About Me

My photo
A person who loves to read, write, sing and share thoughts.

Friday, September 30, 2011

എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങള്‍

(ഇത് മാതൃഭൂമി യാത്രാബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു )

പ്രകൃതിസുന്ദരമായ നെല്ലിയാമ്പതി എന്‍റെ നാട്ടിലാണെന്നു പറയാന്‍ അഭിമാനമാണ്. എങ്കിലും ഇത്രയും കാലത്തിനിടക്ക് രണ്ട് തവണ മാത്രമേ എനിക്കവിടെ പോവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നത് ദുഖകരമായ സത്യവും.
നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിലാണ് പോത്തുണ്ടി ഡാം. സിമെന്റ് ഉപയോഗിക്കാതെ ചില പ്രത്യേക മിശ്രിതം ഉപയോഗിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ഏഷ്യയിലെതന്നെ രണ്ടാമത്തെ ഡാം ആണത്രേ ഇത്. പണ്ട് വീട്ടില്‍ വരാറുള്ള അതിഥികളെ ഞങ്ങള്‍ കൊണ്ടുവരുന്നത് ഇവിടെയായിരുന്നു. ഡാമിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ ഇരുന്നു കടല, പക്കോട, ബിസ്ക്കറ്റ് തുടങ്ങിയവ കൊറിച്ചും കൊച്ചുവര്‍ത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും പതിയെ ഡാമിന്റെ പടികള്‍ കയറും. മുകളില്‍ കിതച്ചെത്തി നില്‍ക്കുമ്പോള്‍ മുന്നില്‍ അതിമനോഹരമായ കാഴ്ചയാണ്! വലിയ തടാകത്തിനു ചുറ്റും നീല മലനിരകള്‍. ദൂരെയുള്ള മലകളില്‍ ആരോ കൊരുത്തിട്ട കൊച്ചരുവികളുടെ വെള്ളികൊലുസ്സുകള്‍..തടാകത്തിനു ചുറ്റും കണ്ണിനും മനസിനും കുളിര്‍മയാവുന്ന പച്ചപ്പ്‌..
ഡാമിന്റെ വശത്ത് കാണുന്ന, ഉയരമുള്ള മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന വലിയ മലയാണ് നെല്ലിയാമ്പതി. പലപ്പോഴും പോത്തുണ്ടിഡാമിന്റെ പടികളിറങ്ങുമ്പോള്‍ നെടുവീര്‍പ്പോടെ നെല്ലിയാമ്പതിയിലേക്ക് നോക്കാറുണ്ട്. അവിടെയ്ക്കുള്ള യാത്രക്ക് അന്നൊക്കെ തടസ്സങ്ങള്‍ ഏറെയാണ്‌. ഒന്നാമത് തനിച്ച് പോവാന്‍ ബുദ്ധിമുട്ടാണ്. ആരെങ്കിലും ആണുങ്ങള്‍ കൂടെയുണ്ടാവണം. വളരെ കുറച്ചു ബസുകളെ ആ റൂട്ടില്‍ ഉള്ളൂ.. രാവിലെതന്നെ ഇറങ്ങിയാലെ എല്ലാം ചുറ്റിനടന്നു കണ്ടു തിരിച്ചു വൈകിട്ടത്തെ ബസിനു ഇരുട്ടുന്നതിനു മുന്‍പേ വീടെത്താന്‍ പറ്റൂ.. ആ ബസ്‌ എങ്ങാനും മിസ്സായാല്‍ പിന്നെ രാത്രി ചിലപ്പോഴെ സര്‍വീസ് ഉണ്ടാവൂ.. ഒരു മുന്നറിയിപ്പും തരാതെ ആനയിറങ്ങുന്ന വഴിയാണ്. ഹെയര്‍പിന്‍ വളവുകളാണ്.. അങ്ങനെ ഒരുപാട്...
ചേച്ചിയുടെ വിവാഹശേഷം ബന്ധുക്കളൊക്കെ വന്നപ്പോള്‍ ഒരു ദിവസം എന്തായാലും നെല്ലിയാമ്പതി കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ചു. അന്ന് ഞങ്ങള്‍ ഗൈഡ് ആയി കൂടെ കൂട്ടിയ ആളാണ്‌ അയല്‍വാസി പാപ്പാക്കുട്ടി എന്ന് വിളിക്കുന്ന ധനലക്ഷ്മി. അവളുടെ അച്ഛനും അമ്മയും നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ്‌ തൊഴിലാളികള്‍ ആയിരുന്നു. പഠനസൌകര്യത്തിനായി വലിയച്ഛന്റെ വീട്ടില്‍ താമസിക്കുകയായിരുന്ന ആ ഒന്‍പതാം ക്ലാസ്സുകാരി ആയിരുന്നു അക്കാലത്ത് എന്‍റെ നെല്ലിയാമ്പതിവിശേഷങ്ങളുടെ ‍ ഏകാശ്രയം. മലമുകളിലെ മനോഹരകാഴ്ചകള്‍ എന്‍റെ മനസ്സില്‍ ആദ്യമായി വരച്ചിട്ടത് അവളാണ്. കണങ്കാലില്‍ അള്ളിപ്പിടിച്ചു ചോരയൂറ്റി വീര്‍ക്കുന്ന അട്ട അവളുടെ വര്‍ണ്ണനകളിലൂടെ അന്നും ഇന്നും എന്‍റെ പേടിസ്വപ്നമാണ്.
അങ്ങനെ ഞങ്ങളെല്ലാവരും പാപ്പകുട്ടിയോടൊപ്പം രാവിലത്തെ ബസില്‍യാത്ര തിരിച്ചു. പോത്തുണ്ടി ഡാം പിന്നിട്ട് ഞങ്ങളെയും വഹിച്ചുകൊണ്ട് ഇരച്ചും കിതച്ചും ബസ്‌ മുകളിലേക്ക് ചുറ്റി കയറുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ ശരിക്കും ഹരം കൊള്ളിക്കുന്നത്‌ തന്നെയായിരുന്നു. പ്രകൃതി സൌന്ദര്യമത്സരത്തിനൊരുങ്ങിയ പെണ്ണിനെ പോലെ ഓരോ റൌണ്ടിലും ഓരോരോ ഭാവത്തില്‍ മുന്നിലെത്തി. ചിലപ്പോള്‍ പച്ചയണിഞ്ഞുകൊണ്ട്... ചിലപ്പോള്‍ കോടമഞ്ഞിന്റെ സുതാര്യമായ വെണ്‍പട്ട് പുതച്ച്... മറ്റുചിലപ്പോള്‍ മലനിരകളുടെയും താഴ്വരകളുടെയും നിമ്നോന്നതങ്ങള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌...
ഞങ്ങള്‍ പാപ്പകുട്ടി പറഞ്ഞ ഒരു സ്റ്റോപ്പില്‍ ഇറങ്ങി. (സ്ഥലപ്പേര് ഓര്‍ക്കുന്നില്ല). ടാര്‍ റോഡിന്‍റെ അരികിലുള്ള ചെമ്മണ്‍ പാതയിലൂടെ മുന്നില്‍ നടന്നുകൊണ്ട് അവള്‍ പറഞ്ഞു, "ഇവിടുന്നു കൊറച്ചു നടന്നാല്‍ മതി "
കുറെയേറെ നടന്നിട്ടും ലക്ഷ്യസ്ഥാനം കാണാതായപ്പോള്‍ ഞങ്ങള്‍ വീണ്ടും തിരക്കി. ഞങ്ങളെപ്പോഴും ഇങ്ങനെയാണ് പോവുന്നത് എന്ന് പറഞ്ഞുകൊണ്ട് അവള്‍ അടുത്തുള്ള തേയില തോട്ടത്തിലേക്ക് കയറി. പിന്നാലെ ഞങ്ങളും... പിന്നെയും ഒരുപാട് നേരം.. ഏകദേശം ഒരു മൂന്നുനാലു കിലോമീറ്ററോളം ഞങ്ങള്‍ നടന്നിരിക്കണം. ചുറ്റിലും തേയില പച്ചവിരിച്ച് നിന്നതും ആസ്വദിച്ചു നടന്നത് കൊണ്ടാവാം ദൂരം അനുഭവപ്പെടാതിരുന്നത്. ഇടയ്ക്കു കഴിക്കാനായി കയ്യില്‍ കരുതിയതെല്ലാം തീര്‍ന്നു. എന്നിട്ടും അവളുടെ വീട്ടിലെത്തിയില്ല. ഇടയ്ക്കു വഴിക്ക് വെച്ച് കണ്ട ആളോട് അന്വേഷിച്ചപ്പോള്‍ അയ്യോ ബസിറങ്ങുന്ന സ്ഥലത്ത് നിന്നും ജീപ്പ് കിട്ടുമായിരുന്നല്ലോ ഇനിയിപ്പോള്‍ നടക്കാനേ പറ്റൂ എന്ന് മറുപടി കിട്ടിയതോടെ ഞങ്ങള്‍ തലയില്‍ കൈ വെച്ച് താഴെ ഇരുന്നു. ഇനിയും മുന്നോട്ടു ഒരടി നടക്കാന്‍ വയ്യ! ഇനി തിരിച്ചു ബസ്‌ സ്റ്റോപ്പില്‍ എത്തണം എങ്കിലും ഇത്രയും തന്നെ തിരിച്ചും നടക്കേണ്ടിയിരിക്കുന്നു. മൂന്നരക്കോ മറ്റോ ഉള്ള ആ ബസ്‌ പോയാല്‍ പിന്നെ സന്ധ്യക്കുള്ള ബസ്‌ വന്നാലായി.. പിന്നെ സമയം കളയാതെ ഞങ്ങള്‍ തിരിച്ചു നടന്നു. ഇടയ്ക്ക് അനുവാദം ചോദിക്കാതെ ചനുമിനെ മഴ! പത്തോളം വരുന്ന സംഘത്തില്‍ ആകെ ഉള്ളത് രണ്ടു കുട! ഓടിയും നടന്നും എങ്ങനെയൊക്കെയോ ബസ്‌ സ്റ്റാന്റ് എത്തി. അവിടെ നിന്നും പോകുമ്പോള്‍ കണ്ടുവെച്ചിരുന്ന ചെറിയ ഹോട്ടലിലെ സുന്ദരിചേച്ചിയുടെ പറോട്ടയും ചായയും വടയുമൊക്കെ മോഹം മാത്രമായി അവശേഷിപ്പിച്ച് അടുത്ത അഞ്ചുനിമിഷത്തിനുള്ളില്‍ പുറപ്പെടാന്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ ചാടിക്കയറി സീറ്റ്‌ പിടിച്ചു. പാപ്പകുട്ടി വരച്ചിട്ട ചിത്രം എന്‍റെ ഭാവന നടത്തിയ മിനുക്കുപണികളുമായി മനസ്സില്‍ തന്നെ അവശേഷിച്ചു.
*******************
ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവിടേക്ക് പോവാനായത് കഴിഞ്ഞ ആഴ്ച ആയിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഒരു യാത്ര. ശരിക്കും ഒരു ഡ്രൈവ് എന്ന് പറയാം.

വെള്ളിയാഴ്ച രാവിലെ കുടുംബസമേതം പല്ലശ്ശന ദേവീക്ഷേത്രദര്‍ശനത്തിന് ഇറങ്ങിയതായിരുന്നു. നീണ്ട റോഡിനിരുവശവും നെല്‍പ്പാടങ്ങളും പാറകൂട്ടങ്ങളും കരിമ്പനകളും ഉള്ള പാലക്കാടന്‍ ഗ്രാമം എന്നും എന്‍റെ കൊതിതീരാകാഴ്ച തന്നെ. അമ്പലത്തില്‍ നിന്നും തിരിച്ചുവരുമ്പോള്‍ നെന്മാറയില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് തിരിയുന്ന വളവിലെ വഴികാട്ടിഫലകം "വെറും മുപ്പതു കിലോമീറ്ററേ ഉള്ളൂ ട്ടോ.. ഒന്ന് കേറീട്ട് പോവൂന്നേ " എന്ന് പറഞ്ഞതുപോലെ തോന്നി. അത് തന്നെ ഡ്രൈവിംഗ് സീറ്റിലെ ആളും കേട്ടുവോ എന്തോ.. "പോവ്വല്ലേ.." എന്ന് ചോദിച്ചുകൊണ്ട് വണ്ടി തിരിഞ്ഞു പോത്തുണ്ടി വഴി നെല്ലിയാമ്പതിയിലേക്ക്!

എങ്കിലും പോത്തുണ്ടി എത്തിയപ്പോള്‍ ഉള്ളില്‍ ഒരു ഭയം അറിയാതെ ഉടലെടുത്തു. വളവുകളും തിരിവുകളും ഏറെയുണ്ട്. തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴയും. കാറില്‍ ഞങ്ങളെ കൂടാതെ കൊച്ചു കുട്ടികളെ ഉള്ളൂ.. എന്തെങ്കിലും അത്യാവശ്യം വന്നാല്‍... അങ്ങനെ.. ഒരു റീതിങ്കിംഗ്‌.. പരിചയക്കാരെ വിളിച്ചറിഞ്ഞ വിവരവും അത്ര സുഖകരമായിരുന്നില്ല. റിസ്ക്‌ ആണ്. മണ്ണിടിച്ചില്‍ ഉണ്ട്. വൈകിട്ടാവുമ്പോള്‍ ആനയും ഇറങ്ങാം.
പോത്തുണ്ടി എത്തിയപ്പോള്‍ തന്നെ മല കാണാനാകാത്തവിധം പെരുമഴ! പോത്തുണ്ടിയില്‍ നിന്നും മുകളിലേക്ക് കയറുന്നിടത്ത് ചെക്ക്‌ പോസ്റ്റ്‌ ഉണ്ട്. റോഡ്‌ നല്ലതാണ്.. പ്രശ്നമൊന്നുമില്ല എന്ന് അവിടെനിന്നും അറിവ് കിട്ടിയപ്പോള്‍ ധൈര്യമായി. പിന്നെ ഒരു ആവേശമായിരുന്നു..
ഇരുവശത്തും ഉയരത്തില്‍ തിങ്ങിനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ മഴനൂലുകളെ കീറിമുറിച്ചുകൊണ്ട് മുന്നോട്ട്.. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് മുകളിലേക്ക് നോക്കി മഴ ആസ്വദിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് കയറ്റത്തില്‍? ആകാശത്ത് നിന്നും നമുക്കായി മാത്രം മഴ നേരിട്ട് താഴേക്ക്‌ വരികയാണെന്ന് തോന്നും. മലയെ ചുറ്റി മുകളിലേക്ക് കയറുംതോറും ഏറ്റവും സുന്ദരദൃശ്യങ്ങള്‍ ഒരുമിച്ചു മുന്നിലെത്തുകയായിരുന്നു. ഒരു വശത്ത് താഴെയായി നീലമലകളാല്‍ ചുറ്റപ്പെട്ട തടാകം... മറുവശത്ത് വലിയ പാറക്കെട്ടുകള്‍! ചിലയിടങ്ങളില്‍ താഴേക്ക്‌ പതിക്കുന്ന കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങള്‍.. ചിലപ്പോള്‍ വലുതും.. ഇടയ്ക്ക് പേടിപ്പെടുത്തുന്ന മരക്കൂട്ടങ്ങളുടെ ഇരുള്‍.. വഴിയിലേക്ക് വീണ മരങ്ങളുടെ മുറിപ്പാടുകള്‍.. പിന്നെയും പോകുമ്പോള്‍ മഞ്ഞുമൂടിയ താഴ്‌വരയുടെ ദൃശ്യങ്ങള്‍ മനം കവരുന്നതാണ്.. മഞ്ഞിന്റെ നേരിയ തിരശ്ശീലക്കു കീഴെ ദൂരെ പാലക്കാടിന്റെ ഭൂപ്രദേശങ്ങള്..‍ ചെറിയ ചെറിയ ചതുരങ്ങളായി കൃഷി സ്ഥലങ്ങള്‍.. പൊട്ടുപോലെ കാണുന്ന കെട്ടിടങ്ങളും മറ്റും.. എവിടേക്ക് നോക്കണമെന്ന ആശയക്കുഴപ്പത്തോടെ ഇരുന്നുപോയി.. ഒരു വശത്തെ സൌന്ദര്യത്തില്‍ മതിമയങ്ങുമ്പോള്‍ മറുവശത്തെ ഒരു കൊച്ചു വെള്ളച്ചാട്ടമോ നനഞ്ഞ താഴ്വരയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒറ്റമരമോ വിട്ടുപോയിരിക്കും..!

ഏകദേശം പതിനഞ്ചോളം കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ചെറിയ ഗോപുരം പോലെ റോഡിന്‍റെ വശത്ത് കെട്ടിയിട്ടിരിക്കുന്ന വ്യൂ പോയിന്റ്‌. മുന്നില്‍ വഴി കാണാന്‍ കഴിയാത്ത വിധം കോടമഞ്ഞ്‌. കാര്‍ നിര്‍ത്തി ഞങ്ങള്‍ പുറത്തിറങ്ങി. വളരെ മെലിഞ്ഞ തണുത്ത സൂചി കൊണ്ടുള്ള സ്പര്‍ശം പോലെ തണുപ്പ് അരിച്ചു കയറി..ഗോപുരത്തിനുള്ളില്‍ ഒരു കൊച്ചു കാപ്പിക്കട നടത്തുന്ന ഒരു സ്ത്രീയും പുരുഷനും മാത്രമേ അവിടെ മറ്റ് മനുഷ്യസാന്നിധ്യമായിരുന്നുള്ളൂ... കൈകള്‍ കൂട്ടിത്തിരുമ്മിയും അനുസരണയുള്ള കുട്ടിയെ പോലെ കൈകള്‍ ചേര്‍ത്തു കെട്ടിയും കാപ്പിക്ക് കാത്തു നില്‍ക്കുമ്പോള്‍ മനസ് ഉറക്കെ പറഞ്ഞുപോയി... ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്! എല്ലാ മനോഹാരിതയും ഒരുപോലെ ചേര്‍ത്തു സൃഷ്ടിക്കണമെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വന്തം തന്നെയാവും.. ഉറപ്പ്!

 
പ്രകൃതിയില്‍ ലയിച്ച് കുറച്ചുനേരം അവിടെനിന്നിട്ട് തിരിച്ചു മലയിറങ്ങാന്‍ നിര്‍ബന്ധിതരായപ്പോഴും മനസ് നിറഞ്ഞിരുന്നു. എങ്കിലും ഒരു ചെറിയ ദുഃഖം, ഇത്തവണയും അങ്ങേയറ്റം വരെ പോവാനായില്ലല്ലോ എന്ന്.. അല്ലെങ്കിലും കേട്ട പാട്ട് മധുരം.. കേള്‍ക്കാനുള്ളത് അതിമധുരതരം എന്നല്ലേ.. അതുപോലെ കാണാക്കാഴ്ചകള്‍ ബഹുവര്‍ണ്ണചിത്രമായി നില്‍ക്കട്ടെ മനസ്സില്‍.. ഇനിയുമിനിയും ഇവിടേയ്ക്ക് വരാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ട്.. ‍‍

10 comments:

krishnakumar513 said...

നല്ല മനോഹരമായ വിവരണം,ചിത്രങ്ങള്‍ കുറഞ്ഞു പോയെങ്കിലും...

Manoraj said...

കൃഷ്ണകുമാര്‍ പറഞ്ഞ പോലെ ചിത്രങ്ങള്‍ കുറഞ്ഞെങ്കിലും വിവരണം നന്നായി

മാതൃഭൂമി യാത്രകളില്‍ പ്രസിദ്ധീകരിച്ചതിന് ആശംസകള്‍

നിരക്ഷരൻ said...

നെല്ലിയാമ്പതിയിൽ പോകാൻ ഇതുവരെ സാധിച്ചിട്ടില്ല. വിവരണം വായിക്കുമ്പോൾ ഉടനെ പോകണെമെന്ന് ആഗ്രഹം :)

വിരോധമില്ലെങ്കിൽ ഈ യാത്രാവിവരണം http://www.yathrakal.com/ സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതിന് അനുമതി നൽകൂ.

ശിവകാമി said...

എന്‍റെ നെല്ലിയാമ്പതി വിശേഷങ്ങള്‍ ആസ്വദിച്ച എല്ലാവര്‍ക്കും നന്ദി.

@ കൃഷ്ണകുമാര്‍ & മനോരാജ് : ചിത്രങ്ങള്‍ കുറെ ഉണ്ട്. ഓരോന്നും എഡിറ്റ്‌ ചെയ്തു ചെറുതാക്കി ഇടാനുള്ള സമയക്കുറവ് (മടിയും :)) ആണ് കാരണം.

@നിരക്ഷരന്‍ ജി : അനുമതി തന്നിരിക്കുന്നു.. :) സന്തോഷവും അറിയിക്കുന്നു.

നിരക്ഷരൻ said...

@ ശിവകാമി - സഹകരണത്തിന് നന്ദി. യാത്രകളിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. വായിക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക. എഴുത്തുകാർ എന്ന പേജിൽ പ്രൊഫൈൽ ഫോട്ടോയും ശിവകാമിയുടെ കാഴ്ച്ചകൾ ബ്ലോഗ് ലിങ്കും ചേർത്തിട്ടുണ്ട്. ഇനിയും യാത്രാവിവരണങ്ങൾ എഴുതുമ്പോൾ സഹകരിക്കുമല്ലോ ?

Lekha justin said...

നെല്ലിയാമ്പതി കാണാന്‍ കൊതിയാവുന്നു ശിവാ.....നന്നായി എഴുതി...കൊതിപ്പിക്കും വിധം...മാതൃഭൂമി യില്‍ പ്രസിദ്ധീകരിച്ചതിന് അഭിനന്ദനങ്ങള്‍....

രാജേഷ്‌ രാജന്‍ said...

നെല്ലിയാമ്പതി വിശേഷങ്ങള്‍ നന്നായിരിക്കുന്നു.
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചതിന് അഭിനന്ദനങ്ങള്‍.

ഗുല്‍മോഹര്‍... said...

നല്ല വിവരണം....

anas peral said...

chechi nalla post

samayam pole ee site onnu nokkamo

http://www.appooppanthaadi.com

girish pazhambalacode said...

nannayi.... njanum palakkad aane...alathur... eazhuthumbol photographs aavashyamengil ariyikkanam... kaaranam njan oru photographer aane.. email: girishpazhambalacode@gmail.com