About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

നിരഞ്ജനയുടെ സെൽഫി - Story by Soonaja

 നിരഞ്ജനയുടെ സെൽഫി

---------------------------------------------
അവധി ദിവസത്തിന്റെ ആലസ്യത്തിൽ പല്ലുതേപ്പും കുളിയുമായി ബാത്‌ടബ്ബിൽ ചടഞ്ഞിരിക്കുമ്പോഴാണ് പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടത്. ഒരുകാലത്ത് ഹൃദയമിടിപ്പായിരുന്ന ആ ദ്രുതതാളം വർഷങ്ങൾക്കിപ്പുറവും ഹൃദയത്തെ വേഗത്തിൽ ചലിപ്പിക്കുമെന്ന് അപ്പോൾ മാത്രമാണ് നിരഞ്ജനക്ക് മനസിലായത്. അവിശ്വസനീയതയോടെ വസ്ത്രങ്ങൾ എടുത്തണിഞ്ഞു ഓടിയിറങ്ങി മുൻവശത്തെത്തി.
വാതിൽക്കൽ മനു. പഴേ ചിരി തന്നെ. മുഖത്തൊരിത്തിരി ജാള്യതയുണ്ട്. ഇനിയൊരിക്കലും കാണില്ലെന്നും കാണരുതെന്നും ആഗ്രഹിച്ച രൂപം വർഷങ്ങൾക്കുശേഷം മുന്നിലെത്തിയിരിക്കുന്നു.
"ഹേയ് നീന ... ഹൌ ആയ്യൂ?" അവന്റെ ശബ്ദത്തിന് ചെറിയ മാറ്റമുണ്ട്. നീന എന്ന വിളി മറന്നിട്ടില്ല.‌ പരിസരബോധം വീണ്ടെടുത്ത് വലിയ അത്ഭുതം അഭിനയിച്ച് അവൾ ചിരിച്ചു.
"യാ.. അയാം ഗുഡ്.. വാട്ട് എ സർപ്രൈസ് !! നീ എപ്പോ വന്നു?"
"ഒരാഴ്ചയായി. ആകെ തിരക്ക്‌. ആന്റിയൊക്കെ എവിടെ?"
"അവരൊരു കല്യാണത്തിന് പോയിരിക്കുവാണ്. ഉച്ചക്കെത്തും"
അവൾ സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് ആതിഥ്യമര്യാദകളുമായി അവന്റെ അടുത്തിരുന്നു.
മനു മേശപ്പുറത്ത് വെച്ച ക്ഷണക്കത്തിന്റെ പുറത്തെ പേരുകൾ വായിച്ചപ്പോൾ വീണ്ടുമൊരു വിറയൽ ഉണ്ടായി. വിവർണമാകുന്ന അവളുടെ മുഖത്ത് നോക്കിക്കൊണ്ട് അവൻ അവളുടെ കൈ കവർന്നു.
"നീന, സത്യത്തിൽ എനിക്ക് ഇവിടേക്ക് വരാൻ ടെൻഷനുണ്ടായിരുന്നു. നിന്നെയും വീട്ടുകാരെയും എങ്ങനെ ഫേസ് ചെയ്യണം എന്നുമൊക്കെ... പക്ഷെ നമ്മളിപ്പോ പഴയ കോളേജ് സ്റ്റുഡന്റസ് ഒന്നുമല്ലല്ലോ.."
ഒന്നും സംഭവിക്കാത്തതുപോലെ അവൾ പുഞ്ചിരിച്ചു.
ചിന്തകളെ കാടുകയറ്റാൻ അനുവദിക്കാതെ അവനോട് ഒരുപാടുകാര്യങ്ങൾ നിർത്താതെ സംസാരിച്ചു. മനുവിനും ആദ്യമുണ്ടായിരുന്ന ചമ്മലും കുറ്റബോധവും മാറി. അവളെ വിട്ടുപോയതിനുള്ള ന്യായീകരണങ്ങൾ നിരത്തുമ്പോൾ അവൾ തികച്ചും വികാരരഹിതയായിരുന്നു. ഇടക്ക് ശൂന്യമായ നിശബ്ദത അവർക്കിടയിൽ അസ്വസ്ഥതയായിത്തുടങ്ങിയപ്പോൾ അവൾ അവനഭിമുഖമായി ഇരുന്നു.
"മനു, നമുക്കൊരിടം വരെ പോയാലോ? അമ്മയൊക്കെ വരാൻ ഇനിയും സമയമെടുക്കും"
പ്രവചനാതീതമായ പ്രതികരണങ്ങൾ എല്ലായ്പ്പോഴും അവളിലുണ്ടായിരുന്നതിനാൽ മനു പതിവുപോലെ മിഴിച്ചുനോക്കിയതേയുള്ളൂ.
"നിന്റെ ബൈക്കിൽ.. പണ്ടത്തെപ്പോലെ ഒരു റൈഡ്. പെട്ടെന്ന് വല്ലാത്ത ആശ തോന്നുന്നു.. എനിക്ക് എല്ലായ്പ്പോഴും ഓർത്തുവെക്കാൻ ഒരിത്തിരി നേരം...പ്ലീസ്."
അവൾ മുഖം താഴ്ത്തി, അവന്റെ കയ്യിൽ തൊട്ടു. മനുവിന്റെ ആലോചനാമുഖം വകവെക്കാതെ പെട്ടെന്നെഴുന്നേറ്റ് ഉള്ളിലേക്കോടി വസ്ത്രം മാറ്റി ബാഗുമെടുത്തിറങ്ങി. മുറ്റത്ത് നിർത്തിയിട്ട ബൈക്കിനരികിലെത്തി.
"അല്ല നമ്മളിതെങ്ങോട്ടാ? നിന്റെ സ്വഭാവത്തിനൊരു മാറ്റവുമില്ലല്ലോ.. എപ്പോഴും സസ്പെൻസ് !"
അവന്റെ മുഖത്തെ അങ്കലാപ്പ് ആസ്വദിച്ചുകൊണ്ട് പിന്നിൽ കാലുകൾ ഇരുവശത്തേക്കുമിട്ടിരുന്ന് ധൃതികൂട്ടി. ബൈക്ക് ചലിച്ചുതുടങ്ങിയപ്പോൾ ഉയരുന്ന ഹൃദയമിടിപ്പ് മനു കേൾക്കാതിരിക്കണമെന്നവൾ ആശിച്ചു.
ആൽമരച്ചുവട്ടിൽ അടുത്തിടെ അന്തരിച്ച രാഷ്ട്രീയനേതാവിന്റെ സ്മരണാർത്ഥം പുതുക്കിപ്പണിത വെയിറ്റിംഗ് ഷെഡിനടുത്തെത്തിയപ്പോൾ മനു തലതിരിച്ചു നോക്കി.
"ഇതാ പഴയ ബസ്റ്റോപ്പല്ലേ? നിന്റെ പ്രിയപ്പെട്ട ഭ്രാന്തി കിടന്ന സ്ഥലം?"
കറപുരണ്ട തൂണിനുപിന്നിലെ പൊട്ടിപ്പൊളിഞ്ഞ ചുവരോരത്ത് പഴന്തുണിക്കെട്ടിൽ നിന്നും പുറത്തേക്ക് നീണ്ടിരുന്ന, അഴുക്കുകൊണ്ട് മൈലാഞ്ചിയിട്ട കാലുകൾ വല്ലാതെ ഉറക്കം കെടുത്തിയിരുന്നു. ഇടയ്ക്കിടെ അവിടെ നിന്നും കേട്ട സങ്കടപ്പെടലും ആരുടെയോ നേർക്കയക്കുന്ന ശാപവാക്കുകളും തെല്ലൊന്നുമല്ല അസ്വസ്ഥയാക്കിയത്. അവരുടെ ഉന്മാദത്തിന് കാരണക്കാരനായവനെ തേടിയിറങ്ങാനും മനുവിനെത്തന്നെയായിരുന്നു കൂട്ടുപിടിച്ചത്. കാലമെത്ര പിന്നിട്ടു ! മനസ്സിൽ മറ്റെന്തൊക്കെയോ വന്നലച്ചുകയറി തിരിഞ്ഞിറങ്ങിയ തിരയോടൊപ്പം അങ്ങനെ കുറെപേരും ഒലിച്ചുപോയി.
"അല്ലെങ്കിലും ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോയി തലയിടാൻ നിനക്ക് പ്രത്യേകകഴിവാണ്! എന്നിട്ടെന്തായി? പ്രാന്തിയേം കണ്ടില്ല, പീഡനക്കാരനെയും കിട്ടീല്ല! വെറുതെ ഒരു മാറ്റിനി കളഞ്ഞു!"
അവൻ സംസാരിക്കുന്നത് കണ്ണാടിയിൽ കൂടി നോക്കിയിരിക്കുകയായിരുന്നു അവൾ. ഇവന്റെ ചിരിക്ക് പഴയ ഭംഗിയില്ല. വശങ്ങളിലെ പല്ലുകൾ കുറച്ചൂടെ ഇറങ്ങി ക്രൂരഭാവം വന്നിട്ടുണ്ട്. വയസാകുന്തോറും പല്ലുകൾ താഴേക്കിറങ്ങി വരുമോ ആവോ.. അവൾ സ്വയം നാവുകൊണ്ട്‌ വശങ്ങളിലെ പല്ലുകളിൽ പരതിനോക്കി. വീട്ടിൽ ചെന്നിട്ടുവേണം കണ്ണാടിയിൽ വിശദമായൊന്ന് നോക്കാൻ!
നഷ്ടപ്പെട്ട വർഷങ്ങൾ ഓർമ്മയിൽ പോലുമില്ല എന്നവനോട് പറയാമെന്നുണ്ടായിരുന്നു. പഠിത്തം ഒരു വാശി ആയിരുന്നു. വിണ്ടുകീറിയ ചുവരിൽ പുട്ടിയിട്ട് ചായം തേക്കുന്നതുപോലെ ഒരുതരം മിനുസപ്പെടുത്തലായിട്ടാണ് ജീവിതത്തെ രസതന്ത്രത്തിന്റെ ഊരാക്കുടുക്കുകളിൽ അലയാൻ വിട്ടത്. തലക്കുള്ളിൽ നിറഞ്ഞുനിന്നിരുന്ന മനുഷ്യരൂപത്തെ
സാൻഡ് പേപ്പർ കൊണ്ട് ചുരണ്ടിയും മെറ്റൽ സ്ക്രബ് കൊണ്ട് തേച്ചുകഴുകിയും കളഞ്ഞ് അതിനുമുകളിൽ ഓക്സിജനും നൈട്രജനും നിറച്ചു. കാർബൺ സംയുക്തങ്ങളുടെ പുതിയ സമവാക്യങ്ങൾ മെനഞ്ഞുണ്ടാക്കി. മനസിലും ശരീരത്തിലുമേറ്റതെല്ലാം വൃത്തിയാക്കാൻ ഒരു അമ്ലസ്നാനം മതിയാകുമെന്ന് വിശ്വസിപ്പിച്ചു. എന്തൊക്കെയോ പഠിച്ചു. ഒടുവിൽ ചേട്ടൻ പറയുന്നതുപോലെ തലയ്ക്കകത്ത് മൊത്തം രാസസമവാക്യങ്ങൾ നിറഞ്ഞ് മനുഷ്യഭാഷ മനസിലാവാണ്ടായി.
മെയിൻ റോഡ് പിന്നിട്ട് ഇരുവശങ്ങളിലും മരങ്ങളും പാറകളും മാത്രമുള്ള വഴിയിലേക്ക് അവളോട് ചോദിക്കാതെതന്നെ അവൻ ബൈക്ക് തിരിച്ചു. ഭൂതകാലത്തിന്റെ മണമുള്ള തണുത്തകാറ്റ് അവരെ തഴുകിയപ്പോൾ അവൾ അവനോട് കുറേക്കൂടെ ചേർന്നിരുന്നു.
"ഒരുകണക്കിന് ഈ യാത്ര നന്നായി."
കണ്ണാടിയിൽ അവന്റെ പ്രണയാർദ്രമായ നോട്ടമവൾ കണ്ടു. ഈ പരസ്പരമുള്ള കണ്ണുടക്കൽ ഒരിക്കൽ എത്രമേൽ പ്രിയങ്കരമായിരുന്നു! വർത്തമാനകാലത്തിലേക്കുള്ള നൂൽപാലത്തിൽ മുന്നോട്ടുനീങ്ങാൻ ബദ്ധപ്പെട്ട് അവളിരുന്നു.
"നീനാ... ഒരിക്കൽക്കൂടി നമ്മളൊന്നിച്ച് ഇങ്ങനൊരു യാത്ര പ്രതീക്ഷിച്ചതേയല്ല.. "
മനുവിന്റെ ശബ്ദം ഓർമ്മത്തള്ളലാൽ നേർത്തിരുന്നു.
"നീയാണ് എന്നെ ഇവിടേക്ക് ആദ്യം കൊണ്ടുവന്നത് "
ദൂരേക്ക് നോക്കിയാണ് അവളത് പറഞ്ഞത്. ആ വരവിലാണ് ആദ്യമായി പുരുഷനെ അറിഞ്ഞത്. ഏറ്റവും ഉയരമുള്ള പാറയുടെ മുകളിൽ കയറിനിന്ന് ഭ്രാന്തമായി അവന്റെ പേരുവിളിച്ചതും ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെണ്ണാണെന്ന് സ്വയം പ്രഖ്യാപിച്ചതും അന്നായിരുന്നു. പ്രകൃതി ഏറ്റവും സുന്ദരഭാവത്തിലാണെന്ന് അവനോട് ചേർന്നിരുന്ന് പറഞ്ഞപ്പോൾ നീയും എന്നവൻ കാതിൽ പറഞ്ഞതും. കാടിന്റെ ശാന്തതയും മാസ്മരസംഗീതവും താഴ്വരയുടെ നിഗൂഢതയും ഒന്നിച്ചയിടത്തേക്ക് എന്നും ഒന്നിച്ചുവരാൻ ആഗ്രഹിച്ചതായിരുന്നു.
"നിനക്ക് ശരിക്കും ഇവിടെ വന്നതൊക്കെ ഓർമ്മയുണ്ടോ മനൂ?"
"എന്ത് ചോദ്യമാ ഇത്? എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണാണ് നീ... കളിയായും കാര്യമായും പലരും പിന്നെ വന്നെങ്കിലും നിന്നെ മറക്കാൻ കഴിഞ്ഞിട്ടില്ല."
ഒരുതരം ക്ഷീണം നെഞ്ചിലൂടെ കയറി ദേഹമാസകലം ബാധിച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ അവൾ മുഖമുയർത്തി വായുവിനെ പരമാവധി ഉള്ളിലേക്കെടുക്കാൻ ശ്രമിച്ചു.
ടാർ റോഡ് അവസാനിക്കുന്നിടത്തെത്തിയപ്പോൾ അവളാണ് പിന്നെ അവനെ നയിച്ചത്. കല്ലും പാറയും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ബൈക്കിന് നീങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ബൈക്കിൽ നിന്നും ഇറങ്ങി കാടിനുള്ളിലേക്ക് ചിരപരിചിതയായി നടന്ന അവൾക്ക് പിന്നാലെ ഓർമ്മകളിൽ മുഴുകി അവനും പതിയെ നീങ്ങി.
"ഹേ നീനാ... കെയർഫുൾ! ഡോണ്ട് ഗോ ദേർ..!!"
നടവഴി അവസാനിക്കുന്നിടത്ത് മുനമ്പിൽ പാറയുടെ മുകളിൽ കയറി ഇരുകൈകളും വിടർത്തി ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്തുകൊണ്ട് കണ്ണുകളടച്ചു നിൽക്കുന്ന നിരഞ്ജനയെ കണ്ടപ്പോൾ അവന് ഭയമാണ് തോന്നിയത്.
തികച്ചും നാടകീയമായി അവനുനേരെ തിരിഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു.
"ബെസ്റ്റ് ആളാണല്ലോ.. ഇത് പണ്ട് ഞാനാണ് പറഞ്ഞിരുന്നത്. ബൈക്ക് ഇവിടെയിട്ട് അതിനുമുകളിൽ കയറിയിരുന്ന് എന്നോട് വാചകമടിക്കുന്നതൊക്കെ മറന്നോ?"
അവൻ ജാള്യതയോടെ തലചൊറിഞ്ഞു.
"ഞാനിവിടെ ഇടക്കൊക്കെ വരാറുണ്ട്. മണിക്കൂറുകളോളം തനിച്ചിരിക്കാറുണ്ട് "
അവൾ പതുക്കെ നടന്ന് അവന്റെ തൊട്ടടുത്തുവന്നുനിന്നു കണ്ണുകളിലേക്ക് നോക്കി.
മനു അലിവോടെ അവളുടെ മുഖം കൈകളിലെടുത്ത് കണ്ണുകളിലേക്ക് നോക്കിനിന്നു.
ഷോൾഡർ ബാഗിൽ നിന്നും ചെറിയ ഷീറ്റ് എടുത്ത് പുല്ലിൽ വിരിച്ച് അവളവിടെ ഇരുന്ന് മനുവിന്റെ കയ്യിൽ തൊട്ടു.
"ഇതെന്റെ രഹസ്യസങ്കേതമാണ്. തലക്കുള്ളിൽ അഗ്നിപർവതം പുകയുന്ന ദിവസങ്ങളിൽ ഞാനിവിടെ വരാറുണ്ടായിരുന്നു. ഇങ്ങനെ ഈ പാറയുടെ മറവിൽ തനിച്ചിരിക്കും ഇവിടെ ആരും വരില്ല. എപ്പോഴെങ്കിലും എത്തിനോക്കാൻ വല്ല കുരങ്ങോ മുയലോ വന്നാലായി."
അവൾ വീണ്ടും നിർബന്ധിച്ചപ്പോൾ മടിച്ചുമടിച്ചു
മനു അവളോട് ചേർന്നിരുന്നു.
സ്വയം മറന്നുള്ള ചുംബനവർഷങ്ങൾ അവരെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കെമിസ്ട്രിലാബിന്റെ ആസിഡ് മണക്കുന്ന ഇടനാഴികളും റബർ തോട്ടത്തിലെ വെയിലേൽക്കാത്ത പകലുകളും സിനിമാഹാളിലെ കൂരിരുട്ടും നിരഞ്ജനയുടെ ഉള്ളിലും വേലിയേറ്റങ്ങൾ സൃഷ്ടിച്ചു. ഓരോ നിമിഷത്തെയും ആവേശത്തോടെ അവൾ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു.
"നീ എന്തിനാ മനൂ എന്നെ ഉപേക്ഷിച്ചത്? "
തികച്ചും ശാന്തമായ ചോദ്യമായിരുന്നു അതെങ്കിലും മനു ഞെട്ടലോടെ അവളെ നോക്കി. അവന് തളർച്ച അനുഭവപ്പെട്ടു. അതുമനസിലാക്കിയിട്ടെന്നവണ്ണം അവൾ പിന്നെയും അവനെ ലാളനകൾ കൊണ്ടുമൂടി.
തളർന്നുകിടക്കുന്ന മനുവിന്റെ അരികിലിരുന്ന് വസ്ത്രങ്ങൾ നേരെയാക്കിക്കൊണ്ട് അവൾ പഴയ കാര്യങ്ങൾ സംസാരിച്ചുതുടങ്ങി.
"നിന്റെ ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നില്ലേ? മഞ്ജുഷ ? നിന്റെകൂടെ മാത്രം പ്രോജക്റ്റ്‌ ചെയ്യാൻ നടന്നവൾ? പാവം, എന്തൊരു തൊട്ടാവാടി ആയിരുന്നു അവൾ.. "
"ഇപ്പൊ എന്തിനാ അതൊക്കെ..?" മനു പെട്ടെന്ന് എഴുന്നേറ്റിരുന്നു.
"ഏയ്... കാമോൺ.. നിന്റെ കൂടെയിങ്ങനെയിരുന്നപ്പോൾ പഴയതൊക്കെ അറിയാതെ ഓർത്തുപോയതാ.. എന്തുമാത്രം വഴക്കിട്ടിരിക്കുന്നു നമ്മൾ. പാവം, അവളൊരു ഡിപ്രഷൻ രോഗിയാണെന്ന് അറിഞ്ഞിരുന്നില്ല ഞാൻ.. പരീക്ഷക്ക് മാർക്ക് കുറയുമ്പോഴേക്കും ആരേലും ടെറസിന്ന് ചാടുമോ ? കഷ്ടം!"
"ഡിപ്രെഷൻ ഉണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല. ഞാൻ അങ്കിളിനെ കണ്ടിരുന്നു, പാവം മകൾ വിട്ടുപോയതോടെ തകർന്നുപോയി അവർ രണ്ടുപേർക്കും."
"നീ എന്നെ വിട്ടുപോയപ്പോൾ എനിക്കെന്ത് സംഭവിച്ചു എന്നറിയോ? ഏട്ടൻ പറഞ്ഞുകാണും, ഭ്രാന്താശുപത്രിയിലായിരുന്നു ഞാൻ.. എത്ര കാലമാണെന്ന് എനിക്കുതന്നെ അറിയില്ല. എന്നോടാരും പറഞ്ഞുമില്ല. പഠിക്കാൻ മാത്രമായി എന്റെ തലച്ചോറിനെ ഒരുക്കിത്തന്നത് അവിടുത്തെ ഡോക്ടർമാരും എന്റെ വീട്ടുകാരുമാണ്. ഓരോ ഇക്വേഷൻസിന്റെ പിന്നാലെയും പോകുമ്പോഴൊക്കെ ഞാൻ എന്നെ അവിടൊക്കെ ഉപേക്ഷിച്ചു പോരുകയായിരുന്നു. ഏട്ടൻ പറയുന്നതുപോലെ എനിക്ക് രസതന്ത്രം മാത്രമേ അറിയൂ എന്നായി. എന്നാലും നീ വരുമെന്ന് ഞാൻ എപ്പോഴൊക്കെയോ ഓർത്തിട്ടുണ്ട്, ബോധത്തിലും അബോധത്തിലും. എന്നിട്ടിപ്പോ നീ വന്നേക്കുന്നു... വേറെ ഒരുത്തിയുടെ സ്വന്തമാവുന്ന കാര്യം പറയാൻ... !"
പഴയ നിരഞ്ജനയുടെ ശബ്ദം തിരിച്ചറിഞ്ഞ് മനു സംസാരശേഷി പൂർണമായും നഷ്ടപ്പെട്ട് കുനിഞ്ഞിരുന്നു. കോളേജ് ചുവരുകളിൽ ആഞ്ഞടിച്ച അവളുടെ അലർച്ചകൾ, വഴക്കുകൾ, അവൾ വീശിയെറിഞ്ഞ ആസിഡിൽ നിന്നും രക്ഷപെട്ട സഹപാഠികൾ അങ്ങനെ ഓർക്കാനിഷ്ടപ്പെടാത്തതെല്ലാം അവനുമുന്നിൽ തെളിഞ്ഞു. ഒരിക്കലും ചേർന്നുപോവില്ലെന്ന് ഉറപ്പായപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു ഒളിച്ചോട്ടമായിരുന്നു, അവളിൽ നിന്ന്, ആ നാട്ടിൽ നിന്ന്. ഉപരിപഠനത്തിന് പേരും പറഞ്ഞൊരു രക്ഷപ്പെടൽ എല്ലാമറിയുന്ന നീരഞ്ജനയുടെ വീട്ടുകാർ തന്നെയാണ് നിർദേശിച്ചത്.
"നീനാ.. അയാം സോറി.. അന്ന് മറ്റൊന്നും എന്റെ മുന്നിലുണ്ടായിരുന്നില്ല...."
"ഏയ്... നോ വറീസ്.. അതൊക്കെ ഞാൻ വിട്ടു. ഇങ്ങനൊരു ദിവസം എനിക്ക് വീണ്ടും വീണുകിട്ടുമെന്ന് ഒരിക്കലും കരുതിയതല്ല. നീ വന്നല്ലോ. എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല.മനൂ.. സ്നേഹമേ ഉള്ളൂ... ആരൊക്കെ വന്നാലും പോയാലും എനിക്ക് നിന്നോടുള്ള സ്നേഹം മാറാൻ പോകുന്നില്ല. നീയെന്നും എന്റെയുള്ളിലുണ്ടാവും."
"സമയം കുറെയായില്ലേ.. നമുക്ക് പോയാലോ?" മറുപടിവാക്കുകൾ കിട്ടാതെ മനു എഴുന്നേറ്റ് ധൃതികൂട്ടി.
"ഒരാഗ്രഹം കൂടെ പറയട്ടെ, മനൂ... നിന്നെ ഞാനിനി ഒരിക്കലും കാണാൻ സാധ്യതയില്ല. മറ്റൊരുവളുടേതായി കാണണമെന്നുമില്ല. നമുക്കൊന്നിച്ചൊരു സെൽഫി ഇവിടെ നിന്നുകൊണ്ട്? നമ്മുടെ യാത്രകളുടെ സ്മാരകമായ ഈ ബൈക്കിൽ ചാരി, ആ പഴയ മനുവും നീനയുമായിട്ട് !"
മുഖം അമർത്തിത്തുടച്ച് മുടി മാടിയൊതുക്കി മനു നിറമില്ലാതെ ചിരിച്ചു.
"എന്റെ അവസാനത്തെ ആഗ്രഹമല്ലേ... നീയിത് സാധിച്ചുതരില്ലേ?
മനുവിന്റെ ഫോണിൽത്തന്നെ എടുത്തിട്ട് എനിക്കയച്ചുതന്നാൽ മതി, എന്നിട്ട് ഉടനെ നിനക്കത് ഡിലീറ്റ് ചെയ്യാം, എന്നെന്നേക്കുമായി" അവസാനവാക്കിൽ അവളുടെ സ്വരമിടറി.
അവൾ വീണ്ടും നിർബന്ധിച്ചപ്പോൾ ബൈക്ക് മുനമ്പിലേക്ക് നിർത്തി അതിലേക്ക് പതിയെ ചാരി നിന്നു. ചുറ്റിനും മൂടൽമഞ്ഞിറങ്ങി പച്ചപ്പ് മറച്ചുകൊണ്ടിരുന്നു.
അവന് രണ്ടാമതൊന്ന് ആലോചിക്കാൻ കഴിയുന്നതിനുമുന്പേ അവൾ അവന്റെ ഫോൺ കയ്യിലെടുത്തു.
"എനിക്കറിയാം നിനക്ക് പേടിയുണ്ട്, ഞാനെങ്ങാനും ബ്ലാക്ക് മെയിൽ ചെയ്താലോ എന്ന്.. നെവർ.. ഈയൊരു ദിവസം മാത്രം മതി എനിക്ക് ഇനി ജീവിക്കാൻ. സ്വപ്നം പോലൊരു ദിവസം. ഇവിടെ നിന്റെ അടുത്തിങ്ങനെ ചേർന്ന് നിൽക്കുന്നത് ഞാനെത്ര സ്വപ്നം കണ്ടിരിക്കുന്നു എന്നറിയോ!!."
മനുവിന്റെ നെഞ്ചിലേക്ക് ചേർന്നുനിന്നുകൊണ്ട് ഒരു കയ്യിൽ മൊബൈൽ എടുത്ത് പിന്നിലേക്കാഞ്ഞു.
"ഇങ്ങനെ ചേർന്നുനിൽക്കുമ്പോൾ ഞാനിത്തിരി പൈങ്കിളി പറയട്ടെ മനുക്കുട്ടാ.... എന്റെ ഹൃദയത്തിന്റെ കാവൽക്കാരാ... എന്റെ രാജകുമാരാ... മേഘങ്ങൾ ഭൂമിയിലേക്കിറങ്ങിവന്ന താഴ് വാരവും
ഈ തെളിഞ്ഞ നീലാകാശവും ഹരിതാഭമായ കാടും നമ്മുടെ സഹചാരി ബൈക്കും സാക്ഷിനിർത്തി പറയട്ടെ... നീ എന്റേത് മാത്രമാണ്.. ഒന്നൂടെ ചേർന്നുനിന്ന് ചിരിക്ക് മനൂ.."
ഇടതുകൈയാൽ ഫോൺ ഉയർത്തിപ്പിടിച്ച് അവൾ ഉറക്കെയുറക്കെ ചിരിച്ചു. മനുവും ചിരിച്ചുകൊണ്ട് അവളോട് ചേർന്നുനിന്നു.
നിരഞ്ജനയുടെ മുഖം ചിരിമാഞ്ഞ് വലിഞ്ഞുമുറുകിയതും ഇടതുകാൽ കൊണ്ട് ബൈക്കിനെയും വലത്തെ തോളുകൊണ്ട് മനുവിനെയും ആഞ്ഞുതള്ളിയതും സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു..
മഞ്ഞിൽ മാഞ്ഞുപോയ നിലവിളി വകവെക്കാതെ അവൾ പൂർത്തിയാവാത്ത സെൽഫിയുമായി മൊബൈൽ ആഴത്തിലേക്ക് വലിച്ചെറിഞ്ഞു.
തിരിഞ്ഞു ചുറ്റും നോക്കി നിലത്തുകിടന്ന ബാഗെടുത്ത് തോളിലിടുമ്പോൾ അവളുടെ കണ്ണുകൾ ഇറുകി.... ക്രൂരമായി.
"ഇങ്ങനെ തന്നെയാ നിന്റെയാ ഡിപ്രഷൻകാരിയും മൂന്നാം നിലയിൽ നിന്ന് വീണത്."
തലക്കുള്ളിൽ വീണ്ടും അഗ്നിപർവതം പൊട്ടിത്തുടങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും ധൃതിയിൽ ഗുളികയെടുത്തുകഴിച്ച് തിരികെ നടന്നു.
- Soonaja

No comments: