About Me

My photo
A person who loves to read, write, sing and share thoughts.

Friday, January 21, 2011

ശുചീന്ദ്രത്തെക്ക് ഒരു യാത്ര

ഇത്തവണ നാട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ തന്നെ തികച്ചും വ്യക്തിപരമായ  ഒരു തിരുവനന്തപുരം യാത്ര മനസ്സില്‍ കണ്ടിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ്  അവിടേക്ക് ഞാന്‍ പോവുന്നത്.   മ്യൂസിയം,  ശംഖുമുഖം  തുടങ്ങിയയിടങ്ങള്‍ ആദ്യദിവസം തന്നെ സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍ നാളെ എവിടേക്ക് എന്ന ചോദ്യത്തിന്  കൂടെയുണ്ടായിരുന്ന ഒരാളുടെ നിര്‍ദ്ദേശമായിരുന്നു ശുചീന്ദ്രം എന്നത്.  അങ്ങനെയാണ് അതിരാവിലെ നഗരത്തിലെ വാഹനബാഹുല്യം ആരംഭിക്കുന്നതിനു മുന്‍പേ പഴവങ്ങാടി ഗണപതിക്ക്‌ തേങ്ങയുടച്ചു ഞങ്ങള്‍ യാത്ര തുടങ്ങിയത്. നഗരത്തിലെ വാഹനബാഹുല്യം തുടങ്ങുന്നതിനുമുന്‍പ് പുറത്ത് കടക്കണമെന്ന ഉദ്ദേശത്തിലായിരുന്നതുകൊണ്ട് പ്രാതല്‍ വഴിയില്‍ എവിടെയെങ്കിലും കഴിക്കാമെന്ന് തീരുമാനിച്ചു.
വഴി പരിചയമുള്ള കൂട്ടുകാര്‍ നിര്‍ദേശിച്ച പല നല്ല ഹോട്ടലുകളും കണ്ടെത്താനാവാതെ ഒടുവില്‍  വിശപ്പ്‌ ഭൂതം വല്ലാതെ ആക്രമിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തക്കലയില്‍ ആദ്യം കണ്ട ഒരിടത്ത് കയറി ചൂട് ദോശയും സാമ്പാറും പിന്നെ പ്രത്യേക സ്വാദുള്ള ഒരു തരം തക്കാളിചട്ട്ണിയും അകത്താക്കി വീണ്ടും യാത്ര തുടര്‍ന്നു.

റോഡിനു വലതുവശത്തായി കുറച്ചു ഉള്ളിലേക്ക് മാറിയാണ് ശുചീന്ദ്രം അമ്പലം. റോഡില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ ധാരാളം കൊത്തുപണികളുള്ള സുന്ദരമായ ഗോപുരം കാണാം. പാലാഴി മഥനവും അനുബന്ധകഥകളുമാണത്രെ അതില്‍ സസൂക്ഷ്മം ചെയ്യപ്പെട്ടിരിക്കുന്നത്.

ഉള്ളിലേക്ക് കടക്കുന്നതിനു മുന്‍പേതന്നെ അമ്പലത്തിനു ഇടതുവശത്തായി ധാരാളം കൊത്തുപണികളുള്ള രഥം ആണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ കണ്ടിട്ടുള്ള മറ്റ് രഥങ്ങളില്‍ നിന്നും കുറച്ച് വ്യത്യാസം തോന്നി ഇതിന്റെ ആകൃതിക്ക്‌. അതുകൊണ്ടുതന്നെ ക്യാമറയില്‍ പകര്‍ത്താന്‍ മറന്നില്ല.

ഗോപുരത്തിനുള്ളിലേക്ക് കടക്കുമ്പോള്‍  വല്ലാത്തൊരു കുളിര്‍മ്മ അനുഭവപ്പെട്ടു. ധാരാളം ചിത്രപ്പണികളുള്ള കല്‍ത്തൂണുകളാല്‍ ചുറ്റപ്പെട്ട രീതിയിലുള്ള ക്ഷേത്രമാണിത്. ഉയരം കുറഞ്ഞ, ഇരുണ്ട കുടുസ്സുമുറികളിലാണ് ഓരോ വിഗ്രഹവും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്. ത്രിമൂര്‍ത്തികളെയാണ് ആദ്യം വണങ്ങിയത്. ശിവക്ഷേത്രമെന്നു അറിയപ്പെടുമെങ്കിലും  വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിധ്യം ഉണ്ടത്രേ അവിടെ. ആദ്യമായാണ്‌ അങ്ങനെ ഒരിടത്ത് ഞാന് എത്തുന്നത്.

ഓരോ പ്രതിഷ്ടയുടെ അരികില്‍ എത്തുന്നതിനു തൊട്ടുമുന്പായി തെരുവുകച്ചവടക്കാരെപോലെ പൂജാദ്രവ്യങ്ങള്‍ വില്‍ക്കാനായി ഉറക്കെ വിളിച്ചുപറയുന്ന കുറേപേരെ കണ്ടു. ‍ പ്രാര്‍ത്ഥനയുടെ ഫലം കൂട്ടാന്‍ ദേവന് പ്രിയമായ വഴിപാട് അവിടെ പൈസ കൊടുത്താല്‍ കിട്ടും!

അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പതിനെട്ടടി പൊക്കത്തില്‍ നില്‍ക്കുന്ന ഹനുമാന്‍പ്രതിമയാണ്. അദ്ദേഹത്തിനു മുന്നിലും വാഴയിലപൊതിയില്‍  വെണ്ണയും ചെറിയ കുപ്പികളില്‍ പനിനീരുമൊക്കെ തയ്യാറായിരുന്നു. ഭക്തന്റെ ആവശ്യത്തിനനുസരിച്ച് പൂജാരി പ്രതിമയുടെ പിന്നിലുള്ള പടികള്‍വഴി മുകളില്‍ ചെന്നുനിന്നു പൂജചെയ്യും. ആഞ്ജനേയരുടെ ദേഹത്ത് വെണ്ണയും വടമാലയും വെറ്റില മാലയും ചാര്‍ത്തി പൂജ ചെയ്തു പ്രസാദം താഴെ വന്നുതരും.

തൊഴുതിറങ്ങി ഒറ്റക്കല്‍ മണ്ഡപം  ചുറ്റിക്കണ്ടു തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ തിരുവിതാംകൂര്‍ രാജഭരണകാലം സങ്കല്പ്പിച്ചുനോക്കി. പത്താം ക്ലാസ്സില്‍ പഠിച്ച ധര്‍മരാജയും, സ്വാതിതിരുനാള്‍ സിനിമയുമെല്ലാം മനസിലൂടെ കടന്നുപോയി.   (മൈസൂര്‍ കൊട്ടാരം കണ്ടിറങ്ങുമ്പോള്‍ കുറച്ചു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു ഭൃത്യയെങ്കിലുമായി ജനിച്ചില്ലല്ലോ എന്ന് സങ്കടം തോന്നിയിരുന്നു.)
കച്ചവടക്കാരും വാഹനങ്ങളും ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ചിന്തകളെ മുറിച്ചു.

തുടര്‍ന്ന്, ക്ഷേത്രക്കുളവും കണ്ടു തിരിച്ചുനടക്കുമ്പോള്‍ വഴിയരികില്‍ സ്ഫടികഭരണിയില്‍ ഉപ്പിലിട്ട നെല്ലിക്ക എന്നെ നോക്കി ചിരിച്ചു! തൊട്ടരികില്‍തന്നെ നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് ഉപ്പും മുളകുപൊടിയും വിതറി ഭംഗിയായി  നിരത്തിവെച്ചിരിക്കുന്ന പൈനാപ്പിളും പച്ചമാങ്ങയും! വായില്‍ കൊതിയുടെ പ്രളയം! ഹൈജീനിക്ക് ചിന്തകളെ ഒരു നിമിഷത്തേക്ക് അകറ്റിനിര്‍ത്തി കൈനീട്ടുമ്പോള്‍ മനസ്സില്‍ പറഞ്ഞു, ഈ സ്വാദിന് പകരം നില്‍ക്കാന്‍ ബര്‍ഗറും പിസയും ഒക്കെ എത്ര ജന്മമെടുക്കണം!

ഗോപുരത്തിന്റെ മുഴുവന്‍ ഭാഗവും സന്ദര്‍ശകരും ഒരുമിച്ചുകിട്ടണമെന്ന് വാശിപിടിച്ചു കൂടെയുള്ളയാള്‍‍ ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ പിന്നില്‍ ഒരു വിളി.. 'ഭയ്യാ'ന്ന്... പിന്നെ 'സേട്ടാ' എന്നായി..   ഇളംറോസ്നിറത്തിലുള്ള പഞ്ഞിമിട്ടായി യുമായി ഫോട്ടോയില്‍ കയറിക്കൂടാനുള്ള വിളിയായിരുന്നു അത്.

ശുചീന്ദ്രത്തോട് വിടപറയുമ്പോള്‍ മനസ്സില്‍ വീണ്ടും നൂറ്റാണ്ടുകള്‍ക്കും അപ്പുറത്ത്   പട്ടുവസ്ത്രങ്ങള്‍ ഉലച്ചുകൊണ്ട്‌ ആരൊക്കെയോ നടന്നു...
 ദൂരെ എവിടെയോ അകന്നുപോവുന്ന കുളമ്പടിയൊച്ചകള്‍...  


ശുചീന്ദ്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിക്കികുട്ടന്‍ പറഞ്ഞുതരും.

8 comments:

ശ്രീനാഥന്‍ said...

ശുചീന്ദ്രം പ്രാചീനമായ ഒരോർമ്മ പോലെ എന്റെ മനസ്സിലുമുണ്ട്, നന്നായി, കൂറച്ചുകൂടി ആകാമായിരുന്നു!

jayasree said...

Nangalum Thiruvananthapurathu poyappo Sichindram poyirunnu... Aa theru nangal poyappolum kandu. athum oru december aayirunnu

Anil... said...

ഗോപുരത്തിന്റെ മുഴുവന്‍ ഭാഗവും സന്ദര്‍ശകരും ഒരുമിച്ചുകിട്ടണമെന്ന് വാശിപിടിച്ചു കൂടെയുള്ളയാള്‍‍ ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ പിന്നില്‍ ഒരു വിളി....

enthayalum aa ambalethekkurichu paranju thanna koodeyulla aal aarayalum aayalkkoru valya nandhi aallee...:)

Arun Kumar Pillai said...

avidekk oru yathra pokan thonnunnu! nalla vivaranam.. kurachoodi aavamaayirunnu..

Manoraj said...

ശിവ,

യാത്രകള്‍ വല്ലാത്ത ഇഷ്ടമെങ്കിലും ഇത് വരെ എവിടെയും പോകാന്‍ കഴിഞ്ഞിട്ടില്ല. നന്നായി വിവരിച്ചിരിക്കുന്നു

ശിവകാമി said...

എന്റെ ആദ്യത്തെ യാത്രാവിവരണം സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി.

@അനില്‍.. അതെയതെ... പക്ഷെ അയാള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി.. അവിടെ സപ്തസ്വര മണ്ഡപം ഉണ്ടായിരുന്നു. അത് പറഞ്ഞു തന്നില്ല. :)

Anil said...

@അനില്‍.. അതെയതെ... പക്ഷെ അയാള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി.. അവിടെ സപ്തസ്വര മണ്ഡപം ഉണ്ടായിരുന്നു. അത് പറഞ്ഞു തന്നില്ല. :)

aa Ambalathekkurichu paranjathu thanne valya kaaryamalleee....

ജീവന്‍ said...

keep going