About Me

My photo
A person who loves to read, write, sing and share thoughts.

Friday, November 7, 2008

വിസ്മയചാരുത

ഒരു അവധിദിവസം പ്രഭാതഭക്ഷണം വാങ്ങാനായി മെസ്സിലേക്ക് നടക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിലെ നീണ്ട കോലന്‍മുടിയും ഇരുനിറവുമുള്ള മെലിഞ്ഞ പെണ്‍കുട്ടിയെ ആദ്യമായിക്കണ്ടത്. അവള്‍ അവിടെ എത്തിയിട്ട് നിമിഷങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. പുറത്തെവിടെക്കോ ദൃഷ്ടികളൂന്നി മുന്നിലെ ബാഗില്‍ എന്തോ തിരയുന്നതായാണ് എനിക്ക് ആദ്യം കണ്ടപ്പോള്‍ തോന്നിയത്. നീണ്ട പീലികളുള്ള അവളുടെ കറുത്ത കണ്ണുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റുകൂട്ടുകാരോട് കുശലം ചോദിച്ച് അവരുടെ മുറിയിലേക്ക് കയറി ഞാന്‍ സ്വയം പരിചയപ്പെടുത്തി. അവള്‍ പേരുപറഞ്ഞുവെങ്കിലും വിദൂരതയിലേക്കുള്ള നോട്ടം പിന്‍വലിച്ചതെയില്ല എന്നത് വിചിത്രമായി തോന്നി. ഞായറാഴ്ചയിലെ 'സ്വാദിഷ്ടമായ' തക്കാളിസാദത്തെ ഓര്‍ത്തുകൊണ്ട്‌ അതുവാങ്ങുന്നത് പിന്നത്തേക്കാക്കി ഞാന്‍ അവിടെ അടുത്ത കട്ടിലില്‍ ഇരുന്നു. അവള്‍ ഒരുപാടു കാര്യങ്ങള്‍ വേഗത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു.


രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയിരുന്ന കര്‍ണാടകക്കാരിയായ ചാരുലത ചെന്നൈയില്‍ എത്തിയത് കേന്ദ്രസര്‍കാര്‍ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥയായിട്ടായിരുന്നു. ഇതൊക്കെ സംസാരിക്കുമ്പോഴും എന്തൊക്കെയോ ജോലികളില്‍ വ്യാപൃതയായിരുന്നതിനാല്‍ അവളുടെ മുഖം എനിക്കഭിമുഖമായി വന്നതേയില്ല. വീണ്ടും കുനിഞ്ഞ്‌ ഒരു ഫയല്‍ എടുത്ത് എനിക്കുനേരെ നീട്ടിക്കൊണ്ട് അവള്‍ പറഞ്ഞു,

"നാളെ എനിക്ക് എടുക്കേണ്ട സെമിനാര്‍ ഇതാണ്"

അന്ധര്‍ക്കുള്ള ബോധവല്‍ക്കരണത്തെ കുറിച്ച് ഇംഗ്ലീഷിലും അന്ധലിപിയിലും എഴുതിയിരുന്ന കടലാസുകള്‍ കണ്ടു അവിശ്വസനീയതോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ മാത്രമാണ് ആ കരിനീലമിഴികള്‍ ചാരുവിനു ചാരുത മാത്രം പകരാനുള്ളതായിരുന്നുവെന്ന് ഞാനറിഞ്ഞത്. കുറച്ചുനേരത്തേക്ക് നിശബ്ദയായിപ്പോയ എന്നോട് പുഞ്ചിരിയോടെ അവള്‍ പറഞ്ഞു,

"ഒരു അന്ധയായതില്‍ എനിക്ക് വിഷമമൊന്നും തോന്നാറില്ല.. എപ്പോഴെങ്കിലും ഒരു താങ്ങ് വേണമെന്നു തോന്നിയപ്പോഴൊക്കെ എന്‍റെ രക്ഷിതാക്കള്‍ എന്നോടൊപ്പം നിന്നിട്ടുണ്ട്. എന്‍റെ അച്ഛന്‍ എന്നെ ഒരിക്കലും വൈകല്യമുള്ളവളായി മാറ്റിനിര്‍ത്തിയിട്ടില്ല. മറ്റു സഹോദരങ്ങളോടൊപ്പം വളര്‍ത്തുകയും സ്വയംപര്യാപ്തയാക്കുകയും ചെയ്തു. .."

അവളോട്‌ യാത്രപറഞ്ഞു അവിടെനിന്നും ഇറങ്ങി ഭക്ഷണം വാങ്ങാന്‍ പോലും മറന്നു മുറിയിലെത്തിയ എന്‍റെ മനസിലെ പല ധാരണകളും തകര്‍ന്നു വീഴുകയായിരുന്നു. അന്ന് വൈകുന്നേരം വീണ്ടും ചാരുവിനെ സന്ദര്‍ശിക്കാതിരിക്കാനായില്ല. എന്നെ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് എന്‍റെ കാല്‍പ്പെരുമാറ്റം കേട്ടമാത്രയില്‍ പേരു വിളിച്ചു സ്വാഗതം ചെയ്തു അവള്‍. ഞങ്ങള്‍ വളരെ പെട്ടെന്ന് സൌഹൃദത്തിലായി. വളരെ അനായാസമായി ആംഗല ഭാഷ കൈകാര്യം ചെയ്തിരുന്ന അവള്‍ക്കു സിനിമ, പുസ്തകങ്ങള്‍, ഗാനങ്ങള്‍ എന്നിവയെ പറ്റിയെല്ലാം പറയാനുണ്ടായിരുന്നു. സ്വന്തം കവിത തരക്കേടില്ലാത്ത ഈണത്തില്‍ ചിട്ടപ്പെടുത്തി അവള്‍ പാടി. അര്‍ത്ഥമറിയില്ലെങ്കിലും ആ കന്നഡഗാനം ഞങ്ങള്‍ക്ക് ആസ്വാദ്യകരമായിരുന്നു.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു രാവിലെ എന്‍റെ മുറിയുടെ വാതില്‍ക്കല്‍ ചാരുലതയെത്തി, വിട പറയാന്‍. അവള്‍ക്ക് സര്‍ക്കാര്‍വക താമസസൌകര്യം ശരിയായിരുന്നു. മഞ്ഞ ചുരിദാറില്‍ അവളേറെ സുന്ദരിയാണെന്ന് എനിക്കുതോന്നി. എന്‍റെ മനസ് വായിച്ചിട്ടെന്നപോലെ പതിവുപുഞ്ചിരിയോടെ അവള്‍ മൊഴിഞ്ഞു,

"മഞ്ഞനിറം എനിക്ക് നല്ല ചേര്‍ച്ചയുണ്ടല്ലേ.. എന്‍റെ അച്ഛന് ഒരുപാടിഷ്ടമാണിത്. "

പിന്നീടൊരിക്കലും കാണണോ അറിയാനോ കഴിഞ്ഞിട്ടില്ലെങ്കിലും തന്‍റെ ആത്മവിശ്വാസവും സ്ഥൈര്യവും ജീവിതത്തോടുള്ള നല്ല കാഴ്ചപ്പാടും സഹജീവികള്‍ക്ക് പകര്‍ന്നുകൊണ്ട് ഒരിക്കലും മായാത്ത പുഞ്ചിരിയുമായി എവിടെയോ സുഖമായി ജീവിക്കുന്നുണ്ടാവും അവളെന്ന് ഞാന്‍ വിശ്വസിക്കുന്നു.

1 comment:

...പകല്‍കിനാവന്‍...daYdreamEr... said...

... ഒരിക്കലും മായാത്ത പുഞ്ചിരിയുമായി എവിടെയോ സുഖമായി ജീവിക്കുന്നുണ്ടാവും അവളെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കൊള്ളാമെടോ...
ഓര്‍മ്മയുണ്ടോ പഴയ ഇലക്ഷനും നിരാഹാരവുമൊക്കെ....

വിഷയമാക്കിക്കോ....
ആശംസകള്‍...