About Me

My photo
A person who loves to read, write, sing and share thoughts.

Thursday, February 20, 2014

ഇടറിയെത്തുന്ന ഓർമ്മവഴികൾ

അയാളെ ഞാൻ കുട്ടിക്കാലം മുതലേ അറിയും. അയാളുടെ കുടുംബവുമായി എന്റെ വീട്ടുകാർ പരിചിതരായിരുന്നു. അയാളുടെ അച്ഛൻ നാദസ്വരവിദ്വാനായിരുന്നു. അമ്മക്ക് റാണി, കുമുദം തുടങ്ങിയ തമിഴ് മാസികകളും ഞങ്ങൾ കുട്ടികൾക്ക് തമിഴ് അക്ഷരമാലാ പുസ്തകവും കൊണ്ടുതന്ന ആ വൃദ്ധനെ തമിഴ് വായിക്കേണ്ടിവന്ന അസന്നിഗ്ധഘട്ടങ്ങളിലെല്ലാം ഞാൻ നന്ദിയോടെ സ്മരിച്ചിട്ടുണ്ട്. ആ അച്ഛന്റെ പാത പിന്തുടർന്ന് നാദസ്വരക്കാരനായ അയാളും നാട്ടിലെ കല്യാണങ്ങളിലും അമ്പലങ്ങളിലുമൊക്കെ അവിഭാജ്യസാന്നിധ്യമായി.

എന്റെ കൗമാരകാലത്തായിരുന്നു അയാളും ഭാര്യയും രണ്ടു കൊച്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം ഞങ്ങളുടെ എതിർവശത്തെ വീട്ടിൽ താമസത്തിനെത്തിയത്. ഒരു മദ്യപനെ  ആദ്യമായി  നേരിൽ കാണുന്നത് അക്കാലത്താണ്. രാവിലെ കുളിച്ചു കുറി തൊട്ട് ഉടുത്തിരിക്കുന്ന വസ്ത്രത്തെക്കാൾ ശുഭ്രമായി ചിരിതൂകി, കുഞ്ഞുങ്ങളോട് പുന്നാരം പറഞ്ഞ് പോവുന്നയാളേയാവില്ല വൈകുന്നേരങ്ങളിൽ കാണുന്നത്. അയാൾ വന്നു കയറുന്നത്  എപ്പോഴാണെന്ന് അറിയാറില്ലെങ്കിലും  അത്താഴത്തിനു മുന്നിലിരിക്കുന്നതുമുതലുള്ള സംഭവങ്ങളുടെ ശബ്ദരേഖ കൃത്യമായി വീട്ടിൽ കേൾക്കാമായിരുന്നു. ചുവരിലോ നിലത്തോ തട്ടി വീണുരുളുന്ന പാത്രങ്ങളുടെയും മനുഷ്യശരീരത്ത് വീഴുന്ന അടിയുടെയും തെറിവാക്കുകളുടെയും അതിനനുബന്ധമായെത്തുന്ന അടക്കിയ കരച്ചിലിന്റെയും ഭയന്ന് വിറച്ച കുഞ്ഞുങ്ങളുടെ നിലവിളികളുടെയുമൊക്കെ ഒച്ചകൾ കുറച്ചുദിവസങ്ങൾ കൊണ്ടുതന്നെ ഞങ്ങൾക്ക് ശീലമായി. മധ്യസ്ഥം പറയാൻ ചെല്ലുന്ന അയൽക്കാരെയെല്ലാം അയാൾ ചെവി പൊട്ടുന്ന ചീത്ത വിളിച്ചു മടക്കി.
 
എന്തുകൊണ്ടോ അയാൾ അമ്മയെ എതിർത്ത് സംസാരിച്ചില്ല. ഭയമാണോ ബഹുമാനമാണോ എന്നറിയില്ല. വഴക്കിന്റെ ശബ്ദം കൂടുമ്പോൾ ഞങ്ങൾ പാഠപുസ്തകങ്ങളടച്ചുവെച്ച് ജനാലകളിലൂടെ തല നീട്ടും. അമ്മ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത കാര്യമായിരുന്നു അത്. സാധാരണ ശകാരവാക്കായി ഉപയോഗിക്കാറുള്ള മൃഗങ്ങളുടെ പേരുപോലും വീട്ടിൽ നിഷിദ്ധമായിരുന്നു. മറ്റുള്ളവർ ചീത്ത വിളിക്കുന്നത്‌ ഞങ്ങളുടെ കാതിൽ വീഴരുതെന്ന് അമ്മക്ക് നിർബന്ധമുണ്ടായിരുന്നു. (മീനഭരണിക്ക് കൊടുങ്ങല്ലൂർക്ക് പോവുന്ന സംഘം വീടിനു മുന്നിലൂടെ പോവുന്നതുപോലും കാണാനോ കേൾക്കാനോ അമ്മ അനുവദിച്ചിരുന്നില്ല.)

ബഹളം അധികരിക്കുമ്പോൾ അമ്മ മുറ്റത്തേക്കിറങ്ങി അയാളുടെ പേരുവിളിക്കും. അതോടെ അയാൾ പുറത്തേക്കിറങ്ങി അവരുടെ പടിക്കൽ പൂച്ചയെ പോലെ ചുരുണ്ടിരിക്കും. അമ്മയുടെ ശകാരം നിശബ്ദനായി തലയാട്ടി കേൾക്കും. ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന് സത്യം ചെയ്യും. പിന്നെ അമ്മയോട് പതം പറച്ചിലാണ്. ചിലപ്പോൾ കരച്ചിലാവും.. എന്തായാലും ബഹളം കെട്ടടങ്ങിയ ആശ്വാസത്തിൽ അയാളുടെ ഭാര്യ അപ്പോഴേക്കും കുഞ്ഞുങ്ങളെ ഉറക്കും. ഇപ്പോൾ കുടുങ്ങുന്നത് അമ്മയാവും. എങ്ങനെയെങ്കിലും ഒഴിവായി അമ്മ അകത്തുകയറുമ്പോഴും അയാൾ പാതിമയക്കത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവിടെ കിടപ്പായിട്ടുണ്ടാവും.

അടുത്ത കുറച്ചുദിവസങ്ങളിൽ വലിയ കുഴപ്പമുണ്ടാവില്ല. എന്തെങ്കിലും കോളൊത്ത ദിവസങ്ങളിൽ വീണ്ടും ഇതെല്ലാം ആവർത്തിക്കപ്പെടും. വിവാഹ സീസണല്ലാത്ത കാലത്ത്  കൊയ്ത്തിനും മറ്റു വീട്ടുപണികൾക്കും പോയി കിട്ടുന്ന തുച്ഛമായ തുകകൊണ്ട് കുടുംബകാര്യങ്ങൾ നോക്കാൻ അയാളുടെ ഭാര്യ കഷ്ടപ്പെടുമ്പോഴും കൂട്ടുകൂടിയോ കടം വാങ്ങിയോ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്ന മനുഷ്യനോടും എത്ര അനുഭവിച്ചാലും താലി കെട്ടിയവൻ അഥവാ മക്കളുടെ അച്ഛൻ എന്ന പരിഗണനയോടെ  സർവംസഹായാവുന്ന ആ സ്ത്രീയോടും എനിക്ക് വെറുപ്പ്‌ തോന്നിയിട്ടുണ്ട്.

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർ അവിടെ അടുത്തുതന്നെയുള്ള മറ്റൊരു കൊച്ചു വീട് വാങ്ങി അവിടേക്ക് മാറി. അപ്പോഴും അയാളുടെ കുട്ടികൾ ഞങ്ങളോടോത്തു കളിക്കാനും, ഭാര്യ തട്ടിൻപുറം വൃത്തിയാക്കൽ, മാറാല തട്ടൽ, തുടങ്ങിയ വീട്ടുജോലികളിൽ അമ്മയെ സഹായിക്കാനും ഇടയ്ക്കു വന്നുപോയി.

കഴിഞ്ഞ തവണ ഞാൻ നാട്ടിൽ ചെന്നപ്പോൾ അയാളുടെ ഭാര്യയെ കണ്ടു. മക്കളൊക്കെ വലിയവരായി. മകൾ വിവാഹിതയായി ദൂരെ എവിടെയോ ആണ്.
"മഞ്ജു, തേങ്ങയിടുമ്പോ രണ്ടു ഇളനീർ കൂടി ഇടാൻ പറയണം ട്ടോ.. മൂപ്പർക്കാ .... ഒന്നും കഴിക്കാൻ വയ്യ ഇപ്പൊ"
"അയ്യോ എന്തേ പറ്റ്യേ?"
"അപ്പൊ ഒന്നുമറിഞ്ഞില്ലേ... വയ്യ.. ഇത്രകാലം കുടിച്ചതൊക്കെ തന്നെ... കരളു പോയി.. "
വീടിനുള്ളിൽ ചോറും കറികളും വിളമ്പിയ പാത്രത്തിനു മുന്നിൽനിന്ന് അവശതയോടെ എഴുന്നേറ്റ് ചുവരിൽ പിടിച്ച് ഇടറിയ കാൽവെയ്പ്പുകളോടെ എനിക്കുനേരെ നടന്നുവന്ന രൂപം കണ്ട് അമ്പരന്നുപോയി. മുഖവും വയറുമൊക്കെ നീരുവന്നു വീർത്ത് വികൃതമായ ഒരാൾ.
 
തറയിൽ ചിതറിത്തെറിച്ച ഭക്ഷണശകലങ്ങളും ഭീതിദമായ അലർച്ചയും ശകാരങ്ങളുമൊക്കെ ഒരു നിമിഷം മനസിലൂടെ കടന്നുപോയി. ഇതാവുമോ കർമ്മഫലം എന്നുപറയുന്നത്?
 
പണ്ട് പിണങ്ങി ഭക്ഷണം നിരസിക്കുമ്പോൾ അമ്മ പറയുമായിരുന്നു, "അന്നത്തെ നിന്ദിക്കുന്നത് ദോഷമാണ്.. ദേഷ്യവും വാശിയും ഭക്ഷണത്തോട് കാണിക്കരുത്.. പിന്നെ വേണ്ടസമയത്ത് കഴിക്കാൻ കിട്ടാതെയാവും! " എന്ന്..!

കഴിഞ്ഞ ദിവസം അയാളെന്റെ ചിന്തകളിലേക്ക് പതിവില്ലാതെ വേച്ചുവേച്ചിറങ്ങി വന്നു. മദ്യപിക്കാത്തപ്പൊഴും അയാളുടെ വളഞ്ഞ കാലുകൾ ഒരിക്കലും നിലത്തു പൂർണമായി പതിയാറില്ല. ഉപ്പൂറ്റി ഉയർന്ന് ചെറുതായി ചാടുന്നപോലുള്ള നടത്തമായിരുന്നു അയാൾക്ക്. അയാൾക്കു പിന്നാലെയാണ് ഈ ഗതകാലസ്മരണകൾ കുത്തിയൊഴുകിയെത്തിയത്‌.

 
ഇന്ന് ചേച്ചിയെ വിളിച്ചപ്പോൾ അറിഞ്ഞു, അയാൾ എന്റെ ഓർമ്മയിലെത്തിയത് ഈ ലോകത്തോട്‌ വിടപറഞ്ഞ ദിവസമായിരുന്നുവെന്ന്...