About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

💛 ട്രാഫിക് ജാം 💙 - Story by Soonaja

 

💛 ട്രാഫിക് ജാം 💙
ഓഫീസിൽ നിന്നിറങ്ങി മൂന്നാമത്തെ ഗതാഗതക്കുരുക്കിൽ കിടക്കുമ്പോഴാണ് രമേശൻ രണ്ടാമത്തെ തവണ വീട്ടിലേക്ക് വിളിച്ചത്. നിർമ്മലാമ്മയപ്പോൾ മണിക്കുട്ടിക്ക് ചോറുവാരി കൊടുക്കുകയായിരുന്നു. ടീവിയിൽ ഡോറയുടെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് മണിക്കുട്ടി അറിയാതെ വായ തുറന്നുകൊണ്ടിരുന്നു.
"അമ്മമ്മേ, ഈ കണക്കൊന്ന് പറഞ്ഞുതരുവോ?" ഡോറയിലും ഹോം വർക്കിലുമായി മനസയച്ചു ഉണ്ണിക്കുട്ടൻ ഡൈനിങ് ടേബിളിൽ ഇരുന്ന് ഉറക്കം തൂങ്ങി.
ഫോൺ കഴുത്തിനും തോളിനുമിടയിൽ ഉറപ്പിച്ചുകൊണ്ട് നിർമ്മലാമ്മ അതിവിദഗ്ധമായി ചോറുരുട്ടുകയും ഇടതുകൈ കൊണ്ട് അക്കങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തുകൊണ്ടിരുന്നു.
"'അമ്മ എന്താ നേരത്തെ ഒന്നും പറയാതെ ഫോൺ വെച്ചത്?"
"കുട്ടി ചെയ്യുന്ന കാര്യത്തോട് എനിക്ക് യോജിപ്പില്ലാത്തതുകൊണ്ടുതന്നെ!" അത്രയും പറഞ്ഞു അവർ വീണ്ടും ഫോൺ കട്ട് ചെയ്തു. ഇത്തവണ ഫോൺ കഴുത്തിനിടയിൽനിന്നും സോഫയിലേക്ക് വീണുപോയി.
മിററിൽ മുട്ടിമുട്ടിയില്ലാ എന്ന മട്ടിൽ വെട്ടിച്ചുപോയ ബൈക്കുകാരനെ തുറിച്ചുനോക്കിക്കൊണ്ട് രമേശൻ കാർ മുന്നോട്ടെടുത്തു.
കുറച്ചു വര്ഷങ്ങളായി രമേശന്റെ എല്ലാ ദിവസങ്ങളും ട്രാഫിക് ജാമിൽ കുരുങ്ങിയുള്ള പോക്കുവരവുകളും ജോലിഭാരവും കൊണ്ട് ചതഞ്ഞരഞ്ഞുപോയിരുന്നു. ഉറങ്ങുന്ന കുഞ്ഞുങ്ങളെ കണ്ടിറങ്ങി ഒന്നരമണിക്കൂർ വഴിയിൽ ചെലവിട്ട് ഓഫീസിലെത്തി ജോലി കഴിഞ്ഞു തിരികെ രാത്രി വീട്ടിലെത്തുമ്പോഴും കുഞ്ഞുങ്ങൾ അതേ സ്ഥാനങ്ങളിൽ ഉറങ്ങിക്കിടന്നു.
കല്യാണം കഴിഞ്ഞു ബാംഗ്ലൂർക്ക് വന്ന ആദ്യനാളുകളിൽത്തന്നെ ഭംഗിയായി വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്ന നീതുവിനോട് കുടുംബത്തിലെല്ലാവർക്കും സ്നേഹവും ആദരവും ആയിരുന്നു. രമേശന്റെ അമ്മ പോലും അവളെ പുകഴ്ത്തുന്നതുകണ്ടു കണ്ണുവെച്ചവർ പോലുമുണ്ടായിരുന്നു. എം സി എ ക്കാരിയാണെങ്കിലും ജോലിക്ക് പോയി സമ്പാദിച്ചു കുടുംബം നടത്തേണ്ടതില്ല എന്നായിരുന്നു അമ്മായിയമ്മയുടെ അഭിപ്രായം. മാത്രമല്ല വീട്ടിൽ നിന്നും മാറിനിന്നാൽ വീട്ടിലെ കാര്യങ്ങൾ എല്ലാം അവതാളത്തിലാവുമെന്നും അവർ ഭയപ്പെട്ടു.
രണ്ടുകുട്ടികളായിട്ടും നീതു അവളുടെ പ്രവർത്തനമേഖലയിൽ മികവ് തെളിയിച്ചുകൊണ്ട് ഏവരെയും അസൂയപ്പെടുത്തിത്തന്നെ നിലകൊണ്ടു എന്നത് രമേശന് ബഹുകേമമായി തോന്നിയതുമില്ല. അങ്ങനെത്തന്നെയാണ് എല്ലാ ഭാര്യമാരും എന്ന് വിശ്വസിക്കാനും മാത്രം കാര്യപ്രാപ്തിയുള്ള സ്ത്രീകളായിരുന്നു അയാൾക്കു ചുറ്റുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽപ്പോലും ഭാര്യയെ പ്രശംസിക്കാനോ മറ്റുള്ളവരോട് അവളുടെ കഴിവുകൾ എടുത്തുപറയാനോ അയാൾ മെനക്കെട്ടതുമില്ല.
നീതുവിന്റെ പകൽവിശേഷങ്ങൾ കിടക്കവിരിയിലെത്തുമ്പോഴേക്കും തൊട്ടരികെ രമേശന്റെ കൂർക്കംവലി പശ്ചാത്തലസംഗീതമൊരുക്കുന്നുണ്ടാവും. ഇനി ഉറക്കം വരാത്ത രാത്രികളിൽ ഉറങ്ങാനുള്ള വ്യായാമം എളുപ്പത്തിൽ നിർവഹിച്ച് സുഖമായുറങ്ങാനും അയാൾക്ക് മടിയില്ല.
നീതുവിന്റെ വിശേഷങ്ങൾക്ക് ചെവിയോർക്കാൻ ഒരാളുണ്ടായതും അവൾ അതിൽ സന്തുഷ്ടയായതും അയാൾ അറിഞ്ഞത് ഒരു രാത്രിയിൽ ഓഫീസ് വിട്ടുവരുമ്പോൾ ഉണ്ണിക്കുട്ടന്റെ ഹോം വർക്ക് ബുക്കിന്റെ താൾ അയാളെക്കാത്ത് ടീവി സ്റ്റാൻഡിൽ താക്കോൽക്കൂട്ടങ്ങൾക്കടിയിലിരുന്നപ്പോൾ മാത്രമായിരുന്നു. ഉണ്ണിക്കുട്ടനപ്പോൾ നീതുവിന്റെ ഫോണിൽ ഗെയിം കളിക്കുകയായിരുന്നു.
നീതുവിനെയും കുട്ടികളെയും ശ്രദ്ധിച്ചിരുന്നില്ല എന്ന് അപ്പോഴും രമേശന് തോന്നലുണ്ടായിരുന്നില്ല. ബന്ധുക്കളുടെ വീടുകളിലെ വിശേഷാവസരങ്ങളിലെല്ലാം കുടുംബസമേതം ഷോപ്പിംഗ് നടത്തി വസ്ത്രങ്ങളെടുക്കുകയും ട്രെയിനിലോ കാറിലോ മുടങ്ങാതെ നാട്ടിലേക്ക് പോവുകയും ചെയ്യുന്നതെല്ലാം ഒരു നല്ല കുടുംബനാഥനെന്ന് അഭിമാനിക്കത്തക്കതായതാണെന്ന് അയാൾ വിശ്വസിച്ചിരുന്നു.
വാർത്ത പുറത്തായതോടെ എന്ത് കഴിവുണ്ടായിട്ടും കാര്യമില്ലെന്നും സ്വഭാവമഹിമയാണ് വലുതെന്നും ഘോരഘോരം പ്രസംഗിക്കാൻ നാനാഭാഗത്തുനിന്നും ആളുകളെത്തി. സഹതാപപ്പുഴയിൽ കുഞ്ഞുങ്ങളെ മുക്കിത്തോർത്തി. അപമാനഭാരത്താൽ നാവടഞ്ഞുപോയ നീതുവിന്റെ അമ്മ നിർമ്മല വളർത്തുദോഷമെന്ന കുറ്റം ചുമത്തപ്പെട്ട അന്നുമുതൽ ആ വീട്ടിലെ തടങ്കൽ സ്വയം ശിക്ഷയാക്കി. നീര് വന്ന കാലിനെക്കുറിച്ചോർക്കാതെ ഏന്തിവലിഞ്ഞു ജോലികൾ ചെയ്ത് വീട്ടുകാര്യങ്ങൾ നോക്കി നിശബ്ദമായി ജീവിച്ചു. അമ്മയായിരുന്നു മകളെ ശ്രദ്ധിക്കേണ്ടിയിരുന്നതെന്ന ഒറ്റക്കുറ്റം ചാർത്തി ഭർത്താവും അവരോട് മിണ്ടാതെ മകനോടൊപ്പം ജീവിതമാരംഭിച്ചു.
അയൽഫ്ളാറ്റിലെ മനോഹർ പലപ്പോഴായി പകൽ സമയങ്ങളിൽ അവിടെ വന്നുപോയിരുന്നുവെന്നതും അയാളുടെ ഭാര്യ മാസങ്ങൾക്കുമുന്പേ പിണങ്ങിപ്പോയിരുന്നതാണെന്നും ഇടക്ക് ഒന്നോ രണ്ടോ തവണ നീതു അയാളോടൊപ്പം പുറത്തുപോകുന്നത് കണ്ടിട്ടുണ്ടെന്നും രമേശനോട് വാച്ച്മാൻ ഗണേഷ് ബാബുവാണ് പറഞ്ഞത്. ടീവി സ്റ്റാന്റിൽ നിന്നുകിട്ടിയ കടലാസുകഷ്ണം പാന്റ്സിന്റെ പോക്കറ്റിനുള്ളിലിരുന്ന കൈക്കുള്ളിൽ വീണ്ടും വീണ്ടും ഞെരുങ്ങിച്ചുരുണ്ടുകൊണ്ടിരുന്നു അയാളത് കേൾക്കുമ്പോൾ.
തിരികെ വീട്ടിലേക്ക് കയറുമ്പോൾ അപ്പുറത്തെ പൂട്ടിയിട്ട വാതിലിലേക്ക് അയാൾ വെറുതെ നോക്കി.
രമേശേട്ടാ, ഇന്നുണ്ടല്ലോ.. അപ്പുറത്തെ വീട്ടിലെ തെലുങ്കൻ വന്നിരുന്നു. മനോഹർ എന്നാണത്രെ പേര്. അയാളില്ലേ...."
"ഒന്ന് വേഗം പറയുന്നുണ്ടോ നീതു? നിന്റെയീ പുരാണം പറച്ചിൽ.. എനിക്ക് ഉറക്കം വന്നിട്ടുവയ്യ! തല പൊട്ടുന്നു.. "
"ന്നാ ഉറങ്ങിക്കോളൂ.."
"അല്ല ആരുവന്നൂന്നാ പറഞ്ഞെ?"
"ആരൂല്ല.. അപ്രത്തെ വീട്ടിലെ ആൾ മോര് ചോദിച്ചു വന്നതാ "
മറുപടിയായി രമേശന്റെ കൂർക്കംവലി ഉയർന്നപ്പോൾ നീതു പതിവുപോലെ തലയിണ മടക്കി ചെവിയടച്ചുകിടന്നു.
അതിനടുത്ത രാത്രിയിൽ നീതു വീണ്ടും എന്തോ പറയാൻ ചെന്നപ്പോൾ രമേശൻ അയാളുടെ കാറിൽ പോറലുണ്ടാക്കിയ ഓട്ടോക്കാരനോടുള്ള ദേഷ്യം തീർക്കുകയായിരുന്നു.
"വണ്ടീന്നിറങ്ങി രണ്ടുപൊട്ടിക്കാനാ തോന്നിയത്. സിഗ്നൽ വീണതുകൊണ്ട് ഇങ്ങു പോരേണ്ടിവന്നു. തെണ്ടിയെ ഒരുദിവസം എന്റെ കയ്യിൽ കിട്ടും !!"
നീതുവപ്പോൾ ഉണ്ണിക്കുട്ടന്റെ കണക്കിൽ ശ്രദ്ധിച്ച് മിണ്ടാതിരുന്നു.
പിന്നീടൊരു പ്രഭാതത്തിൽ ചുട്ടെടുത്ത ദോശ ചൂടോടെ പ്ളേറ്റിലേക്കിട്ടുകൊടുക്കുമ്പോൾ അവൾ മനോഹറിന്റെ ഭാര്യ കുഞ്ഞുങ്ങളുണ്ടാവാത്തത് അയാളുടെ കുറ്റമാണെന്നാരോപിച്ചു പിണങ്ങിപ്പോയതാണെന്ന് അയാളെ അറിയിച്ചു.
"നിങ്ങൾ പെണ്ണുങ്ങൾക്ക് വേറെ പണിയില്ല! സീരിയൽ കാണലും മറ്റുള്ളവരുടെ കാര്യത്തിൽ എത്തിനോക്കലും തന്നെ പണി..! "
നീതുവിന് കൂടുതൽ പറയാനാവുന്നതിനുമുമ്പേ അയാൾ വീണ്ടും പിറുപിറുത്തുകൊണ്ട് കൈ കഴുകാനെഴുന്നേറ്റു.
"വല്ലോരുടേം കാര്യമന്വേഷിക്കുന്ന നേരത്ത് ആ ചെക്കനെ പഠിപ്പിച്ചു നേരത്തെ പണി തീർത്തുവന്നു കെടക്കില്ല. മനുഷ്യൻ ഉറക്കം പിടിക്കുമ്പോ കഴുകിത്തുടച്ചു വന്നു കിടക്കും!"
നീതു ഇറങ്ങിപ്പോയ ദിവസം എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു ഉണ്ണിക്കുട്ടൻ ഉറങ്ങിയെങ്കിലും മണിക്കുട്ടി അമ്മയെക്കാണണമെന്നു കരഞ്ഞു ബഹളം വെച്ചുതുടങ്ങിയപ്പോൾ അയാൾ നീതുവിന്റെ അനുജൻ നിഖിലിനെ വിളിച്ചു. ഇങ്ങനൊരു സന്ദർഭത്തെ എങ്ങനെ നേരിടണമെന്ന് അയാൾക്കപ്പോഴും ബോധ്യമുണ്ടായിരുന്നില്ല.
നിഖിലിനോടൊപ്പം വന്ന നിർമലാമ്മ രമേശനോട് ഒന്നും സംസാരിക്കാതെ, കരഞ്ഞുറങ്ങിപ്പോയ മണിക്കുട്ടിയുടെ അരികിലിരിക്കുകയാണുണ്ടായത്.
പലതവണ മനോഹറിന്റെ ഫോണിൽ ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോൾ പുകഞ്ഞ കൊള്ളി പുറത്തെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് നിഖിൽ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി. പിന്നീട് അമ്മയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് കൊണ്ടുവരാനല്ലാതെ അയാൾ ആ വഴിക്ക് വന്നതേയില്ല.
നീതുവിനെയും മനോഹറിനെയും കുറിച്ച്‌ വിവരങ്ങളൊന്നും അറിയാതെ കടന്നുപോയ ദിവസങ്ങൾക്കിടയിലൊരിക്കൽ മനോഹർ താമസിച്ച ഫ്ലാറ്റിനുടമ രമേശന്റെ വാതിലിൽ മുട്ടി. വിശാഖപട്ടണത്തിലെ വീടിന്റെ മേൽവിലാസമെഴുതിയ കടലാസ്‌ അയാൾ ഇറങ്ങിയ ഉടനെ കീറിക്കളഞ്ഞത്‌ നിർമ്മലാമ്മയായിരുന്നു.
അന്നുരാത്രി ചപ്പാത്തിക്കുള്ള കറി വിളമ്പുമ്പോൾ നിർമ്മലാമ്മ രമേശനോട്‌ പറഞ്ഞു,
"കുട്ടി ഇനി അവളെ അന്വേഷിക്കരുത്‌!" രമേശനപ്പോൾ ഒന്നും മിണ്ടാതെ മേശമേലുള്ള വെള്ളത്തിനായി കൈ നീട്ടി.
കുറച്ചുദിവസങ്ങൾക്കുശേഷമൊരു ട്രാഫിക് സിഗ്നലിൽ ഊഴം കാത്തുകിടക്കുമ്പോൾ റോഡ് ക്രോസ് ചെയ്തവരുടെ കൂട്ടത്തിൽ നീതുവിനെ കണ്ടതുപോലെ രമേശന് തോന്നി. അടുത്ത സിഗ്നലിൽ നിന്നും യു ടേൺ എടുത്തുവന്നെങ്കിലും ഫലം നിരാശയായിരുന്നു. എന്നാൽ തുടർന്നുള്ള യാത്രകളിൽ ആ സിഗ്നലിൽ ഏറെ നേരം തേടിയലയാൻ അയാളുടെ കണ്ണുകൾ മടിച്ചില്ല. അതുകൊണ്ടാവും ഒരിക്കൽകൂടി അവൾ വീണ്ടും മുന്നിലെത്തിയത്. റോഡിനെതിരെയുള്ള ആശുപത്രിയുടെ പടി കടന്ന് അവൾ വേഗം ഉള്ളിലേക്ക് നടന്നുപോയപ്പോൾ ഒന്ന് വിളിക്കാനാവാതെ രമേശൻ കുഴങ്ങി.
ആശുപത്രി റിസപ്‌ഷനിലെ മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം അയാൾ വീണ്ടും അവളെ കണ്ടു. നന്നേ ക്ഷീണിച്ചു പാറിപ്പറന്ന മുടിയുമായി അവൾ അയാളുടെ മുന്നിലേക്ക് വന്നു.
അവളെ അനുഗമിച്ചെത്തിയ മുറിയിൽ കാലിലും മുഖത്തും നീരുവന്ന ഒരു രൂപം കട്ടിലിൽ കിടന്നുകൊണ്ട് പരിചിതഭാവത്തിൽ ചലിച്ചപ്പോൾ ഫ്ലാറ്റിൽ വെച്ച് കണ്ടവരുടെ മുഖഛായ തിരയുകയായിരുന്നു രമേശൻ.
"ഡയാലിസിസ് കഴിഞ്ഞു ഇപ്പോൾ റൂമിൽ കൊണ്ടുവന്നതേയുള്ളൂ " കിടക്കവിരിയുടെ ചുളിവുകൾ നിവർത്തിക്കൊണ്ട് രമേശനെ നോക്കാതെ നീതു പറഞ്ഞു. ബൈസ്റ്റാൻഡറുടെ കട്ടിലിൽ കിടന്നിരുന്ന വൃദ്ധ രമേശനെ കണ്ട് നരച്ച ചേല നേരെയാക്കിക്കൊണ്ട് എഴുന്നേൽക്കാൻ ബദ്ധപ്പെട്ടു. ഫ്ലാസ്കിലെ ചായ ഗ്ലാസിലേക്ക് പകർന്ന് നീട്ടാനൊരുങ്ങുമ്പോഴേക്കും ശരവേഗത്തിൽ രമേശൻ അവിടെ നിന്ന് ഇറങ്ങി നടന്നിരുന്നു.
ആ പകൽ മുഴുവൻ രമേശൻ വീട്ടിലേക്കും ഓഫീസിലേക്കും പോകാതെ തിരക്കുപിടിച്ച റോഡിൽ വെറുതെ വണ്ടിയോടിച്ചുകൊണ്ടിരുന്നു. ചിലയിടങ്ങളിൽ മണിക്കൂറുകളോളം കിടന്നും ചിലപ്പോൾ വിജനമായ വഴിയിലൂടെ ബഹുദൂരം ഒരേ വേഗത്തിൽ നീങ്ങിയും അയാൾ ചിന്തയിലാണ്ടു.
അടുത്ത ദിവസങ്ങളിൽ രമേശൻ ഓഫീസിലേക്കെന്നപോലെ രാവിലെ ഇറങ്ങിയെങ്കിലും കുറുകെ ചാടിയ ഓട്ടോക്കാരനെയും റോങ് സൈഡിൽ വന്ന് ഡോറിൽ ഉരച്ച കാറുകാരനെയും ചീത്തവിളിക്കാൻ മറന്ന് മറ്റെന്തൊക്കെയോ തീരുമാനങ്ങളിലൂടെയും അവ നടപ്പിലാക്കാനുള്ള പദ്ധതികളിലൂടെയും വണ്ടിയോടിച്ചുകൊണ്ടിരുന്നു.
നാലാമത്തെ ദിവസം ഉച്ച തിരിഞ്ഞാണ് അയാൾ ഓഫീസിലെത്തിയത്. അവധി നീട്ടിയെടുക്കുന്നതിനുമുൻപ് കുറച്ചു കാര്യങ്ങൾ അവിടുള്ളവരെ പറഞ്ഞേൽപ്പിക്കാനുണ്ടായിരുന്നു. ചിലരൊക്കെ പറഞ്ഞും കേട്ടും വാർത്തകൾ അവിടെയുമെത്തിയതുകൊണ്ടാവണം ആരും അയാളോട് അധികമൊന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
ഓഫീസിൽ നിന്നുമിറങ്ങി രണ്ടാമത്തെ ബ്ലോക്കിൽ വെച്ച് അയാൾ നിർമ്മലാമ്മയെ വിളിച്ച്‌ നീതുവിനെ കൂട്ടിക്കൊണ്ടുവരാൻ പോവുകയാണെന്നറിയിച്ചപ്പോഴാണ് മറുപടി പറയാതെ അവർ ഫോൺ കട്ട് ചെയ്തത്.
രമേശൻ ആശുപത്രിയിലേക്ക് കയറുമ്പോഴാണ് മനോഹറിന്റെ മൃതദേഹവുമായി അയാളുടെ അമ്മയും ബന്ധുക്കളുമടങ്ങിയ ആംബുലൻസ് അയാളെ കടന്നുപോയത്. കാർ പാർക്ക് ചെയ്ത് പകപ്പോടെ ഓടിവരുമ്പോൾ റിസപ്‌ഷനിലെ കസേരയിൽ നീതു കുനിഞ്ഞിരിക്കുന്നുണ്ടായിരുന്നു. കണ്ണുകൾ കലങ്ങിയിരുന്നെങ്കിലും അവൾ രമേശന്റെ മുന്നിൽ തേങ്ങിയില്ല. തുറന്നുകാട്ടിയ കാറിനുള്ളിലേക്ക് നിശ്ശബ്ദയായിത്തന്നെ കയറിയിരുന്നു.
ഉറങ്ങുന്ന മണിക്കുട്ടിക്കരികിൽ ഉണ്ണിക്കുട്ടനെ കിടത്തി കഥ പറഞ്ഞുകൊണ്ട് നിർമ്മലാമ്മ ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി അലമാരയിൽ വെച്ചു.
രണ്ടാം താക്കോലിട്ട് വാതിൽ തുറന്ന് രമേശനും പിന്നാലെ നീതുവും വീട്ടിലേക്ക് കയറിയപ്പോൾ നിർമ്മലാമ്മ ധൃതിയിൽ വിളക്കുകെടുത്തി മണിക്കുട്ടിയുടെ അടുത്ത് ഉറക്കം നടിച്ചുകിടന്നു. നീതു വന്നതും അവരുടെ കാൽക്കലിരുന്ന് മക്കളെ തലോടിയതും അറിഞ്ഞെങ്കിലും അവർ കണ്ണുതുറന്നതേയില്ല.
പിറ്റേന്ന് പതിവ് സമയവും കഴിഞ്ഞാണ് രമേശൻ ഉണർന്നത്. ജനാലക്കപ്പുറത്ത് സൂര്യൻ ചിരിച്ചുനിന്നു. ഒരു ദീർഘനിശ്വാസത്തോടെ അയാൾ കണ്ണാടിനോക്കി പുഞ്ചിരിച്ചു. പ്രഭാതകൃത്യങ്ങൾ നിർവഹിച്ചിറങ്ങി ഹാളിലെത്തി. അടുക്കളയിലേക്ക് എത്തിനോക്കാൻ ഒരു മടി. നീതുവിനോട് എന്തുപറഞ്ഞു സംസാരിച്ചുതുടങ്ങണമെന്നറിയില്ല. പിണക്കം മാറാത്തതുകൊണ്ടാവും നിർമ്മലാമ്മ മുറിവിട്ടിറങ്ങാതെ കട്ടിലിൽത്തന്നെയിരുന്ന് കുട്ടികളോടൊത്ത് കളിക്കുന്നത്.
പാതി തുറന്നുകിടന്ന ഉമ്മറവാതിൽ കണ്ട് തെല്ല് സംശയത്തോടെ മുന്നോട്ട് നടക്കുമ്പോൾ ടീവി സ്റ്റാൻഡിൽ താക്കോൽ കൂട്ടത്തിനടിയിൽ ഉണ്ണിക്കുട്ടന്റെ ബുക്കിലെ മറ്റൊരു താൾ കാറ്റത്ത് ഇളകിക്കൊണ്ട് അയാളുടെ ശ്രദ്ധ ക്ഷണിച്ചു.
- സൂനജ

No comments: