About Me

My photo
A person who loves to read, write, sing and share thoughts.

Friday, January 23, 2009

ആല്‍ബത്തില്‍ നിന്നൊരേട്

രാവിലെ പതിവുപോലെ എഴുത്തുപെട്ടി തുറന്നപ്പോള്‍ ഓര്‍ക്കുട്ടില്‍ നിന്നും ഓര്‍മ്മയുണ്ടോ എന്ന ചോദ്യവുമായി സൌഹൃദക്ഷണം കണ്ടു. തോമസ് ഓണ്‍ വെക്കേഷന്‍ എന്ന് പേരു കണ്ടു മനസിലാവാതെ പ്രൊഫൈല്‍ നോക്കാന്‍ തന്നെ തീരുമാനിച്ച് ഓര്‍ക്കുട്ട് തുറന്നു. വ്യക്തമല്ലാത്ത ചിത്രത്തിലെ മുഖം പരിചിതര്‍ക്കിടയില്‍ തിരഞ്ഞു പരാജയപ്പെട്ട് അയാളുടെ സൌഹൃദക്കൂട്ടത്തില്‍ ഒന്നു കണ്ണോടിച്ചപ്പോള്‍ ചെന്നൈയില്‍ എന്‍റെകൂടെ താമസിച്ചിരുന്ന യമുനയുടെ സുസ്മേരവദനം കണ്ടതോടെ മനസ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു അതിവേഗം പാഞ്ഞു.

പ്രതിശ്രുതവരനുമായുള്ള ഞായറാഴ്ച്ച രാത്രിയിലെ ടെലിഫോണ്‍ സല്ലാപം കഴിഞ്ഞെത്തിയ ആളുടെ മുഖത്ത് പതിവുനാണവും കള്ളച്ചിരിയും കാണാഞ്ഞ് കാര്യം അന്വേഷിച്ചപ്പോള്‍ പരിഭ്രമത്തിന്റെ ഛായ സ്വരത്തിലും ചാലിച്ച് യമുന എന്നെ വിളിച്ചുകൊണ്ട് മുറിക്കു വെളിയിലേക്ക് ധൃതിയില്‍ നടന്നു. അങ്ങുമിങ്ങും എത്താത്ത കുറെ വാചകങ്ങള്‍ തിടുക്കപ്പെട്ടു പറഞ്ഞതില്‍ കാര്യം നിസ്സാരമല്ലെന്നു മാത്രം ആദ്യം മനസിലായി. മുഴുവനും പറഞ്ഞുകഴിഞ്ഞു ഒടുവില്‍ എന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു, "നാളെ റെയില്‍വേസ്റ്റേഷനിലേക്ക് നീയും വരണം... ആ പെണ്‍കുട്ടിക്ക് ഒരു ധൈര്യത്തിനാ നമ്മള്‍... എല്ലാം ബാബുസാര്‍ നോക്കിക്കോളും... വൈകിട്ട് തന്നെ തിരിച്ചുപോവുമായിരിക്കും. "

അവളില്‍ നിന്നും പകര്‍ന്ന പരിഭ്രമത്തെ അകറ്റാനായി ഞാന്‍ അടുത്തദിവസം കാണാന്‍ പോവുന്ന ആ പ്രണയജോടികളെ മനസ്സില്‍ വരയ്ക്കാന്‍ ശ്രമിച്ചു. അന്യമതത്തിലുള്ള നാട്ടുപ്രമാണിയുടെ മകളെ ജീവന്‍ പണയം വെച്ചു വിളിച്ചിറക്കി രായ്ക്കുരാമാനം നാടുകടന്ന ആ തോമാച്ചനെ ഒന്നു കാണാതെ പറ്റില്ലല്ലോ! പേടിച്ച മുഖവുമായി ബോംബെ നഗരത്തില്‍ വന്നിറങ്ങിയ മണിരത്നം പടത്തിലെ നായികയെ പോലെ ഹൃദയത്തില്‍ അടങ്ങാത്ത അനുരാഗവും പ്രതീക്ഷയും പിരിമുറുക്കവുമായി നില്ക്കുന്ന പെണ്‍കുട്ടിയെയും സങ്കല്പിച്ചുകിടന്ന് ഉറങ്ങാന്‍ വൈകിയത് കൊണ്ടാവാം രാവിലെ യമുനയുടെ വിളിയാണ് എന്നെ ഉണര്‍ത്തിയത്.

രാവിലെ മനുവേട്ടന്‍ വീണ്ടും വിളിച്ചുവത്രേ. അവിടെ പ്രശ്നം ഗുരുതരമായിക്കൊണ്ടിരിക്കുന്നു. തോമാച്ചന്റെ ജോലിസ്ഥലത്തേക്ക് പെണ്‍കുട്ടിയുടെ ആള്‍ക്കാര്‍ ഗുണ്ടകളുമായി തിരിച്ചിരിക്കുന്നു. അവര്‍ സംശയിക്കാനിടയില്ലാത്ത സ്ഥലമായത് കൊണ്ടാണ് ഇങ്ങോട്ട് പറഞ്ഞുവിട്ടതെന്ന്... പോലീസില്‍ വിവരം കൊടുത്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ അറിവ്.. തലേന്ന് സംഭരിച്ച ധൈര്യമൊക്കെ കുറേശ്ശെ ചോര്‍ന്നുവോ? എന്തായാലും പോവുകതന്നെ!

സബ്അര്‍ബന്‍ ട്രെയിനില്‍ അതിരാവിലെ വലിയ തിരക്കുണ്ടായിരുന്നില്ല. ബാലസൂര്യന്‍ ശക്തികുറഞ്ഞ കിരണങ്ങള്‍ കൊണ്ടു പുകമഞ്ഞില്‍ കളം വരച്ചുകൊണ്ടിരിക്കേ ഞങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി.

യമുനയുടെ മുഖം മനുവേട്ടന്റെ പഴ്സില്‍ കണ്ടിട്ടുണ്ടെന്ന് തോമാച്ചന്‍ അറിയിച്ചതിനാലായിരുന്നു ബാബുസാര്‍ പ്രധാനകവാടത്തില്‍തന്നെ ഞങ്ങള്‍ക്കായി കാത്തുനിന്നത്. ഞങ്ങള്‍ അവിടെ എത്തുന്നതിനു മുന്‍പുതന്നെ ആലപ്പി എക്സ്പ്രസ്സ് വന്നിരുന്നു എന്ന് പുറത്തേക്ക് ഒഴുകുന്ന മലയാളശബ്ദങ്ങളില്‍നിന്നും തിരിച്ചറിഞ്ഞു. അതുകൊണ്ട്തന്നെ പരിചയക്കാരെയൊന്നും കാണല്ലേ എന്ന പ്രാര്‍ത്ഥനയായിരുന്നു അപ്പോള്‍ എന്‍റെയുള്ളില്‍. പുറത്തേക്കും അകത്തേക്കും ഒഴുകുന്ന ജനപ്രവാഹത്തില്‍ വീരശൂരപരാക്രമിയായ ഒരു പുരുഷനെയും അവനോടോട്ടിയിരിക്കുന്ന ഒരു മാന്‍പേടയെയും തിരഞ്ഞുകൊണ്ട്‌ ആകാംക്ഷയോടെ ഞങ്ങള്‍ മൂവരും ഉള്ളിലെത്തി.

നിരത്തിയിട്ടിരിക്കുന്ന അനേകം കസേരകളില്‍ കണ്ണോടിക്കവേ, കാഴ്ചയ്ക്ക് കോളേജ്കുമാരനെപോലെയിരിക്കുന്ന ഒരു യുവാവ് എഴുന്നേറ്റു ഞങ്ങള്‍ക്ക് നേരെ നടന്നടുത്തു. വിളറിയ ചിരിയോടെ യമുനയെ വിളിച്ച് സ്വയം പരിചയപ്പെടുത്തി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാന്‍ മാന്‍പേടയ്ക്കായി പരതി. തോമാച്ചന്‍ ഇരുന്നതിനു തൊട്ടടുത്ത കസേരയില്‍ ഒരു ബാഗ് മടിയില്‍ വെച്ചുകൊണ്ട് ഒരു സുന്ദരിപെണ്‍കുട്ടി ഇരുന്നിരുന്നു. മുഖത്തേക്ക് പറന്നുവീഴുന്ന മുടിയും ഉറക്കച്ചടവുള്ള കണ്ണുകളും ഒക്കെയായി യാത്രാക്ഷീണമല്ലാതെ തലേന്ന് രാത്രി ഞാന്‍ വരച്ച ഭയമോ വിഷാദമോ അവിടെ കാണാനായില്ല. പകരം അവിടെ ഏതോ ദൃഢനിശ്ചയമോ, ആ കണ്ണുകളില്‍ ഒരു സ്നേഹക്കടലോ ഒക്കെ ആണെന്നെനിക്കു തോന്നി.

ആദ്യം വല്ലതും കഴിക്കാമെന്ന നിര്‍ദ്ദേശം ബാബുസാര്‍ ആണ് ഉന്നയിച്ചത്‌. ചൂടുള്ള ഇടലിയും സാമ്പാറും മുന്നില്‍ നിരക്കെ, നേരത്തെ രൂപകല്പന ചെയ്ത പദ്ധതി ബാബുസാര്‍ പറയുമ്പോള്‍ ചെറിയൊരു ഞെട്ടല്‍ എന്നോടൊപ്പം യമുനയിലും ഉണ്ടായി. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ട് ജോലിസ്ഥലത്തേക്ക് പോവുന്നതാവും സുരക്ഷിതമെന്നും അതിന് അടുത്തദിവസം മാത്രമേ സൌകര്യപ്പെടുകയുള്ളൂ എന്നതിനാല്‍ അതുവരെ വീണയെ ഞങ്ങളോടൊപ്പം താമസിപ്പിക്കാം എന്നും പറയുന്നതോടൊപ്പം പോലീസില്‍ അറിയിച്ചിട്ടുണ്ടാവാന്‍ സാധ്യതയുള്ളത് കൊണ്ടു നിങ്ങള്‍ ഒന്നു സൂക്ഷിക്കണം എന്നുള്ള അവസാനത്തെ വാചകമായിരുന്നു ഞങ്ങളെ നടുക്കിയത്. പക്ഷെ ആ പ്രണയജോടികളുടെ മുഖത്തെ ദയനീയത കണ്ടതോടെ ഞങ്ങള്‍ രണ്ടുംകല്‍പ്പിച്ചു ഒരുമിച്ചു തലകുലുക്കി. മാത്രമല്ല മനുവേട്ടന്‍ അത്രയ്ക്ക് കാര്യമായി എല്പ്പിച്ചുവെങ്കില്‍ അതത്രക്ക്‌ ഗൌരവം ഉള്ളതുകൊണ്ടും കൂടിയാവുമല്ലോ എന്ന് ട്രെയിനില്‍ ഇരിക്കുമ്പോള്‍ യമുന പറഞ്ഞതും ഓര്‍ത്തു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും അവര്‍ എന്തുകൊണ്ടോ പ്രിയങ്കരരായിത്തീരുകയും അവരുടെ ഭാവി ഇപ്പോള്‍ ഞങ്ങളുടെ കൈയിലാണെന്ന തോന്നലുണ്ടാവുകയും ചെയ്തു.

ട്രെയിനില്‍ കയറാന്‍ നേരത്ത് നാലുകണ്ണുകള്‍ പരസ്പരം കോര്‍ത്ത്‌ ആശയവിനിമയം നടത്തുന്നത് കൌതുകത്തോടെ ഞാന്‍ നോക്കിപ്പോയി. അപ്പോള്‍ മാത്രം പരിചിതരായവരുടെകൂടെ പ്രാണസഖിയെ തനിച്ചയക്കുന്നതിന്റെ ആശങ്ക നിഴലിക്കുന്ന മുഖവുമായി നില്ക്കുന്ന തോമാച്ചന്റെ അടുത്തേക്ക് ചെന്ന് ഞങ്ങള്‍ രണ്ടുപേരും ഒരേ സ്വരത്തില്‍ വീണയെ ഞങ്ങള്‍ നോക്കിക്കൊള്ളാം, എന്ന് ആശ്വസിപ്പിച്ചു. പല സിനിമകളിലും കണ്ടിട്ടുള്ള, നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ വാതില്‍ക്കല്‍ നില്ക്കുന്ന നായികയുടെ കൈ നായകന്റെ കൈയില്‍ സ്പര്‍ശിച്ച് വിട്ടുപോവുന്ന രംഗമൊക്കെ ലൈവ് ആയി കാണാനുള്ള ഭാഗ്യം സിദ്ധിച്ചവരായി ഞങ്ങള്‍.

സമയമായതുകൊണ്ട് ഞാന്‍ നേരെ ഓഫീസിലേക്ക് പോയി. അതിഭയങ്കരമായ രഹസ്യം സൂക്ഷിക്കുന്നതിന്റെ ക്ഷീണം കൊണ്ട് ഒന്നിലും മനസ്സുറയ്ക്കാതെ കാലഘടികാരം കുറേകൂടി വേഗത്തില്‍ ചുറ്റാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ചിന്തിച്ചു എങ്ങനെയൊക്കെയോ വൈകുന്നേരമാക്കി. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഞാന്‍ നേരെ ടി.നഗറിലേക്ക് ചെന്ന് ചെന്നൈ സില്‍ക്സിന്റെ മുന്നില്‍ കാത്തു നിന്നിരുന്നവരോടൊപ്പം കൂടി. കല്യാണസാരികളുടെ അടുത്തേക്ക് വെറുതെ ചെന്ന് നോക്കി.. കൊക്കില്‍ ഒതുങ്ങുന്നതായി തോന്നിയില്ല. ഒടുവില്‍ ഒരു കേരളാസാരി കൊണ്ട് തൃപ്തിപ്പെട്ടു. അല്ലെങ്കിലും ഇതിന്‍റെ പകിട്ടൊന്നു വേറെ തന്നെയാണെന്ന് അഭിപ്രായപ്പെട്ട് ഞങ്ങള്‍ തിരിച്ചു മുറിയിലെത്തി. ഭാഗ്യത്തിന് തഞ്ചാവൂര്‍ക്കാരി നാട്ടില്‍ പോയിരിക്കുന്നതുകൊണ്ട് ഞങ്ങളുടെ മുറിയിലെ അതിഥിയായി വീണ കൂടി.
മൂന്നുപേരും പലതരം ചിന്തകളാല്‍ ഉറക്കം നഷ്ടപ്പെട്ട്‌ ഇരുളില്‍ വെറുതെ കിടക്കവേ, വീണ സംസാരിച്ചു തുടങ്ങി. "പാവമാണ് എന്‍റെ അച്ഛന്‍.. വീട്ടില്‍ എല്ലാര്‍ക്കും സ്നേഹമാണ്.. പക്ഷെ.. " ശബ്ദം നേര്‍ത്തുനേര്‍ത്ത് ഒരു തേങ്ങല്‍ പോലെയായി.. പരസ്പരം കാണാനാവുന്നില്ലെങ്കിലും കട്ടിലില്‍ ഇരിക്കുന്ന നിഴൽരൂപം കണ്ട് ഞങ്ങള്‍ ഇരുവരും എഴുന്നേറ്റു. അവള്‍ ഞങ്ങളെ ശ്രദ്ധിച്ചില്ലെന്നു തോന്നി. ഇടയ്ക്കെപ്പോഴോ ഗദ്ഗദത്താല്‍ അടഞ്ഞുപോയ ശബ്ദം വീണ്ടെടുത്ത്‌ കുറച്ചുകൂടി വ്യക്തതയോടെ പറഞ്ഞു.. "ഞാനില്ലാതെ ജീവിക്കാനാവില്ല ന്റെ തോമസിന്... അവര്... ആ പാവത്തിനെ കൊല്ലാന്‍ വരെ നോക്കി.. അതൊക്കെയാ... " കുറച്ചുനേരത്തേക്ക് സ്തബ്ധരായി വാക്കുകള്‍ പരതി ഞങ്ങളിരുന്നു. കുനിഞ്ഞിരുന്ന അവളുടെ അടുത്ത് ചെന്നിരുന്ന് കൈയില്‍ അമര്‍ത്തിപ്പിടിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.. 'ഉറങ്ങൂ വീണ.. ' എന്നായിരുന്നു യമുനക്ക് പറയാനായത്.

രാവിലെയുണര്‍ന്നപ്പോള്‍ ഉറക്കച്ചടവുള്ള അവളുടെ മുഖം വിളറിയിരുന്നു. യമുന എന്തൊക്കെയോ ആശ്വാസവാക്കുകള്‍ പറഞ്ഞുവെന്നുതോന്നി. രാവിലെത്തന്നെ ഞങ്ങള്‍ ഒരുങ്ങിയിറങ്ങി. ഹോസ്റ്റലിലുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പൂവും ആഭരണങ്ങളും ഓട്ടോറിക്ഷയില്‍ വെച്ചാണ് അണിയിച്ചത്. സബ് രെജിസ്ട്രാര്‍ ഓഫീസിലേക്ക് അധികം ദൂരമില്ലായിരുന്നു. എല്ലാവരും ഒരുമിച്ചതിനുശേഷവും യമുനയുടെയും ബാബുസാറിന്റെയും തമാശകള്‍ മാത്രം അന്തരീക്ഷത്തെ ലളിതമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതല്ലാതെ പൊതുവെ വിഷയദാരിദ്ര്യം അനുഭവപ്പെട്ടു. ഏറെനേരത്തെ കാത്തിരുപ്പിനു ശേഷം രെജിസ്ട്രാര്‍ പ്രത്യക്ഷനായി. കാര്യങ്ങള്‍ സംസാരിച്ചുകൊണ്ട് ബാബുസാറും തോമാച്ചനും യമുനയും ഉള്ളിലേക്ക് കയറി. എന്‍റെ അരികില്‍ അകലേക്ക്നോക്കി വെറുതെയിരുന്നിരുന്ന വീണയുടെ കൈത്തണ്ടയില്‍ മുറുകെ പിടിക്കാനേ എനിക്ക് അപ്പോഴും കഴിഞ്ഞുള്ളു.. ഒപ്പിടാനായി ഉള്ളിലേക്ക് വിളിച്ചപ്പോള്‍ അവള്‍ എഴുന്നേറ്റ് എന്‍റെ നേരെ നോക്കി. ഒരുപാടുനേരംകൊണ്ട് സ്വരൂപിച്ച കുറച്ചു വാക്കുകള്‍ ഞാനിങ്ങനെ ക്രമപ്പെടുത്തി പറഞ്ഞു.. "എല്ലാം തീരുമാനിച്ചതല്ലേ.. ഇനി നന്നായി പ്രാര്‍ത്ഥിച്ചു ധൈര്യമായി പൊയ്ക്കൊള്ളൂ... ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന ഉണ്ട് കൂടെ.. "

ആ ചടങ്ങ് കഴിഞ്ഞതോടെ നവദമ്പതികളുടെ മുഖങ്ങളിലെ ആശ്വാസവും സന്തോഷവും ഞങ്ങളിലേക്കും പകര്‍ന്നു. കളിചിരികളുമായി ഹോട്ടലില്‍ നിന്നും സദ്യ ഉണ്ട്, ഞങ്ങള്‍ അവരവരുടെ ജോലിസ്ഥലത്തേക്കും അവര്‍ ബാബുസാറിനോടൊപ്പവും യാത്രയായി.
പിറ്റേന്നും ഞങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ അതിരാവിലെ എത്തി, തലേന്നത്തെ ഭയമൊക്കെ മറന്ന്.. പെട്ടിയും ബാഗുമൊക്കെയായി പഴയ കസേരകളിലൊന്നില്‍ സീമന്തരേഖയില്‍ സിന്ദൂരമണിഞ്ഞ വീണ ഒരു കുടുംബിനിയുടെ ഭാവത്തോടെ ഇരുന്നു. ഞങ്ങളെ കണ്ടയുടനെ അടുത്തുള്ള ടെലെഫോണ്‍ ബൂത്തില്‍ നിന്നിറങ്ങി തോമാച്ചന്‍ ഓടിവന്നു.
"നിങ്ങളോട്... " നന്ദിപ്രകടനത്തിന്റെ രംഗം തുടരാനുള്ള ബുദ്ധിമുട്ടുകൊണ്ട്‌ യമുന ഇടയില്‍ കയറി എന്തോ പറഞ്ഞു.
"അതെ വെറും നന്ദിവാക്കില്‍ ഒതുക്കാവുന്നതല്ലാ..." വീണ്ടും പറഞ്ഞുതുടങ്ങിയ തോമാച്ചനില്‍ നിന്നും തിരിഞ്ഞു ഞങ്ങള്‍ മറ്റെന്തൊക്കെയോ പറഞ്ഞു വിഷയം മാറ്റി.. അപ്പുറത്തെ പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന ട്രെയിനില്‍ കയറുന്നതിനു തൊട്ടുമുന്‍പ് ബാബുസാറിനെ കെട്ടിപ്പിടിച്ചു യാത്രപറയുന്ന തോമാച്ചനോട് ചേര്‍ന്നുനിന്ന് വീണ ഞങ്ങളുടെ രണ്ടുപേരുടെയും കൈകള്‍ ഒരുമിച്ചു കവര്‍ന്നു. തുളുമ്പുന്ന കണ്ണുകളോടെ ഇത്രമാത്രം പറഞ്ഞു.. "മറക്കില്ല!"
ട്രെയിന്‍ കണ്ണില്‍നിന്നും മറയുവോളം ഞങ്ങള്‍ക്ക്നേരെ വീശിക്കൊണ്ടിരുന്ന ആ രണ്ടുകൈകള്‍ നോക്കി അല്‍പ്പനേരം കൂടി അവിടെത്തന്നെ നിന്നിട്ട്, ബാബുസാറിനോട് യാത്രപറഞ്ഞ്‌ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ എന്ന് സംശയത്തിലായിരുന്നു എന്‍റെ മനസ്.

പിന്നീട് ഇടയ്ക്കിടക്ക് അവരുടെ സ്നേഹാന്വേഷണങ്ങള്‍ കത്തുകളായും വിളികളായും ഞങ്ങളെത്തേടി എത്തി. അങ്ങനെ കുറച്ചു മാസങ്ങള്‍ക്ക് ശേഷം തോമാച്ചന്റെ വീട്ടുകാര്‍ അവരെ നാട്ടിലേക്ക് വിളിപ്പിച്ചുവെന്നതും അമ്മ തന്നോട് സംസാരിച്ചുവെന്ന് ആഹ്ലാദത്തോടെ വീണ പറഞ്ഞതും ഞങ്ങള്‍ക്ക് ഒരുപാടു സന്തോഷംതന്ന വിശേഷങ്ങളായിരുന്നു. അതിലേറെ യുവത്വത്തിന്റെ എടുത്തുചാട്ടത്തില്‍ കുറേപേര്‍ ചേര്‍ന്ന് ചെയ്ത ഒരു കാര്യം മാത്രമായി ഞങ്ങള്‍ ചെയ്തത് പാഴായിപ്പോയില്ലെന്ന അറിവ് ഒരു വലിയ ആശ്വാസവും.

ഈശ്വരാ.. വര്‍ഷങ്ങള്‍ എത്രപെട്ടെന്നാണ് കടന്നുപോയത്! തോമാച്ചന്റെ ക്ഷണം സ്വീകരിച്ച്, അയാളുടെ പേജിലെ കാര്യങ്ങള്‍ ഓടിച്ചുവായിച്ച് ആല്‍ബം തുറന്നു. പണ്ടത്തെ കോളേജ്കുമാരനില്‍ നിന്നും ഒരുപാടുമാറി തടിയൊക്കെ വെച്ച് തനിഅച്ചായന്‍ ആയിട്ടുണ്ട്‌. നിറകണ്ണുകളോടെ യാത്രപറഞ്ഞുപിരിഞ്ഞ വീണയ്ക്കും ഒരു ഇരുത്തംവന്ന വീട്ടമ്മയുടെ ഭാവം. അവരുടെ ചിരി നല്‍കിയ സന്തോഷവും സംതൃപ്തിയുമായി ചിന്തകളില്‍ സ്വയം മറന്ന് കുറെനേരംകൂടി ഇരുന്നിട്ട് ഞാന്‍ തോമാച്ചന് മറുപടി അയയ്ക്കാനൊരുങ്ങി.

Thursday, January 15, 2009

എന്‍റെ മറ്റൊരു ബാല്‍ക്കണിക്കാഴ്ച്ച

"അമ്മേ.. ഒന്നിങ്ങോട്ടു വേഗം വരൂ.. "

ശനിയാഴ്ച്ചയുടെ ആലസ്യത്തോടെ പ്രാതല്‍ തയ്യാറാക്കിക്കൊണ്ടിരുന്ന എന്നെ മകള്‍ ഉറക്കെ വിളിച്ചു. രാവിലെ വൈകിയുണര്‍ന്നു ബാല്‍ക്കണിയിലെ ഗ്രില്ലിന്റെ തണുപ്പില്‍ കവിള്‍ ചേര്‍ത്തുവെച്ച് കാഴ്ച്ചകളില്‍ സ്വയംമറന്നു ഏറെനേരം നില്‍ക്കുക എന്നത് അവളുടെ ഒഴിവുദിവസത്തെ പതിവാണ്.


താഴെ പടിക്കല്‍ കുറെനേരമായി നാദസ്വരത്തിന്റെതു പോലത്തെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ശനിയാഴ്ചത്തെ ഭിക്ഷക്കാരില്‍ ആരോ ഒരാളെന്നൂഹിച്ചതുകൊണ്ട് ശ്രദ്ധിച്ചതേയില്ലായിരുന്നു അതുവരെ.

"ആ പശൂന്‍റെ പുറത്തു എന്തിനാ അത്രേം തുണികള്‍ ഇട്ടിരിക്കുന്നത്? അതിന് വേദനിക്കില്ലേ? "


മകളുടെ വിളി വീണ്ടും വന്നപ്പോള്‍ കുഴച്ചുകൊണ്ടിരുന്ന പുട്ടുപൊടിയുടെ പാത്രം അടച്ചുവെച്ച് കൈകഴുകി ബാല്‍ക്കണിയില്‍ ചെന്നുനോക്കി. അപ്പുറത്തെ വീടിന്‍റെ പടിക്കല്‍ നില്ക്കുന്ന മീശക്കൊമ്പന്‍ ആയിരുന്നു ആദ്യം ശ്രദ്ധയില്‍ പെട്ടത്. കൈയിലെ നീണ്ട കുഴലില്‍ നിന്നുവന്ന ശബ്ദമാണ് നേരത്തെ കേട്ടത്. അയാളുടെ അടുത്ത് നെറ്റിയില്‍ നീണ്ട കുറിയിട്ട ഒരു കാള തലതാഴ്ത്തി നില്ക്കുന്നുണ്ടായിരുന്നു. ധാരാളം മണികള്‍ കൊരുത്ത, തുണി കൊണ്ടുള്ള ഒരു തടിച്ച ചരടാല്‍ മുഖവും കൊമ്പുകളും ചുറ്റി ബന്ധിക്കപ്പെട്ടിരിക്കുന്ന അതിന്‍റെ പുറത്ത് പരവതാനി പോലെ കട്ടിയുള്ള ഒരു തുണി ഇട്ടിരുന്നു. അതിന് മുകളിലായി നിറയെ പഴയ സാരികളും മറ്റു തുണിത്തരങ്ങളും ആ നാല്‍ക്കാലിക്ക്‌ താങ്ങാവുന്നതിലും അധികമാണെന്ന് തോന്നി. തെരുവുകള്‍ തോറും നടന്നു കിട്ടുന്ന പഴന്തുണികള്‍ ചുമക്കാനാവും അയാള്‍ അതിനെ കൊണ്ടുനടക്കുന്നത്. നീളമുള്ള മൂക്കുകയറിന്റെ മറ്റേയറ്റം അയാളുടെ കൈയിലായിരുന്നു. കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് അയാള്‍ അടുത്ത പടിക്കലേക്കു നടന്നു. കയര്‍ വലിഞ്ഞപ്പോള്‍ ഏതോ ബാഹ്യപ്രേരണയാലെന്നപോലെ വിറയ്ക്കുന്ന മെലിഞ്ഞ കാലുകളോടെ ആ കാളയും ധൃതിയില്‍ നടക്കാന്‍ ശ്രമിച്ചു."ആ അപ്പൂപ്പനോട്‌ കുറച്ചു തുണി എടുത്തുമാറ്റാന്‍ പറയാമമ്മേ നമുക്ക്.."
ചുമലിലെ ഭാരത്തെ കുറിച്ചു എന്നെക്കാള്‍ നന്നായി ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കറിയാമെന്നു തോന്നി. ഇനിയും വരുമ്പോള്‍ പറയാമെന്നു അവളെ ആശ്വസിപ്പിച്ച്, വളവുതിരിഞ്ഞു മറയുന്ന ആ മിണ്ടാപ്രാണിയെ നോക്കി ഞങ്ങള്‍ വെറുതെ നിന്നു.

ഇവിടെ പ്രമുഖതാരങ്ങള്‍ വരെ അംഗങ്ങളായുള്ള മൃഗസംരക്ഷക സംഘടനകളുണ്ട്. ഈ ജീവിയുടെ വേച്ചുവേച്ചുള്ള നടത്തം കണ്ട് ഒരു കൊച്ചുകുട്ടിക്ക് തോന്നിയ സഹതാപം പോലും എന്തേ ഇവര്‍ക്കൊന്നും തോന്നിയില്ല എന്ന് അതിശയത്തോടെ ചിന്തിച്ചുപോയി ഞാന്‍.