"കുട്ടീഷ്ണന്നായര് ഇന്നും കരയോഗം മീറ്റിങ്ങിനു ഇല്ല്യാന്നന്നെയാ? ഈയിടെയായി പാടത്തും കാണാറില്ല്യാന്നു ജോസപ്പ് പറഞ്ഞപ്പളും വിശ്വസിച്ചില്ല്യാട്ട്വോ.. ന്തേയ് കാലില്‍ത്തെ ഒക്കെ മാറീലെ?"
മറ്റൊന്നിലും ശ്രദ്ധിക്കാതെ ടീവിയിലേക്ക് മാത്രം കണ്ണും നട്ടിരിക്കുന്ന കുട്ടികൃഷ്ണന്‍നായരുടെ അരികില്‍ മൌനമായി നിന്ന കമലാക്ഷിയമ്മ പുഴയ്ക്കലെ കരുണാകരന്റെ ചോദ്യം കേട്ട് ഭര്‍ത്താവിന്റെ തോളില്‍ തോണ്ടി.
"ഓ.. എന്താപ്പോ അവ്ടെ വന്നിരുന്നിട്ട്? കൊറേ പേര് ഓരോന്ന് പറേം.. ആ നേരം ഇവടെ ഇരുന്നാ കൊറച്ചു നല്ല കാര്യം പഠിക്കാം. പിന്നെ പാടത്തോ...! മണ്ണും ചെളീം വെള്ളോം.. വയസ്സായി വര്വല്ലേ.. നീപ്പോ അദൊക്കെ നോക്കണം!"
കരുണാകരന് പടിപ്പുര കടക്കുമ്പോള്‍ കമലാക്ഷിയമ്മ ഭര്‍ത്താവിനെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ഉള്ളിലേക്ക് നടന്നു. ഭര്‍ത്താവില്‍ വന്ന മാറ്റം അവരെ അസ്വസ്ഥയാക്കിയിട്ട് കുറച്ചു മാസങ്ങളായിരുന്നു. നാട്ടിലെ പൊതുകാര്യങ്ങളിലും കൃഷിസ്ഥലത്തുമൊക്കെ എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നയാള്‍ കഴിഞ്ഞ കൊയ്ത്തുകാലത്ത് വരമ്പത്ത് വഴുക്കിവീണതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഒടിഞ്ഞകാലുമായി മുറിക്കുള്ളിലെ മച്ചിലേക്ക് നോക്കിയുള്ള കിടപ്പ് കണ്ടു വിഷമം തോന്നി അച്ഛനെ ഉമ്മറത്തെ ഒറ്റക്കട്ടിലില്‍ കിടത്താമെന്നു തീരുമാനിച്ചത് ദുബൈയിലുള്ള മകള്‍ സുമയാണ്.
അവിടെ കൂട്ടായി വന്ന വര്‍ണ്ണക്കാഴ്ചകള്‍ വളരെ പെട്ടെന്നാണ് ചിന്തകളുടെ ഗതി മാറ്റിയത്. അതോടെ കമലാക്ഷിയമ്മക്ക് മാത്രമല്ല ബാംഗ്ലൂരില്‍ ഉള്ള മൂത്തമകനും ദുബായിലുള്ള മകള്‍ക്കും വേലക്കാരി ജാനുവിനും വരെ എന്തിനുമേതിനും വിലങ്ങുതടിയായി. വെള്ളിയാഴ്ചകളിലെ മകളുടെ കുശലാന്വേഷണങ്ങള്‍ അച്ഛന്റെ ഉപദേശങ്ങള്‍ക്കും പുതിയ അറിവുകള്‍ക്കും വഴിമാറി, ഫോണ്‍ബില്ലുകളിലെ വലിയ അക്കങ്ങളായി മരുമകനെ തേടിയെത്തി.
രാവിലെ പത്രവാര്‍ത്തകളില്‍ മുഖം പൂഴ്ത്തിയിരുന്നിരുന്ന ആള് അടുക്കളപ്പുറത്തെത്തി.
"ന്താ ജാന്വോ... ഈ വെണ്ണീര് ഇട്ടാ പാത്രം കഴുകണേ? "
"ന്റെ കുട്ടീഷ്ണേട്ടാ.. ദെന്താപ്പോ പുതിയ പരിഷ്കാരം? എത്ര കൊല്ലായി നിങ്ങടവ്ടെ പണി ചെയ്ണൂ ഞാന്‍. ഇത്ര കാലായിട്ടും ആരും ങ്ങനെ പറഞ്ഞിട്ടില്ല്യാ..നല്ലോണം വെളുക്കനെ തന്നെല്ലേ ഞാന്‍ തേയ്ക്കണേ.. ഞാന്‍ ഇബ്ടന്നു പോണംച്ചാ അത് പറഞ്ഞാമതി, ങ്ഹാ! "
"നല്ല കാര്യായി! വെളുക്കനെ ഇരുന്നാ മാത്രം മതിയോ? ആര്‍ക്കും ഒരു ശ്രദ്ധേല്ല്യാച്ചാ..!!."
ക്ഷോഭത്തോടെ തിരിച്ചു നടക്കുന്ന നായരെ നോക്കിക്കൊണ്ട് ജാനു മുണ്ടിന്റെ കോന്തലയില്‍ കൈ തുടച്ചു.
"ഈയ്യദൊന്നും കാര്യാക്കണ്ടാടീ.. മൂപ്പര്‍ക്ക് കൊറച്ചീസായി ഇദന്നെ മട്ട്! " കമലാക്ഷിയമ്മ പിന്നെയും എന്തൊക്കെയോ പറയാനൊരുങ്ങുമ്പോഴായിരുന്നു നായരുടെ അലര്‍ച്ച.
" കമലൂ...ഇങ്ങട് ഒന്നോടിവരൂ... ഇതെന്തായീ കാട്ട്യേക്കണേ.. കക്കൂസ് കഴുകീട്ടില്ല്യാല്ലേ..?"
"മഹാപാപം പറയരുത് കുട്ടീഷ്ണേട്ടാ... ന്റെ മുട്ടുകാല് വയ്യാണ്ടും കൂടി ഞാന്‍ തന്നെയാ ഇന്നലേം കൂടി തേച്ചുകഴുകീത്." കമലക്ഷിയമ്മയുടെ കണ്ണ് നിറഞ്ഞു.
കുട്ടികൃഷ്ണന് നായര്‍ അതൊന്നും കേള്‍ക്കാത്തതുപോലെ കുളിമുറിയുടെ മുന്നില്‍ വയറു തടവിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും എന്നും വെളുത്തിരിക്കണമെന്നു തനിക്കു നിര്‍ബന്ധമുള്ളയിടത്തെ ചൊല്ലിയുള്ള പഴി ആദ്യമായി കേട്ടപ്പോള്‍ കമലക്ഷിയമ്മയുടെ മനസ് നൊന്തു.
പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ, അയാള്‍ അണുനാശിനി കുപ്പിയുടെ മൂടി വലിച്ചുതുറന്ന്, വലിയ വൃത്താകൃതിയില്‍ ക്ലോസെറ്റില്‍ ഒഴിച്ച്, മൂലയ്ക്കിരുന്ന കുറ്റിച്ചൂലെടുത്തു തേച്ചുകഴുകുന്നതുകാണാന്‍ ജാനുവും ഓടിവന്നപ്പോള്‍ കമലാക്ഷിയമ്മക്ക് സഹിച്ചില്ല.
"എന്ത് കാഴ്ച കാണാനാടീ ഓടിവന്നത്? തുണി കഴുകിയിട്ട്വോ?"
"കമലൂ... അവളോട് വെറുതെ അങ്ങട് നനച്ചിട്ടാ പോരാന്നു പറയ്.. ഡെറ്റോള്‍ മുക്കിയിടണം. മറക്കരുത്! "
കുളിമുറിയില്‍ നിന്നും വെള്ളത്തിന്റെയും ചൂലിന്റെയും ശബ്ദങ്ങള്‍ക്കൊപ്പം അയാളുടെ പുത്തന്‍ അറിവുകളും മുഴക്കമായി പുറത്തെയ്ക്കൊഴുകുമ്പോള്‍ കമലാക്ഷിയമ്മ നിലത്തു തളര്‍ന്നിരുന്നു.
കുളികഴിഞ്ഞ് പ്രാതല്‍ കഴിക്കാനിരുന്നപ്പോള്‍ അയാളുടെ മുഖം പ്രസന്നമായിരുന്നു. അയാളുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരം കൊളസ്ട്രോള്‍ തടയുന്ന ഓട്സ് കുറുക്ക് മുന്നിലെത്തി. കൂടെ മുതിര്‍ന്നവരുടെ ഹോര്‍ലിക്ക്സും. പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ കുട്ടികൃഷ്ണന് നായര്‍ ചാടി എഴുനേറ്റു പിന്നോട്ട് നീങ്ങി. കയ്യിലെടുത്ത പാത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് താഴേക്കിട്ടു.
"കമലൂ... ആരും ഒന്നും കഴിക്കരുത്! "
ശരവേഗത്തില്‍ വസ്ത്രം മാറി കുടയുമായി പുറത്തേക്കോടുന്ന ഭര്‍ത്താവിനെ കണ്ട് കമലക്ഷിയമ്മ പൊട്ടിക്കരഞ്ഞപ്പോള്‍ ജാനു മേശപ്പുറത്തെ പാത്രങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്തിനെയോ തിരഞ്ഞു.
ജാനുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ മക്കളെ അറിയിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി സേവനമനുഷ്ടിക്കുന്ന വീട്ടിലുള്ളവരോടുള്ള കടപ്പാടും സ്നേഹവും കൊണ്ട് അന്നത്തെ മറ്റു വീടുകളിലെ പണികള്‍ റദ്ദാക്കി, ഉച്ച വരെ കമലക്ഷിയമ്മക്ക് കൂട്ടിരുന്ന് അവിടുന്ന് ഊണും കഴിച്ചാണ് അവള് മടങ്ങിയത്.
പിറ്റേന്ന് വെളുപ്പിന് ബംഗ്ലൂരുള്ള മൂത്തമകന് പ്രകാശ് വീട്ടിലെത്തുമ്പോള്‍ നായര്‍ നല്ല ഉറക്കമായിരുന്നു. ഉറങ്ങാതെ കാത്തിരുന്ന അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന പരിവേദനങ്ങള്‍ അയാളിലും തെല്ലു പരിഭ്രാന്തി ഉണര്‍ത്തിയെങ്കിലും അയാള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"നീയെപ്പോഴാ വന്നത്? ദെന്താത് പെട്ടെന്ന്? ന്നിട്ട് കുളിച്ച്വോ? അതുകഴിഞ്ഞ് മതി ആഹാരോക്കെ.." ഓരോ തവണയും പടിപ്പുര കടക്കുമ്പോള്‍തന്നെ ഓടിവന്നു പുണരുന്ന അച്ഛന്റെ ഓര്‍മ്മ അയാളുടെ കണ്ണുനിറച്ചു.
ഇഡ്ഡലി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന് വീണ്ടും അരികിലെത്തി.
"നിന്നോട് ഞാനോരൂട്ടം കൊണ്ട്വരാന്‍ പറഞ്ഞിരുന്നില്ല്യെ? ഇബ്ടെ നല്ലത് കിട്ടില്ല്യാ.. അതാ അവടുന്നന്നെ വാങ്ങാന്‍ പറഞ്ഞെ..."
പ്രകാശ് നേരത്തെ എടുത്തുവെച്ചിരുന്ന പൊതി വാങ്ങുമ്പോള്‍ അയാളുടെ മുഖം സന്തോഷം കൊണ്ടുവിടര്‍ന്നു.
മകന് കൊണ്ടുവന്ന ഭൂതകണ്ണാടിയുമായി വീടുമുഴുവന്‍ ഓടിനടന്ന് സസൂക്ഷ്മം എന്തോ തിരയുകയും ഇടയ്ക്കിടെ ആശ്ച്ചര്യപ്പെട്ടും ഉറക്കെ നിലവിളിച്ചും കുട്ടികൃഷ്ണന് നായര്‍ അവിടുള്ളവരെ അസ്വസ്ഥരാക്കി. ഇടയ്ക്കിടെ നില കണ്ണാടി ക്ക് മുന്നില്‍ നിന്ന് മുഖവും പല്ലും നിരീക്ഷിച്ചു.
അവധിപ്രശ്നം കൊണ്ടും കൂട്ടുകാരന് ഡോക്ടറോടും കൂടി സംസാരിക്കാനുള്ളതുകൊണ്ടും അന്ന് വൈകിട്ടത്തെ ട്രെയിനില്‍ പ്രകാശ് പോവാനൊരുങ്ങി. പെട്ടെന്ന് വരേണ്ടിവന്നതിന് സുമിത്രയോടു പറയേണ്ട കാരണങ്ങള്‍ മെനഞ്ഞുകൊണ്ട് അയാള്‍ പടിയിറങ്ങുമ്പോള്‍ അമ്മയെ ഒരിക്കല്‍ക്കൂടി ആശ്വസിപ്പിക്കാന്‍ മറന്നുപോയി.
രാത്രി പണികള്‍ തീര്‍ത്ത് കമലാക്ഷിയമ്മ മുറിയിലെത്തുമ്പോള്‍ നായര്‍ എന്തോ ഓര്‍ത്തുകിടക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണുമ്പോഴൊക്കെ അവരുടെ നെടുവീര്‍പ്പ് ഉച്ചത്തിലായി.
"നീ കുളിച്ച്വോ കമലൂ?"
"ഈ രാത്രീലോ? നിയ്ക്ക് നീരെളക്കം പിടിക്കുംന്നറീല്ല്യേ? "
" ഉം.. ലൈറ്റ് കെടുത്തണ്ടാ .. നീ കെടന്നോ.."
ഒന്നും മിണ്ടാതെ കമലാക്ഷിയമ്മ ചുവരോട് മുഖം ചേര്‍ത്ത് കിടക്കുമ്പോള്‍ കുട്ടികൃഷ്ണന്‍നായര്‍ തലയിണയുടെ അടിയില്‍ ഒളിപ്പിച്ചുവെച്ച പൊതിയില്‍നിന്നും ഭൂതക്കണ്ണാടി കയ്യിലെടുത്ത് പതിയെ അവരുടെ അരുകിലേയ്ക്കിരുന്നു.
11 comments:
അഹം സിനിമയെ ഓര്‍മ്മിപ്പിച്ചു. ന്നാലും അസ്വസ്ഥത ഉണ്ടാക്കുന്ന കഥ
വിചിത്രമായ ചിന്തകളും പ്രവര്‍ത്തികളുമാണ് ചിലര്‍ക്ക്..എന്ത് എപ്പോള്‍ എങ്ങിനെ ചെയ്യുമെന്ന് പ്രവചിക്കുക അസാധ്യം...അതൊക്കെപ്പോട്ടെ..ആശാനിപ്പോഴെങ്ങിനെയുണ്ട്..ഭേദമായോ...
ആരാ ഈ ബ്ലോഗ് എഴുതിയ ശിവകാമി ??
നന്നായിരിക്കുന്നു......
ഇനിയും മുടങ്ങാതെ പോന്നോട്ടെ....
ശിവ,നന്നായി ഈ കഥ.
വാര്‍ദ്ധക്യത്തിലെ ഓരോരോ ചാഞ്ചാട്ടങ്ങള്‍ ..
ഈ വഴി വന്നതിനു സന്തോഷം ഇഗ്ഗോയ്, ശ്രീകുട്ടന്, ഗൂഗിള്‍ സെര്‍ച്ച്, സമീരന്, റോസിലി ചേച്ചി..
നന്ദി വീണ്ടും വരിക.. :)
മങ്ങിയ കാഴ്ചയ്ക്കു മറുകുറിയാകുമീ കണ്ണടയിലെന് -
മകനവനുടെ തിങ്ങി നിറയുന്ന സ്നേഹച്ചൂര് നിറഞ്ഞിരുന്നു
ചിരമെന്റെ കണ്ണുകളിലൊളി മിന്നി നില്ക്കും പുത് ത്രാണന-
ചിത്ര മരുമയായ് കാക്കുന്നു ഞാനെന്‍ പാതിയോപ്പമീ പായ്പ്പൊത്തിലും
"ഇട്ടാ പത്രം കഴുകണേ" പത്രം അല്ല പാത്രം :-)
ഇഗ്ഗോയ് പറഞ്ഞ പോലെ അസ്വസ്തത ഉണ്ടാക്കുന്ന കഥ.
കുത്തും കോമയുമൊക്കെ ആവശ്യമുള്ളിടത്ത് അതിടണം കേട്ടോ ശിവകാമി...ഉദാഹരണത്തിന് ഇത് പോലുള്ള വരികളില്‍ ഒന്ന് രണ്ടു കോമാ പ്രശനം ഉടലെടുക്കുന്നു....
"പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ അയാള്‍ അണുനാശിനി കുപ്പിയുടെ മൂടി വലിച്ചുതുറന്ന് വലിയ വൃത്താകൃതിയില്‍ ക്ലോസെറ്റില്‍ ഒഴിച്ച് മൂലയ്ക്കിരുന്ന കുറ്റിച്ചൂലെടുത്തു തേച്ചുകഴുകുന്നതുകാണാന്‍ ജാനുവും ഓടിവന്നപ്പോള്‍ കമലാക്ഷിയമ്മക്ക് സഹിച്ചില്ല."
ഇനിയും എഴുതുക...ആശംസകള്‍...
പ്രസന്നന് സര്, ഇങ്ങനെ പ്രതികരണം ഇട്ടാല്‍ എന്താ മനസിലാക്കേണ്ടത്? സത്യത്തില്‍ ഒന്നും പിടി കിട്ടീല്ലാ.. :)
ശ്രി.മഹേഷ് വിജയന്.. ഈ വഴി വന്നതിലും അശ്രദ്ധ ചൂണ്ടി കാട്ടിയതിലും വളരെ നന്ദി... ഉടനെ തന്നെ തിരുത്തി...
വീണ്ടും വരിക...
ഈ കഥയും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍
ഓരോ കാര്യങ്ങളിലും സൂക്ഷ്മത തിരയുന്ന വാര്‍ധക്യത്തിന്റെ ചഞ്ചല മനസ്സിനെ , മറ്റുള്ളവരുടെ വിഭ്രാന്തിയോടൊപ്പം മനോഹരമായി പറഞ്ഞിരിക്കുന്നു.നാസറിന്റെ അഞ്ജലികം എന്നാ ബ്ലോഗില്‍ ഇതുപോലൊരു സ്ത്രീ കഥാപാത്രത്തിന്റെ കഥയുമുണ്ട്.നന്നായിരിക്കുന്നു.ശിവകാമിയുടെ കാഴ്ച്ചകള്‍.ആശംസകള്‍..!
Post a Comment