About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, February 2, 2011

അനന്തരം

ഇന്ന് ആഘോഷത്തിന്റെ ദിവസമാണെന്ന് പറഞ്ഞുകൊണ്ട് മാണിച്ചായന്‍ കയ്യിലേക്കിട്ടുകൊടുത്ത നോട്ടുകെട്ടുകളും മദ്യവും എളിയില്‍ തിരുകി അയാള്‍ ഇടവഴിയിലെ ഇരുട്ടിലേക്കിറങ്ങി. കോടികളുടെ ലാഭം ഉണ്ടാക്കികൊടുത്തതിന്റെ സന്തോഷസൂചകമായി പകര്‍ന്ന വിദേശമദ്യം സിരകളില്‍ തിളച്ചുതുടങ്ങി. ധനുമാസത്തിലെ പുകമഞ്ഞ്‌ ഓരോ രോമകൂപത്തെയും തുളച്ച്‌ കയറിയപ്പോള്‍ അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മി, നടത്തത്തിന്റെ വേഗത കൂട്ടി.

പാതയോരത്ത് ഒരു ചുവന്ന തിളക്കം കൈകാട്ടി വിളിച്ചു. മുഖം തിരിച്ചു വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍ പിന്നില്‍ വളകിലുക്കങ്ങളും പൊട്ടിച്ചിരികളും... പലപ്പോഴും കയറിയിറങ്ങിയ രൂപങ്ങളോട് ഒരു താല്‍പര്യവും കാട്ടാതെ മുന്നോട്ടുള്ള നടത്തത്തിന്റെ ഏതോ നിമിഷത്തില്‍ പഴയ ഒരു നിലവിളി മനസിലെത്തി. എത്രയോ മാസങ്ങളായിട്ടും മറക്കാനാവാത്ത ഒന്ന്.. എന്തായിരുന്നു അവളുടെ പേര്? സുന്ദരിയോ സുഗന്ധിയോ? രണ്ടും അവള്‍ക്കു ചേരും. ഏതോ വിജയാഹ്ലാദവും കൂട്ടുകാരാരോ ചുരുട്ടിക്കൊടുത്ത ലഹരിയും ഉന്മാദത്തിന്റെ കൊടുമുടി കയറ്റിയ നാള്‍.. വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവള്‍ ആയിരുന്നോ... അതോ തെരുവുപെണ്ണോ.. പേടിച്ചരണ്ട കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുമൊക്കെ ലഹരി കൂട്ടിയതെയുള്ളൂ.. കരച്ചിലും അപേക്ഷയുമൊന്നും മനസലിയിച്ചില്ല. അന്ന് കിട്ടിയ നോട്ടുകെട്ടില്‍ നിന്ന്‍ കണക്കുനോക്കാതെ വലിച്ചൂരി അവളുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു തിരിഞ്ഞുനടക്കുമ്പോള്‍ വസ്ത്രങ്ങള്‍ വാരിച്ചുറ്റി ഓടിവന്നു കാല്‍ക്കല്‍ വീണത്‌ കണ്ടില്ലെന്നു നടിച്ചു നടന്നകന്നു.

ഇന്നെന്താണ് അവളെ കുറിച്ചിത്രയും ഓര്‍ക്കാന്‍? മുല്ലപ്പൂവിന്റെയോ വിലകുറഞ്ഞ സെന്റിന്റെയോ മടുപ്പിക്കുന്ന മണമില്ലാതിരുന്ന ആദ്യത്തെ അനുഭവമായതുകൊണ്ടോ? പെണ്ണെന്നത് പുരുഷന്റെ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് പഠിപ്പിച്ചത്, കുഞ്ഞുന്നാളില്‍ രാത്രിയില്‍ മകനെ നിര്‍ബന്ധിച്ചുറക്കി അണിഞ്ഞൊരുങ്ങിയ അമ്മയുടെ കാത്തിരിപ്പാണ്.

എളിയിലെ കുപ്പി വലിച്ചൂരി അതിലാകെ ഉണ്ടായിരുന്ന കുറച്ചു മദ്യം കൂടി വലിച്ചുകുടിച്ച് തല കുടഞ്ഞുകൊണ്ട് അയാള്‍ മാണിച്ചായനെ തെറി പറഞ്ഞു. ആവശ്യമില്ലാത്ത ചിന്തകളൊക്കെ മനസിലെത്തുന്നു.. ഇങ്ങേരിതു ഏതു ബ്രാന്റാ തന്നതെന്തോ..

വീണ്ടും മറക്കാനാവാത്ത രാത്രി മനസിലെത്തിയപ്പോള്‍ അയാള്‍ തിരിഞ്ഞു നടന്നു. ഇന്ന് അവള്‍ തന്നെയാണ് കൂടെ വേണ്ടത്. ഇതുവരെ കിട്ടിയിട്ടുള്ളതിലും കൂടുതല്‍ കാശ് മാണിച്ചായന്‍ തന്ന ദിവസമാണ്. ബിസിനെസ്സിലെ ശത്രുവിനെ കുത്തിമലര്‍ത്തിയപ്പോള്‍ അങ്ങേര്‍ക്ക് ഇന്ന് സ്വര്‍ഗമാണ് കിട്ടിയത്.

തെരുവിന്റെ അങ്ങേമൂലയില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു. കൃത്യമായി ഓര്‍മ്മയില്ലെങ്കിലും ഈ വഴിയിലെവിടെയോ ആയിരുന്നു അവള്‍ നിന്നിരുന്നത്. ആംഗ്യഭാഷയിലൂടെ അവളെന്തോ ചോദിച്ചതൊന്നും കേട്ടില്ല. വിജനമായ വഴിയരികില്‍ ഏതു നിഴലിനു കീഴിലായിരുന്നു അന്നവളെ വന്യമായി കീഴടക്കിയത്?

ഇരുട്ടില്‍ എവിടെ നിന്നോ ഞരക്കം കേട്ടതുപോലെ... ആ രാത്രിക്ക് ശേഷം ചിലപ്പോഴൊക്കെ ഓര്‍മ്മയിലെത്തുന്ന അവളുടെ അടക്കിപ്പിടിച്ച കരച്ചില്‍ പോലെ ഒന്ന്.. അതോ വെറും തോന്നലോ.. പഴയ ഓര്‍മ്മകളെ തികട്ടിക്കുന്ന മാണിചായന്റെ മദ്യത്തെ വീണ്ടും ശപിച്ചു. ആ രാത്രിയുടെ ഓര്‍മ്മ മനസ്സില്‍ മോഹം തന്നെയാണ് നിറയ്ക്കുന്നത്.

കടകളുടെ ഇടയില്‍ വെളിച്ചം പടര്‍ന്നുകിടന്ന വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഇടതുവശത്ത്‌ കടയോട് ചേര്‍ന്ന ഓലപ്പുര. അതേ... ഇവിടെയായിരുന്നു അവള്‍..! ഇത് തന്നെ!

പാതിചാരിയ ഓലമറ നീക്കി ഉള്ളില്‍ കടക്കുമ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. തെരുവുവിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ തറയില്‍ ഒരു പഴന്തുണിക്കെട്ടായി അവള്‍! അവളുടെ ശാന്തമായ മുഖവും കീറപുതപ്പിന് താഴെ പുറത്തേക്ക് നീണ്ടുനിന്ന വെളുത്ത് കൊലുന്നനെയുള്ള പാദങ്ങളും വെറുതെ നോക്കിനില്‍ക്കുമ്പോള്‍ പഴയരാത്രിയിലെ സുഗന്ധം സിരകളില്‍ മദ്യലഹരിക്കും മുകളിലായി... അരികിലിരുന്ന്, നനുത്ത കാല്‍പാദത്തില്‍ പതിയെ പിടിച്ചു. ഞെട്ടിയുണര്‍ന്ന അവള്‍ കാലുകള്‍ വലിച്ചെടുത്ത് ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അരണ്ടവെളിച്ചത്തിലും അയാളെ തിരിച്ചറിഞ്ഞ നടുക്കം അവളുടെ മുഖത്ത് നിഴലിച്ചു.. നിലവിളിക്കു മീതെ അയാളുടെ ബലിഷ്ട കരങ്ങള്‍ മുറുകിയപ്പോള്‍ അവള്‍ക്കു ശ്വാസംമുട്ടി. അവളുടെ ശരീരത്തില്‍ ഇഴഞ്ഞ കൈ ഒരു ഞെട്ടലോടെ അയാള്‍ പൊടുന്നനെ പിന്‍വലിച്ചു.

വലിയ വയറ്റില്‍ കൈകളമര്‍ത്തി, എഴുന്നേല്‍ക്കാനാവാതെ വാവിട്ടുകരയുന്ന അവളുടെ അരികില്‍ സ്തബ്ധനായി അയാള്‍ നിന്നു. അയാളുടെ ലഹരിയെ മുഴുവന്‍ ഒരുനിമിഷം കൊണ്ടു ചോര്‍ത്തിക്കൊണ്ട്, അസഹ്യതയോടെയുള്ള അവളുടെ കരച്ചില്‍ അയാളെ പൊതിഞ്ഞു. നോക്കിനില്‍ക്കെ വസ്ത്രത്തിലും പുതപ്പിലുമായി രക്തം പടര്‍ന്നിറങ്ങി. കൃഷ്ണമണികള്‍ മുകളിലേക്ക് മറിഞ്ഞ് ബോധാശൂന്യയായ അവളെ എടുത്തുയര്‍ത്തി റോഡിലേക്കിറങ്ങുമ്പോള്‍ ലക്ഷ്യമൊന്നും മനസ്സില്‍ തെളിഞ്ഞില്ല.

ധര്‍മ്മാശുപത്രിയുടെ വരാന്തയുടെ മൂലക്കുള്ള ടാപ്പില്‍ നിന്നും കൈയിലെ രക്തക്കറ കഴുകിക്കളയുമ്പോള്‍ മനസ്സില്‍ നിറഞ്ഞിരിക്കുന്ന അവളുടെ മുഖവും അതുപോലെ നശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. . ആശുപത്രിയുടെ പടികള്‍ ഓടിയിറങ്ങുമ്പോള്‍ പിന്നില്‍ ഒരു കുഞ്ഞുകരച്ചില്‍ കേട്ടുവോ? ബോധം മറയുന്നതിനു തൊട്ടുമുന്‍പ് അവളെന്തോ പറയാനൊരുങ്ങിയോ? ഏതു നശിച്ച നേരത്താണ് ഇവളെ തേടി വരാന്‍ തോന്നിയത്? അതോ ഇതൊരു നിയോഗമായിരുന്നോ... മാസങ്ങള്‍ക്കിടയില്‍ അവളെ ഒരിക്കല്‍മാത്രം കണ്ടത് ഏതോ റോഡുപണി നടക്കുമ്പോഴായിരുന്നു. ഈശ്വരാ.. അങ്ങനെയെങ്കില്‍ ആ കുഞ്ഞ്.. ?

തറയില്‍ തളം കെട്ടിയ ചുവന്നവെള്ളത്തില്‍ തെളിഞ്ഞുവരുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മുഖം.. അയാള്‍ ടാപ്പ്‌ വീണ്ടും തുറന്നു വിട്ടു. വലിയ വൃത്തമായി പടരുന്ന വെള്ളത്തില്‍ ഇപ്പോള്‍ അവളുടെ കരയുന്ന മുഖം! പലതവണ മുഖം കഴുകി നോക്കുമ്പോഴും മാറിമാറിതെളിയുന്ന രണ്ടു മുഖങ്ങള്‍..! ഓ.. ഇതെന്തൊരു പരീക്ഷണം!

ഇല്ല.. ബന്ധങ്ങള്‍ തനിക്കുള്ളതല്ല... ആരുടെയൊക്കെയോ രക്തം പുരണ്ട ഈ ശരീരം മറ്റാരുടെയോ കൈകൊണ്ട് ഒരിക്കല്‍ ഇല്ലാതാവും.. അന്ന് വീണ്ടും ഇവര്‍ അനാഥരാവും.. ചരിത്രം ആവര്‍ത്തിക്കപ്പെടും... പക്ഷെ... ഉപേക്ഷിച്ചിട്ട് പോവാനും കഴിയുന്നില്ലല്ലോ...

ചിന്തകള്‍ക്കും മീതെയായി തലയ്ക്കുള്ളില്‍ ആരുടെയൊക്കെയോ ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് കാതുകള്‍ ഇരുകൈകളും കൊണ്ട് പൊത്തി അയാള്‍ നിലത്തിരുന്നു.

8 comments:

junaith said...

പച്ചയായതു

വരവൂരാൻ said...

നാളുകൾക്കു ശേഷം ലഭിച്ച ഒരു കഥാനുഭവം... അഭിനന്ദനങ്ങൾ

പകല്‍കിനാവന്‍ | daYdreaMer said...

അയാള്‍ ടാപ്പ്‌ വീണ്ടും തുറന്നു വിട്ടു. വലിയ വൃത്തമായി പടരുന്ന വെള്ളത്തില്‍ ഇപ്പോള്‍ അവളുടെ കരയുന്ന മുഖം! പലതവണ മുഖം കഴുകി നോക്കുമ്പോഴും മാറിമാറിതെളിയുന്ന രണ്ടു മുഖങ്ങള്‍..! ഓ.. ഇതെന്തൊരു പരീക്ഷണം!

!!

kaithamullu : കൈതമുള്ള് said...

.......എളിയിലെ കുപ്പി വലിച്ചൂരി അതിലാകെ ഉണ്ടായിരുന്ന കുറച്ചു മദ്യം കൂടി വലിച്ചുകുടിച്ച് തല കുടഞ്ഞുകൊണ്ട് അയാള്‍ മാണിച്ചായനെ തെറി പറഞ്ഞു!

Manoraj said...

ശിവയുടെ പോസ്റ്റുകളിലെ വ്യത്യസ്തത മികച്ചു നില്‍ക്കുന്നു.

അജയനും ലോകവും said...

വളരെ നന്നായിട്ടുണ്ട് ശിവകാമിച്ചേച്ചീ ....ആശംസകള്‍

അജേഷ് ചന്ദ്രന്‍ ബി സി said...

പുതിയ ഒരു പോസ്റ്റുണ്ട് ..
വായിയ്ക്കുക താങ്കളുടെ അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കുക ...
മറ്റൊരു ഷൊര്‍ണൂര്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ .
http://ajeshchandranbc1.blogspot.com/2011/02/blog-post.html

ശിവകാമി said...

പരകായപ്രവേശം ഒന്ന് ട്രൈ ചെയ്തു നോക്കിയതായിരുന്നു.. :) സ്വീകരിച്ച് അഭിപ്രായം അറിയിച്ചതില്‍ എല്ലാവരോടും നന്ദി..