About Me

My photo
A person who loves to read, write, sing and share thoughts.

Friday, January 8, 2016

"കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി"

ഓർമ്മകളുടെ തിര വന്ന് തല്ലിപ്പതഞ്ഞൊഴുകിപ്പോവുന്നുണ്ട് പലപ്പോഴും. മുന്നിലേക്ക് വലിച്ചെറിയപ്പെട്ട ഏകാന്തതയുടെ സമയത്തുണ്ടുകളിലേക്ക് സംഗീതവും...
"കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി"

പണ്ട് വീട്ടിൽ ആകെ രണ്ടു കണ്ണാടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നൊരു വട്ടക്കണ്ണാടി. കയ്യിൽ പിടിച്ചു കണ്ണെഴുതാനും മുഖക്കുരു കുത്തിത്തിണർപ്പിക്കാനും.. മറ്റൊന്ന് ഒരു നിലക്കണ്ണാടി. പ്രകാശം പരത്തുന്ന രണ്ടു ജനാലകൾ മാത്രമുള്ള ഇടനാഴിയുടെ ഒത്ത നടുക്കുള്ള ചുവരിൽ മുകളിലായി ചരിഞ്ഞിരുന്നിരുന്നു. മുന്നിൽ നിന്ന...ാൽ ശരീരത്തിന്റെ പകുതിഭാഗം വരെ മാത്രമേ കാണുമായിരുന്നുള്ളൂ. ഒരേ സമയത്ത് ഒരുങ്ങിയിറങ്ങേണ്ട അഞ്ചാറു സുന്ദരികളും പിന്നെ അമേരിക്കയിൽ വന്നു വെളുത്തു സഹികെട്ട് കറുത്തു പഴയതുപോലെയാവാൻ വേണ്ടി യു വി ലോഷൻ അടിച്ചു സൂര്യനെ കാത്തുകിടക്കുന്ന ഇപ്പോഴുള്ള ഞാനും ഉണ്ടായിരുന്നിട്ടും ആരും ആ കണ്ണാടിയുടെ പരിമിതിയിൽ പരാതിപ്പെട്ടിരുന്നില്ല.

കണ്ണാടി ഘടിപ്പിച്ചുവെച്ചിരിക്കുന്ന കുഞ്ഞു പലകയാവട്ടെ വിരൽ തുമ്പിൽ അവശേഷിക്കുന്ന കണ്മഷിയും ചന്ദനവും കൊണ്ടുള്ള ചിത്രപ്പണികളെയും കോണുകളിൽ തൂവിപ്പടർന്ന കുങ്കുമത്തെയും തുരുമ്പിച്ചുതുടങ്ങിയ കറുത്ത മുടിപ്പിന്നുകളെയും പല്ലടർന്നുതുടങ്ങിയ ചീപ്പിനെയും കൂടെ താങ്ങിയിരുന്നു.
ചെറുപ്പത്തിൽ ചെവിയുടെ മുകളിൽ വെച്ച് വെട്ടിക്കളഞ്ഞ മുടിയെ ഓർത്തു നോക്കിനോക്കിക്കരഞ്ഞതും കൌമാരത്തിൽ ആരും കാണാതെ ഉടുപ്പ് പിന്നിൽ വലിച്ചുപിടിച്ചു ഉടൽമാറ്റങ്ങൾ ഉൾപുളകത്തോടെ ആസ്വദിച്ചതും ആദ്യചുംബനത്തിൽ ചുവന്നുപോയ കവിൾത്തടം കണ്ടതുമെല്ലാം പല നിറവും വലുപ്പവുമുള്ള പൊട്ടുകൾ കൊണ്ടും പശ കൊണ്ടും 'അലങ്കൃതാലങ്കോല'മായ ആ കണ്ണാടിയിൽ തന്നെ!

ഇന്ന് തോന്നുമ്പോൾ മുഖം നോക്കാൻ ചുറ്റിനും കണ്ണാടികളും പോരെങ്കിൽ മൊബൈലിൽ സെൽഫിക്യാമറയും ഉണ്ട്. അന്നൊക്കെ സ്വയംദർശനസൌകര്യങ്ങളുടെ അപര്യാപ്തത കൊണ്ടാവാം രാവിലെ ഒരുങ്ങിപ്പോവുന്ന സുന്ദരികളെല്ലാം മടങ്ങി വന്നു മത്സരബുദ്ധിയോടെ ഈ കണ്ണാടിക്കു മുന്നിൽ ഇരട്ടി സമയം ചെലവിട്ടത്.

പ്രണയപരവശരായവർക്കാണ് കണ്ണാടിയുടെ ഉപയോഗം കൂടുന്നത്. നമ്മളെ കാണുന്നവർക്ക് നമ്മുടെ ചിരി, മുടി, നോട്ടം ഒക്കെ ഏറ്റവും നല്ലതായിരിക്കണം എന്നുള്ളതുകൊണ്ട് മുടി അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിടുന്നതും മന്ദഹാസം മുതൽ പൊട്ടിച്ചിരി വരെയുമുള്ള പരീക്ഷണങ്ങൾക്കെല്ലാം നിശബ്ദസാക്ഷിയാവുന്നതും ഈ കണ്ണാടി തന്നെ.

കുറെയേറെ പെണ്‍ചേഷ്ടകളും വികാരങ്ങളും സഹിച്ചിരുന്ന ആ പാവം കണ്ണാടി ഇന്നെവിടെയായിരിക്കും ! എനിക്കൊരിക്കലും ചെന്ന് നില്ക്കാൻ പറ്റാത്ത ഏതു ഇടനാഴിയിൽ ആരുടെ സൗന്ദര്യമായിരിക്കും ആ കണ്ണാടി ഇപ്പോൾ ആസ്വദിക്കുന്നുണ്ടാവുക?

10 comments:

കല്ലോലിനി said...

കണ്ണാടിയെക്കുറിച്ചൊരു വീക്ഷണമുണ്ടല്ലോ...
ഞാൻ കരയുമ്പോള്‍ കണ്ണാടി ഒരിക്കലും ചിരിക്കാറില്ലെന്ന്...
പഴയ കാലത്തിന്‍റെ മാറാലമണമുള്ള ഒരു പോസ്റ്റാണല്ലോ... ചേച്ചീ....!

ശിവകാമി said...

വല്ലപ്പോഴും ആ മാറാല വകഞ്ഞുമാറ്റി ഒന്ന് ദീർഘനിശ്വാസമുതിർക്കണ്ടേ? ��

റോസാപ്പൂക്കള്‍ said...

ഇത്രേള്ളോ കരയുമ്പോൾ എന്റെ മുഖം എങ്ങനെ എന്നറിയാൻ കണ്ണാടിയിൽ കരഞ്ഞു വരെ നോക്കിയിട്ടുണ്ട് ഈ ഞാൻ

വീകെ said...

കരയാനും ചിരിയ്ക്കാനും ഭംഗിയായി കോക്രി കാട്ടാനും മറ്റും എന്റെ കയ്യിൽ ഒരു പൊട്ടക്കണ്ണാടിയുണ്ടായിരുന്നു. വഴിയിലെവിടെന്നോ കിട്ടിയ പൊട്ടിയ കണ്ണാടിത്തുണ്ടുകളിൽ ഒന്നായിരുന്നു അത്. ഏതോ പുസ്തകത്താളുകളിൽ ഇപ്പോഴും വിശ്രമിയ്ക്കുന്നുണ്ടാകും.
കണ്ണാടിക്കഷണം അടിയിൽ വച്ച് ബയോളജിപ്പടം വരയ്ക്കുമ്പോൾ നല്ല കറുപ്പു കിട്ടിയിരുന്നത് ഇപ്പോഴും ഓർക്കുന്നു....
ആശംസകൾ ....

ajith said...

ഒരു റിയാലിറ്റി ഷോയിൽ "മോളുടെ ഡ്രസ് ഇന്ന് വളരെ നന്നായിട്ടുണ്ടല്ലോ" എന്ന് ജഡ്ജ് പറഞ്ഞപ്പോൾ ഒരു ഭാവഭേദവുമില്ലാതിരുന്ന ഒരു കുട്ടിയുടെ മുഖം എനിക്ക് വേദനിപ്പിക്കുന്ന ഒരു സ്മരണയാണു. അവൾ അന്ധയായിരുന്നു. കണ്ണാടിക്ക് ഒരു പ്രസക്തിയുമില്ലാത്ത ജീവിതങ്ങൾ

vazhitharakalil said...

കണ്ണാടിക്കഥ.. ശിവകാമിയുടെ ഓർമ്മത്തുണ്ടുകൾ.. ഇഷ്ടം..

പ്രവാഹിനി said...

അന്നും ഇന്നും കണ്ണാടി നോക്കൽ കുറവാണ്‌

സുധി അറയ്ക്കൽ said...

കണ്ണാടിയിലൂടെ ഓർമ്മപ്പൊട്ടുകൾ !!!!

Vineeth M said...

കണ്ണാടി നോക്കി ആസ്വദിക്കുന്നത് ആത്മരതി ആണെന്ന് എന്റെയൊരു കവി സുഹൃത്ത് പറഞ്ഞിരുന്നു.. സെല്ഫി അതിന്റെ പാരമ്യതയും ആണത്രേ......!!!!!!!!

Cv Thankappan said...

എത്രയെത്ര രൂപങ്ങളും ഭാവങ്ങളും നെഞ്ചിലേറ്റണം!
ആശംസകള്‍