ചെന്നൈ ജീവിതം തന്നെ...
ഹോസ്റ്റലിൽ ചേരാനായി ചെല്ലുമ്പോൾ താഴത്തെ മുറികളിൽ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. വലിയൊരു ഹാളും അതിനകത്ത് നിന്നും തുറക്കുന്ന മൂന്നു മുറികളും അടങ്ങിയതായിരുന്നു ഗ്രൌണ്ട് ഫ്ലോർ. തെല്ലൊരു അനിഷ്ടത്തോടെയായിരുന്നു ഹാളിൽ തന്നെയുള്ള മൂന്നു കട്ടിലുകളിലൊന്ന് സ്വീകരിച്ചത്.
രാത്രിയോടെ മറ്റു രണ്ടു കട്ടിലുകളുടെ ഉടമകളെത്തി സ്വയം പരിചയപ്പെടുത്തി. അതിലൊന്ന്, കൃഷ്ണവേണി. പോളിയോ തളർത്തിയ കാലുകളും സ്നേഹിക്കാനറിയുന്ന മനസുമുള്ള, കൃഷ്ണവർണ്ണയായ കുറിയ പെണ്‍കുട്ടി. വീട്ടിലെ മറ്റു പരാധീനതയിലേക്ക് തന്റെ വൈകല്യം മേമ്പൊടിയാക്കാൻ ആഗ്രഹമില്ലാത്തതിനാൽ പ്ലസ് ടു ക്ലാസ്സിലെ അറിവും കൊണ്ട് നാടുവിട്ട്, ചെന്നൈയിൽനി ന്നും കുറച്ചകലെയുള്ള പെരമ്പൂർ വരെ ദിവസവും ബസിലും ട്രെയിനിലും തനിയെ സഞ്ചരിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരു പാവം ഡി ടി പി ഓപ്പറേറ്റർ. പിന്നെ ഉള്ളത് അമ്മു എന്ന കണ്ണകി. എന്തോ കമ്പ്യൂട്ടർ കോഴ്സ് ചെയ്യാനായി എത്തിയ മധുരൈ സ്വദേശി.
വൈകുന്നേരത്തോടെ മറ്റ് അന്തേവാസിനികളും കൂടിയെത്തിയപ്പോൾ ആദ്യം തോന്നിയ അനിഷ്ടം അലിഞ്ഞില്ലാതായി.
മാസാദ്യത്തിൽ കയ്യിൽ കിട്ടുന്നതിന്റെ മൂന്നിൽ രണ്ടുഭാഗവും ഹോസ്റ്റലിൽ കൊടുത്ത് , ബാക്കിയുള്ളതുകൊണ്ട് ഒരുമാസത്തെ ചെലവുകൾ നടത്തുന്ന സാധാരണക്കാരികളുടെ സമാനതയാവാം ഞങ്ങളിൽ ഒരു ഉറപ്പുള്ള ആത്മബന്ധം പരസ്പരം ഉണ്ടാക്കിയത്. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അടുത്തുള്ള ഉടുപ്പി ഹോട്ടലിൽ ഒരുമിച്ചുപോയി ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങി, പരസ്പരം പങ്കിട്ടുകഴിച്ച്, വിഷമങ്ങൾ എല്ലാം മറന്ന് കളിചിരികളുമായി കൂടണയുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ആകെയുള്ള വിനോദം. ശമ്പളം കിട്ടാൻ വൈകുന്നവർക്ക് കൂട്ടത്തിലെ സമ്പന്ന സ്പോണ്സർ ആവും. ഭക്ഷണക്കാര്യത്തിൽ കടം വാങ്ങലും കൊടുക്കലും ഇല്ല. ഉടുപ്പി ഹോട്ടലിലെ സ്വാദിഷ്ടമായ പലഹാരങ്ങൾക്ക് അമ്പത് രൂപയില്‍ താഴയേ വില ഉണ്ടായിരുന്നുള്ളൂൂ എന്നതും ചിലവ് ചുരുക്കി ജീവിക്കേണ്ടിവന്ന ഞങ്ങള്‍ക്ക് അത്യാകര്‍ഷകമായിരുന്നു...!
ഏതെങ്കിലും ഞായറാഴ്ച അമ്മുവിൻറെ സഹോദരൻ മണിയണ്ണൻ മധുരയിൽ നിന്ന് വ്യവസായാവശ്യങ്ങൾക്കായി ചെന്നൈ സന്ദർശിച്ചാൽ അന്ന് ഞങ്ങൾക്ക് കുശാലാണ്. പലഹാരങ്ങൾ കൊണ്ടുവരികയും ചിലപ്പോൾ ഞങ്ങളെ കൂട്ടി നഗരം ചുറ്റുകയും ചെയ്തിരുന്നു. രണ്ടു ദിവസം അടുപ്പിച്ചു അവധി കിട്ടിയാൽ നാട്ടിലേക്കുള്ള ഏതെങ്കിലും ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ ചാടിക്കയറി പാലക്കാട് പൂകുന്നതുകൊണ്ട് പലപ്പോഴും എനിക്കാ ഭാഗ്യം ലഭിക്കാറില്ല.
അങ്ങനെയിരിക്കെ ഒരിക്കൽ അമ്മുവിൻറെ നിരന്തരമായ സമ്മർദ്ദത്തിനു വഴങ്ങി മണിയണ്ണൻ ഞങ്ങളെ ആയിടക്ക് വന്ന വലിയ ഷോപ്പിംഗ് മാളിൽ കൊണ്ടുപോകാമെന്ന് സമ്മതിച്ചു. കാൽ വയ്യാത്തതിനാൽ കൃഷ്ണ സ്വയം ഒഴിയുകയാണ് പതിവെങ്കിലും അന്ന് അവൾക്കുമുണ്ടായി കൌതുകം. പല കൂട്ടുകാരികളും ബോയ് ഫ്രെണ്ട്സിന്റെ കൂടെ കറങ്ങിയ വിശേഷങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ മാൾ എനിക്കും പുതിയ അനുഭവമായിരുന്നു.
അങ്ങനെ ഞങ്ങൾ നാലുപേരും ബസിൽ സ്പെൻസർ പ്ലാസ എന്ന വിസ്മയത്തിന് മുന്നിലെത്തി. അകത്തെ തണുപ്പിൽ വിന്‍ഡോ ഷോപ്പിംഗ് നടത്തി ചുറ്റിനടന്നു. അപ്പോഴാണ് മുന്നിൽ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള എസ്കലേറ്റർ! സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഓടിക്കയറി നിൽക്കുന്നു.. മുകളിലേക്കുയർന് നുയർന്ന് അപ്രത്യക്ഷമാവുന്നു. തൊട്ടപ്പുറത്ത് മുകളിൽ നിന്നും പുരുഷാരം താഴേക്ക് അനങ്ങാതെ ഇറങ്ങിവരുന്നു.
കയറണമെന്ന് ആഗ്രഹം തോന്നിയെങ്കിലും ഒരു ചെറിയ പേടി. ചിലർ കയറി നിൽക്കുമ്പോൾ പിന്നിലേക്ക് മറിയുകയും ബാലൻസ് ചെയ്തു നില്‍ക്കുകയും ചെയ്യുന്നതും കണ്ടു. കൃഷ്ണ ആദ്യമേ വിസമ്മതിച്ചു. അമ്മുവും മണിയണ്ണനും ധൈര്യം കൊടുത്തു. ഒടുവിൽ മനസില്ലാമനസോടെ അവൾ സമ്മതിച്ചു. ഉള്ളിലെ ഭയം മുഖത്ത് കാട്ടാതെ ഞാനും ധൈര്യം സംഭരിച്ചു കൂടെ നിന്നു, പ്രാർത്ഥനയോടെ..
അങ്ങനെ മുൻപിൽ അമ്മുവും അണ്ണനും, പിന്നിൽ ആദ്യമായി കയറുന്ന കൃഷ്ണയും ഞാനും. ഒരേ പടിയിൽ കാലെടുത്തു വെക്കണം എന്ന് പലതവണ പറഞ്ഞുറച്ച്, മൂന്നാലു തവണ ആഞ്ഞാഞ്ഞ് ഒടുവിൽ രണ്ടുപേരും ഓരോ കാലെടുത്തു വെച്ചു. ഞാൻ ഒപ്പം അടുത്ത കാലെടുത്തു വെച്ചെങ്കിലും കൃഷ്ണക്ക് അതുപോലെ ചെയ്യാനായില്ല. പെട്ടെന്ന് നീങ്ങിത്തുടങ്ങിയപ്പോഴുണ്ടായ നടുക്കവും ഭയവും അവളുടെ സമനില തെറ്റിച്ചു. എന്റെ കയ്യിൽ തൂങ്ങി അവൾ നിലവിളിച്ചു. തിരിച്ചിറങ്ങി പിടിക്കാനുള്ള അറിവ് എനിക്കും ഉണ്ടായില്ല. സ്വയം വീഴാതെ നിന്ന് അവളെ ഒരു കൈകൊണ്ടു പിടിച്ചു നിർത്താനായി ഞാൻ പരിശ്രമിച്ചു. ഭാഗ്യത്തിന് അതിന്റെ ഓപ്പ റേറ്റർ പ്രവർത്തനം നിർത്തി. അപ്പോഴേക്കും അമ്മുവും ഏട്ടനും ഓടിയെത്തി. കുറച്ചു നേരം ഇരുന്ന് വെള്ളമൊക്കെ കുടിച്ച് പതിയെ പടികയറിപ്പോയി.
അതിനുശേഷം എത്രയോ കയറ്റങ്ങൾ... ഇറക്കങ്ങളും... ഏതു മാളിൽ പോയാലും മക്കൾ പോലും ഓടിക്കയറി നില്‍ക്കുകയും അത് മുകളിലെത്തുന്നതിനിടയിൽ പല തവണ താഴോട്ടും മേലോട്ടും ഓടിക്കളിക്കുകയും ചെയ്യാറുണ്ട്. എനിക്കും അറിയാം ഭയപ്പെടാൻ ഒന്നുമില്ലെന്ന്. എന്നാലും ആദ്യപടിയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ കൃഷ്ണയുടെ നേർത്ത കരച്ചിൽ ഒരു പിടച്ചിലായി നെഞ്ചിൽ നിറഞ്ഞ്, വിറയലായി കാലുകളിലേക്ക് പടർന്നെത്തും.
6 comments:
ഭയപ്പെടാനൊന്നുമില്ലെന്നറിയാമെങ്കിലും ചില ഭയങ്ങള്‍!
കുറച്ചു കുറച്ചു പേടികൾ ബാക്കി നിന്നില്ലെങ്കിൽ പിന്നെന്തു ജീവിതം.
എഴുത്തിനു നല്ല ഒഴുക്കുണ്ട്..
ഭയപ്പെടേണ്ടതില്ല എങ്കിലും എന്തോ ഒരു ഭയം ല്ലേ ശിവാ....
എന്റെയൊരു കൂട്ടുകാരി പെട്ടന്ന് നിന്ന് പോയ എസ്ക്കലേറ്ററിൽ നിന്നും ഉരുണ്ടു പിരണ്ടു താഴെ വീണതും ചിരിച്ചതുമൊക്കെ ഓർമ വന്നു പോയി .... :)
രണ്ടുകാലുകളും ഉള്ള സ്ത്രീകള്‍പോലും ഭയപ്പെടുന്നു... എന്നിട്ടാണോ... പാവം കുട്ടി.
വായിച്ചു എന്ത് പറയാന്‍ !!.
നല്ല ഓർമ്മകൾ!!!!
Post a Comment