About Me

My photo
A person who loves to read, write, sing and share thoughts.

Thursday, February 14, 2013

ഒരു കാത്തിരിപ്പിന്റെ മുനമ്പ്


"ചേച്ചീ... ഇന്ന് കാപ്പി കൊടുക്കാന്‍ പോവണ്ടേ?"
ഗൃഹപാഠങ്ങള്‍  എഴുതിത്തീര്‍ക്കുമ്പോഴേക്കും കാര്‍ത്തി പടിക്കലെത്തി വിളി തുടങ്ങും.  വൈകുന്നേരങ്ങളിലെ പാഠം വായനയില്‍ നിന്നുള്ള തല്ക്കാല രക്ഷപ്പെടല്‍ കൂടിയാണ് അവനത്. വീട്ടില്‍ പണ്ട് സ്ഥിരമായി വന്നിരുന്ന് പഠിക്കുകയും കളിക്കുകയും ചെയ്തിരുന്ന അയല്‍പക്കങ്ങളിലെ കുട്ടികളില്‍ ഒരുവനായിരുന്നു എങ്കിലും അവരില്‍ പ്രധാനി താന്‍ തന്നെയെന്ന് കാര്‍ത്തി വിശ്വസിച്ചുപോന്നു.

"ഇതാ ഇതും കൂടെയേ ഉള്ളൂ.. നീ അപ്പോഴേക്കും ആ മലയാളം പുസ്തകമെടുത്ത്‌ ഉറക്കെ വായിച്ചേ.."

കാര്‍ത്തി അക്ഷരങ്ങളുമായി മല്ലയുദ്ധം നടത്തുമ്പോഴേക്കും ഗൃഹപാഠവും മറ്റു പണികളും തീര്‍ത്ത്, അമ്മയോ ചേച്ചിയോ ഒരുക്കിവെച്ച കാപ്പി നിറച്ച തൂക്കുപാത്രം എടുത്തു ഞാന്‍ ഇറങ്ങിരിക്കും.

കഷ്ടിച്ച് മൂന്നു മിനിറ്റ് മാത്രമുള്ള യാത്രയില്‍ അവന്‍ വാചാലനാവും. സ്കൂളിലെ വീരശൂരപരാക്രമങ്ങള്‍, അടുത്തിട കണ്ട വിജയകാന്ത് പടത്തിലെ സ്റ്റണ്ട് രംഗങ്ങള്‍, കൂട്ടുകാരില്‍ നിന്നും സംഘടിപ്പിച്ച കുഞ്ഞുഫിലിമുകളുടെ പ്രദര്‍ശനം അങ്ങനെ പലതും വിഷയമാവും അഗ്രഹാരത്തിലൂടെയുള്ള ആ ഹ്രസ്വനടത്തത്തിനിടയില്‍.

നാണിക്കുട്ടിയമ്മയുടെ വീടിനു മുന്നിലെത്തുമ്പോള്‍ അവന്‍ മുന്നിലോടി, പടികള്‍ ചാടിക്കയറി വാതിലിന്റെ അഴിയിലൂടെ കൈയിട്ട് തുരുമ്പിച്ച സാക്ഷ നീക്കി, ആഞ്ഞുതള്ളും. ദ്രവിച്ചുതുടങ്ങിയ വാതില്‍ ദയനീയമായി കരഞ്ഞുകൊണ്ട്‌ മലര്‍ക്കെ തുറക്കും.

"മോഹനന്‍ വന്നുവോടാ?"ഉള്ളിലെ ഇരുട്ടിനെ ഭേദിച്ച് ക്ഷീണിച്ച ചോദ്യവും പഴക്കത്തിന്റെ ഗന്ധവും ഞങ്ങളെ വരവേല്‍ക്കും.

അതോടെ കാര്‍ത്തി പതിയെ എന്റെ പിന്നിലേക്ക്‌ നീങ്ങും. ഓരോ തവണയും അവര്‍ കാത്തിരിക്കുന്ന, എന്നോ നാടുവിട്ട മനോരോഗിയായ മകന്‍ അല്ലെന്നറിയിച്ചുകൊണ്ട് അകത്തെ കുഞ്ഞുമുറിയില്‍  പ്രവേശിക്കുമ്പോള്‍ നിലത്തു വിരിച്ച പഴകിയ പായയിലെ തീരെ മെലിഞ്ഞ രൂപത്തിന്റെ മുഖഭാവം എന്തായിരുന്നുവെന്ന് എനിക്കോര്‍മ്മയില്ല. കണ്ണടയ്ക്കുന്നതിനു മുന്പ് ഒരിക്കലെങ്കിലും ഏക മകനെ ഒരുനോക്കു കാണാന്‍ കൊതിച്ച അമ്മയുടെ മനോവിഷമങ്ങള്‍ ആ മുഖത്തുനിന്ന് വായിച്ചെടുക്കാനുള്ള പക്വതയോ പ്രായമോ എനിക്കന്നുണ്ടായിരുന്നില്ലതന്നെ.

മുന്‍പൊരിക്കല്‍ ചേച്ചി കാണിച്ചു തന്നതുപോലെ, ഉള്ളില്‍ കയറിയ ഉടനെ പിന്‍വാതില്‍ തുറന്നു, സായാഹ്നവെളിച്ചത്തെ മുറിയില്‍ കയറ്റും. പിന്നെ, അമ്മയുടെ തല പതിയെ ഉയര്‍ത്തിവെച്ച് നനഞ്ഞ തുണി മുക്കിപ്പിഴിഞ്ഞ്‌  മുഖം തുടച്ച്, മൊന്തയിലെ കാപ്പി ചെറിയ ഗ്ലാസില്‍ ഒഴിച്ച് കുറേശ്ശേയായി വായിലൊഴിച്ചു കൊടുക്കുമ്പോള്‍ കാര്‍ത്തി വാതില്‍ക്കല്‍ വെറുതെ നില്‍ക്കുകയാവും. അല്ലെങ്കില്‍ വരാന്തയില്‍ നിന്നും റോഡിലേക്ക് ചാടുക, വീണ്ടും ഓടിക്കയറുക തുടങ്ങിയ വികൃതികളില്‍ ഏര്‍പ്പെട്ടിരിക്കും. കാപ്പി മതിയാവുമ്പോള്‍ അവര്‍ പതിയെ തലയാട്ടുകയോ മൂളുകയോ ചെയ്യും. അതോടെ ബാക്കി കാപ്പി അവിടുത്തെ പാത്രത്തില്‍ ഒഴിച്ച്, തലേന്നത്തെ പാത്രങ്ങള്‍ ‌ കഴുകിവെച്ച്, അവരുടെ മുഖം തുടച്ച് വൃത്തിയാക്കി, പിന്‍വാതില്‍ അടച്ചു കുറ്റിയിട്ട് പുറത്തിറങ്ങും. അതിനിടയില്‍ കാര്‍ത്തി മൂലക്കിരിക്കുന്ന റാന്തല്‍ കൊളുത്തി കുഞ്ഞുനാളം മാത്രമാക്കി വെച്ചിട്ടുണ്ടാവും.

യാത്രപറഞ്ഞ്‌ വെളിയിലേക്കുള്ള വാതില്‍ ചാരി, പടികള്‍ ഇറങ്ങുമ്പോള്‍ എന്റെ കയ്യിലെ തൂക്കുപാത്രം കാര്‍ത്തി വാങ്ങിപ്പിടിക്കും.. വീടെത്തുന്നതുവരെ രണ്ടുപേരും നിശബ്ദരായിരിക്കും.

വീട്ടിലേക്കു കയറുമ്പോള്‍ അവന്‍ ഒരിക്കല്‍ ചോദിച്ചത് ഞാന്‍ അമ്മയോടും ചോദിച്ചു
"ഈ മോഹനേട്ടന്‍ എവിടെ പോയതാ?"

മോഹനേട്ടന്‍ ജോലിയൊന്നുമില്ലാതെ വെറുതെ നടന്നിരുന്നു എന്ന് മാത്രമേ എനിക്കറിയാവൂ.. പണ്ട് അച്ഛന്‍ ഉണ്ടായിരുന്ന കാലത്ത് വീട്ടില്‍ വന്നിരുന്ന്  "സംഗീതമേ... നിന്‍ പൂഞ്ചിറകില്‍" എന്ന പാട്ട് നീട്ടിപ്പാടിയിരുന്നു എന്നത് തികച്ചും അവ്യക്തമായ ഓര്‍മ്മയാണ്. അന്നൊക്കെ അയാള്‍ സ്ഥിരബുദ്ധിയുള്ള ചെറുപ്പക്കാരനായിരുന്നു. നാണിക്കുട്ടിയമ്മ ഞങ്ങളുടെ വീട്ടിലെ നിത്യസന്ദര്‍ശകയും. ചേച്ചിമാര്‍ സിനിമക്കോ കുറച്ചകലെയുള്ള അമ്പലങ്ങളിലോ പോവാന്‍ കൂട്ടുപിടിച്ചിരുന്നത് അവരെ ആയിരുന്നു. വെളുത്തു മെലിഞ്ഞ വൃദ്ധയുടെ  വയറ്റില്‍ ഇക്കിളിയിട്ട് ഉഴുന്നുമാവെന്ന് കളിയാക്കുമ്പോള്‍ "വെര്‍തെയിരിക്കു കുട്ടീ" എന്ന് വെറ്റിലക്കറ പിടിച്ച പല്ലുകാട്ടി ചിരിക്കുന്ന മുഖമാണ്, ഇരുളില്‍ കണ്ട അസ്ഥിപഞ്ജരത്തെക്കാള്‍ ആ പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്.

മോഹനേട്ടന്‍ ഇടയ്ക്കിടെ മനസ് നഷ്ടപ്പെടുത്തി എവിടെയൊക്കെയൊ അലഞ്ഞുതിരിയും. അപ്പോഴൊക്കെ ആശുപത്രികളിലും അമ്പലങ്ങളിലും മന്ത്രവാദപ്പുരയിലും  അയാളെയും കൊണ്ട് ആ അമ്മ നടക്കും. എന്നോ ഒരിക്കല്‍ മനസ് പൂര്‍ണ്ണമായും തിരികെ നേടാമെന്ന ആഗ്രഹവുമായി ചോറ്റാനിക്കരയില്‍ പോയെങ്കിലും മടങ്ങിയത് അമ്മ മാത്രമായിരുന്നു. മകനെ ഭഗവതി കാക്കുമെന്ന് വിശ്വസിച്ച് അവര്‍ ജീവിച്ചു. ഒരിക്കല്‍ ശബരിമലക്ക് പോയ നാട്ടുകാരിലാരോ തൃപ്പൂണിത്തുറ അമ്പലത്തില്‍ മോഹനനെ കണ്ടുവെന്ന് അറിയിച്ചപ്പോള്‍ അവിടെയും മകനെ തേടിയെത്തി ആയമ്മ. മകനുള്ള പുത്തന്‍ കുപ്പായവും മുണ്ടുമായി ഉത്സവത്തിരക്കില്‍ കാത്തിരുന്ന അവരുടെ മുന്നിലൂടെ കടന്നുപോയവരില്‍ ഒരാളുടെ മുതുകിലെ വലിയ മറുക് അമ്മക്ക് മകനെ കാട്ടിക്കൊടുത്തു. പിടിച്ചുനിര്‍ത്തിയ അമ്മയെ തള്ളിമാറ്റി, കൂടെ വരാന്‍ വിസമ്മതിച്ച് അയാള്‍ തിരക്കില്‍ അപ്രത്യക്ഷനായപ്പോള്‍ അവര്‍ വീണ്ടും തനിച്ചായി.

ആരുടെയൊക്കെയോ ഔദാര്യമോ സ്നേഹമോ കൊണ്ട് നിലനിര്‍ത്തപ്പെട്ട ജീവന്‍ കുറെനാള്‍ കൂടി അങ്ങനെ തന്നെ തുടരാന്‍ കാരണമായത് ആ  കാത്തിരുപ്പ് മാത്രമായിരുന്നിരിക്കണം. കളഞ്ഞുപോയ ഓര്‍മ്മകള്‍ വീണ്ടെടുത്ത്‌, ചിതലരിച്ച വാതില്‍ തള്ളിത്തുറന്ന് എന്നെങ്കിലുമൊരിക്കല്‍ അയാള്‍ വരുമെന്ന വിശ്വാസം.