About Me

My photo
A person who loves to read, write, sing and share thoughts.

Friday, July 18, 2008

അവന്‍ വീണ്ടും...

അവന്‍ വീണ്ടും എന്നെ തേടിയെത്തി.
ബാല്യത്തില്‍ ഒരു പെരുമഴക്കാലത്തായിരുന്നു ആദ്യമായെന്നെ കാണാനെത്തിയത്. പിന്നീട് പൊരിവേനലിലും കൊടും തണുപ്പിലും അവനെന്‍റെയടുത്തെത്താതിരിക്കാന്‍ ആയില്ല. പിന്നെയൊരു കൊയ്ത്തുകാലത്തു വൈക്കോല്‍ കൂട്ടത്തിനിടയില്‍ ഒളിച്ചുകളിച്ച നാള്‍ രാത്രി വീണ്ടും അവനെത്തി. എന്‍റെ രക്ഷിതാക്കള്‍ അവനെ എന്നില്‍ നിന്നുമകറ്റാന്‍ വല്ലാതെ പാടുപെട്ടു. എങ്കിലും പലപ്പോഴായി എന്നെ തളര്‍ത്തിക്കൊണ്ട് അവന്‍ വന്നുകൊണ്ടിരുന്നു. അവന്‍റെ സാന്നിദ്ധ്യം എന്നെ ശ്വാസം മുട്ടിച്ചു. അവനൊരിക്കലും വരാതിരുന്നെങ്കിലെന്നു ഞാന്‍ ആശിച്ചു. അതിനായി എത്ര കയ്പ്പുനീര്‍ കുടിക്കാനും ഞാന്‍ ഒരുക്കമായിരുന്നു. പലരെയും ഞങ്ങള്‍ സമീപിച്ചു.
കൌമാരത്തില്‍ അവന്‍ എന്തുകൊണ്ടോ എന്നില്‍ നിന്നും അകന്നു നിന്നു. എങ്കിലും തീര്‍ത്തും ഒഴിവാക്കാനായില്ല. കോരിച്ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും എന്നോടൊത്തു ചെലവിടാന്‍ എത്തി. പിന്നീടെന്നോ അവന്‍ എന്നില്‍ നിന്നും പൂര്‍ണ്ണമായും അകന്നുപോയി എന്നുതന്നെ ഞാന്‍ വിശ്വസിച്ചു. എന്‍റെ മനസ്സില്‍ പുതിയ നിറക്കൂട്ടുകള്‍ വന്നതോടെ അവനെ ഞാന്‍ മറന്നു. അവനെ കുറിച്ച് ആരെങ്കിലും ചോദിച്ചപ്പോഴൊക്കെ ചെറുപ്പകാലത്തെ ഒരോര്‍മ്മ മാത്രമായി ചിത്രീകരിച്ചു.
രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവനെന്‍റെ ചുറ്റുവട്ടത്തെവിടെയോ ഉള്ളതായി എനിക്ക് തോന്നിത്തുടങ്ങി. വീണ്ടും എന്നെത്തേടിയെത്തുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അവനെ ഒഴിവാക്കാനുള്ള എന്‍റെ ശ്രമങ്ങളെയെല്ലാം വിഫലമാക്കിക്കൊണ്ട് അവന്‍ എന്നെ കണ്ടെത്തുകതന്നെ ചെയ്തു. എന്‍റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി. എത്ര ശ്രമിച്ചിട്ടും വിട്ടുപോവാന്‍ കൂട്ടാക്കാത്ത അവന്‍റെ സാന്നിദ്ധ്യം എന്‍റെ പ്രിയപ്പെട്ടവര്‍ക്കും അസൌകര്യമാകുമെന്നു ഞാന്‍ ഭയന്നു. പക്ഷെ അവരെല്ലാം എന്‍റെ അവസ്ഥകണ്ട് നിസ്സഹായരായി നോക്കിനിന്നു വേദനിച്ചു.

അവനെ ഞാന്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല. എങ്കിലും എന്‍റെ നെഞ്ചിനുള്ളില്‍ എന്നുമൊരു പ്രാവായ്‌ കുറുകിക്കൊണ്ടിരുന്നു. അവന്‍ വീണ്ടും വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാനൊരിക്കലും മറ്റാരുടെയും ജീവിതപങ്കാളിയാകുമായിരുന്നില്ലല്ലോ...
എന്‍റെ ധര്‍മ്മസങ്കടം കണ്ടെങ്കിലും അവന്‍ എന്നെ ഉപേക്ഷിച്ചുപോയിരുന്നെങ്കിലെന്നു ഞാന്‍ കൊതിച്ചു. എത്ര ആട്ടിയകറ്റിയിട്ടും അവന്‍ വീണ്ടും വീണ്ടും വരുന്നു.. എന്‍റെയോ എന്‍റെ പ്രിയപ്പെട്ടവരുടെയോ കണ്ണീര്‍ അവന്‍ കാണുന്നതെയില്ല.. അല്ലെങ്കില്‍ തന്നെ എന്നാണു അവന്‍ മറ്റുള്ളവരുടെ മനസ്സറിഞ്ഞിട്ടുള്ളത്?

അവനെ അകറ്റാനായി വിദഗ്ധരുടെ അഭിപ്രായം തേടിയപ്പോള്‍ ചെറുപ്പകാലത്തു തന്നെ അവനെതിരെ ശരിയായ നടപടി എടുക്കാതിരുന്നതിനു എന്‍റെ രക്ഷിതാക്കളെ അവര്‍ കുറ്റപ്പെടുത്തി.
ഇന്നു ഞാന്‍ അവനെ അകറ്റി നിറുത്താനുള്ള വഴി കണ്ടെത്തുക തന്നെ ചെയ്തു. എന്‍റെ മഴമോഹങ്ങളെയും മഞ്ഞിന്‍കനവുകളെയും കൊതിയൂറും ഐസ്ക്രീമിനെയും മാറ്റിനിറുത്തിയും, ചെറുവിരലോളംപോന്ന കുഞ്ഞുകുപ്പിയിലെ പഞ്ചാരമണികള്‍ മുടങ്ങാതെ നുണഞ്ഞും അവനെതിരെയുള്ള യുദ്ധം ഞാന്‍ തുടരുന്നു.


Tuesday, July 8, 2008

ഒരു കുഞ്ഞുണ്ണിക്കഥ

സ്കൂളിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കവിയരങ്ങായിരുന്നു അന്ന്. മുന്‍പു കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ കവികള്‍ അന്നവിടെ എത്തിയിരുന്നു. മിക്കതും പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും അവര്‍ ചൊല്ലിയ കവിതകള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ഏറെ നാളായി കേള്‍ക്കുകയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്ന, കുട്ടികളുടെ കവിയെ നേരിട്ടു കാണാന്‍ കഴിഞ്ഞതിന്‍റെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷത്തിലായിരുന്നു ഞാന്‍.

കവിയരങ്ങിനു ശേഷം അദ്ദേഹം കുട്ടികളുമായി സംവദിക്കാന്‍ ഒരുങ്ങിയപ്പോള്‍ കൌതുകത്തോടെ തിക്കിത്തിരക്കി രണ്ടാം നിരയില്‍ തന്നെ സ്ഥാനം പിടിച്ച് സ്കൂള്‍ മുറ്റത്തെ വലിയ വാകമരച്ചുവട്ടില്‍ ഇരുന്നു. കുട്ടികളുടെ മഹാകവി ഒരുപാടു കവിതകള്‍ ചൊല്ലി. ഞങ്ങളെല്ലാം അതേറ്റുപാടി. പിന്നീടദ്ദേഹം ഒരു കവിത ഒരു തവണ മാത്രം കേട്ട് ഹൃദിസ്തമാക്കുന്നവര്‍ മുന്നോട്ടു വരാന്‍ പറഞ്ഞപ്പോള്‍ തെല്ലു നാണത്തോടെ എഴുനേറ്റു നിന്ന് ആ കവിത പാടി. പ്രിയകവിയില്‍ നിന്നുമുള്ള "മിടുമിടുക്കി" എന്ന പ്രശംസ കേട്ട് വാനില്‍ പാറിപറക്കുന്ന പൂത്തുമ്പിയായി..

പരിപാടി കഴിഞ്ഞു എല്ലാവരും പിരിയാനോരുങ്ങവേ ആരില്‍ നിന്നോ കടം വാങ്ങിയ ഒരു ഡയറിത്താളുമായി അദ്ദേഹത്തിന്‍റെ രണ്ടുവരി വാങ്ങാന്‍ തിക്കിത്തിരക്കി ചെന്നു. എന്നെ കണ്ടയുടനെ, പൊക്കമില്ലായ്മയെ തന്‍റെ പൊക്കമാക്കിയ കവി ചോദിച്ചു,

"ഇതു നമ്മുടെ പാട്ടുകാരി അല്ലെ? "

വിനയപൂര്‍വ്വം തൊഴുതുനില്‍ക്കെ, കുട്ടിക്കവിതകള്‍ കൊണ്ടു ചിരിയും ചിന്തയും നമ്മില്‍ ഉണര്‍ത്തി ഏകനായ് കടന്നുപോയ ആ മഹാനുഭാവന്‍ ഇങ്ങനെ എഴുതി..

"പാട്ടിലാക്കുക! പാട്ടിലാവരുത്! "

Friday, July 4, 2008

അപരാജിത

"ഭാഗ്യമുള്ള കുട്ടിയാ, മദ്രാസിലെ വല്ല്യ ബിസിനസ്സുകാരനാത്രേ ചെക്കന്‍! അമ്മ മാത്രേള്ളു.."

കല്യാണ പിറ്റേന്ന് രാവിലെ അമ്പലത്തില്‍ അയാളുടെ കൂടെ പ്രദക്ഷിണം വെക്കുമ്പോള്‍ കാതില്‍ വീണ മര്‍മ്മരം അവളുടെ മനസ് നിറച്ചു. തെല്ലു നാണത്തോടെയും അതിലേറെ അഭിമാനത്തോടെയും അവള്‍ അയാളോടു ചേര്‍ന്നു നടന്നു.

മധുവിധുനാളുകളില്‍തന്നെ അയാളുടെ തിരക്കുകളെപ്പറ്റി അവള്‍ ബോധവതിയായി. സ്വിറ്റ്സര്‍ലന്‍ഡിലെ കൊടും തണുപ്പില്‍ രാത്രിയുടെ എതോയാമത്തില്‍ കട്ടികൂടിയ കമ്പിളിക്കുള്ളില്‍ ചുരുണ്ടുകിടക്കുമ്പോള്‍ മൊബൈല്‍ ഫോണിലൂടെ അയാള്‍ മാനേജര്‍ക്കും സെക്രട്ടറിക്കും ഒക്കെ നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നത് പാതി ഉറക്കത്തിലും അവള്‍ കേട്ടിരുന്നു.

തിരിച്ചു വീട്ടിലെത്തിയ ഉടനെ തന്നെ അവളെ അമ്മയെ ഏല്പിച്ചു തിരക്കുകളിലേക്ക് ഊളിയിടാനൊരുങ്ങിയ അയാളെ ദയനീയമായി അവള്‍ നോക്കി. ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരു ചുംബനം ക്ഷമാപണമാക്കി അര്‍പ്പിച്ച് അയാള്‍ പടിയിറങ്ങി.

ഏകാന്തതയുടെ തടവുകാരിയായ അയാളുടെ അമ്മയാവട്ടെ, തനിക്കൊരു കൂട്ടുകിട്ടിയ ആഹ്ലാദത്തില്‍ അവള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങളൊക്കെ തയ്യാറാക്കി കൊടുക്കുന്ന തിരക്കിലായിരുന്നു. പിന്നീടുള്ള പലനാളുകളിലും അവര്‍ തന്നെയായിരുന്നുവല്ലോ അവള്‍ക്കെല്ലാം. അവരോടൊപ്പം ഉറങ്ങിയ നാളുകളില്‍ അവള്‍ നാട്ടിലുള്ള അമ്മയെ അവരില്‍ കാണാന്‍ ശ്രമിച്ചു. പരാതികള്‍ പറഞ്ഞ് ചിണുങ്ങിക്കരയാന്‍ കൊതിച്ചു. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കേള്‍ക്കുന്ന ടെലഫോണ്‍ മണിനാദം അയാളുടെ സ്നേഹനിര്‍ഭരമായ വിളികളായി. നിമിഷങ്ങള്‍ മാത്രം നീളുന്ന സംഭാഷണങ്ങളില്‍ ഒരുപാടു കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും പതിവുചോദ്യങ്ങളും ഉത്തരങ്ങളും മാത്രമായി ഒതുങ്ങി.

മുറിയിലെ ജനാലക്കല്‍ മുഖം ചേര്‍ത്ത് തനിച്ചിരിക്കാന്‍ ശീലിച്ചതങ്ങനെയായിരുന്നു. താഴെ നിരത്തില്‍ മുഖമറിയാത്ത രൂപങ്ങളും, തങ്ങളേക്കാള്‍ വലിയ ഭാരം ചുമലില്‍ താങ്ങുന്ന കൊച്ചുകുഞ്ഞുങ്ങള്‍ തിങ്ങിനിറഞ്ഞു പോകുന്ന വാഹനങ്ങളും ചീരയും പച്ചക്കറികളും തലയിലും സൈക്കിളിലും വെച്ചുകൊണ്ട് ഉറക്കെ വിളിച്ചുപറയുന്ന കച്ചവടക്കാരും അവരുടെ ഒക്കത്തെ കുഞ്ഞുങ്ങളുമൊക്കെ അവളുടെ നിത്യക്കാഴ്ച്ചകളായി.

എന്നോ ഒരിക്കല്‍ ജനാലയിലൂടെ ദൂരേക്ക്‌ നോക്കിയിരുന്ന അവളുടെ പിന്നില്‍ അയാളെത്തി. അവള്‍ അയാള്‍ക്ക്‌ വെച്ചു വിളമ്പി, അവരൊരുമിച്ച് കഴിച്ച് ഒരുപാടു നേരം ചെലവഴിച്ചു. അയാളുടെ മടിയില്‍ കിടന്നവളുറങ്ങി.

"മോളെന്താ തറയില്‍ കിടന്നുറങ്ങുന്നത്? ഇന്നെന്താ പതിവില്ലാത്ത ഉച്ചയുറക്കം?"

കണ്ണുതുറന്നപ്പോള്‍ മുന്നില്‍ ചായയുമായി അമ്മ. ചുവരിലെ ഘടികാരത്തില്‍ ആറുതവണ കിളി ചിലച്ചു. തന്‍റെ മനോഹരസ്വപ്നം യാഥാര്‍ത്ഥ്യം ആയെങ്കില്‍ എന്നവള്‍ ആശിച്ചു. അമ്മയോടൊപ്പം നിലവിളക്കിനു മുന്നില്‍ മിഴിപൂട്ടിയിരിക്കെ മുന്നിലെ ചില്ലിട്ട ചിത്രങ്ങള്‍ വകഞ്ഞുമാറ്റി അയാളെത്തി അവളെ സ്വപ്നലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഒരു ദിവസം സ്വപ്നത്തിനും അബോധത്തിനുമിടയില്‍ ‍അടുക്കളച്ചുവര്‍ ചാരിയിരുന്ന അവളെ താങ്ങിയെടുത്ത് അമ്മയും ജോലിക്കാരിപെണ്ണും കൂടി കട്ടിലില്‍ കിടത്തി. അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് ഡോക്ടര്‍ മടങ്ങിയപ്പോള്‍ തന്‍റെ സ്വപ്നലോകത്തില്‍ ഉദിക്കാന്‍ പോകുന്ന പുതിയ താരത്തെ കൈനീട്ടി തൊടാനെന്നവണ്ണം അടിവയറ്റില്‍ പതുക്കെ കൈയമര്‍ത്തി.

തിരക്കുകള്‍ മാറ്റിവെച്ച് അയാളെത്തി. അമ്മയുടെ സന്തോഷം നിറഞ്ഞ ശബ്ദം ഉയര്‍ന്നു കേട്ടെങ്കിലും അവള്‍ കട്ടിലില്‍ അനങ്ങാതെ കണ്ണടച്ചു കിടന്നു. അഭിമാനം നിറഞ്ഞ സന്തോഷത്തോടെ അയാള്‍ അവളെ മാറോടു ചേര്‍ത്തു. അവളുടെ മൌനം പരിഭവമായി വ്യാഖ്യാനിച്ച്, തന്‍റെ തിരക്കുകളെ പഴിക്കുകയും ആവുന്നത്ര സമയം അവളോടൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കാമെന്നു പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
മാസങ്ങള്‍ക്കിടയില്‍ പലപ്പോഴായി ഒരു അതിഥിയെ പോലെ അയാളെത്തി. അവളാകട്ടെ അവളുടേതായ ലോകത്ത് അയാളോടൊത്ത് ചന്ദനതൊട്ടിലും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും നിറച്ചു.

ആദ്യപ്രസവമായതിനാല്‍ നാട്ടിലേക്കു കൂട്ടികൊണ്ടുപോവാന്‍ അവളുടെ വീട്ടുകാരെത്തി. തീവണ്ടിക്കരികെ നിറകണ്ണുകളുമായി അയാളുടെ അമ്മ നിന്നു. വേര്‍പാടിന്റെ വേദന മറക്കാനുള്ള സ്വപ്നവിദ്യ അമ്മയും കൂടി അഭ്യസിച്ചിരുന്നെങ്കിലെന്നു തോന്നി അവള്‍ക്കപ്പോള്‍.

നാട്ടിലെത്തിയിട്ടും എവിടെയെങ്കിലും തനിച്ചിരിക്കാന്‍ അവളാഗ്രഹിച്ചു. മകളുടെ ചുറുചുറുക്കും നിറുത്താതെയുള്ള സംസാരവുമൊക്കെ നിലച്ചതില്‍ വേവലാതിപ്പെട്ട വീട്ടുകാരുടെ മുന്നില്‍ തന്‍റെ പഴയശീലങ്ങള്‍ പൊടിതട്ടിയെടുക്കാനുള്ള അവളുടെ ശ്രമങ്ങളും വിഫലമാവുകയായിരുന്നു.

ഏതോ ഒരര്‍ദ്ധരാത്രിയില്‍ അവളുടെ കുഞ്ഞുതാരം ഉദിച്ചുയരാന്‍ വെമ്പല്‍ കൊണ്ട് അവളെ വേദനിപ്പിച്ചു. ആശുപത്രിയില്‍ അയാളുടെ കുഞ്ഞുമുഖവുമായി പുറത്തുവന്ന അവന്‍ ഉറക്കെ കരഞ്ഞപ്പോഴും കോണ്‍ഫറന്‍സ് മുറിയിലെ തണുപ്പില്‍ തുടിക്കുന്ന ഹൃദയവുമായി അയാളിരുന്നു.

കുറ്റബോധത്തിന്റെ ഭാണ്ഡവും പേറി, ജീവിതത്തിന്റെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞ് തിരക്കുകളെല്ലാം വലിച്ചെറിഞ്ഞ്‌ ആശുപത്രിമുറിയുടെ വാതില്ക്കലെത്തിയ അയാളെ അവള്‍ തിരിച്ചറിഞ്ഞതെയില്ല. അവളുടെ ലോകത്ത് അവരുടെ കുഞ്ഞിനെ താലോലിച്ചുകൊണ്ട് അയാള്‍ അവളോട്‌ ചേര്‍ന്നിരിക്കുകയായിരുന്നല്ലോ..