About Me

My photo
A person who loves to read, write, sing and share thoughts.

Thursday, October 29, 2015

അഷ്ടപദീലയം

മാമിയുടെ മരണശേഷം ആദ്യമായാണ്‌ ഞാനവിടെ ചെന്നത്, അകത്തെ മുറിയിൽ വീഡിയോ ഗെയിമിൽ മുഖം പൂഴ്തിയിരിക്കുന്ന ചെറുമകൻ ആദിയല്ലാതെ ആ വൃദ്ധന് കൂട്ടായി മറ്റാരുമുണ്ടായിരുന്നില്ല.

രോഗാതുരയായ മാമിയുടെ ഓരോ കാര്യവും ശ്രദ്ധിച്ച് കൂടെ നിന്ന് എപ്പോഴും തിരക്കിലായിരുന്ന ആ വൃദ്ധൻ പെട്ടെന്നാണ് ഒന്നും ചെയ്യാനില്ലാത്തവനായിപ്പോയത്. ഭാര്യയുടെ അസുഖം കലശലായവിവരം  ബന്ധുമിത്രാദികളെ വിളിച്ചറിയിക്കുകയും സന്ദർശനാനുമതിതരികയും ചെയ്തപ്പോൾ മനക്കട്ടിയുള്ള ഒരു പുരുഷനെയാണ് അവിടെ കണ്ടത്. ആ വലിയ വേർപാട് താങ്ങാൻ അദ്ദേഹം മനസുകൊണ്ട് തയാറെടുത്തുകഴിഞ്ഞു എന്ന് ഞങ്ങൾക്കെല്ലാം തോന്നി. മരിച്ചുകിടക്കുമ്പോഴും സംസ്കരിക്കാൻ കൊണ്ടുപോവുമ്പോഴും തികഞ്ഞ സംയമനത്തോടെ നിലകൊണ്ട മാമാ ഒരു അത്ഭുതമായിരുന്നു.

തികച്ചും ഏകനും മൂകനുമായിപ്പോയ അദ്ദേഹത്തിന്റെയടുത്തിരിക്കുമ്പോൾ ആ മുറിയിൽ പൂജാദ്രവ്യങ്ങളുടെതുപോലുള്ള മാമിയുടെ മണം നിറഞ്ഞു നിന്നിരുന്നു. ചുവരുകളിൽ എന്നത്തെയും പോലെ മാമിയുടെ പ്രിയപ്പെട്ടവർ പുഞ്ചിരി തൂകിയിരുന്നു. അവരുടെ പ്രീതിക്കായി ദീപാലങ്കാരങ്ങളും പതിവുപോലെത്തന്നെ.പാട്ട് പഠിക്കാനായി അവിടത്തെ തറയിൽ ഇരുന്ന് മാമിയുടെ ദൈവീകമായ ആലാപനം കൂടി കേൾക്കുമ്പോൾ അതൊരു അമ്പലമാവുമായിരുന്നു.

മൌനത്തിന് താങ്ങാവുന്നതിലുമധികം ഭാരമായപ്പോഴാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്.
"അഷ്ടപദി പഠിക്കാൻ കഴിഞ്ഞില്ല എനിക്ക്.. മാമി ക്ലാസ്സ്‌ വെച്ചപ്പോഴൊന്നും വരാൻ പറ്റിയില്ല.."
"യു ഷുഡ്‌ ലേണിറ്റ് മ്മാ.. അഷ്ടപദി എന്നും വീട്ടിൽ പാടുന്നത് ഐശ്വര്യമാണ്, തെരിയുമോ?" മാമയുടെ ശബ്ദത്തിൽ നിന്ന് പലഭാഷകളും എത്തിനോക്കാറുണ്ട്.
"ഭഗവാന് റൊമ്പ പുടിച്ച കൃതിയാണ്!"
ഏതോ ലോകത്തുനിന്നും വരുന്നതുപോലെ തോന്നിച്ച ആ സംസാരത്തിന് തടയിടാൻ തുനിഞ്ഞില്ല. ഗീതാഗോവിന്ദവും ജയദേവകവിയുമെല്ലാം ഇടയിൽ വന്നു.
രാധയുമായുള്ള കൃഷ്ണന്റെ കേളികൾ ആണ് അതിൽ വിവരിച്ചിരിക്കുന്നത് എങ്കിലും ഒരു ഘട്ടത്തിൽ കവി അത് സ്വന്തം പത്നിയുമായുള്ള ബന്ധമാണത്രെ എഴുതിയത്. കേൾക്കുമ്പോൾ മോശമായി തോന്നിയാലും അതിലൊക്കെ ആന്തരാർത്ഥം ഉണ്ടത്രേ. അതിലൊരു പദത്തിൽ രാധയുടെ കാൽ ഭഗവാൻ തലയിൽ വെക്കുന്നതായി എഴുതാൻ തുടങ്ങി, പിന്നെ മടിച്ചു.

"കവി കുളിക്കപ്പോന നേരത്തിൽ കണ്ണൻ കവിയോട വേഷത്തിൽ വന്ത് അതുതന്നെ എഴുതിവെച്ചു! ഉനക്ക് തെരിയുമാ മ്മാ.. ഭഗവാനിഷ്ടമാവില്ല എന്ന് കരുതി കവി എഴുതാതെ വെച്ച ഭാഗമായിരുന്നു അത്! എന്താ പറയാ... എല്ലാം അവൻ സെയൽ!"
ഇത്രയും പറഞ്ഞുനിർത്തി കുഞ്ഞുങ്ങളെപ്പോലെ അദ്ദേഹം കരഞ്ഞുതുടങ്ങി. ഭക്തി മാത്രമല്ല ആ കണ്ണീരിനു കാരണം എന്ന് വ്യക്തമായിരുന്നതിനാൽ ആശ്വാസവാക്കുകളില്ലാതെ ആ ശുഷ്കിച്ച കൈകളിൽ മുറുകെ പിടിച്ചു ഞാനിരുന്നു.


Saturday, March 7, 2015

എന്താണ് ഭാരതസ്ത്രീയുടെ നിർവചനം ?

എന്താണ് ഭാരതസ്ത്രീയുടെ നിർവചനം ?

പണ്ട് അമ്മ ജോലി കഴിഞ്ഞെത്തിയിരുന്നത് ഏഴുമണിയുടെ ബസിനായിരുന്നു. അത് തെറ്റിയാൽ പിന്നെ എട്ടുമണി ആകും അടുത്ത ബസെത്താൻ. അന്ന് അമ്മയെ കൂട്ടിക്കൊണ്ടുവരാൻ വീട്ടിലെ സഹായി അണ്ണാച്ചി മാമൻ ടോർച്ചും കൊണ്ട് ബസ്റ്റാന്റിൽ പോയി നില്ക്കും. വലിയ മതിലുള്ള ശിവക്ഷേത്രം ചുറ്റി നടന്നു പടിഞ്ഞാറേ നടയിലെത്തണം വീടണയാൻ. അന്ന് ഇരുട്ടിലെ ഇഴജന്തുക്കളെ മാത്രമായിരുന്നു ഭയം. പിന്നെ മാലയോ മറ്റോ പൊട്ടിക്കാൻ ആരെങ്കിലും വന്നാലോ എന്നും. പക്ഷെ അതൊരിക്കലും ഉണ്ടായിട്ടുമില്ല. അന്ന് അണ്ണാച്ചി മാമൻ ഇല്ലാത്ത ദിവസങ്ങളിൽ കൌമാരക്കാരായ ചേച്ചിമാർ ആയിരുന്നു പോയിരുന്നത്. അവരുടെ നേരെയും ശാരീരികമായ ഉപദ്രവങ്ങളെ കുറിച്ച് ആരും ചിന്തിക്കുകയോ വേവലാതിപ്പെടുകയോ ചെയ്തതു പോലുമില്ല. പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ കുശലാന്വേഷണവുമായി ചിലപ്പോൾ വീടുവരെ കൂട്ട് വന്നെന്നുമിരിക്കും.

ഇരുട്ടിൽ ഒറ്റക്കോ കൂട്ടമായോ സഞ്ചരിച്ചിരുന്ന മറ്റൊരു പെണ്‍സമൂഹവും ഉണ്ടായിരുന്നു കുട്ടിക്കാലത്ത് അയൽവീടുകളിൽ. സ്വന്തമായി കക്കൂസ് സൌകര്യമില്ലാത്തതിനാൽ ദൂരെ പാടത്തും പറമ്പിലും പോവാനായി ഇരുട്ടിനെ കാത്തിരുന്നവർ. ആരും അവരുടെ ശരീരം തേടിയെത്തിയിരുന്നില്ല അന്ന്.
ഈയിടെ അതും കേൾക്കേണ്ടി വന്നു. ഉത്തരേന്ത്യയിൽ പ്രാഥമികാവശ്യങ്ങൾക്കുപോയ പാവപ്പെട്ട പെണ്‍കുട്ടികൾക്ക് നിസ്സഹായരായി ചേതനയറ്റ് മരത്തിൽ തൂങ്ങിയാടേണ്ടി വന്ന വാർത്ത.

രാത്രികാലങ്ങളിൽ എനിക്ക് തനിച്ചു സഞ്ചരിക്കേണ്ടി വന്നത് ചെന്നൈ വാസത്തിനിടയിൽ ആയിരുന്നു. അതും നഗരത്തെ അറിയുന്നതിനും മുന്നേ തന്നെ. രാവിലെ പതിനൊന്നുമുതൽ രാത്രി എട്ടുമണി വരെ നീളുന്ന ജോലിസമയം കഴിഞ്ഞു ഓടിയിറങ്ങി മൌണ്ട് റോഡിലെ എൽ ഐ സി കെട്ടിടത്തിനു മുന്നിലുള്ള ബസ്ടോപ്പിൽ എത്തുന്നതിനിടയിൽ പലപ്പോഴും സബ് വേയിൽ വഴി തെറ്റി ഒന്നുകിൽ ഒരേ റോഡിലോ ചിലപ്പോൾ തികച്ചും എതിരെയുള്ള റോഡിലോ ഒക്കെ ചെന്ന് കയറിയിട്ടുണ്ട്. റോഡിനടിയിലുള്ള സബ് വേയിൽ പടിയിറങ്ങി ചെല്ലുമ്പോൾ മൂന്നായി തിരിയുന്ന വഴികൾ എനിക്കെപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുമായിരുന്നു. കൂട്ടുകാർ കൂടെ ഉണ്ടെങ്കിൽ രക്ഷ. അല്ലെങ്കിൽ ഞാൻ രണ്ടുതവണ പടികൾ കയറിയിറങ്ങും. ഉറങ്ങാൻ വട്ടം കൂട്ടുന്ന യാചകരോ കിടക്കാനിടമില്ലാത്തവരോ ഒക്കെ അവിടവിടെ ഉണ്ടാവും. അവരുടെ അരികിലൂടെ നടന്നുപോവുമ്പോൾ ഒരു ദ്വയാർത്ഥ ശബ്ദ പ്രയോഗമോ ചിരിയോ പോലും നേരിടേണ്ടി വന്നിട്ടില്ല.
റോഡരികിൽ അടുത്തുള്ള മതിലിലെ ഗ്രില്ലിൽ തൊട്ടിൽ കെട്ടി കുഞ്ഞിനെ ഉറക്കുകയോ നടപ്പാതയിൽ കാലുനീട്ടിയിരുന്നു മുലയൂട്ടുകയോ ചെയ്യുന്ന സ്ത്രീകളെയും കണ്ടിട്ടുണ്ട്. എത്രയോ പുരുഷന്മാർ അവരെ താണ്ടി നടന്നുപോവാറുണ്ട്. ബസ്റ്റാന്റിൽ എന്നെപ്പോലെ ജോലി കഴിഞ്ഞെത്തിയ എത്രയോ പെണ്‍കുട്ടികളും പൂക്കാരികളും പഴക്കാരികളും ഒറ്റക്കും അല്ലാതെയും നിന്ന് അവരവരുടെ ബസ് വരുമ്പോൾ കയറി പോവാറുണ്ട്. ഇനി ഇതൊന്നുമല്ലാതെ കൂട്ടുകാരന്റെ കൂടെ കൊഞ്ചിക്കുഴഞ്ഞു നില്ക്കുന്ന സുന്ദരിമാരെയും കാണാം അവിടെ.

അവിടെ കണ്ട ഒരു പുരുഷനുപോലും നേരത്തെ വീട്ടിൽ പോവാത്തതിനോ വഴിയിലിരുന്നു മാറുകാട്ടിയതിനോ കാമുകന്റെ കൂടെ കറങ്ങുന്നതിനോ ഒന്നും ആരെയും ശിക്ഷിക്കണമെന്ന് തോന്നിയില്ല. അവർ അവിടെ നില്ക്കുന്നതുപോലെ തന്നെ ഓരോ പെണ്ണിനും അവിടെ നില്ക്കാൻ അവകാശമുണ്ട്‌. അവളെ കുറിച്ച് മറ്റൊന്നും അറിയില്ല. ജഡ്ജ്മെന്റൽ ആവേണ്ട കാര്യമില്ല എന്ന് അവർക്കറിയാം. അത് അവരിലുള്ള മാന്യതയാണ്‌. സംസ്കാരമാണ്. അവരുടെ മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടുന്ന ഒന്നാണ്. അതാണ്‌ മനുഷ്യത്വവും സഹജീവിയോടു കാട്ടുന്ന പരിഗണനയും.

വഴിയിൽ അസമയത്ത് ഒരു പെണ്ണിനെ ഒരു പയ്യന്റെ കൂടെ കണ്ടപ്പോഴേക്കും ഇനിയൊരു പെണ്‍കുട്ടിയും ഇങ്ങനെ ചെയ്യരുത് എന്ന് ഇന്ത്യയിലെ പെണ്‍കുട്ടികൾക്കൊക്കെ പാഠമായി അവളെ മൃഗീയമായി പീഡിപ്പിച്ചു കാണിക്കുക. അതിനവൾ എതിർത്തത് കൊണ്ടുമാത്രം അവളെ കൊല്ലാൻ ശ്രമിക്കുക. അടിച്ചവശയാക്കി റോഡിൽ തള്ളിയിടുക.

നിർഭയയുടെ ഡോകുമെന്ററി കണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. കഷ്ടപ്പെട്ട് പഠിച്ചതും പഠനം പൂർത്തിയാക്കാൻ വേണ്ടി കാൾ സെന്റെർ ജോലി ചെയ്തതും.. പാവം എന്തെല്ലാം സ്വപ്നങ്ങളാണ് ആ ദുഷ്ടന്മാർ കമ്പിപ്പാര കയറ്റി വലിച്ചു പുറത്തിട്ടത് ! പ്രസവിച്ചുകിടക്കുന്ന പശുവിനെ പോലെ തോന്നിച്ചു അവളുടെ കിടപ്പെന്ന് ട്രാഫിക് പോലിസ് സാക്ഷ്യപ്പെടുത്തുമ്പോൾ ഹൃദയം നുറുങ്ങിപ്പോയി. ഇത്രയൊക്കെ അനുഭവിക്കാൻ മാത്രം ആ കുട്ടി എന്ത് തെറ്റാണ് ചെയ്തത്? ഇനി എതെങ്കിലുമൊരുവൾ മോശപ്പെട്ടവൾ തന്നെ ആയാലും അവളെ മര്യാദ പഠിപ്പിക്കാൻ ആരാണ് ഇവരെയൊക്കെ ശട്ടം കെട്ടിയത്? അക്ഷരാഭ്യാസമില്ലാത്ത കുറ്റവാളിയുടെ കൂസലില്ലായ്മ അല്ല ഞെട്ടിച്ചത്. അഭിഭാഷകന്റെ കോട്ടുമിട്ട് നിന്നവനും യാതൊരു ഉളുപ്പുമില്ലാതെ അഭിമാനത്തോടെ പറയുന്നു, പെണ്ണ് വീട്ടിലിരുന്നാൽ മതി. അങ്ങനെ പോയാൽ മകളായാൽ പോലും കത്തിച്ചുകളയും എന്ന് ! ഇവരുടെയൊക്കെ വീട്ടിലിരിക്കുന്ന സ്ത്രീകളെ ആരാണ് ഇവന്മാരെ വിശ്വസിച്ചു കൂടെ കഴിയുന്നുവെന്ന തെറ്റ് തിരുത്തുന്നത്?

സ്ത്രീ വജ്രം പോലെ വിലപ്പെട്ടതാണ്‌ അത് സൂക്ഷിക്കേണ്ടിടത്ത് സൂക്ഷിച്ചില്ലെങ്കിൽ ആരെങ്കിലും അപഹരിക്കുക തന്നെ ചെയ്യും എന്ന് നിയമപാലകന്റെ കുപ്പായമിട്ട പുരുഷൻ തന്നെ പറയുമ്പോൾ രണ്ടു പെണ്‍കുഞ്ഞുങ്ങളെ അറിയാതെ ചേർത്തുപിടിച്ചു പോവുന്നു ഞാൻ.
ഇതെല്ലാം കണ്ടിട്ടും എല്ലാവരും പറയുന്നു വീട്ടിലെ പെണ്‍കുട്ടികളോട് സൂക്ഷിക്കാൻ പറയൂ, അവരുടെ വസ്ത്രധാരണം ശ്രദ്ധിക്കൂ, ആണ്‍കുട്ടികളുടെ ചങ്ങാത്തം ഭൂതക്കണ്ണാടി വെച്ച് നിരീക്ഷിക്കൂ എന്നൊക്കെ. ഏതൊരു സമയത്ത് കണ്ടാലും ഒരു പെണ്ണിനെ കാണേണ്ടത് എങ്ങനെയെന്ന് വീട്ടിലെ ആണ്‍കുട്ടിയെ പഠിപ്പിക്കൂ എന്നാരും പറയാത്തത് എന്താണ്?

ആ ഹ്രസ്വചിത്രം കാണാനുള്ള സഹിഷ്ണുത പോലും ഇന്ത്യൻ പുരുഷസമൂഹത്തിന് ഇല്ലാതാവുന്നതെന്താണ്? സത്യം പുറത്തറിയും എന്ന ഭയമോ? ഒരു പക്ഷെ മനസലിവുള്ള ചിലരെയെങ്കിലും മാറ്റാൻ ഉതകുന്ന പലതുമുണ്ട് അതിൽ. ലജ്ജിക്കേണ്ടവർ ലജ്ജിക്കുക തന്നെ വേണം. ഇത് കാണുന്ന ഓരോരുത്തരുടെയും മനോഭാവത്തിൽ നിന്നും തിരിച്ചറിയാം ആരുടെയൊക്കെ മനസാണ് ഇടുങ്ങിയതെന്നും വിശാലമെന്നും. ആർഷഭാരത സംസ്കാരത്തിന്റെ പുനരുദ്ധാരകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അധികാരികൾ എന്തേ ഇത് മറ്റുള്ളവർ കാണുന്നതിൽ അനിഷ്ടം പ്രകടിപ്പിക്കുന്നു? കപടമുഖം പുറത്തറിയുന്നതിൽ ആർക്കാണ് അഭിമാനക്ഷതം?

മക്കളെ അവൻ ആണ്‍കുട്ടിയാണ്, അവനാകാം എന്തും.. നീ പെണ്ണാണ് അടക്കവും ഒതുക്കവും വേണം എന്ന് വേർതിരിവ് കാട്ടി വളർത്തുന്നതിൽ വീട്ടിലിരിക്കുന്ന സ്ത്രീക്കും പങ്കില്ലേ? അവൾ സൂക്ഷിച്ചാൽ മതി, എനിക്കതിന്റെ ആവശ്യമില്ല എന്ന ഭാവം ആണ്കുട്ടിയിൽ വളർത്താതിരിക്കാൻ ഓരോ രക്ഷിതാവും ശ്രമിക്കണം. നീതിന്യായ വ്യവസ്ഥിതി കൂടുതൽ ത്വരിതവും കർശനവും ആവുന്നതോടൊപ്പം സമൂഹത്തിന്റെ മനോഭാവവും മാറിയെ തീരൂ.

ജ്യോതി നെഞ്ചിലെ തീയാകുന്നു..! ഗോക്കളെ വരെ സംരക്ഷിക്കാൻ തയ്യാറാവുന്ന ഈ സമൂഹത്തിൽ ഇഷ്ടമുള്ള വസ്ത്രധാരണം എന്തിന്, പ്രാഥമികാവശ്യം പോലും തോന്നുന്ന സമയത്ത് ചെയ്യാനാവാതെയുഴലുന്ന, ഒട്ടും സുരക്ഷിതയല്ലാത്ത ഓരോ പെണ്ണിന്റെ നെഞ്ചിലും ജ്യോതി ആളുന്ന തീ തന്നെയായിരിക്കും.

Wednesday, February 25, 2015

വിരോധാഭാസചിന്തകളുടെ വിശേഷങ്ങൾ

ശ്രീ വിരോധാഭാസന്റെ പുസ്തകത്തിന്റെ പേര് ആദ്യം കേട്ടപ്പോൾ ഞാനും ഒന്ന് മുഖം ചുളിച്ചു. ഒന്ന് കടയിൽ ചെന്ന് എങ്ങനെ ചോദിക്കും? ട്രെയിനിലോ ബസിലോ കയ്യിലെടുത്തു വെച്ച് എങ്ങനെ വായിക്കും എന്നൊക്കെ ആശങ്കപ്പെട്ടു.പുസ്തകം കയ്യിൽ കിട്ടിയപ്പോഴും ഉണ്ടായി ചില തത്രപ്പാടുകൾ. ഇതെന്താ ഈ പടത്തിൽ എന്നൊക്കെ സംശയത്തോടെയും ചിരിയോടെയും മക്കൾ ചോദിച്ചപ്പോൾ വിശദീകരിക്കാൻ ചെറുതായി പാടുപെടേണ്ടി വന്നു.
എന്തായാലും വായിച്ചുതുടങ്ങുമ്പോൾ ആ "അയ്യേ" ഭാവം മനസ്സിൽ നിന്നും പാടേ മാറും എന്നത് അനുഭവസാക്ഷ്യം.

കാലികവും താത്വികവും മൗലികവുമായി തിരിച്ചിരിക്കുന്ന
എണ്പതു ചെറുലേഖനങ്ങളിൽ ഓരോന്നിലും വിഷയം തെരഞ്ഞെടുക്കുന്നതിൽ കാണിച്ച വ്യത്യസ്തത മാത്രമല്ല, അവയോരോന്നും ഒട്ടും മുഷിപ്പുണ്ടാക്കാതെ നർമ്മത്തിൽ ചാലിച്ച് തന്നെ അവതരിപ്പിച്ചതാണ് ഏറെ പ്രശംസനീയം.

അവയിൽ സമൂഹത്തിന്റെ കപടമാന്യതയുടെ മുഖംമൂടി ചീന്തി കാണിക്കുന്നുണ്ട്. രാഷ്ട്രീയമുണ്ട്.. നാസയുടെ കടന്നുകയറ്റത്തിൽ ആകുലപ്പെടുന്ന സാധാരണമലയാളിയുണ്ട്.. ഹൃദയത്തിൽ ഒട്ടിപ്പോയ പ്രണയമുണ്ട്.. ബന്ധങ്ങളുടെ ആഴമുണ്ട്.. ദൈവത്തിന്റെ പണിയെന്തെന്നു ചോദിക്കുന്ന ഭൗതികവാദി ഉണ്ട്.

ചിരിപ്പിക്കാൻ വേണ്ടി പ്രത്യേകമായി എന്തെങ്കിലും ഏച്ചുകൂട്ടുകയോ ചിന്തിപ്പിക്കാൻ വേണ്ടി പ്രത്യേക പരാമർശങ്ങളോ ഇല്ല എങ്കിലും ചില വരികളുടെ ഇടയിൽ വായനക്കാരൻ അറിയാതെ പൊട്ടിച്ചിരിച്ചുപോവുന്ന നർമ്മം ഒളിച്ചു വെച്ചിട്ടുണ്ട്. ചിലത് വായിക്കുമ്പോൾ ഞാനെന്തുകൊണ്ട് ഇങ്ങനെ ചിന്തിച്ചില്ല എന്നും, മറ്റുചിലതിൽ ഇതുതന്നെയല്ലേ എനിക്കും തോന്നിയത് എന്നും നമ്മളെ ചിന്തിപ്പിക്കും. സ്വന്തം മുറ്റത്തെ ചവറു കോരി അപ്പുറത്തേക്ക് തട്ടിയും ഓഫീസുകളിലെ ഒഴിഞ്ഞമൂലകളിൽ മുറുക്കിത്തുപ്പിയും വൃത്തി നടിക്കുന്ന മലയാളിയുടെ മുഖം വളരെ പരിചിതമാണ് എന്ന് തോന്നും. കുരങ്ങിൽ നിന്നും പഠിക്കാൻ എന്നത് വായിക്കുമ്പോൾ ഞാനിതുവരെ ചിന്തിച്ചില്ലല്ലോ അങ്ങനെ എന്നും തോന്നിപ്പോയി.

മറ്റൊരു പ്രത്യേകത തോന്നിയത് അതിലെ ചില വസ്തുതകൾക്കോ കഥാപാത്രങ്ങൾക്കോ ഒക്കെ കൊടുത്തിരിക്കുന്ന വരകൾ ആണ്. കൊല ഗോപാല പിള്ളയും ഫ്രീക്കനും ചാക്കോച്ചനുമൊക്കെ ജീവസ്സുറ്റവരായി മുന്നിൽ നില്ക്കുന്നുണ്ട്.

ആശംസാ സന്ദേശത്തിൽ പറഞ്ഞതുപോലെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ കാപട്യ വൈരുദ്ധ്യങ്ങളുടെ ചന്തികൾക്കുമേൽ നിരന്തരം പതിക്കുന്ന പച്ചയീർക്കിൽ പ്രയോഗങ്ങൾ തന്നെയാണിതെന്ന് നിസ്സംശയം പറയാം. . എന്തായാലും പേരുപോലെത്തന്നെ വേറിട്ടൊരു വായനാനുഭവം തന്നെയാണ് "ചില ചന്തി ചിന്തകൾ " തരുന്നത്.

എഴുത്തുകാരനും ചിന്തകൾക്കും സ്നേഹാശംസകൾ !


 

Wednesday, January 21, 2015

ചില നനുത്ത സുഗന്ധങ്ങൾ *

പുതുവർഷത്തിന് നഗരത്തിലും ഗ്രാമത്തിലും വ്യത്യസ്തമുഖങ്ങളാണ്.

ശൈത്യകാലത്തെ അടര്‍ത്തി മാറ്റാനെന്നവണ്ണം ഇലകൊഴിച്ച് സജ്ജമായി നില്‍ക്കുന്ന പ്രകൃതി..

മഞ്ഞിന്റെ കുളിർമയുള്ള വെയിലേറ്റ് തിളങ്ങുന്ന പച്ച വെൽവെറ്റ് പുതപ്പുപോലെ ധനുമാസക്കാറ്റിലിളകുന്ന നെല്പാടങ്ങൾ..

ഭസ്മത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധമുള്ള ശരണമന്ത്രങ്ങൾ മുഴങ്ങുന്ന പുലരികൾ..

കരിയിലകൾ കൂട്ടിയിട്ട് തീകാഞ്ഞും ഇളകുന്ന ബെഞ്ചിലിരുന്ന് ചുടുചായ മൊത്തിയും തണുപ്പിനോട് പൊരുതുന്ന കട്ടിക്കമ്പിളിയ്ക്കുള്ളിലെ വേവലാതികളില്ലാത്ത വാർദ്ധക്യങ്ങൾ... 

അമ്പലമുറ്റത്തെ ആലിലകൾക്കൊപ്പം ചുറ്റുവിളക്കിലെ തിരിനാളങ്ങൾ വിറകൊള്ളുന്ന സന്ധ്യകൾ..

അതിരാവിലെ കൂട്ടമായ്‌ ആടിയും പാടിയും പുഴയിൽ കുളിച്ച്, മഹാദേവനെ ധ്യാനിച്ച്‌ ദശപുഷ്പം ചൂടി, കൂവ വെരകി നോമ്പ് നോല്ക്കുന്ന തിരുവാതിരകൾ..

കലാപ്രകടനങ്ങളും വാദ്യമേളങ്ങളും ശബ്ദമുഖരിതമാക്കുന്ന വർണ്ണവിളക്കുകളാലലംകൃതമായ, തണുപ്പിനെ വകവെക്കാത്ത രാത്രികൾ..

അടുക്കളയിലെ ടിന്നുകളിൽ കനച്ചു തുടങ്ങുന്നതിനുമുന്നേ അയൽ / ബന്ധു വീടുകളിലേക്ക് വിരുന്നുപോവാനൊരുങ്ങുന്ന ആഘോഷശേഷിപ്പുകളായ പലഹാരപ്പൊട്ടുകൾ.

ഓർമ്മകളെ ഗൃഹാതുരത്വം കൊണ്ട് ചിത്രപ്പണി ചെയ്ത മാറാപ്പിലൊളിപ്പിച്ച് നഗരത്തിരക്കുകളിലേക്ക് തിരികെ നടക്കാൻ വിധിക്കപ്പെടുന്ന മനസ്..

കടന്നുപോയ നഷ്ടക്കണക്കുകളെ ആഘോഷങ്ങൾക്കടിയിലൊളിപ്പിച്ച് ആടിയും പാടിയും കുടിച്ചും കഴിച്ചും തിമിർത്തും പുതുവർഷത്തെ സ്വീകരിക്കാനൊരുങ്ങുന്ന നഗരം.

മഞ്ഞിന്റെ കട്ടിപ്പുതപ്പിനെ കൂർത്ത കത്തികൊണ്ട് വരഞ്ഞുകീറാൻ ശ്രമിക്കുന്ന വഴിവിളക്കുകളെ പുച്ഛത്തോടെ നോക്കി ആലസ്യത്തോടെ കണ്ണടച്ചുകിടക്കുന്ന ഇരുട്ട്..

ആരുടെയൊക്കെയോ ചവിട്ടും തുപ്പുമേറ്റ്  ചതഞ്ഞുതേഞ്ഞ് നിസ്സംഗമായ തണുത്ത കറുത്ത പാതകൾ..  

ഒരു ദിവസത്തിന്റെ മാത്രം ആയുസ്സുള്ള സ്ഫോടനത്തിന്റെയും അപകടങ്ങളുടെയും നടുക്കങ്ങൾ..

പ്രിയപ്പെട്ടവരുടെയരികിൽ മനസുപേക്ഷിച്ച് എവിടെയ്ക്കോ എന്തിനൊക്കെയോ വേണ്ടി യാന്ത്രികമായി മത്സരയോട്ടം നടത്തുന്ന ഉടലുകൾ..

തോൽവികളും വിജയങ്ങളും അക്കമിട്ടെണ്ണി നിരത്തുന്ന തിരക്കുകളില്‍   മുങ്ങിത്താണ് പുതിയ പ്രഹേളികകള്‍ക്ക് ഉത്തരങ്ങൾക്കായി നിവർന്നുപൊങ്ങി, വിശാലമായ ആകാശത്തെനോക്കി നിര്‍മ്മലമായ വായു ഉള്ളിലേയ്ക്ക് വലിച്ച് കരയിലടിഞ്ഞ് വീണ്ടും സങ്കല്പ പൂരണ നിയോഗ വീഥിയില്‍ കനത്ത കാല്‍പ്പാദങ്ങളുമായി മുന്നോട്ടാഞ്ഞുകൊണ്ടിരിക്കുന്ന  ജീവിതങ്ങൾ...
മരത്തിന്റെ മജ്ജയില്‍ നിന്നും പിറക്കുന്ന ജനുവരിയിലെ തളിരുകള്‍...
 കുളിരുരുകുന്ന പ്രഭാതങ്ങളില്‍ തളിരുകളെ തലോടി പുതുവര്‍ഷവരവറിയിക്കാനെന്നോണം തെളിഞ്ഞെത്തുന്ന സൂര്യന്‍..
ഇനി വിടരട്ടെ പ്രത്യാശയുടെ പൂക്കള്‍ ഓരോ തളിരിലും..
സുഗന്ധം പടരട്ടെ ഓരോ അണുവിലും..

(ജനുവരി പതിനൊന്നാം തീയതിയിലെ വർത്തമാനം വാരാദ്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് )