About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, November 18, 2008

അവള്‍ പറയാനിരുന്നത്

മാസങ്ങള്‍ക്ക് മുന്പ് വടക്കേ ഇന്ത്യയില്‍ കൊല്ലപ്പെട്ട ആരുഷി എന്ന പെണ്‍കുട്ടി ആണ് ഇതെഴുതാന്‍ എനിക്ക് പ്രചോദനമായത്. ലോകത്തിലെ ഒരു പിതാവിനും സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താനാവാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.


എന്‍റെ അച്ഛന്..

ഇവിടെ നിന്ന് അങ്ങോട്ടേക്ക് ഏത് മാര്‍ഗമാണ് കത്തയക്കെണ്ടതെന്നറിയില്ല.. പണ്ടെന്നോ അച്ഛന്‍ പറഞ്ഞുതന്ന കഥകളിലെ മേഘസന്ദേശം ഞാന്‍ ഇക്കുറി ശ്രമിച്ചുനോക്കാം... ഇവിടെ എന്‍റെ മുന്നില്‍ നിറയെ പഞ്ഞിക്കെട്ടുകള്‍ പോലത്തെ മേഘങ്ങള്‍ ആണ്.. അതിനിടയിലൂടെ ഞാന്‍ മനോഹരമായ ഭൂമി കാണുന്നു.. ഈ ലോകം നമ്മുടെ ഭൂമിയെക്കാള്‍ സുന്ദരമാണെന്നു പറയുന്നു ഇവിടുള്ളവര്‍.. പക്ഷെ നമ്മള്‍ ഒന്നിച്ചുകണ്ടിരുന്ന കാഴ്ച്ചകളോളം വരില്ല ഈ സൌന്ദര്യമൊന്നും... അവിടെ നിന്നും കാണാന്‍ കഴിയാതിരുന്ന പലതും ഇവിടെയിരുന്നു കാണാം... ചന്ദ്രനിലെ കറുത്ത കലകള്‍ പോലെ മനുഷ്യമനസ്സിലെ ദുഷ്ടത ഞാന്‍ കാണുന്നു. മനോഹരമായ ചിരിക്കു പിന്നില്‍ മറച്ചുവെയ്ക്കപ്പെട്ട കുടിലതകള്‍ കാണാന്‍ കഴിയുന്നു...

എത്ര സുന്ദരമായിരുന്നു നമ്മുടെ ജീവിതം, അല്ലെ അച്ഛാ..? അമ്മയും ഞാനും അച്ഛനും.. എന്തിനായിരുന്നു അവര്‍ അത് നമ്മളോട് ചെയ്തത്?നമ്മുടെ ഏത് തെറ്റിന്റെ ശിക്ഷയായിരുന്നു അത്? എത്ര ആലോചിച്ചിട്ടും എനിക്കൊന്നും മനസിലാവുന്നില്ല... ശ്വാസം കിട്ടാതെ പ്രാണന്‍ ഇല്ലാതാവുന്നതിന്റെതിനേക്കാള്‍ കൂടുതല്‍ വേദന ഞാന്‍ അനുഭവിച്ചത് എല്ലാവരും എന്‍റെ അച്ഛനെ പഴിക്കുന്നത് കണ്ടപ്പോഴായിരുന്നു.. ഒരു നിമിഷം എനിക്ക് ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞെങ്കിലെന്ന്... സത്യം എല്ലാവരോടും തുറന്നു പറയാന്‍ ഒരവസരം കിട്ടിയിരുന്നെങ്കിലെന്നു വല്ലാതെ കൊതിച്ചുപോയി...

അച്ഛന്‍ ഓര്‍ക്കുന്നില്ലേ എന്‍റെ കുട്ടിക്കാലം? എന്‍റെ ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിച്ചു ചെയ്തിരുന്നത്? എന്‍റെ ഉടുപ്പുകള്‍ മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ അമ്മ വാങ്ങുന്നതുപോലും തൃപ്തിയാവാതെ അച്ഛന്‍ നോക്കി വാങ്ങിയിരുന്നത്.. എത്ര തിരക്കിനിടയിലും എനിക്കായി സമയം കണ്ടെത്തി, എന്‍റെ കുഞ്ഞു തമാശകള്‍ പോലും ആസ്വദിക്കുകയും ഞാന്‍ കരഞ്ഞപ്പോഴൊക്കെ ചേര്‍ത്തുപിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത്.. ആദ്യമായി ഒരു ആണ്‍കുട്ടി കണ്ണിറുക്കി കാണിച്ചത് വന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ കളിയാക്കിയതും ഞാന്‍ പിണങ്ങിയതും... പുലര്‍ച്ചെ എഴുനേല്‍ക്കാന്‍ മടിച്ച എന്നെ മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തിയിരുന്നത്... രാവിലെ നടക്കാനിറങ്ങുമ്പോള്‍ എന്‍റെ സൌകര്യത്തിനു വേണ്ടി വേഗത കുറച്ചു നടന്നിരുന്നത്.. അമ്മയോട് പിണങ്ങി അത്താഴം കഴിക്കാതെ കിടന്നപ്പോള്‍ ഞാനും കഴിക്കില്ലെന്ന് പറഞ്ഞു എന്നെ തോല്‍പ്പിച്ചത്.. പരീക്ഷാക്കാലങ്ങളില്‍ ജോലിത്തിരക്കിനിടയിലും എനിക്കുവേണ്ടി രാത്രി ഉറക്കമിളച്ചു കൂടെയിരുന്നിരുന്നത്.. എന്‍റെ സ്കൂളിലെ പരിപാടിക്ക് വേണ്ടി ഞാന്‍ സാരി ഉടുത്ത ദിവസം എന്നെ നിറകണ്ണുകളോടെ നോക്കിനിന്നപ്പോള്‍ ഞാനും അമ്മയും ചേര്‍ന്ന് കളിയാക്കിയത്.. അന്ന് അച്ഛമ്മയുടെ മുഖമാണെനിക്കെന്നുപറഞ്ഞു ചേര്‍ത്തുപിടിച്ചപ്പോള്‍ എനിക്കും ചെറുതായി സങ്കടം വന്നു..

ഇതൊക്കെ ഞാന്‍ ഇനി ആരോടാണ് പറയുന്നത്? ഇവിടെ എന്‍റെ ചുറ്റുമുള്ള മേഘങ്ങള്‍ എന്‍റെ വാക്കുകള്‍ മഴയായി ഭൂമിയില്‍ പെയ്യിച്ചിരുന്നെങ്കില്‍... ഒന്നു നുള്ളിനോവിക്കാന്‍ പോലും ശക്തിയില്ലാത്ത എന്‍റെ അച്ഛന് ഒരിക്കലും എന്നെ കൊല്ലാനാവില്ല എന്ന് ഉറക്കെ ഉറക്കെ ഞാന്‍ ഇവിടുന്നു വിളിച്ചുപറഞ്ഞു.. എന്‍റെ ശബ്ദം മേഘങ്ങളില്‍ തട്ടി പ്രതിധ്വനിച്ചു എങ്കിലും താഴേക്ക് പോയതേയില്ല.. ഞാന്‍ ഉറക്കെ കരഞ്ഞു.. എന്‍റെ കണ്ണുനീര്‍ ആരും കണ്ടില്ലാ.. അവര്‍ അച്ഛനെ പലരീതിയിലും പീഡിപ്പിച്ചു കുറ്റസമ്മതം നടത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അച്ഛനനുഭവിച്ച വേദനകള്‍ എനിക്കുതന്നിരുന്നെങ്കിലെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു.. ഇതാണോ അമ്മൂമ്മ പറയാറുള്ള സുകൃതക്ഷയം? കഴിഞ്ഞ ഏതെങ്കിലും ജന്മത്തില്‍ നമ്മളാരെങ്കിലും എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടാവുമോ?

ഇന്നുവരെ വിശ്വസിക്കാതിരുന്ന ജന്മാന്തരബന്ധങ്ങള്‍ സത്യമായെങ്കിലെന്നു ആഗ്രഹിച്ചുപോവുന്നു... അടുത്ത ജന്മത്തിലും ഈ അച്ഛന്‍റെ മകളായി തന്നെ ജനിച്ചു എനിക്ക് കിട്ടിയ സ്നേഹം മുഴുവനും ഇരട്ടിയായി തിരിച്ചുതന്ന്‍ മതിയാവോളം അച്ഛനോടൊപ്പം ജീവിക്കാന്‍ വേണ്ടിമാത്രം...

12 comments:

jayasree said...

Have very well captured the feelings of the daughter. By the time I reached the end, my eyes were moist. Well written.

sv said...

വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത വേദന.....


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

നിലാവ് said...

വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്ത നൊമ്പരം.

ഇനിയും എഴുതൂ .

വരവൂരാൻ said...

നേരു പറഞ്ഞ്‌ വേദനിപ്പിച്ചു കളഞ്ഞല്ലോ സുഹ്രുത്തേ

smitha adharsh said...

:(

lakshmy said...

നന്നായിരിക്കുന്നു ശിവകാമി

...പകല്‍കിനാവന്‍...daYdreamEr... said...

...ഇവിടെ എന്‍റെ മുന്നില്‍ നിറയെ പഞ്ഞിക്കെട്ടുകള്‍ പോലത്തെ മേഘങ്ങള്‍ ആണ്.. .

അച്ഛന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു പിടി പൂക്കള്‍....
ഒപ്പം ഈറനണിഞ്ഞ കണ്ണുകളും...
നന്മകള്‍....

ശിവകാമി said...

നന്ദി കൂട്ടുകാരെ..

സസ്നേഹം
ശിവകാമി

OpenThoughts said...

നൊസ്റ്റാള്‍ജിയ വല്ലാത്ത ഒരനുഭൂതി തന്നെയാണ് ...!
കടന്നു പോയ, വേദനകളുടെയും സന്തോഷങ്ങളുടെയും വഴികള്‍ ...

ഇഷ്ടപ്പെട്ടു,

സസ്നേഹം
-നവാസ്

കെ ജി സൂരജ് said...

ബന്ധങ്ങളുടെ ആവിഷ്ക്കരിക്കരണം
താരതമ്യേന ആയാസരഹിതമാണ്‌ .
പക്ഷെ അവയുടെ സങ്കീര്‍ണ്ണതകളിലേക്ക്‌ കടക്കുയെന്നത്
ദുസ്സഹവും..
വിശേഷിച്ചും ഇഴയടുപ്പമുള്ള ബന്ധങ്ങളാകുമ്പോള്‍.
'അവള്‍ പറയാതിരുന്നത്‌ ' ..
തികഞ്ഞ കയ്യടക്കം പാലിക്കുന്നു..
കാടും മേടും കയറ്റാതെ..ഉള്ളു നനക്കുന്നു...
തുടരുക..
ആശംസകള്‍..

Jayan said...

നല്ല ശൈലി...

ശിവകാമി said...

നന്ദി OpenThoughts, സൂരജ്, ജയന്‍