About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, January 21, 2015

ചില നനുത്ത സുഗന്ധങ്ങൾ *

പുതുവർഷത്തിന് നഗരത്തിലും ഗ്രാമത്തിലും വ്യത്യസ്തമുഖങ്ങളാണ്.

ശൈത്യകാലത്തെ അടര്‍ത്തി മാറ്റാനെന്നവണ്ണം ഇലകൊഴിച്ച് സജ്ജമായി നില്‍ക്കുന്ന പ്രകൃതി..

മഞ്ഞിന്റെ കുളിർമയുള്ള വെയിലേറ്റ് തിളങ്ങുന്ന പച്ച വെൽവെറ്റ് പുതപ്പുപോലെ ധനുമാസക്കാറ്റിലിളകുന്ന നെല്പാടങ്ങൾ..

ഭസ്മത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധമുള്ള ശരണമന്ത്രങ്ങൾ മുഴങ്ങുന്ന പുലരികൾ..

കരിയിലകൾ കൂട്ടിയിട്ട് തീകാഞ്ഞും ഇളകുന്ന ബെഞ്ചിലിരുന്ന് ചുടുചായ മൊത്തിയും തണുപ്പിനോട് പൊരുതുന്ന കട്ടിക്കമ്പിളിയ്ക്കുള്ളിലെ വേവലാതികളില്ലാത്ത വാർദ്ധക്യങ്ങൾ... 

അമ്പലമുറ്റത്തെ ആലിലകൾക്കൊപ്പം ചുറ്റുവിളക്കിലെ തിരിനാളങ്ങൾ വിറകൊള്ളുന്ന സന്ധ്യകൾ..

അതിരാവിലെ കൂട്ടമായ്‌ ആടിയും പാടിയും പുഴയിൽ കുളിച്ച്, മഹാദേവനെ ധ്യാനിച്ച്‌ ദശപുഷ്പം ചൂടി, കൂവ വെരകി നോമ്പ് നോല്ക്കുന്ന തിരുവാതിരകൾ..

കലാപ്രകടനങ്ങളും വാദ്യമേളങ്ങളും ശബ്ദമുഖരിതമാക്കുന്ന വർണ്ണവിളക്കുകളാലലംകൃതമായ, തണുപ്പിനെ വകവെക്കാത്ത രാത്രികൾ..

അടുക്കളയിലെ ടിന്നുകളിൽ കനച്ചു തുടങ്ങുന്നതിനുമുന്നേ അയൽ / ബന്ധു വീടുകളിലേക്ക് വിരുന്നുപോവാനൊരുങ്ങുന്ന ആഘോഷശേഷിപ്പുകളായ പലഹാരപ്പൊട്ടുകൾ.

ഓർമ്മകളെ ഗൃഹാതുരത്വം കൊണ്ട് ചിത്രപ്പണി ചെയ്ത മാറാപ്പിലൊളിപ്പിച്ച് നഗരത്തിരക്കുകളിലേക്ക് തിരികെ നടക്കാൻ വിധിക്കപ്പെടുന്ന മനസ്..

കടന്നുപോയ നഷ്ടക്കണക്കുകളെ ആഘോഷങ്ങൾക്കടിയിലൊളിപ്പിച്ച് ആടിയും പാടിയും കുടിച്ചും കഴിച്ചും തിമിർത്തും പുതുവർഷത്തെ സ്വീകരിക്കാനൊരുങ്ങുന്ന നഗരം.

മഞ്ഞിന്റെ കട്ടിപ്പുതപ്പിനെ കൂർത്ത കത്തികൊണ്ട് വരഞ്ഞുകീറാൻ ശ്രമിക്കുന്ന വഴിവിളക്കുകളെ പുച്ഛത്തോടെ നോക്കി ആലസ്യത്തോടെ കണ്ണടച്ചുകിടക്കുന്ന ഇരുട്ട്..

ആരുടെയൊക്കെയോ ചവിട്ടും തുപ്പുമേറ്റ്  ചതഞ്ഞുതേഞ്ഞ് നിസ്സംഗമായ തണുത്ത കറുത്ത പാതകൾ..  

ഒരു ദിവസത്തിന്റെ മാത്രം ആയുസ്സുള്ള സ്ഫോടനത്തിന്റെയും അപകടങ്ങളുടെയും നടുക്കങ്ങൾ..

പ്രിയപ്പെട്ടവരുടെയരികിൽ മനസുപേക്ഷിച്ച് എവിടെയ്ക്കോ എന്തിനൊക്കെയോ വേണ്ടി യാന്ത്രികമായി മത്സരയോട്ടം നടത്തുന്ന ഉടലുകൾ..

തോൽവികളും വിജയങ്ങളും അക്കമിട്ടെണ്ണി നിരത്തുന്ന തിരക്കുകളില്‍   മുങ്ങിത്താണ് പുതിയ പ്രഹേളികകള്‍ക്ക് ഉത്തരങ്ങൾക്കായി നിവർന്നുപൊങ്ങി, വിശാലമായ ആകാശത്തെനോക്കി നിര്‍മ്മലമായ വായു ഉള്ളിലേയ്ക്ക് വലിച്ച് കരയിലടിഞ്ഞ് വീണ്ടും സങ്കല്പ പൂരണ നിയോഗ വീഥിയില്‍ കനത്ത കാല്‍പ്പാദങ്ങളുമായി മുന്നോട്ടാഞ്ഞുകൊണ്ടിരിക്കുന്ന  ജീവിതങ്ങൾ...
മരത്തിന്റെ മജ്ജയില്‍ നിന്നും പിറക്കുന്ന ജനുവരിയിലെ തളിരുകള്‍...
 കുളിരുരുകുന്ന പ്രഭാതങ്ങളില്‍ തളിരുകളെ തലോടി പുതുവര്‍ഷവരവറിയിക്കാനെന്നോണം തെളിഞ്ഞെത്തുന്ന സൂര്യന്‍..
ഇനി വിടരട്ടെ പ്രത്യാശയുടെ പൂക്കള്‍ ഓരോ തളിരിലും..
സുഗന്ധം പടരട്ടെ ഓരോ അണുവിലും..

(ജനുവരി പതിനൊന്നാം തീയതിയിലെ വർത്തമാനം വാരാദ്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് )

13 comments:

Cv Thankappan said...

ഗ്രാമവിശുദ്ധിയിലേക്ക് നഗരത്തിരക്ക് കടന്നേറ്റം നടത്തുകയാണ്....
ആശംസകള്‍

Aarsha Sophy Abhilash said...

:) ഓര്‍മ്മകളിലൂടെ വീണ്ടും കൊണ്ട്പോയി

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഓര്‍മകളുടെ സുഗന്ധം

Echmukutty said...

ഞാന്‍ നേരത്തെ വായിച്ചനുഭവിച്ച സുഗന്ധമാണല്ലോ ഇത്..

ശിഹാബ്മദാരി said...
This comment has been removed by the author.
ശിഹാബ്മദാരി said...


ശിവകാമിയുടെ ഗന്ധം

മാനവൻ മയ്യനാട് said...

ശിവകാമിയുടെ ഓർമ്മകൾ മനോഹരം

Shahid Ibrahim said...

ഓര്‍മകള്‍ക്കെന്തു സുഗന്തം.....

Prakash chirakkal said...

nallathu...thx shiva....kaami

Prakash chirakkal said...

nallathu...thx shiva....kaami

Vyasan Vadakkeveedu said...

ഗദ്യ രൂപത്തിലാണ്എന്കിലും കവിത വായിക്കുന്ന ഒരു feel. നല്ല രസം ഉണ്ട്.

Vyasan Vadakkeveedu said...

ഗദ്യ രൂപത്തിലാണ്എന്കിലും കവിത വായിക്കുന്ന ഒരു feel. നല്ല രസം ഉണ്ട്.

nikhil kailasam said...

അമ്പലമുറ്റത്തെ ആലിലകൾക്കൊപ്പം ചുറ്റുവിളക്കിലെ തിരിനാളങ്ങൾ വിറകൊള്ളുന്ന സന്ധ്യകൾ..💙💚💜