About Me

My photo
A person who loves to read, write, sing and share thoughts.

Monday, March 5, 2012

പലായനം

ഇപ്പോഴത്തെ വാര്‍ത്തകള്‍ എന്നും സ്വസ്ഥതയ്ക്കു മേലെ തീമഴ പെയ്യിക്കുന്നവയാണ്. ഒരിടത്ത് പിഞ്ചുകുഞ്ഞുമായി വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മറ്റൊരിടത്ത് അറുപതുവയസുകാരിയുടെ നേരെയും പീഡനശ്രമം!

"അച്ഛാ.. ഇത് കണ്ടോ?"

നോട്ട് ബുക്കിന്റെ താള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഖി ഓടി വന്നപ്പോള്‍ പത്രം മടിയില്‍ വെച്ചു കണ്ണടയുടെ മുകളിലൂടെ മകളെ തുറിച്ചുനോക്കി.

"അമ്മ..."

ഇരുകവിളിലും ഒഴുകിയിറങ്ങുന്ന കണ്ണുനീര്‍ ചാലിന് മുകളില്‍ അവളുടെ കണ്ണുകളിലെ തീ അയാള്‍ തിരിച്ചറിഞ്ഞു.

"ഇറ്റ്സ് ബികോസ് ഓഫ് യു ഒണ്‍ലി... എന്നും അമ്മക്ക് കുറ്റപ്പെടുത്തല്‍ മാത്രമല്ലേ ഉണ്ടാവാറുള്ളൂ, എന്തിനുമേതിനും.. സ്നേഹത്തോടെ ഒരു വാക്ക്..?"

"മോളെ.. നീയെന്തായീ പറയുന്നത്? അവളോട്‌ സ്നേഹമില്ലാത്തത് കൊണ്ടാണോ... നീയും കണ്ടിട്ടുള്ളതല്ലേ അവളുടെ അബ്സന്റ്റ് മൈന്‍ഡ്... ഇത്ര കെയര്‍ലെസ്സ് ആവുമ്പോള്‍..."

"മതി-- ...സ്വയം ന്യായികരിക്കാന്‍ ഇതൊക്കെ അച്ഛന്‍ വെറുതെ.... "

അമ്മയുടെ പിന്നില്‍ ഭയത്തോടെ നിന്നും അമ്മ വഴി മാത്രം ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നവള്‍ എത്ര പെട്ടെന്നാണ് മുതിര്‍ന്നത്!

കയ്യിലെ തുണ്ടുകടലാസില്‍ മിഴിയുറപ്പിച്ചു കൊണ്ടു അയാള്‍ മൊബൈല്‍ കയ്യിലെടുത്തു. പേരുകള്‍ പരതുമ്പോള്‍ സംശയം. ആരെയാണ് വിളിക്കേണ്ടത്? എന്തുപറയും? ഭാര്യ വീടുവിട്ടു പോയെന്നോ.. അല്ലെങ്കില്‍ ഓടിപോയെന്നോ... ആരോടാ അന്വേഷിക്കുന്നത്? വല്ലാത്തൊരു ആത്മനിന്ദ തോന്നി.

"ഹലോ..."

"ങാ.. അളിയാ..ഞങ്ങള്‍ അങ്ങോട്ട്‌ വിളിക്കണമെന്ന് കരുതിയതായിരുന്നു... നമ്മുടെ രാഖിമോള്‍ക്ക് ഒരാലോചന.. അവളെവിടെ... അടുക്കളയിലാണോ? ഇനിയിപ്പോള്‍ പെണ്ണിന്റെ അമ്മയോടും കൂടി പറഞ്ഞില്ലെന്നു വേണ്ടാ....ഫോണ്‍ സ്പീക്കറില്‍ ഇട്ടോ... "

മറുപടിക്കായി വാക്കുകളൊന്നും മനസിന്റെ കാണാപ്പുറങ്ങളില്‍ മുള പൊട്ടാഞ്ഞതിന്റെ വേദനയില്‍ വിരലുകള്‍ അറിയാതെ ഫോണ്‍ ബന്ധം മുറിച്ചു.

"വിദ്യാന്റീടെ വീട്ടിലൊന്നു വിളിച്ചു നോക്കൂ അച്ഛാ.." പതിനെട്ടുകാരി എത്രപെട്ടെന്നാണ് വീണ്ടും വിസ്മയിപ്പിക്കുന്ന പക്വത തെളിയിക്കുന്നത്; അത്ഭുതത്തോടെ മുഖമുയര്‍ത്തുമ്പോഴേക്കും അവള്‍ ഡയല്‍ ചെയ്തു തുടങ്ങിയിരുന്നു.

"ഇതെന്താടീ ഇന്ന് കെട്ട്യോന്റെ ഫോണീന്ന് വിളിക്കുന്നത്‌? പണ്ടേ നീയൊരു പിശുക്കിയാണല്ലോ.." അപ്പുറത്തെ ചിരിയോടെ തുടങ്ങുന്ന വിശേഷം പറച്ചില്‍..

ഫോണ്‍ കട്ട്‌ ചെയ്ത് തളര്‍ച്ചയോടെ കണ്ണടച്ച് രാഖി സോഫയിലേക്ക് വീഴുമ്പോള്‍ കണ്ണുകളില്‍ നീര്‍ച്ചാലുകളുടെ ഉറവ പൊട്ടിയൊഴുകി .

അമ്മയെ വിഷമിപ്പിക്കുന്നതില്‍ താനും മോശക്കാരിയായിരുന്നില്ലല്ലോ.. കൂട്ടുകാരോടൊത്ത് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാന്‍ പോയാല്‍ ഉടനെ താന്‍ ചീത്തയായിപോവുമോ? കൊതിച്ചു വാങ്ങിയ യെല്ലോ ടോപ്‌ ഇട്ടു കൈ ഉയര്‍ത്തുമ്പോള്‍ കുറച്ചു വയര്‍ കാണുമെന്നു വെച്ചു അത്രയ്ക്കങ്ങ് എക്സ്പോസിംഗ് ആണോ?

വിലക്കുകള്‍ ഉയരുമ്പോള്‍ അമ്മ ഒരു കണ്‍ട്രി ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.ഒരിക്കലും തിരിച്ചു ദേഷ്യപ്പെടാഞ്ഞത് കൊണ്ടാവണം വീണ്ടും വീണ്ടും കുറ്റപെടുത്താന്‍ തുനിഞ്ഞിട്ടുള്ളത്. അച്ഛനും തനിക്കും ഇഷ്ടമുള്ളതൊക്കെ വെച്ചുവിളമ്പുമ്പോള്‍ ഒരിക്കലും ഓര്‍ത്തിട്ടില്ല അമ്മയ്ക്കതു ഇഷ്ടമായിരുന്നോ എന്ന്.

മൊബൈലിലെ പേരുകളില്‍ വെറുതെ കണ്ണോടിച്ചു കൊണ്ടിരിക്കെ അയാളുടെ ചിന്തകള്‍ ഒരു തിരുത്തലിനെ തിരഞ്ഞു.

അവളെ താന്‍ അവഗണിച്ചിരുന്നോ?

"ഇത് വായിച്ചിട്ടുണ്ടോ അച്ഛന്‍ എന്നെങ്കിലും? അമ്മ എഴുതിയ കവിതകളാണ്..!"

മകള്‍ നീട്ടിയ പഴയ ഡയറിയിലേക്ക് തുറിച്ചു നോക്കുമ്പോള്‍ അവള്‍ക്കും തനിക്കുമിടയില്‍ കട്ടിയുള്ള തിരശ്ശീല ഉണ്ടായിരുന്നുവല്ലോ എന്ന് അയാള്‍ അത്ഭുതപ്പെട്ടു. അവള്‍ എപ്പോഴാണ് എഴുത്ത് തുടങ്ങിയത്? വിവാഹത്തിന്റെ ആദ്യനാളുകളില്‍ എന്നോ കോളേജ് മാഗസിനില്‍ എഴുതിയതിനെകുറിച്ച് അവള്‍ പറഞ്ഞപ്പോള്‍ എന്തോ കളിയാക്കിചിരിച്ചതല്ലാതെ...

കിടക്ക വിട്ടെഴുന്നെല്‍ക്കുന്നത് അടുക്കളയിലെ അവളുടെ നെട്ടോട്ടത്തിന്റെ അപസ്വരങ്ങള്‍ കേട്ടുകൊണ്ടാവും. ജോലി കഴിഞ്ഞു രാത്രി വന്നു കയറുമ്പോള്‍ ഭക്ഷണമെടുത്ത് വിളംബാനോരുങ്ങുന്ന കാഴ്ചയാവും..രാവിലെ പോകുമ്പോള്‍ ഏല്‍പ്പിച്ച ജോലികളില്‍ ഏതാണ് അവള്‍ ചെയ്യാതിരുന്നത് എന്നല്ലേ അന്വേഷിച്ചിരുന്നുള്ളൂ?

സ്വന്തമായി അഭിപ്രായമില്ലാത്തവള്‍ തന്നെയെന്ന് വിവാഹത്തിന്റെ ആദ്യനാളുകളില്‍ മനസിലായിരുന്നു. ഒപ്പം തന്റെ ഇഷ്ടങ്ങളെല്ലാം ശരിവെക്കുന്ന നല്ലപാതി എന്നതില്‍ അഭിമാനം തോന്നിയിരുന്നു. അവള്‍ക്കു പ്രത്യേകിച്ച് പറയാനൊന്നുമില്ല എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ പിന്നീട് അഭിപ്രായം ചോദിക്കാതെ തീരുമാനങ്ങളെടുത്തു.

എങ്കിലും കുറവുകള്‍ കണ്ടെത്തി കുറ്റപ്പെടുത്താന്‍ താനറിയാതെ ഒരുത്സാഹം എന്നുമുണ്ടായിരുന്നുവോ? വീട്ടിലെ അച്ചടക്കം അവളുടെ അശ്രദ്ധ കൊണ്ടില്ലാതാവുന്നു, അവളുടേത്‌ മാത്രമായ ചെറിയ ലോകത്ത് തനിക്കുപോലും പ്രവേശനമില്ലാതാവുന്നു എന്നൊക്കെയുള്ള മുന്‍വിധികളോ?

എങ്കിലും, അങ്ങനെ അവള്‍ എല്ലാം ഉപേക്ഷിച്ചു എവിടെയാവും പോയിരിക്കുക? അവള്‍ക്കങ്ങിനെ പോകാന്‍ കഴിയുമോ? ഒറ്റക്കവള്‍ എന്ത് ചെയ്യും ?

ഫോണ്‍ അഡ്രസ്‌ ബുക്കില്‍  മുകളിലെക്കൊഴുകിയ പേരുകളില്‍ ഒന്ന് ഉള്ളിലൊരു ഞെട്ടലുണ്ടാക്കി.

ഇനി ഒരുപക്ഷെ... ശ്ശെ! അതാവാന്‍ വഴിയില്ല. അങ്ങനെയെങ്കില്‍ ഇതിലും നല്ല പ്രായത്തിലാവാമായിരുന്നില്ലേ..

അതും തന്‍റെ മനസ്സിന്റെ വികലമായ തോന്നല്‍ മാത്രമാണ് അവരുടെ ബന്ധത്തെ അങ്ങനെ ഒരു നിറക്കൂട്ടില്‍ കാണുന്നതെന്ന് അവള്‍ ആണയിട്ടതാണ്. അവളുടെ കണ്ണുകളിലെ സത്യസന്ധത താന്‍ പലപ്പോഴും അംഗീകരിക്കാന്‍ മടിച്ചിരുന്നു എന്നതാണ് സത്യം. എന്നാലും അവര്‍ക്കിടയില്‍ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നുവെന്നു തോന്നിയിട്ടുണ്ട്.

പലപ്രാവശ്യം ആ പേര് വായിച്ചു ഒടുവില്‍ അതില്‍ വിരലമര്‍ത്തുമ്പോള്‍ അവള്‍ അവിടെയെങ്കിലും ഉണ്ടാവണേ എന്ന് പ്രാര്‍ഥിച്ചുപോയി.

"ഹലോ... വാട്ട് എ സര്‍പ്രൈസ്! എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഞങ്ങളെയൊക്കെ മറന്നുവല്ലേ....."

പരിഭവങ്ങളുടെ കെട്ടഴിച്ചുകൊണ്ട് മറുതലയ്ക്കല്‍ അവളുടെ... അല്ല... പഴയ കുടുംബസുഹൃത്ത്.

"അവിടെ ഇപ്പോള്‍ ആരൊക്കെയുണ്ട്?"

"ഇതെന്തു ചോദ്യാ മാഷെ... ഇവിടുള്ളവരൊക്കെ തന്നെ.. പിന്നെ മോന്‍ കോളേജില്‍ പോയി. അവന്റെ അമ്മ അമ്പലദര്‍ശനമൊക്കെ നടത്തി, ദേ, ബ്രേക്ക്‌ ഫാസ്റ്റ് എടുത്തുവെക്കുന്നു. തന്‍റെ ഇഷ്ടവിഭവമാണ്... ഇഡലിയും സ്ടൂവും! എന്താ പോരുന്നോ?"

മറുവാക്ക് തിരയാന്‍ മെനക്കെടാതെ ഫോണ്‍ കട്ട്‌ ചെയ്ത് സോഫയിലേക്ക് വലിച്ചെറിഞ്ഞു.

അടുത്തു കിടന്ന തുണ്ടുകടലാസിലേക്ക് വീണ്ടും നോക്കി അക്ഷരങ്ങള്‍ പെറുക്കി വെച്ചു വായിക്കാന്‍ ശ്രമിച്ചു.

"ഞാന്‍ ഒരു യാത്രയിലാണ്"

അങ്ങുദൂരെ ഏതോ നാട്ടില്‍ അവള്‍ ലക്ഷ്യത്തെക്കുറിച്ചുള്ള മുന്‍വിധികളില്‍ തളരാത്ത ഒരു യാത്രയിലായിരുന്നു.
ഉത്തരവാദിത്വമെന്ന നൂലില്‍ നെയ്തെടുത്ത  ഭാര്യയുടെയും അമ്മയുടെയും മറ്റാരുടെയോക്കെയോ മേലാടകള്‍ ഒരിക്കല്‍ മാത്രം അഴിച്ചെറിഞ്ഞ്...
അവള്‍ നടന്നു...
ഒരു തൂവല്‍ കാറ്റിലെന്നപോലെ.....

19 comments:

Hari said...

കൊള്ളാം.. നല്ല subject..

Anonymous said...

വാട്ട്‌ എ ഫീല്‍ സൂ .........റിയലി ടച്ചിംഗ്

sree said...

Ayyo...Athanu first feeling..
Kollam chechi..

sree said...

Ayyoo..athanu first feeling..
Kollaam chechi

Manoraj said...

വല്ലാതെ ക്ലീഷേയായോ എന്നൊരു സംശയം ശിവ.. എത്രയോ വട്ടം ഇത് തന്നെ നമ്മള്‍ യാതൊരു മാറ്റവുമില്ലാതെ കേട്ടിരിക്കുന്നു. ശിവക്ക് ശിവയുടെ ഒരു ടച്ച് എങ്കിലും ഇതില്‍ കൊണ്ടുവരാമായിരുന്നു.

നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു.

sameeran said...

ഇത് മുന്നെ എവിടെയെങ്കിലും പോസ്റ്റിയതാണൊ ശിവാ..? വായിച്ച പോലെ.......
നല്ല ഭാഷ....
വായിക്കാന്‍ ഒരു സുഖമുണ്ട്....
ഇനിയും എഴുതൂ...

റോസാപൂക്കള്‍ said...

ഇപ്പോഴെങ്കിലും ആ മനസ് കാണുവാന്‍ ആളുണ്ടായല്ലോ.
നഷ്ടപ്പെടുമ്പോള്‍ വില അറിയാനാണല്ലോ എല്ലാവരുടെയും വിധി

ഫഹദ് said...

എനിക്ക് എന്തെങ്കിലും വായിക്കുമ്പൊ മനസ്സിൽ തട്ടണം അത്രേയുള്ളൂ.. അതിനിതു തന്നെ ധാരാളം!! ഇപ്രാവശ്യത്തെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ കിട്ടിയ ‘എ സെപറേഷൻ’ എന്നൊരു ഇറാനിയൻ ഫിലിം കണ്ടിരുന്നു. ഈയിടയ്ക്ക് കണ്ടതു കൊണ്ടാവാം അതിലെ അച്ഛൻ, അമ്മ, മകൾ അവരൊക്കെയായിരുന്നു ഈ കഥ വായിച്ചപ്പൊ മനസ്സിൽ വന്നത്. കഥയ്ക്ക് ആ സിനിമയുമായി വല്യ ബന്ധമൊന്നുമില്ലെങ്കിലും ചിലയിടത്ത് (വേണമെങ്കിൽ) സിനിമയുമായി ബന്ധിപ്പിക്കാവുന്ന ഘടകങ്ങളുമുണ്ടായിരുന്നു. എന്തായാലും കഥ ഇഷ്ടപ്പെട്ടു. ആശംസകൾ!

peepee said...

നന്നായി ആസ്വദിച്ച് വായിച്ചു.നല്ല സബ്ജക്ട്......ആശംസകള്‍...

ശിവകാമി said...

എല്ലാവര്‍ക്കും നന്ദി...

@മനോരാജ് : പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാത്തതില്‍ ഖേദം അറിയിക്കുന്നു... :)

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആദ്യമായാണ് ഇവിടെ ,,കഥയെ കുറിച്ച് ചില പാഠങ്ങള്‍ പഠിച്ചു ഞാന്‍ ഇവിടെ നിന്ന് ,അതിനു നന്ദി ..

ശിവകാമി said...

@സിയാഫ് അബ്ദുള്‍ഖാദര്‍:
ആദ്യമായി ഇവിടെ വന്നതിനു നന്ദി... ആ പറഞ്ഞത് എന്താന്നും കൂടെ അറിഞ്ഞിരുന്നെങ്കില്‍.... :)

viddiman said...

മനോരാജ് പറഞ്ഞു..

ഇലഞ്ഞിപൂക്കള്‍ said...

ആദ്യമാണിവിടെ.. കഥയിഷ്ടായി..

ശിവകാമി said...

നന്ദി viddiman

നന്ദി, ഇലഞ്ഞിപ്പൂക്കള്‍.... വീണ്ടും വരിക. :)

Echmukutty said...

കഥ വായിച്ചു. ഭംഗിയായി എഴുതാന്‍ കഴിയുമെന്ന് മനസ്സിലായി. ഇനിയും എഴുതുക. എല്ലാ ആശംസകളും.....

അംജത്‌ said...

ഇവിടെ ആദ്യമായാണ്‌."കഥയിലെ" തുടര്‍ച്ചയെന്നോണം ഒരു സന്ദര്‍ശനം.പക്ഷെ, ആദ്യ വായന നിരാശപ്പെടുത്തി എന്ന് പറയുന്നതില്‍ ഖേദിക്കുന്നു.ഇന്ന് പോയി നോക്കിയാ മറ്റൊരു ബ്ലോഗിലും ഇത് തന്നെ അവസ്ഥ.ഇനി എന്‍റെ വീക്ഷണത്തിന്റെ കുഴപ്പമാണോ.മറ്റു സൃഷ്ടികള്‍ കൂടി നോക്കട്ടെ. ( സ്കൂള്‍കുട്ടി നോട്ട്ബുക്ക്ന്‍റെ താളില്‍ കുറിച്ച ആദ്യ കഥപോലെയാണ് തോന്നിയത്)

പൈമ said...

ഇപ്പോഴത്തെ വാര്‍ത്തകള്‍ എന്നും സ്വസ്ഥതയ്ക്കു മേലെ തീമഴ പെയ്യിക്കുന്നവയാണ്

ഈ വാചകം നല്ല എഴുത്തുകാരിയാണെന്ന് തെളിയിക്കുന്നു .
കഥ അത്രയ്ക്ക് സുഖമായില്ല എങ്കിലും .ഒരു വ്യതസ്തത ഉണ്ട് ഭാവനകള്‍ക്ക്
ശിവകാമിയെ പറ്റി ഒരു പാട് കേട്ടിരിക്കുന്നു കഥ ഗ്രൂപ്പില്‍ .ഈ കഥ വായിച്ചപ്പോള്‍ അതിന്റെ കാരണവും മനസ്സിലായി .
ഇനിയും വരാട്ടോ ..ശിവകാമി..

ഹരിപ്രിയ said...

"അച്ഛനും തനിക്കും ഇഷ്ടമുള്ളതൊക്കെ വെച്ചുവിളമ്പുമ്പോള്‍ ഒരിക്കലും ഓര്‍ത്തിട്ടില്ല അമ്മയ്ക്കതു ഇഷ്ടമായിരുന്നോ എന്ന്. " ഈ വാക്കുകള്‍ നോവിപിച്ചു.. ഞാനും അന്വേഷിച്ചിട്ടില്ല അമ്മയുടെ ഇഷ്ട വിഭവങ്ങള്‍ ... :-|