About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, November 30, 2016

അമ്മയോർമ്മകൾ

അമ്മ കുറേനാൾ വീട്ടിൽ തനിച്ചായിരുന്നു. ഏഴാമത്തവളായ ഞാനും കൂടി ആ വീടുവിട്ടിറങ്ങിയപ്പോൾ അമ്മക്ക് ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാതായി. നിലക്കാതെ പ്രവർത്തിച്ചുകൊണ്ടിരിക്കാറുള്ള ടീവിയിലെ കാഴ്ചകളിൽ മനസുടക്കാതെ, കോഡ്‌ലെസ്സ് ഫോൺ അരികിൽ വെച്ച് അമ്മ കാത്തിരുന്നു. ആദ്യമണിനാദത്തിൽത്തന്നെ ബട്ടണമർത്തി "മക്കളേ" എന്ന് തുടങ്ങി. കിണറ്റുകരയിൽ നട്ട വെള്ളചെമ്പരത്തി പൂത്ത കഥ പറഞ്ഞു. ചുക്രുമണിചീരയും മുട്ടയും ചേർത്ത തോരന്റെ രുചി പകർത്തി. അയലത്തെ ജനനവും മരണവും കല്യാണവും വിശേഷമായി. പിന്നെ നേരം പോയതറിഞ്ഞില്ലെന്ന് എന്റെ ഏറുന്ന ടെലിഫോൺ ബില്ലിനെപ്പറ്റി വേവലാതിപൂണ്ട് ഫോൺ കട്ട് ചെയ്തു.

അമ്മയോട് സംസാരിക്കാറുള്ള കാമാക്ഷി അഗ്രഹാരങ്ങളിലെ പണികഴിഞ്ഞു വരുന്നവഴി വല്ലപ്പോഴും കയറിയാലായി. മക്കൾ വിളിച്ചതും കൊച്ചുമക്കൾ അമ്മുമ്മയോട് സംസാരിച്ചതും പറഞ്ഞുകേൾപ്പിക്കുമ്പോൾ കാമാക്ഷി ബോറടിച്ചിരുന്ന് തല ചൊറിയും. പിന്നെ പാതി മൂളിയും മൂളാതെയും എഴുന്നേറ്റ് നടക്കും. ആരെങ്കിലും വീട്ടിൽ വന്നാൽ അവരോട് അമ്മ വാതോരാതെ സംസാരിക്കുന്നത് തടയണ തുറന്നുവിട്ടതുപോലെയായിരുന്നു.
.
ആരെയും ബുദ്ധിമുട്ടിക്കരുതെന്ന അമ്മയുടെ നിശ്ചയദാർഢ്യം കുറച്ചൊന്നുമല്ല ഞങ്ങളെ കുഴപ്പിച്ചത്. തനിച്ചുകഴിയുന്ന കാലത്ത് ഒരിക്കൽ കാൽ തെറ്റിവീണ് എഴുന്നേൽക്കാൻ വയ്യാതെ ഉറക്കെ വിളിച്ചത് കേട്ട അയൽക്കാരാണ് ഞങ്ങളെ വിവരമറിയിച്ചത്. അന്ന് പിടിച്ചപിടിയാലേ കൂടെ കൂട്ടുകയായിരുന്നു ചേച്ചി. അസുഖം മാറി തിരികെ പോവണമെന്ന് ശാഠ്യം പിടിച്ചെങ്കിലും ആരും സമ്മതിച്ചില്ല. പിന്നീടാണ് രോഗബാധിതയായതും ചേച്ചിയുടെ ശുശ്രൂഷയിൽ കഴിഞ്ഞതും മാസങ്ങൾക്കൊടുവിൽ ഒരുനാൾ വിളികേൾക്കാൻ പോലും കഴിയാത്തിടത്തേക്ക് തനിച്ചു യാത്രയായതും.
അസുഖം മൂർച്‌ഛിച്ച കാലത്ത് ഓർമ്മകൾ ഇടയ്ക്കിടെ പിണങ്ങിനിന്നു അമ്മയോട്. നല്ലകാലത്ത് മനസ്സിൽ കരുതിയതൊന്നും പറയാൻ കഴിയാതെ പോയതുകൊണ്ടാവാം, ഭൂതകാലത്തിന്റെ ഇടനാഴികളിൽ ഇടറി നടക്കുകയും ഇടയ്ക്കിടെ സ്വബോധത്തിന്റെ പടികൾ വേഗത്തിൽ കയറുകയും ചെയ്യുമ്പോഴൊക്കെ അമ്മ ആരുടെയൊക്കെയോ പേര് വിളിച്ചു ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നത്. ആരെയൊക്കെയോ ശാസിക്കുകയും ആർക്കൊക്കെയോ ഉപദേശം നൽകുകയും ചെയ്തത്!

ഈയിടെ നാട്ടിലെ പരദൂഷണസഭകളിൽ കഥകൾ മെനയാനിഷ്ടമുള്ള ആരോ പറഞ്ഞുവത്രേ ഏഴു പെൺകുട്ടികളുണ്ടായിട്ടെന്താ ആയമ്മ വൃദ്ധസദനത്തിൽ കിടന്നല്ലേ മരിച്ചത് എന്ന്! സത്യത്തിൽ ആദ്യം ചിരിയാണ് വന്നത്. പിന്നീട് വിഷമവും.
ഒടുവിൽ ഇങ്ങനെ ചിന്തിച്ചു.. പാവം.. അങ്ങനെ ഒരിടത്തായിരുന്നെങ്കിൽ ഇത്രയും ഭീകരമായ ഏകാന്തത അനുഭവിച്ചിട്ടുണ്ടാവില്ല.
സമപ്രായക്കാരുടെ ഇടയിലായിരുന്നെങ്കിൽ അവരൊരുപാട് കഥകൾ പറഞ്ഞിരുന്നേനെ.
മക്കളുടെ കുട്ടിക്കാലത്തെ കുസൃതികളും തൊഴിലിടങ്ങളിലെ തമാശകളും പരസ്പരം അയവിറക്കിയേനെ ..
പ്രേം നസീറിനെ പോലെ പിന്നാലെ നടന്നു പാടിയതും ഷീലയെ പോലെ വെട്ടിത്തിരിഞ്ഞു നടന്നതും ഓർത്തോർത്തു ചിരിച്ചേനെ..

3 comments:

Cv Thankappan said...

നിന്ദിതരും പീഡിതരും......

Unknown said...

അമ്മക്ക് തുല്യം അമ്മ മാത്രം

Punaluran(പുനലൂരാൻ) said...

ആദ്യമണിനാദത്തിൽത്തന്നെ ബട്ടണമർത്തി "മക്കളേ" എന്ന് തുടങ്ങി. കിണറ്റുകരയിൽ നട്ട വെള്ളചെമ്പരത്തി പൂത്ത കഥ പറഞ്ഞു. ചുക്രുമണിചീരയും മുട്ടയും ചേർത്ത തോരന്റെ രുചി പകർത്തി. അയലത്തെ ജനനവും മരണവും കല്യാണവും വിശേഷമായി. പിന്നെ നേരം പോയതറിഞ്ഞില്ലെന്ന് എന്റെ ഏറുന്ന ടെലിഫോൺ ബില്ലിനെപ്പറ്റി വേവലാതിപൂണ്ട് ഫോൺ കട്ട് ചെയ്തു...
എന്റെ അമ്മയെ ഓർമ്മവന്നു..നല്ല എഴുത്ത്‌..ആശംസകൾ