About Me

My photo
A person who loves to read, write, sing and share thoughts.

Monday, December 31, 2012

പറയാതെ...

"തള്ളേടെ ഇരിപ്പ് കണ്ടില്ലേ? ഒരു പെങ്കൊച്ചിനെ ട്രെയിനീന്ന് തള്ളിയിട്ടു കൊല്ലാന്‍ നോക്കിയതാ.."
 പ്രതി കനകമ്മാള്‍ എന്ന വൃദ്ധ മുഖം താഴ്ത്തി ദൃഷ്ടി തറയിലൂന്നി പോലീസ് സ്റ്റേഷന്റെ വരാന്തയില്‍ മിണ്ടാതിരുന്നു.
വൈകുന്നേരങ്ങളില്‍ താംബരത്തു നിന്നും കയറിയാല്‍ സബ് അര്‍ബന്‍ തീവണ്ടി  ബീച്ച് സ്റ്റേഷന്‍ എത്തുന്നതുവരെയും പൂക്കാരി കനകമ്മാള് ആരോടും മിണ്ടാറില്ല. അവരുടെ വലിയ പരന്ന കൊട്ടയില്‍ മുല്ല, മല്ലി, കനകാംബരം, മരിക്കൊഴുന്ത് എന്നിവ ഇട കലര്‍ത്തി കെട്ടിയതും വെവ്വേറെ  കെട്ടിയതുമായ മാലകള്‍ വലിയ പന്തുകളായിരിക്കും. അരികില്‍ എട്ടോ പത്തോ റോസാപ്പൂക്കള്‍  കെട്ടാതെയും വെക്കുന്നത് ഇടക്ക് പടയായി വന്നു ചിരിയും ബഹളവുമായി ഒരുമിച്ചിറങ്ങിപോവുന്ന വിദ്യാര്‍ത്ഥിനികളെ കരുതിയാണ്.
എല്ലാ ദിവസവും ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ ആണ് കനകമ്മാള്‍ ഇരിക്കുന്നത്. വായ മുഴുവന്‍ ചുവപ്പിച്ച്, പൂക്കൂടയുടെ മൂലയിലെ വെറ്റിലച്ചെല്ലത്തിന്റെ മൂടി ഇടയ്ക്കിടെ തുറന്നും അടച്ചും അവര്‍ ആരോടും മിണ്ടാതിരുന്നു. ഓരോ സ്റ്റേഷനിലും അവരെ കടന്ന് ഇടത്തോട്ടോ വലത്തോട്ടോ പോകുന്ന ആവശ്യക്കാര്‍ പൂവിന്റെ പേരും  അളവും പറഞ്ഞ് അരികില്‍ നില്‍ക്കുന്നതിന്റെ അടുത്ത നിമിഷം പൂവും പൈസയും കൈമാറ്റം ചെയ്യപ്പെടുകയും കനകമ്മാളുടെ വെറ്റിലചെല്ലം വീണ്ടും അടച്ചുതുറക്കപ്പെടുകയും ചെയ്തുപോന്നു.
പെണ്‍കൂട്ടങ്ങളിലെ പരദൂഷണമോ അന്താക്ഷരിയോ വാരികാചര്‍ച്ചകളോ ഒന്നും തന്നെ അവരെ ബാധിച്ചതേയില്ല. അങ്ങനെ ഒരു ജീവനെ ആരും ഒന്നിലും ഉള്‍പ്പെടുത്താനും തുനിഞ്ഞില്ല.  അവിടെയുള്ള ആരെയെങ്കിലും അറിയാനോ അന്വേഷിക്കാനോ ആ വൃദ്ധയും ശ്രമിച്ചില്ല. രാത്രി വണ്ടിയിലെ തിരിച്ചുള്ള യാത്രയിലും കനകമ്മാള് അവരുടെതായ ലോകത്തെ തണുത്ത തറയിലിരുന്നു.
"ഏതാ ആ പെണ്‍കുട്ടി?"
"അത് സെന്‍ട്രല്‍ സ്റ്റേഷന്റെ അടുത്ത് ഒരു കടയിലെ ജോലിക്കാരിയാണ് .. തേന്മൊഴി.. വ്യാഴാഴ്ച രാത്രിവണ്ടിക്ക് വീട്ടിലേക്ക് പോവുമ്പോഴാ സംഭവം.."
കാഴ്ചയില്‍ പതിനഞ്ചുകാരി എന്ന് തോന്നിക്കുന്ന തേന്മൊഴി എപ്പോഴാണ് സെന്ട്രലിലേക്ക് പോവുന്നതെന്നോ എന്നുമുതലാണ്‌ രാത്രിവണ്ടിയിലെ  സ്ഥിരം യാത്രക്കാരി ആയതെന്നോ കനകമ്മാളിന് അറിയില്ല. വാതിലിനു അടുത്തുള്ള സീറ്റില്‍ ആരോടും മിണ്ടാതെ ഓരം ചേര്‍ന്ന് ജനല്‍കമ്പികളില്‍ കവിളമര്‍ത്തി വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കാറുള്ള അവളുടെ പേര് അവര്‍ ആദ്യമായി കേള്‍ക്കുന്നത് പോലീസുകാരനില്‍ നിന്നാണ്. രാത്രിവണ്ടി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ എവിടെ നിന്നോ അവള്‍ ഓടിവന്നു കയറുന്നതും മാമ്പലം സ്റ്റേഷനില്‍ ഇറങ്ങി തെരുവിന്റെ തിരക്കിലേക്ക് തിടുക്കത്തില്‍ മറയുന്നതും അവര്‍ കണ്ടിട്ടുണ്ട്. വെറ്റിലചെല്ലത്തിലെ നാണയങ്ങളും മുഷിഞ്ഞ നോട്ടുകളും അടുക്കിയെടുത്ത് മടിയിലെ കുഞ്ഞുതുണിസഞ്ചിയില്‍ മുറുക്കി കെട്ടിവെക്കുന്ന സമയത്താണ്  അവള്‍ തിടുക്കപ്പെട്ടു ഇറങ്ങുന്നത്. ഓട്ടത്തിനിടയില്‍ കാല്‍ അറിയാതെ തട്ടിയാല്‍ ശബ്ദമില്ലാതെ എന്തോ ക്ഷമാപണമായി ഉച്ചരിച്ച് അവരെ തൊട്ട് തലയില്‍ വെച്ച് അവള്‍ തിരക്കില്‍ മറയും.
ഉത്സവക്കാലം അല്ലെങ്കില്‍ പിന്നെ, പൂക്കാരിയുടെ വെറ്റില ചെല്ലം നിറയുന്നത് വ്യാഴാഴ്ച വൈകുന്നേരങ്ങളിലാണ്. സ്ഥിരയാത്രികരായ സുമംഗലികള്‍ ഇറങ്ങാന്‍ നേരത്ത് വെള്ളി പൂജക്കായി  മറക്കാതെ പൂക്കള്‍ വാങ്ങിപ്പോകും.
"കിളവീ... എന്തിനാ നീ ആ കൊച്ചിനെ തള്ളിയിട്ടതെന്ന് പറയില്ല,ല്ലേ? " അകത്തെ മുറിയില്‍ നിന്നിറങ്ങിവന്ന ഇന്‍സ്പെക്ടര്‍  കോകില ബൂട്സിട്ട കാലുകൊണ്ട്‌ വൃദ്ധയെ തട്ടി, വലിയൊരു തമിഴ് തെറിയുടെ അകമ്പടിയോടെ ചോദിച്ചു.
"ഊമയോ മറ്റോ ആണോ എന്തോ... ആരും ഇവര് സംസാരിച്ചു കണ്ടിട്ടില്ല, മാഡം.."
"എല്ലാം അടവായിരിക്കും! ആ സഞ്ചിയില്‍ കുറെ പണം ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്.. ?" 
"മോഷണശ്രമമോ മല്പ്പിടുത്തമോ ഒന്നും നടന്നിട്ടില്ല .. യാതൊരു പ്രകോപനവും ഇല്ലാതെ അവര്‍ അവളെ തള്ളിയിടുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ ആയതുകൊണ്ടും ട്രെയിന്‍ സ്ലോ ആയതുകൊണ്ടും ഇടത്തേ കാലിന്റെ ഒടിവല്ലാതെ മറ്റ് പരിക്കുകള്‍ ഒന്നും കാര്യമായിട്ടില്ല എന്നാണ് അറിഞ്ഞത്. "
കാലുകള്‍ വീണ്ടും അടുപ്പിച്ച് തന്നിലെക്കെന്ന പോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നതല്ലാതെ  വൃദ്ധ ഒന്നുമുരിയാടാന്‍ കൂട്ടാക്കിയില്ല.
ആശുപത്രിക്കിടക്കയില്‍ തേന്മൊഴി ഇനിയും വിട്ടുമാറാത്ത നടുക്കത്തോടെ കിടന്നു. തുണിക്കടയിലെ തിരക്കില്‍നിന്നും എന്നും എങ്ങനെയൊക്കെയോ ഒഴിവായി, സബ് വേയിലെ ഒഴുക്കില്‍ ഊളിയിട്ട് സ്റ്റേഷനില്‍ എത്തി, ഇരമ്പിനീങ്ങിത്തുടങ്ങുന്ന  വണ്ടിയില്‍ ചാടിക്കയറി ഇരിപ്പുറപ്പിക്കുന്നതുവരെ തനിക്ക് ശ്വാസം ഇല്ലെന്ന് അവള്‍ക്ക് തോന്നാറുണ്ട്. ജനലോരത്ത് തണുത്ത കാറ്റേറ്റിരിക്കുമ്പോള്‍, വൈകിയെത്തുന്ന മകളുടെ നേരെ മദ്യം മണക്കുന്ന തെറിപ്പാട്ട് പാടുന്ന, രംഗനാഥന്‍ തെരുവിലെ വഴിവാണിഭക്കാരന്‍  അപ്പനെയും വലിയ വീടുകളിലെ മിച്ചഭക്ഷണം പ്ലാസ്റ്റിക്‌ കൂടുകളില്‍ കൊണ്ടുവന്ന് സഹോദരങ്ങള്‍ക്ക്‌ ഒരുപോലെ വീതം വെക്കാന്‍ പാടുപെടുന്ന അമ്മയെയും, ഒരു നിമിഷം പോലും വെറുതെയിരിക്കാന്‍ അനുവദിക്കാത്ത തുണിക്കടമുതലാളിയെയും മറന്നുപോകും. പൂക്കാരി പാട്ടിയുടെ കുട്ടയിലെ വിടര്‍ന്നു തുടങ്ങുന്ന മുല്ലമൊട്ടുകള്‍ കാറ്റില്‍ സുഗന്ധം പടര്‍ത്തുന്നത് അപ്പോഴാണ്‌.. തിരക്കൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍ പലപ്പോഴും അവളെ കൂടാതെ പൂക്കാരി കനകമ്മാളും തിളക്കമുള്ള വസ്ത്രങ്ങളും ചുവന്ന ചിരിയുമായി കയറുന്ന ഹിജഡകളും സ്ഥിര യാത്രക്കാരല്ലാത്ത ചിലരും മാത്രമേ കാണുകയുള്ളൂ..
കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്  ഇടയ്ക്കെപ്പോഴോ കയറുന്ന ചില പൂവാലന്മാരുടെ ശല്യം വല്ലാതെ കൂടി വരുന്നുണ്ട്. ആളൊഴിഞ്ഞ വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറി അശ്ലീലച്ചുവയുള്ള വാചകമടിയും മോശമായ നോട്ടവും ഉള്ളില്‍ ഭീതി നിറക്കുമ്പോള്‍ തേന്മൊഴി പൂക്കാരി പാട്ടിയുടെ അരികിലെത്തി രണ്ടു മുഴം മല്ലിപൂ ചോദിക്കും. എന്ത് നടന്നാലും പൂക്കാരിയമ്മയുടെ നിസ്സംഗഭാവത്തിന് മാറ്റമൊന്നും ഉണ്ടാവില്ലെന്നറിയാമെങ്കിലും അവരുടെ അരികില്‍ നില്‍ക്കുമ്പോള്‍ അവള്‍ക്ക് ധൈര്യമാണ്. പാന്‍ പരാഗിന്റെയും മദ്യത്തിന്റെയും ഗന്ധം  അവിടം മുഴുവന്‍ നിറച്ച് വഷളന്‍ ചിരിയുമായി ചുറ്റിനടന്ന് അടുത്ത ഇരയെത്തേടി  അവര്‍ മറയുമ്പോള്‍ മല്ലിപ്പൂ മുഖത്തോട് ചേര്‍ത്ത് അവള്‍ ദീര്‍ഘമായി ശ്വസിക്കും.  
എന്തായിരുന്നു അന്ന് രാത്രി നടന്നത് എന്ന് ഇന്‍സ്പെക്ടര്‍ മാഡം ചോദിക്കുമ്പോള്‍ ഭയത്തിന്റെ കരിമ്പടം വിട്ടു പുറത്തുവരാന്‍ കൂട്ടാക്കാതെ തേന്മൊഴി കണ്ണുകള്‍ ഇറുക്കിയടച്ചു.  നടുക്കുന്ന ഓര്‍മ്മകളെ അന്യമാക്കാന്‍ ശ്രമിച്ചു മിണ്ടാതെ കിടന്നപ്പോള്‍, രോഗിക്ക് ഒരു ദിവസം കൂടെ സാവകാശം ചോദിച്ചുകൊണ്ട് ഡോക്ടര്‍ സഹായത്തിനെത്തിയതുകൊണ്ട് പോലീസുകാര്‍ മടങ്ങി.
"എന്നമ്മാ ആച്ച് ഉനക്ക്? "
ജനറല്‍ വാര്‍ഡിലെ ആളൊഴിഞ്ഞ നേരത്ത് അരികില്‍ ചേര്‍ന്നിരുന്ന് അമ്മ ചോദിച്ചപ്പോള്‍ ആദ്യമായി തേന്മൊഴി വിങ്ങിക്കരഞ്ഞു. രാവിലെ ഇറങ്ങുന്നത് മുതല്‍ തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഓടിയും നടന്നും വീടണയുന്നതുവരെയുള്ള അരക്ഷിതാവസ്ഥയുടെ മഞ്ഞുരുകി  അവളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങി.
ലഹരിയുടെ ഗന്ധം  അടുത്തടുത്തു വന്നപ്പോഴായിരുന്നു  പതിവുപോലെ പൂക്കാരി പാട്ടിയുടെ അടുത്തേക്ക് പോയത്.  അവരെ തള്ളി മാറ്റി അവളുടെ നേര്‍ക്കടുക്കുന്നതുകണ്ട് ആത്മരക്ഷാര്‍ത്ഥം ഭ്രാന്തമായി ഓടുമ്പോള്‍  തന്‍റെ ദീനരോദനത്തെ തോല്പ്പിക്കാനെന്നോണം അലറിപ്പായുകയായിരുന്നു തീവണ്ടി. ഏതോ സ്റ്റേഷന്‍ അടുക്കുന്നു എന്ന തോന്നല്‍ അവസാനത്തെ കച്ചിത്തുരുമ്പായപ്പോള്‍ വാതിലിനു നേരെ പായുമ്പോഴായിരുന്നു വഴി തടഞ്ഞുകൊണ്ട്‌ രണ്ടുപേര്‍ ഓടിയടുത്തത്.  പിന്നില്‍നിന്നും ആരുടെയോ ശക്തമായ തള്ളലേറ്റ് പ്ലാറ്റ്ഫോമില്‍ വീണതും  ആരെല്ലാമോ ഓടിക്കൂടിയതും അവ്യക്തമായ ഓര്‍മ്മകളാണ്..
"അന്ത പൂക്കാരി കെളവി നാസമാ പോവാ.. എന്‍ കൊഴന്തൈ എന്ന തപ്പ് പണ്ണാ..." തലയിലും നെഞ്ചിലും മാറിമാറി അടിച്ച് ശാപവാക്കുകള്‍ പൊഴിക്കുന്ന അമ്മയെ നോക്കി കിടക്കുമ്പോള്‍ അവള്‍ക്ക് പൂക്കാരി പാട്ടിയെ കാണണമെന്ന് തോന്നി.. മുല്ലപ്പൂവിന്റെ പരിമളം പരത്തിക്കൊണ്ട് തണുത്ത കാറ്റ് വീശി..
ആശുപത്രി സന്ദര്‍ശിച്ചു തിരിച്ചെത്തിയ ഇന്‍സ്പെക്ടര്‍ കോകില ട്രെയിനിലെ സുരക്ഷാനടപടികളെ കുറിച്ച് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു പോലീസുകാരന്‍ മുറിയുടെ മൂലയില്‍ ഇരുന്ന പൂക്കൊട്ട കനകമ്മാളുടെ  നേര്‍ക്ക്‌ തള്ളി.
"നീ തപ്പിച്ചിട്ടെ കെളവീ... ആ പെണ്ണിന് പരാതി ഒന്നുമില്ലത്രേ..."
പൂക്കൊട്ട കയ്യിലെടുത്തു പതിയെ നടന്നകലുമ്പോള്‍ കനകമ്മാളുടെ ഉറക്കച്ചടവാര്‍ന്ന മുഖത്ത് ഒരു  ഗൂഡസ്മിതം വിടര്‍ന്നിരുന്നു. ചുവന്ന കല്ലുള്ള മൂക്കുത്തി തിളങ്ങി. കുട്ടയിലെ വാടിയ പൂക്കള്‍ പോലും സുഗന്ധം പരത്തി.

39 comments:

thraya said...

എല്ലാ പെണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ ഇത് പോലെ ഉള്ള കനകമ്മ മാര്‍ ഇനിയും ജനിക്കട്ടെ

Unknown said...

എപ്പോഴും ഒരു കനകമ്മാള്‍ കൂടെ ഉണ്ടാവണേ ന്ന് പ്രാര്‍ത്ഥിക്കട്ടെ എല്ലാ പെങ്കുട്ട്യോളും...

ശിവാ എഴുത്ത് നന്നായിട്ടൊ...

Mizhiyoram said...

ആനുകാലികം, പ്രസക്തം. ആശംസകള്‍....

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കനകമ്മാൾ രക്ഷപ്പെട്ടതിലാണു എനിക്കത്ഭുതം

ഭ്രാന്തന്‍ ( അംജത് ) said...

എഴുതിയ വിഷയത്തെക്കാള്‍ എന്നെ വശീകരിച്ചത് , എനിക്ക് അന്യമായ ചെന്നൈ ഓര്‍മ്മകള്‍ ആയിരുന്നു.... കൊളുന്തിന്റെ മണം ഇപ്പോള്‍ ഇവിടെ സൌദിയില്‍ വീശുന്നു ... നന്ദി ശിവകാമി ...! തമിള്‍ എന്റെ വീക്നെസ് ആണ് .. ആ പാട്ടിയും ...!

Manoraj said...

ശിവ : കഥ വല്ലാതെ അനുകാലീകമായി. പോസ്റ്റ് ചെയ്ത സമയം കാലോചിതവും :)

അംജത് : തമിള്‍ ഉങ്കളുക്ക് വീക്നെസ് ആയില്ലെങ്കിലേ അത്ഭുതമുള്ളു. നാട്ടിലെ പൊണ്ണിനെ ആരോ കൊണ്ടോയപ്പോള്‍ തമിള്‍ നാട്ടിലെ പെണ്ണിനെ തട്ടിയെടുത്ത കാര്‍ത്തികേയനല്ലേ :)

സേതുലക്ഷ്മി said...

വിഷയത്തിന്റെ വ്യത്യസ്തത കഥയെ കൂടുതല്‍ മികവുറ്റതാകി,ശിവകാമി.

ശിവകാമി said...

ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഒരു കഥാശ്രമം. അഭിപ്രായങ്ങള്‍ക്ക് ഒത്തിരി സന്തോഷം :)


ത്രയ , സമീസ് : പ്രാര്‍ഥിക്കുന്നു ഞാനും


അഷ്‌റഫ്‌ അമ്പലത് : നന്ദി


സിയാഫ് ജി : പാവം പാട്ടിയല്ലേ ക്ഷമിച്ചേക്കാംല്ലേ


അംജത് ഭായ് : ഉം ഉം.. മനസിലായി :)


മനോ : എല്ലാം അങ്ങയുടെ അനുഗ്രഹം :)


സേതു ചേച്ചി : :)

റോസാപ്പൂക്കള്‍ said...

നന്നായി കാലോചിതമായ ഈ കഥ.
ശിവക്ക് കഥയെഴുത്തില്‍ കുറച്ചു മടിപിടിച്ചപോലെ. ഒന്ന് ഉഷാറാകൂ

ഇലഞ്ഞിപൂക്കള്‍ said...

സിയാഫ് പറഞ്ഞതുപോലെ വെറിയന്മാര്‍ പാട്ടിയെ വെറുതെ വിട്ടതെന്തേ ആവൊ.. വെറൈറ്റി ആണല്ലൊ ഉന്നം.. കഥ നന്നായി ശിവകാമീ. കാലികപ്രസക്തം.

തിര said...

കാമ്പുള്ള വിഷയം പ്രസക്തമായ വശം....തിരയുടെ ആശംസകള്‍

നിസാരന്‍ .. said...

അമിതമായ ഭാഷാ പ്രയോഗങ്ങളിലാതെ ദുര്‍ഗ്രാഹ്യമാക്കുന്ന ശൈലിയും ഉപയോഗിക്കാതെ ലളിതമായി ഒരു സംഭവത്തെ കഥയാക്കി പറഞ്ഞത് വളരെ നന്നായി. തുടക്കം മുതലേ വായനയില്‍ ഒരു ആകാംക്ഷ നിലനിര്‍ത്താനും കഴിഞ്ഞു. വളരെ പ്രസക്തമായ ഒരു വിഷയം കൂടെ ആയതിനാല്‍ നല്ല ഒരു കഥ എന്ന് നിസ്സംശയം പറയാം

Arif Zain said...

കാലീക വിഷയം. ഞാന്‍ കരുതി ആ പൂക്കാരിക്കു നേരെ (നിരപരാധിക്കുനേരെ) പ്രതികളെ കിട്ടാതായപ്പോള്‍ പാവങ്ങളുടെ നേരെ മാത്രം പ്രയോഗിക്കാറുള്ള തന്‍റെ ശക്തി നിയമം പ്രയോഗിച്ചു എന്ന്. ഒരിക്കല്‍ പോലും ഒരു വാക്കിന് വേണ്ടി കഥാകാരി കാത്തുനിന്നിട്ടുണ്ടാവില്ല എന്നൊരു തോന്നല്‍, അത്ര കൃത്യമാണ് ഓരോ പദപ്രയോഗവും, ആശംസകള്‍

പട്ടേപ്പാടം റാംജി said...

ലളിതമായ അവതരണം ഏറെ ഇഷ്ടമായി.
തമിഴ് നാട്ടിലൂടെ ചുറ്റിക്കറങ്ങിയ ഒരു സുഖം.

പട്ടേപ്പാടം റാംജി said...

ലളിതമായ അവതരണം ഏറെ ഇഷ്ടമായി.
തമിഴ് നാട്ടിലൂടെ ചുറ്റിക്കറങ്ങിയ ഒരു സുഖം.

Akbar said...

നല്ല അവതരണം. ഒരു പൊതു വിഷയത്തെ കഥയാക്കി മാറ്റിയപ്പോള്‍ എവിടെയും പിഴവുകള്‍ വന്നില്ല. നല്ല കയ്യടക്കം.

തേന്‍മൊഴിയും കനകമ്മാളുമൊക്കെ സമകാലിക പരിസരത്തു നിസ്സഹായതയുടെ പ്രതീകങ്ങളായി മാറിയ പെണ്മനസ്സുകള്‍.

തോല്പ്പിക്കപ്പെടുന്നതിനു മുമ്പ് മരണത്തിലൂടെ ജയിച്ചു കയറാന്‍ ഉറച്ചവര്‍. പിന്നെ തേന്മൊഴി എങ്ങിനെ കനകമ്മാളെ കയ്യൊഴിയും. കനകമ്മാളുടെ ചുണ്ടിലെ ഗൂഡസ്മിതം മായാതിരിക്കട്ടെ.

Shahida Abdul Jaleel said...

ആനുകാലികം, പ്രസക്തം. ആശംസകള്‍....

മണ്ടൂസന്‍ said...
This comment has been removed by the author.
മണ്ടൂസന്‍ said...

കമകമ്മാൾമ്മാർ സമൂഹത്തിലൊരാവശ്യമാണ്.
അവരെ എങ്ങനെ മറ്റുള്ളവർ കാണുന്നു എന്നതല്ല അവർ എന്ത് ഉദ്ദേശിച്ച് പെരുമാറുന്നു എന്നതാണ് കാര്യം.!
നല്ല ഒരു കഥ കമന്റ്സിൽ പലരും പറയുന്ന, 'ആ' വലിയ ഒരു സംഭവമൊന്നും ഇത് വായിച്ചനുഭവിക്കാനായില്ല. പക്ഷെ കൊള്ളാം. ഇഷ്ടമായി,ഞാൻ ആരേയും പേരെടുത്ത് പറയുന്നില്ല. അവരൊക്കെ ഇതിനെപ്പറ്റി വല്ലാതെ പുകഴ്ത്തുന്നത് കണ്ട് വന്നതാണ്. ആ പറയുന്ന സുഖമൊന്നുമെനിക്ക് കിട്ടിയില്ല, എന്റെ വായനയുടെയാകാം, അല്ലേൽ മനസ്സിലാക്കലിന്റേതാകാം.
എന്തായാലും പക്ഷെ കൊള്ളാം.
ആശംസകൾ.

പ്രവീണ്‍ ശേഖര്‍ said...

nice presentation..keep it up

ഷാജു അത്താണിക്കല്‍ said...

ഈ എഴുത്തിന്ന് എല്ലാ ആശംസകളും

കൊമ്പന്‍ said...

ആദ്യമായിട്ടാണ് ഈ വഴി കൊള്ളാം നല്ല എഴുത്ത്

Nassar Ambazhekel said...

ഭീതിദമായ വർത്തമാനകാലത്തെ, വളരെ അടുത്തുനിന്നും പകർത്തിയ ഒരു ചിത്രം പോലെ മിഴിവുറ്റതാക്കി എഴുതിയിരിക്കുന്നു. ആശംസകൾ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

പ്രസക്തമായ ഒരു വിഷയം ......... മനോഹരമായ എഴുത്ത്

ajith said...

മുമ്പ് വായിച്ച് ഒരു അഭിപ്രായവുമെഴുതിയിരുന്നു.
ഇപ്പോഴും വായിച്ചു
നല്ല കഥ

Sameer Thikkodi said...

കാലികമായ വിഷയം, സമൂഹത്തിൽ നാം ശ്രദ്ധിക്കാത്ത പലരുമാവും നമ്മുടെ രക്ഷക്കെത്തുന്നത്.. അത് തിരിച്ചറിയും വരെ അവർ അറിയപ്പെടാതെ പോവുകയും ചെയ്യു.

നിരപരാധിയെ കഴുവിലേറ്റുന്ന സ്ഥിരം ക്ലീഷേ പ്രതീക്ഷിച്ചിരുന്നു; കഥ പുരോഗമിക്കവേ... അതാവരുതേ എന്ന തോന്നൽ മനസ്സിലുണ്ടായിരുന്നു..

നല്ല കഥാന്ത്യവും ..

Jefu Jailaf said...

സാധാരണയില്‍ സാധാരണമായ ഭാഷ. ആശംസകള്‍..

kochumol(കുങ്കുമം) said...
This comment has been removed by the author.
kochumol(കുങ്കുമം) said...

ശിവകാമീ , സമി ലിങ്ക് തന്ന അന്ന് തന്നെ വന്നു പക്ഷെ വായിക്കാന്‍ ഇപ്പോളാണ് പറ്റിയത് ..നല്ല കഥ

viddiman said...

കഥയുടെ ഒതുക്കം ഇഷ്ടപ്പെട്ടു.

ഹരിപ്രിയ said...

നല്ല പ്രമേയം, നല്ല അവതരണം.. :)

Unknown said...

നല്ല ആഖ്യാനം, നല്ല കഥ.
ബ്ലോഗിൽ ഈ മെയിൽ സബ്സ്ക്രിപ്ഷൻ ഓപ്ഷൻ ചേർത്താൽ നന്ന്.

പ്രവീണ്‍ കാരോത്ത് said...

നന്നായി!

Abduljaleel (A J Farooqi) said...

ഏറെ ഇഷ്ടമായി.ആശംസകള്‍....

Kalavallabhan said...

ആദ്യമായാണ്‌ ഈ വഴി.
നല്ല കഥ
ആശംസകൾ

Anil cheleri kumaran said...

very touching.

jayanEvoor said...

കുഞ്ഞു കഥ; നല്ല കഥ.
ഒട്ടും അധികമില്ല; കുറഞ്ഞുമില്ല.
ആശംസകൾ!

Unknown said...

http://cheathas4you-safalyam.blogspot.in/ഇത് എന്‍റെ ബ്ലോഗ്‌ ആണ് വായിക്കുക എഴുതുക

ശിഹാബ് മദാരി said...

ഈ ബ്ലോഗ്ഗിൽ ഞാൻ വായിച്ച മൂന്നാമത്തെ കഥ.
ആദ്യത്തെ രണ്ടും വായിച്ച ഒരു മുൻധാരണ ഉണ്ടായിരുന്നു.
പക്ഷെ വായന തീര്ത്തും മറ്റൊരു നിലവാരത്തിലെക്കാന് കൊണ്ട് പോയത്.. മിതമായ നല്ല ഭാഷാ ശൈലി ആണ് മികച്ചതായി എനിക്ക് തോന്നിയത്.
പിന്നെ ഈ കാലഘട്ടത്തിൽ ഒരു പാട് ആവര്ത്തിക്കെണ്ടി വരുന്ന ഉള്ളില കോറുന്ന വിഷയവും.
ശ്രദ്ധയോടെ ഇത്തരം നല്ല കഥകളുമായി വായനക്കാരിലെക്കെത്തുക.
സുഗ്രാഹ്യം !!
ആശംസകൾ