('കൂട്ടം' എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ കഥാരചനമത്സരത്തില്‍ പ്രോത്സാഹന സമ്മാനം നേടിത്തന്ന കഥ )
വാതിലില്‍ തുടരെത്തുടരെ മുട്ട് കേട്ടിട്ടും ആന്‍ അനങ്ങാതെ കുറെനേരം കൂടി കിടന്നു. തുടന്നുള്ള മോളുടെ വിളിയില്‍ കലര്‍ന്ന ഗദ്ഗദം അവളെ തളര്‍ത്തി.
"മമ്മാ... പപ്പാടെ ഫോട്ടോ ഉണ്ട് പത്രത്തില്‍!"
ചരമതാളിന്റെ മൂലയ്ക്ക് തങ്ങളുടെ കല്യാണഫോട്ടോയില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട നവീന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. ആനിന്റെ സാരിയുടെ തുമ്പും കാണാം.
'കുവൈറ്റില്‍ മലയാളിഡോക്ടര്‍ അന്തരിച്ചു'
ആന്‍ താഴേക്ക് ഓടിച്ചു വായിച്ചു.
ഹൃദയാഘാതം മൂലം മരണമടഞ്ഞ പ്രസിദ്ധനായ മറുനാടന്‍ മലയാളിക്ക് അര്‍ഹമായ പ്രാധാന്യം കൊടുത്ത് പത്രം എഴുതിയിരിക്കുന്നു.
"ഞാനാ ന്യൂസ് കൊടുത്തത്. ആരെയെങ്കിലും അറിയിക്കാന്‍ വിട്ടുപോയെങ്കില്‍ അറിഞ്ഞോട്ടെ എന്നുവെച്ചാ.."
ജോസിച്ചായന്‍ നെടുവീര്‍പ്പോടെ നമിമോളെ ചേര്‍ത്തുപിടിച്ചു.
"നീയിങ്ങനെ ഒന്നും മിണ്ടാതേം കഴിക്കാതേം എത്ര ദിവസമാന്നു വെച്ചാ... ആന്‍? പോയവര് പോയി... ഒന്നുമില്ലേലും ഈ കുഞ്ഞിനിനി നീയല്ലേയുള്ളൂ... നീയോന്നുറക്കെ കരയുക പോലും ചെയ്തില്ലല്ലോ മോളെ.. "
ആന്‍ പത്രത്തിലെ നവീന്റെ മുഖത്തേക്ക് നോക്കി. എത്ര ശാന്തമായ മുഖമായിരുന്നു നവീന്! ആരോടും കയര്‍ത്തുസംസാരിക്കുന്നത് കണ്ടിട്ടില്ല. രോഗികള്‍ക്കും പ്രിയങ്കരന്‍. ദൈവം ആതുരസേവനത്തിനായി നേരിട്ടയച്ച മഹാന്‍ എന്നുവരെ തോന്നിയിട്ടുണ്ട് പരിചയപ്പെട്ട ആദ്യനാളുകളില്‍.. റൌണ്ട്സിനു റിപ്പോര്‍ട്ടുകളും ചാര്‍ട്ടുമായി പിന്നാലെ ഓടിനടക്കുമ്പോള്‍ ആരാധനയോടെ നോക്കിനിന്നു സ്വയം മറന്നുപോയ ദിവസങ്ങള്‍.. പിന്നീടത് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി.
ജോസിച്ചായനും മോളും പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് എപ്പോഴോ മുറിവിട്ടുപോയി. ആന്‍ വീണ്ടും പുതപ്പിനടിയില്‍ രക്ഷ തേടി. ജോസിച്ചായന്‍ പറഞ്ഞതുപോലെ ഒന്ന് നിലവിട്ടുകരയാന്‍പോലും എന്തേ തനിക്ക് കഴിയാത്തത്?
ഒരുമിച്ചു ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുമ്പോള്‍ കൂടെയുള്ളയാളിന്റെ ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നിട്ടും വൈകി. നവീന്‍ അത്രയ്ക്ക് സമര്‍ത്ഥനായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങള്‍, അതും രക്ഷപ്പെടുമെന്നു ഉറപ്പുണ്ടായിരുന്നവരുടെത്... അതില്‍ മിക്കതും നവീന്റെ കൈപ്പിഴകള്‍.. വീട്ടിലും അനാവശ്യമായ വക്കുതര്‍ക്കങ്ങള്‍.. ദേഷ്യം.. എന്നിട്ടും ആര്‍ക്കും പിടികൊടുക്കാതെ നടന്ന പ്രിയങ്കരന്‍!
ജോലിസമയം കഴിഞ്ഞുള്ള പുറത്തുപോക്കിലും പുതിയ കൂട്ടുകെട്ടുകളിലും അസ്വാഭാവികത തോന്നിയ നാളുകളിലായിരുന്നു തലയില്‍ വലിയൊരു കൂടം കൊണ്ടുള്ള അടിപോലെ അന്വേഷണഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ ഞെട്ടിപ്പിക്കുന്ന അറിവുകള്‍ പകര്‍ന്നത്.
നവീന് ഏതോ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന്! അതിനേറ്റവും യോജിച്ചയിടമായി സ്വന്തം പ്രവര്‍ത്തനമേഘല തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന്! ഉറക്കം നഷ്ടപ്പെട്ട രാവുകളായി പിന്നീടങ്ങോട്ട്. ഉടലിലൂടെ കൈചുറ്റി ശാന്താമായുറങ്ങുന്നയാളിന്റെ അടഞ്ഞ കണ്പോളകള്‍ക്കടിയില്‍ ക്രൂരത സങ്കല്പ്പിക്കാനാവാതെ...
ജീവന്‍ കാക്കേണ്ടയാള്‍ക്ക് എങ്ങനെ ജീവനെടുക്കാനാവും! ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അതൊക്കെ.. ഏതിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുക എന്നത് ഉദ്യോഗസ്ഥരുടെ സ്വഭാവമായി ആശ്വസിക്കാന്‍ ശ്രമിച്ചു..
ആശുപത്രിയിലെ പൊന്നോമന നാലുവയസ്സുകാരി സനയുടെ ആകസ്മികമരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ മുഖത്ത് നമിമോളുടെ പുഞ്ചിരി കണ്ടിരുന്നു. ജോലിത്തിരക്കില്‍ നമിമോള്‍ക്ക് നഷ്ടപ്പെടുന്ന വാത്സല്യം പോലും അവള്‍ക്കു കൊടുത്തിരുന്നു. നവീന്റെ പേഷ്യന്റ് ആയിട്ടുപോലും അവളുടെ എല്ലാ വിവരങ്ങളും ഹൃദിസ്ഥമാക്കി. ഒടുവില്‍ ആശുപത്രി വിടാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ....
നവീനോട് ആദ്യമായി കയര്‍ത്തു സംസാരിച്ചു. അയാളുടെ കണ്ണുകളിലെ ക്രൂരത നേരിട്ട് കണ്ടു. അതുവരെ അറിഞ്ഞതും കേട്ടതുമായതെല്ലാം സത്യമാണെന്ന അറിവ്... നിയന്ത്രണം വിട്ടു എന്തൊക്കെയാണ് സംസാരിച്ചതെന്നറിയില്ല...
നവീന്റെ പ്രഹരമേല്‍പ്പിച്ച അബോധാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ അലങ്കോലപ്പെട്ട മുറിയുടെ മൂലയില്‍ അവള്‍ തീര്‍ത്തും ഏകയായി. സ്ഥലകാലബോധത്തിനു പിന്നാലെ വല്ലാത്തൊരു ഭയം വേദനയില്‍ പൊതിഞ്ഞ ശരീരമാസകലം വിറയലായി... കണ്മുന്നില്‍ ആശുപത്രികിടക്കകളും നോവുന്ന മുഖങ്ങളും... അയാള്‍ എല്ലാം നശിപ്പിക്കും.. തങ്ങള്‍ക്കുമാത്രം ന്യായമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരില്‍ ഒരാളായി നവീനും..
ഇഴഞ്ഞും വലിഞ്ഞും മുറിക്കു പുറത്തുകടന്ന് ആന്‍ മാതാവിന്റെ ചിത്രത്തിനരികില്‍ മുട്ടുകുത്തി. അറിഞ്ഞതൊന്നും സത്യമാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. ആദ്യമായി കോട്ടും സ്റെതസ്കോപ്പും ധരിച്ചനാള്‍ അമ്മച്ചിയുടെ കുഴിമാടത്തിന്നരികെനിന്ന് 'വേദനിക്കുന്നവരെ രക്ഷിക്കുന്ന മാലാഖയാക്കാന്‍ നീ തമ്പുരാനോട് പറയില്ലേ അന്നക്കുട്ടീ...' എന്ന് അപ്പച്ചന്‍ ചോദിച്ചപ്പോള്‍ അവളുടെ കാല്‍ക്കലേക്ക് പറന്നുവീണ റോസാപൂവിതളുകള്‍ ബൈബിളിന്നുള്ളില്‍ പതിഞ്ഞിരുന്നു.
അന്ന് മുഴുവന്‍ എവിടെയും പോവാതെ നവീനെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നു ചിന്തിച്ചു. ഇതെല്ലാം മറ്റുള്ളവര്‍ അറിയുമ്പോള്‍...? നമിമോളെ ജോസിചായന്റെ അടുത്ത് നിര്‍ത്തിയത് നന്നായി. ഒരു ഭീകരന്റെ മകളായി... ഓ.. ജീസസ്! പപ്പയുടെ പുതിയ മുഖം അവളൊരിക്കലും കാണരുത്. എന്തിനും മേലെയാണ് നിന്‍റെ സ്നേഹമെന്ന് എത്രതവണ പറഞ്ഞിരിക്കുന്നു! ഒരിക്കലും നവീനെ ഒരു ദുഷ്ടശക്തിക്കും വിട്ടുകൊടുക്കാനാവില്ല... സ്നേഹം കൊണ്ട് മാറ്റാം... എല്ലാവര്‍ക്കും നവീനെ തിരികെ വേണം.
വാതില്‍മണി മുഴങ്ങുമ്പോഴേക്കും നവീനായുള്ള വാചകങ്ങള്‍വരെ തയ്യാറായിരുന്നു. പക്ഷെ, പുറത്ത് അപ്രതീക്ഷിതമുഖങ്ങള്‍ തന്ന ഞെട്ടല്‍ തീരുന്നതിനു മുന്‍പേ അവരുള്ളില്‍ കയറി പരിശോധന തുടങ്ങിയിരുന്നു.
"സീ, ഡോക്ടര്‍, നവീനെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെയും സംശയത്തിന്റെ പേരില്‍ കൊണ്ടുപോവേണ്ടിവരും. സൊ, സഹകരിക്കുക. നവീനെകുറിച്ച് എന്ത് വിവരം കിട്ടിയാലും ഉടനെ ഞങ്ങളെ അറിയിക്കുക"
ഇരുളില്‍ ഒരു കള്ളനെ പോലെ നവീന്‍ ഉള്ളിലെത്തുമ്പോള്‍, ലൈറ്റ് പോലുമിടാതെ സോഫയില്‍ ഭീതിയുടെ പുതപ്പിനുള്ളില്‍ അവള്‍ ചുരുണ്ടിരിക്കുകയായിരുന്നു. അയാള്‍ അവളെ മുറിയിലെ കിടക്കയില്‍ കിടത്തി. ഭ്രാന്തമായി കീഴടക്കപ്പെടുമ്പോള്‍ ഏതോ ഗുഹാമുഖത്തുനിന്നും ആന്‍ അയാളുടെ ശബ്ദം കേട്ടു.
"ഐ നോ, നിങ്ങള്‍ക്കൊക്കെ ഞങ്ങള്‍ ചെയ്യുന്നത് തെറ്റാവും. ഒന്നുമറിയാത്തവരെ ഇല്ലാതാക്കുമ്പോള്‍ ചിലപ്പോഴൊക്കെ എനിക്കും തോന്നാറുണ്ട്. പക്ഷെ... എനിക്കിനി മാറാന്‍ പറ്റില്ല... അവരെന്നെ ഇല്ലാതാക്കും... അല്ലെങ്കില്‍ പോലീസ് എന്നെ കൊണ്ടുപോകും.. എനിക്കിനിയും ജീവിക്കണം ആന്‍, മാറ്റപ്പെട്ട പുതിയ ഭൂമിയില്‍... നമുക്ക് സ്വര്‍ഗമാക്കാം ഇവിടം. നീയും വേണം അപ്പോള്‍... ഐ ലവ് യു...ആന്‍.."
പരിശോധനക്കിടക്കയിലെ രോഗിയുടെ നിര്‍വികാരതയോടെ അയാളുടെ കീഴില്‍ കിടക്കുമ്പോള്‍ തലയ്ക്കുള്ളില് എപ്പോഴോ കടലിരമ്പിത്തുടങ്ങി. തിരകളില്‍ മുങ്ങിത്താഴുന്ന ആരൊക്കെയോ... രക്ഷയ്ക്കായി കേഴുന്ന ആര്‍ത്തനാദങ്ങള്‍...
ഇടക്കാരോ അവളെ കുലുക്കി വിളിച്ചതുപോലെ തോന്നി..
"ആന്‍... എന്തൊരു കിടപ്പാണിത്! എഴുന്നേല്‍ക്ക് മോളെ... വല്ലതും കഴിക്ക്.. "
കയ്യില്‍ ഗ്ലാസ്സുമായി നില്‍ക്കുന്ന ഗ്രേസിചേടത്തിക്ക് പിന്നില്‍ അവള്‍ അമ്മച്ചിയെ തിരഞ്ഞു.
"അമ്മച്ചിയെ സ്വപ്നം കണ്ടോ.. ആന്‍ അമ്മച്ചീന്നു വിളിക്കുന്നത് കേട്ടാ ഞാന്‍ വന്നത്."
മുഖം അമര്‍ത്തിത്തുടച്ച് എഴുന്നേറ്റിരിക്കുമ്പോള്‍ അവള്‍ക്ക് മാത്രമറിയുന്ന സത്യങ്ങള്‍ വീണ്ടും തലക്കുള്ളില്‍ തിങ്ങിഞെരുങ്ങി വീര്‍പ്പുമുട്ടിച്ചു. കണ്മുന്നില്‍ ഇപ്പോഴും ശ്വാസംമുട്ടി കൈകാലിട്ടടിക്കുന്ന നവീന്‍. എപ്പോഴാണ് നിയന്ത്രണവും ശക്തിയും തനിക്ക് കിട്ടിയതെന്ന് അവള്‍ക്കിപ്പോഴും ഓര്‍മ്മവന്നില്ല.. കട്ടിലിന്റെ തലഭാഗത്ത് നിന്നുകൊണ്ട് തലയിണ അയാളുടെ മുഖത്തമര്‍ത്തിയത് ഈ കൈകള്‍ കൊണ്ട് തന്നെയായിരുന്നോ... അതും ജീവനെക്കാളേറെ സ്നേഹിച്ചയാളെ...! ഓര്‍ക്കാനാവുന്നില്ല ഒന്നും.. വലിഞ്ഞ് നീണ്ട കാലുകളുടെ ചലനം നിലക്കുന്നതുവരെ അമര്‍ത്തിപ്പിടിക്കുമ്പോള്‍ ആശുപത്രിയിലെ കട്ടിലുകളില്‍ ശാന്തമായുറങ്ങുന്നവരെ കണ്ടു.
അഞ്ചുമണിയുടെ അലാറം കേട്ടുണരുമ്പോള്‍ അരികില്‍ സുഖമായുറങ്ങുന്ന നവീന്‍ എന്നാണ് ആദ്യം തോന്നിയത്. മൂക്കിലൂടെ ഒലിച്ചിറങ്ങി കട്ടപിടിച്ച രക്തം കഴിഞ്ഞകാലം മുഴുവന്‍ ഒരുമിച്ചു ഓര്‍മ്മിപ്പിച്ചു.
മറുനാടന്‍ മലയാളിഡോക്ടറുടെ വിധവയായി നാട്ടിലേക്കു തിരിക്കുമ്പോള്‍ അമ്മച്ചിയുടെ മടിയില്‍ തലവെച്ചുറങ്ങുകയായിരുന്നു അതുവരെ എന്നാണ് തോന്നിയത്.
പക്ഷെ ഈ രഹസ്യം ഉള്ളില്‍ വെച്ച് എത്രകാലം! അപ്പച്ചന്‍ പ്രാര്‍ത്ഥിച്ചതുപോലെ രക്ഷകയായ മാലാഖ ആവേണ്ടിയിരുന്ന താന്‍ ഒരു ജീവനല്ലേ ഇല്ലാതാക്കിയത്! കോളേജിലെ കൂട്ടുകാര്‍ക്കിടയിലെ ചര്‍ച്ചകളില്‍ ദയാവധം ഒരു വിഷയമായപ്പോള്‍ അതുപോലും ആലോചിക്കാനാവില്ലെന്നു വാദിച്ചവള്‍ക്ക് എങ്ങനെ... എന്തുതന്നെ കാരണമായാലും.... ശിക്ഷ അര്‍ഹിക്കുന്നില്ലേ... തെറ്റാണ് ചെയ്തത്! നവീന്‍... നീയെന്നോട് പൊറുക്കുമോ? നിന്‍റെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല.. മറ്റുള്ളവരെ വിഷമിപ്പിച്ചു നമുക്കൊരു സന്തോഷം ഉണ്ടാവുമോ? നവീനെ ഒരു കൊലയാളിയായി കാണാന്‍ എനിക്കാവില്ലായിരുന്നു... കര്‍ത്താവേ... ആരോട് പറയും? നവീന്‍ ഇല്ലാത്ത ലോകത്ത് തനിച്ച് എങ്ങനെ...! നമിമോളുടെ മുഖം കണ്ടു കൊതിതീര്‍ന്നില്ല... മാതാവേ...
ബൈബിളിലെ പേജുകള്‍ ഭ്രാന്തമായി മറിച്ചുകൊണ്ട് ആന്‍ അമ്മച്ചിയെ തിരഞ്ഞു..
കളിപ്പാട്ടവുമായി നമിമോള്‍ മുറിയിലെത്തുമ്പോഴും കരിമ്പടത്തിനടിയില്‍ ആന്‍ ചുരുണ്ടുകിടക്കുകയായിരുന്നു.
5 comments:
നല്ല കഥ.
ആശംസകള്‍ !
കാലീകപ്രസക്തിയുള്ള ഒരു വിഷയത്തെ അതി മനോഹരമായി കഥയുടെ ചട്ടക്കൂട്ടിലേക്ക് ശിവ സന്നിവേശിപ്പിച്ചിരിക്കുന്നു. ആനും നവീനും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
ഓഫ് :പ്രോത്സാഹനസമ്മാനത്തിന് ആശംസകള്‍. ഇത് പ്രചോദനമാവട്ടെ. കൂടുതല്‍ പോസ്റ്റുകള്‍ ഈ വര്‍ഷം ശിവയില്‍ നിന്നും ബൂലോകത്ത് ലഭിക്കട്ടെ.
At first, Congrats dear. Let this be a beginning for many more to come.
A relevant subject finely woven into the story.
very good, interesting story
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദിയോടെ...
Post a Comment