About Me

My photo
A person who loves to read, write, sing and share thoughts.

Sunday, July 31, 2016

സൈക്കിൾ


സൈക്കിളോടിക്കാൻ എനിക്കറിയില്ല.
കുഞ്ഞുന്നാളിൽ ഒരു മുച്ചക്രവണ്ടി പോലും എനിക്കുണ്ടായിട്ടില്ല.
ആശ തോന്നാനും മാത്രം അത് അന്നൊന്നും കണ്ടതായും ഓർക്കുന്നില്ല.
എന്നാൽ അറവുശാലയിൽ തോലുരിയപ്പെട്ട് തൂങ്ങികിടക്കുന്ന ആടിനെ പോലെ പല രൂപത്തിൽ വികലാംഗരായ സൈക്കിളുകളെ കണ്ടിട്ടുണ്ട് വീടിനടുത്തുള്ള കൃഷ്ണേട്ടന്റെ കടയിൽ. അവിടെ കൃഷ്ണേട്ടനോടൊപ്പം അനന്തിരവൻ രാമകൃഷ്‌ണേട്ടനും ഉണ്ടാവാറുണ്ട്. അടുത്തുള്ള പലചരക്കുകടയിലേക്കോ മറ്റോ പോവുമ്പോൾ 'ഊണ് കഴിച്ചുവോ മഞ്ജുകുട്ട്യേ... ന്താ കൂട്ടാൻ?' എന്നൊക്കെ വാത്സല്യത്തോടെ കുശലം ചോദിക്കുമായിരുന്നു അവർ.
രാമകൃഷ്‌ണേട്ടന്റെ ടേപ്പ് റിക്കോർഡർ ആയിരുന്നു പുതിയ മലയാളം - തമിഴ് പാട്ടുകൾ കേൾക്കാനുള്ള ഏക ഉപാധി എന്നതിനാൽ അടുക്കളമുറ്റത്തെ മാവിന്റെ ചാഞ്ഞ കൊമ്പിൽ പുസ്തകവുമായിരുന്ന് പാട്ടുകേൾക്കൽ എന്റെ പ്രിയപ്പെട്ട നേരംപോക്കായി. എന്നാൽ ആ കടയിൽ സൈക്കിൾ വാടകക്കെടുക്കാൻ വരുന്ന പലരുടെയും കണ്ണുകൾ പെൺകുട്ടികളുള്ള വീട്ടിലേക്ക് നീളുന്നു എന്ന് അമ്മ കണ്ടെത്തിയതോടെ അത് നിന്നു. എങ്കിലും വീടിനുള്ളിലിരുന്നും രജനികാന്തിന്റെ 'മാസി മാസമാളാന പൊണ്ണ്', 'ഒരുവൻ ഒരുവൻ മുതലാളി", 'ചിന്നത്തായവൾ' തുടങ്ങിയ പാട്ടുകളൊക്കെ ഹൃദിസ്ഥമായി.
അവധിക്കാലത്ത്‌ കൂട്ടുകാരിയോടൊത്ത്‌ സൈക്കിളോട്ടം പഠിക്കാൻ രാമകൃഷ്ണേട്ടന്റെ വാടകവണ്ടിയിൽ കണ്ണുവെച്ചെങ്കിലും വീട്ടിൽ നിന്നും അനുവാദം കിട്ടിയില്ല. ആയിടക്കാണ് എന്നും കണ്ണാടിപോലെ തിളങ്ങുന്ന റാലി സൈക്കിളിൽ മുഴുവൻ നേരവും മണിയടിച്ചുകൊണ്ട്‌ പറന്നുപോവുന്ന ഒരു ചെക്കൻ പ്രത്യക്ഷപ്പെട്ടത്‌. വേനലവധിക്ക്‌ ദൂരെനിന്നും ഞങ്ങളുടെയടുത്തുള്ള താമരക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. എന്തോ കുറ്റം ചെയ്തതുപോലുള്ള നോട്ടം ഒട്ടും സുഖിച്ചില്ല. നാട്ടിലെ പ്രമാണിയുടെ പേരക്കുട്ടിയാണെന്നും കേട്ടു. ഒട്ടും താൽപര്യം തോന്നിയില്ല. എന്നാൽ എല്ലാ വൈകുന്നേരങ്ങളിലും കൂട്ടുകാരികളൊത്ത്‌ സ്കൂൾ വിട്ടുവരുംബോൾ കൊടുംകാറ്റുപോലെ കടന്നുപോവാറുള്ള റാലി സൈക്കിളിന്റെ ചുവന്നയിരിപ്പിടത്തിന്റെ കാഴ്ച മാത്രം ദിനചര്യയുടെ ഭാഗമായി.
പ്രീഡിഗ്രിക്ക്‌ ആദ്യമായി കോളെജിലെത്തിയപ്പോഴുണ്ട്‌ അതേ തുറിച്ചുനോട്ടം മുൻബെഞ്ചിൽ തന്നെയുണ്ട്‌. ഒരു പുഞ്ചിരി കൊണ്ട്‌ നാടമുറിച്ചു തുടങ്ങിയ പരിചയം ഒരേ ബസിലെ വരവും പോക്കും കൊണ്ട്‌ ഊഷ്‌മളമായ സൗഹൃദമായി. ചുവന്ന സീറ്റുള്ള സൈക്കിൾ വൈകുന്നേരങ്ങളിൽ എന്റെ സംസ്കൃതം നോട്ട്ബുക്കിന്റെ ചുമട്ടുകാരനായി. പിന്നെപ്പിന്നെ ആ മണിനാദം എന്റെ ഹൃദയമിടിപ്പ്‌ കൂട്ടുന്ന ഉൽപ്രേരകമായി. കോളേജിൽ നിന്ന് വീട്ടിലേക്കും ട്യൂഷൻ ക്ലാസിലേക്കുമൊക്കെ നാലുകാലുകൾക്കൊപ്പം ആ രണ്ട്‌ ചക്രങ്ങളും പതിയെ ഉരുണ്ടു. കൂട്ടുകാരികളിൽ പലരും അതിൽ സവാരി ചെയ്തെങ്കിലും ഒരിക്കൽപോലും അങ്ങനെയൊരാഗ്രഹം ഞാനോ അതിന്റെ ഉടമയോ പങ്കുവെച്ചില്ല.
ഹോസ്റ്റലിൽ നിന്ന് അവധിക്ക്‌ വീട്ടിലെത്തുന്ന പകലുകളിൽ എത്താൻ വൈകുന്ന മണിയൊച്ച എന്നെ വെരുകാക്കി മാറ്റി. ശിവക്ഷേത്രത്തിന്റെ വളവ്‌ തിരിയുമ്പോഴേ തിരിച്ചറിയാമായിരുന്നു ആ വരവ്. പിന്നെയാ ചുവന്ന സീറ്റുള്ള സൈക്കിൾ വീട്ടുപടിക്കലെ കണ്ണാലുള്ള കാതൽ സല്ലാപത്തിനു മൂകസാക്ഷിയാവും. ഞാനറിയാതെ തന്നെ ഞങ്ങൾക്കിടയിലുണ്ടായിരുന്ന അവനെ ഒരിക്കൽ പോലും ഒന്ന് സ്നേഹത്തോടെ നോക്കിയിരുന്നില്ലെങ്കിലും എതോ അസൂയാലുവിന്റെ കുബുദ്ധിക്കിരയായി ഞാൻ കാരണം കാറ്റ്‌ പോയി നിന്നതും ആ പാവം തന്നെ! ഉടമസ്ഥൻ ഉപജീവനത്തിനായി നാടുവിട്ടപ്പോൾ ആ സ്റ്റീൽ സുന്ദരൻ ജോലിയിൽ നിന്ന് വിരമിച്ച്‌ ഷെഡിൽ കേറി.
വർഷങ്ങൾ പിന്നിട്ടപ്പോൾ നമ്മുടെ ഉടമസ്ഥൻ ബൈക്കും പിന്നെ കാറുമൊക്കെയായി ആ പാവം റാലിയെ മറന്ന് മെട്രോ സിറ്റികളിൽ കറങ്ങി. കൂട്ടുകാരിയെ മാത്രം കൈവിട്ടില്ല. മഴയും വെയിലും മാറി മാറി വന്നുപോയി. അവരുടെ വിരലിൽ തൂങ്ങാൻ രണ്ട്‌ കുഞ്ഞിക്കൈകൾ കൂടി വന്നു. അങ്ങനെയിരിക്കെ ആരോഗ്യപരിപാലനത്തിൽ അതീവശ്രദ്ധാലുക്കളായ ഒരുകൂട്ടം സുഹൃദ് വലയത്തിലകപ്പെട്ട നായകന് ഉണ്ടിരിക്കുമ്പോൾ ഒരു വെളിപാടുണ്ടായി. ഉടനെ നെറ്റിൽ കുറെ ഗവേഷണവും അന്വേഷണവും നടത്തി. ആയിടക്ക്‌ മറ്റൊരു ചങ്ങാതി ജോലി മാറി നാടുവിട്ടു.(വൈദ്യൻ കൽപ് - രോഗി ഇച്ച്) അയാളുടെ സൈക്കിൾ അടുത്ത ദിവസം നമ്മുടെ വീട്ടിലേക്ക്‌ താമസം മാറിവന്നു. പിന്നെയും ചവിട്ടോട്‌ ചവിട്ട്‌! ആദ്യം പത്തുകിലോമീറ്റർ പിന്നെ മുപ്പത്‌... പിന്നെ അംബത്.. മാരത്തോൺ.. അൻഡ്‌ സോ ഓൺ. രാജ്യം വിടുന്നതുവരെ ആ സൈക്കിൾ യജ്ഞം തുടർന്നു.
അമേരിക്കയിലെത്തിയപ്പോഴുണ്ട്‌ ആരോഗ്യപരിപാലനത്തിന് എന്തുവേണമെങ്കിലും വാങ്ങിച്ചോ എന്ന സഹായഹസ്തവുമായി മൈക്രോസോഫ്റ്റ്‌ നിൽക്കുന്നു! ആനന്ദലബ്ധിക്കിനി എന്ത്‌ വേണം! അടുത്ത ദിവസം ദാ വന്നു ഒരു കുട്ടപ്പൻ വീട്ടിനകത്ത്‌. ഒരു അത്യന്താധുനിക ഫ്രീക്കൻ! പിന്നെ അതിന്മേലായി കസർത്ത്‌! കൂടുതൽ ആധികാരികമായി പഠിച്ച്‌ ചവിട്ടിച്ചവിട്ടി സ്റ്റേറ്റ്‌ കടന്നുപോയി 206 മൈലുകൾ!
മ്മളെക്കൊണ്ട്‌ കൂട്ട്യാൽ കൂടാത്തത്‌ ആരു ചെയ്താലും ഞാൻ ണ്ണീറ്റുനിന്ന് കയ്യടിക്കും, അദ്‌പ്പൊ കെട്ട്യോനായാലും അപ്രത്തെ സായിപ്പേട്ടനായാലും, ങ്‌ഹ!
ഇത്രയൊക്കെയായിട്ടും ഒരു സൈക്കിൾ നിർത്തിയിട്ട്‌ ചവിട്ടാൻ പോലും ഈയുള്ളോൾ പഠിച്ചില്ല..
"ഈ സൈക്കിൾ ബാലൻസ്‌ ഉണ്ടെങ്കിൽ ഡ്രൈവിംഗ്‌ ലൈസെൻസ്‌ കിട്ടുമോ അരുണേട്ടാ..?"

5 comments:

കുഞ്ഞൂസ് (Kunjuss) said...

സൈക്കിൾ കാട്ടി കൊതിപ്പിക്കുന്നത് ആങ്ങളമാരുടെ സ്ഥിരം പണിയായിരുന്നു. നമ്മളുണ്ടോ വിട്ടു കൊടുക്കുന്നു, പഠിച്ചെടുത്തു സൈക്കിൾ, പിന്നെ മോട്ടോർ സൈക്കിൾ, കാർ .... അങ്ങിനെയങ്ങിനെ അവന്മാരെ പിന്നിലാക്കി മുന്നോട്ടു കുതിച്ചു.(അവന്മാർക്ക് ലൈസൻസ് എടുക്കാൻ പ്രായമായില്ലായിരുന്നു... :) )

അജിത്, മാരത്തോണിൽ പങ്കെടുത്ത്‌ മൈലുകളോളം സൈക്കിൾ ചവിട്ടട്ടെ... അങ്ങിനെ ആരോഗ്യവും അഭിമാനവും ഉണ്ടാകട്ടെ... എല്ലാ ആശംസകളും...

സുധി അറയ്ക്കൽ said...

തകർപ്പനായിട്ടുണ്ട്‌.നല്ല രസമുണ്ടായിരുന്നു.

Cv Thankappan said...

സൈക്കിളിന്‍റെ സ്പീഡ് വട്ടം കറക്കിയെങ്കിലും രസിപ്പിച്ചു!
ആശംസകള്‍

© Mubi said...

കുഞ്ഞുന്നാളിലെ മോഹമായിരുന്നു സൈക്കിള്‍ ചവിട്ടാന്‍ പഠിക്കണമെന്ന്. അന്നൊന്നും സാധിച്ചില്ല. ഇവിടെ വന്ന്, മക്കളും ഹുസൈനും സൈക്കിളില്‍ പോകുമ്പോള്‍ ഞാന്‍ അവരുടെ പിന്നാലെ കൊതിയോടെ നടക്കേം ചെയ്യും. പാര്‍ക്കില്‍ സ്ഥിരമായി ഞങ്ങളെ കാണുന്ന സായിപ്പിന് ഈ വിവേചനം ഒട്ടും സഹിച്ചില്ല! അദ്ദേഹം ഒരു ദിവസം ഞങ്ങളെ വഴിയില്‍ തടഞ്ഞുനിര്‍‍ത്തി ചോദിച്ചു എന്ത് കൊണ്ടാ എനിക്ക് സൈക്കിള്‍ ഇല്ലാത്തേന്ന്. ഇവള്‍ക്ക് സൈക്ലിംഗ് അറിയില്ല അത് കൊണ്ടാന്നു പറഞ്ഞപ്പോ അങ്ങേരു, It's not a big deal, you can teach her" അത് കേട്ടതും കണ്ണും തുറിച്ചു എന്‍റെ ആണ്‍പ്രജകള്‍ എന്നെ നോക്കി. ഈ ബാധ ഒഴിവാക്കാണല്ലോന്ന് കരുതി ഹുസൈന്‍, "Let me check for trainer wheels" ഉടനെ സായിപ്പ്, "Why to spend money, hold her, she will learn to balance within hours..."ആഹാ എന്ത് നല്ല സായിപ്പ്!! പിറ്റേന്ന് രാവിലെ സവാരിഗിരിഗിരി പഠിക്കാന്‍ ഇറങ്ങി. ആദ്യ ദിവസം മകന്‍ സുല്ലിട്ടു. എനിക്ക് വയ്യ ഉമ്മാനെ പിടിക്കാന്‍. ഒരു ദിവസം കൂടെ നോക്കാന്നു ഹുസൈനും. പ്രോത്സാഹിപ്പിക്കാന്‍ പൊന്നപ്പനായ സായിപ്പും! രണ്ടാം ദിവസം ഞാന്‍ ഒക്കെയായി. പഠിച്ചു മോളെ.... ഇപ്പോ എനിക്കുമുണ്ടൊരു ഇരുചക്രവാഹനം.

https://kaiyyop.blogspot.com/ said...

മനോഹരം ഈ സൈക്കിൾ മോഹം