About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

ജനാലക്കപ്പുറം


എല്ലാവരെയും യാത്രയാക്കി തുടങ്ങുന്ന അടുക്കളയുദ്ധത്തിൽ പാത്രങ്ങളുടെ കലപിലയ്ക്കിടയിലാണ് ജനാലക്കപ്പുറത്തെ റോഡിനെതിർവശത്തെ പുൽത്തകിടിയും ഒത്തനടുവിലെ ഒറ്റവീടും എന്റെ പകലുകളിലേക്ക് കയറിവരുന്നത്. ഒപ്പം പഞ്ഞിക്കെട്ടുപോലത്തെ നീണ്ട താടിയും വലിയ വയറുമുള്ള ആ മനുഷ്യനും.
ഉണരുമ്പോഴോ ഉറങ്ങാൻ കിടക്കുമ്പോഴോ അയാളെന്റെ ചിന്തയിൽ വരാറില്ല.
രാവിലത്തെ തിരക്കുകളിൽ ഒരിക്കൽപോലും ഓർത്തിട്ടുമില്ല.
നരച്ച നീല ജീൻസും കറുത്തതോ ബ്രൗണോ കുപ്പായവും മാത്രമാണ് എന്റെ ദൂരക്കാഴ്ചയിൽ തെളിയാറ്. ഒന്നുകിൽ പുല്ലുചെത്തി നീക്കിക്കൊണ്ട് ആ വീടിനുചുറ്റും നടക്കുന്നതാവും. ചിലപ്പോൾ ആ പുൽമേടിന്റെ ഒത്തനടുക്ക് നിൽക്കുന്ന മേപ്പിൾ പൊഴിക്കുന്ന ഓരോ ഇലയും സസൂക്ഷ്മം തൂത്തുവാരി കളയുന്നതാവും. മഞ്ഞുവീണൊഴിഞ്ഞ ദിവസങ്ങളിൽ നടപ്പാതയിൽ ഒട്ടിപ്പിടിച്ച അഴുകിയ ഇലകളും മറ്റും ശ്രദ്ധാപൂർവം എടുത്തുമാറ്റുന്നത് കാണാം.
വെയിലോ മഴയോ മഞ്ഞോ കാറ്റോ നോക്കാതെ കർമ്മനിരതനായ അയാൾ ആ വീടിന്റെ കാര്യസ്ഥനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ചപ്പുചവറുകൾ ചാക്കിൽ എടുത്തുകൊണ്ട് നടക്കുമ്പോൾ അയാളെനിക്ക് സാന്റായാവും. അടുത്ത ക്രിസ്മസിന് എനിക്കുള്ള സമ്മാനവുമായെത്തുന്നത്‌ അയാളാണെന്ന് സ്വപ്നം കാണും.
ഒരിക്കലും അയാളെന്നെ കണ്ടിട്ടുണ്ടാവില്ല. എന്റെ ജനാല ഒരിക്കലും അയാൾ ശ്രദ്ധിക്കാനിടയില്ല. എങ്കിലും ഈ വസന്തകാലത്ത് അയാൾക്കും എനിക്കുമിടയിലെ ചെറിമരം പൂത്തുലഞ്ഞപ്പോൾ ഒരിക്കലെങ്കിലും അയാൾ അതിലേക്ക് നോക്കുമെന്ന് ഞാനോർത്തിരുന്നു. ഒരു പക്ഷെ ആ വൃദ്ധനേത്രങ്ങൾക്ക് അതൊരു കാഴ്ചയേ ആയിരിക്കില്ല.
അയാൾക്കും എനിക്കുമിടയിലെ തിരക്കേറിയ വീഥിയിൽ ചീറിപ്പായുന്ന ഒന്നിനെയും അയാൾ അറിയാറില്ല. എവിടെയോ നടന്നിരിക്കാവുന്ന അഗ്നിബാധയെയോ അപകടത്തെയോ അറിയിച്ചുവരാറുള്ള ശബ്ദങ്ങളിൽ പോലും അയാൾ ആകുലപ്പെടുന്നത് കണ്ടില്ല.
അയാളെപ്പറ്റി ഞാൻ മെനഞ്ഞ കഥയിൽ ആ വീട് മാത്രമാണ് അയാളുടെ ഉലകം. അവിടം ഏറ്റവും സുന്ദരമായി സൂക്ഷിക്കുക മാത്രമാണ് അയാളുടെ ജന്മലക്ഷ്യം. ഇടക്ക് എന്നോ ഒരിക്കൽ അവിടേക്ക് സൈക്കിളിൽ വന്ന പയ്യനെ ഞാൻ അയാളുടെ ഏക ബന്ധുവായ പേരക്കിടാവാക്കി. അവൻ പണമാവശ്യപ്പെട്ട് വഴക്കിടുകയാണെന്ന് ഉറപ്പിച്ചു. പിണങ്ങിപ്പോയ കുട്ടി പിന്നീട് എന്റെ മുന്നിൽ വന്നതേയില്ല.
ഇനിയൊന്നും കൂടി പറയട്ടെ, അയാളുടെ മുഖം ഇതുവരെ ഞാൻ കണ്ടിട്ടേയില്ല!
- സൂനജ

No comments: