അയാള്‍ ആ ഗ്രാമത്തിലെ എല്ലാവര്ക്കും രാജേട്ടന് ആയിരുന്നു. അയാളുടെ പൂര്‍ണനാമം എന്തെന്നോ അയാള്‍ എവിടെ നിന്നും വന്നെന്നോ ആരും തിരക്കിയില്ല. മീനുക്കുട്ടി കൈക്കുഞ്ഞായിരിക്കുമ്പോഴായിരുന്നു രാജേട്ടന് ആ നാട്ടിലെത്തി അവളുടെ വീടിന്റെ മുന്നിലെ ഒറ്റമുറിക്കടയില്‍ താമസമായത്. ഒരു കാലിനു ശേഷി ഇല്ലാത്ത, കഷ്ടിച്ച് അഞ്ചടി മാത്രമുള്ള ആ കുഞ്ഞുമനുഷ്യന്‍ മീനുക്കുട്ടിയുടെ രാജേട്ടമാമയായി. നാട്ടുകാര്‍ക്ക് തന്നാലാവുന്ന ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുത്തും തിരിച്ചു കിട്ടുന്ന കൊച്ചു കൊച്ചു കാരുണ്യം കൊണ്ടും ജീവിച്ചുപോന്ന രാജേട്ടന് ഇടക്കിടെ ആരോടും പറയാതെ എങ്ങോട്ടോ പോവുമായിരുന്നു. മാസങ്ങളോളം നീണ്ട യാത്രകളുടെ അവസാനം മീനുക്കുട്ടിക്ക് മുത്തുമാലകളും അമ്പലത്തിലെ പ്രസാദവുമായി തിരിച്ചെത്തി.
തന്റെ കുറിയ ശരീരത്തില്‍ അസുഖങ്ങള്‍ക്ക് തങ്ങാനിടമുണ്ടാവില്ല എന്ന് ചിരിയോടെ പറഞ്ഞിരുന്ന രാജേട്ടന് ഒരിക്കല്‍ കലശലായ വയറുവേദന വന്നു. നാണുവൈദ്യരുടെ കഷായത്തിനും മെഡിക്കല്‍ റെപ്പ് രമേശന്റെ വേദന സംഹാരികള്‍ക്കും അടങ്ങാതെ വന്നപ്പോള്‍ മീനുക്കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ആരുടെയോ സൈക്കിളിനു പിന്നിലിരുന്നു രാജേട്ടന് പോയി. പരിശോധനകള്‍ക്കൊടുവില്‍ നാട്ടുകാരന് കൂടിയായ ഡോക്ടര്‍ ചോദിച്ചു,
"മര്യാദക്ക് ഭക്ഷണമൊന്നും കഴിക്ക്ണില്ല്യെ രാജേട്ടാ... ഇനിയീ ഊരുചുറ്റല്‍ ഒക്കെ നിര്‍ത്തി മരുന്നും ആഹാരോം മുടങ്ങാണ്ട് കഴിച്ചോളൂ ട്ട്വോ.. "
ഡോക്ടറിനു ഒരു വിളറിയ ചിരി മാത്രം സമ്മാനിച്ച് തിരിച്ചു പോന്നു രാജേട്ടന്.
വൈകുന്നേരം ജോലികഴിഞ്ഞെത്തിയ അച്ഛന് മീനുക്കുട്ടിയുടെ അമ്മയോട് പറഞ്ഞു." മോഹന്‍ ഡോക്ടറെ വഴിക്ക് വെച്ചു കണ്ടിരുന്നു.. മൂപ്പര്‍ക്ക് വയറ്റില്‍ ഇത്തിരി സീര്യസാ.. പുണ്ണ് പഴകീന്ന്...! വേദന മാറ്റാനുള്ള ഗുളിക മാത്രേ കൊടുത്തുള്ളൂത്രേ.."
അന്ന് രാത്രി ഒറ്റമുറിക്കടയുടെ പലകകള്‍ പലവട്ടം നീക്കപ്പെടുന്നതിന്റെ ശബ്ദം മീനുക്കുട്ടി കേട്ടു. വിളിച്ചന്വേഷിച്ച അച്ഛന്, വേദന താങ്ങാനാവാതെ വരുമ്പോള്‍ ആല്‍ത്തറയില്‍ കാറ്റു കൊള്ളാന്‍ പോവുകയാണെന്ന് മറുപടി കിട്ടി.
പിറ്റേന്ന് രാജേട്ടന്റെ അസുഖവിവരമറിഞ്ഞ് സഹായവാഗ്ദാനങ്ങളുമായി നാട്ടുകാരില്‍ പലരുമെത്തി. സ്കൂളില്‍ പോവാനിറങ്ങിയ മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ ബെഞ്ചില്‍ ചുരുണ്ടു കിടക്കുന്ന രാജേട്ടന്റെ സന്തതസഹചാരിയായ തുണിസഞ്ചിയില്‍ ഗുളികകള്‍ തിരക്കിയപ്പോഴും മറ്റുള്ളവര്‍ക്ക് സമ്മാനിച്ച വിളറിയ ചിരി അയാള്‍ അവള്‍ക്കും നല്കി. അയാളെ ശകാരിക്കാന്‍ അവകാശമുള്ള ഏക വ്യക്തി അവളായതിനാല്‍ എന്തൊക്കെയോ കുറെ പറഞ്ഞുകൊണ്ട് തലയിണക്കീഴില്‍ നിന്നും മരുന്ന് ചീട്ട് തപ്പിയെടുത്തു പുറത്തേക്ക് നടക്കുന്ന അവളെ അയാള്‍ നിസ്സംഗതയോടെ നോക്കി കിടന്നു.
പരീക്ഷ അടുത്തതിനാല്‍ വൈകി ഉറങ്ങാന്‍ കിടന്നിരുന്ന മീനുക്കുട്ടി അന്നും രാജേട്ടന്റെ വാതിലിന്റെ ശബ്ദം കേട്ടു. വേദനകളില്ലാത്ത ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് എപ്പോഴോ അവളുറങ്ങി.
രാവിലെ പഞ്ചായത്ത് കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ അമ്മിണിയമ്മ വെള്ളത്തില്‍ പൊങ്ങിക്കിടന്ന കാവിമുണ്ടും ഒറ്റ ചെരുപ്പും കണ്ടു നിലവിളിച്ചുകൊണ്ട് ഗ്രാമത്തെ ഉണര്‍ത്തി. മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ നിന്നും പുറത്തുവരാതെ അമ്മയെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ തേങ്ങി. എല്ലാത്തിനും മൂകസാക്ഷിയായി കിണറ്റുകരയില്‍ ഒരു ഊന്നുവടി മാത്രമിരുന്നു.
5 comments:
വേദനയില്ലാത്ത ലോകത്തേക്ക്
നന്നായിരിക്കുന്നു,വിവരണം.
വേദനയുടെ ലോകത്തുനിന്നും അല്പം മാറി നിന്നു ചിന്തിക്കൂ ചേച്ചി...
:D
എനിക്കിനി ഇങ്ങനെ കരയാന്‍ വയ്യേ..
മോക്ഷം തന്നെ.
ജീവിതം എപ്പോഴും അങ്ങനെത്തന്നെയല്ലേ?
Post a Comment