About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, December 9, 2009

അവിചാരിതം

വഴിയോരക്കാഴ്ചകളില്‍ മനമുടക്കാതെ ശൂന്യമായ മനസോടെ കാറിന്റെ പിന്‍സീറ്റില്‍ വെറുതെയിരിക്കുമ്പോള്‍ എന്തുകൊണ്ടോ ആ യാത്ര അവസാനിക്കാതിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയായിരുന്നു. പൂമ്പാറ്റകളെ പോലെ പാറിപ്പറക്കുന്ന കുഞ്ഞുങ്ങളെ എനിക്കിനിയും കാണാന്‍ വയ്യ! അത്രയ്ക്ക് പണിപ്പെട്ടാണ് മനസിനെ വീണ്ടും നിയന്ത്രണവിധേയമാക്കിയത്. ഇനിയും മറ്റൊരു കുഞ്ഞിനായി തെരച്ചിലോ ആശാഭംഗമോ താങ്ങാന്‍ വയ്യതന്നെ! ആരും വേണ്ട ഞങ്ങളുടെ ഇടയില്‍.. എനിക്ക് പവിയും പവിക്കു ഞാനും മതി അവസാനം വരെ. ആഗ്രഹിക്കുന്നതൊക്കെ തന്നാല്‍ പിന്നെ തനിക്ക് വിലയുണ്ടാവില്ലെന്നു ഈശ്വരന് തോന്നിക്കാണും.


ആദ്യമാദ്യം അതൊരു കുറവായി തോന്നിയില്ല. പിന്നീടെപ്പോഴോ എല്ലാവരും കൂടുന്നയിടത്ത് ഒറ്റപ്പെടുന്നതറിഞ്ഞു, അത്തരം അവസരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. പിന്നെ പുറത്തിറങ്ങാന്‍, ആരോടെങ്കിലും സംസാരിക്കാന്‍ ഒക്കെ മടിയായി. വിഷാദത്തിന്റെ മഞ്ഞുപുതപ്പ് എന്നില്‍ നിന്നും വലിച്ചുമാറ്റാന്‍ പവി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. എല്ലാമറിയുന്ന സൈമണ്‍സാര്‍ കഴിഞ്ഞ ദിവസം ഫാദര്‍ ജോണിന്റെ അടുത്തേക്ക് ഞങ്ങളെ കൊണ്ടുപോവുമ്പോഴും അത്തരമൊരു സ്വന്തമാക്കലിന് മനസ് പൂര്‍ണ്ണമായും സജ്ജമായിരുന്നില്ല.

സ്നേഹസദനത്തിന്റെ ഓഫീസ് മുറിയിലെ ഔപചാരികതയുടെ സംസാരശകലങ്ങളില്‍ മനസര്‍പ്പിക്കാനാവാതെ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. മരത്തണലില്‍ കളിക്കുന്ന കുട്ടികളില്‍നിന്നും കുറച്ചകലെയായി തനിയെ ഇരുന്നു ചിത്രം വരയ്ക്കുന്ന ആ കുഞ്ഞുമുഖം മാത്രം ശ്രദ്ധയില്‍ പെടുത്തിയത് ഈശ്വരനായിരുന്നോ? ആ കുഞ്ഞിന്‍റെ അരികിലെത്തിയതും കുനിഞ്ഞിരുന്നു അവളുടെ ചിത്രപുസ്തകം എടുത്തു നോക്കിയതും അവളുടെ കഴിവില്‍ അതിശയിച്ച് ചേര്‍ത്തുപിടിച്ച് മിനുസമുള്ള കവിളില്‍ കുഞ്ഞുമ്മ വെച്ചതും ഒക്കെ ദൈവനിയോഗം തന്നെയാണോ? കഥപറയുന്ന വിടര്‍ന്ന മിഴികള്‍ വളരെ പെട്ടെന്നുതന്നെ മനം കവര്‍ന്നു എന്നതും, അവളെന്റെ മകളായിരുന്നെങ്കില്‍ എന്ന് വല്ലാതെ മോഹിച്ചുപോയതും അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ നെഞ്ചില്‍ ചുരന്ന വാത്സല്യവും എല്ലാം സത്യമാണ്. പിന്നിലെത്തിയ പവിയുടെ മുഖത്തെ ഭാവം തിരിച്ചറിയാന്‍ നേരമെടുത്തില്ല. മറ്റൊരു കുഞ്ഞിനെകൂടി കാണാന്‍ പോലും രണ്ടുപേര്‍ക്കും തോന്നിയതേയില്ല.

പക്ഷെ... പിന്നാലെ എത്തിയ ഫാദര്‍ ജോണിന്റെ വാക്കുകള്‍ അല്ലെ എല്ലാം തകര്‍ത്തത്?
"ഇതാണ് ഞങ്ങളുടെ അഞ്ജുമോള്‍..അഞ്ജല. ഇവളിവിടെ വന്നിട്ട് നാലു വര്‍ഷമാവുന്നു.. കേള്‍വിശക്തി ഇല്ലാത്തതുകൊണ്ട് അവളെ കൊണ്ടുപോവാന്‍ ആരും തയ്യാറായില്ല....." പിന്നീടെന്തോക്കെയോ അദ്ദേഹം പറഞ്ഞുവെങ്കിലും ഒന്നും കേള്‍ക്കാനായില്ല. ചുവരില്‍ കൈ താങ്ങി പതിയ നടന്നു എങ്ങനെയോ കാറില്‍ കയറിയതുമാത്രം ഓര്‍മ്മയുണ്ട്.

ഒരു ബധിരയും മൂകയുമായ കുഞ്ഞിനു ജീവിതം കൊടുക്കുന്നത് പുണ്യമാവാം. എങ്കിലും സ്വന്തം ഉദരത്തില്‍ പിറന്നില്ലെങ്കിലും എല്ലാ അമ്മമാരെയുംപോലെ തന്‍റെ കുഞ്ഞില്‍ നിന്നും സ്നേഹത്തോടെയുള്ള ഒരു വിളി കേള്‍ക്കാന്‍ ആഗ്രഹിച്ചുപോവില്ലേ? ചെവിയുടെ പ്രശ്നം ശസ്ത്രക്രിയ കൊണ്ട് മാറാന്‍ സാധ്യതയുണ്ടത്രേ.. പവി ഒടുവില്‍ ആരോപിച്ചതുപോലെ ഞാന്‍ സ്വാര്‍ത്ഥയാണ്. അങ്ങനെയെങ്കില്‍ അമ്മയാവാന്‍ കൊതിക്കുന്ന ഏതൊരു പെണ്ണും അങ്ങനെ തന്നെയാവും. എന്‍റെ മനസ് അതേപടി മനസിലാക്കാറുള്ള പവി എന്തേ ഇത്തവണമാത്രം ഇങ്ങനെ പെരുമാറുന്നത് എന്നതാണ് എന്‍റെ സമനില തെറ്റിച്ചത്. ശബ്ദമുയര്‍ത്തി എന്തൊക്കെയോ പറഞ്ഞതുകേട്ട്‌ വിഷമവും ക്ഷോഭവും കൊണ്ട് ആ മുഖം ചുവന്നുതുടുത്തത് ആദ്യമായി കാണുകയായിരുന്നു.

ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള പവിയുടെ കഴിവില്‍ പലപ്പോഴും അത്ഭുതമാണ് തോന്നാറ്. അതുകൊണ്ട് തന്നെ പവിയുടെ ഇഷ്ടങ്ങള്‍ എന്റെതാക്കാന്‍ ഒരു മടിയും തോന്നിയിട്ടുമില്ല ഇന്നേവരെ. എന്നിട്ടും ഇന്നലെ.. ഇന്നലെ മാത്രം ഒരുപാട് ദേഷ്യപ്പെട്ടു. എന്തൊക്കെയാണ് പറഞ്ഞതെന്നുപോലും ഓര്‍മ്മ വരുന്നില്ല.

രാവിലെ അടുത്തുവന്നപ്പോള്‍ ഉറക്കമില്ലായ്മ സമ്മാനിച്ച ചുവപ്പും വീക്കവും കണ്ണിലും മുഖത്തും കണ്ട് ഒരു നിമിഷത്തേക്ക് പിണക്കം മറന്ന് എന്തോ ചോദിക്കാനായി തിരിഞ്ഞതുമാണ്.

"രാവിലെ വരാമെന്നാണ് ഫാദര്‍ ജോണിനോട്‌ പറഞ്ഞത്.. സൈമണ്‍ സാറും ഇപ്പോഴെത്തും"

എന്തിനാണ് എല്ലാം പിന്നെയും ഓര്‍മ്മിപ്പിച്ചതെന്നു ചോദിക്കാന്‍ തോന്നി. അല്ലെങ്കിലും ഓര്‍ക്കാതിരുന്നിട്ടെന്താണ്?

സ്നേഹസദനത്തിന്റെ വലിയ കവാടം പിന്നിടുമ്പോള്‍ മനസ്സിനെ അടക്കിനിര്‍ത്താന്‍ പാടുപെട്ടു. ആ മുഖം ദൃഷ്ടിയില്‍ പെടാതിരിക്കണേ എന്നു അറിയാതെ പ്രാര്‍ത്ഥിച്ചുപോയി. അധ്യയനസമയം ആയതുകൊണ്ടാണെന്നു തോന്നുന്നു, കുട്ടികളാരും മുറ്റത്തില്ല. അതൊരു അനുഗ്രഹമായി.

നിറഞ്ഞ പുഞ്ചിരിയുമായി ഫാദര്‍ ജോണ്‍ ഞങ്ങള്‍ എതിരേറ്റു. അറിയാതെയെങ്കിലും ചെറിയൊരു പ്രതീക്ഷ നല്കിപ്പോയതിന്റെ കുറ്റബോധവുമായി പവി നില്‍ക്കുന്നത് കണ്ടപ്പോള്‍ വിഷമമായി. പക്ഷെ തീരുമാനം മാറ്റാനും മനസനുവദിക്കുന്നില്ല.

"സൈമണ്‍ എല്ലാം പറഞ്ഞു.. അഞ്ജുമോള്‍ ഒരിക്കലും ഞങ്ങള്‍ക്കൊരു ഭാരമാവില്ല. എങ്കിലും അറിയാമല്ലോ ഇവിടുത്തെ അവസ്ഥ. ഒരു ഓപറേഷന്‍ നടത്താനുള്ള കഴിവ് ഈ സ്ഥാപനത്തിനില്ലാത്തതുകൊണ്ടാണ് ആ കുഞ്ഞിങ്ങനെ നിന്നുപോയത്. സാരമില്ല... നിങ്ങളെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.. "

പടികള്‍ ഒരുമിച്ചിറങ്ങുമ്പോള്‍ കഴിഞ്ഞ ദിവസം ആ കുഞ്ഞ് നിന്നിരുന്ന ഭാഗത്തേക്ക് വെറുതെ നോക്കി. വിജനമായ നീണ്ട ഇടനാഴി എന്തൊക്കെയോ അര്‍ത്ഥശൂന്യതകളെ ഓര്‍മ്മിപ്പിച്ചു. ആ മുഖം ഒരിക്കല്‍ക്കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍... അല്ലെങ്കില്‍ വേണ്ട... എന്തിനാണ് വെറുതെ..

കാറിലേക്ക് കയറുമ്പോള്‍ തൊട്ടുമുന്‍പില്‍ പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍.. അഞ്ജല.. അവളുടെ ഇരുതോളിലും പിടിച്ചുകൊണ്ടു തറയില്‍ ഇരുന്നു മുഖത്തേക്ക് ഉറ്റുനോക്കിയപ്പോള്‍ നിഷ്കളങ്കമായ പുഞ്ചിരി ഒട്ടും മായ്ക്കാതെതന്നെ അവള്‍ എനിക്കുനേരെ നീട്ടിയ ചിത്രം വല്ലാതെ അതിശയിപ്പിച്ചു. ചിത്രത്തിലേക്ക് ചൂണ്ടി അവള്‍ ചുണ്ടുകള്‍ അനക്കി എന്തോ പറയാനൊരുങ്ങുന്നതുകണ്ട് പവിയും സൈമണ്‍സാറും കാറില്‍നിന്നും ഇറങ്ങി. ചിത്രത്തിലെ സാരിയുടുത്ത സ്ത്രീയെ തൊട്ട് എന്‍റെനേരെ മുഖം ഉയര്‍ത്തിക്കൊണ്ടു അവള്‍ ചുണ്ടുകള്‍ ചലിപ്പിച്ചു.. "അബ്..ബ്ബ!" എന്തോ പറഞ്ഞൊപ്പിച്ച ആഹ്ലാദത്തില്‍ ഉറക്കെ ചിരിക്കുന്ന അവളെ മാറോടുചേര്‍ക്കുമ്പോള്‍ ഹൃദയം ഉറക്കെയുറക്കെ മിടിച്ചു. ഇത്രയുംനാള്‍ ഈ കുഞ്ഞുമാലാഖയെ ആര്‍ക്കും കൊടുക്കാതെ, ഞങ്ങള്‍ക്കായി മാത്രം സൂക്ഷിച്ചത് ആരാണ്? എങ്ങോ കളഞ്ഞുപോയ വാക്കുകള്‍ തേടി, ചുവന്ന മുഖം അമര്‍ത്തി തുടച്ചുകൊണ്ട് സൈമണ്‍സാറിനും ഫാദര്‍ ജോണിനും പിന്നാലെ പവി തിരിഞ്ഞുനടക്കുമ്പോള്‍, സ്വര്‍ഗത്തോളം ഉയരത്തില്‍ പറക്കുകയായിരുന്നു ഞാന്‍, സകലദൈവങ്ങളോടും നന്ദി പറയാനായി!