About Me

My photo
A person who loves to read, write, sing and share thoughts.

Friday, June 6, 2014

മഹാനഗരത്തിലെ ആദ്യനാള്‍

പതിനഞ്ചുവര്‍ഷങ്ങൾക്കു മുന്‍പുള്ള ഒരു ഏപ്രില്‍ മാസത്തിലായിരുന്നു ഞാന്‍ ആദ്യമായി ചെന്നൈ എന്ന മഹാനഗരത്തിലെത്തിയത്. കേരളത്തിനു വെളിയില്‍ ആദ്യമായി തനിച്ചു ജീവിക്കാന്‍ പോവുന്നതിന്റെ വ്യാകുലതകൾ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി എന്തെങ്കിലും സമ്പാദിച്ചു അമ്മയെ തന്നാലാവുന്നതുപോലെ സഹായിക്കാമെന്നു ഈ അണ്ണാറക്കണ്ണിയും കൊതിച്ചിരുന്നു.

താമസസൌകര്യമൊക്കെ ഏര്‍പ്പാടാക്കി ഏട്ടന്‍ വൈകിട്ടത്തെ വണ്ടിക്കു തിരിച്ചുപോയതോടെ നെഞ്ചിനുമുകളില്‍ ആരോ കയറ്റിവെച്ച വലിയഭാരവുമായി മുറിയില്‍തന്നെ കഴിച്ചുകൂട്ടി. അത്താഴം കഴിച്ചുവെന്നുവരുത്തി ചെറിയ മുറിയിലെ ഇരുളില്‍ കറങ്ങുന്ന ഫാനിന്‍റെ നടുക്കുള്ള അവ്യക്തമായ മഞ്ഞവൃത്തം നോക്കിക്കിടന്ന് എപ്പോഴോ ഉറങ്ങി.
പിറ്റേന്ന് പോവേണ്ട ബസ്സിന്‍റെ നമ്പറുകള്‍ ഒക്കെ പരിചയപ്പെട്ട മറ്റു അന്തേവാസിനികളോട് ചോദിച്ചു മനസ്സിലാക്കി, സകലദൈവങ്ങളെയും, അവരോടൊപ്പമിരുന്നു എന്നും അനുഗ്രഹം ചൊരിയുമെന്നു ഞാന്‍ വിശ്വസിക്കുന്ന അച്ഛനെയും പ്രാര്‍ത്ഥിച്ചു രാവിലെത്തന്നെ ഞാനിറങ്ങി. പറഞ്ഞിരുന്ന സമയത്തിനും നേരത്തെ ജോലിസ്ഥലത്തെത്തി. ട്രെയിനിംഗ് ആയിരുന്നു അന്ന്.
 
ഉച്ചയൂണിനു കൈയില്‍ കരുതിയിരുന്ന ഹോസ്റ്റല്‍ ഭക്ഷണം തുറന്നപ്പോള്‍ സാമ്പാര്‍ എന്നുപേരുള്ള, വെളുത്ത നാണയങ്ങള്‍ പോലുള്ള മുള്ളങ്കികഷണങ്ങള്‍ മാത്രം തെളിഞ്ഞു കാണപ്പെട്ട മഞ്ഞദ്രാവകം കണ്ടമാത്രയില്‍ എന്‍റെ വിശപ്പ്‌ ഇല്ലാതായി. വീട്ടിലേക്കുള്ള വളവു തിരിയുമ്പോള്‍ തന്നെ പലപ്പോഴും നാസാരന്ധ്രങ്ങളെ മയക്കിയിരുന്ന അമ്മയുണ്ടാക്കുന്ന സാമ്പാര്‍ എന്ന ഓര്‍മ്മ ഗൃഹാതുരത്വം ഉണര്‍ത്തി എന്നെ തളര്‍ത്താന്‍ തുടങ്ങിയെങ്കിലും അതെല്ലാം മറക്കാന്‍ ശ്രമിച്ചും ഇതാണ് ഇനിയെന്‍റെ ജീവിതമെന്ന് മനസ്സിലുറപ്പിച്ചും സമയം തള്ളിനീക്കി.
വൈകിട്ട്, സഹപ്രവര്‍ത്തകരോടൊപ്പം ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചിരുന്നു. എങ്കിലും തെരുവുവിളക്കുകളും വാഹനങ്ങളില്‍ നിന്നുള്ള പ്രകാശവും കൊണ്ട് പകല്‍ പോലെ തന്നെയായിരുന്നു അപ്പോഴും. ഏറെനേരം കാത്തുനിന്നെങ്കിലും ബസ്സ് കാണാതായപ്പോള്‍ തങ്ങള്‍ക്കുള്ള മൂന്നു ബസ്സുകള്‍ ഒഴിവാക്കി എനിക്ക് കൂട്ടുനില്‍ക്കുന്നവരെ ഇനിയും നിര്‍ത്തുന്നത് ശരിയല്ലെന്ന തോന്നല്‍, നന്ദിപൂര്‍വ്വം അവരെ പറഞ്ഞയക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കി. ചുറ്റുമുണ്ടായിരുന്ന പലരും അപ്രത്യക്ഷമാവുകയും പുതിയവരിൽ അധികവും പുരുഷസാന്നിദ്ധ്യം മാത്രമാവുന്നതും ഉള്ളില്‍ ഉയരുന്ന ഭീതിയോടെ അറിഞ്ഞു. ഈ നാട്ടില്‍ ചിരപരിചിതയാണെന്ന് ഭാവിച്ച് അക്ഷമയോടെ നിന്നു. പിന്നീട് വന്ന ബസ്സ് എനിക്ക് പോകേണ്ട സ്ഥലത്തിന് അടുത്തുവരെ പോവുന്നതാണെന്ന് അടുത്തുനിന്ന സ്ത്രീ പറഞ്ഞുതന്നപ്പോള്‍ അവിടെ തനിച്ച് തുടരുന്നതിലുള്ള പന്തിയില്ലായ്മ മനസ്സിലാക്കി ഞാന്‍ അതില്‍ ചാടിക്കയറി. മുന്‍വശത്തെ വാതില്‍ വഴി ഉള്ളില്‍ കയറി തൊട്ടടുത്തുള്ള സ്ത്രീകളുടെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു കൈയില്‍ നേരത്തെ കരുതിയിരുന്ന പൈസയുമായി തിരിഞ്ഞപ്പോള്‍ പുറത്തെ ഇരുട്ട് എന്‍റെ കണ്ണിലും പടരുന്നതറിഞ്ഞു. തിരക്ക് കുറഞ്ഞിരുന്ന ബസ്സില്‍ ഞാനല്ലാതെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നില്ല. സീറ്റുകള്‍ മിക്കതും ഒഴിഞ്ഞുകിടന്നിരുന്നു. ടിക്കറ്റ് എടുക്കാനായി കണ്ടക്ടരുടെ അടുത്തുചെന്നു സ്ഥലപ്പേരു പറഞ്ഞപ്പോള്‍ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയശേഷം അയാള്‍ ടിക്കറ്റ് തന്നു.
 
മുടിയിഴകളെ പറത്തിക്കൊണ്ടു വീശിയ കുളിര്‍ക്കാറ്റില്‍ ഒരു നിമിഷം മാത്രമേ സ്വയം മറന്നിരിക്കാന്‍ കഴിഞ്ഞുള്ളൂ. വഴികള്‍ അപരിചിതമായി തോന്നിയെങ്കിലും ശുഭാപ്തിവിശ്വാസം കൈവെടിയാതെ തൊട്ടുപിന്നിലിരുന്ന വൃദ്ധനോട് എനിക്കിറങ്ങേണ്ട സ്ഥലം എത്തിയാല്‍ പറയണമെന്ന് അപേക്ഷിച്ചു. നടുക്കത്തോടെ എന്‍റെ മുഖത്തേക്ക് നോക്കിയ അദ്ദേഹം എഴുനേറ്റു അടുത്തുവന്നിരുന്നു.
 
"കുട്ടീ.. ഈ ബസ്സ് ആ വഴിക്കുള്ളതല്ലല്ലോ.. ഇതു നുങ്കംപാക്കത്തേക്കാ പോകുന്നത്"
കേട്ടുകേള്‍വി പോലുമില്ലാത്ത സ്ഥലപ്പേരും ഹോസ്റ്റല്‍ കവാടം പൂട്ടാനിനി പതിനഞ്ച് നിമിഷങ്ങള്‍ മാത്രമേയുള്ളൂ എന്ന ബോധവും ഇനിയെന്ത് എന്ന ചിന്തയുമെല്ലാമായി അതുവരെ സ്വരൂപിച്ചു വെച്ചിരുന്ന ധൈര്യവും വിശ്വാസവുമെല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി. തലേന്ന് രാത്രി വൈകിയെത്തിയ പെണ്‍കുട്ടിയെ പടിക്കല്‍ നിറുത്തി ഉച്ചത്തില്‍ ശകാരിക്കുന്ന ഹോസ്റ്റല്‍ മേധാവിയുടെ മുഖം മനസ്സില്‍ വന്നു. ദയനീയമായി എന്നെ നോക്കുന്ന മറ്റുയാത്രക്കാര്‍... തികച്ചും ശൂന്യമായ മനസ്സോടെ വെറുതെ ഞാനിരുന്നു.
എന്‍റെ വിളറിയ മുഖം കണ്ട ആ വൃദ്ധന്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. "കുട്ടി ഞാനിറങ്ങുന്ന സ്റ്റോപ്പില്‍ ഇറങ്ങിക്കൊള്ളൂ, അവിടെനിന്നും കുട്ടിക്കുള്ള ബസ്സില്‍ കയറ്റിവിടാം"

അയാളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനോ മറ്റൊരു മാര്‍ഗം തേടാനോ ഉള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നതുകൊണ്ട് ഞാന്‍ അനുസരിക്കുക തന്നെ ചെയ്തു. ഇടത്തേക്കുള്ള വളവു തിരിഞ്ഞു നിര്‍ത്തിയ ബസ്സില്‍നിന്നും ഇറങ്ങി വൃദ്ധനെ അനുഗമിച്ചു അങ്ങേവശത്തെത്തി. സാമാന്യം തിരക്കുകുറഞ്ഞ ആ വഴിയിലും വാഹനങ്ങളുണ്ടായിരുന്നു. കടകളില്‍ ചിലതൊക്കെ അടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നോടൊപ്പം വന്നയാള്‍ അവിടെ വഴിയരുകില്‍ ബസ്സ് കാത്തു നിന്നിരുന്ന പൂക്കാരിയോടു അന്വേഷിച്ചിട്ട്, അല്‍പ്പം മാറി പ്രാര്‍ത്ഥനയോടെ നിന്നിരുന്ന എന്‍റെ അരുകിലേക്ക്‌ അവരെയും കൂട്ടി വന്നു. കല്ലുപതിച്ച മൂക്കുത്തിയും നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ടും തലയില്‍ കനകാംബരപ്പൂക്കളും ധരിച്ചിരുന്ന ഇരുണ്ട നിറമുള്ള അവരുടെ മുഖത്ത് നിറയെ ദയയും വാത്സല്യവുമായിരുന്നു. എന്‍റെ അടുത്തേക്ക് നീങ്ങി നിന്ന്‌ സ്നേഹപൂര്‍വ്വം നോക്കി തമിഴില്‍ വൃദ്ധനോട് പറഞ്ഞു, "നിങ്ങള്‍ വിഷമിക്കേണ്ട, നിങ്ങളുടെ കുട്ടിയെ ഞാന്‍ ഭദ്രമായി എത്തിച്ചോളാം"
വീണ്ടും കുറച്ചുനേരം കൂടി അവിടെത്തന്നെ ചിന്തിച്ചു നിന്നിട്ട്, മുന്നോട്ടു നടന്ന് ഇരുളില്‍ മറഞ്ഞു.

കുറച്ചുനേരം കൂടിക്കഴിഞ്ഞപ്പോള്‍ തിങ്ങിനിറഞ്ഞ യാത്രക്കാരുമായി എന്‍റെ ബസ്സ് വന്നു. ഒമ്പതു മണിക്കിനി അഞ്ചു നിമിഷം മാത്രമേയുള്ളൂ എന്ന അറിവും അടഞ്ഞുകിടക്കുന്ന വലിയ കവാടത്തിനു മുന്നില്‍ അഗതിയെപ്പോലെ നിൽക്കേണ്ടിവരുമെന്ന ഭയവും കൊണ്ട് ഉച്ചത്തിലാവുന്ന ഹൃദയമിടിപ്പ്‌ അടുത്തുനില്‍ക്കുന്നവര്‍ കേട്ടിട്ടുണ്ടാവാം.

ഒരിക്കല്‍ മാത്രം കണ്ട സ്ഥലം തെരുവുവിളക്കിന്‍റെ വെളിച്ചത്തില്‍ തിരിച്ചറിയുമോ എന്ന്‍ ഭയന്നും തിരക്കിനിടയില്‍ നിന്നും പുറത്തേക്ക് നോക്കാന്‍ പണിപ്പെട്ടും ഉയരുന്ന നെഞ്ചിടിപ്പോടെ ഞാന്‍ നിന്നു. എന്നോടൊപ്പം കയറിയ പൂക്കാരിയെയും കാണാനായില്ല. വേഗതയോടെ പിന്നിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ ഒന്നും മനസ്സിലേക്ക് കയറുന്നതെയില്ലായിരുന്നു. അടുത്തുണ്ടായിരുന്നവരോട് സ്ഥലപ്പേരു പറഞ്ഞെങ്കിലും അവരും കൈ മലര്‍ത്തിയതോടെ പ്രതീക്ഷകള്‍ കൈവെടിഞ്ഞു വെറുതെനിന്ന എന്നെ പിന്നില്‍നിന്നും ആരോ തൊട്ടുവിളിച്ചു. ഇതാണ് എനിക്കിറങ്ങേണ്ടയിടമെന്ന് പൂക്കാരിയമ്മയുടെ ശബ്ദത്തിൽ കേട്ടു.
ഇരമ്പലോടെ നിരങ്ങിനിന്ന ബസ്സില്‍നിന്നും ബദ്ധപ്പെട്ടിറങ്ങി ഒരു നന്ദിവാക്കു പറയാനായി തിരിഞ്ഞുനോക്കുമ്പോഴേക്കും ബസ്സ് എന്നെ പിന്നിട്ടുകഴിഞ്ഞിരുന്നു. രാവിലെ പോവുമ്പോള്‍ ശ്രദ്ധയില്‍പെട്ടിരുന്ന പോസ്റ്റിലെ അഞ്ചു വൈദ്യുതദീപങ്ങള്‍ ഒന്നിച്ചു കത്തിനില്‍ക്കുന്നതുംകൂടി കണ്ടപ്പോള്‍ ആശ്വാസത്തിന്‍റെ ഒരായിരം ദീപങ്ങളാണ് എന്‍റെയുള്ളില്‍ തെളിഞ്ഞത്. പക്ഷെ അതൊരു നിമിഷം മാത്രമേ നീണ്ടു നിന്നുള്ളൂ.. അടഞ്ഞുകിടക്കുന്ന ഗേറ്റ്.. ശകാരം... വീണ്ടും ഹൃദയമിടുപ്പ് കൂടുന്നതറിഞ്ഞു.
"ശീഖ്രം വാങ്കക്കാ.. " ഹോസ്റ്റല്‍ ജോലിക്കാരിപെണ്‍കുട്ടിയുടെ തികച്ചും അപ്രതീക്ഷിതമായ വിളികേട്ടു നോക്കുമ്പോള്‍ എന്തോ ആവശ്യത്തിനായി  പടിതുറന്ന് വീണ്ടും പൂട്ടാനൊരുങ്ങുകയായിരുന്നു അവള്‍. ഓടി ഉള്ളില്‍ കടന്നു മുറിയിലേക്ക് ധൃതിയില്‍ നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍നിന്നും കൃഷ്ണവേണി കട്ടിലില്‍ ഇരുന്നുകൊണ്ടെന്നെ വിളിച്ചു. അവളുടെ അരികിലെ പാത്രത്തില്‍ എനിക്കുള്ള അത്താഴമുണ്ടായിരുന്നു. ഒന്‍പതുമണിക്ക് മെസ്സ് അടക്കുന്നതുകൊണ്ട് വാങ്ങി വെച്ചതായിരുന്നു അവൾ.

എന്‍റെ കണ്ണുകള്‍ നിറഞ്ഞതെന്തിനെന്നറിയാതെ എന്നെത്തന്നെ നോക്കിയിരുന്ന അവളെ പിന്നിട്ട് മുറിയില്‍ കയറി വാതില്‍ ചാരി, കാരുണ്യവും സഹാനുഭൂതിയും ഈ ലോകത്തിനിയും ബാക്കിയുണ്ടെന്ന അറിവും ആരോടോക്കെയാണ് ഞാനീ ഭൂമിയില്‍ കടപ്പെട്ടിരിക്കുന്നതെന്ന ചിന്തയുമായി  എത്രനേരമാണ് അങ്ങനെ തന്നെ നിന്നതെന്ന് ഇന്നും എനിക്കറിഞ്ഞുകൂടാ.

11 comments:

ജന്മസുകൃതം said...

kannu nirachallo penne...adyanal ayathalle ullu...thudarumallo alle?
thudarooo,padiyadakkathe kathirikkaam.

viddiman said...

ഹൃദയസ്പർശിയായി എഴുതി.

ജീവിതത്തിൽ, നിറഞ്ഞ മനുഷ്യത്വത്തോടെ, സഹാനുഭൂതിയോടെ ഇങ്ങനെ മുന്നിൽ പ്രത്യക്ഷപ്പെട്ട് കണ്ണു നനയിച്ചവർ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.

മനുഷ്യരിലും മനുഷ്യത്വത്തിലും സ്നേഹത്തിലും വിശ്വസിക്കാൻ സൂനജയുടെ അനുഭവങ്ങളും പ്രേരണയാകുന്നു.

© Mubi said...

മനുഷ്യത്വം തീര്‍ത്തും ഇല്ലാതെയായിട്ടില്ല എന്ന് വിശ്വസിക്കാന്‍ ഇത്തരം അനുഭവങ്ങള്‍ കാരണമാകുന്നു... ഹൃദ്യം ഈ എഴുത്ത് :)

★ Shine said...

Good. Such good experiences need to share... just to remind humanity and values are still there..

ajith said...

ഇങ്ങനെയൊക്കെയല്ലേ നാം നന്മ നിറഞ്ഞ മനുഷ്യരെ കാണുന്നത്. ലോകം കൂടുതല്‍ പ്രിയപ്പെട്ടതാകുന്നത്!

Echmukutty said...

നന്മയുണ്ട്... ഇനീം ഇനീം.. ഈ ലോകത്ത്.. പലയിടത്ത്.. പലരില്‍.. പലപ്പോഴായി..ഞാന്‍ ഭൂമിയില്‍ ബാക്കിയായത് അതുകൊണ്ട് മാത്രമാണ്..

ബാക്കിയും എഴുതു ശിവക്കുട്ടീ..

ചന്തു നായർ said...

നന്മ നാട്ടിൽ നിന്നും പോയിട്ടൊന്നുമില്ല... അത് മനുഷ്യന്റെ മനസ്സിൽ തന്നെഅ ടയിരിക്കുന്നുണ്ട്.ഇങ്ങനെയുള്ളവർ ധാരാളം ഉണ്ട് ശിവകാമീ..ചെന്നയെ പറ്റി പറഞ്ഞു വന്നപ്പോൾ എന്റെ മനസിലും ഒരു സംഭവം ഓടിയെത്തി.ഒരു തിരക്കഥ എഴുതാൻഞാൻ കോടാംബക്കത്തിനടു ത്തുള്ള ഉമാ ലോഡ്ജിൽ താമസിക്കുകയായിരുന്നു.ജയലളിത ആദ്യം മുഖ്യമന്ത്രി ആയ സമയം. പെട്ടെന്നു തമിഴ്നാട്ടിൽ നാൽ ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു.കടകൾ ഒന്നും തുറന്നില്ല വാഹനങ്ങൾ ഒന്നുമോടിയില്ല... ഉമാ ലോഡ്ജിൽ ആണെങ്കിൽ ചായയും ബിസ്കറ്റും മാത്രമേ കിട്ടുമായിരുന്നൊല്ലു.2 ദിവസം ഞൻ അതൊക്കെ കഴിച്ച് വിശപ്പടക്കി.സത്താറും,രവിമേനോനും,സുധീറും ഒക്കെ റൂമിൽ വന്നു. ആഹാ‍ാരം കഴിക്കാൻ വീട്ടിൽ ചെല്ലാനായി ക്ഷണിച്ചു ഞാൻ തനി തിരുവനന്തപുരം നായരുടെ ഗമയിൽ അതെല്ലാം നിരസിച്ചു. ഉമ്മർ ഫോൺ ചെയ്തുകാര്യംതിരക്കി...എന്നെ വീട്ടിലേക്ക് ക്ഷണിച്ചു..ഞൻ പോയില്ലാ..മൂന്നാമത്തെ ദിവസം..ജയലളിതയുടെ പാർട്ടിയും ഡി.എം.കെ യും തമ്മിൽ,തെരുവുകളിൽ പൊരിഞ്ഞ അടി നടത്തി.3 ദിവസം കഴിഞ്ഞപ്പോൾ ഞാൻ തീരെ അവശനായി.. നാലാം ദിവസം രാവിലെ നല്ല പനിയും തുടങ്ങി...എങ്ങനെയാണെന്നറിയില്ല ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്റെ റൂമിൽ വന്നു. എന്റെഅവസ്ഥ വളരെ പരിതാപകരമായിരുന്നു. അയ്യാൾ ഉടനെ തന്നെ വീട്ടിൽ പോയി പനിക്കുള്ള ഗുളിക കൊണ്ട് തന്നു...അത് കഴിച്ചപ്പോൾ ഞാൻ വിശപ്പു കൊണ്ട് അബോധാവസ്ഥയിലായി..പുറത്ത് ഭയങ്കര ബഹളമായതു കൊണ്ട് ആ പയ്യനോട് തിരികെ പോകാൻ പറഞ്ഞു,. അയ്യാൾ പോയി...പിന്നെ ആരോ തട്ടി വിളിക്കുന്നതറിഞ്ഞു കണ്ണു തുറന്നു... അവരുടെ കൈയ്യിൽ ഒരു ശിഫിൻ ബോക്സുണ്ടായിരുന്നു.അതിൽ ചോറും കറികളും ഒക്കെ ഉണ്ടായിരുന്നു. അവർ നിർബ്ബ ന്ധിച്ചപ്പോൾ ഞാൻ അത് മൊത്തം കഴിച്ചു. ജിവിതത്തിൽ ആദ്യമായും,ഇന്നുവരേയും അനുഭവപ്പെട്ട വിശപ്പ്....അത് എന്നെ തളർത്തിയിരുന്നു. എനിക്ക് ഒരു ചേച്ചിയെപ്പോലെ അവിടെ യെത്തിയത്...മറ്റാരുമല്ലായിരുന്നു. അത് റ്റി.ആർ ഓമന ആയിരുന്നു. ഞാൻ നന്ദി പറഞ്ഞ് കൈകൂപ്പി...എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. വിശപ്പ് ഇത്രയും ശക്തനാണെന്ന ആദ്യത്തെ തിരിച്ചറിവ്.... ആ ചേച്ചിയെ പിന്നെ പലപ്പോഴും കണ്ട്...ഞാൻ പണം നൽകാൻ ശ്രമിച്ചിട്ടും അവർ വാങ്ങിയില്ലാ.... അടുത്തകാലത്തായി അവരെ കാണനും സാധിച്ചില്ലാ...ആ നന്മയുള്ള മനസിനു ഞാൻ ഇപ്പോഴും പ്രണമിക്കുന്നു...ശിവകാമിയുടെ നല്ല എഴുത്തു കണ്ടപ്പോൾ അറിയാതെ ഓർത്തു പോയതാണൂ..... നന്ദി,ആശാംസകൾ ശിവകാമീ....

vijin manjeri said...

ഓരോ ചെറിയ കാര്യങ്ങള്‍ പോലും ഹൃദയസ്പര്‍ശിയായി എഴുതാന്‍ ഉള്ള ചേച്ചിയുടെ കഴിവാണ് വീണ്ടും ഈ ബ്ലോഗ്ഗിലേക്ക്‌ എന്നെ കൊണ്ടെത്തിക്കുന്നത് ..... ആശംസകള്‍ ..

Cv Thankappan said...

ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.അനുവാചകനും യാത്രയിലിടയിലുണ്ടായ വീര്‍പ്പുമുട്ടല്‍ അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഉണ്ടാകട്ടെ!
ആശംസകള്‍

നളിനകുമാരി said...

മനുഷ്യഹൃദയങ്ങളിൽ സഹാനുഭൂതി ഇനിയും വറ്റിയില്ല എന്ന് തെളിഞ്ഞില്ലേ സൂനജ.

Jose Arukatty said...

നന്മ വറ്റിയിട്ടില്ലാത്ത സുമനസ്സുകൾ നമ്മുടെ ചുറ്റിൽ ഇനിയുമവശേഷിക്കുന്നു.