ഇത് കുറച്ചുനാള്‍ മുന്പ് എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതൊരു ഓര്‍മ്മക്കുറിപ്പ് ആവുമായിരുന്നില്ല. എന്റെ അല്ലെങ്കില്‍ എല്ലാ ശിഷ്യഗണങ്ങളുടെയും പ്രിയങ്കരനാ യ, കേശോമ്മാഷ് എന്ന് സ്നേഹപൂര്‍വ്വം വിളിക്കപ്പെട്ട ശ്രി . എം എന്‍ കേശവന്‍ നായര്‍ സാറിനെ കുറിച്ച് പലപ്പോഴും എഴുതണം എന്ന് ആഗ്രഹിച്ചതായിരുന്നു.. പ്രിയപ്പെട്ട ഗുരുവിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഞാന്‍ പറഞ്ഞിട്ടുമുണ്ട് എങ്കിലും.... എന്തൊക്കെ ഞാന്‍ എഴുതിയാലും അതൊന്നും പോരാ എന്ന് തോന്നിപ്പിക്കുന്ന അത്രയും ഉയരത്തില്‍ ആണ് എന്റെ മനസ്സില്‍ സര്‍ ഇന്നും എന്നതുകൊണ്ടാവാം ഇതുവരെയും എനിക്കതിനു കഴിയാതിരുന്നതും, ഒടുവില്‍ അദ്ദേഹത്തിന്റെ വിയോഗം ഇതിനൊരു നിമിത്തമായതും.
മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്പ്, മരണമെന്ന വാക്കിന്റെ അര്‍ഥം പോലും അറിയുന്നതിനും മുന്പ് ഒരു അഞ്ചുവയസ്സുകാരിക്ക് ഒരു വലിയ നഷ്ടമുണ്ടായി. അന്ന് തറവാട്ടിലേക്കുള്ള ബസ് യാത്രയില്‍ അവള്‍ മാത്രം ഒന്നുമറിയാതെ ഇരുളില്‍ പിന്നിലേക്ക് മറയുന്ന കുഞ്ഞു വെളിച്ചങ്ങള്‍ കൌതുകത്തോടെ നോക്കിയിരുന്നു. കടത്തു കടന്നു അക്കരെയെത്തി മരണവീട്ടിലെ നിലവിളിയില്‍ അമ്പരന്നു ചുറ്റും നോക്കുമ്പോള്‍ ഒരാള്‍ അവളെ ചേര്‍ത്തുപിടിച്ചു.. മുറ്റത്ത് നിരത്തിയിട്ട മടക്കുകസേരയിലിരുന്ന് അവളെ മടിയിലിരുത്തി. അവിടിരുന്നുകൊണ്ട് തെക്കെമുറിയിലെ കട്ടിലില്‍ അനങ്ങാതെ കിടക്കുന്ന അച്ഛനെയും അടുത്തിരുന്നു കരയുന്ന അമ്മയെയും ചേച്ചിമാരെയും കണ്ടതുമാത്രമാണ് അച്ഛന്റെ മരണമെന്ന് കേള്‍ക്കുമ്പോള്‍ അവളുടെ മനസിലെത്തുന്ന മങ്ങിയ ഓര്‍മ്മകള്‍..... ഒരുപക്ഷെ അന്നുമുതലാവാം അവളുടെ മനസ്സില്‍ പിതൃതുല്യമായ ഒരു സ്ഥാനം അദ്ദേഹത്തിനുണ്ടായത്.
ഇളം നീല ഷര്‍ട്ട് ധരിച്ച്, കയ്യില്‍ ഹാജര്‍ പുസ്തകവും ചൂരലുമായി കൊമ്പന്‍ മീശയും ഒത്ത ഉയരവും തീക്ഷ്ണമിഴികളുമുള്ള അദ്ദേഹം അവള്‍ പഠിച്ച യു. പി സ്കൂളിന്റെ വരാന്തയിലൂടെ ഉറച്ച കാല്‍വെയ്പ്പുകളോടെ വരുമ്പോള്‍ തന്നെ കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുമായിരുന്നു ഓരോ കുട്ടിയെയും പോലെ അവള്‍ക്കും. ഉത്തരം പറഞ്ഞില്ലെങ്കില്‍ മുന്നിലേക്ക് പിടിച്ചു നിര്‍ത്തി കാല്‍വണ്ണയില്‍ ചൂരല്‍ കൊണ്ട് അടിച്ചു പഠിപ്പിക്കുന്ന രീതി ഇന്നത്തെ കുട്ടികള്‍ക്ക് പരിചയം ഉണ്ടാവില്ല. പക്ഷെ പണ്ടൊക്കെ അച്ഛനമ്മമാര്‍ ശിക്ഷിച്ചു പഠിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നതുകൊണ് ടാവാം ഇത്തരം ശിക്ഷാവിധികളെയും അത് നടപ്പാക്കുന്ന അധ്യാപകരെയും കുട്ടികള്‍ ഭയന്നിരുന്നതും അതുകൊണ്ട് തന്നെ വല്ലതുമൊക്കെ പഠിക്കാന്‍ ശ്രമിച്ചിരുന്നതും..
ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടുള്ള അധ്യാപനരീതി തന്നെ അദ്ദേഹത്തിന് ആ തൊഴിലിനോടുള്ള ആത്മാര്‍ഥതയാണ് കാണിച്ചിരുന്നത്. ഉഴപ്പുന്നവരുടെ വീട്ടുപടിക്കല്‍ അദ്ദേഹത്തിന്റെ സൈക്കിള്‍ മണിനാദം മുഴങ്ങി. അന്നത്തെ ഉത്തരമില്ലായ്മക്കുള്ള ഉത്തരം അവിടെ അപ്പോള്‍ പറഞ്ഞിരിക്കണം. പഠിക്കാതെ ഉഴപ്പി നടക്കുന്നവരോട് സാര്‍ ഒട്ടും ദയ കാണിച്ചിരുന്നില്ല. അതുപോലെ അവിടെ പഠിക്കാന്‍ വിടുന്ന കുട്ടികളുടെ വിജയം ഉറപ്പായതുകൊണ്ട് അച്ഛനമ്മമാരും കര്‍ശന ശിക്ഷാനടപടിയില്‍ ഒട്ടും സഹതപിച്ചിരുന്നതുമില്ല.
ഗ്രാമത്തിലെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ ഘന ഗംഭീര ശബ്ദത്തിലുള്ള ആകര്‍ഷകമായ പ്രസംഗം കൊണ്ട് മുഴുവന്‍ നാട്ടുകാരുടെയും മനംകവരുമ്പോള്‍ അവളുടെ മനസ്സില്‍ അദ്ദേഹത്തിന് മാതൃകാപുരുഷന്റെ സ്ഥാനമുണ്ടായി..ഓരോ പരീക്ഷയിലും വാത്സല്യത്തോടെ ആത്മവിശ്വാസം പകര്‍ന്നപ്പോള്‍ അവ്യക്തമായ ഓര്‍മ്മകളില്‍ മാത്രമുള്ള സ്വന്തം അച്ഛനെ അദ്ദേഹത്തില്‍ കണ്ടു.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അവള്‍ വളര്‍ന്ന് ഉദ്യോഗസ്ഥയും, ഭാര്യയും അമ്മയുമൊക്കെയായിട്ടും
അവധിക്കു നാട്ടിലെത്തുമ്പോള്‍ എവിടെയെങ്കിലും വെച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ മാഷിന്റെ തലവെട്ടം കാണുമ്പോള്‍ ഒളിക്കുന്ന ഉഴപ്പിപെണ്ണായ പഴയ പത്താം ക്ലാസ്സുകാരിയുടെ നെഞ്ചിടിപ്പ് അറിഞ്ഞു.
ഒടുവില്‍ വാര്‍ധക്യവും രോഗങ്ങളും കീഴടക്കിയ ശരീരത്തെ സംരക്ഷിക്കാന്‍ മനസ്സുറപ്പ് കൊണ്ട് പൊരുതുന്ന ഗുരുവിനെ കാണാന്‍ എത്തിയപ്പോള്‍ ഓര്മ് മകള്‍ പോലും പിണങ്ങി നില്‍ക്കുന്ന മനസ്സില്‍ ഇപ്പോഴും ആ പഴയ സ്നേഹം ഒട്ടും മങ്ങാതെ ഉണ്ടെന്നുള്ള അറിവ് മനസിനോടൊപ്പം കണ്ണും നിറച്ചു.
വീണ്ടും വരുമ്പോഴും അവിടെത്തന്നെ ഉണ്ടാവണേ എന്ന് വ്യര്‍ത്ഥമായി പ്രാര്‍ത്ഥിച്ച്, ആ കാല്‍ തൊട്ടുവന്ദിച്ചു മടങ്ങുമ്പോള്‍ കൈകള്‍ മുറുകെ പിടിച്ച് അദ്ദേഹം ക്രമമില്ലാതെ പറഞ്ഞ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അറിയുന്നു.. കടന്നുവന്ന വഴികള്‍ മറക്കാതിരിക്കാന്‍, ഏത് ഉയരത്തില്‍ നിന്നാലും അഹങ്കരിക്കാതിരിക്കാ ന്, ഗുരുത്വമുണ്ടാവാന്‍ ഒക്കെയുള്ള അനുഗ്രഹമായിരുന്നു അതെന്ന്!
12 comments:
ടച്ചിംഗ് .... നല്ല അധ്യാപകരുടെ ശിഷ്യര്‍ ആകാനും വേണം ഒരു ഭാഗ്യം ...
ആ നല്ല ഗുരുനാഥന് ആദരാഞ്ജലികള്‍....
ഗുരു ഭക്തിയില്ലാത്ത ഇന്നിന്‍റെ ശിഷ്യര്‍ക്കും , പാത വ്യതിചലിക്കുന്ന ആധുനിക അദ്ധ്യാപകര്‍ക്കും, ആകുലപ്പെടുന്ന മാതാപിതാകള്‍ക്കും എന്നും വായിക്കുവാനും സൂക്ഷിക്കുവനുമുള്ള ഒരു അമൂല്യ ഓര്‍മ്മക്കുറിപ്പ്. ആ നന്മ നിറഞ്ഞ മാഷിന് ആദരാഞ്ജലികള്‍. സ്നേഹം നിറഞ്ഞ അസൂയ എഴുത്തുകാരിയോടും ...! :)
ഇഷ്ടപ്പെടുന്നവരുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ നാം അറിയാതെ മനോഹരമാകും.. അത്തരത്തില്‍ ഒരു കുറിപ്പ്..
ആശംസകള്‍ ..!
മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്പ്, മരണമെന്ന വാക്കിന്റെ അര്‍ഥം പോലും അറിയുന്നതിനും മുന്പ് ഒരു അഞ്ചുവയസ്സുകാരിക്ക് ഒരു വലിയ നഷ്ടമുണ്ടായി. അന്ന് തറവാട്ടിലേക്കുള്ള ബസ് യാത്രയില്‍ അവള്‍ മാത്രം ഒന്നുമറിയാതെ ഇരുളില്‍ പിന്നിലേക്ക് മറയുന്ന കുഞ്ഞു വെളിച്ചങ്ങള്‍ കൌതുകത്തോടെ നോക്കിയിരുന്നു. കടത്തു കടന്നു അക്കരെയെത്തി മരണവീട്ടിലെ നിലവിളിയില്‍ അമ്പരന്നു ചുറ്റും നോക്കുമ്പോള്‍ ഒരാള്‍ അവളെ ചേര്‍ത്തുപിടിച്ചു..
ഈ കുറിപ്പിനു പിന്നിലെ ആത്മാർത്ഥതയും ദു:ഖവും തെളിഞ്ഞ് കാണാനാവുന്നു
ശിവ,നന്നായി ഈ കുറിപ്പ്.സ്നേഹാധനനായ അധ്യാപകനെ ഞങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടു വന്നു നിര്‍ത്തിയതിനു നന്ദി
ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗുരുശിഷ്യ ബന്ധത്തിന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പ്...
മനസ്സില്‍ തൊട്ട എഴുത്ത്. ആ നല്ല അധ്യാപകന് ആദരാഞ്ജലികള്‍
നന്നായി ശിവ ഈ സമര്‍പ്പണം..
നന്മ വറ്റാത്ത ഹൃദയമുള്ള ശിഷ്യര്‍ ഉണ്ടെന്ന അറിവാണ് ഒരു അദ്ധ്യാപകന്റെ ഏറ്റവും വലിയ ചാരിതാര്‍ത്ഥ്യം. കേശോമ്മാഷ് എന്നറിയപ്പെട്ട ആ ഗുരുനാഥന്‍ ഭാഗ്യവാനാണ്....
ആ ഗുരുനാഥന് ആദരാഞ്ജലികള്‍....
നന്നായി എഴുതി....
ആശംസകള്‍....
Post a Comment