്ളില്‍ അമര്‍ഷം തോന്നിയിട്ടുണ്ട്. ഒരുതരം ആജ്ഞാപനം പോലുള്ള ഭാഷയോട് വെറുപ്പും.

പിന്നീട് സ്നേഹമുള്ള കൂട്ടുകാരെ കിട്ടിയപ്പോള്‍, അവരുടെ വീടുകളില്‍ എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാനും അവരോടൊപ്പം ആഹാരം കഴിക്കാനുമുള്ള സ്വാതന്ത്ര്യമായപ്പോള്‍ ആ ഭാഷക്ക് സ്നേഹമുള്ള ഒരു ഈണം കൂടെ ഉണ്ടെന്നു മനസിലായി.

ആ വഴി പോകുമ്പോൾ സ്നേഹത്തോടെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു എന്റെ കുട്ടിക്കാലത്ത്.  ഉള്ളിലെ തളത്തിന് നടുവിലായി തൂങ്ങുന്ന ആട്ടുകട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന്, തുടയിൽ താളമിട്ടും ഒപ്പം പാടിയും കീർത്തനങ്ങൾ ആസ്വദിച്ചിരുന്ന, തടിച്ച ഒരു മധ്യവയസ്കൻ (പിന്നീട് റിസബാവയെ ബ്രാഹ്മണ വേഷത്തിൽ കാണുമ്പോൾ ഞാനദ്ദേഹത്തെ ഓർക്കുമായിരുന്നു). ആ വീട്ടിലെ ഓരോരുത്തരും സ്നേഹപൂർവ്വം പെരുമാറുകയും പലഹാരങ്ങളും പൂജാപ്രസാദങ്ങളും നിർലോഭം തരികയും ചെയ്യുമായിരുന്നു.

പഴയ തിരുവിതാംകൂറിന്റെ ഭാഗമായ നാഗര്‍കോവിലില്‍ പഠിച്ച അമ്മക്ക് തമിഴ് ഭാഷയും വശമായിരുന്നു. അമ്മക്ക് വായിക്കാന്‍ റാണി, കുമുദം തുടങ്ങിയ തമിഴ് പുസ്തകങ്ങള്‍ എത്തിച്ചിരുന്നത് ഇടയ്ക്കിടെ തമിഴ്നാട്ടില്‍ പരിപാടിക്ക് പോയിവരാറുള്ള കുമാരസ്വാമി എന്ന നാദസ്വരവിദ്വാന്‍ ആയിരുന്നു. സിനിമാക്കാരുടെയും മറ്റും ബഹുവര്‍ണ്ണ ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ കൊണ്ടുവരുമ്പോള്‍ തന്നെ ഞങ്ങള്‍ എടുത്തു നോക്കാറുണ്ട്. ഓരോന്നും ഞങ്ങള്‍ക്കു വായിച്ചു തരേണ്ട അവസ്ഥ ആയപ്പോഴാവണം അമ്മ കുമാരസ്വാമിയോട് ഒന്നാം പാഠ പുസ്തകം വാങ്ങിവരാന്‍ നിര്‍ദേശിച്ചത്.

മലയാളത്തോട് സാമ്യമുള്ള അക്ഷരങ്ങള്‍ എഴുതി പഠിക്കാന്‍ കൌതുകമായിരുന്നു. ഒപ്പം, പഠിച്ച അക്ഷരങ്ങള്‍ കൂട്ടിവെച്ചു വാക്കുകള്‍ വിജയകരമായി വായിച്ചെടുക്കുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷവും.

ഉപജീവനത്തിനായി നാടുവിട്ടതും തമിഴ്നാട്ടിലേക്ക് തന്നെ. അതുവരെ സണ്‍ ടീവി കണ്ടും കേട്ടുമുള്ള അറിവുമായി ചെന്നൈയിലേക്ക് വണ്ടി കയറുമ്പോള്‍ എങ്ങനെയെങ്കിലും സംസാരിച്ചു ഫലിപ്പിക്കാനാവും എന്ന ആത്മവിശ്വാസം എങ്ങനെ ഉള്ളില്‍ കയറിക്കൂടിയോ എന്തോ..

ഭാഗ്യത്തിന് കിട്ടിയ കൂട്ടുകാര്‍ എന്‍റെ മുറിതമിഴ് സഹിച്ചും ക്ഷമയോടെ തിരുത്തിയും തമിഴിനെയും ആ നാട്ടുകാരെയും സ്നേഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. അപരിചിതരോടും പ്രായത്തില്‍ ഇളയവര്‍ ആണെങ്കില്‍ പോലും "വാങ്ക", "സൊല്ല്ങ്ക" എന്നൊക്കെ ബഹുമാനപുരസ്സരം സംസാരിക്കുന്നത് ആദ്യമൊക്കെ വിസ്മയമായിരുന്നു. ബാല്യം മുതല്‍ തന്നെ അപ്പുറത്തെ കടയിലെ ഒരിക്കലും നിലക്കാത്ത ടേപ്പ് റിക്കോര്‍ഡറും സരോജക്കാളുടെ കോയമ്പത്തൂര്‍ വാനൊളിനിലയവും കേള്‍പ്പിച്ച ഇളയരാജയുടെ ഈണത്തില്‍ മയങ്ങിയിരുന്നുവെങ്കില്‍ അതിന് കണ്ണദാസന്‍, വാലി തുടങ്ങിയ കവികളുടെ മനോഹരങ്ങളായ വരികളുണ്ടെന്നും അവയെല്ലാം സാധാരണക്കാരന് പോലും ആസ്വാദ്യമാണ് എന്നും അറിഞ്ഞു. ഹോസ്റ്റലിലെ സഹവാസികള്‍ മഹാകവി ഭാരതിയാരെയും പരിചയപ്പെടുത്തി. ആ കാലത്തുപോലും പുതിയ കാലത്തെ പെണ്ണ് എങ്ങനെയായിരിക്കണം എന്ന് ഇത്രയും വിശാലമനസ്സോടെ ചിന്തിച്ച മറ്റൊരാള്‍ ഉണ്ടോ എന്നറിയില്ല.

തമിഴ്നാട്ടിലെ ആചാരങ്ങളും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. രാവിലെ പൂമുഖത്ത് കോലമിടുന്നത് വീടിന്റെ ഐശ്വര്യത്തിന് മാത്രമല്ല സ്ത്രീകളുടെ ആരോഗ്യം കാക്കുന്ന യോഗാസനത്തിനു സമമാണെന്ന അറിവ് ശരിക്കും അത്ഭുതമായിരുന്നു. പിന്നെയും എന്തൊക്കെ വിശ്വാസങ്ങള്‍! അരിപ്പൊടി കോലം വീട്ടിലെത്തുന്ന ഉറുമ്പിനു പോലും ആഹാരമാവും എന്നതും, എന്തിനെയും സമഭാവനയോടെ കാണുന്ന ഒരു സംസ്കാരത്തെ വിളിച്ചറിയിക്കുന്നു.

മലയാളത്തെ പോലെ തന്നെ തമിഴിനെയും ഇഷ്ടപ്പെടാന്‍ ഇതൊക്കെയാവും എന്നെ പ്രേരിപ്പിക്കുന്നത്.ഇനിയും ഞാനറിയാത്ത എന്തൊക്കെയുണ്ടാവും തമിഴുമായി ബന്ധപ്പെട്ട്! ഇനിയൊരു പക്ഷെ കഴിഞ്ഞ ജന്മത്തിൽ ഞാനൊരു തമിഴത്തി ആയിരുന്നുവോ എന്തോ..

Wednesday, November 16, 2011

മനസ്സെഴുത്തുകള്‍

"ഹായ് വര്‍ഷ!"

"നീ മിണ്ടണ്ട! എവിടെ പോയിരിക്ക്യായിരുന്നു? നാട്ടില്‍ പോയിട്ട് ഒന്ന് വിളിക്കുമോ, അതില്ല! തിരിച്ചു അങ്ങോട്ട്‌ വിളിക്കാമെന്നുവെച്ചാല്‍ നിന്റെയാ കുഗ്രാമത്തില്‍ റേഞ്ച് കിട്ടില്ല. ദേ കാര്യം പറയുമ്പോ ഇങ്ങനെ ചിരിക്കല്ലേ... എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട് ട്ടോ!"


"ഓ... അതൊക്കെ കുറെ കഥകളാ.. അമ്മമ്മക്ക് ഇത്തിരി കൂടുതലായിരുന്നു... വണ്ടി വിളിക്കലും ആശുപത്രീല്‍ കൊണ്ട് പോക്കും ഒക്കെയായി.... ആകെ തിരക്കായിപ്പോയി!"

"അയ്യോ എന്നിട്ട്? "

"പതിവ് പേടിപ്പിക്കല്‍ തന്നെ.. ഇപ്പൊ കുഴപ്പമോന്നൂല്ലാ.. ഡിസ്ചാര്‍ജ് ആയി, വീട്ടില്‍ കൊണ്ട് വിട്ടിട്ടാ വന്നത്.. ക്ഷീണം കാരണം വന്നതും കേറികിടന്നുറങ്ങി. "
"അപ്പഴും ഒന്ന് വിളിക്കാന്‍ തോന്നീല!"

"അല്ല പെണ്ണെ.. രാവിലെ ഇങ്ങോട്ടേക്കു തന്നെയല്ലേ വരുന്നേ.. "

"ഉം, ക്ഷമിച്ചിരിക്കുന്നു"
"അതൊക്കെ പോട്ടെ... നീയിന്നലെ രമേശ്‌ സാറിന്റെ ക്ലാസ്സില്‍ വല്ല്യ പ്രകടനം ആയിരുന്നു എന്ന് കേട്ടല്ലോ..."
"ഓഹോ... അതപ്പോഴേക്കും നിന്റെ കാതിലെത്തിയോ? "

"ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാ അയാള്‍ടെ ക്ലാസ്സില്‍ ഒരുപാടു ഷൈന്‍ ചെയ്യണ്ടാന്ന്!"

"അത് കൊള്ളാം.. ഒരു ചര്‍ച്ച വരുമ്പോ അഭിപ്രായം പറയലാണോ ഷൈന്‍ ചെയ്യല്‍? "

എന്തായിരുന്നു വിഷയം?"

"ആണെഴുത്ത് എന്നൊന്നുണ്ടോ... ഉണ്ടെങ്കില്‍ എങ്ങനെയുള്ളതാവും എന്നൊക്കെയാണ് ചര്‍ച്ച ചെയ്തത്. "

"ഹാ... ഇതുവരെ പെണ്ണെഴുത്ത്‌ എന്നായിരുന്നല്ലോ മുറവിളി.. ഇപ്പൊ ആണെഴുത്തും വന്നോ?"

"നീ കളിയാക്കണ്ട. സ്ത്രീപക്ഷരചനകളെ പെണ്ണെഴുത്ത്‌ എന്ന് വിളിക്കാമെങ്കില്‍ പുരുഷവിഭാഗത്തിനോട് ചായ്വുള്ള എഴുത്തുകള്‍ക്ക് ആ പേര് ചേരില്ലേ? ഇന്ന് എവിടെയാണ് അതില്ലാത്തത്? ഇത് പുരുഷന്‍റെ ലോകമല്ലെ? കവിതയില്‍ ആയാലും കഥയില്‍ ആയാലും എന്തിനു സിനിമയില്‍ പോലും നായക പരിവേഷത്തിന് മുന്‍‌തൂക്കം. അപ്പോള്‍ ആ എഴുത്തിനെയൊക്കെ എന്തുകൊണ്ട് ആണെഴുത്ത് എന്ന് പറഞ്ഞുകൂടാ?"

"നിന്നിലെ ഫെമിനിസ്റ്റ് ഉണര്‍ന്നോ?"

"പോടാ.. വര്‍ഗസ്നേഹം എന്നും എനിക്കുണ്ട്. അത് പ്രകടമാക്കുകയും ചെയ്യും. അതാണ്‌ ഫെമിനിസം എങ്കില്‍ ഞാന്‍ ഫെമിനിസ്റ്റ് ആണ്"

"എന്നിട്ടെന്തായി... ചര്‍ച്ച? "

"എന്താവാന്‍? ഇവിടെയും സംവാദത്തിനു ഞാനും നീതുവും മാത്രമല്ലേ ഉള്ളൂ.. ‍ ബാക്കിയെല്ലാം നിന്‍റെ വര്‍ഗമല്ലേ.. എല്ലാവരും പെണ്ണെഴുത്തും ആണെഴുത്തും ട്രൈ ചെയ്യാന്‍ പറഞ്ഞു സര്‍.. എന്നിട്ട് സൃഷ്ടികള്‍ വെച്ചൊരു വിശകലനം അടുത്ത ക്ലാസ്സില്‍"

"ഓഹോ.. അപ്പൊ നിര്‍ത്താന്‍ പരിപാടിയില്ല. നിനക്കൊന്നും വേറെ പണിയില്ല!"

"അല്ല.. നീയെന്തിനാ ഇപ്പൊ ചൂടാവുന്നെ? സര്‍ പറഞ്ഞപ്പോള്‍തന്നെ ഞാന്‍ നിന്നെയാ ഓര്‍ത്തത്.. യു കാന്‍ റൈറ്റ് സംതിംഗ് ലൈക്‌ ദാറ്റ്‌.. "

"ദേ.. വര്‍ഷാ... എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... അയാള്‍ ഓരോന്ന് പറയും.. അത് കേട്ടു തുള്ളാന്‍ കുറെ പേരും. "

"ഹേയ്.. സന്ദീപ്‌.. എനിക്ക് മനസിലാവുന്നില്ല.. നിനക്കിതെന്താ പറ്റിയത്? ഇതിനും മാത്രം ദേഷ്യപ്പെടാന്‍ എന്താ ഉള്ളത്? രമേശ്‌ സര്‍ ഇതുപോലെ ഡിബേറ്റ് വെക്കുന്നത് ഇത് ആദ്യമായിട്ടല്ല.. നീയും ആക്ടീവ് ആയിരുന്നില്ലേ അന്നൊക്കെ?"

"അതൊക്കെ ശരി തന്നെ... എനിക്ക്... എനിക്കിഷ്ടല്ല.. അത്രന്നെ!"

"ചില നേരത്ത് നിന്റെ സ്വഭാവം മഹാ  ബോറാവുന്നുണ്ട് ട്ടോ.. കാര്യോം പറയില്ല... എന്തെങ്കിലും മനസ്സില്‍ വെച്ചിട്ട്... വെറുതെ ഇന്‍ഡിഫറന്റ് ആയിട്ട് പെരുമാറും"

"വര്‍ഷാ.. നീയെന്നെ ദേഷ്യം പിടിപ്പിച്ചേ അടങ്ങൂ എന്നാണോ? "

"....................."

"ഓക്കേ... നിനക്കിപ്പോ എന്താ വേണ്ടത്? നിന്‍റെ കൂടെ ഞാനും കൂടണം. കഥ എഴുതണം.. നീ പറയുന്നതുപോലെ ആണെഴുത്ത് ട്രൈ ചെയ്യണം, അത്രയല്ലേ ഉള്ളൂ.. ഫൈന്‍... ശരി എന്നാല്‍... ഞാന്‍ നേരത്തെ പോവാ.. കുറച്ച് എഴുതാനുണ്ട്.. "
*******************

"വര്‍ഷാ..
ഇത് എത്രാമത്തെ പേപ്പര്‍ ആണെന്നറിയ്യോ.. 
നിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എഴുതാനിരുന്നതാണ്...
ഒന്നും എഴുതാനാവുന്നില്ല.. 

ഇന്ന് എന്‍റെ അനാവശ്യമായ ദേഷ്യം കണ്ടു നീ അമ്പരന്നു എന്നറിയാം. രമേശ്‌ സര്‍ നിന്നെ ഇഷ്ടമാണെന്ന് ഏട്ടനോട് പറഞ്ഞതും കല്യാണം ആലോചിച്ചതും ജാതകം ചേരാത്തതുകൊണ്ട്‌ നിന്‍റെ അച്ഛന്‍ വേണ്ടെന്നു വെച്ചതും നീ തന്നെ എന്നോട് പറഞ്ഞതല്ലേ..
നിന്നെ മറ്റൊരാള്‍ ആ രീതിയില്‍ നോക്കുന്നത്... എനിക്കറിയില്ല... എനിക്ക് ഭ്രാന്ത് പിടിക്കും..
എല്ലാമറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കാന്‍ നിങ്ങള്‍ മിടുക്കികള്‍ ആണ്..
എന്‍റെ സ്നേഹം നിനക്ക് ഇതുവരെ മനസിലായില്ലെന്നു ഞാന്‍ വിശ്വസിക്കില്ല...."

"ഹലോ..."

"സന്ദീപ്‌.. ഞാനാ.. നീ വാതില്‍ തുറക്ക്.. നിന്‍റെ മുറിയുടെ മുന്നിലുണ്ട് ഞാന്‍. "

"വര്‍ഷാ... നീ.. നീയെന്തിനാ ഇവിടെ? "

"അതെന്താ.. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നൊന്നും എഴുതിയിട്ടില്ലല്ലോ ഇവിടെ?"

"ആരെങ്കിലും കാണുന്നതിനു മുന്‍പേ കേറി വാ.. "

"എവിടെ.. നിന്‍റെ കഥ? എഴുതിയോ?"

"നീ എഴുതിയോ? ലേഡീസ് ഫസ്റ്റ്.. വേഗം കാണിക്ക്"

"നോ നോ... നീ കാണിക്ക്... ഞാന്‍.. ഞാനൊന്നും... ഞാന്‍ വിചാരിച്ചപോലെ ഒന്നും എഴുതാന്‍ കഴിഞ്ഞില്ലാ..."

"എന്നാലും നോക്കട്ടെ... ഞാന്‍ എന്തായാലും കഴിഞ്ഞ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ലല്ലോ.. അപ്പോള്‍ എഴുതിയില്ലെങ്കിലും കുഴപ്പമില്ല.. നോക്കട്ടെ... നിന്‍റെ കഥ കാണിച്ചേ.."

"അയ്യോ സന്ദീപ്‌.. പ്ലീസ്‌.... വേണ്ട.. ഞാന്‍...........ഓ... എനിക്ക് വയ്യ! നിന്നോടാരാ അതെടുക്കാന്‍ പറഞ്ഞെ.."

"നീ അവിടിരിക്ക്‌.. ഞാന്‍ വായിക്കട്ടെ.. "

"സന്ദീപ്‌... 
ഇന്നലെ വരെ എനിക്കുണ്ടായിരുന്ന ഒരുപാടു ആശയക്കുഴപ്പങ്ങള്‍ നീ നിന്‍റെ അസാന്നിധ്യം കൊണ്ടും പിന്നെ ഇന്നലത്തെ നിന്‍റെ പ്രതികരണം കൊണ്ടും ദൂരീകരിച്ചു. ഇത്.. ഇതൊരു പെണ്ണെഴുത്ത് തന്നെയാണ്. പക്ഷെ... രമേശ്‌ സാറിനെയോ ആണെഴുത്തുകാരെയോ കാണിക്കാനല്ല.. ഇത് നിനക്ക് മാത്രം കാണാന്‍ ഞാന്‍ തുറന്നു വെച്ച മനസാണ്..... "

"വര്‍ഷാ..."

"ഉം.."

"ഞാന്‍ എഴുതിയത് കാണണ്ടേ..? "

"വേണ്ട.."

"അതെന്താ? നിന്‍റെ വിളികേട്ടു ഞാന്‍ അത് ഒളിപ്പിച്ചു വെച്ചതായിരുന്നു..."

"വേണ്ട... അതെടുക്കണ്ട... എനിക്ക്.. എനിക്കത് വായിക്കാം.. "

"എങ്ങനെ?"

"ഈ കണ്ണുകളില്‍ നിന്ന്..!"

Friday, October 28, 2011

കണ്ണടയില്‍ കണ്ണെത്തുമ്പോള്‍..


കുട്ടിക്കാലത്ത് കണ്ണട വെച്ച മുഖം എന്നത് ഗൌരവമുള്ള വ്യക്തിത്വത്തിന്റെ പ്രതീകമാണ് എന്ന തോന്നല് കൊണ്ടാവാം, ഒരെണ്ണം സ്വന്തമാക്കാന്‍ ആഗ്രഹം തോന്നിയിട്ടുണ്ട്. ‍ അതുകൊണ്ടുതന്നെ ഇലക്കറികള്‍ കഴിച്ചില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച കുറയും, പിന്നെ കണ്ണട വെച്ചു നടക്കേണ്ടി വരും എന്ന ഭീഷണിയെ ഒട്ടും ഭയന്നിരുന്നില്ല.

മുതിര്‍ന്നു കഴിഞ്ഞാല്‍ കണ്ണട ഒരു വാര്‍ധക്യലക്ഷണമായി മനസ്സില്‍ കയറികൂടും. സിനിമകളില്‍ പോലും നായികയുടെയോ നായകന്റെയോ പ്രായമായ അവസ്ഥ കാണിക്കാന്‍ യൌവനയുക്തമായ മുഖത്ത് വലിയൊരു കണ്ണട വെച്ച് കൊടുക്കും. അതുപോലെ ദുരന്തനായികക്കും ഉണ്ടാവും മുഖത്തിന്റെ പാതിയോളം മറയ്ക്കുന്ന കണ്ണട.

ചിലര്‍ക്ക് കണ്ണട ജനിക്കുമ്പോഴേ ഉണ്ടായിരുന്നതായി തോന്നും. അങ്ങനെയുള്ളവരെ കണ്ണട ഇല്ലാതെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരു മുഖമാണ് സംവിധായകന്‍ പ്രിയദര്‍ശന്റേത്. അതുപോലെ കരുണാനിധിയുടെയും. പക്ഷെ കണ്ണുകളെ മറക്കുന്ന അത്തരം കണ്ണടകള്‍ മുന്നില്‍ നില്‍ക്കുന്ന നമ്മെ കുഴപ്പത്തിലാക്കും. എതിരില്‍ അപരിചിതന്‍ ആണെങ്കില്‍ നോട്ടം എവിടേയ്ക്കാണ് എന്നറിയാത്തതിനാല്‍ കൈകളും മനസും വസ്ത്രം സ്ഥാനം മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തിപ്പോവും.

ഗാന്ധിജിയുടെയും വയലാറിന്റെയും ചങ്ങമ്പുഴയുടെയും പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ തെളിയുക അവരുടെ കണ്ണടകള്‍ ആണ്.
ഇനിയുമുണ്ട്.. സാനിയ മിര്‍സ, സല്‍മാന്‍ റുഷ്ദി തുടങ്ങിയ താരങ്ങളുടെ സ്റ്റൈലന്‍ കണ്ണടകള്‍!‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കണ്ണടകള്‍ ഒരു സ്റ്റാറ്റസ് പ്രതീകമായി കാണുന്നുണ്ട് പൊതുവേ പലരും.

ചിലര്‍ക്ക് കണ്ണടകള്‍ അലങ്കാര വസ്തുവാണ്. കഷണ്ടി മറയ്ക്കുന്ന, അല്ലെങ്കില്‍ മനോഹരമായ കേശാലങ്കാരത്തിനു മാറ്റുകൂട്ടാന്‍ നെറ്റിക്ക് മുകളിലായി വലിയ സണ്‍ ഗ്ലാസ്സുകള്‍ വിശ്രമിക്കും.

രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുടെ മുഖത്ത് കണ്ണടകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഗര്‍ഭകാലത്തെ പ്രശ്നങ്ങളോ, ജനിതക വൈകല്യങ്ങളോ കൊണ്ട് പുതിയൊരു അവയവമായി ജീവിതകാലം മുഴുവന്‍ ചുമക്കേണ്ട അവസ്ഥ കഷ്ടമാണ്.

പരിചിതമായ കണ്ണടകള്ക്ക് വേണ്ടി മനസിന്‍റെ അന്വേഷണ കണ്ണട ഓര്‍മ്മകളിലേക്ക് വെറുതെ തിരിച്ചുവെച്ചുനോക്കട്ടെ..

ആദ്യം ഓര്‍മ്മവരുന്നത്‌ അച്ഛന്‍റെ കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയാണ്. പൂമുഖത്ത് ചുവരിലെ മാലയിട്ട ചിത്രത്തിലെ കണ്ണടകണ്ണുകള്‍ ‍ വെറുതെ നോക്കിയിരിക്കുന്നത് കുട്ടിക്കാലത്തെ ഒരു ഏകാന്ത വിനോദമായിരുന്നു. ആ കണ്ണട അച്ഛന്റെ മുറിയിലെ അലമാരയില്‍ ഇപ്പോഴും ഭദ്രമായിരിപ്പുണ്ട്. ഒരിക്കല്‍ അത് കയ്യിലെടുത്തെങ്കിലും സാധാരണ ചെയ്യാറുള്ളതുപോലെ മൂക്കിന്മേല്‍ വെച്ചു നിലക്കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ തോന്നിയില്ല.
അമ്മയുടെയും അച്ഛന്റെയും ചെരുപ്പ്, കസേര ഒക്കെപോലെ കണ്ണടയും ബഹുമാനത്തോടെ മാത്രമേ കാണാവൂ എന്ന് മുതിര്‍ന്ന ആരോ മനസിലേക്ക് കയറ്റിവിട്ട വിശ്വാസം കൊണ്ടാവാം അമ്മയുടെ കണ്ണടയും വെച്ചുനോക്കിയിട്ടില്ല.

നാലാം ക്ലാസ്സിലെ പദ്മിനിടീച്ചറുടെ സ്വര്‍ണ്ണ നിറമുള്ള, ചെവിയോടടുത്തുള്ള രണ്ടറ്റവും അല്പം കൂര്‍ത്ത കണ്ണടയിലേക്ക് ഭയത്തോടെ മാത്രമേ നോക്കിയിട്ടുള്ളൂ.. പിന്നില്‍ കെട്ടിയ കൈയിലെ ചൂരലിന്റെ തുമ്പ് തലയ്ക്കു പിന്നില്‍ കാണുമ്പോഴേ മുട്ട് വിറച്ചു തുടങ്ങും. ഇടവേളകളിലെ പതിഞ്ഞ അടക്കം പറച്ചിലുകള്‍ക്കുപോലും ഉയരാത്ത മുഖത്തെ സ്വര്‍ണകണ്ണടയുടെ മുകളിലൂടെ എത്തുന്ന നോട്ടത്തെ ഭയമായിരുന്നു.

നാട്ടിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഭയമായിരുന്ന കേശവന്‍ മാസ്റ്ററുടെ സ്വതവേ തീക്ഷ്ണമായ മിഴികള്‍ കണ്ണടയുടെ അലങ്കാരവും കൂടിയാവുമ്പോള്‍ നേരിടാന്‍ പ്രയാസമായിരുന്നു. എങ്കിലും നരച്ച കണ്പീലികള്‍ തിങ്ങിയ കണ്ണുകളില്‍ നിന്നും വാത്സല്യവും നുകരാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് പലപ്പോഴും.
മറ്റൊരു കണ്ണടയുടെ സ്ഥാനം കള്ളകണ്ണുള്ള കൂട്ടുകാരി റാണിയുടെ മൂക്കിന്‍തുമ്പിലാണ്.. ആര് വിളിച്ചാലും മുഖമുയര്‍ത്താതെ കണ്ണടക്കു മുകളിലൂടെ തുറിച്ചു നോക്കുന്നവളുടെ കണ്ണട മുകളിലേക്ക് കയറ്റിവെച്ച് ഒരുമിച്ച് ഉറക്കെ ചിരിച്ചിരുന്ന പഠനകാലം.

അച്ഛന്റെ തറവാട്ടില്‍ അവധിക്കാലത്തെത്തുമ്പോള്‍, "പിള്ളാരെ.." എന്ന ഒറ്റവിളി കൊണ്ട് എല്ലാവരെയും ഒരുമിച്ചു ഊണുമേശയില്‍ എത്തിച്ചിരുന്ന വല്യമ്മ അന്നോന്നിയമ്മയുടെ ആജ്ഞാശക്തിയുള്ള വ്യക്തിത്വത്തിന് മാറ്റുകൂട്ടിയത് മുകള്‍ഭാഗത്ത്‌ മാത്രം കറുത്ത ഫ്രെയിമുള്ള ടിപ്പിക്കല്‍ ടീച്ചര്‍ കണ്ണട തന്നെ.

മനസിനെ തൊട്ടും തൊടാതെയും കടന്നുപോയ കണ്ണടകള്‍ ഇനിയും കിട്ടും ഓര്‍മ്മവഴികളില്‍.. അടക്കിയ ചിരിയെ, നിറമിഴികളെ, പറയാന്‍ മറന്ന പ്രണയത്തെ, പരിഭവത്തെ, പരിഹാസത്തെ, ഹൃദയത്തിന്റെ വിങ്ങലിനെ ഒക്കെ മറച്ചുവെച്ച് നിസ്സംഗത ചമഞ്ഞവ.. തല്‍ക്കാലത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ച്, വര്‍ത്തമാനകണ്ണട അണിയട്ടെ..

Wednesday, October 5, 2011

വിജയദശമി തിരുനാളില്‍..

"വിജയ ദശമി തിരുനാളില്‍ ഒരു
നിലവിളക്കിന്‍ തിരുമുന്നില്‍..
മൃദു വിരല്‍ തുമ്പിനാല്‍ ഹരിശ്രീ എഴുതിച്ച
പുലരി എന്നോര്‍മ്മയില്‍ തെളിയുന്നൂ...
ഹൃദയത്തിലറിവിന്റെ വിനയ ചൈതന്യം
തൊഴുകയ്യുമായി നില്‍ക്കുന്നു.."
ഇത് ഞാന്‍ പലതവണ സ്കൂള്‍ യുവജനോത്സവങ്ങളില്‍ പാടിയ ലളിതഗാനത്തിന്റെ പല്ലവിയാണ്. ഓരോ വിജയ ദശമി നാളിലും ഇതോര്‍ത്തുപോവാറുണ്ട് ഇപ്പോഴും.
നമ്മള്‍ മലയാളികള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ് ഈ വിദ്യാരംഭം (ഇപ്പോള്‍ നമ്മളെ അനുകരിച്ചു പലയിടത്തും ഉണ്ടെങ്കിലും). മലയാളികളുടെ ആചാരങ്ങളില്‍ എനിക്കെന്നും പ്രിയങ്കരമായി തോന്നിയിട്ടുള്ളത് ഇത് തന്നെ.
എങ്കിലും ആ ദിനം എനിക്കോര്‍മ്മയില്ല. അച്ഛന്‍റെ മടിയില്‍ ഇരുന്നു ആദ്യാക്ഷരം കുറിച്ചത് കേട്ടറിവ് മാത്രമാണ്. അന്ന് തൊട്ട് ഇന്നേവരെ സരസ്വതീദേവി അനുഗ്രഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
എന്‍റെ ഓര്‍മ്മയിലെ ഓരോ വിജയദശമിനാളും സംഗീതസാന്ദ്രമായ അനുഭവമാണ്. അച്ഛന്‍റെ മരണശേഷം ഞങ്ങള്‍ പുസ്തകം പൂജക്ക്‌ വെച്ചിരുന്നത് പാട്ടുമാഷിന്റെ വീട്ടില്‍ ആയിരുന്നു. അവിടെ ആ ചുറ്റുവട്ടത്തുള്ള മിക്ക കുട്ടികളും പുസ്തകം പൂജിക്കാന്‍ കൊണ്ടുവന്നിരുന്നു.
അതിരാവിലെ തുമ്പപ്പൂ തേടി ഇടവഴികളിലൂടെ ഓടി നടക്കലായിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന പണി. പിന്നെ കുറച്ചുപേര്‍ പൂജക്കുള്ള പൂക്കള്‍ ഒരുക്കും. അതിനിടയില്‍ അറിയാതെ എങ്ങാനും ഏതെങ്കിലും കുഞ്ഞുകടലാസിലെ എന്തെങ്കിലും വായിച്ചാല്‍ പിന്നെ എന്തോ അബദ്ധം പിണഞ്ഞപോലെയാണ് "അയ്യോ പുസ്തകം വെച്ചിരിക്കുകയല്ലേ പൂജക്ക്‌! വായിച്ചുപോയല്ലോ" എന്ന്! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
പൂജ കഴിയുന്നതോടെ മാമന്റെ (അച്ഛന്‍റെ സ്നേഹിതന്‍ കൂടിയായ അദ്ദേഹത്തെ ഞങ്ങള്‍ അങ്ങനെയാണ് വിളിക്കുന്നത്‌ ) മറ്റ് ശിഷ്യഗണങ്ങളും എത്തുകയായി.. പിന്നെ സരിഗമയില്‍ തുടങ്ങി ഗണപതി - ദേവീ സ്തുതികള്‍ പാടി ഏതെങ്കിലും ഒരു കീര്‍ത്തനം തുടങ്ങിവെച്ചു പൂജ അവസാനിപ്പിക്കും. പിന്നെ സ്വാദിഷ്ടമായ പ്രസാദവും കൂടി സേവിക്കുന്നതോടെ മനം കുളിരും.
തിരികെ വീട്ടില്‍ എത്തുമ്പോള്‍ വന്‍പയറും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത പ്രസാദം ഉണ്ടാക്കിവെച്ചു അമ്മ കാത്തിരിക്കുന്നുണ്ടാവും. അതോടെ ആ ദിനം തന്നെ ധന്യമാവുന്നു.. പൂജയെടുത്ത ദിവസമായതുകൊണ്ട് വല്ലതും പഠിക്കണം എന്ന് നിര്‍ബന്ധത്തോടെ പുസ്തകവുമായി കുറച്ചുനേരം...
ഒരിക്കലും തിരിച്ചുവരാത്ത മനോഹരദിനങ്ങളുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരു നിമിഷം....
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍..

Friday, September 30, 2011

എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങള്‍

(ഇത് മാതൃഭൂമി യാത്രാബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു )

പ്രകൃതിസുന്ദരമായ നെല്ലിയാമ്പതി എന്‍റെ നാട്ടിലാണെന്നു പറയാന്‍ അഭിമാനമാണ്. എങ്കിലും ഇത്രയും കാലത്തിനിടക്ക് രണ്ട് തവണ മാത്രമേ എനിക്കവിടെ പോവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് ദുഖകരമായ സത്യവും.
നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിലാണ് പോത്തുണ്ടി ഡാം. സിമെന്റ് ഉപയോഗിക്കാതെ ചില പ്രത്യേക മിശ്രിതം ഉപയോഗിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ഏഷ്യയിലെതന്നെ രണ്ടാമത്തെ ഡാം ആണത്രേ ഇത്. പണ്ട് വീട്ടില്‍ വരാറുള്ള അതിഥികളെ ഞങ്ങള്‍ കൊണ്ടുവരുന്നത് ഇവിടെയായിരുന്നു. ഡാമിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ ഇരുന്നു കടല, പക്കോട, ബിസ്ക്കറ്റ് തുടങ്ങിയവ കൊറിച്ചും കൊച്ചുവര്‍ത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും പതിയെ ഡാമിന്റെ പടികള്‍ കയറും. മുകളില്‍ കിതച്ചെത്തി നില്‍ക്കുമ്പോള്‍ മുന്നില്‍ അതിമനോഹരമായ കാഴ്ചയാണ്! വലിയ തടാകത്തിനു ചുറ്റും നീല മലനിരകള്‍. ദൂരെയുള്ള മലകളില്‍ ആരോ കൊരുത്തിട്ട കൊച്ചരുവികളുടെ വെള്ളികൊലുസ്സുകള്‍..തടാകത്തിനു ചുറ്റും കണ്ണിനും മനസിനും കുളിര്‍മയാവുന്ന പച്ചപ്പ്‌..
ഡാമിന്റെ വശത്ത് കാണുന്ന, ഉയരമുള്ള മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന വലിയ മലയാണ് നെല്ലിയാമ്പതി. പലപ്പോഴും പോത്തുണ്ടിഡാമിന്റെ പടികളിറങ്ങുമ്പോള്‍ നെടുവീര്‍പ്പോടെ നെല്ലിയാമ്പതിയിലേക്ക് നോക്കാറുണ്ട്. അവിടെയ്ക്കുള്ള യാത്രക്ക് അന്നൊക്കെ തടസ്സങ്ങള്‍ ഏറെയാണ്‌. ഒന്നാമത് തനിച്ച് പോവാന്‍ ബുദ്ധിമുട്ടാണ്. ആരെങ്കിലും ആണുങ്ങള്‍ കൂടെയുണ്ടാവണം. വളരെ കുറച്ചു ബസുകളെ ആ റൂട്ടില്‍ ഉള്ളൂ.. രാവിലെതന്നെ ഇറങ്ങിയാലെ എല്ലാം ചുറ്റിനടന്നു കണ്ടു തിരിച്ചു വൈകിട്ടത്തെ ബസിനു ഇരുട്ടുന്നതിനു മുന്‍പേ വീടെത്താന്‍ പറ്റൂ.. ആ ബസ്‌ എങ്ങാനും മിസ്സായാല്‍ പിന്നെ രാത്രി ചിലപ്പോഴെ സര്‍വീസ് ഉണ്ടാവൂ.. ഒരു മുന്നറിയിപ്പും തരാതെ ആനയിറങ്ങുന്ന വഴിയാണ്. ഹെയര്‍പിന്‍ വളവുകളാണ്.. അങ്ങനെ ഒരുപാട്...
ചേച്ചിയുടെ വിവാഹശേഷം ബന്ധുക്കളൊക്കെ വന്നപ്പോള്‍ ഒരു ദിവസം എന്തായാലും നെല്ലിയാമ്പതി കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ചു. അന്ന് ഞങ്ങള്‍ ഗൈഡ് ആയി കൂടെ കൂട്ടിയ ആളാണ്‌ അയല്‍വാസി പാപ്പാക്കുട്ടി എന്ന് വിളിക്കുന്ന ധനലക്ഷ്മി. അവളുടെ അച്ഛനും അമ്മയും നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ്‌ തൊഴിലാളികള്‍ ആയിരുന്നു. പഠനസൌകര്യത്തിനായി വലിയച്ഛന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന ആ ഒന്‍പതാം ക്ലാസ്സുകാരി ആയിരുന്നു അക്കാലത്ത് എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങളുടെ ‍ ഏകാശ്രയം. മലമുകളിലെ മനോഹരകാഴ്ചകള്‍ എന്‍റെ മനസ്സില്‍ ആദ്യമായി വരച്ചിട്ടത് അവളാണ്. കണങ്കാലില്‍ അള്ളിപ്പിടിച്ചു ചോരയൂറ്റി വീര്‍ക്കുന്ന അട്ട അവളുടെ വര്‍ണ്ണനകളിലൂടെ അന്നും ഇന്നും എന്‍റെ പേടിസ്വപ്നമാണ്.
അങ്ങനെ ഞങ്ങളെല്ലാവരും പാപ്പകുട്ടിയോടൊപ്പം രാവിലത്തെ ബസില്‍യാത്ര തിരിച്ചു. പോത്തുണ്ടി ഡാം പിന്നിട്ട് ഞങ്ങളെയും വഹിച്ചുകൊണ്ട് ഇരച്ചും കിതച്ചും ബസ്‌ മുകളിലേക്ക് ചുറ്റി കയറുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ ശരിക്കും ഹരം കൊള്ളിക്കുന്നത്‌ തന്നെയായിരുന്നു. പ്രകൃതി സൌന്ദര്യമത്സരത്തിനൊരുങ്ങിയ പെണ്ണിനെ പോലെ ഓരോ റൌണ്ടിലും ഓരോരോ ഭാവത്തില്‍ മുന്നിലെത്തി. ചിലപ്പോള്‍ പച്ചയണിഞ്ഞുകൊണ്ട്... ചിലപ്പോള്‍ കോടമഞ്ഞിന്റെ സുതാര്യമായ വെണ്‍പട്ട് പുതച്ച്... മറ്റുചിലപ്പോള്‍ മലനിരകളുടെയും താഴ്വരകളുടെയും നിമ്നോന്നതങ്ങള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌...
ഞങ്ങള്‍ പാപ്പകുട്ടി പറഞ്ഞ ഒരു സ്റ്റോപ്പില്‍ ഇറങ്ങി. (സ്ഥലപ്പേര് ഓര്‍ക്കുന്നില്ല). ടാര്‍ റോഡിന്‍റെ അരികിലുള്ള ചെമ്മണ്‍ പാതയിലൂടെ മുന്നില്‍ നടന്നുകൊണ്ട് അവള്‍ പറഞ്ഞു, "ഇവിടുന്നു കൊറച്ചു നടന്നാല്‍ മതി "
കുറെയേറെ നടന്നിട്ടും ലക്ഷ്യസ്ഥാനം കാണാതായപ്പോള്‍ ഞങ്ങള്‍ വീണ്ടും തിരക്കി. ഞങ്ങളെപ്പോഴും ഇങ്ങനെയാണ് പോവുന്നത് എന്ന് പറഞ്ഞുകൊണ്ട് അവള്‍ അടുത്തുള്ള തേയില തോട്ടത്തിലേക്ക് കയറി. പിന്നാലെ ഞങ്ങളും... പിന്നെയും ഒരുപാട് നേരം.. ഏകദേശം ഒരു മൂന്നുനാലു കിലോമീറ്ററോളം ഞങ്ങള്‍ നടന്നിരിക്കണം. ചുറ്റിലും തേയില പച്ചവിരിച്ച് നിന്നതും ആസ്വദിച്ചു നടന്നത് കൊണ്ടാവാം ദൂരം അനുഭവപ്പെടാതിരുന്നത്. ഇടയ്ക്കു കഴിക്കാനായി കയ്യില്‍ കരുതിയതെല്ലാം തീര്‍ന്നു. എന്നിട്ടും അവളുടെ വീട്ടിലെത്തിയില്ല. ഇടയ്ക്കു വഴിക്ക് വെച്ച് കണ്ട ആളോട് അന്വേഷിച്ചപ്പോള്‍ അയ്യോ ബസിറങ്ങുന്ന സ്ഥലത്ത് നിന്നും ജീപ്പ് കിട്ടുമായിരുന്നല്ലോ ഇനിയിപ്പോള്‍ നടക്കാനേ പറ്റൂ എന്ന് മറുപടി കിട്ടിയതോടെ ഞങ്ങള്‍ തലയില്‍ കൈ വെച്ച് താഴെ ഇരുന്നു. ഇനിയും മുന്നോട്ടു ഒരടി നടക്കാന്‍ വയ്യ! ഇനി തിരിച്ചു ബസ്‌ സ്റ്റോപ്പില്‍ എത്തണം എങ്കിലും ഇത്രയും തന്നെ തിരിച്ചും നടക്കേണ്ടിയിരിക്കുന്നു. മൂന്നരക്കോ മറ്റോ ഉള്ള ആ ബസ്‌ പോയാല്‍ പിന്നെ സന്ധ്യക്കുള്ള ബസ്‌ വന്നാലായി.. പിന്നെ സമയം കളയാതെ ഞങ്ങള്‍ തിരിച്ചു നടന്നു. ഇടയ്ക്ക് അനുവാദം ചോദിക്കാതെ ചനുമിനെ മഴ! പത്തോളം വരുന്ന സംഘത്തില്‍ ആകെ ഉള്ളത് രണ്ടു കുട! ഓടിയും നടന്നും എങ്ങനെയൊക്കെയോ ബസ്‌ സ്റ്റാന്റ് എത്തി. അവിടെ നിന്നും പോകുമ്പോള്‍ കണ്ടുവെച്ചിരുന്ന ചെറിയ ഹോട്ടലിലെ സുന്ദരിചേച്ചിയുടെ പറോട്ടയും ചായയും വടയുമൊക്കെ മോഹം മാത്രമായി അവശേഷിപ്പിച്ച് അടുത്ത അഞ്ചുനിമിഷത്തിനുള്ളില്‍ പുറപ്പെടാന്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ ചാടിക്കയറി സീറ്റ്‌ പിടിച്ചു. പാപ്പകുട്ടി വരച്ചിട്ട ചിത്രം എന്‍റെ ഭാവന നടത്തിയ മിനുക്കുപണികളുമായി മനസ്സില്‍ തന്നെ അവശേഷിച്ചു.
*******************
ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവിടേക്ക് പോവാനായത് കഴിഞ്ഞ ആഴ്ച ആയിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഒരു യാത്ര. ശരിക്കും ഒരു ഡ്രൈവ് എന്ന് പറയാം.

വെള്ളിയാഴ്ച രാവിലെ കുടുംബസമേതം പല്ലശ്ശന ദേവീക്ഷേത്രദര്‍ശനത്തിന് ഇറങ്ങിയതായിരുന്നു. നീണ്ട റോഡിനിരുവശവും നെല്‍പ്പാടങ്ങളും പാറകൂട്ടങ്ങളും കരിമ്പനകളും ഉള്ള പാലക്കാടന്‍ ഗ്രാമം എന്നും എന്‍റെ കൊതിതീരാകാഴ്ച തന്നെ. അമ്പലത്തില്‍ നിന്നും തിരിച്ചുവരുമ്പോള്‍ നെന്മാറയില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് തിരിയുന്ന വളവിലെ വഴികാട്ടിഫലകം "വെറും മുപ്പതു കിലോമീറ്ററേ ഉള്ളൂ ട്ടോ.. ഒന്ന് കേറീട്ട് പോവൂന്നേ " എന്ന് പറഞ്ഞതുപോലെ തോന്നി. അത് തന്നെ ഡ്രൈവിംഗ് സീറ്റിലെ ആളും കേട്ടുവോ എന്തോ.. "പോവ്വല്ലേ.." എന്ന് ചോദിച്ചുകൊണ്ട് വണ്ടി തിരിഞ്ഞു പോത്തുണ്ടി വഴി നെല്ലിയാമ്പതിയിലേക്ക്!

എങ്കിലും പോത്തുണ്ടി എത്തിയപ്പോള്‍ ഉള്ളില്‍ ഒരു ഭയം അറിയാതെ ഉടലെടുത്തു. വളവുകളും തിരിവുകളും ഏറെയുണ്ട്. തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴയും. കാറില്‍ ഞങ്ങളെ കൂടാതെ കൊച്ചു കുട്ടികളെ ഉള്ളൂ.. എന്തെങ്കിലും അത്യാവശ്യം വന്നാല്‍... അങ്ങനെ.. ഒരു റീതിങ്കിംഗ്‌.. പരിചയക്കാരെ വിളിച്ചറിഞ്ഞ വിവരവും അത്ര സുഖകരമായിരുന്നില്ല. റിസ്ക്‌ ആണ്. മണ്ണിടിച്ചില്‍ ഉണ്ട്. വൈകിട്ടാവുമ്പോള്‍ ആനയും ഇറങ്ങാം.
പോത്തുണ്ടി എത്തിയപ്പോള്‍ തന്നെ മല കാണാനാകാത്തവിധം പെരുമഴ! പോത്തുണ്ടിയില്‍ നിന്നും മുകളിലേക്ക് കയറുന്നിടത്ത് ചെക്ക്‌ പോസ്റ്റ്‌ ഉണ്ട്. റോഡ്‌ നല്ലതാണ്.. പ്രശ്നമൊന്നുമില്ല എന്ന് അവിടെനിന്നും അറിവ് കിട്ടിയപ്പോള്‍ ധൈര്യമായി. പിന്നെ ഒരു ആവേശമായിരുന്നു..
ഇരുവശത്തും ഉയരത്തില്‍ തിങ്ങിനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ മഴനൂലുകളെ കീറിമുറിച്ചുകൊണ്ട് മുന്നോട്ട്.. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് മുകളിലേക്ക് നോക്കി മഴ ആസ്വദിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് കയറ്റത്തില്‍? ആകാശത്ത് നിന്നും നമുക്കായി മാത്രം മഴ നേരിട്ട് താഴേക്ക്‌ വരികയാണെന്ന് തോന്നും. മലയെ ചുറ്റി മുകളിലേക്ക് കയറുംതോറും ഏറ്റവും സുന്ദരദൃശ്യങ്ങള്‍ ഒരുമിച്ചു മുന്നിലെത്തുകയായിരുന്നു. ഒരു വശത്ത് താഴെയായി നീലമലകളാല്‍ ചുറ്റപ്പെട്ട തടാകം... മറുവശത്ത് വലിയ പാറക്കെട്ടുകള്‍! ചിലയിടങ്ങളില്‍ താഴേക്ക്‌ പതിക്കുന്ന കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങള്‍.. ചിലപ്പോള്‍ വലുതും.. ഇടയ്ക്ക് പേടിപ്പെടുത്തുന്ന മരക്കൂട്ടങ്ങളുടെ ഇരുള്‍.. വഴിയിലേക്ക് വീണ മരങ്ങളുടെ മുറിപ്പാടുകള്‍.. പിന്നെയും പോകുമ്പോള്‍ മഞ്ഞുമൂടിയ താഴ്‌വരയുടെ ദൃശ്യങ്ങള്‍ മനം കവരുന്നതാണ്.. മഞ്ഞിന്റെ നേരിയ തിരശ്ശീലക്കു കീഴെ ദൂരെ പാലക്കാടിന്റെ ഭൂപ്രദേശങ്ങള്..‍ ചെറിയ ചെറിയ ചതുരങ്ങളായി കൃഷി സ്ഥലങ്ങള്‍.. പൊട്ടുപോലെ കാണുന്ന കെട്ടിടങ്ങളും മറ്റും.. എവിടേക്ക് നോക്കണമെന്ന ആശയക്കുഴപ്പത്തോടെ ഇരുന്നുപോയി.. ഒരു വശത്തെ സൌന്ദര്യത്തില്‍ മതിമയങ്ങുമ്പോള്‍ മറുവശത്തെ ഒരു കൊച്ചു വെള്ളച്ചാട്ടമോ നനഞ്ഞ താഴ്വരയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒറ്റമരമോ വിട്ടുപോയിരിക്കും..!

ഏകദേശം പതിനഞ്ചോളം കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ചെറിയ ഗോപുരം പോലെ റോഡിന്‍റെ വശത്ത് കെട്ടിയിട്ടിരിക്കുന്ന വ്യൂ പോയിന്റ്‌. മുന്നില്‍ വഴി കാണാന്‍ കഴിയാത്ത വിധം കോടമഞ്ഞ്‌. കാര്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. വളരെ മെലിഞ്ഞ തണുത്ത സൂചി കൊണ്ടുള്ള സ്പര്‍ശം പോലെ തണുപ്പ് അരിച്ചു കയറി..ഗോപുരത്തിനുള്ളില്‍ ഒരു കൊച്ചു കാപ്പിക്കട നടത്തുന്ന ഒരു സ്ത്രീയും പുരുഷനും മാത്രമേ അവിടെ മറ്റ് മനുഷ്യസാന്നിധ്യമായിരുന്നുള്ളൂ... കൈകള്‍ കൂട്ടിത്തിരുമ്മിയും അനുസരണയുള്ള കുട്ടിയെ പോലെ കൈകള്‍ ചേര്‍ത്തു കെട്ടിയും കാപ്പിക്ക് കാത്തു നില്‍ക്കുമ്പോള്‍ മനസ് ഉറക്കെ പറഞ്ഞുപോയി... ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്! എല്ലാ മനോഹാരിതയും ഒരുപോലെ ചേര്‍ത്തു സൃഷ്ടിക്കണമെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വന്തം തന്നെയാവും.. ഉറപ്പ്!

 
പ്രകൃതിയില്‍ ലയിച്ച് കുറച്ചുനേരം അവിടെനിന്നിട്ട് തിരിച്ചു മലയിറങ്ങാന്‍ നിര്‍ബന്ധിതരായപ്പോഴും മനസ് നിറഞ്ഞിരുന്നു. എങ്കിലും ഒരു ചെറിയ ദുഃഖം, ഇത്തവണയും അങ്ങേയറ്റം വരെ പോവാനായില്ലല്ലോ എന്ന്.. അല്ലെങ്കിലും കേട്ട പാട്ട് മധുരം.. കേള്‍ക്കാനുള്ളത് അതിമധുരതരം എന്നല്ലേ.. അതുപോലെ കാണാക്കാഴ്ചകള്‍ ബഹുവര്‍ണ്ണചിത്രമായി നില്‍ക്കട്ടെ മനസ്സില്‍.. ഇനിയുമിനിയും ഇവിടേയ്ക്ക് വരാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ട്.. ‍‍

Tuesday, September 13, 2011

കേശവ് എന്‍ നായര്‍ക്ക് പ്രണയപൂര്‍വ്വം സാറ ഉമ്മന്‍


ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ വന്ന കഥാ രചന ചര്‍ച്ചയില്‍ കിട്ടിയ പ്രമേയമായിരുന്നു സാറ ഉമ്മനു പ്രണയപൂര്‍വ്വം കേശവ് എന്‍ ‍. നായര്‍ എന്നത്. അവിടെ ഒരുപാട് കേശവന്‍ നായര്മാര്‍ എഴുതിയപ്പോള്‍ സാറ ഉമ്മന് പറയാനുള്ളത് എന്തായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ തോന്നിയതായിരുന്നു ഇത്... ബഷീര്‍ കൃതിയുമായി ഒരു ബന്ധവും ഇതിനില്ല എന്നറിയിക്കട്ടെ..


പ്രിയപ്പെട്ട കേശവന്‍ ചേട്ടന് പുത്തന്പുരയ്ക്കലെ സാറാമ്മ എഴുതുന്നത്‌ എന്തെന്നാല്‍,
ചേട്ടന് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്കും സുഖമാണെന്നു പറയാം.

ആദ്യമേ തന്നെ എന്‍റെ വീട്ടുപേര് വരെ എഴുതിയത് ചേട്ടന്‍ എന്നെ ഒരുപക്ഷെ മറന്നു പോയിട്ടുണ്ടെങ്കിലോ എന്നോര്‍ത്താ...

ഞാനിപ്പം അമേരിക്കയില്‍ എന്‍റെ രണ്ടാമത്തെ മോന്റെ കൂടെയാ.. എന്‍റെ കൊച്ചുമോള് കമ്പ്യൂട്ടറില്‍ അവളുടെ കൂട്ടുകാരന്റെ പടവും മറ്റും കാണിച്ചു തന്നായിരുന്നു. അവന്‍റെ കുടുംബഫോട്ടോയില്‍ കരളില്‍ കൊളുത്തി വലിക്കുന്ന ചിരിയുമായി നില്‍ക്കുന്ന ആളിനെ കണ്ടപ്പോഴാ മനസിലായത്, ആ കൊച്ചന്‍ ചേട്ടന്റെ കൊച്ചുമോനാണെന്ന്.

പ്ലഷറും പഞ്ചാരേം എല്ലാമുണ്ടെന്നാ കഴിഞ്ഞ തവണ പരിശോധിച്ചപ്പോഴും മരുമോള് കൊച്ച് പറഞ്ഞത്. അതിനൊള്ള മരുന്നും കഴിക്കുന്നുണ്ട്. മക്കളൊക്കെ ഇവിടെ തന്നെയാ.. എന്‍റെ അങ്ങേരു മരിച്ചപ്പം വസ്തുവൊക്കെ വിറ്റുപെറുക്കി അവരെന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു. ഇനിയിപ്പം അവസാനം വരേം ഇവിടെ തന്നെ...

സാറക്കുട്ടീന്നു നീട്ടി വിളിച്ചോണ്ട് പള്ളിക്കൂടത്തിലോട്ടു ഒരുമിച്ചു നടന്ന കാലമൊക്കെ ചേട്ടനോര്‍മ്മയുണ്ടോ? ക്രിസ്തുമസ് കരോളിന്റെ കൂടെ വന്ന് ഇരുട്ടില്‍ എന്റെ കൈ വലിച്ചെടുത്തു ഉമ്മ വെച്ചതും എന്‍റെ മിന്നുകെട്ടിന്റന്നു പള്ളീടെ അപ്പുറത്തെ വേലിക്കല്‍ കണ്ണ് തുടച്ചോണ്ട് നിന്നതും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ..ഒരിക്കല്‍പ്പോലും സ്നേഹം തിരിച്ചു കാണിക്കാഞ്ഞത് എന്‍റെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ ഉമ്മച്ചന്‍ മാപ്പിളയേയും തടിമാടന്മാരായ ഇച്ചായന്മാരെയും പേടിച്ചിട്ടായിരുന്നു. മലയാളം നോട്ടുബുക്ക് വാങ്ങാന്‍ ചേട്ടന്‍ വീട്ടില്‍ വന്നയന്ന് ആ നായര് ചെറുക്കനുമായി നിനക്കെന്നതാടീന്നു ചോദിച്ചോണ്ട് ഇച്ചായന്മാരെന്നെ ഒത്തിരി കരയിച്ചു. ഇനി മിണ്ടുന്നതെങ്ങാനും കണ്ടാല്‍ അവന്‍റെ കാലുതല്ലിയൊടിക്കുമെന്നും പറഞ്ഞു പേടിപ്പിച്ചതുകൊണ്ടാ ചേട്ടന്‍ മിണ്ടാന്‍ വരുമ്പോഴൊക്കെ ഞാനൊഴിഞ്ഞു മാറിയത്. ചേട്ടനെ വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കത്തില്ലായിരുന്നു. എനിക്കന്ന് വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല.

ഒരിക്കല്‍പ്പോലും എന്‍റെ മനസ്സില്‍ എന്താണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എനിക്കറിയാം ഈ വൈകിയ വേളയില്‍ എന്‍റെ മനസ് തുറന്നു കാണിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന്.. എന്നാലും... ചാവുന്നതിനു മുന്‍പ് ഒന്ന് കാണണം എന്നുണ്ടായിരുന്നു. ചേട്ടനെ ഒരുപാടിഷ്ടമായിരുന്നെന്നു പറയണമെന്നും... ഒന്നും.. ഒന്നും എനിക്ക് മറക്കാന്‍ പറ്റിയിട്ടില്ല ഇതുവരെ..

എന്‍റെ കൊച്ചുമോളാ എനിക്കിതെഴുതാന്‍ ധൈര്യം പകര്‍ന്നത്. അവളിതു ടൈപ്പ് ചെയ്തു കമ്പ്യൂട്ടര്‍ വഴി അങ്ങേത്തിച്ചെക്കാം എന്ന് ഉറപ്പു തന്നെക്കുവാ..

കത്തെഴുതി പരിചയമൊന്നുമില്ലാത്ത എന്‍റെ ഈ എഴുത്ത് കിട്ടുമ്പം ചേട്ടന്‍ ചിരിക്കുമായിരിക്കും. എന്നാലും പറയുവാ.. ചേട്ടനെ ഈ സാറക്കുട്ടി സ്നേഹിച്ചിട്ടെയുള്ളൂ... എന്നും.

മറുപടി എഴുതുവോ? ചേട്ടന്റെ ആരോഗ്യമൊക്കെ എങ്ങനൊണ്ട്? ചേട്ടന്‍ മുറപെണ്ണ് ഭാര്‍ഗവിയെയാ കെട്ടിയതെന്നും അഞ്ചാമത്തെ പ്രസവത്തോടെ അവളെ കര്‍ത്താവ് വിളിച്ചെന്നും നാട്ടില്‍ വെച്ചുതന്നെ ഞാന്‍ അറിഞ്ഞാരുന്നു.

ഒത്തിരി സ്നേഹത്തോടെ,
ചേട്ടന്റെ
സാറക്കുട്ടി.

Tuesday, August 2, 2011

എനിക്കും നിനക്കുമിടയില്‍

അന്ന്,
നീ ഞാന്‍ തന്നെയല്ലേ..
നമ്മളൊന്നല്ലേ
നമുക്കിടയില്‍ എന്തെന്ന്
രണ്ടു ചിരികള്‍ക്ക് ഒരേ ശ്രുതി.

ഇന്ന്,
ഒന്നുമില്ലെന്ന് തെളിയിക്കാന്‍
കോഫീഡേയിലെ മേശ..
രണ്ടു കപ്പുകളിലെ തണുപ്പും ചൂടും
വെവ്വേറെ ചിന്തകളെ പൊതിഞ്ഞ മൌനം
ദീര്‍ഘനിശ്വാസം
വിടചൊല്ലലിന്റെ ഉപചാരം.

ഇപ്പോള്‍,
വാതില്‍ക്കലെത്തി
തിരിഞ്ഞുനോക്കുമ്പോള്‍
തിരയുന്നത്
ഒരു പിന്‍വിളിയോ
മറന്നുവെച്ച മനസോ..

Friday, July 15, 2011

പുറവും അകവും

വീട്ടില്‍ നിന്നും അനുജത്തി ആതിര വിളിക്കുമ്പോള്‍ അന്നത്തെ റിപ്പോര്‍ട്ട്‌ തയാറാക്കുന്ന തിരക്കിലായിരുന്നു. പണി തീര്‍ത്ത് തിരിച്ചു വിളിക്കുമ്പോഴേക്കും അഞ്ചുമണി. ഇന്നിനിയിപ്പോ പോക്ക് നടക്കില്ല. അല്ലെങ്കിലും ഈ പ്രഹസനം വല്ലാതെ മടുത്തു തുടങ്ങി. ലോകത്തിലെ ഏറ്റവും രസമില്ലാത്ത ചടങ്ങുണ്ടെങ്കില്‍ അത് പെണ്ണുകാണല്‍ ആവും എന്ന് തോന്നിയിട്ടുണ്ട്. അണിഞ്ഞൊരുങ്ങി അപരിചിതരുടെ കാഴ്ചവസ്തുവാകുക! ഒടുവില്‍ എന്തെങ്കിലുമൊരു കുറ്റം പറഞ്ഞു "റിജെക്റ്റെഡ്" ലേബല്‍ ചാര്ത്തപ്പെടുക! പല ആവര്‍ത്തനങ്ങള്‍ക്ക് ആകെയുള്ള വ്യത്യാസം കുറച്ചു മുഖങ്ങളും സാരികളും പിന്നെ മുകളിലേക്ക് മാത്രം പോകുന്ന പ്രായവും. കഴിഞ്ഞ തവണത്തെ പ്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വീട്ടിലുള്ളവരോടു പറഞ്ഞതായിരുന്നു, ഇനി നിങ്ങളൊക്കെ തീരുമാനിച്ചു തീയതി അറിയിച്ചാല്‍ മതി എന്ന്. നേരത്തെ പറഞ്ഞാലേ ബോസ്സദ്ദ്യം അവധിക്കു സമ്മതിക്കുകയുള്ളൂ. കഴിഞ്ഞ മാസം മുന്‍കൂട്ടി പറയാതെ നാട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ "ഡോണ്ട് ഗിവ് മി സച് സര്‍പ്രൈസസ്" എന്ന്! അര്‍ദ്ധരാത്രിയില്‍ എട്ടന് നെഞ്ചുവേദന വരുമെന്ന് ആരും എന്നോട് പ്രവചിച്ചില്ല സര്‍ എന്ന് പറയാന്‍ തോന്നി.
വെളുപ്പിനുള്ള വണ്ടിക്കു ഒരുങ്ങുമ്പോള്‍ മുറി പങ്കിടുന്നവള്‍, ടെസ്സ കൂര്‍ക്കം വലിച്ചുറങ്ങുന്നു. വിവാഹിതയാവുക എന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം എന്ന് കരുതുന്നവളോട് പോകുന്നതിനുള്ള കാരണം പറയാന്‍ തോന്നിയില്ല. പിന്നെ കേള്‍ക്കാം കല്യാണം കഴിക്കാന്‍ കാത്തിരിക്കുന്നവരോടുള്ള പുച്ഛം നിറച്ച് ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷ് തെറികള്‍ മേമ്പൊടി ചേര്‍ത്ത, പുരുഷവിരോധിയുടെ പ്രസംഗം!
ശബ്ദമുണ്ടാക്കാതെ വാതില്‍ പൂട്ടി പുറത്തിറങ്ങുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്ന ശബ്ദം. ഓ.. തീര്‍ന്നു! ഈ പുകവണ്ടിയുടെ മുഖമാണല്ലോ ഭഗവാനെ കണി കണ്ടത്! ഇയാള്‍ ഇതെങ്ങോട്ടാണാവോ ഈ കൊച്ചുവെളുപ്പാന്കാലത്ത്.
"ഹായ്.." ഏതോ ഗുഹാമുഖത്ത്‌ നിന്നുള്ള മുരള്ച്ചപോലുള്ള പരിചയം പുതുക്കല്‍ കേട്ടില്ലെന്നു നടിച്ചു മുന്നോട്ടു നടന്നു.
ഈ ഫ്ലാറ്റില്‍ വന്നു അടുത്ത ദിവസം മുതലാണ്‌ അയാള്‍ ശ്രദ്ധയില്‍ പെട്ടത്. അടുക്കളയില്‍ നിന്നു നോക്കിയാല്‍ നേരെ കാണുന്നത് അയാളുടെ സ്വീകരണമുറി ആണെന്ന്, എരിയുന്ന സിഗരറ്റുമായി അലസമായിരിക്കുന്ന ആളുടെ സൂര്യകാന്തി പോലെ തെളിഞ്ഞുവരുന്ന കഷണ്ടിയും മുന്നില്‍ മിക്കപ്പോഴും ഉണര്‍ന്നിരിക്കുന്ന ടീവിയും കണ്ടു മനസിലാക്കിയതാണ്. വീട്ടിനുള്ളിലിരുന്നു പുകവലിക്കുന്നവരോട് പണ്ടേ വെറുപ്പാണ്. ഒരിക്കലും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ.
ആ മുഖവും കണി കണ്ടിറങ്ങുമ്പോള്‍ തന്നെ മനസ്സില്‍ അടുത്ത ദിവസത്തെ രംഗങ്ങള്‍ വെറുതെ ഊഹിച്ചു. ഒന്നുകില്‍, "അവന് സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങാനാ ആഗ്രഹം. കൊച്ചിനാണെങ്കില്‍ സ്ഥിരവരുമാനവും ഉണ്ടല്ലോ.. നിങ്ങളൊന്നു മനസുവെച്ചാല്‍.." എന്ന് ബ്രോക്കറുടെ സപ്പോര്‍ട്ടോടെ തുടങ്ങുന്ന രംഗത്തിന്, അങ്ങനെ വെക്കാന്‍ മനസില്ലെന്ന് തറപ്പിച്ചു ഏട്ടന്‍ പറയുന്നിടത്ത് തിരശീല വീഴും. അതുമല്ലെങ്കില്‍, വിളമ്പിയതിലൊന്ന് പോലും ബാക്കി വെക്കാതെ അകത്താക്കിയും , സ്നേഹം നിറച്ചു ചിരിച്ചും കടാക്ഷിച്ചും മടങ്ങുന്നവര്‍ ബ്രോക്കറുടെ അടുത്ത് പറഞ്ഞയക്കും, "പെണ്ണിന് നിറം പോര.." "ഒരിത്തിരി പ്രായക്കൂടുതല്‍ തോന്നിക്കുന്നില്ലേ.." അങ്ങനെ ഓരോന്ന്.. ഉള്ളതല്ലേ കാണൂ.. ഇതിനുവേണ്ടി കണ്ട ബ്യൂട്ടി പാര്‍ലറില്‍ ഒന്നും കയറിയിറങ്ങാന്‍ വയ്യ എന്ന് പറഞ്ഞുപോയാല്‍ നാടകത്തിന്റെ അടുത്ത രംഗം തുടങ്ങും. അനിയത്തിമാരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കാനുള്ള തത്രപ്പാടില്‍ സ്വന്തം ജീവിതം തുടങ്ങാന്‍ വൈകിയ കദനകഥയില്‍ തുടങ്ങി‍, പണ്ടൊരു ഗള്‍ഫുകാരന്റെ ആലോചന വന്നപ്പോള്‍, ജോലി ഉണ്ടെന്ന അഹങ്കാരത്തില്‍ അനിയത്തിക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതും പിന്നീട് ഭാഗ്യദോഷം വിടാതെ പിന്തുടരുന്നതും തങ്ങളുടെ കുറ്റം ആവുന്നതെങ്ങിനെ എന്ന ഭാഗത്തെത്തുമ്പോള്‍ ആതിരക്കും, ഏടത്തിയമ്മക്കും എല്ലാം ഡയലോഗ് ഉണ്ടാവും. ഒരിക്കലും കല്യാണം കഴിക്കാതെ ജീവിച്ചുകൂടെ എന്ന ചോദ്യം ഈയിടെയായി ഇടയ്ക്കിടയ്ക്ക് കയറി വരുന്നുണ്ട് മനസിലേക്ക്.
ഫ്ലാറ്റിനു മുന്നില്‍ നിന്നു തന്നെ ഭാഗ്യത്തിന് ഓട്ടോ കിട്ടി. കയറിയിരുന്നു തിരിയുമ്പോള്‍ കുറച്ചകലെ നിന്ന്‍ അയല്‍വാസി കൈ വീശുന്നു. സ്ത്രീവര്‍ഗം ഈ ഭൂമുഖത്ത് ഉണ്ടെന്ന ഭാവം പോലും കാട്ടാത്ത ആള്‍ക്ക് ഇന്നിതെന്താണാവോ.. ടെസ്സ ആയിരുന്നെങ്കില്‍ തിരിഞ്ഞു നിന്നു ചോദിച്ചേനെ..
സ്റ്റാന്‍ഡില്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ കയറി ജനലോരത്ത് ഇരിപ്പിടം നേടിയെടുത്തു. എത്രയോ വര്‍ഷങ്ങളായി ഇതേ വഴിയിലൂടെ യാത്ര ചെയ്തിട്ടും ഇന്നും പുറത്തേക്കു നോക്കിയിരിക്കുന്നതിന്റെ സുഖം നഷ്ടമായിട്ടില്ല.
"അമ്മേ... ദേ വല്യമ്മ വന്നൂ.."
നടവഴിയില്‍ വെച്ചുതന്നെ ആതിരയുടെ മകള്‍ അനുക്കുട്ടി കണ്ടുപിടിച്ചു. കയ്യില്‍ ചീപ്പുമായി പിന്നാലെ ഓടിയെത്തിയ ആതിരക്ക് ശരിക്കുമൊരു അമ്മച്ചി ലുക്കുണ്ടെന്നെങ്ങാനും പറഞ്ഞാല്‍ മതി.. പിന്നെ തിരിച്ചു പോകുന്നതുവരെ വയറു നിറച്ചു കേള്‍ക്കാം ഭാര്യയും അമ്മയുമായവരുടെ പ്രാരാബ്ധങ്ങളുടെയും കഷ്ടപ്പാടിന്റെയും കഥകള്‍. എന്തിനും ഒടുവില്‍ ചേര്‍ക്കും, "അതൊന്നും പറഞ്ഞാല്‍ ചേച്ചിക്ക് മനസിലാവില്ല!"
"ഓ... രാവിലത്തെ ബസ്‌ തന്നെ കിട്ടിയോ? ഞാന്‍ കരുതി ചേച്ചി ഇന്നും എണീക്കാന്‍ വൈകും ന്ന്.. "
"ഇല്ല.. അലാറം വെച്ചിരുന്നു."
"ഇവിടെ വാടീ അനൂ..സ്കൂള്‍ തുറന്നതേയുള്ളൂ തലേല്‍ നിറച്ചു പേനും പിടിപ്പിച്ചോണ്ട് വന്നിരിക്കയാ.."
പതിവ് കുശലാന്വേഷണങ്ങളുമായി എല്ലാവരും ഊണ്‍ മേശക്കു ചുറ്റും കൂടിയപ്പോള്‍ ഏട്ടനാണ് തുടങ്ങിയത്.
"ഇത് നടക്കുമെന്നാ തോന്നണത്. അവര്‍ക്കൊന്നും വേണ്ടാത്രേ.. ആള്‍ക്ക് സ്വന്തായി ബിസിനസ്‌ ആണ്.. ഫ്ലാറ്റും ഉണ്ട്. നിന്‍റെ ജോലി സ്ഥലത്ത് തന്നെയാ.."
"ചേച്ചിയെ കണ്ടിട്ടുണ്ടത്രേ.. അപ്പൊ പിന്നെ അങ്ങനേം ഇഷ്ടല്ലാന്നു പറയാന്‍ പറ്റില്ലാലോ.."
"കണ്ടിഷ്ടായിട്ട് അന്വേഷിച്ചു ആലോചിച്ചത് തന്നെയല്ലേ ആതിരേ.. അപ്പോള്‍ പിന്നെ വേറെ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ.."
"ജാതകത്തിലും വിശ്വാസല്ല്യാത്രേ.. "
"ഓ.. അല്ലെങ്കിലും ഇന്നതൊക്കെ ആരാ ഇത്ര നോക്കാന്‍ പോണത്? പുറത്തെവിടെയോ ജനിച്ചു വളര്‍ന്ന ആളാ.. അച്ഛന്‍ മലയാളി അല്ലത്രേ..അവരൊക്കെ നേരത്തെ മരിച്ചുപോയത്രേ.."
"ഒരിത്തിരി കഷണ്ടിയുണ്ട്.. ല്ലേ ഏടത്തിയമ്മേ?"
"നിന്‍റെ എട്ടന് എന്തായിരുന്നു മുടി കല്യാണ സമയത്ത്? ഇപ്പോഴോ.. "
ഏട്ടന്‍ ആരും കാണാതെ തലയില്‍ തടവുന്നത് കണ്ടു ചിരി വന്നു.
ഓരോരുത്തരും എന്തൊക്കെയോ വാചകങ്ങള്‍ നിരത്തി സ്വയം ന്യായീകരിക്കുന്നതുപോലെ.. ഒന്നും മിണ്ടാതെ കേട്ടിരിക്കുമ്പോള്‍ ഒരുതരം മരവിപ്പാണ് തോന്നുന്നത്.. മുന്‍പൊരിക്കല്‍ വന്നയാളുടെ വിദ്യാഭ്യാസയോഗ്യതയെ കുറച്ചു അന്വേഷിച്ചപ്പോള്‍ കേട്ടു, "ഇനിയും എമ്മേക്കാരീടെ ഗമേം വെച്ചോണ്ടിരുന്നോ.. അങ്ങ് അമേരിക്കേന്നു വരും രാജകുമാരന്‍!". അന്ന് തീരുമാനിച്ചതാണ്, ഈ വിഷയത്തില്‍ മൌനം തന്നെ ഭൂഷണം എന്ന്. വിവാഹം കഴിച്ച് കൂടെ പറഞ്ഞയക്കുന്നത് വരെ അല്ലെ ഈയുള്ളവര്‍ക്ക് ഉത്തരവാദിത്വം ഉള്ളൂ.. പിന്നെ കൂടെ കഴിയേണ്ടത് ഞാനല്ലേ.. അപ്പോള്‍ ഞാന്‍ അറിഞ്ഞിരിക്കേണ്ടേ അയാളെ കുറിച്ച്? ചോദ്യങ്ങളും ആശങ്കകളും കാലം ചെല്ലുംതോറും ഉറഞ്ഞുകൂടിയിട്ടാവും മനസ് ഇപ്പോള്‍ മരവിച്ചിരിക്കുന്നത്. ഒരുകണക്കിന് അതാണ്‌ നല്ലത്. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഉപരിതലത്തില്‍ ഒഴുകി നടക്കുക, പൊങ്ങുതടിപോലെ..
വൈകുന്നേരം മൂന്നരയോടെയാണ് അവരെത്തിയത്. അവര്‍ എന്നാല്‍ രണ്ടുപേര്‍. ചെറുക്കനും ചങ്ങാതിയും. കാറില്‍ നിന്നും ഇറങ്ങി വരുന്ന ഇളംനീലകുപ്പായക്കാരനെ നേരെ നോക്കിക്കൊള്ളാന്‍ ആതിരയാണ് ചെവിയില്‍ മന്ത്രിച്ചത്.
കയ്യിലെ സിഗരറ്റ് വേലിക്കലേക്ക് എറിഞ്ഞുകൊണ്ട് തിരിയുന്ന സൂര്യകാന്തി തല! ഈശ്വരാ..!! ഇയാളോ?
ചായയും പലഹാരങ്ങളും ആതിരയും ഏടത്തിയമ്മയും ഒക്കെ തന്നെ ഉമ്മറത്തെത്തിച്ചു. ഏട്ടന്റെ വിളി കാതോര്‍ത്തു നില്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ് അടുത്തുള്ളവര്‍ കേള്‍ക്കല്ലേ എന്നാണ് പ്രാര്‍ത്ഥിച്ചത്‌.
എല്ലാവരും വളരെ സന്തോഷത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയാണ്.
അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തവള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല.
‍ "ഹലോ.. ഇതെന്താ കണ്ണടച്ച് ധ്യാനത്തിലാണോ?"
ഇയാള്‍ എപ്പോഴാണ് മുറിയിലെത്തിയത്? കട്ടിലിന്റെ ഓരത്ത് നിന്നും പിടഞ്ഞെഴുന്നേറ്റു.
"ഇരുന്നോളൂ.. ഞാന്‍ ഇവിടെ ഇരിക്കാം."
ഈ ചുവന്ന പ്ലാസ്റ്റിക്‌ കസേര ആരാണ് കൊണ്ടിട്ടത് അപ്പോഴേക്കും?
"നമ്മള്‍ തമ്മില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടോ? വിവരങ്ങളൊക്കെ ഏട്ടനും മറ്റുള്ളവരും പറഞ്ഞു കാണുമല്ലോ...എന്നാലും ഞാന്‍ ഒരിക്കല്‍ കൂടി പറയാം......"
ഒട്ടും മുഷിച്ചില്‍ ഉണ്ടാക്കാതെ സരസമായി സ്വന്തം കാര്യങ്ങള്‍ പറഞ്ഞു ഇങ്ങനെ നിര്‍ത്തി,
".... ഒട്ടും ചിട്ടയില്ലാത്ത ജീവിതമാണ് എന്റേത്. എല്ലാം ഒന്ന് ശരിയാക്കിയെടുക്കാനുള്ള ജോലി അങ്ങോട്ട്‌ ഏല്‍പ്പിക്കുകയാ... ഒരുപാട് സ്നേഹം തരാം ശമ്പളമായി, എന്താ?"
എന്താണിപ്പോള്‍ മനസ്സില്‍? എല്ലാം ശുദ്ധീകരിച്ചുകൊണ്ട് തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴയോ.. അതോ ആര്‍ത്തലച്ചു വന്ന് തീരത്ത് മുത്ത്‌ മാത്രം ബാക്കിയാക്കി പോയ തിരമാലയോ...
***********************

വിവാഹശേഷമുള്ള വിരുന്നും ചടങ്ങുകളും ഒരുവിധം അവസാനിപ്പിച്ചു ഫ്ലാറ്റില്‍ എത്തിയ ആദ്യ ദിവസമാണ് ഇന്ന്.

മുറികളിലൂടെ വെറുതെ ചുറ്റി നടന്നു. ടീവി കാണാന്‍ അദ്ദേഹം ഇരുന്നിരുന്ന സോഫയില്‍ ചാരിയിരുന്നു റിമോട്ട് കയ്യിലെടുത്തു. ടീവിയുടെ അടുത്തുള്ള അലമാരയിലെ ഗ്ലാസില്‍ ഒരു നിഴലനക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ ടെസ്സ. ഓഫീസില്‍ പോവാനുള്ള ധൃതിയില്‍ ബ്രെഡ്‌ ടോസ്റ്റ്‌ ചെയ്യുകയാണ്. ചാടി എഴുനേറ്റ് തിരിഞ്ഞുനോക്കി. ജനാല വഴി അപ്പുറത്തെ ഫ്ലാറ്റിന്റെ അടുക്കള ഭംഗിയായി കാണാം.
"ഏതുനേരവും  ടീവിയും കണ്ടിരിപ്പാണെന്ന് കരുതിയോ.. നിന്നെയായിരുന്നു ഞാന്‍ കണ്ടുകൊണ്ടിരുന്നത്‌, എന്നും."
പിന്‍കഴുത്തില്‍ വീണ പുകഗന്ധമില്ലാത്ത ശ്വാസം.
ആനന്ദമാണ്... മനസ് നിറഞ്ഞൊഴുകുന്ന ആനന്ദം.. അരക്കെട്ടില്‍ ചുറ്റിയ കൈകളുടെ പുറത്ത് കൈ ചേര്‍ത്തുവെച്ച്, മറ്റേ കൈ കൊണ്ട് ജനാല വലിച്ചടച്ചു. ഇനി ഇത് അടഞ്ഞുകിടക്കട്ടെ..
കള്ളനോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് മുഖം മൂടാമെന്ന് ആരാണ് കണ്ടുപിടിച്ചത്?

Monday, May 2, 2011

സുഗുണാമ്മ

ഈ നാടിനോട് വിടപറയുമ്പോള്‍ നന്ദി പൂര്‍വ്വം സ്മരിക്കേണ്ട ഒരുപാട് മുഖങ്ങള്‍ ഉണ്ട്. സുഹൃത്തുക്കള്‍ ആയും ബന്ധുക്കളായും ഒക്കെ ഒരുപാടുപേര്‍. ഇവരിലൊന്നും പെടാത്ത പ്രിയമുള്ള ഒരു മുഖമാണ് സുഗുണാമ്മയുടെത്.

സുഗുണാമ്മ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി എന്‍റെ വീട്ടു ജോലിക്കാരി ആണ് എന്ന് പറയുന്നതിനേക്കാള്,‍ തെലുങ്ക് എന്ന ഭാഷ ഒരു പരിധിവരെ മനസിലാക്കാനും അത്യാവശ്യം തിരിച്ചു പറയാനും ‍ എന്നെ പ്രാപ്തയാക്കിയ, എനിക്ക് ചുറ്റും നടക്കുന്ന വലുതും ചെറുതുമായ വിശേഷങ്ങള്‍ (പലതും എനിക്ക് മനസിലായില്ലെങ്കിലും) പറഞ്ഞു തരുന്ന, ചെറിയ കാര്യങ്ങള്‍ക്കു പോലും ഉറക്കെ പൊട്ടിച്ചിരിക്കുന്ന, ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും എപ്പോഴും അറിയണമെന്ന് ആഗ്രഹമുള്ള (എനിക്കിഷ്ടമല്ലാത്ത അവരുടെ ഒരു സ്വഭാവം) വിശേഷാവസരങ്ങളില്‍ ഗൌനിച്ചില്ലെങ്കില്‍ മുഖം വീര്‍പ്പിക്കുന്ന ഒരു സാധാരണക്കാരി എന്ന് പറയാനാണ് എനിക്കിഷ്ടം.

പലപ്പോഴും അവരുടെ ചോദ്യങ്ങള്‍ ഞാന്‍ മനസിലാക്കി എടുക്കുന്നത് തന്നെ കഷ്ടപ്പെട്ടാണ്‌. അതിന് ഉത്തരം പറയാന്‍ പെടുന്ന പാട് അതിലേറെ... അതുകൊണ്ട് തന്നെ അവരുടെ മിക്ക ചോദ്യങ്ങളും ഞാന്‍ ഒന്നുകില്‍ കേട്ടില്ലെന്നു നടിക്കുകയോ മനസിലായില്ലെന്നു ആംഗ്യം കാട്ടുകയോ ചെയ്തുപോന്നു. :)

സുഗുണാമ്മ എല്ലാ വീട്ടുജോലിക്കാരെയും പോലെ തന്നെ നമ്മള്‍ അരികില്‍ ഉള്ളപ്പോള്‍ കുറച്ചു കാര്യമായും അല്ലാത്തപ്പോള്‍ ഉഴപ്പിയും പണികള്‍ ചെയ്തിരുന്നു. എങ്കിലും എനിക്കവരില്‍ ഇഷ്ടമായത് അവരുടെ കലര്‍പ്പില്ലാത്ത സ്നേഹമെന്നോ സഹാനുഭൂതിയെന്നോ അതുമല്ലെങ്കില്‍ മാനുഷിക പരിഗണനയെന്നോ വിളിക്കാവുന്ന ഗുണമാണ്. വീട്ടില്‍ വന്നു കയറിയ ഉടനെ കുഞ്ഞുങ്ങളോട് എന്തെങ്കിലും കൊഞ്ചി പറയുകയോ എന്‍റെ പിന്നില്‍ വന്നുനിന്നു കുട്ടികളെ പോലെ എന്തെങ്കിലും ശബ്ദമുണ്ടാക്കി ഞെട്ടിക്കുകയോ ചെയ്തു ഉറക്കെ ചിരിക്കുന്നത് ചിലപ്പോഴെങ്കിലും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എന്‍റെ മുഖത്ത് ക്ഷീണം കണ്ടാല്‍ ഉടനെ അന്വേഷിക്കും. വയ്യ എന്നറിഞ്ഞാല്‍ എന്നെ വിശ്രമിക്കാന്‍ നിര്‍ബന്ധിക്കും. അവരുടെ പരിധിയില്‍ അല്ലാത്ത ജോലികള്‍ കൂടെ ചോദിക്കാതെ തന്നെ ചെയ്യും. പോകാന്‍ നേരത്ത് ഒരിക്കല്‍ കൂടി എന്‍റെ സുഖാന്വേഷണം നടത്തും. അവശതയില്‍ നമ്മെ തേടിയെത്തുന്ന ഒരു അന്വേഷണം പോലും മരുഭൂമിയിലെ കുളിര്‍ കാറ്റാവും. എന്‍റെ ഗര്‍ഭകാലത്താണ് പലപ്പോഴും അത് ശരിക്കും അനുഭവപ്പെട്ടിട്ടുള്ളത്‌.

സുഗുണാമ്മക്ക് ഞങ്ങളോടുള്ള സ്നേഹത്തിന് അവര്‍ കാരണമായി പറയുന്നത് മറ്റുള്ള വീട്ടുകാരില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ അവരെ 'അമ്മ' എന്ന് ചേര്‍ത്ത് വിളിക്കുന്നുവത്രേ. (ഇവിടെ സ്ത്രീകളെ ബഹുമാനപൂര്‍വ്വം വിളിക്കുന്നത്‌ പേരിനോടോപ്പമോ അല്ലാതെയോ അമ്മ ചേര്‍ത്താണ്.).  പന്ത്രണ്ടു വയസിലെ തിരണ്ടു കുളിയും അടുത്ത വര്ഷം നടന്ന കല്യാണവും ഉടനെയുള്ള പ്രസവവും നിരത്തി അവര്‍ പറഞ്ഞ കണക്കനുസരിച്ച് ഞങ്ങള്‍ തമ്മില്‍ രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസമേ ഉള്ളൂ.

ഞങ്ങള്‍ ഈ നാട് വിടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഞാന്‍ സുഗുണാമ്മയെ അറിയിച്ചത്. "അയ്യോ അപ്പോള്‍ ഇനി ഇങ്ങോട്ട് പിന്നെ വരില്ലേ " എന്നൊക്കെയാണ് അവര്‍ ചോദിച്ചതെന്ന് തോന്നുന്നു. മനസ്സില്‍ വന്ന ഉത്തരം തെലുങ്കില്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചില്ല. അവരുടെ കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ കാണാത്തതുപോലെ നിന്നു. 

അവര്‍ക്ക് കൊടുക്കാനായി എന്‍റെ ഒരു പട്ടുസാരിയും കുറച്ചു പൈസയും ഞാന്‍ കരുതിവെച്ചിട്ടുണ്ട്. അവര്‍ക്കെന്റെ മനസ്സില്‍ എന്താണ് സ്ഥാനമെന്നും അവരെ ഞാന്‍ എന്തുമാത്രം മിസ്സ്‌ ചെയ്യുമെന്നുമൊക്കെ പറയണമെന്നുണ്ട്. ഞാന്‍ പറയുന്നതെല്ലാം അവര്‍ക്ക് മനസിലാവുമോ എന്നറിയില്ല..

അല്ലെങ്കിലും ഈ അഞ്ചുവര്‍ഷവും ഞങ്ങള്‍ ലോകവിശേഷങ്ങള്‍ പറഞ്ഞത് ഏതെങ്കിലും ഭാഷ പഠിച്ചിട്ടാണോ?

Tuesday, April 26, 2011

കണ്ണനെ കണി കാണാന്‍..


വിഷുക്കണി എത്ര ഒരുക്കിയിട്ടും തൃപ്തിയാവാതെ പിന്നെയും പിന്നെയും കണികൂട്ടങ്ങള്‍ സ്ഥാനം മാറ്റി വെച്ചു നോക്കുമ്പോള്‍, മനോഹരമായി കണിയൊരുക്കി അതിരാവിലെ വിളിച്ചുണര്‍ത്തി കണ്ണ് പൊത്തിയ ആ രണ്ട് കൈകള്‍ ഒരിക്കല്‍ക്കൂടി കണ്ടെങ്കിലെന്ന് മോഹിച്ചു, വെറുതെ..

കളഞ്ഞു കിട്ടിയ കണ്ണന്റെ കഥ അറിയാന്‍  

Monday, April 11, 2011

ഗൃഹസ്ഥാശ്രമി

മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കങ്ങള്‍ക്കൊടുവില്‍ അയാള്‍ തലയിണയ്ക്കരികില്‍ വെച്ചിരുന്ന വാച്ചില്‍ നോക്കി. നാലുമണി കഴിഞ്ഞു മുപ്പത്തഞ്ചു മിനിറ്റ്. നാലു പതിനഞ്ചിന് ട്രെയിന്‍ അവിടെ എത്തുമെന്നാണ് കയറുന്നതിനു തൊട്ടുമുന്‍പ് വിളിച്ചപ്പോള്‍ ഭാരതി പറഞ്ഞത്. തന്‍റെ ഉറക്കത്തിനു ഭംഗം വരുത്തേണ്ടെന്നു കരുതി, നേരം വെളുത്തിട്ടു വിളിക്കാമെന്നു വെച്ചതാവും. അവള്‍ എവിടെയ്ക്കെങ്കിലും പോവുന്നതുമുതല്‍ ‍ ഉറക്കം പിണങ്ങി നില്‍ക്കുന്നത് പതിവാണ്. ആദ്യമായിട്ടല്ല തനിച്ചുള്ള യാത്ര, കൊച്ചുകുട്ടിയല്ല എന്നൊക്കെ സ്വയം ബോധിപ്പിക്കാന്‍ ശ്രമിച്ചാലും മനസ് മന്ദബുദ്ധി ചമയും.
എഴുനേറ്റ് പല്ലുതേച്ചു കട്ടന്‍ ചായ കുടിച്ചുകൊണ്ട് അയാള്‍ സോഫയില്‍ ഇരുന്നു. ഭാരതിയുടെ വിളി ഇനിയും വന്നില്ല. അക്ഷമയുടെ മുനമ്പില്‍ നിന്നുകൊണ്ട് അയാള്‍ ഭാരതിയുടെ നമ്പര്‍ ഡയല്‍ ചെയ്യാനൊരുങ്ങി. നിരാശ തന്നെ സമ്മാനിച്ചുകൊണ്ട് ടെലിഫോണ്‍ ശബ്ദിക്കാതിരുന്നപ്പോള്‍ തലേന്ന് രാത്രിയില്‍ ‍ വീട്ടുപടിക്കലെ പോസ്റ്റിനു പുറത്തേക്ക് മരച്ചില്ലയെ വീഴ്ത്തിയ കാറ്റിനെ ശപിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് അവളുടെ കൈപിടിച്ച് ഈ വീട്ടില്‍ കയറി വന്നത്. പതിനെട്ടു വര്‍ഷത്തെ തടവില്‍ നിന്നാണ് അവളെ മോചിപ്പിച്ചതെന്ന് വിവാഹ രാത്രിയില്‍ അവള്‍ പറയുമ്പോള്‍ ജനാലയ്ക്കപ്പുറത്തെ ഇലയനക്കം നോക്കി നില്‍ക്കുകയായിരുന്നു.
വടക്കന്‍ കേരളത്തിലെ പേരുകേട്ട തറവാട്ടിലെ ഏകാധിപതിയായ അമ്മാവനും, മരുമക്കത്തായം പടികടന്നുവെന്നും അച്ഛന്‍റെ കാലശേഷം അധികാരം മൂത്ത പുത്രനാണെന്നും സദാ സമയവും പരാതി പറയുന്ന ഏട്ടനും ഇടയില്‍ നിശബ്ദയായ അമ്മയെ മാത്രം കണ്ടു വളര്‍ന്ന ബാല്യവും കൌമാരവും. സ്വന്തമായി ശബ്ദമുണ്ടെന്നു മനസിലാക്കുന്നത്‌ പലപ്പോഴും വീടിനു പുറത്ത് വെച്ചായിരുന്നുവത്രേ. മനസിലെ ആശയങ്ങള്‍ക്കു ചിറകുകള്‍ മുളച്ചതും ആ വാശിയില്‍ തന്നെ. കോളേജില്‍ എത്തുമ്പോഴേക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ വക്താവായി. നാട്ടിലെ അധികാരി അമ്മാവന്റെയും ഏട്ടന്റെയും മുന്നില്‍ നാവില്ലാത്ത അമ്മയുടെ പിന്ഗാമി ചമഞ്ഞു.
നേരം വെളുക്കുവോളം അവള്‍ മാത്രം സംസാരിച്ചതെന്തിനായിരുന്നുവെന്ന് പിറ്റേന്ന് പകല്‍ മുഴുവന്‍ ചിന്തിച്ചുകൊണ്ടിരുന്നു. അടുക്കളയില്‍ പുതുപ്പെണ്ണിന്റെ നാണം മാറ്റിവെച്ച് അധികാരത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ അഭിമാനമായിരുന്നു. ഒരിക്കല്‍പോലും പിന്നിലാവാന്‍ ആഗ്രഹിക്കാത്ത, ഒരുതരം വാശി അവളില്‍ എല്ലാ കാര്യത്തിലും അന്നേ ഉണ്ടായിരുന്നുവോ? ജോലിക്കാരിയുടെ കഷ്ടപ്പാടിനും പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ച്, വീടിന്നടുത്തുള്ള കൊച്ചു പെണ്‍കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്ത്.. അവള്‍ എല്ലായിടത്തും സ്വാതന്ത്ര്യത്തിന്റെ സാന്നിധ്യമാവുന്നതും പ്രശംസക്ക് പാത്രമാവുന്നതും സന്തോഷത്തോടെ നോക്കി നിന്നു. ജോലിസ്ഥലത്തേക്ക് തനിച്ചുപോവുമ്പോള്‍ അവള്‍ക്ക് ഏകാന്തത ഉണ്ടാവാതിരിക്കാനും ഈ തിരക്ക് ഉപകരിക്കുമെന്ന് ആശ്വസിച്ചു. വെറുമൊരു വീട്ടമ്മയായി അടച്ചിടപ്പെടേണ്ടവളല്ല, എവിടെയൊക്കെയോ പടര്ത്തപ്പെടേണ്ട ജ്വാല അവളിലുണ്ടെന്ന തിരിച്ചറിവ് അഭിമാനത്തോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട്‌ തന്നെ ഒന്നിനും താനൊരു തടസമാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചത് മധുവിധുകാലത്ത് തന്നെയാണ്.
വാതില്‍മണി നാദം അയാളെ ഭൂതകാലത്തിന്റെ പടവുകള്‍ ഓടിയിറങ്ങാന്‍ നിര്‍ബന്ധിതനാക്കി.
"ടീച്ചര്‍ ഇന്നും ഇല്ലാ ല്ലേ? ഇന്നലെ പോണ വഴി വീട്ടില്‍ കേറി രാവിലെ തന്നെ വന്നു മാഷക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണോന്ന് പറഞ്ഞിട്ടാ പോയത്."
പാറൂട്ടിയമ്മ വരുമെന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
"മാഷായതുകൊണ്ടാ... ഇബടെ ഞങ്ങളെല്ലാരും പറയും. എബ്ടെക്കാ, എന്തിനാന്നോന്നും ചോദിക്കാതെ എന്തിനേ ങ്ങനെ വിടണേ? കാലോന്നും അത്ര നന്നല്ല മാഷെ.. മാഷെ തനിച്ചാക്കി എങ്ങടാ ഈയമ്മ പോണേ?"
'എന്‍റെ ഭാരതി എവിടെയ്ക്കാ പോണത് ന്ന് നിയ്ക്കറിയാം പാറൂട്ടിയമ്മേ...അവള്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവളാണ്. തിരുവനന്തപുരത്ത് ഒരു സമരത്തില്‍ പ്രസംഗിക്കാനാ അവള്‍ പോയത്. അല്ലാതെ നിങ്ങള്‍ വിചാരിക്കണപോലെ......' പുതഞ്ഞുവന്ന ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറയണമെന്ന് തോന്നി.
"അതിന് അവളിന്ന് രാത്രി തന്നെ എത്തുമല്ലോ.. ഞാന്‍ തനിച്ചല്ലല്ലോ.. നിങ്ങളില്ലേ.. പോരാത്തേന് കുട്ടീഷ്ണന്‍ വരേം ചെയ്യും"
"മാഷ്ക്കൊരു കുഞ്ഞിനെ പോലും തരാന്‍ പറ്റിയില്ല്യാലോ ആയമ്മക്ക്‌!"
"പാറൂട്ടിയമ്മക്ക് പണിയില്ലേ അടുക്കളയില്‍? " ശബ്ദം അറിയാതെ കനത്തുപോയി.
"ന്തോപ്പാ... ഞാന്‍ നിയ്ക്ക് മനസ്സില്‍ തോന്നീത് പറഞ്ഞൂന്നേയുള്ളൂ.. മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെയ്ക്കാന്‍ പാറൂന് പണ്ടേ അറീല്ല്യാ.. അദോണ്ട് പറഞ്ഞതാ.."
പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവര്‍ അടുക്കള ഭാഗത്തേക്ക് നടന്നു.
മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെക്കുന്ന എത്ര മുഖങ്ങള്‍ ഉണ്ടാവും! മുഖത്തേക്കാള്‍ വലിയ കറുത്ത കണ്ണടയും കയ്യില്ലാത്ത ബ്ലൌസും ധരിച്ച് മിനി മാത്യൂസും മുനമ്പില്‍ സ്വര്‍ണം പിടിപ്പിച്ച വടി കുത്തി കേണല്‍ മേനോനും പിന്നെയും ചില പേരറിയാത്ത മനുഷ്യരും അയാളുടെ മനസിലൂടെ നടന്നുപോയി.
പാറൂട്ടിയമ്മ ഉണ്ടാക്കി കൊടുത്ത ചോറും കറികളും തലേന്ന് പോകുന്നതിനു മുന്‍പ് ഭാരതി ധൃതി പിടിച്ചുണ്ടാക്കി വെച്ച തണുത്ത സേമിയ പായസവും നിരന്ന, വിശാലമായ മേശയ്ക്കരികില്‍ തനിച്ചിരിക്കുമ്പോള്‍ അടപ്പുകള്‍ തുറന്നു പച്ചക്കറികള്‍ എഴുനേറ്റ് വന്നു അയാള്‍ക്ക് ചുറ്റും പൊട്ടിച്ചിരിച്ചു കൊണ്ട് നൃത്തമാടി.
സ്വാതന്ത്ര്യം കൊതിച്ചവള്‍ക്ക് അത് അനുവദിച്ചു കൊടുത്തതാണോ തെറ്റ്? മറ്റുള്ളവര്‍ പറയുന്നതുപോലെ അവള്‍ വഴിതെറ്റി പോകുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സമൂഹത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്നു വിശ്വസിച്ചു വളര്‍ന്നവള്‍.. അത് അനുവദിച്ചുകൊടുക്കുമ്പോള്‍ അവളുടെ മനസിലെ ഉയര്‍ന്ന സ്ഥാനമേ ആഗ്രഹിച്ചുള്ളൂ.. അതുവരെയുള്ള അവളുടെ പുരുഷ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു തിരുത്തെഴുത്ത് ! അതില്‍ വിജയിക്കുകയും ചെയ്തു...
ജോലിയില്‍ നിന്നും വിരമിച്ചു വികലാംഗനായി വീട്ടില്‍ ചടഞ്ഞുകൂടെണ്ടി വന്ന ആദ്യ നാളുകളില്‍ ഒരു അവഗണനയോ അപകര്‍ഷതയോ ഒറ്റപ്പെടലോ ഉള്ളില്‍ എവിടെയൊക്കെയോ ഭരണം നടത്തിയിരുന്നില്ലേ.. അവയെയെല്ലാം അവളോടുള്ള സ്നേഹമോ അരികില്‍ ഉള്ളപ്പോഴുള്ള അവളുടെ കരുതലോ ഒക്കെ നിഷ്പ്രഭമാക്കി.
എങ്കിലും...
പല ദിവസങ്ങളിലും രാവിലത്തെ ചായ തനിയെ അനത്തുമ്പോള്‍...
തണുത്തുറഞ്ഞ ഭക്ഷണം ചൂടാക്കി, കുറച്ചെന്തെങ്കിലും എടുത്തെന്ന് വരുത്തി ടെലിവിഷന് മുന്‍പില്‍ ചടഞ്ഞു കൂടുമ്പോള്‍... ചില വാര്‍ത്താ ദൃശ്യങ്ങളില്‍ അവള്‍ നിറയുമ്പോള്‍..
ഏകാന്ത രാവുകളില്‍ തലയിണയെ കൂട്ടുപിടിച്ച്, അകന്നു നില്‍ക്കുന്ന നിദ്രയെ ആവാഹിക്കാന്‍ ബദ്ധപ്പെടുമ്പോള്‍.. ഒക്കെ... തനിച്ചാക്കപ്പെട്ടുവോ? അതോ സ്വയം ഉള്വലിയുകയായിരുന്നുവോ..
തിരക്കിനിടയിലും കിട്ടുന്ന സമയത്തെ അന്വേഷണങ്ങളിലെ കരുതലും സ്നേഹവും, സന്തോഷവും സാന്ത്വനവും ആണെങ്കിലും ചിലപ്പോഴൊക്കെ താനൊരു വിലങ്ങു തടി ആകുന്നുണ്ടോ അവള്‍ക്കെന്ന തോന്നലും ഉണ്ടാവുന്നു.
ഇന്നെന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? പാറൂട്ടിയമ്മയുടെ വാക്കുകള്‍ ഉള്ളില്‍ അടക്കിവെച്ച എന്തിനെയൊക്കെയോ ഉണര്ത്തുന്നവയായിരുന്നോ ?
നിറച്ചുണ്ട് ഏമ്പക്കം വന്നാലും ഒരിത്തിരി ചോറുകൂടി എന്ന് സ്നേഹം ചൊരിയാന്‍ വളരെ അപൂര്‍വമായേ അവള്‍ കൂടെ ഉണ്ടായിരുന്നുള്ളൂ..
അഥവാ അങ്ങനെ ഒക്കെ ആഗ്രഹിക്കാന്‍ തനിക്കെന്താണ്‌ അര്ഹത? യൌവനകാലത്ത് അവളെ തനിച്ചാക്കി അതിര്‍ത്തി കാക്കാന്‍ പോയവന്‍. നെഞ്ചിനെ ലക്ഷ്യമാക്കി വന്നത് കാലില്‍ ഏറ്റുവാങ്ങി വികലാംഗപട്ടം നേടിയവന്‍. അവള്‍ക്കെന്നും ഒരു ഭാരം മാത്രമായിട്ടെയുള്ളൂ..
വാതില്‍ക്കല്‍ മുട്ടുകേട്ടു ചിന്തകളില്‍ നിന്നും ഉണരുമ്പോള്‍ വലിയ വീട്ടിലെ തനിച്ച് തന്നെയാണെന്ന് അടച്ചിട്ട അടുക്കളവാതില്‍ ഓര്‍മ്മിപ്പിച്ചു. ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിട്ടിരുന്ന നേരത്തെപ്പോഴോ "പാറു പോയിട്ട് വരാ മാഷെ" ന്ന് കേട്ടുവോ..
വാതില്‍ക്കല്‍ പുഞ്ചിരി തൂവുന്ന മുഖവുമായി അവള്‍, ഭാരതി!
"എന്തെയിങ്ങനെ നോക്കണേ.. നമ്മുടെ വിവാഹദിവസമായിട്ട് ഏട്ടനിവിടെ തനിച്ചല്ലേ എന്നോര്‍ത്തപ്പോള്‍ പിന്നെ സമരോം സെമിനാറും ഒന്നും ഓര്‍ത്തില്ലാ.. നേരെ ഇങ്ങട് പോന്നു. "
തന്‍റെ അമ്പരപ്പ്  വകവെക്കാതെ കയ്യിലെ ബാഗ്‌ സോഫയിലേക്ക് വലിച്ചെറിഞ്ഞ്, കയ്യും മുഖവും കഴുകി വസ്ത്രം പോലും മാറാതെ അവള്‍ മേശക്കരികില്‍ കസേര വലിച്ചിട്ടിരുന്നു.
"ന്താ ങ്ങനെ നിക്കണേ.. വരൂ.. നല്ല വിശപ്പ്‌.. ഒന്നും കഴിച്ചിട്ടും കൂടീല്ല്യാ.. അയ്യോ പാറൂട്ടിയമ്മ വാഴയില വെട്ടിയില്ലേ.. ഞാന്‍ അതും പറഞ്ഞേല്പ്പിചിരുന്നൂലോ.. സാരല്ല്യാ.. ഒരു പാത്രത്തില്‍ തന്നെ കഴിക്കാം, വരൂന്നേ.. ഇന്ന് ഞാനാ ഉരുളയുരുട്ടി തരുന്നത്.. എത്ര നാളായി!! ആഗ്രഹം ല്ല്യാഞ്ഞിറ്റൊന്നുമല്ലാ ട്ടോ.. ഞാന്‍ വേണ്ടപോലെ ശ്രദ്ധിക്കണില്ല്യാന്നു തോന്നീട്ട്ണ്ടോ എട്ടന്?"
ഇല്ലെന്ന് തലയാട്ടുമ്പോള്‍ നെഞ്ചില്‍ നിന്നും എന്തോ കയറിവന്നു തൊണ്ടയില്‍ കുരുങ്ങി.
എപ്പോഴോ തുറന്നുവെച്ച ടെലിവിഷനില്‍ സമരപന്തലില്‍ ഭാരതി ഘോരഘോരം പ്രസംഗിച്ചതും ഏതോ സാമൂഹ്യവിരുദ്ധരുടെ ‍ ആക്രമണത്താല്‍ അവിടെ ചുവപ്പ് പടര്‍ന്നതും  സംഭവത്തെ അപലപിച്ചുകൊണ്ട് പ്രതിപക്ഷവും ഭരണപക്ഷവും മഹിളാസംഘടനകളും അവതാരകനോട് തര്‍ക്കിച്ചതും മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നില്ല.
അപ്പോള്‍ അയാള്‍ നിറഞ്ഞ വയറും മനസുമായി അവളുടെ മടിയില്‍ തലവെച്ചു കണ്ണടച്ച് കിടക്കുകയായിരുന്നു.

Tuesday, March 1, 2011

സാന്ധ്യമേഘങ്ങള്‍

ജീവിതം ഒരു മഹാത്ഭുതമാണ് എന്ന് ഈയിടെ എവിടെയോ വായിച്ചതായി മത്തായിചേട്ടന്‍ ഇളയമകന്‍ ജോണിക്കുട്ടിയുടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തു. അപ്രതീക്ഷിതമായത്‌ വന്നു നമ്മെ അത്ഭുതപ്പെടുത്തും. ചിലപ്പോള്‍ സങ്കടക്കടലില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍ പിന്നെ സ്വര്‍ഗമായിരുന്ന വീട്ടില്‍ കാലത്തെ പുട്ടും കടലയും ഉണ്ടാക്കി കെട്ട്യോനെയും  പിള്ളേരേം കഴിപ്പിച്ച്, പഴങ്കഞ്ഞീം കാ‍ന്താരിമുളകുടച്ചതും  കൊണ്ട്  അടുക്കളവാതുക്കല്‍ ഇരുന്ന   ഏലിക്കുട്ടിയെ   കര്‍ത്താവ് നെഞ്ചുവേദനേടെ രൂപത്തില്‍ വന്നു വിളിക്കേണ്ട കാര്യമുണ്ടായിരുന്നോ? ‍ പോരാത്തതിന് അവളില്ലാത്ത വീടിനെ നരകമാക്കി മാറ്റുകയും ചെയ്തു!  മക്കളുടെയും മരുമക്കളുടെയും പീഢനം സഹിക്കാതെ  വീടുവിട്ടിറങ്ങി ലക്ഷ്യമില്ലാതെ ചെന്നുകയറിയ ബസില്‍ സ്നേഹസദനത്തിലെ കൊച്ചച്ചന്‍ അടുത്തിരുന്നതും, തന്‍റെ പകച്ചമുഖവും  കാലിപോക്കറ്റും  കണ്ടു പന്തികേട്‌ തോന്നി, കഥകള്‍ അന്വേഷിച്ചറിഞ്ഞതും കൂടെ കൂട്ടിയതും, അന്ന് വൈകുന്നേരം അഞ്ചേമുക്കാല്‍ മുതല്‍  കൃഷ്ണേട്ടനും കരുണന്‍മാഷും അബ്ദുക്കയും അഴകപ്പനും വാര്യര്മാഷും പീലിപോസും ദേവസിക്കുട്ടിയും എല്ലാമടങ്ങുന്ന വലിയ കുടുംബത്തില്‍  തനിക്കുമൊരു അംഗത്വം തന്നതും  തനിക്കായി കാത്തുവെച്ച  അത്ഭുതങ്ങള്‍  തന്നെ.  നാലുമാസങ്ങള്‍ക്ക്ശേഷം അപ്പനെ തിരികെ വീട്ടിലേക്ക്   കൂട്ടിക്കൊണ്ടു വരണമെന്ന് ജോണിക്കുട്ടിയെ തോന്നിപ്പിച്ചതും കര്‍ത്താവ് തന്നെയാവും. പീലിപോസ് പറഞ്ഞതുപോലെ ഏലിക്കുട്ടി  അങ്ങേലോകത്ത് കര്‍ത്താവിന് സ്വൈര്യം കൊടുത്തുകാണത്തില്ല.

ജീവിതത്തില്‍ എങ്ങനെയോ ഒറ്റപ്പെട്ടുപോയവര്‍ സ്നേഹസദനത്തില്‍ ഒരുമിച്ചപ്പോള്‍   എല്ലാവരും പ്രായം തന്നെ മറന്നുപോയി. കളിയും തമാശയും പഴങ്കഥകളും കൊണ്ട് തങ്ങളുടെ സങ്കടഭാണ്ഡങ്ങള്‍ മൂടിയിട്ടു. ഒടുവില്‍ അവരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുഴിച്ചുമൂടിയതില്‍ തന്റേതുമാത്രം എങ്ങുനിന്നോ തോളില്‍ വന്നു വീണപോലെ...

'അവകാശപ്പെട്ടത് ഉപേക്ഷിച്ച് മത്തായി എന്തിനാ ഇങ്ങനെ ഒന്നുമില്ലാത്തവരുടെ കൂടെ കിടക്കുന്നത്' എന്ന് ഒരു പാതിരാത്രിയില്‍  ചോദിക്കുമ്പോള്‍  കൃഷ്ണേട്ടന്റെ തൊണ്ട ഇടറിയിരുന്നു. ജോണിക്കുട്ടീടെ ഇളയകൊച്ചിനെ സ്വപ്നം കണ്ടുണര്‍ന്ന് എഴുന്നേറ്റിരുന്നപ്പോഴായിരുന്നു അപ്പുറത്തെ കട്ടിലില്‍  ഉറക്കം കാത്തുകിടന്നിരുന്ന  കൃഷ്ണേട്ടന്‍ അത് ചോദിച്ചത്.  ജോലിയില്‍നിന്നും വിരമിച്ചതോടെ വീടും പറമ്പും ഒറ്റപ്പുത്രന് കൊടുത്ത്, കൊച്ചുമക്കളെയും ലാളിച്ചു കഴിയാന്‍ കൊതിച്ചതായിരുന്നു അങ്ങേര്. അവസാനം മകന്‍ വൃദ്ധസദനത്തിന് വലിയൊരു  തുക  കെട്ടിവെച്ച്  കയ്യൊഴിഞ്ഞു.   പിന്നെ ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞു പാണ്ടിനാട്ടില്‍ നിന്നോ മറ്റോ എത്തിയ അഴകപ്പന്‍..  പാവം അബ്ദുക്ക ആണെങ്കില്‍ മകളുടെ കല്യാണം നടത്താനും മകനെ ഗള്‍ഫില്‍ അയക്കാനും വേണ്ടി എല്ലാം വിറ്റുതുലച്ച ഹതഭാഗ്യന്‍. മക്കള്‍ക്ക്‌ സ്നേഹമുണ്ടെങ്കിലും കൂടെ നിര്‍ത്താന്‍ വഴിയില്ല. വെള്ളിയാഴ്ചകളില്‍ സ്നേഹാന്വേഷണങ്ങള്‍ മൈക്കലച്ചന്റെ മേശപ്പുറത്തെ ചുവന്ന ഫോണില്‍ എത്തും.  സ്നേഹസദനത്തില്‍ ഓരോരുത്തര്‍ക്കും  പറയാന്‍  ഓരോ  കഥയുണ്ടായിരുന്നു.

എങ്കിലും ഇത്രയും പെട്ടെന്ന് പിള്ളേരുടെ മനസ് മാറി എന്ന് വിശ്വസിക്കാനും പറ്റുന്നില്ല. മക്കള്‍ അപ്പനെ ഓര്‍ത്തു പരിതപിച്ചാല്‍ പോലും അവരുടെ ഭാര്യമാരുടെ മനസ് ഇളകുന്ന കാര്യം സംശയമാണ്.

"സ്നേഹമൊക്കെ താനേ ഉണ്ടായിക്കൊള്ളും മത്തായിചേട്ടാ.. ആ കൊച്ച് വിദേശത്ത് ലക്ഷങ്ങളല്ല്യോ സമ്പാദിക്കുന്നെ..  പോരാത്തേന് ജോണിക്കുട്ടിയേം കൊണ്ടുപോവും. ഇതേ ചോദ്യം തന്നായിരുന്നില്ലേ മൂത്തവന്റെ കാര്യത്തിലും ചേട്ടന്‍ ചോദിച്ചത്.. എന്നിട്ടിപ്പം എന്നതാ ഒരു കൊറവ്? രണ്ടുപേരും കൂടെ നാല് തലമുറയ്ക്കുള്ളത് ഇപ്പോത്തന്നെ ഒണ്ടാക്കിക്കാണും!" ബ്രോക്കര്‍ തങ്കച്ചന്റെ വാചകമടിയില്‍ മയങ്ങിയാണ് അമേരിക്കയില്‍ നേഴ്സ് ആയ   ക്ലാരയെ  രണ്ടാമത്തെ  മകന്‍ ജോയിക്കുട്ടിക്കുവേണ്ടി ആലോചിച്ചത്. പെണ്ണ് കണ്ടു വന്നയന്നുമുതല്‍  ചെറുക്കന് അവളെ തന്നെ മതി എന്ന ഒറ്റ നിര്‍ബന്ധം! മനസ്സമ്മതത്തിന്റെയന്ന് ഉടുപ്പിന്റെ തുമ്പില്‍ കറിയുടെ ഒരു തുള്ളി എങ്ങാണ്ട് കണ്ടപ്പോള്‍ മുതല്‍ ക്ലാരകൊച്ച് അമ്മായിയപ്പനെ  വൃത്തിയില്ലാത്തവന്‍ എന്ന് മുദ്രകുത്തിയതാണ്. പിന്നീടവള്‍ രണ്ടുവര്‍ഷം കഴിഞ്ഞുവന്ന മൂന്നാമത്തെ മരുമകള്‍  ആഷയോടും അപ്പന്റെ വൃത്തിരാഹിത്യത്തെ പൊടിപ്പും തൊങ്ങലും വെച്ച് അറപ്പോടെ വിളമ്പി. രണ്ടു ചേട്ടന്മാരും വിദേശത്ത്‌ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ അപ്പന്‍ കൊടുത്ത റബ്ബര്‍തോട്ടം വിറ്റ കാശും സ്ത്രീധനവും ചേര്‍ത്ത് ടൌണില്‍ കെട്ടിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ നിന്ന് കിട്ടുന്നത് കുറച്ചിലായി കരുതി, അപ്പനെയും ചേട്ടന്മാരെയും ചീത്ത വിളിക്കാന്‍ വയറുനിറച്ച് മദ്യം അകത്താക്കുന്ന ഇളയവന്‍ ജോണിക്കുട്ടി... തന്‍റെ എല്ലാ ദുഃഖത്തിനും കാരണക്കാരന്‍ ഈ കിളവന്‍ ആണെന്ന ഭാവത്തില്‍ കുഞ്ഞുങ്ങളെപോലും അപ്പാപ്പനോട് അടുപ്പിക്കാത്ത മരുമകള്‍...

തോളിലെ സങ്കടങ്ങളുടെ മാറാപ്പ് ചോര്‍ന്ന്, അപമാനത്തിന്റെയും വ്യഥയുടെയും രംഗങ്ങള്‍ കണ്മുന്നില്‍ തെളിഞ്ഞുതുടങ്ങിയപ്പോള്‍ മത്തായിചേട്ടന്‍ വര്‍ത്തമാനത്തിലേക്ക്‌ ഇറങ്ങാന്‍ ശ്രമിച്ചുകൊണ്ട് പുറത്തേക്കു നോക്കി. വഴിയോരത്തെ കല്യാണമണ്ഡപത്തിനുമുന്നില്‍  പലനിറത്തില്‍ പട്ടുവസ്ത്രങ്ങള്‍ ധരിച്ച മനുഷ്യര്‍. പണ്ട് അതൊരു സിനിമാകൊട്ടക ആയിരുന്നു.  ഏലിക്കുട്ടിയെയും കൂട്ടി പച്ചക്കറിചന്തയില്‍ നിന്നുമുള്ള മടക്കയാത്രയില്‍ തുലാഭാരവും ഇണപ്രാവുകളും ഒക്കെ കൈകോര്‍ത്തിരുന്നുകണ്ടത് ഇവിടെവെച്ചാണ്.
ശാരദ ആയിരുന്നു ഏലിക്കുട്ടിയുടെ ഇഷ്ടതാരം. തുലാഭാരം കണ്ടിറങ്ങുമ്പോള്‍ അവളുടെ കണ്ണും മുഖവും ചുവന്നിരുന്നതിന്റെ  പേരില്‍ ദേഷ്യം നടിച്ചു മിണ്ടാതെ കിടന്നപ്പോള്‍ "ഇനി ഞാന്‍ ഒരു പടത്തിനും കരയത്തില്ല, ദേ എന്റിച്ചായനാണെ സത്യം" എന്ന് പറഞ്ഞുകൊണ്ട് തലചായ്ച്ച  നെഞ്ചില്‍  മത്തായിചേട്ടന്‍ കൈത്തലം ചേര്‍ത്തു. ഓര്‍മ്മകള്‍ തിങ്ങിനിറഞ്ഞ് നീറ്റലായി പടരുന്നു...

വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറില്‍നിന്നും പുറത്തേക്കിറങ്ങി അഴിഞ്ഞുതുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു  തിരിഞ്ഞപ്പോള്‍ വീണ്ടുമൊരു അത്ഭുതക്കാഴ്ച മത്തായിചേട്ടനായി ഒരുങ്ങിയിരുന്നു. വിദേശത്തുള്ള മക്കളും മരുമക്കളും കൊച്ചുമക്കളും സുസ്മേരവദനരരായി അരികിലേക്ക് ഓടിവരുന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ മത്തായിചേട്ടന്‍ കരഞ്ഞുപോയി. എല്ലാവരെയും വിഷമിപ്പിച്ച് ആരോടും പറയാതെ നാട് വിട്ടതിന് മാപ്പ് ചോദിച്ചു.

സ്വീകരണമുറിയില്‍ കൊച്ചുമക്കളെ ചേര്‍ത്തുപിടിച്ചിരിക്കുമ്പോള്‍ മത്തായിചേട്ടന്റെ കണ്ണ് നിറഞ്ഞു. വിദേശത്ത് വളര്‍ന്നവര്‍ക്ക് അപ്പാപ്പനുമായി ആശയവിനിമയം കഷ്ടമായിരുന്നുവെങ്കിലും അവധിക്കാലത്ത്‌ അപ്പാപ്പന്റെ കയ്യും പിടിച്ചു പപ്പയും മമ്മിയും കാണാതെ വെള്ളത്തിലും ചെളിയിലും തിമിര്‍ത്ത ഓര്‍മ്മകളുണ്ട്‌.

ഉച്ചക്ക് അപ്പന്റെ ഇഷ്ടവിഭവങ്ങള്‍ നിരത്തിയ തീന്‍മേശയ്ക്കരികിലിരുന്ന്  മൂത്തമകന്‍ ജോമോനാണ് ആദ്യം സംസാരിച്ചത്.
" കഴിഞ്ഞതൊക്കെ കഴിഞ്ഞു. അപ്പനോട് ഇവനും കുറെ തെറ്റൊക്കെ ചെയ്തു. അവനതില്‍ വിഷമമുണ്ട്. "
ജോണിക്കുട്ടി കുറ്റബോധത്തോടെ തലകുനിച്ചിരുന്നു. ജോമോന്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും ജോയിക്കുട്ടി തുടര്‍ന്നു.
"ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍നിന്നും വലുതായിട്ടൊന്നും അവനു കിട്ടുന്നില്ലെന്നാ പറയുന്നേ.. പുതിയൊരു ബിസിനെസ്സ് കൂടി തുടങ്ങിയാല്‍.... അതിന് അപ്പന്‍ കൂടെ മനസുവെക്കണം..."
കുപ്പിഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരുന്ന കുഞ്ഞു കുമിളകള്‍ നോക്കിയിരുന്ന മത്തായിചേട്ടന്‍ പതിയെ മുഖമുയര്‍ത്തി മക്കളെ നോക്കി.

"അപ്പന്‍ ആ വീട് അവനു എഴുതി കൊടുത്താല്‍......."
മക്കള്‍ മൂവരും തുടര്‍ന്നുപറഞ്ഞതൊന്നും മത്തായിചേട്ടന്‍  കേട്ടില്ല.

വലിയ വയറും താങ്ങി തിടുക്കപ്പെട്ടു വരുന്ന ഏലിക്കുട്ടിയെ ശകാരിച്ചുകൊണ്ട് അവളുടെ ഇച്ചായന്‍ പറമ്പില്‍ നിന്നും കയറിവന്നു.
"ഞാനങ്ങു വരത്തില്ലായിരുന്നോ കൊച്ചെ... നീയീ  വയ്യാത്തിടത്ത് ഇതും കൊണ്ട് വരണമായിരുന്നോ.."
"ഓ.. എന്റിച്ചായാ... നമ്മളീ കഷ്ടപ്പെടുന്നതൊക്കെ ആര്‍ക്കു വേണ്ടിയാ.. ദേ ഇതിനകത്ത് കിടക്കുന്നവന് വേണ്ടിയല്ലേ...! "

********************
  പുതിയ വീടിനുള്ള ഓല മേടഞ്ഞുകൊണ്ടിരിക്കുന്ന  അപ്പന്റെ അരികില്‍ കയ്യില്‍ പീപ്പിയും കാറ്റാടിയും കൊണ്ട് ഓടി ക്കളിക്കുന്ന ജോമോന്‍.  ഏലിക്കുട്ടിയുടെ ഒക്കത്ത് ജോയിക്കുട്ടി ഉണ്ട്.. അവളുടെ മുഖത്തും കാലിലും കുറേശ്ശെ  ഗര്ഭാലസ്യത്തിന്റെ നീര്‍ക്കെട്ടുണ്ട്.
"നീ ഇങ്ങനെ കളിച്ചു നടക്കുവാണോ മോനെ.. അപ്പന് ഓല എടുത്തു കൊടുക്കെടാ.. "
"ഓ.. അവനവിടിരുന്നു കളിച്ചോട്ടെ പെണ്ണെ... "
"ഇല്ലിച്ചായാ.. നമ്മടെ കഷ്ടപ്പാടും ദുരിതോം കണ്ടുതന്നെ വളരട്ടെ അവര്.. അപ്പോഴേ വലുതാവുമ്പം അപ്പനേം അമ്മയേം നല്ലപോലെ നോക്കത്തൊള്ളൂ.."

"അപ്പന്‍ ഒന്നും പറഞ്ഞില്ല.. "
കയ്യിലെ ചോറുരുള പാത്രത്തിലേക്ക് തന്നെയിട്ടുകൊണ്ട്  മത്തായി ചേട്ടന്‍ ഒന്ന് മൂളി.  കൈ കഴുകുമ്പോഴും അയാള്‍ ഭൂതകാലത്തിനും വര്‍ത്തമാനത്തിനുമിടയിലെ നേരിയ നൂല്‍പാലത്തിന്മേല്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ജോണിക്കുട്ടിയുടെ വീട്ടിലെ വിശാലമായ സ്വീകരണമുറിയില്‍  കുടുംബാംഗങ്ങളെ കൂടാതെ ഉണ്ടായിരുന്നവരില്‍  ഇളംനീല കുപ്പായമിട്ട  നരച്ചമുടിക്കാരനെ മത്തായിചേട്ടന് ഇതിനുമുന്‍പും പലതവണ കണ്ടിട്ടുണ്ടായിരുന്നു. ഏറ്റവുമാദ്യം വറീത് മാപ്പിളയുടെ പത്തുസെന്റ്‌ പുരയിടം സ്വന്തം പേരിലേക്ക് എഴുതിച്ച് കച്ചവടം ഉറപ്പിക്കാന്നേരം  രെജിസ്ട്രാര്‍ ആപ്പീസില്‍ വെച്ച്.. അന്ന് അയാളുടെ മുടി മുഴുവന്‍ കറുത്തതായിരുന്നു. പിന്നെ അതിനു പിന്നിലെ റബ്ബര്‍ തോട്ടം... പിന്നെയും ഒന്ന് രണ്ടു കൃഷിയിടങ്ങള്‍.. ഒടുവില്‍ ജോണിക്കുട്ടിയുടെ കല്യാണപിറ്റേന്ന്, ആദ്യത്തെ പത്തുസെന്റില്‍ ഏലിക്കുട്ടിയും താനും ചേര്‍ന്നുണ്ടാക്കിയ വീടൊഴിച്ച്‌ മറ്റെല്ലാം മക്കള് മൂന്നിനും കൂടി വീതിച്ചുകൊടുക്കാന്‍ ചെല്ലുമ്പോഴും.. മുഖത്തെ സ്ഥായിഭാവമായ ഭവ്യതയോടെ,  സര്‍ക്കാര്‍ തരുന്നത് ശിപായിയുടെ ശമ്പളമെങ്കില്‍ സ്ഥലമിടപാട് മുതല്‍ ഒളിച്ചോട്ട കല്യാണം വരെയുള്ള ഏത് കാര്യവും സാധിച്ചു കൊടുക്കുന്നതിന്  ആവശ്യക്കാര്‍ തരുന്നത് തനിക്ക് അവകാശപ്പെട്ടതാണ്   എന്ന് വിശ്വസിക്കുന്ന പ്യൂണ്‍ വേലായുധന്‍.

"അപ്പന് ബെന്നിയെ അറിയത്തില്ലേ? പുത്തന്‍പുരേലെ ബേബിച്ചായന്റെ  മോന്‍..  വക്കീലാ.. ഇവന്റെ പെങ്ങള്‍ക്ക് വേണ്ടിയാ വീട് വാങ്ങുന്നത്"
കൈയ്യിലെ ഫയല്‍ ഒന്നുകൂടെ മുറുക്കെ പിടിച്ച് ഇരിപ്പിടത്തില്‍നിന്നും ചെറുതായൊന്ന് അനങ്ങിയിരുന്നുകൊണ്ട്  ബെന്നി പുഞ്ചിരിച്ചു.

"ഇത് രെജിസ്ട്രാര്‍ മാധവന്‍നായര്‍. അപ്പന് അറിയാന്‍ വഴിയില്ല. കഴിഞ്ഞമാസം സ്ഥലംമാറ്റം വാങ്ങി വന്നേയുള്ളൂ.. "

"എല്ലാം വേലായുധന്‍ചേട്ടന്റെ ഏര്‍പ്പാടാ.. " ജോയിക്കുട്ടിയുടെ അഭിനന്ദനപ്രകടനത്തില്‍ വേലായുധന്‍ വീണ്ടും വിനയാന്വിതനായി.

വിദേശനിര്‍മ്മിതസോഫയുടെ ഒത്തനടുക്ക് ആരോ പിടിച്ചിരുത്തി കയ്യില്‍ പേന പിടിപ്പിക്കുമ്പോള്‍ മത്തായിചേട്ടന്റെ തോളില്‍ ഏലിക്കുട്ടി തലചായ്ച്ചിരുന്നു.

"എന്നതാ പെണ്ണെ ഒരു കൊഞ്ചല്?"
"ഇച്ചായാ.. ജോമോന് ഒരു ബൈക്ക് വേണമെന്ന്.. അവന്‍റെ കൂട്ടുകാര്‍ക്കെല്ലാം ഒണ്ടെന്ന്!"
"അതിനൊക്കെ ഒത്തിരി ചെലവല്ല്യോടീ.."
"കഴിഞ്ഞാഴ്ച ഷീറ്റ് വിറ്റുകിട്ടിയ കാശിരിപ്പില്ലേ..  അവന്‍റെ ഒരാശയല്ലേ.. അതുങ്ങടെ മൊഖം വിടര്ന്നിരിക്കുന്നത് കാണുമ്പോഴല്ലേ നമ്മക്കും സന്തോഷം.."
"ആ.... മുട്ടിചേര്‍ന്നിരുന്നു കൊഞ്ചിയപ്പോഴേ തോന്നി, ഏതാണ്ട് മക്കക്കു വേണ്ടി ശുപാര്‍ശയും കൊണ്ട് വരുവാന്ന്!"
"ഒന്ന് പോ ഇച്ചായാ.. ഇല്ലേല്‍ ഞാന്‍ അടുത്ത് വരത്തില്ലായിരിക്കും!"
ഏലിക്കുട്ടി  അയാളുടെ കവിളില്‍ നുള്ളി.

നടപടിക്രമങ്ങള്‍ തീര്‍ത്തു രജിസ്ട്രാറെയും കൂട്ടരെയും യാത്രയാക്കി  മക്കളും പെണ്ണുങ്ങളും കുട്ടികളും ജോമോന്റെ ടൌണിലെ അവധിക്കാലവസതിയിലേക്ക് പോയപ്പോള്‍ മത്തായിചേട്ടന്‍ ആ വലിയ വീട്ടില്‍ തികച്ചും ഏകനായി.

ഏലിക്കുട്ടിയുടെ വിളികേട്ടു തന്റെ പഴയവീട്ടിലേക്ക്  നടക്കുമ്പോള്‍  പിന്നില്‍ ജോണിക്കുട്ടിയുടെ മണിമാളിക ഇരുട്ടിലാണ്ടിരുന്നു.

"ഇച്ചായോ.. എന്നായെടുക്കുവാ... വന്നേ... കഴിക്കാം"

അത്താഴം വിളമ്പിവെച്ച്, കര്‍ത്താവിന്റെ പടത്തിനുമുന്നില്‍ മെഴുകുതിരി കത്തിച്ചുകൊണ്ട് ഏലിക്കുട്ടി അയാളെ കാത്തിരുന്നു. 

 അവിടെങ്ങും ഏലിക്കുട്ടി നിറഞ്ഞുനിന്നിരുന്നു... ചിലപ്പോള്‍ ഇച്ചായാന്നും വിളിച്ചു കൊച്ചുപെണ്ണായി കൊഞ്ചിക്കൊണ്ട്... മക്കളെ ശാസിച്ചുകൊണ്ട്..  ഓടിനടന്നു വീട് വൃത്തിയാക്കുന്ന തിരക്കുള്ള വീട്ടമ്മയായി.. മുണ്ടിന്റെ കോന്തല കയറ്റി കുത്തി, മീന്‍ വെട്ടിക്കൊണ്ട്‌ അടുക്കളമുറ്റത്ത്‌.. "ഈ ഗ്യാസടുപ്പും മറ്റും എന്നെ കൊണ്ട് പറ്റത്തില്ലേ" എന്നു പുലമ്പി, അടുപ്പിലെ കനല്‍ ഊതിയൂതി മുടിയിലും മുഖത്തും ചാരവും പൊടിയുമായി ക്ഷീണിച്ച്...   ഒടുവില്‍ ചുണ്ടിന്റെ കോണില്‍ പഴങ്കഞ്ഞിയുടെ ശകലങ്ങള്‍ അവശേഷിപ്പിച്ച്, ചിരിക്കാതെ, ഒരു നിമിഷം മുഖത്തേക്ക് ഉറ്റുനോക്കി, പിന്നെ കണ്ണടച്ച് മിണ്ടാതെ കിടന്നവള്‍..

ഏലിക്കുട്ടി അവസാനമായി കിടന്ന കട്ടില്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ ഉപേക്ഷിക്കപ്പെട്ട ഏതോ പാഴ്വസ്തുവാണെന്ന് അയാള്‍ക്ക് തോന്നി. പൊടിയുടെയും ചിതലിന്റെയും ഗന്ധം നിറഞ്ഞുനിന്നിരുന്ന മുറി അയാള്‍ക്ക് തികച്ചും അപരിചിതമായി. ഇത് ഏലിക്കുട്ടിയും അവളുടെ ഇച്ചായനും ചേര്‍ന്ന് സ്വപ്‌നങ്ങള്‍ ചേര്‍ത്തുവെച്ചു കെട്ടിയ വീടല്ല...
വഴിതെറ്റി വന്നുകയറിയിടത്തുനിന്നെന്നപോലെ അയാള്‍ അവിടെനിന്നും  ഇറങ്ങി, തിടുക്കപ്പെട്ട് മുറ്റവും കടന്ന് വഴിയിലേക്ക് ‍നടന്നു.

വലിയ വെളിച്ചവും ശബ്ദവുമായി അരികിലൂടെ കടന്നുപോവുന്ന ഒന്നിനെയും അറിയാതെ അയാള്‍ എവിടെയ്ക്കോ ഒഴുകിനീങ്ങി.


"ഒന്ന് വേഗം നടക്കെന്റെ പെണ്ണെ.... പടം തുടങ്ങും കേട്ടോ.."
"ദേ വരുന്നൂ..  " ലൈഫ്ബോയ് സോപ്പിന്റെയും കുട്ടികൂറാ പൌഡറിന്റെയും സമ്മിശ്രമണവും പേറി ഏലിക്കുട്ടി അയാളുടെ ഒപ്പമെത്താനായി ഓടി വന്നു.  
"ഇല്ലെന്നേ... ഇത്തവണ ഞാന്‍ കരയത്തില്ല.. ഉറപ്പ്!"

Saturday, February 12, 2011

അതിഥി ദേവോ ഭവ: അഥവാ അതിഥിദേവോ നമ:

എന്നത്തേയുംപോലെ ചവറ്റുകുട്ട വാതിലിനുപുറത്ത് കോറിഡോറിന്റെ മൂലയ്ക്ക്, രാവിലെ വന്നെടുക്കാന്പാകത്തിന് വെക്കുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റില്‍ കഴിഞ്ഞദിവസം  പുതിയതായി താമസത്തിനെത്തിയവരുടെ കുറെയധികം കൂടുകളുടെയും കടലാസ്ചുരുളുകളുടെയും ഇടയില്‍ ഒരു തിളക്കം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍  വെള്ളിനിറമുള്ള ഒരു കിരീടംപോലെ തോന്നിച്ചു. ചവറുകള്‍ വകഞ്ഞുമാറ്റിയപ്പോള്‍ മനോഹരമായി പുഞ്ചിരിതൂകി ഒരു കൃഷ്ണവിഗ്രഹം! പതിവ്  പീതാംബരമല്ല,  വെള്ളിക്കസവുള്ള വെള്ളവസ്ത്രമാണ് വേഷം. പീലിത്തിരുമുടിയോ മറ്റ് സ്വര്‍ണ്ണാഭരണങ്ങളോ മുത്തുമാലയോ ഇല്ല. കുളികഴിഞ്ഞ് മുണ്ടുടുത്ത്, തോര്‍ത്ത്‌ പുതച്ചുവരുന്ന ഒരു സാധാരണക്കാരനെയാണ് പെട്ടെന്ന് ഓര്‍മ്മവരിക. ഒരു വ്യത്യാസമേയുള്ളൂ, ഇദ്ദേഹം വെള്ളികിരീടവും കുറച്ച് വെള്ളിയാഭരണങ്ങളും  അണിഞ്ഞിട്ടുണ്ട്.  കയ്യിലെടുത്തുനോക്കിയപ്പോഴാണ് മനസിലായത്, ആള്‍ വികലാംഗനാണ്. ഓടക്കുഴല്‍ വായിച്ചുകൊണ്ടിരുന്ന വലതുകൈ നഷ്ടമായിരിക്കുന്നു. അതുവരെ തോന്നിയ സന്തോഷം പെട്ടെന്ന് നഷ്ടമായി. അവിടെത്തന്നെ ഒന്നുകൂടി തിരഞ്ഞപ്പോള്‍ മുറിഞ്ഞകൈ കിട്ടി. ഓടക്കുഴലിനു വേണ്ടിയുള്ള തിരച്ചില്‍ മാത്രം വൃഥാവിലായി. കൈമുറിഞ്ഞരൂപത്തില്‍ വെക്കുന്നത് അശുഭമായതുകൊണ്ടാവാം അവര്‍ ഉപേക്ഷിച്ചത്. കൃഷ്ണശില ആകുമ്പോള്‍ ശില്പഭംഗിയെക്കാള്‍ ഒരു വിശ്വാസിക്ക്  പ്രധാനം  ഭക്തി  തന്നെയാവും. ഇതൊക്കെയാണെങ്കിലും ഉപേക്ഷിക്കാന്‍ മനസ് വന്നില്ല. വീട്ടിലുള്ള ആളെ കൂടി വിളിച്ചുകാണിച്ചു. കൈ ഒട്ടിച്ചുനോക്കാം, ശരിയാവുന്നുണ്ടെങ്കില്‍ നമുക്കിവിടെവെക്കാം എന്നായി. ('ജൂനിയര്‍ മാന്‍ഡ്രേക്ക്' എന്ന പടം ഈയിടക്കുംകൂടി കണ്ടതേയുള്ളൂ..:))
  
എന്തായാലും കണ്ണന് ഞങ്ങളെയും ഇഷ്ടമായീന്നാണ് തോന്നുന്നത്. ശരിക്കും "ക്വിക്ക് ഫിക്സ്" തന്നെ! ആശാന്‍ ഉഷാര്‍! ഇനിയിപ്പോള്‍ എവിടെ വെക്കണം എന്ന ചിന്തയായി. ഷോകേസില്‍ നില്‍ക്കാന്‍പറ്റാത്തത്രയും ഉയരക്കാരനായതുകൊണ്ട് പൂജാമുറിയില്‍തന്നെ ഒരിടം കണ്ടെത്തി. അങ്ങനെ രാത്രി ഒരിക്കല്‍ക്കൂടി വിളക്ക് കൊളുത്തിവെച്ചു. പാതിരാത്രി വീണുകിട്ടിയതാണെങ്കിലും  സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ അല്ലെ? നോക്കിയിരിക്കെ വേഷം പിന്നെയും വിസ്മയിപ്പിച്ചു. പണ്ടെവിടെയോ വായിച്ചിരുന്നു, രാത്രി രാധയെ കാണാന്‍ ചെല്ലുന്നതും വേണുവൂതി അവളെ വിസ്മയിപ്പിക്കുന്നതും ഒക്കെയായി കണ്ണന്റെ ലീലാവിലാസങ്ങള്‍... ചിലപ്പോള്‍ നിശാവസ്ത്രമാവും ഇത്! മഞ്ഞപ്പട്ട് അല്ലെ സ്ഥിരവേഷം.. ഇതാവുമ്പോള്‍ ആരും തിരിച്ചറിയുകയുമില്ല! എന്നാലും ഈ വെള്ളിയാഭരണങ്ങള്‍! വെള്ളക്കുചേരുന്നത് ഇതാവുന്നത്കൊണ്ടാവും. 'ഓ.. സ്വര്‍ണ്ണത്തിനൊക്കെ  ഈ കലിയുഗത്തില് എന്താ വില, ന്റെ കുട്ട്യേ' എന്ന് ആരോ എന്നോട് ചോദിച്ചുവോ? അങ്ങനെ ഇഷ്ടദൈവത്തിനോടോത്ത് കുറച്ചുനേരം ചെലവിട്ട്, ഉറങ്ങാന്‍ പോയി.

അതിരാവിലെ എഴുനേല്‍ക്കുന്ന കാര്യത്തില്‍ എന്‍റെ രണ്ടുമക്കളും (അവരുടെ അമ്മയും) കണക്കാണ്. അരമണിക്കൂറോളം നീളാറുള്ള വിളികള്‍ക്കുശേഷമാണ് അവര്‍ എഴുന്നേറ്റുവരുന്നത്. അവരുടെ പ്രായത്തില്‍ അത്രയും രാവിലെ എഴുന്നെല്‍പ്പിക്കുന്നതും വിഷമമാണെങ്കിലും സ്കൂള്‍വണ്ടി വരുന്നനേരത്തിന് തയ്യാറാക്കിനിര്‍ത്തേണ്ടതുകൊണ്ട് മറ്റ് മാര്‍ഗമില്ലാതെയാണ് ആ ക്രൂരകൃത്യം ചെയ്യാറ്.(ഒന്‍പതേ മുക്കാലിന്  സ്കൂളിലെത്താന്‍ ഒന്‍പതുമണിക്കെഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ ധൃതിയില്‍ തീര്‍ത്ത്‌, മറന്നുപോയ ഗൃഹപാഠം  നിന്നുകൊണ്ട് എഴുതി, എന്തെങ്കിലും കഴിച്ചെന്നു വരുത്തിയുള്ള ഓട്ടത്തെക്കുറിച്ചൊന്നും അവരോടു പറഞ്ഞിട്ടില്ല.) ഓരോദിവസവും  എന്തെങ്കിലും ആകര്‍ഷകമായ കാരണം അവരെ ഓര്‍മ്മിപ്പിച്ചാണ് ഉണര്‍ത്തുന്നത്. ചിലപ്പോള്‍ കൂട്ടുകാരിയെ കാണിക്കാന്‍ പുതിയ പെന്‍സില്‍, മറ്റുചിലപ്പോള്‍ ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം, അല്ലെങ്കില്‍ വാനിലെ കൂട്ടുകാരിക്ക് ചോക്ലേറ്റ്, അതുമല്ലെങ്കില്‍ കഴിഞ്ഞ ദിവസം ടീച്ചറിന് സമ്മാനിക്കാന്‍ വരച്ച ചിത്രം  അങ്ങനെ ഓരോന്ന്...

തലേരാത്രിയിലെ വിശേഷങ്ങള്‍ അറിയാതെ കിടക്കുന്നവരെ രാവിലെ വിളിച്ചുണര്‍ത്തുമ്പോള്‍ അവരുടെ അച്ഛന്‍ പറയുന്നതുകേട്ടു, "വീട്ടില്‍ പുതിയൊരു അതിഥി വന്നിട്ടുണ്ട്.. ഇന്നലെ രാത്രിയാണ് വന്നത്. നിങ്ങള്‍ കണ്ടില്ലല്ലോ.."
നാലു കുഞ്ഞിക്കണ്ണുകള്‍ ഉറക്കച്ചടവോടെ പതിവിലും വേഗം തുറക്കപ്പെട്ടു. 
"പക്ഷെ പല്ലുതേച്ച്, പാലുകുടിച്ച് കുളിയും കഴിഞ്ഞാല്‍ മാത്രമേ കാണാന്‍ പറ്റൂ.." വീണ്ടും ആകാംക്ഷയുടെ  മുള്‍മുനയില്‍...
പ്രഭാതകൃത്യങ്ങള്‍ക്കിടയില്‍ എന്നോടും അന്വേഷണമുണ്ടായി, "ആരാമ്മേ വന്നത്? എവിടെയാ ഇരിക്കുന്നെ? ഞാന്‍ മറ്റേമുറിയിലും പോയിനോക്കി... ഇനി ബാത്‌റൂമിലെങ്ങാനും  ആണോ.. "
'വേഗം കുളിച്ചു വന്നോളൂ..' എന്ന് മാത്രം പറഞ്ഞു ചിരിച്ചു ഞാന്‍.

കുളിച്ച് പ്രാര്‍ത്ഥനയ്ക്ക് വന്നപ്പോള്‍ അവരും കണ്ടു, നീലക്കാര്‍വര്‍ണ്ണനെ! കണ്ണുകള്‍ വിടര്‍ത്തി, വീണ്ടും വീണ്ടും തൊട്ടുനോക്കിയും സ്ഥാനം മാറ്റിവെച്ചും അവര്‍ പുതിയ താരത്തോടൊപ്പം സമയം ചെലവിടുമ്പോള്‍ അടുക്കളത്തിരക്കില്‍നിന്നും  ഒരു നിമിഷം ഞാന്‍ ആ മുഖത്തേക്ക് എത്തിനോക്കി. പതിവ് കള്ളചിരിയിലും കുസൃതിക്കണ്ണിലും തെല്ലൊരു നന്ദി നിഴലിച്ചുവോ? മാലിന്യക്കൂമ്പാരത്തില്‍ മൂക്ക് പൊത്താന്‍പോലും കഴിയാതെ കിടക്കേണ്ടിയിരുന്ന ആളല്ലേ.. നന്ദി ഇല്ലെങ്കിലും ഒരിത്തിരി സ്നേഹമെങ്കിലും തോന്നിയിട്ടുണ്ടാവില്ലേ എന്നോട്? :)

ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൊച്ചുപൂജാമുറിയില്‍ നില്‍പ്പുണ്ട്, ഇടയ്ക്കിടെയുള്ള എന്‍റെ പരിഭവവും വിശേഷവും സങ്കടവും ഒക്കെ സൌമ്യനായികേട്ടുകൊണ്ട് വേണുവൂതുന്ന ഭാവേന... എന്തായാലും എത്രയും പെട്ടെന്ന് ഒരു ഓടക്കുഴല്‍ സംഘടിപ്പിച്ചുകൊടുത്ത്,  ഈ സങ്കല്പമുരളീവാദനം  നിര്‍ത്തിക്കണം. 

Wednesday, February 2, 2011

അനന്തരം

ഇന്ന് ആഘോഷത്തിന്റെ ദിവസമാണെന്ന് പറഞ്ഞുകൊണ്ട് മാണിച്ചായന്‍ കയ്യിലേക്കിട്ടുകൊടുത്ത നോട്ടുകെട്ടുകളും മദ്യവും എളിയില്‍ തിരുകി അയാള്‍ ഇടവഴിയിലെ ഇരുട്ടിലേക്കിറങ്ങി. കോടികളുടെ ലാഭം ഉണ്ടാക്കികൊടുത്തതിന്റെ സന്തോഷസൂചകമായി പകര്‍ന്ന വിദേശമദ്യം സിരകളില്‍ തിളച്ചുതുടങ്ങി. ധനുമാസത്തിലെ പുകമഞ്ഞ്‌ ഓരോ രോമകൂപത്തെയും തുളച്ച്‌ കയറിയപ്പോള്‍ അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മി, നടത്തത്തിന്റെ വേഗത കൂട്ടി.

പാതയോരത്ത് ഒരു ചുവന്ന തിളക്കം കൈകാട്ടി വിളിച്ചു. മുഖം തിരിച്ചു വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍ പിന്നില്‍ വളകിലുക്കങ്ങളും പൊട്ടിച്ചിരികളും... പലപ്പോഴും കയറിയിറങ്ങിയ രൂപങ്ങളോട് ഒരു താല്‍പര്യവും കാട്ടാതെ മുന്നോട്ടുള്ള നടത്തത്തിന്റെ ഏതോ നിമിഷത്തില്‍ പഴയ ഒരു നിലവിളി മനസിലെത്തി. എത്രയോ മാസങ്ങളായിട്ടും മറക്കാനാവാത്ത ഒന്ന്.. എന്തായിരുന്നു അവളുടെ പേര്? സുന്ദരിയോ സുഗന്ധിയോ? രണ്ടും അവള്‍ക്കു ചേരും. ഏതോ വിജയാഹ്ലാദവും കൂട്ടുകാരാരോ ചുരുട്ടിക്കൊടുത്ത ലഹരിയും ഉന്മാദത്തിന്റെ കൊടുമുടി കയറ്റിയ നാള്‍.. വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവള്‍ ആയിരുന്നോ... അതോ തെരുവുപെണ്ണോ.. പേടിച്ചരണ്ട കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുമൊക്കെ ലഹരി കൂട്ടിയതെയുള്ളൂ.. കരച്ചിലും അപേക്ഷയുമൊന്നും മനസലിയിച്ചില്ല. അന്ന് കിട്ടിയ നോട്ടുകെട്ടില്‍ നിന്ന്‍ കണക്കുനോക്കാതെ വലിച്ചൂരി അവളുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു തിരിഞ്ഞുനടക്കുമ്പോള്‍ വസ്ത്രങ്ങള്‍ വാരിച്ചുറ്റി ഓടിവന്നു കാല്‍ക്കല്‍ വീണത്‌ കണ്ടില്ലെന്നു നടിച്ചു നടന്നകന്നു.

ഇന്നെന്താണ് അവളെ കുറിച്ചിത്രയും ഓര്‍ക്കാന്‍? മുല്ലപ്പൂവിന്റെയോ വിലകുറഞ്ഞ സെന്റിന്റെയോ മടുപ്പിക്കുന്ന മണമില്ലാതിരുന്ന ആദ്യത്തെ അനുഭവമായതുകൊണ്ടോ? പെണ്ണെന്നത് പുരുഷന്റെ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് പഠിപ്പിച്ചത്, കുഞ്ഞുന്നാളില്‍ രാത്രിയില്‍ മകനെ നിര്‍ബന്ധിച്ചുറക്കി അണിഞ്ഞൊരുങ്ങിയ അമ്മയുടെ കാത്തിരിപ്പാണ്.

എളിയിലെ കുപ്പി വലിച്ചൂരി അതിലാകെ ഉണ്ടായിരുന്ന കുറച്ചു മദ്യം കൂടി വലിച്ചുകുടിച്ച് തല കുടഞ്ഞുകൊണ്ട് അയാള്‍ മാണിച്ചായനെ തെറി പറഞ്ഞു. ആവശ്യമില്ലാത്ത ചിന്തകളൊക്കെ മനസിലെത്തുന്നു.. ഇങ്ങേരിതു ഏതു ബ്രാന്റാ തന്നതെന്തോ..

വീണ്ടും മറക്കാനാവാത്ത രാത്രി മനസിലെത്തിയപ്പോള്‍ അയാള്‍ തിരിഞ്ഞു നടന്നു. ഇന്ന് അവള്‍ തന്നെയാണ് കൂടെ വേണ്ടത്. ഇതുവരെ കിട്ടിയിട്ടുള്ളതിലും കൂടുതല്‍ കാശ് മാണിച്ചായന്‍ തന്ന ദിവസമാണ്. ബിസിനെസ്സിലെ ശത്രുവിനെ കുത്തിമലര്‍ത്തിയപ്പോള്‍ അങ്ങേര്‍ക്ക് ഇന്ന് സ്വര്‍ഗമാണ് കിട്ടിയത്.

തെരുവിന്റെ അങ്ങേമൂലയില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു. കൃത്യമായി ഓര്‍മ്മയില്ലെങ്കിലും ഈ വഴിയിലെവിടെയോ ആയിരുന്നു അവള്‍ നിന്നിരുന്നത്. ആംഗ്യഭാഷയിലൂടെ അവളെന്തോ ചോദിച്ചതൊന്നും കേട്ടില്ല. വിജനമായ വഴിയരികില്‍ ഏതു നിഴലിനു കീഴിലായിരുന്നു അന്നവളെ വന്യമായി കീഴടക്കിയത്?

ഇരുട്ടില്‍ എവിടെ നിന്നോ ഞരക്കം കേട്ടതുപോലെ... ആ രാത്രിക്ക് ശേഷം ചിലപ്പോഴൊക്കെ ഓര്‍മ്മയിലെത്തുന്ന അവളുടെ അടക്കിപ്പിടിച്ച കരച്ചില്‍ പോലെ ഒന്ന്.. അതോ വെറും തോന്നലോ.. പഴയ ഓര്‍മ്മകളെ തികട്ടിക്കുന്ന മാണിചായന്റെ മദ്യത്തെ വീണ്ടും ശപിച്ചു. ആ രാത്രിയുടെ ഓര്‍മ്മ മനസ്സില്‍ മോഹം തന്നെയാണ് നിറയ്ക്കുന്നത്.

കടകളുടെ ഇടയില്‍ വെളിച്ചം പടര്‍ന്നുകിടന്ന വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഇടതുവശത്ത്‌ കടയോട് ചേര്‍ന്ന ഓലപ്പുര. അതേ... ഇവിടെയായിരുന്നു അവള്‍..! ഇത് തന്നെ!

പാതിചാരിയ ഓലമറ നീക്കി ഉള്ളില്‍ കടക്കുമ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. തെരുവുവിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ തറയില്‍ ഒരു പഴന്തുണിക്കെട്ടായി അവള്‍! അവളുടെ ശാന്തമായ മുഖവും കീറപുതപ്പിന് താഴെ പുറത്തേക്ക് നീണ്ടുനിന്ന വെളുത്ത് കൊലുന്നനെയുള്ള പാദങ്ങളും വെറുതെ നോക്കിനില്‍ക്കുമ്പോള്‍ പഴയരാത്രിയിലെ സുഗന്ധം സിരകളില്‍ മദ്യലഹരിക്കും മുകളിലായി... അരികിലിരുന്ന്, നനുത്ത കാല്‍പാദത്തില്‍ പതിയെ പിടിച്ചു. ഞെട്ടിയുണര്‍ന്ന അവള്‍ കാലുകള്‍ വലിച്ചെടുത്ത് ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അരണ്ടവെളിച്ചത്തിലും അയാളെ തിരിച്ചറിഞ്ഞ നടുക്കം അവളുടെ മുഖത്ത് നിഴലിച്ചു.. നിലവിളിക്കു മീതെ അയാളുടെ ബലിഷ്ട കരങ്ങള്‍ മുറുകിയപ്പോള്‍ അവള്‍ക്കു ശ്വാസംമുട്ടി. അവളുടെ ശരീരത്തില്‍ ഇഴഞ്ഞ കൈ ഒരു ഞെട്ടലോടെ അയാള്‍ പൊടുന്നനെ പിന്‍വലിച്ചു.

വലിയ വയറ്റില്‍ കൈകളമര്‍ത്തി, എഴുന്നേല്‍ക്കാനാവാതെ വാവിട്ടുകരയുന്ന അവളുടെ അരികില്‍ സ്തബ്ധനായി അയാള്‍ നിന്നു. അയാളുടെ ലഹരിയെ മുഴുവന്‍ ഒരുനിമിഷം കൊണ്ടു ചോര്‍ത്തിക്കൊണ്ട്, അസഹ്യതയോടെയുള്ള അവളുടെ കരച്ചില്‍ അയാളെ പൊതിഞ്ഞു. നോക്കിനില്‍ക്കെ വസ്ത്രത്തിലും പുതപ്പിലുമായി രക്തം പടര്‍ന്നിറങ്ങി. കൃഷ്ണമണികള്‍ മുകളിലേക്ക് മറിഞ്ഞ് ബോധാശൂന്യയായ അവളെ എടുത്തുയര്‍ത്തി റോഡിലേക്കിറങ്ങുമ്പോള്‍ ലക്ഷ്യമൊന്നും മനസ്സില്‍ തെളിഞ്ഞില്ല.

ധര്‍മ്മാശുപത്രിയുടെ വരാന്തയുടെ മൂലക്കുള്ള ടാപ്പില്‍ നിന്നും കൈയിലെ രക്തക്കറ കഴുകിക്കളയുമ്പോള്‍ മനസ്സില്‍ നിറഞ്ഞിരിക്കുന്ന അവളുടെ മുഖവും അതുപോലെ നശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. . ആശുപത്രിയുടെ പടികള്‍ ഓടിയിറങ്ങുമ്പോള്‍ പിന്നില്‍ ഒരു കുഞ്ഞുകരച്ചില്‍ കേട്ടുവോ? ബോധം മറയുന്നതിനു തൊട്ടുമുന്‍പ് അവളെന്തോ പറയാനൊരുങ്ങിയോ? ഏതു നശിച്ച നേരത്താണ് ഇവളെ തേടി വരാന്‍ തോന്നിയത്? അതോ ഇതൊരു നിയോഗമായിരുന്നോ... മാസങ്ങള്‍ക്കിടയില്‍ അവളെ ഒരിക്കല്‍മാത്രം കണ്ടത് ഏതോ റോഡുപണി നടക്കുമ്പോഴായിരുന്നു. ഈശ്വരാ.. അങ്ങനെയെങ്കില്‍ ആ കുഞ്ഞ്.. ?

തറയില്‍ തളം കെട്ടിയ ചുവന്നവെള്ളത്തില്‍ തെളിഞ്ഞുവരുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മുഖം.. അയാള്‍ ടാപ്പ്‌ വീണ്ടും തുറന്നു വിട്ടു. വലിയ വൃത്തമായി പടരുന്ന വെള്ളത്തില്‍ ഇപ്പോള്‍ അവളുടെ കരയുന്ന മുഖം! പലതവണ മുഖം കഴുകി നോക്കുമ്പോഴും മാറിമാറിതെളിയുന്ന രണ്ടു മുഖങ്ങള്‍..! ഓ.. ഇതെന്തൊരു പരീക്ഷണം!

ഇല്ല.. ബന്ധങ്ങള്‍ തനിക്കുള്ളതല്ല... ആരുടെയൊക്കെയോ രക്തം പുരണ്ട ഈ ശരീരം മറ്റാരുടെയോ കൈകൊണ്ട് ഒരിക്കല്‍ ഇല്ലാതാവും.. അന്ന് വീണ്ടും ഇവര്‍ അനാഥരാവും.. ചരിത്രം ആവര്‍ത്തിക്കപ്പെടും... പക്ഷെ... ഉപേക്ഷിച്ചിട്ട് പോവാനും കഴിയുന്നില്ലല്ലോ...

ചിന്തകള്‍ക്കും മീതെയായി തലയ്ക്കുള്ളില്‍ ആരുടെയൊക്കെയോ ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് കാതുകള്‍ ഇരുകൈകളും കൊണ്ട് പൊത്തി അയാള്‍ നിലത്തിരുന്നു.

Friday, January 21, 2011

ശുചീന്ദ്രത്തെക്ക് ഒരു യാത്ര

ഇത്തവണ നാട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ തന്നെ തികച്ചും വ്യക്തിപരമായ  ഒരു തിരുവനന്തപുരം യാത്ര മനസ്സില്‍ കണ്ടിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ്  അവിടേക്ക് ഞാന്‍ പോവുന്നത്.   മ്യൂസിയം,  ശംഖുമുഖം  തുടങ്ങിയയിടങ്ങള്‍ ആദ്യദിവസം തന്നെ സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍ നാളെ എവിടേക്ക് എന്ന ചോദ്യത്തിന്  കൂടെയുണ്ടായിരുന്ന ഒരാളുടെ നിര്‍ദ്ദേശമായിരുന്നു ശുചീന്ദ്രം എന്നത്.  അങ്ങനെയാണ് അതിരാവിലെ നഗരത്തിലെ വാഹനബാഹുല്യം ആരംഭിക്കുന്നതിനു മുന്‍പേ പഴവങ്ങാടി ഗണപതിക്ക്‌ തേങ്ങയുടച്ചു ഞങ്ങള്‍ യാത്ര തുടങ്ങിയത്. നഗരത്തിലെ വാഹനബാഹുല്യം തുടങ്ങുന്നതിനുമുന്‍പ് പുറത്ത് കടക്കണമെന്ന ഉദ്ദേശത്തിലായിരുന്നതുകൊണ്ട് പ്രാതല്‍ വഴിയില്‍ എവിടെയെങ്കിലും കഴിക്കാമെന്ന് തീരുമാനിച്ചു.
വഴി പരിചയമുള്ള കൂട്ടുകാര്‍ നിര്‍ദേശിച്ച പല നല്ല ഹോട്ടലുകളും കണ്ടെത്താനാവാതെ ഒടുവില്‍  വിശപ്പ്‌ ഭൂതം വല്ലാതെ ആക്രമിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തക്കലയില്‍ ആദ്യം കണ്ട ഒരിടത്ത് കയറി ചൂട് ദോശയും സാമ്പാറും പിന്നെ പ്രത്യേക സ്വാദുള്ള ഒരു തരം തക്കാളിചട്ട്ണിയും അകത്താക്കി വീണ്ടും യാത്ര തുടര്‍ന്നു.

റോഡിനു വലതുവശത്തായി കുറച്ചു ഉള്ളിലേക്ക് മാറിയാണ് ശുചീന്ദ്രം അമ്പലം. റോഡില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ ധാരാളം കൊത്തുപണികളുള്ള സുന്ദരമായ ഗോപുരം കാണാം. പാലാഴി മഥനവും അനുബന്ധകഥകളുമാണത്രെ അതില്‍ സസൂക്ഷ്മം ചെയ്യപ്പെട്ടിരിക്കുന്നത്.

ഉള്ളിലേക്ക് കടക്കുന്നതിനു മുന്‍പേതന്നെ അമ്പലത്തിനു ഇടതുവശത്തായി ധാരാളം കൊത്തുപണികളുള്ള രഥം ആണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ കണ്ടിട്ടുള്ള മറ്റ് രഥങ്ങളില്‍ നിന്നും കുറച്ച് വ്യത്യാസം തോന്നി ഇതിന്റെ ആകൃതിക്ക്‌. അതുകൊണ്ടുതന്നെ ക്യാമറയില്‍ പകര്‍ത്താന്‍ മറന്നില്ല.

ഗോപുരത്തിനുള്ളിലേക്ക് കടക്കുമ്പോള്‍  വല്ലാത്തൊരു കുളിര്‍മ്മ അനുഭവപ്പെട്ടു. ധാരാളം ചിത്രപ്പണികളുള്ള കല്‍ത്തൂണുകളാല്‍ ചുറ്റപ്പെട്ട രീതിയിലുള്ള ക്ഷേത്രമാണിത്. ഉയരം കുറഞ്ഞ, ഇരുണ്ട കുടുസ്സുമുറികളിലാണ് ഓരോ വിഗ്രഹവും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്. ത്രിമൂര്‍ത്തികളെയാണ് ആദ്യം വണങ്ങിയത്. ശിവക്ഷേത്രമെന്നു അറിയപ്പെടുമെങ്കിലും  വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിധ്യം ഉണ്ടത്രേ അവിടെ. ആദ്യമായാണ്‌ അങ്ങനെ ഒരിടത്ത് ഞാന് എത്തുന്നത്.

ഓരോ പ്രതിഷ്ടയുടെ അരികില്‍ എത്തുന്നതിനു തൊട്ടുമുന്പായി തെരുവുകച്ചവടക്കാരെപോലെ പൂജാദ്രവ്യങ്ങള്‍ വില്‍ക്കാനായി ഉറക്കെ വിളിച്ചുപറയുന്ന കുറേപേരെ കണ്ടു. ‍ പ്രാര്‍ത്ഥനയുടെ ഫലം കൂട്ടാന്‍ ദേവന് പ്രിയമായ വഴിപാട് അവിടെ പൈസ കൊടുത്താല്‍ കിട്ടും!

അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പതിനെട്ടടി പൊക്കത്തില്‍ നില്‍ക്കുന്ന ഹനുമാന്‍പ്രതിമയാണ്. അദ്ദേഹത്തിനു മുന്നിലും വാഴയിലപൊതിയില്‍  വെണ്ണയും ചെറിയ കുപ്പികളില്‍ പനിനീരുമൊക്കെ തയ്യാറായിരുന്നു. ഭക്തന്റെ ആവശ്യത്തിനനുസരിച്ച് പൂജാരി പ്രതിമയുടെ പിന്നിലുള്ള പടികള്‍വഴി മുകളില്‍ ചെന്നുനിന്നു പൂജചെയ്യും. ആഞ്ജനേയരുടെ ദേഹത്ത് വെണ്ണയും വടമാലയും വെറ്റില മാലയും ചാര്‍ത്തി പൂജ ചെയ്തു പ്രസാദം താഴെ വന്നുതരും.

തൊഴുതിറങ്ങി ഒറ്റക്കല്‍ മണ്ഡപം  ചുറ്റിക്കണ്ടു തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ തിരുവിതാംകൂര്‍ രാജഭരണകാലം സങ്കല്പ്പിച്ചുനോക്കി. പത്താം ക്ലാസ്സില്‍ പഠിച്ച ധര്‍മരാജയും, സ്വാതിതിരുനാള്‍ സിനിമയുമെല്ലാം മനസിലൂടെ കടന്നുപോയി.   (മൈസൂര്‍ കൊട്ടാരം കണ്ടിറങ്ങുമ്പോള്‍ കുറച്ചു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു ഭൃത്യയെങ്കിലുമായി ജനിച്ചില്ലല്ലോ എന്ന് സങ്കടം തോന്നിയിരുന്നു.)
കച്ചവടക്കാരും വാഹനങ്ങളും ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ചിന്തകളെ മുറിച്ചു.

തുടര്‍ന്ന്, ക്ഷേത്രക്കുളവും കണ്ടു തിരിച്ചുനടക്കുമ്പോള്‍ വഴിയരികില്‍ സ്ഫടികഭരണിയില്‍ ഉപ്പിലിട്ട നെല്ലിക്ക എന്നെ നോക്കി ചിരിച്ചു! തൊട്ടരികില്‍തന്നെ നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് ഉപ്പും മുളകുപൊടിയും വിതറി ഭംഗിയായി  നിരത്തിവെച്ചിരിക്കുന്ന പൈനാപ്പിളും പച്ചമാങ്ങയും! വായില്‍ കൊതിയുടെ പ്രളയം! ഹൈജീനിക്ക് ചിന്തകളെ ഒരു നിമിഷത്തേക്ക് അകറ്റിനിര്‍ത്തി കൈനീട്ടുമ്പോള്‍ മനസ്സില്‍ പറഞ്ഞു, ഈ സ്വാദിന് പകരം നില്‍ക്കാന്‍ ബര്‍ഗറും പിസയും ഒക്കെ എത്ര ജന്മമെടുക്കണം!

ഗോപുരത്തിന്റെ മുഴുവന്‍ ഭാഗവും സന്ദര്‍ശകരും ഒരുമിച്ചുകിട്ടണമെന്ന് വാശിപിടിച്ചു കൂടെയുള്ളയാള്‍‍ ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ പിന്നില്‍ ഒരു വിളി.. 'ഭയ്യാ'ന്ന്... പിന്നെ 'സേട്ടാ' എന്നായി..   ഇളംറോസ്നിറത്തിലുള്ള പഞ്ഞിമിട്ടായി യുമായി ഫോട്ടോയില്‍ കയറിക്കൂടാനുള്ള വിളിയായിരുന്നു അത്.

ശുചീന്ദ്രത്തോട് വിടപറയുമ്പോള്‍ മനസ്സില്‍ വീണ്ടും നൂറ്റാണ്ടുകള്‍ക്കും അപ്പുറത്ത്   പട്ടുവസ്ത്രങ്ങള്‍ ഉലച്ചുകൊണ്ട്‌ ആരൊക്കെയോ നടന്നു...
 ദൂരെ എവിടെയോ അകന്നുപോവുന്ന കുളമ്പടിയൊച്ചകള്‍...  


ശുചീന്ദ്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിക്കികുട്ടന്‍ പറഞ്ഞുതരും.

Tuesday, January 4, 2011

ആന്‍ ഇതുവരെ കരഞ്ഞില്ല...

('കൂട്ടം' എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ കഥാരചനമത്സരത്തില്‍  പ്രോത്സാഹന സമ്മാനം നേടിത്തന്ന കഥ )

വാതിലില്‍ തുടരെത്തുടരെ മുട്ട് കേട്ടിട്ടും ആന്‍ അനങ്ങാതെ കുറെനേരം കൂടി കിടന്നു. തുടന്നുള്ള മോളുടെ വിളിയില്‍ കലര്‍ന്ന ഗദ്ഗദം അവളെ തളര്‍ത്തി.

"മമ്മാ... പപ്പാടെ ഫോട്ടോ ഉണ്ട് പത്രത്തില്‍!"
ചരമതാളിന്റെ മൂലയ്ക്ക് തങ്ങളുടെ കല്യാണഫോട്ടോയില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട നവീന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. ആനിന്റെ സാരിയുടെ തുമ്പും കാണാം.

'കുവൈറ്റില്‍ മലയാളിഡോക്ടര്‍ അന്തരിച്ചു'

ആന്‍ താഴേക്ക്‌ ഓടിച്ചു വായിച്ചു.
ഹൃദയാഘാതം മൂലം മരണമടഞ്ഞ പ്രസിദ്ധനായ മറുനാടന്‍ മലയാളിക്ക് അര്‍ഹമായ പ്രാധാന്യം കൊടുത്ത് പത്രം എഴുതിയിരിക്കുന്നു.

"ഞാനാ ന്യൂസ്‌ കൊടുത്തത്. ആരെയെങ്കിലും അറിയിക്കാന്‍  വിട്ടുപോയെങ്കില്‍ അറിഞ്ഞോട്ടെ എന്നുവെച്ചാ.."
ജോസിച്ചായന്‍ നെടുവീര്‍പ്പോടെ നമിമോളെ ചേര്‍ത്തുപിടിച്ചു.
"നീയിങ്ങനെ ഒന്നും മിണ്ടാതേം കഴിക്കാതേം എത്ര ദിവസമാന്നു വെച്ചാ... ആന്‍? പോയവര് പോയി... ഒന്നുമില്ലേലും ഈ കുഞ്ഞിനിനി നീയല്ലേയുള്ളൂ... നീയോന്നുറക്കെ കരയുക പോലും ചെയ്തില്ലല്ലോ മോളെ.. "

ആന്‍ പത്രത്തിലെ നവീന്റെ മുഖത്തേക്ക് നോക്കി. എത്ര ശാന്തമായ മുഖമായിരുന്നു നവീന്! ആരോടും കയര്‍ത്തുസംസാരിക്കുന്നത് കണ്ടിട്ടില്ല. രോഗികള്‍ക്കും പ്രിയങ്കരന്‍. ദൈവം ആതുരസേവനത്തിനായി നേരിട്ടയച്ച മഹാന്‍ എന്നുവരെ തോന്നിയിട്ടുണ്ട് പരിചയപ്പെട്ട ആദ്യനാളുകളില്‍.. റൌണ്ട്സിനു റിപ്പോര്‍ട്ടുകളും ചാര്‍ട്ടുമായി പിന്നാലെ ഓടിനടക്കുമ്പോള്‍ ആരാധനയോടെ നോക്കിനിന്നു സ്വയം മറന്നുപോയ ദിവസങ്ങള്‍.. പിന്നീടത്‌ പ്രണയത്തിലും വിവാഹത്തിലും കലാശിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി.

ജോസിച്ചായനും മോളും പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് എപ്പോഴോ മുറിവിട്ടുപോയി. ആന്‍ വീണ്ടും പുതപ്പിനടിയില്‍ രക്ഷ തേടി. ജോസിച്ചായന്‍ പറഞ്ഞതുപോലെ ഒന്ന് നിലവിട്ടുകരയാന്‍പോലും എന്തേ തനിക്ക് കഴിയാത്തത്?

ഒരുമിച്ചു ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുമ്പോള്‍ കൂടെയുള്ളയാളിന്റെ ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നിട്ടും വൈകി. നവീന്‍ അത്രയ്ക്ക് സമര്‍ത്ഥനായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങള്‍, അതും രക്ഷപ്പെടുമെന്നു ഉറപ്പുണ്ടായിരുന്നവരുടെത്... അതില്‍ മിക്കതും നവീന്റെ കൈപ്പിഴകള്‍.. വീട്ടിലും അനാവശ്യമായ വക്കുതര്‍ക്കങ്ങള്‍.. ദേഷ്യം.. എന്നിട്ടും ആര്‍ക്കും പിടികൊടുക്കാതെ നടന്ന പ്രിയങ്കരന്‍!

ജോലിസമയം കഴിഞ്ഞുള്ള പുറത്തുപോക്കിലും പുതിയ കൂട്ടുകെട്ടുകളിലും അസ്വാഭാവികത ‌ തോന്നിയ നാളുകളിലായിരുന്നു തലയില്‍ വലിയൊരു കൂടം കൊണ്ടുള്ള അടിപോലെ അന്വേഷണഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ ഞെട്ടിപ്പിക്കുന്ന അറിവുകള്‍ പകര്‍ന്നത്.

നവീന് ഏതോ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന്! അതിനേറ്റവും യോജിച്ചയിടമായി സ്വന്തം പ്രവര്‍ത്തനമേഘല തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന്! ഉറക്കം നഷ്ടപ്പെട്ട രാവുകളായി പിന്നീടങ്ങോട്ട്. ഉടലിലൂടെ കൈചുറ്റി ശാന്താമായുറങ്ങുന്നയാളിന്റെ അടഞ്ഞ കണ്പോളകള്‍ക്കടിയില്‍ ക്രൂരത സങ്കല്പ്പിക്കാനാവാതെ...
ജീവന്‍ കാക്കേണ്ടയാള്‍ക്ക് എങ്ങനെ ജീവനെടുക്കാനാവും! ‍ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അതൊക്കെ.. ഏതിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുക എന്നത് ഉദ്യോഗസ്ഥരുടെ സ്വഭാവമായി ആശ്വസിക്കാന്‍ ശ്രമിച്ചു..

ആശുപത്രിയിലെ പൊന്നോമന നാലുവയസ്സുകാരി സനയുടെ ആകസ്മികമരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ മുഖത്ത് നമിമോളുടെ പുഞ്ചിരി കണ്ടിരുന്നു. ജോലിത്തിരക്കില്‍ നമിമോള്‍ക്ക് നഷ്ടപ്പെടുന്ന വാത്സല്യം പോലും അവള്‍ക്കു കൊടുത്തിരുന്നു. നവീന്റെ പേഷ്യന്റ് ആയിട്ടുപോലും അവളുടെ എല്ലാ വിവരങ്ങളും ഹൃദിസ്ഥമാക്കി. ഒടുവില്‍ ആശുപത്രി വിടാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ....

നവീനോട് ആദ്യമായി കയര്‍ത്തു സംസാരിച്ചു. അയാളുടെ കണ്ണുകളിലെ ക്രൂരത നേരിട്ട് കണ്ടു. അതുവരെ അറിഞ്ഞതും കേട്ടതുമായതെല്ലാം സത്യമാണെന്ന അറിവ്... നിയന്ത്രണം വിട്ടു എന്തൊക്കെയാണ് സംസാരിച്ചതെന്നറിയില്ല...
നവീന്റെ പ്രഹരമേല്‍പ്പിച്ച അബോധാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ അലങ്കോലപ്പെട്ട മുറിയുടെ മൂലയില്‍ അവള്‍ തീര്‍ത്തും ഏകയായി. സ്ഥലകാലബോധത്തിനു പിന്നാലെ വല്ലാത്തൊരു ഭയം വേദനയില്‍ പൊതിഞ്ഞ ശരീരമാസകലം വിറയലായി... കണ്മുന്നില്‍ ആശുപത്രികിടക്കകളും നോവുന്ന മുഖങ്ങളും... അയാള്‍ എല്ലാം നശിപ്പിക്കും.. തങ്ങള്‍ക്കുമാത്രം ന്യായമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരില്‍ ഒരാളായി നവീനും..

ഇഴഞ്ഞും വലിഞ്ഞും മുറിക്കു പുറത്തുകടന്ന് ആന്‍ മാതാവിന്റെ ചിത്രത്തിനരികില്‍ മുട്ടുകുത്തി. അറിഞ്ഞതൊന്നും സത്യമാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. ആദ്യമായി കോട്ടും സ്റെതസ്കോപ്പും ധരിച്ചനാള്‍ അമ്മച്ചിയുടെ കുഴിമാടത്തിന്നരികെനിന്ന് 'വേദനിക്കുന്നവരെ രക്ഷിക്കുന്ന മാലാഖയാക്കാന്‍ നീ തമ്പുരാനോട്‌ പറയില്ലേ അന്നക്കുട്ടീ...' എന്ന് അപ്പച്ചന്‍ ചോദിച്ചപ്പോള്‍ അവളുടെ കാല്‍ക്കലേക്ക് പറന്നുവീണ റോസാപൂവിതളുകള്‍ ബൈബിളിന്നുള്ളില്‍ പതിഞ്ഞിരുന്നു.

അന്ന് മുഴുവന്‍ എവിടെയും പോവാതെ നവീനെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നു ചിന്തിച്ചു. ഇതെല്ലാം മറ്റുള്ളവര്‍ അറിയുമ്പോള്‍...? നമിമോളെ ജോസിചായന്റെ അടുത്ത് നിര്‍ത്തിയത് നന്നായി. ഒരു ഭീകരന്റെ മകളായി... ഓ.. ജീസസ്! പപ്പയുടെ പുതിയ മുഖം അവളൊരിക്കലും കാണരുത്.  എന്തിനും മേലെയാണ് നിന്‍റെ സ്നേഹമെന്ന് എത്രതവണ പറഞ്ഞിരിക്കുന്നു! ഒരിക്കലും നവീനെ ഒരു ദുഷ്ടശക്തിക്കും വിട്ടുകൊടുക്കാനാവില്ല... സ്നേഹം കൊണ്ട് മാറ്റാം... എല്ലാവര്‍ക്കും നവീനെ തിരികെ വേണം.

വാതില്‍മണി മുഴങ്ങുമ്പോഴേക്കും നവീനായുള്ള വാചകങ്ങള്‍വരെ തയ്യാറായിരുന്നു. പക്ഷെ, പുറത്ത് അപ്രതീക്ഷിതമുഖങ്ങള്‍ തന്ന ഞെട്ടല്‍ തീരുന്നതിനു മുന്‍പേ അവരുള്ളില്‍ കയറി പരിശോധന തുടങ്ങിയിരുന്നു.

"സീ, ഡോക്ടര്‍, നവീനെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെയും സംശയത്തിന്റെ പേരില്‍ കൊണ്ടുപോവേണ്ടിവരും. സൊ, സഹകരിക്കുക. നവീനെകുറിച്ച് എന്ത് വിവരം കിട്ടിയാലും ഉടനെ ഞങ്ങളെ അറിയിക്കുക"

ഇരുളില്‍ ഒരു കള്ളനെ പോലെ നവീന്‍ ഉള്ളിലെത്തുമ്പോള്‍, ലൈറ്റ് പോലുമിടാതെ സോഫയില്‍ ഭീതിയുടെ പുതപ്പിനുള്ളില്‍ അവള്‍ ചുരുണ്ടിരിക്കുകയായിരുന്നു. അയാള്‍ അവളെ മുറിയിലെ കിടക്കയില്‍ കിടത്തി. ഭ്രാന്തമായി കീഴടക്കപ്പെടുമ്പോള്‍ ഏതോ ഗുഹാമുഖത്തുനിന്നും ആന്‍ അയാളുടെ ശബ്ദം കേട്ടു.

"ഐ നോ, നിങ്ങള്‍ക്കൊക്കെ ഞങ്ങള്‍‍ ചെയ്യുന്നത് തെറ്റാവും. ഒന്നുമറിയാത്തവരെ ഇല്ലാതാക്കുമ്പോള്‍ ചിലപ്പോഴൊക്കെ എനിക്കും തോന്നാറുണ്ട്. പക്ഷെ... എനിക്കിനി മാറാന്‍ പറ്റില്ല... അവരെന്നെ ഇല്ലാതാക്കും... അല്ലെങ്കില്‍ പോലീസ് എന്നെ കൊണ്ടുപോകും.. എനിക്കിനിയും ജീവിക്കണം ആന്‍,  മാറ്റപ്പെട്ട പുതിയ ഭൂമിയില്‍... നമുക്ക് സ്വര്‍ഗമാക്കാം ഇവിടം. നീയും വേണം അപ്പോള്‍... ഐ ലവ് യു...ആന്‍.."

പരിശോധനക്കിടക്കയിലെ രോഗിയുടെ നിര്‍വികാരതയോടെ അയാളുടെ കീഴില്‍ കിടക്കുമ്പോള്‍ തലയ്ക്കുള്ളില് എപ്പോഴോ‍ കടലിരമ്പിത്തുടങ്ങി. തിരകളില്‍ മുങ്ങിത്താഴുന്ന ആരൊക്കെയോ... രക്ഷയ്ക്കായി കേഴുന്ന ആര്‍ത്തനാദങ്ങള്‍...

ഇടക്കാരോ അവളെ കുലുക്കി വിളിച്ചതുപോലെ തോന്നി..
"ആന്‍... എന്തൊരു കിടപ്പാണിത്! എഴുന്നേല്‍ക്ക് മോളെ... വല്ലതും കഴിക്ക്.. "
കയ്യില്‍ ഗ്ലാസ്സുമായി നില്‍ക്കുന്ന ഗ്രേസിചേടത്തിക്ക് പിന്നില്‍ അവള്‍ അമ്മച്ചിയെ തിരഞ്ഞു.
"അമ്മച്ചിയെ സ്വപ്നം കണ്ടോ.. ആന്‍ അമ്മച്ചീന്നു വിളിക്കുന്നത്‌ കേട്ടാ ഞാന്‍ വന്നത്."

മുഖം അമര്‍ത്തിത്തുടച്ച് എഴുന്നേറ്റിരിക്കുമ്പോള്‍ അവള്‍ക്ക് മാത്രമറിയുന്ന സത്യങ്ങള്‍ വീണ്ടും തലക്കുള്ളില്‍ തിങ്ങിഞെരുങ്ങി വീര്‍പ്പുമുട്ടിച്ചു. കണ്മുന്നില്‍ ഇപ്പോഴും ശ്വാസംമുട്ടി കൈകാലിട്ടടിക്കുന്ന നവീന്‍. എപ്പോഴാണ് നിയന്ത്രണവും ശക്തിയും തനിക്ക് കിട്ടിയതെന്ന് അവള്‍ക്കിപ്പോഴും ഓര്‍മ്മവന്നില്ല.. കട്ടിലിന്റെ തലഭാഗത്ത്‌ നിന്നുകൊണ്ട് തലയിണ അയാളുടെ മുഖത്തമര്‍ത്തിയത് ഈ കൈകള്‍ കൊണ്ട് തന്നെയായിരുന്നോ... അതും ജീവനെക്കാളേറെ സ്നേഹിച്ചയാളെ...! ഓര്‍ക്കാനാവുന്നില്ല ഒന്നും.. വലിഞ്ഞ് നീണ്ട കാലുകളുടെ ചലനം നിലക്കുന്നതുവരെ അമര്‍ത്തിപ്പിടിക്കുമ്പോള്‍ ആശുപത്രിയിലെ കട്ടിലുകളില്‍ ശാന്തമായുറങ്ങുന്നവരെ കണ്ടു.

അഞ്ചുമണിയുടെ അലാറം കേട്ടുണരുമ്പോള്‍ അരികില്‍ സുഖമായുറങ്ങുന്ന നവീന്‍ എന്നാണ് ആദ്യം തോന്നിയത്. മൂക്കിലൂടെ ഒലിച്ചിറങ്ങി കട്ടപിടിച്ച രക്തം കഴിഞ്ഞകാലം മുഴുവന്‍ ഒരുമിച്ചു ഓര്‍മ്മിപ്പിച്ചു.

മറുനാടന്‍ മലയാളിഡോക്ടറുടെ വിധവയായി നാട്ടിലേക്കു തിരിക്കുമ്പോള്‍ അമ്മച്ചിയുടെ മടിയില്‍ തലവെച്ചുറങ്ങുകയായിരുന്നു അതുവരെ എന്നാണ് തോന്നിയത്.

പക്ഷെ ഈ രഹസ്യം ഉള്ളില്‍ വെച്ച് എത്രകാലം! അപ്പച്ചന്‍ പ്രാര്‍ത്ഥിച്ചതുപോലെ രക്ഷകയായ മാലാഖ ആവേണ്ടിയിരുന്ന താന്‍ ഒരു ജീവനല്ലേ ഇല്ലാതാക്കിയത്! കോളേജിലെ കൂട്ടുകാര്‍ക്കിടയിലെ ചര്‍ച്ചകളില്‍ ദയാവധം ഒരു വിഷയമായപ്പോള്‍ അതുപോലും ആലോചിക്കാനാവില്ലെന്നു വാദിച്ചവള്‍ക്ക് എങ്ങനെ... എന്തുതന്നെ കാരണമായാലും.... ശിക്ഷ അര്‍ഹിക്കുന്നില്ലേ... തെറ്റാണ് ചെയ്തത്! നവീന്‍... നീയെന്നോട്‌ പൊറുക്കുമോ? നിന്‍റെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല.. മറ്റുള്ളവരെ വിഷമിപ്പിച്ചു നമുക്കൊരു സന്തോഷം ഉണ്ടാവുമോ? നവീനെ ഒരു കൊലയാളിയായി കാണാന്‍ എനിക്കാവില്ലായിരുന്നു...  കര്‍ത്താവേ... ആരോട് പറയും? നവീന്‍ ഇല്ലാത്ത ലോകത്ത് തനിച്ച് എങ്ങനെ...! നമിമോളുടെ മുഖം കണ്ടു കൊതിതീര്‍ന്നില്ല... മാതാവേ...

ബൈബിളിലെ പേജുകള്‍ ഭ്രാന്തമായി മറിച്ചുകൊണ്ട് ആന്‍ അമ്മച്ചിയെ തിരഞ്ഞു..

കളിപ്പാട്ടവുമായി നമിമോള്‍ മുറിയിലെത്തുമ്പോഴും കരിമ്പടത്തിനടിയില്‍ ആന്‍ ചുരുണ്ടുകിടക്കുകയായിരുന്നു.