About Me

My photo
A person who loves to read, write, sing and share thoughts.

Monday, August 25, 2008

ഒരു മരവും അതിനു പിന്നിലെ ചിന്തകളും

ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്‍റെ മുന്‍വശത്തെ ബദാംമരത്തിന്‍റെ ചില്ലകള്‍ മുഴുവന്‍ വെട്ടിയൊതുക്കിയിരിക്കുന്നതാണ് ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ടകാഴ്ച. നട്ടുച്ചക്ക് മകളുടെ സ്കൂള്‍വാന്‍ കാത്തുനില്‍ക്കാന്‍ എനിക്ക് തണല്‍ നല്കുന്നതൊഴിച്ചാല്‍ ആ മരവും ഞാനും തമ്മില്‍, ടി. പദ്മനാഭനും മുരിങ്ങയും പോലുള്ള ആത്മബന്ധമൊന്നും ഇല്ലായിരുന്നു. എങ്കിലും ചീന്തിയെടുക്കപ്പെട്ടതുപോലെ വെളുത്ത ആ പച്ചമുറിവ്, ബാല്‍കണിയില്‍ നിന്നും നോക്കുമ്പോള്‍ എന്‍റെ ഉള്ളില്‍ എവിടെയോ വേദനയുളവാക്കി. മുറിവേറ്റ ഭാഗത്തെ നനവ് അതിന്‍റെ കണ്ണുനീര്‍ ആയിരിക്കുമോ എന്ന് സംശയിച്ചു. മിണ്ടാനാവുമായിരുന്നെങ്കില്‍ ആ മരം എന്തുമാത്രം വാവിട്ടു കരഞ്ഞിരിക്കും.. അരുതേയെന്ന് അപേക്ഷിച്ചിരിക്കും.. തളിരിട്ട കാലം മുതല്‍ കാറ്റിനാല്‍ തൊട്ടിലാട്ടിയും താരാട്ടുമൂളിയും വേണ്ടതെല്ലാം കൊടുത്തും വളര്‍ത്തി വലുതാക്കിയ സ്വന്തം ശിഖരങ്ങളെ വളര്‍ന്നുപോയി എന്ന കുറ്റത്താല്‍, നിനച്ചിരിക്കാത്ത ഒരുനാള്‍ ആരോ വെട്ടിയകറ്റി ദൂരെ എവിടെയോ കൊണ്ടുനടുകയോ ചവറ്റുകൂനയില്‍ വലിച്ചെറിയുകയോ ചെയ്തതെന്നുപോലും അറിയാതെ ഒരമ്മമരം. ചിന്തകള്‍ കാടുകയറിത്തുടങ്ങി. ഇനി ആ ശിഖരങ്ങള്‍ എവിടെയെങ്കിലും നടപ്പെട്ട്, വളര്‍ന്ന്‌ വലിയമരമാവുമ്പോള്‍ അവയുടെ ശിഖരങ്ങളും ഇതുപോലെ മുറിച്ചു മാറ്റപ്പെടും. അന്ന് അവ മനസ്സിലാക്കുമായിരിക്കും ഈ അമ്മ പണ്ടു വേദനിച്ചത്‌.
പണ്ട് പുറത്തുപോയി തിരിച്ചെത്താന്‍ കുറച്ചു വൈകുമ്പോള്‍ തന്നെ വേവലാതിപ്പെടുന്ന അമ്മയോട് കൊച്ചുകുട്ടി ഒന്നുമല്ല ഞാന്‍ എന്ന് പിണങ്ങുമ്പോള്‍ അമ്മ പറയാറുള്ള മറുപടി മനസ്സില്‍ വന്നു.
"ഇപ്പോഴൊന്നും നിനക്കിത് മനസ്സിലാവില്ല... ഈ അവസ്ഥയില്‍ ആവുമ്പോഴേ നിങ്ങളൊക്കെ മനസ്സിലാക്കൂ.. "

ഈ മരത്തിന്‍റെ നഷ്ടത്തില്‍ ഞാന്‍ വേദനിക്കേണ്ടതുണ്ടോ? ഇടയ്ക്ക് യുക്തിചിന്ത ഉണര്‍ന്നു. അടുത്ത മഴയില്‍ അതില്‍ വീണ്ടും തളിരുകള്‍ വരും.. മുറിപ്പാടുകള്‍ മറച്ചുകൊണ്ട്‌ ശിഖരങ്ങള്‍ ഇനിയും പടര്‍ന്നുപന്തലിക്കും. എന്നെങ്കിലും മുറിച്ചുനീക്കപ്പെടും എന്ന കാരണത്താല്‍ ഇപ്പോള്‍ തന്നെ അവയെ ആരും കൊഴിച്ചുകളയുന്നില്ലല്ലോ? എല്ലാരും എല്ലാം മറക്കും. കാലം എല്ലാത്തിനെയും മറയ്ക്കും. ഇതല്ലേ ജീവിതം...? പ്രകൃതിനിയമം...? 

മുറിയില്‍ നിന്നും കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് ഉള്ളിലേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ അവളുടെ കരച്ചിലിന്‍റെ കാരണമെന്തെന്ന ചിന്തമാത്രമായി എന്‍റെ മനസ്സില്‍. അപ്പോഴേക്കും അടുത്ത മഴയ്ക്കായി മേഘങ്ങള്‍ ഉരുണ്ടുകൂടി തുടങ്ങിയിരുന്നു.

Saturday, August 16, 2008

ഒരു സായാഹ്നം

ഹോസ്റ്റലില്‍ നിന്നും ഇറങ്ങുമ്പോള്‍ മാലിനി കൈയിലെ കവര്‍ ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തി. നാട്ടില്‍ നിന്നും അവളുടെ അമ്മ അയാള്‍ക്ക് വേണ്ടി പ്രത്യേകം പൊതിഞ്ഞു കൊടുത്ത അച്ചാറും, ട്രെയിനില്‍ കയറുന്നതിനു തൊട്ടുമുന്‍പ് അവള്‍ മേടിച്ച ചിപ്സിന്റെ പൊതിയും ആയിരുന്നു അതില്‍. മകളെ അന്യനാട്ടില്‍ സഹായിക്കുന്നതിനു അമ്മയുടെ സ്നേഹം.

കടല്‍ക്കരയില്‍ നല്ല തിരക്കായിരുന്നു. വാരാന്ത്യം നഗരത്തിലെ കുടുംബങ്ങള്‍ ആഘോഷിക്കുന്നത്‌ അവിടെയാണ്. പട്ടം പറത്തിയും പന്തുകളിച്ചും തിരമാലകളെ തോല്പ്പിക്കാനെന്നോണം കൂടെ ഓടിയും കുട്ടികള്‍ തിമര്‍ത്തുകൊണ്ടിരുന്നു. കടല്‍ എന്നും മതിവരാത്ത ഒരു കാഴ്ചയായിരുന്നു മാലിനിക്ക്. ചിലപ്പോള്‍ തിരമാലകളോട് മല്‍സരിക്കാനും ചിലപ്പോള്‍ വെറുതെ അകലേക്ക് നോക്കിയിരിക്കാനും മറ്റുചിലപ്പോള്‍ മേഘങ്ങളില്‍ മുഖങ്ങള്‍ തിരയാനും ഒക്കെ..

ബൈക്ക് പാര്‍ക്കു ചെയ്ത് അവള്‍ക്കു മുന്നില്‍ നടന്നുചെന്ന് ജീവന്‍ താഴെ ഇരുന്നു. കൈയിലെ കവര്‍ താഴെ വെച്ച് അയാളില്‍ നിന്നും കുറച്ചകലെയായി ഇരുന്ന അവള്‍ക്ക് നാട്ടിലെ വിശേഷങ്ങള്‍ പറഞ്ഞുതീര്‍ത്തു വീണ്ടും കടലിന്‍റെ അനന്തതയിലേക്ക് ലയിക്കാനായിരുന്നു തോന്നിയത്.

"ചേച്ചിക്ക് പൂ മേടിച്ചുകൊടുക്കുന്നില്ലേ സാര്‍?"
കറുത്തുമെലിഞ്ഞ പെണ്‍കുട്ടി പൂക്കൊട്ടയുമായി അവളുടെ പരിസരബോധത്തെ തിരിച്ചുനല്കി. അതിനു മറുപടിയായി ജീവന്‍ എന്തോ തമിഴില്‍ പറഞ്ഞു. പ്രത്യാശ കൈവെടിയാതെ അവള്‍ അടുത്ത ആള്‍ക്കൂട്ടത്തിലേക്ക്‌ നടന്നു.

മേഘപാളികള്‍ക്കിടയില്‍ നിന്നും എത്തിനോക്കിയും മറഞ്ഞുനിന്നും സൂര്യന്‍ ഭൂമിയിലെ കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയാണെന്നുതോന്നി. ദൂരെ കെട്ടിടങ്ങളില്‍ വൈദ്യുതദീപങ്ങളും സൂര്യനോട്‌ മത്സരിക്കാനെന്നോണം പല നിറങ്ങളിലും പുഞ്ചിരിച്ചു തുടങ്ങിയിരുന്നു. തിരക്കേറി വരുന്ന നിരത്തുകളും ചീറിപ്പായുന്ന വാഹനങ്ങളുമൊക്കെ നോക്കി അവളിരുന്നു.

"നിനക്കു നാടും വീടുമൊക്കെ മിസ് ചെയ്യുന്നുണ്ട് ല്ലേ?"
ജീവന്‍റെ ചോദ്യത്തിന് എന്താണ് മറുപടി നല്കേണ്ടതെന്നറിയാതെ വീണ്ടും അകലേക്ക് നോക്കിയിരുന്നു. എന്നും നാട്ടില്‍ നിന്നും തിരിച്ചെത്തുന്ന ഒരാഴ്ച ഗൃഹാതുരത്വം അവളെ വല്ലാതെ വിഷമിപ്പിക്കാറുള്ളതായിരുന്നു.
അമ്മയുടെ മുഖം മനസ്സില്‍ നിറയുന്നതറിഞ്ഞു. നാട്ടിലെത്തുന്ന നാള്‍ മുതല്‍ ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കി കഴിപ്പിക്കുന്നതിലാവും മാലിനിയുടെ അമ്മയുടെ ശ്രദ്ധ മുഴുവന്‍. അച്ചാറും അച്ചപ്പവും ഉണ്ണിയപ്പവും കാച്ചെണ്ണയും വരെ രണ്ടു ദിവസത്തിനുള്ളില്‍ കാറ്റുകടക്കാത്ത വിധം പായ്ക്കുചെയ്യപ്പെട്ട് അവളുടെ ബാഗില്‍ ഇടംപിടിച്ചിരുന്നു. ഹോസ്റ്റലില്‍ എന്തെങ്കിലും നാട്ടില്‍ നിന്നുമെത്തിയാല്‍ അടുത്തദിവസം തന്നെ തീര്‍ന്നിട്ടുണ്ടാവും.
ബസ്സ്സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ അമ്മപറഞ്ഞത്‌ അവളോര്‍ത്തു.
"...എന്തായാലും പഴയതൊന്നും അവന്‍ മനസ്സില്‍ വെച്ചിട്ടില്ലല്ലോ.. ആ പ്രായത്തിന്‍റെ ഓരോരോ... മോളതൊന്നും ഓര്‍ക്കാന്‍ പോവണ്ട.. അന്യനാട്ടില്‍ കിടക്കുമ്പോ അറിയുന്ന ആരെങ്കിലും ഉള്ളതൊരു സഹായമേ ആവൂ.. "
ശരിയാണ്. പണ്ടു അയാളുടെ വിവാഹാഭ്യര്‍ത്ഥന അവള്‍ നിരസിച്ചതൊന്നും പിന്നീടൊരിക്കലും സംസാരവിഷയമായിട്ടെയില്ല. പിന്നീട് ജീവന്‍ ജോലിചെയ്യുന്ന കമ്പനിയില്‍ ഒരു ഒഴിവു വന്നപ്പോള്‍ അവളെ അറിയിച്ചതും അപേക്ഷിക്കാന്‍ സഹായിച്ചതും അയാള്‍ തന്നെയായിരുന്നു.

കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാള്‍ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി. അവളുടെ നിയമനം സ്ഥിരപ്പെടുത്താനായി അവരുടെ മേലുദ്യോഗസ്ഥനോട്‌ അപേക്ഷിച്ചതും ഹോസ്റ്റല്‍ സൌകര്യത്തിനായി കൂട്ടുകാരെ സമീപിച്ചതും മറ്റും അവള്‍ ആദ്യമായി കേള്‍ക്കുന്നതുപോലെ ശ്രദ്ധിച്ചിരുന്നു. അടുപ്പമുള്ളവരോട് നന്ദിവാക്കു പറയുന്നതിലുള്ള അനൌചിത്യം ഓര്‍ത്തു അവള്‍ മിണ്ടാതിരുന്നു.

കടല്‍ക്കരയില്‍ ആളുകള്‍ കുറഞ്ഞുതുടങ്ങിയിരുന്നു. ഇരുട്ട് ആഘോഷിക്കുന്ന പ്രണയജോടികള്‍ മാത്രം അങ്ങിങ്ങായി കാണപ്പെട്ടു. അവള്‍ അവരില്‍ ഒരാളാവാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് കൈയിലുള്ള കവര്‍ അയാളെ ഏല്പിച്ചു എഴുനേല്‍ക്കാനൊരുങ്ങി.

"മാലിനി, എനിക്കെന്തു കുറവാണ് നീ കണ്ടത്? ഇത്രയൊക്കെ നിനക്കുവേണ്ടി ചെയ്തിട്ടും ഇനിയും...."
നടുക്കത്തോടെ അയാളുടെ മുഖത്തെ ഭാവം എന്തെന്നറിയാന്‍ വിഫലശ്രമം നടത്തിക്കൊണ്ട് അവള്‍ പിടഞ്ഞെഴുന്നേറ്റു. അപ്പോള്‍ ഇതുവരെ എനിക്കുവേണ്ടി ചെയ്തതെല്ലാം... എല്ലാം മറന്ന് സുഹൃത്തായി കാണണം എന്ന് പറഞ്ഞത്... അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ അവളുടെ മസ്തിഷ്കത്തിലേക്ക്‌ ഇരച്ചുകയറി... ഒന്നും തന്നെ വാക്കുകളായി വെളിയിലേക്ക് വന്നില്ല.. കാരണമില്ലെങ്കിലും കലങ്ങിവരാറുള്ള അവളുടെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞതെയില്ല.. തിരക്കിട്ട് ചെരുപ്പ് കൈയിലെടുത്ത് മറ്റെകൈയില്‍ പര്‍സ് ചുരുട്ടിപ്പിടിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ ഹോസ്റ്റല്‍വഴിക്കുപോവുന്ന ബസ്സിന്‍റെ നമ്പര്‍ പോലും അവളുടെ മനസ്സില്‍ വന്നില്ല. മണ്ണില്‍ പുതഞ്ഞുപോവുന്ന കാലുകള്‍ വലിച്ചെടുത്തു ധൃതിയില്‍ നടക്കുമ്പോള്‍ പിന്നില്‍ സൂര്യനോടൊപ്പം, ഊഷ്മളമാവുമെന്നു അവള്‍ വിശ്വസിച്ച ഒരു സൌഹൃദവും അസ്തമിക്കുന്നത് അവളറിഞ്ഞു.