About Me

My photo
A person who loves to read, write, sing and share thoughts.

Monday, June 14, 2010

ചില കുഞ്ഞിച്ചിന്തകള്‍

ഒരു ദിവസം എന്‍റെ അഞ്ചുവയസ്സുകാരി മകള്‍ ചോദിച്ചു,
"അമ്മക്ക് ടോമിനെ ആണോ ജെറിയെ ആണോ കൂടുതല്‍ ഇഷ്ടം?"
എന്തോ ജോലിത്തിരക്കിനിടയില്‍ വെറുതെ ആദ്യം വായില്‍ വന്ന പേര് പറഞ്ഞു.
"ടോമിനെ"
"അതെന്താ?"
"ഒരു കുഞ്ഞെലിയെ കൊണ്ട് പാവം ടോമിനല്ലേ എപ്പോഴും കഷ്ടപ്പാട്.." പെട്ടെന്ന് തോന്നിയ ഉത്തരമായിരുന്നു അത് എങ്കിലും അങ്ങനെ പറഞ്ഞത് നന്നായി എന്ന് പിന്നീട് തോന്നി. കാരണം അടുത്ത ദിവസം കൂട്ടുകാര്‍ എത്തിയപ്പോള്‍ അവള്‍ അതേ ചോദ്യം അവരോടും ആവര്‍ത്തിച്ചു. ഒപ്പം അവള്‍ക്കു ടോമിനെ ആണ് കൂടുതല്‍ ഇഷ്ടമെന്നും, അതിന്റെ കാരണവും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

ഇത് ഞാന്‍ ഇവിടെ പറയാന്‍ കാരണം ഇപ്പോഴത്തെ കുട്ടികളുടെ താല്പര്യങ്ങളും അവര്‍ കാണുന്ന കാര്‍ട്ടൂണ്‍ചിത്രങ്ങളും ഒക്കെ ചിന്തിക്കപ്പെടേണ്ട ചില കാര്യങ്ങളാണ് എന്ന് തോന്നിയതുകൊണ്ടാണ്.

ടോം ആന്‍ഡ്‌ ജെറി എന്ന വിശ്വവിഖ്യാതമായ കാര്‍ട്ടൂണ്‍ ഈ പ്രായത്തിലും എന്നെ തലതല്ലി ചിരിപ്പിച്ചിട്ടുണ്ട്‌. എങ്കിലും ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട് ഒരാളെ ദ്രോഹിക്കുന്നത് -അത് സ്വയരക്ഷയ്ക്കായാലും-- കണ്ടുരസിക്കുന്നത് ഒരുതരം സാഡിസം അല്ലെ എന്ന്. ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ട്. ഒരു പൂച്ചയെ മൂന്നു കുഞ്ഞുപാറ്റകള്‍ ഉപദ്രവിച്ചു സ്വൈര്യം കെടുത്തുന്ന ഒന്ന്. ഇന്ദ്രജാലം കൊണ്ട് സഹപാഠിയെ ദ്രോഹിക്കുന്ന മറ്റൊന്ന്. ഇത്തരം ചിത്രങ്ങള്‍ കൊച്ചുകുട്ടികളില്‍നിന്നും നഷ്ടപ്പെടുത്തുന്നത് സഹജീവികളോടുള്ള ദയ, സഹാനുഭൂതി ഒക്കെയല്ലേ? പീഡിപ്പിക്കപ്പെടുന്ന ജീവിയുടെ ദയനീയഭാവം സ്ക്രീനില്‍ കാണുമ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് കുട്ടികള്‍ക്കിഷ്ടം. ജീവിതത്തില്‍ എന്നെങ്കിലും അതുപോലൊരു സാഹചര്യം അവര്‍ക്കുണ്ടായാല്‍ അവരെങ്ങനെയാവും പ്രതികരിക്കുക?

ഇനി മറ്റു ചില ചിത്രങ്ങളില്‍ അമാനുഷികശക്തിയുള്ള കൂട്ടുകാരന്‍/കൂട്ടുകാരി ജാലവിദ്യയിലൂടെ പരീക്ഷയിലും ഗൃഹപാഠത്തിലും സഹായിക്കുന്നത്. എന്തും എളുപ്പവഴിയിലൂടെ നേടാനുള്ള ഒരു ത്വര കുഞ്ഞുങ്ങളില്‍ ഉണ്ടാക്കില്ലേ ഇത്തരം ചിത്രങ്ങള്‍?

കഴിഞ്ഞ ദിവസം പ്രവാസിയായ സുഹൃത്ത്‌ പറഞ്ഞു, നാട്ടില്‍ ഉത്സവപ്പറമ്പില്‍ കണ്ട വലിയ ജീവി ആനയാണെന്ന് സമ്മതിക്കാന്‍ മൂന്നുവയസുകാരന്‍ മകന്‍ കൂട്ടാക്കിയില്ലത്രേ. അവന്‍റെ 'എലിഫന്റ്' വലിയ കണ്ണുകളുള്ള നീലനിറമുള്ള ബലൂണ്‍ പോലുള്ള ജീവിയാണ്!

എന്‍റെ മകള്‍ക്കൊരു കൂട്ടുകാരി ഉണ്ട്. മധുമിത. അവളെക്കാള്‍ മൂന്നുവയസിനു മുതിര്‍ന്ന ആ പെണ്‍കുട്ടി എന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്‌. എല്ലാവരുമോത്തു കളിക്കാന്‍ കൂടുമെങ്കിലും ചില ദിവസങ്ങളില്‍ മധുമിതയെ മാത്രം എന്തെങ്കിലുമൊക്കെ ചിന്തിച്ചും ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടും കാണാറുണ്ട്. ഒരിക്കല്‍ അവളുടെ അമ്മയും ചേട്ടനും അവളെ അന്വേഷിച്ചു ഞങ്ങളുടെ അപ്പാര്റ്റ്മെന്റില്‍ വന്നു. പിറ്റേന്ന് അവള്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു,
"ഇന്നലെ എവിടെയായിരുന്നു മധൂ.. അമ്മ മോളെ അന്വേഷിച്ചു വിഷമിച്ചിട്ടുണ്ടാവില്ലേ? പറയാതെ പോയതെന്തേ?"

"ആന്റീ.. അത്.. വഴിയില്‍ ഒരു ക്യൂട്ട് പട്ടിക്കുട്ടിയെ കണ്ടു. പാവം അതിന് കാലു വയ്യായിരുന്നു. ഞാനത് വെച്ചു കെട്ടി അതിനെയും നോക്കി അവിടെ നിന്നപ്പോള്‍ ‍ സമയം പോയതറിഞ്ഞില്ല."

കഴിഞ്ഞ മൂന്നുനാലു ദിവസമായി എന്നും രാവിലെയും വൈകിട്ടും അവള്‍ അടുത്തുള്ള മറ്റൊരു വീടിന്റെ പിന്നിലേക്ക്‌ പോവുന്നത് കണ്ടിരുന്നു. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, കഴിഞ്ഞ ആഴ്ചകളില്‍ അവിടെ അലഞ്ഞുതിരിഞ്ഞ ഒരു ഗര്‍ഭിണി പൂച്ചക്ക് ആഹാരവും മറ്റും എത്തിച്ചുകൊടുത്തിരുന്നുവത്രേ. ഇപ്പോള്‍ അത് പ്രസവിച്ചു. എന്നും കുഞ്ഞുങ്ങളെ കാണാനും വീട്ടില്‍നിന്നും ഭക്ഷണം എത്തിക്കാനുമാണ് ഇപ്പോഴത്തെ ഈ നടത്തം.

ഇങ്ങനെയുള്ള കുട്ടികള്‍ ഇന്ന് വിരളമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ വളരണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. എല്ലായ്പ്പോഴും ഇത്തരം ചാനലുകള്‍ നിഷേധിക്കുക എന്നത് പ്രായോഗികമല്ല. ഞാനടക്കമുള്ള പല അമ്മമാരും കുഞ്ഞുങ്ങളെ അടക്കിയിരുത്താന്‍ അല്ലെങ്കില്‍ ഭക്ഷണം മുഴുവനും കഴിപ്പിക്കാന്‍ ഒക്കെ കാര്‍ട്ടൂണ്‍ ചാനലുകളെ ആശ്രയിക്കാറുണ്ട്‌. എല്ലാ പരിപാടികളും മോശമാണെന്ന അഭിപ്രായം എനിക്കില്ല. നമ്മുടെ അമ്മൂമ്മമാര്‍ പറഞ്ഞുതന്നിരുന്നതോ അമര്‍ചിത്രകഥയായി നമ്മള്‍ വായിച്ചറിഞ്ഞതോ ആയ പുരാണകഥകളും മറ്റും ഇന്നത്തെ കുഞ്ഞുങ്ങള്‍ അറിയുന്നത് ഇതുവഴിയാണ്. അതുപോലെ ചില ഗുണപാഠകഥകളും ഉണ്ടാവാറുണ്ട്. എങ്കിലും ചിലതെങ്കിലും കുട്ടികളില്‍ മിഥ്യാധാരണകളുണ്ടാക്കാനും സഹജീവികളോടുള്ള സമീപനത്തെ തന്നെ ബാധിക്കുന്നവയുമാണ് എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്.

അവധിക്കാലത്ത്‌ മുഴുവന്‍ സമയവും കുട്ടികള്‍ വീട്ടിലുണ്ടാവുമ്പോള്‍ നമ്മുടെ പണികള്‍ തീര്‍ക്കാന്‍വേണ്ടി പലപ്പോഴും കാര്‍ട്ടൂണ്‍ ചാനലുകള്‍ വെച്ചുകൊടുക്കാറുള്ള അമ്മമാര്‍ക്ക് മക്കള്‍ എന്താണ് കാണുന്നതെന്ന്കൂടി ശ്രദ്ധിക്കാം. സമയം കിട്ടുമ്പോള്‍ തങ്ങളുടെ ഇഷ്ടപ്പെട്ട പരിപാടി തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് കുഞ്ഞുങ്ങളോടൊപ്പം കൂടാം. എപ്പോഴും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടി വല്ലപ്പോഴും കാഴ്ചബംഗ്ലാവ് പോലുള്ള ഇടങ്ങളില്‍ കൊണ്ടുപോയി മൃഗങ്ങളുടെ യഥാര്‍ത്ഥരൂപം കാട്ടിക്കൊടുക്കാം.

"ഞങ്ങടെയൊക്കെ കുട്ടിക്കാലത്ത്..." എന്ന് നെടുവീര്‍പ്പിട്ടിരിക്കാതെ ഇന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നാം തന്നെ വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. എപ്പോഴും ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും മുന്നില്‍ ഇരുത്താതെ കുറച്ചു സമയം അടുത്തുള്ള പാര്‍ക്കില്‍ കൊണ്ടുപോയി  കുഞ്ഞിന്‍റെ  മാനസികവും  ശാരീരികവുമായ ആരോഗ്യവും മെച്ചപ്പെടുത്താം.  പിന്നെ, എന്‍റെ മക്കള്‍‍ നഗരത്തിലെ ഒന്നാംകിട ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ച് കോണ്‍ഫ്ലേക്സും ചോക്കോസും മാത്രം കഴിച്ച് എക്സ്ബോക്സ്‌ ഗെയിംസ് കളിച്ച് ഫാംവില്ലയില്‍ ഞാറു നട്ടാല്‍ മതിയെന്ന് കരുതുന്ന മാതാപിതാക്കള്‍ക്ക് ബാധകമല്ല ഇപ്പറഞ്ഞതൊന്നും.