About Me

My photo
A person who loves to read, write, sing and share thoughts.

Monday, December 31, 2012

പറയാതെ...

"തള്ളേടെ ഇരിപ്പ് കണ്ടില്ലേ? ഒരു പെങ്കൊച്ചിനെ ട്രെയിനീന്ന് തള്ളിയിട്ടു കൊല്ലാന്‍ നോക്കിയതാ.."
 പ്രതി കനകമ്മാള്‍ എന്ന വൃദ്ധ മുഖം താഴ്ത്തി ദൃഷ്ടി തറയിലൂന്നി പോലീസ് സ്റ്റേഷന്റെ വരാന്തയില്‍ മിണ്ടാതിരുന്നു.
വൈകുന്നേരങ്ങളില്‍ താംബരത്തു നിന്നും കയറിയാല്‍ സബ് അര്‍ബന്‍ തീവണ്ടി  ബീച്ച് സ്റ്റേഷന്‍ എത്തുന്നതുവരെയും പൂക്കാരി കനകമ്മാള് ആരോടും മിണ്ടാറില്ല. അവരുടെ വലിയ പരന്ന കൊട്ടയില്‍ മുല്ല, മല്ലി, കനകാംബരം, മരിക്കൊഴുന്ത് എന്നിവ ഇട കലര്‍ത്തി കെട്ടിയതും വെവ്വേറെ  കെട്ടിയതുമായ മാലകള്‍ വലിയ പന്തുകളായിരിക്കും. അരികില്‍ എട്ടോ പത്തോ റോസാപ്പൂക്കള്‍  കെട്ടാതെയും വെക്കുന്നത് ഇടക്ക് പടയായി വന്നു ചിരിയും ബഹളവുമായി ഒരുമിച്ചിറങ്ങിപോവുന്ന വിദ്യാര്‍ത്ഥിനികളെ കരുതിയാണ്.
എല്ലാ ദിവസവും ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ ആണ് കനകമ്മാള്‍ ഇരിക്കുന്നത്. വായ മുഴുവന്‍ ചുവപ്പിച്ച്, പൂക്കൂടയുടെ മൂലയിലെ വെറ്റിലച്ചെല്ലത്തിന്റെ മൂടി ഇടയ്ക്കിടെ തുറന്നും അടച്ചും അവര്‍ ആരോടും മിണ്ടാതിരുന്നു. ഓരോ സ്റ്റേഷനിലും അവരെ കടന്ന് ഇടത്തോട്ടോ വലത്തോട്ടോ പോകുന്ന ആവശ്യക്കാര്‍ പൂവിന്റെ പേരും  അളവും പറഞ്ഞ് അരികില്‍ നില്‍ക്കുന്നതിന്റെ അടുത്ത നിമിഷം പൂവും പൈസയും കൈമാറ്റം ചെയ്യപ്പെടുകയും കനകമ്മാളുടെ വെറ്റിലചെല്ലം വീണ്ടും അടച്ചുതുറക്കപ്പെടുകയും ചെയ്തുപോന്നു.
പെണ്‍കൂട്ടങ്ങളിലെ പരദൂഷണമോ അന്താക്ഷരിയോ വാരികാചര്‍ച്ചകളോ ഒന്നും തന്നെ അവരെ ബാധിച്ചതേയില്ല. അങ്ങനെ ഒരു ജീവനെ ആരും ഒന്നിലും ഉള്‍പ്പെടുത്താനും തുനിഞ്ഞില്ല.  അവിടെയുള്ള ആരെയെങ്കിലും അറിയാനോ അന്വേഷിക്കാനോ ആ വൃദ്ധയും ശ്രമിച്ചില്ല. രാത്രി വണ്ടിയിലെ തിരിച്ചുള്ള യാത്രയിലും കനകമ്മാള് അവരുടെതായ ലോകത്തെ തണുത്ത തറയിലിരുന്നു.
"ഏതാ ആ പെണ്‍കുട്ടി?"
"അത് സെന്‍ട്രല്‍ സ്റ്റേഷന്റെ അടുത്ത് ഒരു കടയിലെ ജോലിക്കാരിയാണ് .. തേന്മൊഴി.. വ്യാഴാഴ്ച രാത്രിവണ്ടിക്ക് വീട്ടിലേക്ക് പോവുമ്പോഴാ സംഭവം.."
കാഴ്ചയില്‍ പതിനഞ്ചുകാരി എന്ന് തോന്നിക്കുന്ന തേന്മൊഴി എപ്പോഴാണ് സെന്ട്രലിലേക്ക് പോവുന്നതെന്നോ എന്നുമുതലാണ്‌ രാത്രിവണ്ടിയിലെ  സ്ഥിരം യാത്രക്കാരി ആയതെന്നോ കനകമ്മാളിന് അറിയില്ല. വാതിലിനു അടുത്തുള്ള സീറ്റില്‍ ആരോടും മിണ്ടാതെ ഓരം ചേര്‍ന്ന് ജനല്‍കമ്പികളില്‍ കവിളമര്‍ത്തി വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കാറുള്ള അവളുടെ പേര് അവര്‍ ആദ്യമായി കേള്‍ക്കുന്നത് പോലീസുകാരനില്‍ നിന്നാണ്. രാത്രിവണ്ടി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ എവിടെ നിന്നോ അവള്‍ ഓടിവന്നു കയറുന്നതും മാമ്പലം സ്റ്റേഷനില്‍ ഇറങ്ങി തെരുവിന്റെ തിരക്കിലേക്ക് തിടുക്കത്തില്‍ മറയുന്നതും അവര്‍ കണ്ടിട്ടുണ്ട്. വെറ്റിലചെല്ലത്തിലെ നാണയങ്ങളും മുഷിഞ്ഞ നോട്ടുകളും അടുക്കിയെടുത്ത് മടിയിലെ കുഞ്ഞുതുണിസഞ്ചിയില്‍ മുറുക്കി കെട്ടിവെക്കുന്ന സമയത്താണ്  അവള്‍ തിടുക്കപ്പെട്ടു ഇറങ്ങുന്നത്. ഓട്ടത്തിനിടയില്‍ കാല്‍ അറിയാതെ തട്ടിയാല്‍ ശബ്ദമില്ലാതെ എന്തോ ക്ഷമാപണമായി ഉച്ചരിച്ച് അവരെ തൊട്ട് തലയില്‍ വെച്ച് അവള്‍ തിരക്കില്‍ മറയും.
ഉത്സവക്കാലം അല്ലെങ്കില്‍ പിന്നെ, പൂക്കാരിയുടെ വെറ്റില ചെല്ലം നിറയുന്നത് വ്യാഴാഴ്ച വൈകുന്നേരങ്ങളിലാണ്. സ്ഥിരയാത്രികരായ സുമംഗലികള്‍ ഇറങ്ങാന്‍ നേരത്ത് വെള്ളി പൂജക്കായി  മറക്കാതെ പൂക്കള്‍ വാങ്ങിപ്പോകും.
"കിളവീ... എന്തിനാ നീ ആ കൊച്ചിനെ തള്ളിയിട്ടതെന്ന് പറയില്ല,ല്ലേ? " അകത്തെ മുറിയില്‍ നിന്നിറങ്ങിവന്ന ഇന്‍സ്പെക്ടര്‍  കോകില ബൂട്സിട്ട കാലുകൊണ്ട്‌ വൃദ്ധയെ തട്ടി, വലിയൊരു തമിഴ് തെറിയുടെ അകമ്പടിയോടെ ചോദിച്ചു.
"ഊമയോ മറ്റോ ആണോ എന്തോ... ആരും ഇവര് സംസാരിച്ചു കണ്ടിട്ടില്ല, മാഡം.."
"എല്ലാം അടവായിരിക്കും! ആ സഞ്ചിയില്‍ കുറെ പണം ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്.. ?" 
"മോഷണശ്രമമോ മല്പ്പിടുത്തമോ ഒന്നും നടന്നിട്ടില്ല .. യാതൊരു പ്രകോപനവും ഇല്ലാതെ അവര്‍ അവളെ തള്ളിയിടുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ ആയതുകൊണ്ടും ട്രെയിന്‍ സ്ലോ ആയതുകൊണ്ടും ഇടത്തേ കാലിന്റെ ഒടിവല്ലാതെ മറ്റ് പരിക്കുകള്‍ ഒന്നും കാര്യമായിട്ടില്ല എന്നാണ് അറിഞ്ഞത്. "
കാലുകള്‍ വീണ്ടും അടുപ്പിച്ച് തന്നിലെക്കെന്ന പോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നതല്ലാതെ  വൃദ്ധ ഒന്നുമുരിയാടാന്‍ കൂട്ടാക്കിയില്ല.
ആശുപത്രിക്കിടക്കയില്‍ തേന്മൊഴി ഇനിയും വിട്ടുമാറാത്ത നടുക്കത്തോടെ കിടന്നു. തുണിക്കടയിലെ തിരക്കില്‍നിന്നും എന്നും എങ്ങനെയൊക്കെയോ ഒഴിവായി, സബ് വേയിലെ ഒഴുക്കില്‍ ഊളിയിട്ട് സ്റ്റേഷനില്‍ എത്തി, ഇരമ്പിനീങ്ങിത്തുടങ്ങുന്ന  വണ്ടിയില്‍ ചാടിക്കയറി ഇരിപ്പുറപ്പിക്കുന്നതുവരെ തനിക്ക് ശ്വാസം ഇല്ലെന്ന് അവള്‍ക്ക് തോന്നാറുണ്ട്. ജനലോരത്ത് തണുത്ത കാറ്റേറ്റിരിക്കുമ്പോള്‍, വൈകിയെത്തുന്ന മകളുടെ നേരെ മദ്യം മണക്കുന്ന തെറിപ്പാട്ട് പാടുന്ന, രംഗനാഥന്‍ തെരുവിലെ വഴിവാണിഭക്കാരന്‍  അപ്പനെയും വലിയ വീടുകളിലെ മിച്ചഭക്ഷണം പ്ലാസ്റ്റിക്‌ കൂടുകളില്‍ കൊണ്ടുവന്ന് സഹോദരങ്ങള്‍ക്ക്‌ ഒരുപോലെ വീതം വെക്കാന്‍ പാടുപെടുന്ന അമ്മയെയും, ഒരു നിമിഷം പോലും വെറുതെയിരിക്കാന്‍ അനുവദിക്കാത്ത തുണിക്കടമുതലാളിയെയും മറന്നുപോകും. പൂക്കാരി പാട്ടിയുടെ കുട്ടയിലെ വിടര്‍ന്നു തുടങ്ങുന്ന മുല്ലമൊട്ടുകള്‍ കാറ്റില്‍ സുഗന്ധം പടര്‍ത്തുന്നത് അപ്പോഴാണ്‌.. തിരക്കൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍ പലപ്പോഴും അവളെ കൂടാതെ പൂക്കാരി കനകമ്മാളും തിളക്കമുള്ള വസ്ത്രങ്ങളും ചുവന്ന ചിരിയുമായി കയറുന്ന ഹിജഡകളും സ്ഥിര യാത്രക്കാരല്ലാത്ത ചിലരും മാത്രമേ കാണുകയുള്ളൂ..
കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്  ഇടയ്ക്കെപ്പോഴോ കയറുന്ന ചില പൂവാലന്മാരുടെ ശല്യം വല്ലാതെ കൂടി വരുന്നുണ്ട്. ആളൊഴിഞ്ഞ വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറി അശ്ലീലച്ചുവയുള്ള വാചകമടിയും മോശമായ നോട്ടവും ഉള്ളില്‍ ഭീതി നിറക്കുമ്പോള്‍ തേന്മൊഴി പൂക്കാരി പാട്ടിയുടെ അരികിലെത്തി രണ്ടു മുഴം മല്ലിപൂ ചോദിക്കും. എന്ത് നടന്നാലും പൂക്കാരിയമ്മയുടെ നിസ്സംഗഭാവത്തിന് മാറ്റമൊന്നും ഉണ്ടാവില്ലെന്നറിയാമെങ്കിലും അവരുടെ അരികില്‍ നില്‍ക്കുമ്പോള്‍ അവള്‍ക്ക് ധൈര്യമാണ്. പാന്‍ പരാഗിന്റെയും മദ്യത്തിന്റെയും ഗന്ധം  അവിടം മുഴുവന്‍ നിറച്ച് വഷളന്‍ ചിരിയുമായി ചുറ്റിനടന്ന് അടുത്ത ഇരയെത്തേടി  അവര്‍ മറയുമ്പോള്‍ മല്ലിപ്പൂ മുഖത്തോട് ചേര്‍ത്ത് അവള്‍ ദീര്‍ഘമായി ശ്വസിക്കും.  
എന്തായിരുന്നു അന്ന് രാത്രി നടന്നത് എന്ന് ഇന്‍സ്പെക്ടര്‍ മാഡം ചോദിക്കുമ്പോള്‍ ഭയത്തിന്റെ കരിമ്പടം വിട്ടു പുറത്തുവരാന്‍ കൂട്ടാക്കാതെ തേന്മൊഴി കണ്ണുകള്‍ ഇറുക്കിയടച്ചു.  നടുക്കുന്ന ഓര്‍മ്മകളെ അന്യമാക്കാന്‍ ശ്രമിച്ചു മിണ്ടാതെ കിടന്നപ്പോള്‍, രോഗിക്ക് ഒരു ദിവസം കൂടെ സാവകാശം ചോദിച്ചുകൊണ്ട് ഡോക്ടര്‍ സഹായത്തിനെത്തിയതുകൊണ്ട് പോലീസുകാര്‍ മടങ്ങി.
"എന്നമ്മാ ആച്ച് ഉനക്ക്? "
ജനറല്‍ വാര്‍ഡിലെ ആളൊഴിഞ്ഞ നേരത്ത് അരികില്‍ ചേര്‍ന്നിരുന്ന് അമ്മ ചോദിച്ചപ്പോള്‍ ആദ്യമായി തേന്മൊഴി വിങ്ങിക്കരഞ്ഞു. രാവിലെ ഇറങ്ങുന്നത് മുതല്‍ തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഓടിയും നടന്നും വീടണയുന്നതുവരെയുള്ള അരക്ഷിതാവസ്ഥയുടെ മഞ്ഞുരുകി  അവളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങി.
ലഹരിയുടെ ഗന്ധം  അടുത്തടുത്തു വന്നപ്പോഴായിരുന്നു  പതിവുപോലെ പൂക്കാരി പാട്ടിയുടെ അടുത്തേക്ക് പോയത്.  അവരെ തള്ളി മാറ്റി അവളുടെ നേര്‍ക്കടുക്കുന്നതുകണ്ട് ആത്മരക്ഷാര്‍ത്ഥം ഭ്രാന്തമായി ഓടുമ്പോള്‍  തന്‍റെ ദീനരോദനത്തെ തോല്പ്പിക്കാനെന്നോണം അലറിപ്പായുകയായിരുന്നു തീവണ്ടി. ഏതോ സ്റ്റേഷന്‍ അടുക്കുന്നു എന്ന തോന്നല്‍ അവസാനത്തെ കച്ചിത്തുരുമ്പായപ്പോള്‍ വാതിലിനു നേരെ പായുമ്പോഴായിരുന്നു വഴി തടഞ്ഞുകൊണ്ട്‌ രണ്ടുപേര്‍ ഓടിയടുത്തത്.  പിന്നില്‍നിന്നും ആരുടെയോ ശക്തമായ തള്ളലേറ്റ് പ്ലാറ്റ്ഫോമില്‍ വീണതും  ആരെല്ലാമോ ഓടിക്കൂടിയതും അവ്യക്തമായ ഓര്‍മ്മകളാണ്..
"അന്ത പൂക്കാരി കെളവി നാസമാ പോവാ.. എന്‍ കൊഴന്തൈ എന്ന തപ്പ് പണ്ണാ..." തലയിലും നെഞ്ചിലും മാറിമാറി അടിച്ച് ശാപവാക്കുകള്‍ പൊഴിക്കുന്ന അമ്മയെ നോക്കി കിടക്കുമ്പോള്‍ അവള്‍ക്ക് പൂക്കാരി പാട്ടിയെ കാണണമെന്ന് തോന്നി.. മുല്ലപ്പൂവിന്റെ പരിമളം പരത്തിക്കൊണ്ട് തണുത്ത കാറ്റ് വീശി..
ആശുപത്രി സന്ദര്‍ശിച്ചു തിരിച്ചെത്തിയ ഇന്‍സ്പെക്ടര്‍ കോകില ട്രെയിനിലെ സുരക്ഷാനടപടികളെ കുറിച്ച് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു പോലീസുകാരന്‍ മുറിയുടെ മൂലയില്‍ ഇരുന്ന പൂക്കൊട്ട കനകമ്മാളുടെ  നേര്‍ക്ക്‌ തള്ളി.
"നീ തപ്പിച്ചിട്ടെ കെളവീ... ആ പെണ്ണിന് പരാതി ഒന്നുമില്ലത്രേ..."
പൂക്കൊട്ട കയ്യിലെടുത്തു പതിയെ നടന്നകലുമ്പോള്‍ കനകമ്മാളുടെ ഉറക്കച്ചടവാര്‍ന്ന മുഖത്ത് ഒരു  ഗൂഡസ്മിതം വിടര്‍ന്നിരുന്നു. ചുവന്ന കല്ലുള്ള മൂക്കുത്തി തിളങ്ങി. കുട്ടയിലെ വാടിയ പൂക്കള്‍ പോലും സുഗന്ധം പരത്തി.

Monday, December 10, 2012

കേശോമ്മാഷ്

  
ഇത് കുറച്ചുനാള്‍ മുന്പ് എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതൊരു ഓര്‍മ്മക്കുറിപ്പ് ആവുമായിരുന്നില്ല. എന്റെ അല്ലെങ്കില്‍ എല്ലാ ശിഷ്യഗണങ്ങളുടെയും  പ്രിയങ്കരനായ, കേശോമ്മാഷ് എന്ന് സ്നേഹപൂര്‍വ്വം വിളിക്കപ്പെട്ട ശ്രി . എം എന്‍ കേശവന്‍ നായര്‍ സാറിനെ കുറിച്ച് പലപ്പോഴും എഴുതണം എന്ന് ആഗ്രഹിച്ചതായിരുന്നു.. പ്രിയപ്പെട്ട ഗുരുവിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഞാന്‍ പറഞ്ഞിട്ടുമുണ്ട്  എങ്കിലും.... എന്തൊക്കെ ഞാന്‍ എഴുതിയാലും അതൊന്നും പോരാ എന്ന് തോന്നിപ്പിക്കുന്ന അത്രയും ഉയരത്തില്‍ ആണ് എന്റെ മനസ്സില്‍ സര്‍ ഇന്നും  എന്നതുകൊണ്ടാവാം ഇതുവരെയും എനിക്കതിനു കഴിയാതിരുന്നതും, ഒടുവില്‍  അദ്ദേഹത്തിന്റെ വിയോഗം ഇതിനൊരു നിമിത്തമായതും.  
 
മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്പ്, മരണമെന്ന വാക്കിന്റെ അര്‍ഥം പോലും അറിയുന്നതിനും മുന്പ് ഒരു അഞ്ചുവയസ്സുകാരിക്ക് ഒരു വലിയ നഷ്ടമുണ്ടായി. അന്ന് തറവാട്ടിലേക്കുള്ള ബസ്‌ യാത്രയില്‍ അവള്‍ മാത്രം ഒന്നുമറിയാതെ ഇരുളില്‍ പിന്നിലേക്ക്‌ മറയുന്ന കുഞ്ഞു വെളിച്ചങ്ങള്‍ കൌതുകത്തോടെ നോക്കിയിരുന്നു. കടത്തു കടന്നു അക്കരെയെത്തി മരണവീട്ടിലെ നിലവിളിയില്‍ അമ്പരന്നു ചുറ്റും നോക്കുമ്പോള്‍ ഒരാള്‍ അവളെ ചേര്‍ത്തുപിടിച്ചു.. മുറ്റത്ത്‌ നിരത്തിയിട്ട മടക്കുകസേരയിലിരുന്ന് അവളെ മടിയിലിരുത്തി. അവിടിരുന്നുകൊണ്ട് തെക്കെമുറിയിലെ കട്ടിലില്‍ അനങ്ങാതെ കിടക്കുന്ന അച്ഛനെയും അടുത്തിരുന്നു കരയുന്ന അമ്മയെയും ചേച്ചിമാരെയും കണ്ടതുമാത്രമാണ് അച്ഛന്റെ മരണമെന്ന് കേള്‍ക്കുമ്പോള്‍ അവളുടെ മനസിലെത്തുന്ന മങ്ങിയ ഓര്‍മ്മകള്‍..... ഒരുപക്ഷെ അന്നുമുതലാവാം അവളുടെ മനസ്സില്‍ പിതൃതുല്യമായ ഒരു സ്ഥാനം അദ്ദേഹത്തിനുണ്ടായത്.
 
ഇളം നീല ഷര്‍ട്ട്‌ ധരിച്ച്, കയ്യില്‍ ഹാജര്‍ പുസ്തകവും ചൂരലുമായി കൊമ്പന്‍ മീശയും ഒത്ത ഉയരവും തീക്ഷ്ണമിഴികളുമുള്ള അദ്ദേഹം അവള്‍ പഠിച്ച യു. പി സ്കൂളിന്റെ വരാന്തയിലൂടെ ഉറച്ച കാല്‍വെയ്പ്പുകളോടെ വരുമ്പോള്‍ തന്നെ കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുമായിരുന്നു ഓരോ കുട്ടിയെയും പോലെ അവള്‍ക്കും. ഉത്തരം പറഞ്ഞില്ലെങ്കില്‍ മുന്നിലേക്ക്‌ പിടിച്ചു നിര്‍ത്തി കാല്‍വണ്ണയില്‍ ചൂരല്‍ കൊണ്ട് അടിച്ചു പഠിപ്പിക്കുന്ന രീതി ഇന്നത്തെ കുട്ടികള്‍ക്ക് പരിചയം ഉണ്ടാവില്ല. പക്ഷെ പണ്ടൊക്കെ അച്ഛനമ്മമാര്‍ ശിക്ഷിച്ചു പഠിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നതുകൊണ്ടാവാം ഇത്തരം ശിക്ഷാവിധികളെയും അത് നടപ്പാക്കുന്ന അധ്യാപകരെയും കുട്ടികള്‍ ഭയന്നിരുന്നതും അതുകൊണ്ട് തന്നെ വല്ലതുമൊക്കെ പഠിക്കാന്‍ ശ്രമിച്ചിരുന്നതും..
  
ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടുള്ള അധ്യാപനരീതി തന്നെ അദ്ദേഹത്തിന് ആ തൊഴിലിനോടുള്ള ആത്മാര്‍ഥതയാണ് കാണിച്ചിരുന്നത്. ഉഴപ്പുന്നവരുടെ വീട്ടുപടിക്കല്‍ അദ്ദേഹത്തിന്റെ സൈക്കിള്‍ മണിനാദം മുഴങ്ങി. അന്നത്തെ ഉത്തരമില്ലായ്മക്കുള്ള ഉത്തരം അവിടെ അപ്പോള്‍ പറഞ്ഞിരിക്കണം. പഠിക്കാതെ ഉഴപ്പി നടക്കുന്നവരോട് സാര്‍ ഒട്ടും ദയ കാണിച്ചിരുന്നില്ല. അതുപോലെ അവിടെ പഠിക്കാന്‍ വിടുന്ന കുട്ടികളുടെ വിജയം ഉറപ്പായതുകൊണ്ട് അച്ഛനമ്മമാരും കര്‍ശന ശിക്ഷാനടപടിയില്‍ ഒട്ടും സഹതപിച്ചിരുന്നതുമില്ല.
 
 ഗ്രാമത്തിലെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ ഘന ഗംഭീര ശബ്ദത്തിലുള്ള ആകര്‍ഷകമായ പ്രസംഗം കൊണ്ട് മുഴുവന്‍ നാട്ടുകാരുടെയും മനംകവരുമ്പോള്‍ അവളുടെ മനസ്സില്‍ അദ്ദേഹത്തിന്  മാതൃകാപുരുഷന്റെ സ്ഥാനമുണ്ടായി..ഓരോ പരീക്ഷയിലും വാത്സല്യത്തോടെ ആത്മവിശ്വാസം പകര്‍ന്നപ്പോള്‍ അവ്യക്തമായ ഓര്‍മ്മകളില്‍ മാത്രമുള്ള സ്വന്തം അച്ഛനെ അദ്ദേഹത്തില്‍ കണ്ടു.
 
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അവള്‍ വളര്‍ന്ന് ഉദ്യോഗസ്ഥയും, ഭാര്യയും അമ്മയുമൊക്കെയായിട്ടും 
അവധിക്കു നാട്ടിലെത്തുമ്പോള്‍ എവിടെയെങ്കിലും വെച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ മാഷിന്റെ തലവെട്ടം കാണുമ്പോള്‍ ഒളിക്കുന്ന ഉഴപ്പിപെണ്ണായ പഴയ പത്താം ക്ലാസ്സുകാരിയുടെ നെഞ്ചിടിപ്പ് അറിഞ്ഞു.
 
ഒടുവില്‍ വാര്‍ധക്യവും രോഗങ്ങളും കീഴടക്കിയ ശരീരത്തെ സംരക്ഷിക്കാന്‍ മനസ്സുറപ്പ് കൊണ്ട് പൊരുതുന്ന ഗുരുവിനെ കാണാന്‍  എത്തിയപ്പോള്‍ ഓര്‍മ്മകള്‍ പോലും പിണങ്ങി നില്‍ക്കുന്ന മനസ്സില്‍ ഇപ്പോഴും ആ പഴയ സ്നേഹം ഒട്ടും മങ്ങാതെ ഉണ്ടെന്നുള്ള അറിവ് മനസിനോടൊപ്പം കണ്ണും നിറച്ചു.
 
വീണ്ടും വരുമ്പോഴും അവിടെത്തന്നെ ഉണ്ടാവണേ എന്ന് വ്യര്‍ത്ഥമായി പ്രാര്‍ത്ഥിച്ച്, ആ കാല്‍ തൊട്ടുവന്ദിച്ചു മടങ്ങുമ്പോള്‍ കൈകള്‍ മുറുകെ പിടിച്ച് അദ്ദേഹം ക്രമമില്ലാതെ പറഞ്ഞ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അറിയുന്നു.. കടന്നുവന്ന വഴികള്‍ മറക്കാതിരിക്കാന്‍, ഏത് ഉയരത്തില്‍ നിന്നാലും അഹങ്കരിക്കാതിരിക്കാന്‍, ഗുരുത്വമുണ്ടാവാന്‍ ഒക്കെയുള്ള അനുഗ്രഹമായിരുന്നു അതെന്ന്!