കുറെ നാളുകൾക്കുശേഷം വെയിൽ നാളങ്ങൾ കണ്ടപ്പോൾ വെറുതെയിറങ്ങി നടന്നു, കമ്പിളിവസ്ത്രങ്ങളില്ലാതെ..
ഓരോ ഋതുഭേദവും അനുഭവിച്ചറിയുന്നത് ഇവിടെ വന്നതിനുശേഷമാണ്. വന്നപ്പോൾ കുളിരുള്ള ഗ്രീഷ്മമായിരുന്നു. അതും കഴിഞ്ഞ് ശരത്കാലത്ത് ഇലകളിൽ വർണ്ണപ്രപഞ്ചമൊരുക്കി നിൽക്കുന് ന മരങ്ങൾ ശിശിരത്തിന്റെ വരവോടെ ഒരില പോലും ബാക്കിവെക്കാതെ പൊഴിച്ച് ചാരനിറം മാത്രമാക്കി നഗ്നരായി മരവിച്ചുനിന്നു ഹേമന്തത്തിൽ. കമ്പിളിയും കട്ടിയുടുപ്പുകളും പോരാതെ മഞ്ഞിനെ വെറുത്തു തുടങ്ങുമ്പോഴാണ് അതുവരെ വല്ലപ്പോഴും മാത്രം തല കാണിക്കുകയും അപ്പോഴൊക്കെ തെറ്റ് ചെയ്ത കുട്ടിയെ പോലെ വിളറി നിൽക്കുകയും ചെയ്യാറുള്ള സൂര്യൻ പതുക്കെ തെളിഞ്ഞ മുഖം കാട്ടിത്തുടങ്ങുക. വസന്തമാണിനി.
വെറും ഇലഞ്ഞരമ്പുകൾ പോലെ നിന്ന മരങ്ങൾ വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് ചില്ല കാണാത്തവിധം കുഞ്ഞുപൂമൊട്ടുകൾ നിറച്ച് ഇളംചുവപ്പുനിറത്തിൽ പിഞ്ചുകുഞ്ഞിനെ ഓർമ്മിപ്പിക്കുന്നു. ഈ കതിരോൻ ശരിക്കും ഊർജ്ജസ്രോതസ് തന്നെ! ഹൃദയത്തിലേക്ക് ഒരു സന്തോഷരശ്മി നേരെ പതിക്കുന്നു..
എവിടെ നിന്നോ രസത്തിന്റെ വാസന! മനസ് പറന്ന് നാട്ടിലെത്തി. രസം മണത്തത് എവിടൊക്കെയായിരുന്നു?
ഗന്ധരാജനും പവിഴമല്ലിയും പൂത്തുനില്ക്കുന്ന ഇടവഴി കടന്ന് ആഗ്രഹാരങ്ങളിലേക്ക് കാലെടുത്തുവെയ്ക്കുമ്പോൾ ആദ്യം വരവേൽക്കുന്നത് ആ മണമായിരുന്നു.
"എന്ന ഇന്നേക്ക് ശമയൽ?"
"രസം സാദം ഉണ്ടാക്കിനേൻ.. കായ്കറിക്കെല്ലാം എന്ന വിലൈ!! "
"ആമാം... ഇങ്കെയും അണ്ണാ കേട്ടാർ.. സാമ്പാർ സാപ്പിട്ട് റൊമ്പ നാളാച്ച് ന്ന്"
ഒരു മുരടനക്കമോ "മാമി" എന്ന വിളിയോ കൊണ്ട് കുശലത്തിന് തടയിടെണ്ടി വരും .
"എന്ന വേണം കൊഴന്തേ ?"
"മോര്.. നാഴി"
"അങ്കെയെ നിൽ.. അന്ത തൂക്കും പൈസാവും പടിക്കെട്ടിലെ വെച്ചുക്കോ "
കാത്തുനിൽക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ രസവാസനക്ക് പിന്നാലെ ഒഴുകിയെത്തും കാതുകളെ ഇമ്പപ്പെടുത്തുന്ന ചെമ്പൈ നാദം. അകത്തളത്തിലെ ആട്ടുകട്ടിലിൽ ഒരു തടിച്ച രൂപം കയ്യിൽ ട്രാന്സിസ്റെറുമായി ആടിക്കൊണ്ടുതന്നെ അഴികൾക്കുള്ളിലൂടെ പുറത്തേക്കു നോക്കും..
"യാരിത്! ഉള്ളെ വാമ്മാ..."
നാണത്തോടെ ചിരിച്ചു നിൽക്കുമ്പോൾ മാമി മോര് കൊണ്ട് പാത്രത്തിൽ ഒഴിച്ച് പൈസ എടുത്തു പിന്നിലേക്ക് നീങ്ങും.
"ഇങ്കെ വാ.. ചോദിക്കട്ടെ.. സൌഖ്യമല്ലേ എല്ലാർക്കും? എന്താ അവിടെ നില്ക്കുന്നത്? ഉള്ളിൽ വരൂ"
ഇവിടെ ശുദ്ധമൊന്നും നോക്കേണ്ടതില്ല. ആർക്കും കടന്നുചെല്ലാം. അടുത്തുള്ള കസേരയിൽ ഇരിക്കാൻ നിർബന്ധിച്ചാലും മടിച്ചുമടിച്ച് അടുത്ത് നിൽക്കും. ഘനഗംഭീരമായ ആജ്ഞയ്ക്കനുസരിച്ച് പലഹാരങ്ങൾ വൃത്തിയുള്ള സ്റ്റീൽ പാത്രത്തിൽ മുന്നിലെത്തും. വീട്ടിലുള്ളവരുടെ വിശേഷങ്ങൾ, പഠനം, പാട്ട് എല്ലാം ചർച്ചാവിഷയമാവും. സ്വാദിഷ്ടമായ മുറുക്കും മറ്റും വായിൽ നിറച്ച് പുറം കൈകൊണ്ട് മുഖം തുടച്ച് കൈ ഉടുപ്പിനു പിന്നിൽ തേച്ച് ഇറങ്ങാനോരുങ്ങുമ്പോൾ വീണ്ടും രസവാസന മൂക്ക് തുളയ്ക്കും. ഊണ് കഴിക്കാൻ വിളിച്ചില്ലല്ലോ ന്നാലും എന്ന കുഞ്ഞുമനസിലെ പരിഭവവുമായി ഇറങ്ങി നടക്കും.കാരണം അന്നൊന്നും രസം വീട്ടിലുണ്ടാക്കിയതായി ഓർമ്മയില്ല.
പിന്നീടെത്ര രസമുള്ള രസങ്ങൾ...
രസംസാദം നിറച്ച ചോറുപാത്രം കൈമാറിയിരുന്ന കൂട്ടുകാരി എത്രപെട്ടെന്നാണ് ചിന്തയെ ചെന്നൈയിലെത്തിച്ചത്!
"അമ്മ എന്താ ഞങ്ങൾക്ക് രസം സാദം ഉണ്ടാക്കിത്തരാത്തത്? റിതന്യക്ക് ഇന്നും അതാ ഉച്ചക്ക്!" ബാംഗ്ലൂർ അയലത്തെ കൂട്ടുകാരിയെ നോക്കി മോൾ ചോദിച്ചത്..
"ഹേ... വാട്ട് ആർ യു തിങ്കിങ്ങ് സോ മച്ച്? "
ഉത്തരേന്ത്യൻ അയല്പക്കക്കാരി ബാൽക്കണിയിൽ നിന്ന് ഉറക്കെ ചോദിച്ച് ചിന്തയെ എഴുകടലും താണ്ടി തിരികെ കൊണ്ടുവന്നു.
"ഞാൻ നിങ്ങടെ രസമുണ്ടാക്കി ഇന്ന്.. വരുന്നോ ഊണ് കഴിക്കാൻ?"
ഓർമ്മകളുടെ വെയിൽ കാഞ്ഞിങ്ങനെ രസിച്ചുനടക്കാൻ എന്ത് രസമാണ് !
(ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശാന്തരത്തിൽ പ്രസിദ്ധീകരിച്ചത്)
4 comments:
ഓര്‍മ്മകളുടെ അയവിറക്കുന്ന സുഖത്തോടെ രസമുള്ള വായന
രസവിശേഷം!
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.
ആശംസകള്‍
രസമുള്ള ഓരോ രസങ്ങൾ. അല്ലേ
രസം രസായിട്ടോ...
Post a Comment