About Me

My photo
A person who loves to read, write, sing and share thoughts.

Thursday, October 29, 2009

ഒരു പൈങ്കിളികഥ

"ഏയ്‌.."

"ഉം.. ?"

"എന്ത് പറ്റീ കാലില്‍? "

"അതിന്നലെ പിള്ളേരുടെ കൂടെ പന്തുകളിച്ചപ്പോള്‍ കല്ല്‌ തട്ടിയതാ"

"ഒത്തിരി മുറിഞ്ഞോ?"

"ഓ.. ഇല്ലെന്നേ.. "

"ഇപ്പോഴായെപിന്നെ എന്നോട് പഴയ ഇഷ്ടോന്നൂല്ല.. എന്നെ കാണുമ്പോ മുഖം തിരിക്കുന്നതുമൊക്കെ ഞാന്‍ അറിയുന്നുണ്ട് "

ഓ.. തുടങ്ങി അവള്‍ പരിഭവം! മമ്മി എങ്ങാനും കണ്ടാല്‍... ചുറ്റും നോക്കി ഉറപ്പുവരുത്തിയതിനുശേഷം അവന്‍ മതിലിന്‍റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു.

"നിനക്കറിയാലോ.. എന്‍റെ മമ്മിക്കു നിന്നേം നിന്‍റെ അമ്മേം കാണുന്നതുതന്നെ ദേഷ്യമാ.. അപ്പോള്‍ പിന്നെ നമ്മുടെ ബന്ധമെങ്ങാനും അറിഞ്ഞാലുള്ള കാര്യമോന്നോര്‍ത്തു നോക്കിക്കേ.."

"അത് ശരി, അപ്പോള്‍ എന്നോട് കാണിച്ച സ്നേഹമൊക്കെയോ? അന്ന് വീട്ടിലാരുമില്ലാതിരുന്ന ദിവസം എന്നോട് ചേര്‍ന്നിരുന്ന് എന്നെ തലോടിക്കൊണ്ട് പറഞ്ഞതൊക്കെ മറന്നോ? നിന്റെയീ വെള്ളാരംകണ്ണും നടത്തോം ഒന്നും എത്രകണ്ടാലും മതിവരില്ലാന്നും മറ്റും.. വേണ്ട... എല്ലാം എത്ര പെട്ടെന്ന് മറന്നു? "

അവള്‍ കരച്ചിലിന്‍റെ വക്കിലെത്തി.

"എന്‍റെ പെണ്ണെ.. അതൊക്കെ ശരിതന്നെയാ... നീ ഒന്നോര്‍ത്തുനോക്ക്, നമ്മുടെ ബന്ധം ശരിയാവുമോ? ഇവിടുത്തെ മമ്മി എന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാവുന്നതല്ലേ? പപ്പയെക്കാളും സ്വന്തം മക്കളെക്കാളും സ്നേഹമാ എന്നോട്. "

"എന്നാലും..."

"നീ അപ്പുറത്തെങ്ങാനും പോ പെണ്ണെ.. മമ്മി വരാന്‍ നേരമായി. ഇന്ന് ഞങ്ങള്‍ സൂസിയാന്റീടെ വീട്ടില്‍ പോവ്വാ.."

"ഓ.. അപ്പൊ അതാണ്‌ കാര്യം! ഞാനറിഞ്ഞു എല്ലാം"

"എന്തറിഞ്ഞു എന്നാ? നീ ചുമ്മാ... "

"വേണ്ട വേണ്ട ആ കണ്ണിലെ തിളക്കം കണ്ടാല്‍ എനിക്കറിയാം. ഇവിടുത്തെ കൊച്ചുങ്ങള്‍ ഞങ്ങടമ്മച്ചിയോടു പറയുന്നത്കേട്ടു, സൂസിയാന്റീടെ വീട്ടില്‍ വന്നവളെ കുറിച്ചൊക്കെ. വെളുത്ത് ഒത്തിരി മുടിയൊക്കെയുള്ള സുന്ദരിയാന്നും ടോണിക്ക് നല്ല ചേര്‍ച്ചയാന്നുമൊക്കെ!"

"അവരങ്ങനെ പറഞ്ഞോ?"

"കണ്ടോ.. ആ മുഖത്തെ സന്തോഷം! എനിക്കെല്ലാം മനസിലായി! "

"നീ കുറച്ചുകൂടി പ്രാക്ടിക്കല്‍ ആയി ചിന്തിക്കണം. ഇനി ഞാന്‍ ഒള്ളത് പറയാല്ലോ.. എന്‍റെ മമ്മിയും സൂസിയാന്റീം കൂടെ ഞങ്ങള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളെ കുറിച്ചുവരെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ആരോരുമില്ലാതിരുന്ന എന്നെ ഇവിടെ കൊണ്ടുവന്നു വളര്‍ത്തിയതല്ലേ എന്‍റെ മമ്മി? അവരോടു എനിക്ക് നന്ദികേട്‌ കാണിക്കാന്‍ വയ്യ. "

"ഉം... ശരിയാ... പ്രേമത്തിന് കണ്ണില്ലെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. ടോണിചേട്ടന്റെ നോട്ടവും കുസൃതിയുമൊക്കെ കണ്ടു ഞാന്‍ എന്‍റെ നില മറന്നതാണ്. അല്ലേലും ചേട്ടനെ ആശിക്കാന്‍ ഞാനാരാ?"

"നീ കരയല്ലേ മീനൂ.. നിന്നെ എനിക്കിഷ്ടമാണ്. നിന്‍റെ വര്‍ഗത്തില്‍പെട്ട മറ്റാരോടും തോന്നാത്തത്ര ഇഷ്ടം! പക്ഷെ... നീ എന്‍റെ അവസ്ഥയും കൂടി മനസിലാക്കണം"

"ഉം.. അടുത്ത ജന്മത്തിലെങ്കിലും നിങ്ങളില്‍ ഒരാളായി പിറക്കാന്‍ പ്രാര്‍ത്ഥിക്കാം"

"അയ്യോ മമ്മി വരുന്നുണ്ട്..! നിന്നെ എങ്ങാനും ഇവിടെ കണ്ടാല്‍ കാലു തല്ലിയൊടിക്കും എന്നാ പറഞ്ഞിരിക്കുന്നെ.. മമ്മിക്കു ദേഷ്യം വന്നാല്‍ കയ്യില്‍ കിട്ടുന്നത് വെച്ചു ഏറിയും. നീ പൊയ്ക്കോ മീനൂ... ഉം... ഞാനല്ലേ പറയുന്നേ.."


"ഹോ! ഈ കള്ളിപ്പൂച്ച പിന്നേം വന്നോ? ഇതിനെ ഞാനിന്ന്.."

"മ്യാവൂ....."

"കമോണ്‍ ടോണീ.. "

"ബൌ..ബൌ"

"ഗെറ്റ് ഇന്‍സൈഡ്"

മതിലിനു പിന്നില്‍ ചെടികള്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന അവള്‍ക്കു നേരെ പാളിനോക്കിയിട്ട് അവന്‍ അനുസരണയോടെ കാറില്‍ കയറി.

" ഇച്ചായാ.. ഞാന്‍ സൂസീടെ കൂടെ ക്ലബ്ബിലും പോയിട്ടേ വരൂ കേട്ടോ.. ഫ്രിഡ്ജില്‍ ഇരിക്കുന്ന മിനിഞ്ഞാന്നത്തെ മീന്‍ കറി ഒന്ന് ചൂടാക്കി കഴിക്കണേ.. ചിക്കന്‍ ഫ്രൈ പിള്ളാര്‍ക്കും എടുത്തു കൊടുത്തേക്കണേ.. മറക്കല്ലേ... ബൈ..."

15 comments:

jayasree said...

climax kalakki.. idakki vellarankannine pattu paranjappo oru doubt thonni.. nannayittundu.

Areekkodan | അരീക്കോടന്‍ said...

ക്ലൈമാക്സില്‍ രണ്ട് പട്ടികളെ പ്രതീക്ഷിച്ചു.ഒന്ന് പൂച്ചയായിരുന്നു അല്ലേ?

കണ്ണനുണ്ണി said...

പകുതിയായപ്പോഴേ എങ്ങനെ ഒന്നാവും എന്ന് തോന്നിയിരുന്നു..
നല്ലതാ ട്ടോ

ഗന്ധർവൻ said...

കൊള്ളാല്ലോ വീഡിയോൺ.........

ഭൂതത്താന്‍ said...

" ഇച്ചായാ.. ഞാന്‍ സൂസീടെ കൂടെ ക്ലബ്ബിലും പോയിട്ടേ വരൂ കേട്ടോ.. ഫ്രിഡ്ജില്‍ ഇരിക്കുന്ന മിനിഞ്ഞാന്നത്തെ മീന്‍ കറി ഒന്ന് ചൂടാക്കി കഴിക്കണേ.. ചിക്കന്‍ ഫ്രൈ പിള്ളാര്‍ക്കും എടുത്തു കൊടുത്തേക്കണേ.. മറക്കല്ലേ... ബൈ..."

നല്ല കഥ ട്ടോ ....

കൊച്ചുതെമ്മാടി said...

ഹ ഹ.....
ഇതിലെവിടേ പൈങ്കിളി,
ഇതില്‍ പട്ടിയും പൂച്ചയുമല്ലെ.....
പക്ഷെ, എന്താന്നറിയില്ല, വായിചു തുടങിയപ്പൊളെ കരുതി, എന്തെലും ഒരു പണി ഒപ്പിച്ചു വെച്ചിട്ടുണ്ട് എന്നു...

എഴുത് രസമായി....

പകല്‍കിനാവന്‍ | daYdreaMer said...

"ബൌ..ബൌ"
:)

ചേച്ചിപ്പെണ്ണ് said...

ഇഷ്ടായി ....

ശിവകാമി said...

ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി.

അനൂപ്‌ കോതനല്ലൂര്‍ said...

ചേച്ചി ഇപ്പഴാ നോക്കിയത് നന്നായിരിക്കുന്നു

Sreedevi said...

പട്ടിയും പൂച്ചയുമോ.. :)

chelamban said...

pavam purushan.nannayi

pattepadamramji said...

ഒന്നുകൂടി നന്നാക്കാമായിരുന്നു.

thabarakrahman said...

ക്ലൈമാക്സ് നന്നായിട്ടുണ്ട്, നന്ദി.

നന്ദന said...

നന്നായിരിക്കുന്നു