മാമിയുടെ മരണശേഷം ആദ്യമായാണ് ഞാനവിടെ ചെന്നത്, അകത്തെ മുറിയിൽ വീഡിയോ ഗെയിമിൽ മുഖം പൂഴ്തിയിരിക്കുന്ന ചെറുമകൻ ആദിയല്ലാതെ ആ വൃദ്ധന് കൂട്ടായി മറ്റാരുമുണ്ടായിരുന്നില്ല.
രോഗാതുരയായ മാമിയുടെ ഓരോ കാര്യവും ശ്രദ്ധിച്ച് കൂടെ നിന്ന് എപ്പോഴും തിരക്കിലായിരുന്ന ആ വൃദ്ധൻ പെട്ടെന്നാണ് ഒന്നും ചെയ്യാനില്ലാത്തവനായിപ്പോയത്. ഭാര്യയുടെ അസുഖം കലശലായവിവരം ബന്ധുമിത്രാദികളെ വിളിച്ചറിയിക്കുകയും സന്ദർശനാനുമതിതരികയും ചെയ്തപ്പോൾ മനക്കട്ടിയുള്ള ഒരു പുരുഷനെയാണ് അവിടെ കണ്ടത്. ആ വലിയ വേർപാട് താങ്ങാൻ അദ്ദേഹം മനസുകൊണ്ട് തയാറെടുത്തുകഴിഞ്ഞു എന്ന് ഞങ്ങൾക്കെല്ലാം തോന്നി. മരിച്ചുകിടക്കുമ്പോഴും സംസ്കരിക്കാൻ കൊണ്ടുപോവുമ്പോഴും തികഞ്ഞ സംയമനത്തോടെ നിലകൊണ്ട മാമാ ഒരു അത്ഭുതമായിരുന്നു.
തികച്ചും ഏകനും മൂകനുമായിപ്പോയ അദ്ദേഹത്തിന്റെയടുത്തിരിക്കുമ് പോൾ ആ മുറിയിൽ പൂജാദ്രവ്യങ്ങളുടെതുപോലുള്ള മാമിയുടെ മണം നിറഞ്ഞു നിന്നിരുന്നു. ചുവരുകളിൽ എന്നത്തെയും പോലെ മാമിയുടെ പ്രിയപ്പെട്ടവർ പുഞ്ചിരി തൂകിയിരുന്നു. അവരുടെ പ്രീതിക്കായി ദീപാലങ്കാരങ്ങളും പതിവുപോലെത്തന്നെ.പാട്ട് പഠിക്കാനായി അവിടത്തെ തറയിൽ ഇരുന്ന് മാമിയുടെ ദൈവീകമായ ആലാപനം കൂടി കേൾക്കുമ്പോൾ അതൊരു അമ്പലമാവുമായിരുന്നു.
മൌനത്തിന് താങ്ങാവുന്നതിലുമധികം ഭാരമായപ്പോഴാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്.
"അഷ്ടപദി പഠിക്കാൻ കഴിഞ്ഞില്ല എനിക്ക്.. മാമി ക്ലാസ്സ് വെച്ചപ്പോഴൊന്നും വരാൻ പറ്റിയില്ല.."
"യു ഷുഡ് ലേണിറ്റ് മ്മാ.. അഷ്ടപദി എന്നും വീട്ടിൽ പാടുന്നത് ഐശ്വര്യമാണ്, തെരിയുമോ?" മാമയുടെ ശബ്ദത്തിൽ നിന്ന് പലഭാഷകളും എത്തിനോക്കാറുണ്ട്.
"ഭഗവാന് റൊമ്പ പുടിച്ച കൃതിയാണ്!"
ഏതോ ലോകത്തുനിന്നും വരുന്നതുപോലെ തോന്നിച്ച ആ സംസാരത്തിന് തടയിടാൻ തുനിഞ്ഞില്ല. ഗീതാഗോവിന്ദവും ജയദേവകവിയുമെല്ലാം ഇടയിൽ വന്നു.
രാധയുമായുള്ള കൃഷ്ണന്റെ കേളികൾ ആണ് അതിൽ വിവരിച്ചിരിക്കുന്നത് എങ്കിലും ഒരു ഘട്ടത്തിൽ കവി അത് സ്വന്തം പത്നിയുമായുള്ള ബന്ധമാണത്രെ എഴുതിയത്. കേൾക്കുമ്പോൾ മോശമായി തോന്നിയാലും അതിലൊക്കെ ആന്തരാർത്ഥം ഉണ്ടത്രേ. അതിലൊരു പദത്തിൽ രാധയുടെ കാൽ ഭഗവാൻ തലയിൽ വെക്കുന്നതായി എഴുതാൻ തുടങ്ങി, പിന്നെ മടിച്ചു.
"കവി കുളിക്കപ്പോന നേരത്തിൽ കണ്ണൻ കവിയോട വേഷത്തിൽ വന്ത് അതുതന്നെ എഴുതിവെച്ചു! ഉനക്ക് തെരിയുമാ മ്മാ.. ഭഗവാനിഷ്ടമാവില്ല എന്ന് കരുതി കവി എഴുതാതെ വെച്ച ഭാഗമായിരുന്നു അത്! എന്താ പറയാ... എല്ലാം അവൻ സെയൽ!"
ഇത്രയും പറഞ്ഞുനിർത്തി കുഞ്ഞുങ്ങളെപ്പോലെ അദ്ദേഹം കരഞ്ഞുതുടങ്ങി. ഭക്തി മാത്രമല്ല ആ കണ്ണീരിനു കാരണം എന്ന് വ്യക്തമായിരുന്നതിനാൽ ആശ്വാസവാക്കുകളില്ലാതെ ആ ശുഷ്കിച്ച കൈകളിൽ മുറുകെ പിടിച്ചു ഞാനിരുന്നു.
3 comments:
പറയാതെ പറഞ്ഞതിന്‍റെ പൊരുള്‍...
ആശംസകള്‍
നോമ്പരമുണര്‍ത്തിയ ഭംഗിയുള്ള കഥ....... പറയാതെ പറഞ്ഞതു കൂട്ടി ചേര്‍ത്തു വയ്ക്കുമ്പോള്‍...... അന്യോന്ന സ്നേഹം സീമകള്‍കള്‍ക്കപ്പുറമാകുന്നു......
നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......
brilliantly done......
Post a Comment