"വിജയ ദശമി തിരുനാളില്‍ ഒരു
നിലവിളക്കിന് തിരുമുന്നില്‍..
മൃദു വിരല്‍ തുമ്പിനാല്‍ ഹരിശ്രീ എഴുതിച്ച
പുലരി എന്നോര്‍മ്മയില്‍ തെളിയുന്നൂ...
ഹൃദയത്തിലറിവിന്റെ വിനയ ചൈതന്യം
തൊഴുകയ്യുമായി നില്ക്കുന്നു.."
ഇത് ഞാന്‍ പലതവണ സ്കൂള്‍ യുവജനോത്സവങ്ങളില്‍ പാടിയ ലളിതഗാനത്തിന്റെ പല്ലവിയാണ്. ഓരോ വിജയ ദശമി നാളിലും ഇതോര്‍ത്തുപോവാറുണ്ട് ഇപ്പോഴും.
നമ്മള് മലയാളികള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ് ഈ വിദ്യാരംഭം (ഇപ്പോള്‍ നമ്മളെ അനുകരിച്ചു പലയിടത്തും ഉണ്ടെങ്കിലും). മലയാളികളുടെ ആചാരങ്ങളില്‍ എനിക്കെന്നും പ്രിയങ്കരമായി തോന്നിയിട്ടുള്ളത് ഇത് തന്നെ.
എങ്കിലും ആ ദിനം എനിക്കോര്‍മ്മയില്ല. അച്ഛന്റെ മടിയില്‍ ഇരുന്നു ആദ്യാക്ഷരം കുറിച്ചത് കേട്ടറിവ് മാത്രമാണ്. അന്ന് തൊട്ട് ഇന്നേവരെ സരസ്വതീദേവി അനുഗ്രഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
എന്റെ ഓര്‍മ്മയിലെ ഓരോ വിജയദശമിനാളും സംഗീതസാന്ദ്രമായ അനുഭവമാണ്. അച്ഛന്റെ മരണശേഷം ഞങ്ങള്‍ പുസ്തകം പൂജക്ക് വെച്ചിരുന്നത് പാട്ടുമാഷിന്റെ വീട്ടില്‍ ആയിരുന്നു. അവിടെ ആ ചുറ്റുവട്ടത്തുള്ള മിക്ക കുട്ടികളും പുസ്തകം പൂജിക്കാന്‍ കൊണ്ടുവന്നിരുന്നു.
അതിരാവിലെ തുമ്പപ്പൂ തേടി ഇടവഴികളിലൂടെ ഓടി നടക്കലായിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന പണി. പിന്നെ കുറച്ചുപേര്‍ പൂജക്കുള്ള പൂക്കള്‍ ഒരുക്കും. അതിനിടയില്‍ അറിയാതെ എങ്ങാനും ഏതെങ്കിലും കുഞ്ഞുകടലാസിലെ എന്തെങ്കിലും വായിച്ചാല്‍ പിന്നെ എന്തോ അബദ്ധം പിണഞ്ഞപോലെയാണ് "അയ്യോ പുസ്തകം വെച്ചിരിക്കുകയല്ലേ പൂജക്ക്! വായിച്ചുപോയല്ലോ" എന്ന്! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.
പൂജ കഴിയുന്നതോടെ മാമന്റെ (അച്ഛന്റെ സ്നേഹിതന് കൂടിയായ അദ്ദേഹത്തെ ഞങ്ങള്‍ അങ്ങനെയാണ് വിളിക്കുന്നത് ) മറ്റ് ശിഷ്യഗണങ്ങളും എത്തുകയായി.. പിന്നെ സരിഗമയില്‍ തുടങ്ങി ഗണപതി - ദേവീ സ്തുതികള്‍ പാടി ഏതെങ്കിലും ഒരു കീര്‍ത്തനം തുടങ്ങിവെച്ചു പൂജ അവസാനിപ്പിക്കും. പിന്നെ സ്വാദിഷ്ടമായ പ്രസാദവും കൂടി സേവിക്കുന്നതോടെ മനം കുളിരും.
തിരികെ വീട്ടില്‍ എത്തുമ്പോള്‍ വന്‍പയറും ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത പ്രസാദം ഉണ്ടാക്കിവെച്ചു അമ്മ കാത്തിരിക്കുന്നുണ്ടാവും. അതോടെ ആ ദിനം തന്നെ ധന്യമാവുന്നു.. പൂജയെടുത്ത ദിവസമായതുകൊണ്ട് വല്ലതും പഠിക്കണം എന്ന് നിര്‍ബന്ധത്തോടെ പുസ്തകവുമായി കുറച്ചുനേരം...
ഒരിക്കലും തിരിച്ചുവരാത്ത മനോഹരദിനങ്ങളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരു നിമിഷം....
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍..
3 comments:
വിജയദശമി ആശംസകള്‍..
ആശംസകള്‍ ...
Nannayi ezhuthi....
Post a Comment